നിയമഭേദഗതിയും ശ്വേതയുടെ പ്രസവവും

  • Posted by Sanveer Ittoli
  • at 8:07 PM -
  • 0 comments
നിയമഭേദഗതിയും ശ്വേതയുടെ പ്രസവവും

രണ്ടാഴ്‌ച മുന്‍പ്‌ കേന്ദ്ര കേബിനറ്റ്‌ സ്‌ത്രീകള്‍ക്കെതിരെയുള്ള `കൈയേറ്റം' തടയുന്നതിനായി ഒരു നിയമഭേദഗതി പാസാക്കുകയുണ്ടായി. 1986ലെ, സ്‌ത്രീകളെ അമാന്യമായി ചിത്രീകരിക്കല്‍ നിരോധന നിയമമാണ്‌ കടുത്ത നിബന്ധനകളോടെ ഭേദഗതിവരുത്തിയിരിക്കുന്നത്‌.
സ്‌ത്രീകള്‍ക്ക്‌ അശ്ലീല മെസേജുകളോ ഇമെയിലുകളോ അയക്കുന്നവര്‍ക്ക്‌ അരലക്ഷം രൂപ മുതല്‍ ഒരു ലക്ഷം വരെ പിഴയും മൂന്നുവര്‍ഷംവരെ തടവുശിക്ഷയും ലഭിക്കുന്നതാണ്‌ ഭേദഗതി. കൂടാതെ 1986ല്‍ അച്ചടി മാധ്യമങ്ങള്‍ മാത്രമായിരുന്നു നിയമത്തിന്റെ പരിധിയില്‍ വരുന്നതെങ്കില്‍ പുതിയ ഭേദഗതിയില്‍, ചാനലുകള്‍, റേഡിയോ, ഇന്റര്‍നെറ്റ്‌, ഉപഗ്രഹാധിഷ്‌ഠിത വാര്‍ത്താവിനിമയം, മള്‍ട്ടിമീഡിയ മെസേജ്‌, കേബ്‌ള്‍ ടി വി, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ കൂടി ആ പരിധിയില്‍ വരുന്നു. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഈ ഭേദഗതിക്ക്‌ പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്‌. പാര്‍ട്ടി വ്യത്യാസമില്ലാതെ ഈ നിയമം അംഗീകരിക്കണമെന്നും ഏകകണ്‌ഠമായി പാര്‍ലമെന്റ്‌ ഈ ഭേദഗതി പാസ്സാക്കണമെന്നുമാണ്‌ മാനവികതയുടെ തേട്ടം. ആര്‍ഷഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും അതാവശ്യപ്പെടുന്നു.
അശ്ലീലത അഴിഞ്ഞാടുകയാണ്‌ ആധുനികലോകത്ത്‌. മനുഷ്യന്‍ മറ്റു ജന്തുക്കളില്‍ നിന്ന്‌ വേര്‍തിരിയുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്‌ അശ്ലീലതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ജന്തുക്കള്‍ക്ക്‌ ജന്മനാ ആവൃതമായ രോമങ്ങളുണ്ടെങ്കില്‍ അതല്ലാത്ത ഒരു വസ്‌ത്രമില്ല. മനുഷ്യനാകട്ടെ ആദിമമനുഷ്യര്‍ മുതല്‍ ആധുനിക മനുഷ്യന്‍ വരെ നഗ്നത മറയ്‌ക്കുന്നവരാണ്‌. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ മറ്റുള്ളവരില്‍ നിന്ന്‌ എന്തിന്‌ മറച്ചുവയ്‌ക്കണം. ഇതില്‍ ലോജിക്കിനോ യുക്തിവാദത്തിനോ മറുപടിയില്ല. എന്നാല്‍ മനുഷ്യപ്രകൃതി അതാണ്‌. വനാന്തരമനുഷ്യര്‍ ഇലയെടുത്ത്‌ നാണം മറച്ചു എന്നത്‌ കഥയല്ല. ഈ പ്രകൃതിബോധം എല്ലാ മതങ്ങളും ഒരു സംസ്‌കാരമായി എടുക്കുന്നു. മൃഗങ്ങള്‍ക്ക്‌ നാണമില്ല. നാണം മറയ്‌ക്കേണ്ടതില്ല. അതിനാല്‍ ഗുഹ്യമായി ഒന്നുമില്ല. മനുഷ്യന്‍ ഗോപ്യമാക്കി വയ്‌ക്കുന്നത്‌ മറ്റുള്ളവര്‍ കാണാനിടയാകുന്നത്‌ അശ്ലീലമായി കണക്കാക്കുന്നു. (ഗുഹ്യം, ഗോപ്യം എന്നീ വാക്കുകള്‍ക്കര്‍ഥം മറച്ചുവെക്കേണ്ടത്‌ ഒളിച്ചുവയ്‌ക്കേണ്ടത്‌, രഹസ്യം എന്നെല്ലാമാണ്‌). ഗോപ്യമാക്കുന്ന അവയവങ്ങള്‍ മാത്രമല്ല മനുഷ്യന്‍ സ്വകാര്യമായി വെക്കുന്നത്‌. മലമൂത്ര വിസര്‍ജനങ്ങള്‍ മനുഷ്യന്‍ പരസ്യമായി ചെയ്യാറില്ല. എല്ലാവര്‍ക്കുമുള്ള ജൈവപ്രക്രിയയാണ്‌ വിസര്‍ജനം എന്നിരിക്കെ അതെന്തിന്‌ രഹസ്യമായി ചെയ്യണം? അതാണ്‌ മാനവികത. അതാണ്‌ സദാചാരബോധമെന്നു പറയുന്നത്‌. മൃഗജന്തുക്കളും ഈയാവശ്യങ്ങള്‍ യഥേഷ്‌ടം ചെയ്യുന്നു; യാതൊരു ഒളിയും മറയുമില്ലാതെ.
ജീവിതത്തിന്റെ അനിവാര്യതകളിലൊന്നാണ്‌ ലൈംഗികത. മനുഷ്യന്‍ അതീവ സ്വകാര്യമായി നിര്‍വഹിക്കേണ്ടതാണ്‌ ഈ സംഗതികളും. പക്ഷിമൃഗാദികള്‍ പരസ്യമായി ഇണചേരുന്നതില്‍ അശ്ലീലതയില്ല. എന്നാല്‍ സാമാന്യബുദ്ധിയുള്ള മനുഷ്യന്‍ മറ്റുള്ളവര്‍ കാണത്തക്കവിധം ഇണചേരില്ല. അങ്ങനെ ചെയ്യുന്നത്‌ ഭ്രാന്തായി ഗണിക്കപ്പെടും. മാത്രമല്ല, പക്ഷിമൃഗാദികളില്‍ സ്ഥായിയായ ഇണകളില്ല. മനുഷ്യനാകട്ടെ, ആജീവനാന്ത ഇണയെ കണ്ടെത്തുന്നു. അതാണ്‌ വിവാഹവും ദാമ്പത്യവും. ദാമ്പത്യത്തിന്റെ മറ്റൊരു വശമാണ്‌ ഗര്‍ഭധാരണവും പ്രസവവും. ഈ ജൈവ പ്രക്രിയകളെല്ലാം മനുഷ്യന്റെ സ്വകാര്യതകളില്‍ പെട്ടതാണ്‌. ഇത്‌ എല്ലാവര്‍ക്കുമുണ്ട്‌. എല്ലാവര്‍ക്കുമറിയാം. എങ്കിലും രഹസ്യമാക്കുന്നതാണ്‌ മനുഷ്യത്വം.
ദമ്പതികള്‍ക്കിടയില്‍ സ്വകാര്യതകളില്ല. അത്രമാത്രം അടുത്ത ബന്ധമാണത്‌. ഈ സുദൃഢവും സദാചാരപരവുമായ ജീവിതത്തിനപ്പുറം ലൈംഗികതയെ `മൃഗീയ'മാക്കുന്നതാണ്‌, ഇന്നത്തെപ്പോലെ ഏത്‌ കാലത്തെയും സാമൂഹിക ജീര്‍ണതകളില്‍ പ്രധാനപ്പെട്ടത്‌. പ്രായപൂര്‍ത്തിയായ എതിര്‍ലിംഗങ്ങള്‍ തമ്മില്‍ ആകൃഷ്‌ടരാവുക എന്നത്‌ പ്രകൃതിനിയമം. അതിനെ നിയന്ത്രിച്ച്‌ പ്രായോഗികമാക്കുന്നു ദാമ്പത്യം. അതില്‍ അതിരുവിടുന്നത്‌ ജീര്‍ണതയും ആപത്തിലേക്കുള്ള നീക്കവും. ഈ മനുഷ്യപ്രകൃതിയാണ്‌ മതങ്ങള്‍ പൊതുവിലും ഇസ്‌ലാം വിശേഷിച്ചും അനുശാസിക്കുന്നത്‌.
ഈ മതകീയ സാമൂഹിക സദാചാരജീവിതത്തിന്‌ ഭംഗംവരുത്തുന്നതാണ്‌ സ്‌ത്രീകള്‍ക്കുനേരെയുള്ള കയ്യേറ്റവും സ്‌ത്രീകളുടെ അഴിഞ്ഞാട്ടവും. അശ്ലീലത വ്യാപിക്കുകയാണ്‌. കാണേണ്ടാത്തത്‌ കാണാനും കാണിക്കാന്‍ പാടില്ലാത്തത്‌ കാണിക്കാനുമുള്ള ത്വര. എന്തിലും അശ്ലീലം കലര്‍ത്തി ലൈംഗികച്ചുവയോടെ ആസ്വദിക്കുക എന്നത്‌ മൃഗീയതയല്ല; പൈശാചികതയാണ്‌. മനുഷ്യന്റെ ഈ ദൗര്‍ബല്യത്തില്‍ നിന്നുടലെടുത്ത ജീര്‍ണ മനോഭാവമാണ്‌ മുകളില്‍ പറഞ്ഞ തരത്തില്‍ സ്‌ത്രീയെ അശ്ലീലമായി ചിത്രീകരിക്കാനും ലൈംഗിക വൈകൃതച്ചുവയുള്ള മെസേജുകള്‍ വ്യാപിക്കാനും കാരണമാകുന്നത്‌. വിവേചനമില്ലാത്ത `കൗമാരകൗതുക'ങ്ങള്‍ അപരിഹാര്യമായ അപരാധങ്ങളിലേക്ക്‌ എത്തിച്ചേരുന്ന വാര്‍ത്തകള്‍ ദിനേന കേള്‍ക്കുന്നു. അല്ല; നമുക്കു ചുറ്റും യഥേഷ്‌ടം നടമാടുന്നു. ഈ സ്ഥിതിവിശേഷം തടയാനാണ്‌ കേന്ദ്രഗവണ്‍മെന്റ്‌ നിയമവും നിയമഭേദഗതിയും കൊണ്ടുവരുന്നത്‌.
എന്നാല്‍ ഈ അരുതായ്‌മകളിലേക്ക്‌ തള്ളിവിടാനുള്ള സാമൂഹിക സാഹചര്യങ്ങളല്ലേ നമ്മുടെ മുന്നിലുള്ളത്‌! മൃഗങ്ങളെ നാണിപ്പിക്കുന്ന പ്രേമാഭാസങ്ങളും ലൈംഗികവൈകൃത ത്വരകളും മുഖമുദ്രയാക്കിയ കലാലോകമാണ്‌ സിനിമ. സിനിമ എന്ന മാധ്യമം പലപ്പോഴും നിഷേധാത്മകമായി വിനിയോഗിക്കപ്പെടുന്ന ഒരു കാലമാണിത്‌. സമൂഹനിര്‍മിതിയില്‍ സക്രിയമായി പലതും ചെയ്യാന്‍ കഴിവുറ്റ ഒരു മീഡിയമാണ്‌ സിനിമ. സിനിമയും മറ്റു കലകളുമൊക്കെ സാംസ്‌കാരികവകുപ്പിന്റെ കീഴിലാണല്ലോ ഉള്ളത്‌. എന്നാല്‍ ഇന്ന്‌ വലിയ ബിസിനസ്‌ രംഗമായ സിനിമ സമൂഹത്തെ നയിക്കുന്നത്‌ സാംസ്‌കാരിക ജീര്‍ണതയിലേക്കാണ്‌. മനുഷ്യത്വപരമായ പെരുമാറ്റങ്ങള്‍ക്കപ്പുറം ലൈംഗികമായ അഴിഞ്ഞാട്ടത്തിന്റെ കൂത്തരങ്ങാണ്‌ സിനിമാലോകം. ഉടുതുണിയുരിയാന്‍ ലജ്ജയില്ലാത്ത മുഖമിനുപ്പുള്ള പെണ്ണുങ്ങളാണ്‌ (നായിക) ഏതൊരു സിനിമയുടെയും വിജയം.
വൃത്തികെട്ട, പ്രേമനാടകങ്ങളും നഗ്നതാ പ്രദര്‍ശനങ്ങളും ഡാന്‍സെന്ന പേരില്‍ നടത്തുന്ന ആഭാസങ്ങളും നിത്യവും കണ്ടുവരുന്ന, ഒരു സമൂഹത്തോട്‌ പെണ്ണുങ്ങള്‍ക്ക്‌ മെസേജ്‌ അയക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌ എന്നുപറയുന്നത്‌ എത്രമാത്രം വങ്കത്തമാണ്‌! സിനിമയില്‍ ഒരു നിമിഷം മാത്രം സാന്ദര്‍ഭികമായി കാണിക്കുന്ന ഏതെങ്കിലും അശ്ലീലരംഗത്തിന്റെ ക്ലോസപ്പെടുത്ത്‌ മള്‍ട്ടികളറില്‍ ആര്‍ട്ടുപേപ്പറില്‍ പകര്‍ത്തി ലക്ഷക്കണക്കിന്‌ പോസ്റ്ററടിച്ച്‌ നാടുനീളെ പതിച്ചുകൊണ്ടാണല്ലോ സിനിമാപരസ്യം. സദാചാരബോധമുള്ളവര്‍ക്ക്‌ കുടുംബസമേതം നോക്കാന്‍ അറക്കുന്ന രംഗങ്ങളാണ്‌ `കാലത്തിന്റെ ചുമരെഴുത്ത്‌'. ഈ സിനിമാനടികള്‍ക്ക്‌ ഒഴിവുനേരം പണിയെന്താണ്‌? പരസ്യക്കാര്‍ക്കു വേണ്ടി തുണിയുരിഞ്ഞാടല്‍. അതു പ്രചരിപ്പിക്കുന്നതോ സദാചാരത്തിന്റെ അപ്പോസ്‌തലന്മാരായ മാധ്യമങ്ങളും! ഇതുകണ്ട്‌ ജീവിതം നയിക്കുന്ന കൗമാര യൗവനങ്ങള്‍, കാണുന്നത്‌ പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞാല്‍ ശിക്ഷ വിധിക്കുന്നത്‌ `അവകാശനിഷേധ'മല്ലേ?!
സിനിമകളിലെ ഏറ്റവും വൃത്തികെട്ട, എന്നാല്‍ പൈശാചികതയുടെ ഏറ്റവും ആസ്വാദ്യകരമായ, രംഗമാണ്‌ `കുളിസീന്‍'. മനുഷ്യന്‍ ഉടുവസ്‌ത്രം അഴിച്ചുവച്ചിട്ടാണല്ലോ കുളിക്കുക. സ്വകാര്യതയ്‌ക്കുവേണ്ടിയാണ്‌ ബാത്ത്‌റൂം സജ്ജമാക്കുന്നത്‌. അത്‌ ചിത്രീകരിച്ച്‌ പരസ്യപ്രദര്‍ശനം നടത്തുന്നതിന്റെ സ്വാഭാവിക പ്രതികരണമല്ലേ `ഒളിക്യാമറകള്‍'! എന്നാലിതാ സംസ്‌കാരത്തിന്റെ എല്ലാ സീമകളും അതിലംഘിച്ചുകൊണ്ട്‌ ഒരു സ്‌ത്രീയുടെ പ്രസവം ലൈവായി ക്യാമറയില്‍ പകര്‍ത്തി ലോക്കറില്‍ വച്ചിരിക്കുന്നു. ആ ഭൂതം എപ്പോഴാണ്‌ പുറത്തുചാടുക എന്നാണ്‌ സാംസ്‌കാരിക കേരളം ഭയക്കുന്നത്‌. ബ്ലെസി എന്നൊരു സിനിമാ സംവിധായകന്‍ ശ്വേത എന്ന സിനിമാനടിയെ `വിവാഹം' കഴിക്കുന്നു. സ്വാഭാവികമായി ഗര്‍ഭംധരിക്കുന്നു. പ്രസവിക്കുന്നു. ഇതിനിടയിലുള്ള ഓരോ രംഗവും പ്രസവമെന്ന ജൈവപ്രക്രിയയും ക്യാമറയില്‍ പകര്‍ത്തിയാണ്‌ ബ്ലസി മനുഷ്യത്വത്തെ വെല്ലുവിളിക്കുന്നത്‌.
ഒരു പെണ്‍കുട്ടിയുടെ പടമെടുത്ത്‌ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുക എന്നത്‌ ശിക്ഷാര്‍ഹമായ കുറ്റമായി നാം കാണുന്നു. സ്‌ത്രീത്വത്തെയും അതുവഴി മനുഷ്യത്വത്തെയും പരസ്യമായി `പീഡിപ്പിക്കാന്‍' ഒരുങ്ങിയ ബ്ലെസിയും ശ്വേതയും ജുഗുപ്‌സയര്‍ഹിക്കുന്നു. ആ രംഗങ്ങള്‍ തീയറ്ററുകളിലെത്തിക്കൂടാ. സാംസ്‌കാരിക കേരളം അതിനെതിരെ ജാഗ്രതപാലിക്കണം. ശ്വേതയെന്ന സിനിമാനടി പറയുന്നു: ``പ്രസവമെന്ന മനോഹര നിമിഷം ഒരു സ്‌ത്രീ മാത്രം പങ്കിടേണ്ടതല്ലെന്ന്‌ താന്‍ രാജ്യത്തെ എല്ലാ സ്‌ത്രീകള്‍ക്കും വേണ്ടി പറയുന്നു''. ശ്വേതയിലെ അമ്മ ഈ വാക്കുകള്‍ പറയില്ല. അകത്തു പതിയിരിക്കുന്ന കുടിലതയും പൈശാചികതയുമാണീ വാക്കുകളില്‍ നിഴലിക്കുന്നത്‌.
ബഹുമാനപ്പെട്ട കേരള നിയമസഭാസ്‌പീക്കര്‍ ജി കാര്‍ത്തികേയന്‍ ശ്വേതയുടെ പ്രസവം തീയറ്ററുകളില്‍ എത്തരുതെന്ന്‌ ശക്തമായി ആവശ്യപ്പെട്ടത്‌ സാംസ്‌കാരിക കേരളത്തിന്‌ ആശ്വാസമാണ്‌. വിവാഹം മുതല്‍ പ്രസവംവരെയുള്ള `പ്രകൃതിഭാവ'ങ്ങളും `മനോഹരനിമിഷ'ങ്ങളുമെല്ലാം മാലോകരുടെ മുന്നില്‍ ചിത്രീകരിച്ചു കാണിച്ചാല്‍ എങ്ങനെയുണ്ടാവും. ഒളിവില്‍ ചെയ്‌ത്‌ ചിത്രമെടുത്ത്‌ പുറത്തു കാണിക്കണോ? ശ്വേതയുടെ അടുത്ത പ്രസവം തീയേറ്ററിലായിക്കോട്ടെ. കാണികള്‍ ടിക്കറ്റെടുത്ത്‌ എത്തിക്കോളും. പണമല്ലേ വേണ്ടത്‌! വനിതാസംഘടനകളും സാംസ്‌കാരിക നായകന്മാരും സാംസ്‌കാരികവകുപ്പും മനുഷ്യത്വരഹിതമായ ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി രംഗത്തുവരണം. ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തി പിടിച്ചുകെട്ടണം.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: