മഹാന്മാരുടെ ഉദ്ധരണികള്‍ പ്രമാണമാകുമോ?-4

  • Posted by Sanveer Ittoli
  • at 11:55 PM -
  • 0 comments
മഹാന്മാരുടെ ഉദ്ധരണികള്‍ പ്രമാണമാകുമോ?-4

- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ അവര്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ യാതൊരു ആലോചനയും കൂടാതെ അതേവിധം സ്വീകരിക്കുകയെന്നത്‌ എല്ലാ കാര്യത്തിലും കരണീയമല്ലായെന്നതിന്‌ ഏതാനും ഉദാഹരണങ്ങള്‍ മുന്‍ ലേഖനങ്ങളില്‍ നാം എടുത്തുകാണിക്കുകയുണ്ടായി. ഇനി മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില പ്രസ്‌താവനകള്‍ കൂടി കാണുക: 
22). ഭാര്യക്കു രോഗം ബാധിച്ചാല്‍ മരുന്നു വാങ്ങിക്കൊടുക്കുകയോ അവളെ ചികിത്സിക്കുന്നവന്‌ കൂലി കൊടുക്കുകയോ ചെയ്യേണ്ടതായ ബാധ്യത ഭര്‍ത്താവിനില്ല. കാരണം ഭാര്യ കേവലം ഒരു വാടകവീടുപോലെയാണ്‌ (ഇആനത്ത്‌, ഫത്‌ഹുല്‍ മുഈന്‍, ഫതാവാ ആലംകീരിയ്യ)
23). ഭാര്യയുടെ വസ്‌ത്രം കഴുകാനും ശരീരത്തില്‍ നിന്ന്‌ ചളി കളയാനും മാത്രമുള്ള വെള്ളം ഭര്‍ത്താവ്‌ നല്‌കിയാല്‍ മതി (ഫതാവാ ആലംകീരിയ്യ)
24). രാവ്‌ ഉണ്ടാകുന്നത്‌ സ്വര്‍ഗത്തില്‍ നിന്നും പകല്‍ ഉണ്ടാകുന്നത്‌ നരകത്തില്‍ നിന്നുമാണ്‌ (ഇബ്‌നു ഹജറില്‍ ഹൈത്തമിയുടെ ഫതാവല്‍ ഹദീസിയ്യ)
25). സ്‌ത്രീകള്‍ക്കു പരലോകത്ത്‌ അല്ലാഹുവിനെ കാണാന്‍ സാധ്യമല്ല. കാരണം അവര്‍ പരലോകത്തും കൂടാരത്തില്‍ ഇരിക്കേണ്ടവരാണ്‌. (ഫതാവല്‍ ഹദീസിയ്യ: പേജ്‌ 184)
26). സമുദായത്തില്‍ നിന്ന്‌ ലഭിക്കുന്ന ചെലവ്‌ നഷ്‌ടപ്പെടുമെന്ന ഭയം ഉണ്ടായാല്‍ തിന്മ വിരോധിക്കുകയും നന്മ കല്‌പിക്കുകയും ചെയ്യേണ്ടതില്ല. (ഇബ്‌നുഹജറില്‍ ഹൈതമിയുടെ പ്രസിദ്ധ ഗ്രന്ഥമായ തുഹ്‌ഫ)
27). പുതിയ വസ്‌ത്രം കഴുകലും റൊട്ടിയോ പഴമോ തിന്നാല്‍ വായ കഴുകലും ആക്ഷേപാര്‍ഹമായ അനാചാരങ്ങളില്‍ പെട്ടതാണ്‌ (മുഗ്‌നി)
28). ഒരു സ്‌ത്രീയെ രണ്ടു ഭാഗമായി പിളര്‍ത്തിയാല്‍ ഓരോ ഭാഗവും സ്‌പര്‍ശിച്ചാല്‍ വുദ്വൂ മുറിയുമോ ഇല്ലയോ? ഒരു ഭാഗം വലിയതാണെങ്കില്‍ അതു സ്‌പര്‍ശിച്ചാല്‍ മുറിയും. ചെറിയത്‌ സ്‌പര്‍ശിച്ചാല്‍ മുറിയുകയില്ല. രണ്ടും തുല്യമാണെങ്കില്‍ രണ്ടു പിളര്‍പ്പിനെ സ്‌പര്‍ശിച്ചാലും മുറിയുകയില്ല. (മുഗ്‌നി)
29). ഒരു മനുഷ്യന്റെ ലിംഗം മുറിച്ചെടുത്ത്‌ ലിംഗം എന്ന്‌ പറയാന്‍ സാധിക്കാത്തവിധം പൊടിയാക്കിയിട്ട്‌ ആ പൊടി സ്‌പര്‍ശിച്ചാല്‍ വുദ്വൂ മുറിയുകയില്ല. (മുഗ്‌നി)
30). ഒരു മനുഷ്യന്‌ രണ്ട്‌ ലിംഗം ഉണ്ടായാല്‍ അത്‌ സ്‌പര്‍ശിച്ചാല്‍ വുദ്വൂ മുറിയും. രണ്ടും വുദ്വൂ മുറിയുന്ന വിഷയത്തില്‍ തുല്യമാണ്‌. അവ പ്രവര്‍ത്തിക്കുന്നതായാലും പ്രവര്‍ത്തിക്കാത്തതായാലും. (മുഗ്‌നി)
31). മാംസം ഭക്ഷിക്കാവുന്ന ഒരു മൃഗം മാംസം ഭക്ഷിക്കാവുന്ന ഒരു പെണ്‍മൃഗവുമായി ബന്ധപ്പെടുകയും ശേഷം അത്‌ മനുഷ്യരൂപത്തിലുള്ള ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്‌താല്‍ നിശ്ചയം അവന്‍ (ആ കുട്ടി) ശുദ്ധിയുള്ളവനാണ്‌. അവന്‍ ഖുര്‍ആന്‍ പഠിക്കുകയും നമുക്ക്‌ ഇമാമായിക്കൊണ്ട്‌ ബലിപെരുന്നാളിന്റെ നമസ്‌കാരവും ഖുത്വുബയ നിര്‍വഹിച്ചുതരികയും ചെയ്‌താല്‍ അതിനുശേഷം അവനെ പിടിച്ച്‌ ഉദ്‌ഹിയ്യത്ത്‌ അറുത്ത്‌ ഭക്ഷിക്കാവുന്നതാണ്‌. എന്നിട്ട്‌ ഞങ്ങള്‍ക്ക്‌ ഒരു ഖത്വീബുണ്ടായിരുന്നു. അയാള്‍ ഞങ്ങള്‍ക്ക്‌ പെരുന്നാള്‍ നമസ്‌കാരത്തിനു നേതൃത്വം നല്‌കിയതിനു ശേഷം ഞങ്ങള്‍ അയാളെ ഉദ്വ്‌ഹിയ്യത്ത്‌ അറുത്ത്‌ എന്ന്‌ പറയുകയും ചെയ്യാം. (ഇആനത്ത്‌)
32). അല്ലാഹു പറയുന്നു: ഒരൊറ്റ ദേഹത്തില്‍ നിന്നുതന്നെ നിങ്ങളെ സൃഷ്‌ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി. അവളോടൊത്ത്‌ അവന്‍ സമാധാനമടയാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ) ഭാരം വഹിച്ചു. എന്നിട്ടു അവളതുമായി നടന്നു. തുടര്‍ന്ന്‌ അവള്‍ക്ക്‌ ഭാരം കൂടിയപ്പോള്‍ അവരിരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട്‌ പ്രാര്‍ഥിച്ചു. ഞങ്ങള്‍ക്ക്‌ നീ ഒരു നല്ല സന്താനത്തെ തരുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍ (അല്ലാഹു) അവര്‍ക്കൊരു നല്ല സന്താനത്തെ നല്‌കിയപ്പോള്‍ അവര്‍ അവന്‌ പങ്കുകാരെ ഉണ്ടാക്കി. എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരുന്നു. (അഅ്‌റാഫ്‌ 189, 190).
ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ മഹാന്മാര്‍ എഴുതുന്നത്‌ ശ്രദ്ധിക്കുക: ``നബി(സ)യില്‍ നിന്ന്‌ സംറത്ത്‌ നിവേദനം ചെയ്യുന്നു. ഹവ്വാബീവി പ്രസവിച്ചപ്പോള്‍ ഇബ്‌ലീസ്‌ അവരെ ചുറ്റിപ്പറ്റി കൂടി. അവള്‍ക്ക്‌ കുട്ടികള്‍ ജീവിക്കയില്ലായിരുന്നു. നിങ്ങള്‍ കുട്ടിക്ക്‌ അബ്‌ദുല്‍ഹാരിസ്‌ (പിശാചിന്റെ അടിമ) എന്ന്‌ നാമകരണം ചെയ്യുകയാണെങ്കില്‍ കുട്ടി ജീവിക്കുമെന്ന്‌ മന്ത്രിച്ചു. അങ്ങനെ അവര്‍ ആ പേരു നല്‌കി. അപ്പോള്‍ അതു പൈശാചിക മന്ത്രത്താലുണ്ടായതായിരുന്നു. ഹാകിമും തുര്‍മുദിയും ഇത്‌ നിവേദനം ചെയ്‌തിരിക്കുന്നു (ജലാലൈനി, തഫ്‌സീര്‍ സ്വാവി)
പിശാചിന്റെ പേരായിരുന്നു ഹാരിസ്‌ എന്ന്‌ ഈ കിതാബുകളില്‍ തന്നെ എഴുതുന്നു. ആദംനബി(അ)യും ഹവ്വാബീവിയും(അ) ഇവിടെ മഹാപാപമായ ശിര്‍ക്ക്‌ ചെയ്‌തുവെന്ന്‌ ഇവിടെ എഴുതുന്നു. ഇവിടെ അല്ലാഹു പറയുന്ന ശിര്‍ക്ക്‌ മഹാപാപമായ ശിര്‍ക്കല്ല. പ്രത്യുത കച്ചവടത്തിലു മറ്റും ഇന്നവന്‍ പങ്കാളിയായി എന്ന്‌ പറയുന്ന രീതിയിലുള്ള ഭാഷാപരമായ ശിര്‍ക്കാണെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടാനും താഴെ വിവരിക്കുന്ന കാരണത്താല്‍ ഇവര്‍ക്ക്‌ സാധ്യമല്ല.
എ). ``എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു'' എന്ന്‌ അല്ലാഹു തുടര്‍ന്നുപറയുന്നു. ഈ പ്രയോഗം വിശുദ്ധ ഖുര്‍ആനില്‍ മഹാപാപമായ ശിര്‍ക്കിനെ സംബന്ധിച്ച്‌ മാത്രമാണ്‌ പറയുന്നത്‌. സാങ്കേതികമായ ശിര്‍ക്കല്ല, ഭാഷാപരമായ ശിര്‍ക്കാണെങ്കില്‍ അല്ലാഹു ഇപ്രകാരം പറയുകയില്ല.
ബി). തുടര്‍ന്നുള്ള സൂക്തങ്ങള്‍ കാണുക: ``അവര്‍ പങ്കുചേര്‍ക്കുന്നത്‌ യാതൊന്നും സൃഷ്‌ടിക്കാത്തവരെയാണോ? അവര്‍ (ആരാധ്യര്‍) തന്നെ സൃഷ്‌ടിക്കപ്പെട്ടവരുമാണ്‌. അവര്‍ക്കൊരു സഹായവും ചെയ്യാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്കു തന്നെ അവര്‍ സഹായം ചെയ്യുന്നതുമല്ല'' (അഅ്‌റാഫ്‌ 191,192). മഹാപാപമായ ശിര്‍ക്കിനെക്കുറിച്ച്‌ പറയുന്ന സന്ദര്‍ഭത്തിലാണ്‌ അല്ലാഹു ഇപ്രകാരവും പറയാറുള്ളത്‌. അല്ലെങ്കില്‍ ഈ പ്രസ്‌താവനയെല്ലാം നിരര്‍ഥകമായിത്തീരുന്നതാണ്‌.
സി). അല്ലാഹുവിന്റെ അടിമ എന്നതിന്‌ പകരം പിശാചിന്റെ അടിമ എന്ന്‌ ഒരു കുട്ടി ജീവിക്കാന്‍ വേണ്ടി പേര്‌ ഇടുന്നത്‌ മഹാപമാണ്‌. മരണപ്പെട്ട മഹാന്മാരെ വിളിച്ച്‌ തേടുന്നതിനെക്കാള്‍ കഠിനമായ ശിര്‍ക്കാണിത്‌.
ഡി). ധാരാളം മഹാന്മാര്‍ ഇവിടെ പറയുന്ന ശിര്‍ക്ക്‌ മഹാപാപമായ സാങ്കേതികപരമായ ശിര്‍ക്കാണെന്നു തന്നെ പ്രഖ്യാപിക്കുന്നു. അപ്പോള്‍ ഇവിടെ പറയുന്ന ശിര്‍ക്ക്‌ മഹാപാപമായ ശിര്‍ക്കല്ലെന്ന്‌ മഹാന്മാര്‍ പറഞ്ഞിട്ടുണ്ടെന്ന്‌ ദുര്‍വ്യാഖ്യാനം ചെയ്‌തു ഇവര്‍ക്ക്‌ രക്ഷപ്പെടാന്‍ സാധ്യമല്ല. അപ്പോള്‍ ആദംനബി(അ)യും ഹവ്വാബീവിയും ശിര്‍ക്കു ചെയ്‌തുവെന്ന്‌ എഴുതി വിടുന്നവര്‍ക്ക്‌ ഇമാം നവവി(റ) ശിര്‍ക്ക്‌ ചെയ്‌തോ ഇമാം റാസി(റ) ശിര്‍ക്ക്‌ ചെയ്‌തോ എന്ന്‌ ചോദിക്കാന്‍ യാതൊരു അവകാശവുമില്ല.
33). ഉമ്മം, കഞ്ചാവ്‌, കറുപ്പ്‌ (അവീന്‍) മുതലായ മത്തുണ്ടാക്കുന്ന വസ്‌തുക്കള്‍ ലഹരിയുണ്ടാക്കുന്നത്ര ഉപയോഗിക്കല്‍ മാത്രമാണ്‌ നിഷിദ്ധം (ഫത്‌ഹുല്‍ മുഈന്‍, പരിഭാഷ: 115)
34). സംയോഗം ചെയ്യാന്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത ഭാര്യക്ക്‌ ചെലവ്‌ നല്‌കേണ്ടതില്ല. (ഇആനത്ത്‌)
35). മേഘം സ്വര്‍ഗത്തിലെ ഒരു മരത്തിന്റെ പഴമാണ്‌. കാറ്റ്‌ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ കാലിന്റെ ചുവട്ടില്‍ നിന്നാണ്‌ വീശുന്നത്‌. ഇതാണ്‌ അഹ്‌ലുസ്സുന്നത്തിന്റെ അഭിപ്രായം. (സ്വാവി 2:268)
36). നീ മനസ്സിലാക്കുക; മരണം നിര്‍ബന്ധിതനായ മനുഷ്യന്‌ നമസ്‌കാരം ഉപേക്ഷിക്കുന്നവനെ അറുത്ത്‌ ഭക്ഷിക്കാവുന്നതാണ്‌. (മുര്‍ശിദുല്‍ ത്വുലാബ്‌, പേജ്‌ 34)
37). നബി(സ) പറഞ്ഞു: വല്ലവനും ഒരു സര്‍പ്പത്തെ കണ്ടു. അവന്‍ അതിനെ വധിക്കാത്തപക്ഷം അവന്‍ മുസ്‌ലിമല്ല. വല്ലവനും ഒരു സര്‍പ്പത്തെ വധിച്ചാല്‍ അവന്‍ ഒരു സത്യനിഷേധിയെ വധിച്ചതിന്‌ തുല്യമാണ്‌ (കിതാബുല്‍ അര്‍ബഈന)
മഹാന്മാര്‍ പറഞ്ഞു എന്ന കാരണത്താല്‍ ഇസ്‌ലാമിനെ പരിഹസിക്കുന്നതും അപമാനിക്കുന്നതും വിശുദ്ധ ഖുര്‍ആനിനും പ്രവാചകന്റെ സ്ഥിരപ്പെട്ട വചനങ്ങള്‍ക്കും എതിരായതുമായ അഭിപ്രായങ്ങള്‍ സ്വീകരിക്കല്‍ നമുക്ക്‌ ഒരിക്കലും അനിവാര്യമല്ല. അവരെ ബഹുമാനിച്ചുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയാം. മുഹമ്മദ്‌ നബി(സ)യും ആദംനബി(അ)യും ഹവ്വാബീവിയും മഹാപാപമായ ശിര്‍ക്ക്‌ചെയ്‌തു എന്ന്‌ എഴുതി വിട്ടവര്‍ക്ക്‌ മുജാഹിദുകള്‍ മറ്റുള്ളവരെ മുശ്‌രിക്കുകളാക്കുകയാണെന്ന്‌ പറയാന്‍ എന്താണ്‌ അവകാശം?!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: