`മതങ്ങളുടെ അന്തസ്സത്ത മാനവികത'
സ്വാമി ആപ്‌തലോകാനന്ദ
ഇന്ത്യയില്‍ മതസൗഹാര്‍ദത്തിന് വിള്ളല്‍ വരുന്നുണ്ടെന്നത് ശരിയാണ്. അതിനു കാരണം രാഷ്‌ട്രീയനേതൃത്വങ്ങളാണ്; മതാധ്യാക്ഷന്മാരല്ല. ലോകത്ത് മതസൗഹാര്‍ദം, മതേതരത്വം എന്നീ സംജ്ഞകള്‍ ആദ്യമായി അവതരിപ്പിച്ചത് ചിക്കാഗോയില്‍ നിടന്ന ലോക മത മഹാ സമ്മേളനത്തില്‍ വെച്ച് സ്വാമി വിവേകാനന്ദനായിരുന്നു. എല്ലാ തുറകളിലുമുള്ള ജനസമൂഹങ്ങളെ നോക്കി എന്റെ സഹോദരീ, സഹോദരന്മാരേ എന്ന് ഉച്ചരിച്ചുകൊണ്ടായിരുന്നു സ്വാമിജിയുടെ പ്രഭാഷണം തുടങ്ങിയത്.
ഒരു അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളെ കാണേണ്ടത് മക്കളുടെ സ്ഥാനത്താണ്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങള്‍ക്കും പവിത്രതയുണ്ട്. എന്നാല്‍ ഇന്ന് ഇതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. മാതാപിതാക്കള്‍ തന്നെ മക്കളെ ഇതര്‍ക്ക് കാഴ്‌ചവെക്കുന്നു. ഇത് മതത്തിന്റെയോ വ്യവസ്ഥിതിയുടെയോ തെറ്റല്ല, മറിച്ച് മനുഷ്യരില്‍ സ്വാര്‍ഥത വളരന്നതു കൊണ്ടാണ്.
യുവാക്കള്‍ക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. നിങ്ങള്‍ക്കൊരു പൈതൃക സംസ്‌കാരമുണ്ട്. അത് ശരിയായ രീതിയില്‍ വിനിയോഗിക്കേണ്ടതാണ്. ഒരു സ്‌ത്രീക്ക് അര്‍ധരാത്രിയില്‍ പോലും സൈ്വര്യമായി നടക്കാന്‍ നമ്മുടെ നാട്ടില്‍ സാഹചര്യമുണ്ടാവണം. സ്വതന്ത്ര ഭാരതത്തില്‍ ഒരു സ്‌ത്രീക്ക് സ്വതന്ത്രമായി വെളിയില്‍ പോകാന്‍ സ്വാതന്ത്ര്യം വേണമെന്നത് ഗാന്ധിജിയുടെ അഭിലാഷമായിരുന്നു.
ഒരു മതത്തിന്റെ അനുഷ്‌ഠാനങ്ങളും ആചാരങ്ങളുമാണ് ശ്രേഷ്‌ഠമെന്നു പറയരുത്, ഇതരരുടെ അനുഷ്‌ഠാനങ്ങളും ആചാരങ്ങളും മോശമാണെന്നും പറയരുത്. ആരെങ്കിലും ഒരു മതത്തെ ഇകഴ്‌ത്ത പറയുന്നുണ്ടെങ്കില്‍ അയാള്‍ക്ക് സ്വന്തം മതത്തെ പറ്റി അറിയില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഇതര മതങ്ങളെ അവഹേളിക്കാന്‍ ഒരു മതവും കല്‍പിക്കുന്നില്ല.
രാഷ്‌ട്രീയത്തിന്റെ തത്വചിന്തകളില്‍ മതത്തിന് സ്ഥാനം നല്‍കരുത്. ഏകോദര സഹോദരന്മരായി ജീവിക്കേണ്ടവരാണ് നാം. ഈ സാഹോദര്യ ചിന്ത ഇപ്പോള്‍ നമ്മളിലുണ്ട്. ഇതിനെ ബ്രെയിന്‍വാഷ് ചെയ്യാന്‍ ഒരു ശക്തിയെയും അനുവദിക്കാന്‍ പാടില്ലാത്തതാണ്.
മതം മനുഷ്യനെ ഈശ്വരനിലേക്ക് നയിക്കുന്ന മാര്‍ഗമാണ്. ഈശ്വരചിന്ത സ്വാംശീകരിക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ഥ മതാനുയായി മാറുന്നത്. ഒരൊറ്റ ഈശ്വരനേയുള്ളൂ. മുപ്പത്തിമുക്കോടി ദേവന്മാരില്ല, അത്രയും പേരുകള്‍ മാത്രമാണുള്ളത്. സമുദ്രം നോക്കി നദികള്‍ എങ്ങനെ ഒഴുകുന്നുവോ, അതുപോലെ ഈശ്വരന്റെ അടുക്കലേക്ക് കുതിക്കേണ്ടവരാണ് നാം. ഐശ്വര്യപൂര്‍ണമായ നാടിന്റെ വിജയത്തിന് നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം.
0 comments: