ഈ പിന്‍നടത്തം അംഗീകരിക്കാനാകില്ല
പുസ്‌തകപ്രകാശനം/കെ പി എ മജീദ്
വര്‍ഷങ്ങള്‍ക്കു മുമ്പ് (1992) ബാബരി മസ്‌ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ മുജാഹിദ് സംസ്ഥാന സമ്മേളനം പാലക്കാട് വെച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രക്ഷുബ്‌ധമായ ഈ സന്ദര്‍ഭത്തില്‍ സമ്മേളനം നടത്തുന്നത് കേരളമാകെ ആശങ്കയോടെയാണ് വീക്ഷിച്ചത്. സമ്മേളനം ഒഴിവാക്കുകയാണ് നല്ലതെന്ന് മുസ്‌ലിംകള്‍ക്കിടയില്‍ നിന്നു തന്നെ അഭിപ്രായമുയര്‍ന്നു. എന്നാല്‍, ഏറെ ഭയാശങ്കകളോടെ സമ്മേളനം നടന്നു. മതേതരത്വം ഉയര്‍ത്തിപ്പിടിച്ച സമ്മേളന സന്ദേശം പൊതുസമൂഹത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിനു വലിയ അംഗീകാരം നേടിക്കൊടുത്തു. അതിനുശേഷം പാലക്കാട് നടക്കുന്ന പ്രധാനപ്പെട്ട മറ്റൊരു മുജാഹിദ് സമ്മേളനമാണിത്.
വര്‍ഷങ്ങള്‍ പലത് പിന്നിട്ടു. സമൂഹത്തില്‍ വ്യാപകമായ തോതില്‍ പടര്‍ന്നുപിടിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ മുജാഹിദുകള്‍ ശക്തമായ ബോധവല്‍കരണം നടത്തി. സമൂഹത്തില്‍ പ്രകാശഗോപുരം കണക്കെ ഇസ്‌ലാഹി പ്രസ്ഥാനം വളര്‍ന്നുപന്തലിച്ചു. വ്യക്തമായ ലക്ഷ്യങ്ങളുമായി സധൈര്യം പോരാടിയ പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. എല്ലാ മേഖലയിലും പിന്നാക്കം നിന്നിരുന്ന സമൂഹമായിരുന്നു മുമ്പുണ്ടായിരുന്നത്. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായുമൊക്കെ സമുദായം പിന്നാക്കമായിരുന്നു. ഈ അവസ്ഥയില്‍ നിന്ന് സമൂഹത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ പ്രയാസമാണെന്ന് പലരും കരുതിയെങ്കിലും വളരെ പെട്ടെന്നു തന്നെ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന്നായി. ഇതില്‍ യുവാക്കളുടെ പങ്ക് അനിഷേധ്യമായിരുന്നു.
എന്നാല്‍, ഏതൊരു അനാചാരത്തിനെതിരെ പോരാടിയായിരുന്നോ മുജാഹിദുകള്‍ നേട്ടം കൈവരിച്ചത്, അതേ അന്ധവിശ്വാസങ്ങളെ തിരിച്ചുകൊണ്ടുവരുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ചില മുജാഹിദ് വേദികളില്‍ കണ്ടുവരുന്നത്. സമൂഹം കയ്യൊഴിഞ്ഞ ആചാരങ്ങളെ പുതിയ രൂപത്തിലും ഭാവത്തിലും വ്യാഖ്യാനിച്ചാണ് ഇവര്‍ പുനരാനയിക്കുന്നത്. ഇതിനെതിരെ മറ്റൊരു വിപ്ലവം സമൂഹത്തില്‍ അനിവാര്യമാണ്. ഇതിനു ചുക്കാന്‍ പിടിക്കേണ്ടത് ഐ എസ് എമ്മാണ്. നിങ്ങള്‍ക്കാണിതിന് ഏറെ അര്‍ഹതയുള്ളത്. നിങ്ങള്‍ക്കേ ഇതിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാനാവൂ.
ദശാബ്‌ദങ്ങളായി സമുദായത്തെ നേര്‍വഴിയിലാക്കുന്ന പ്രയത്‌നങ്ങളാണ് ഐ എസ് എം നടത്തിക്കൊണ്ടിരിക്കുന്നത്. ബാബരി മസ്‌ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ കേരളത്തില്‍ തീവ്രവാദചിന്ത ശക്തിപ്പെട്ടപ്പോള്‍ ഇതിനെതിരെ ബോധവല്‍കരണവുമായി ആദ്യമായി രംഗത്തുവന്നത് ഐ എസ് എമ്മായിരുന്നു. മതം തീവ്രവാദത്തിനെതിരെ കാമ്പയിന്‍ നടത്തിയാണ് ഐ എസ് എം തങ്ങളുടെ ആര്‍ജവം പ്രകടിപ്പിച്ചത്. മതതീവ്രവാദത്തിനെതിരെയും മതരാഷ്‌ട്രവാദത്തിനെതിരെയും കേരളമൊന്നാകെ പ്രചാരണം നടത്തി. ഇതോടെയാണ്, കേരളത്തില്‍ ദ്രുതഗതിയില്‍ ശക്തിപ്രാപിച്ചിരുന്ന തീവ്രവാദചിന്തകള്‍ ക്ഷയിച്ചുതുടങ്ങിയത്.
സമുദായത്തില്‍ നിരവധി സാമൂഹ്യതിന്മകള്‍ ഉടലെടുക്കുന്നുണ്ട്. വിവാഹത്തിന്റെ പേരിലും മറ്റും സമുദായത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ധൂര്‍ത്തും പൊങ്ങച്ചവും നാം കാണാതിരുന്നുകൂടാ. ഇതര മതാചാരങ്ങളെ ആദരിക്കേണ്ട നാം അവയെ നമ്മിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചുകൂടാ. സ്‌ത്രീധനം പുതിയ രൂപത്തില്‍ സമൂഹത്തില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇതൊന്നും മതസംഘടനകളുടെ അജണ്ടയില്‍ പെടുന്നതല്ല എന്ന ചിന്ത ചിലയിടങ്ങളിലുണ്ടെങ്കിലും അനാചാരങ്ങള്‍ക്കെതിരെ യുവാക്കളെ രംഗത്തിറക്കാന്‍ ഐ എസ് എമ്മിന്നാവണം. ഇതര സമുദായങ്ങള്‍ക്കൊന്നുമില്ലാത്ത ഖുത്‌ബ സംവിധാനമുള്ളവരാണ് നാം. ഓരോ ആഴ്‌ചയിലും സമുദായത്തെ ബോധവല്‍കരിക്കാനുള്ള അവസരം നാം ഗുണകരമായി വിനിയോഗിക്കണം. കേരളീയ സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിച്ച കെ എന്‍ എമ്മിനും അതിന്റെ യുവജന വിഭാഗത്തിനും സമുദായത്തിനു വേണ്ടി ഇനിയുമേറെ ചെയ്യാനുണ്ട്.
0 comments: