ഗസ്സയില്‍ വസന്തം വിരിയുമ്പോള്‍ ഇസ്‌റാഈലിന് ആശങ്ക
മുനീര്‍ മുഹമ്മദ് റഫീഖ്
ഇസ്‌റാഈലിലെ പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിയിരിക്കെ, വരുന്ന തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാനുള്ള നെതന്യാഹുവിന്റെ ഗൂഢശ്രമമാണ് ഗസ്സയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരപരാധികളായ നൂറുകണക്കിന് പേരുടെ രക്തം ചിന്തിയ ക്രൂരമായ അക്രമണങ്ങള്‍ക്ക് കാരണമായത്. ഇറാനെതിരെ യുദ്ധം ചെയ്യാനായിരുന്നു നെതന്യാഹുവിന്റെ പദ്ധതി. അതിന് അമേരിക്കയുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പിന്തുണ കിട്ടാത്തതു കൊണ്ടാണ് ഗസ്സയിലേക്ക് തിരിഞ്ഞത്. എന്നാല്‍, ഗസ്സ-ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാറിലൂടെ നെതന്യാഹുവിന്റെ പുതിയ പദ്ധതിയും പൊളിഞ്ഞിരിക്കുകയാണ്.
നെതന്യാഹുവിന്റെ തന്ത്രങ്ങള്‍ പാളിയെന്നു മാത്രമല്ല, ഇസ്‌റാഈലിന്റെ പതനത്തിലേക്കാണോ കാര്യങ്ങളുടെ പോക്ക് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഗസ്സ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ വിലയിരുത്തുമ്പോള്‍. ഇസ്‌റാഈല്‍ ആക്രമണത്തിന് ശേഷം ഗസ്സ ജനതയ്‌ക്കുള്ള ആഗോള പിന്തുണ വര്‍ധിച്ചതോടൊപ്പം ഇസ്‌റാഈല്‍ വിരോധവും പൂര്‍വാധികം ശക്തിപ്പെട്ടിട്ടുണ്ട്. `ഈ ആക്രമണം കൊണ്ട് ഇസ്‌റാഈലിന് ഒരു നേട്ടവുമില്ല' എന്ന് രാഷ്‌ട്രീയ നിരീക്ഷകനായ പീറ്റര്‍ മന്‍ജിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത് ഈ അവസരത്തിലാണ്.
ഗസ്സയുടെ മേല്‍ ആക്രമണം അഴിച്ചുവിടാന്‍ ഇനി മുതല്‍ ഇസ്‌റാഈലിന് പുതിയ ന്യായീകരണങ്ങള്‍ വേണ്ടി വരും. കുറഞ്ഞപക്ഷം, ഇസ്‌റാഈല്‍ ഇപ്പോള്‍ ഗസ്സക്കു മേല്‍ നടത്തിയ ആക്രമണം തന്നെ ഹമാസിന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനപരമായ പ്രവര്‍ത്തനം കൊണ്ടാണെന്ന് പറയാന്‍ ഇസ്‌റാഈലിന് നിവൃത്തിയില്ല. ഹമാസിന്റെ ഭാഗത്തു നിന്ന് യാതൊരു വിധ ആക്രമണവും ഉണ്ടായിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പ് തനിക്ക് അനുകൂലമാക്കാനും ജൂതവോട്ടുകള്‍ നേടിയെടുക്കാനുമുള്ള നെതന്യാഹുവിന്റെ തന്ത്രമായിരുന്നു ഇതെന്ന് വ്യക്തമാണ്.
ഹമാസിന്റെ ഉന്മൂലനവും ഈ ആക്രമണത്തിലൂടെ ഇസ്‌റാഈല്‍ ലക്ഷ്യംവെച്ചിരുന്നു. 2008 ല്‍ നടത്തിയ ആക്രമണത്തിലും ഹമാസിന്റെ ശക്തി ക്ഷയിപ്പിക്കുന്ന കാര്യത്തില്‍ ഇസ്‌റാഈല്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ഇപ്രാവശ്യവും ആ ശ്രമം പരാജയപ്പെടുമെന്ന് നെതന്യാഹു പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇസ്‌റാഈലിന് ആശ്വസിക്കാന്‍ വകയുള്ള ഒരേയൊരു കാര്യം, ഹമാസിന്റെ നേതാക്കളില്‍ പ്രമുഖനും അല്‍ഖസ്സാം ബ്രിഗേഡിന്റെ കമാന്‍ഡറുമായിരുന്ന ജഅ്‌ബരിയെ വധിക്കാനായി എന്നതു മാത്രമാണ്. ഗസ്സക്കുമേല്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങള്‍ നിരവധി ഫലസ്‌തീനികളുടെ ജീവനെടുത്തു എന്നുവേണമെങ്കില്‍ ഇസ്‌റാഈലിന് ആശ്വസിക്കാം. എന്നാല്‍, യാതൊരു വിധ പ്രകോപനവുമില്ലാതെ, നിരായുധരായ ഒരു ജനതക്കെതിരെ ആക്രമണം നടത്തുന്നതിനെ ഇരു രാജ്യങ്ങള്‍ തമ്മിലെ യുദ്ധമായി കാണാന്‍ സാധ്യമല്ല. അത്തരമൊരു ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം യുദ്ധവിജയത്തിന്റെ മാനദണ്ഡമാക്കുന്നത് നീതിപൂര്‍വകമായ വിലയിരുത്തലാവില്ല. മറിച്ച്, ഈ ആക്രമണം ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ നടത്തിയത്, അത് നിറവേറ്റുന്നതില്‍ എത്ര കണ്ട് വിജയിച്ചു എന്ന് നോക്കിയാണ്. തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് യുദ്ധഗതി ഇവിടെ ഹമാസിന് അനുകൂലമായത് ഇസ്‌റാഈലിന്റ പരാജയമായിട്ടേ വിലയിരുത്താന്‍ കഴിയൂ.
രണ്ട് വര്‍ഷമായി ലോക മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന അറബ് വസന്തവും അവിടത്തെ ഭരണമാറ്റവുമെല്ലാം അറബ് മേഖലയിലെ ജനങ്ങളില്‍ വളരെ പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്. മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിന്ന സന്ദര്‍ഭത്തില്‍ പെട്ടെന്നാണ് ഇസ്‌റാഈല്‍ ഗസ്സക്കു നേരെ അക്രമണം അഴിച്ചുവിട്ടത്. ലോക മാധ്യമങ്ങളുടെയും രാഷ്‌ട്രീയ നിരീക്ഷകരുടെയും സജീവ ശ്രദ്ധ ഗസ്സാ പ്രശ്‌നത്തിലേക്ക് തിരിയാന്‍ ഇത് കാരണമായി. അറബ് വിപ്ലവാനന്തരം മേഖലയില്‍ അധികാരത്തില്‍ വന്ന ഇസ്‌ലാം അനുകൂല ഭരണകൂടങ്ങള്‍ ഈ പ്രശ്‌നത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ലോക മാധ്യമങ്ങളും പാശ്ചാത്യനിരീക്ഷകരും വളരെ ആകാംക്ഷയോടു കൂടി ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്വാഭാവികമായും ഈ പ്രശ്‌നത്തില്‍ ആദ്യമായി ഇടപെട്ടുകൊണ്ട് രംഗത്തുവന്നത് ഇസ്‌ലാമിസ്റ്റ് അനുകൂല ഭരണകൂടങ്ങളായ തുര്‍ക്കിയും ഈജിപ്‌തും തുനീഷ്യയുമായിരുന്നു. 2008ല്‍, മുബാറക് ഭരണകാലത്ത്, ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ചെറുവിരലനക്കാതിരുന്ന ഈജിപ്‌താണ് ഇപ്രാവശ്യം സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇതിനു പുറമെ ഒരു മാസം മുന്‍പ്, ഖത്തര്‍ അമീര്‍ നടത്തിയ ഗസ്സ സന്ദര്‍ശനത്തില്‍ ഗസ്സയോടുള്ള പരസ്യമായ ഐക്യദാര്‍ഢ്യ പ്രഖ്യാപനവും സഹായ വാഗ്‌ദാനവും, മറ്റ് പ്രബല അറബ് രാജ്യങ്ങളിലെ നേതാക്കള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയായിരുന്നു.
പുതിയ കാലം, പുതു നായകന്മാര്‍
വിപ്ലവാനന്തരം ഈജിപ്‌തിലെയും തുനീഷ്യയിലെയും മാറ്റങ്ങള്‍ നേരായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്, ഗസ്സ വിഷയത്തിലുള്ള ഈ രാജ്യങ്ങളുടെ സക്രിയമായ ഇടപെടല്‍. മേഖലയിലെ മറ്റു പല പ്രമുഖ രാഷ്‌ട്രങ്ങളും ഇസ്‌റാഈലിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ മുന്നിട്ടിറങ്ങാന്‍ മടികാണിച്ചപ്പോള്‍, ഈജിപ്‌തും തുര്‍ക്കിയും തുനീഷ്യയുമാണ് സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. എന്നും ഫലസ്‌തീന്‍ ജനതക്കൊപ്പം നിലകൊണ്ടിട്ടുള്ള ഖത്തര്‍, ഇപ്രാവശ്യം ഇസ്‌റാഈലിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് രംഗത്ത് വന്നത്. തീവ്രവാദ സംഘടനയെന്ന് പാശ്ചാത്യ മീഡിയകള്‍ നിരന്തരം വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന ഹമാസ്, 2006 ലെ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മാര്‍ഗേണ തെരഞ്ഞെടുക്കപ്പെട്ടിട്ടും, ഹമാസിനെ അംഗീകരിക്കാനും പിന്തുണക്കാനും അമേരിക്കയെ പേടിച്ച്, പല അറബ് രാഷ്‌ട്രങ്ങളും നേതാക്കന്മാരും മടികാണിക്കുമ്പോഴാണ് ഖത്തര്‍ അമീറിന്റെ ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. 2006ല്‍ ഹമാസ് അധികാരത്തില്‍ വന്ന ശേഷം, ഗസ്സ സന്ദര്‍ശിക്കുന്ന ആദ്യ ഗള്‍ഫ് ഭരണാധികാരിയാണ് ഖത്തര്‍ അമീര്‍.
ഉര്‍ദുഗാനും മുര്‍സിക്കും ഇസ്‌മാഈല്‍ ഹനിയ്യക്കുമൊപ്പം, പൊതു മുസ്‌ലിം സമൂഹത്തില്‍ ഖത്തര്‍ അമീറിന്റ ജനപ്രീതിയും ഉയരാന്‍ അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ സഹായകമായിട്ടുണ്ട്. ഫലസ്‌തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസും ഹമാസും തമ്മില്‍ നടന്ന സമവായ ശ്രമങ്ങള്‍ക്ക് ഖത്തര്‍ അമീര്‍ മധ്യസ്ഥത വഹിച്ചതും ഇസ്‌റാഈലിനെ അലോസരപ്പെടുത്തുന്നുണ്ട്.
വെടിനിര്‍ത്തല്‍ കരാറിലേക്ക് നയിച്ച മുര്‍സിയുടെ ഇടപെടല്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ അഭിനന്ദനത്തിന് കാരണമായി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്റെ സാന്നിധ്യത്തിലായിരുന്നു വെടിനിര്‍ത്തല്‍ കരാറില്‍ ഇരു രാഷ്‌ട്രങ്ങളും ഒപ്പുവെച്ചതെങ്കിലും മുര്‍സിയും ഉര്‍ദുഗാനുമായിരുന്നു കയ്‌റോയില്‍ നടന്ന ചര്‍ച്ചയിലെ താരങ്ങള്‍. മേഖലയിലെ പ്രമുഖ രാജ്യങ്ങളായ സുഊദി അറേബ്യക്കും കുവൈത്തിനുമൊന്നും എത്താന്‍ കഴിയാത്ത ഉന്നതമായ നേതൃസ്ഥാനത്തേക്ക് ഉയരാന്‍ മുര്‍സിക്ക് ഇതുവഴി സാധിച്ചിട്ടുണ്ട്. അതൊടൊപ്പം ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഈജിപ്‌തിന്റെ സ്ഥാനവും ഉയരാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. കരാറിലെ വ്യവസ്ഥകള്‍ ഫലസ്‌തീന്‍ ജനതയ്‌ക്ക് അനുകൂലമാക്കുന്നതിലും ഈജിപ്‌തിന് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ ഈ വെടിനിര്‍ത്തല്‍ കരാര്‍ ഗസ്സക്ക് മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗസ്സക്ക് പിന്തുണയേറുന്നു
1987ല്‍ ശൈഖ് അഹ്‌മദ് യാസീന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഹമാസ് അതിന്റെ ഇസ്‌റാഈല്‍ വിരുദ്ധത പോരാട്ടങ്ങളിലൂടെയും നിലപാടുകളിലെ സുസ്ഥിരത കൊണ്ടുമാണ് ഫലസ്‌തീന്‍ ജനതയുടെ മനം കവര്‍ന്നത്. ഇസ്‌റാഈലിന്റെ ഇടവിട്ടുള്ള ആക്രമണങ്ങളില്‍ കനത്ത നാശനഷ്‌ടങ്ങളിലകപ്പെടുന്ന ഫലസ്‌തീന്‍ ജനതയെ സഹായിക്കുന്നതിലും പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനമായ ഫലസ്‌തീന്‍ അതോറിറ്റിയെ കവച്ചുവയ്‌ക്കുന്ന മിടുക്കുമാണ്, ഉദയം കൊണ്ട് 20 വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പെ തെരെഞ്ഞടുപ്പില്‍ പങ്കടുത്ത് ഉജ്വല വിജയം വരിക്കാന്‍ ഹമാസിനെ പ്രാപ്‌തമാക്കിയത്. തങ്ങളുടെ രാജ്യം കയ്യേറിയ ഇസ്‌റാഈലിനെ ഒരു നിലക്കും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതാണ്, പാശ്ചാത്യരാജ്യങ്ങളും, അവരെ പേടിച്ച് അറബ് രാജ്യങ്ങളും ഹമാസിനെ അംഗീകരിക്കാതിരിക്കാന്‍ കാരണം.
തങ്ങളുടെ മാതൃരാജ്യത്ത് അധിനിവേശം സ്ഥാപിച്ച ഇസ്‌റാഈലിനെതിരെ പോരാടുന്നു എന്ന `മഹാകുറ്റ'മാണ് അമേരിക്കയെയും മറ്റു പാശ്ചാത്യ രാജ്യങ്ങളെയും തീവ്രവാദ ഭീകര പ്രസ്ഥാനം എന്നു ഹമാസിനെ വിളിക്കാന്‍ പ്രേരിപ്പിക്കുന്നത്. പാശ്ചാത്യ മാധ്യമങ്ങള്‍ ഹമാസിന്റെ `ഭീകരവാദ പ്രവര്‍ത്തനങ്ങള്‍' ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധരുമാണ്.
ലോകത്തിന്റെ കണ്ണില്‍ എന്നും ഭീകരവാദികളായി ചിത്രീകരിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കും മീഡിയകള്‍ക്കും കഴിയില്ല എന്ന സന്ദേശമാണ്, ഇസ്‌റാഈലിന്റെ അവസാന ഗസ്സ യുദ്ധപരാജയത്തിലൂടെ പറഞ്ഞു തരുന്നത്. ഈ യുദ്ധത്തോടെ, ഫലസ്‌തീനിലെ ഭരണകക്ഷിയായ `ഫതഹി'ന്റെ പോലും പിന്തുണയില്ലാതിരുന്ന, ഗസ്സ എന്ന ഫലസ്‌തീനിലെ ഒരു ചെറുപ്രദേശം മാത്രം ഭരിക്കുന്ന ഹമാസിന്, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ വര്‍ധിച്ചു വരുന്നുണ്ട്. ഈജിപ്‌തും തുനീഷ്യയും തുര്‍ക്കിയും ഖത്തറും മാത്രമല്ല, ലോകത്തെ മനുഷ്യ സ്‌നേഹികളായ വലിയൊരു ജനവിഭാഗത്തിന്റെ പിന്തുണയും ഇന്ന് ഗസ്സക്കുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും മനുഷ്യ സ്‌നേഹികള്‍ അവര്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്തി തുടങ്ങിയിരിക്കുന്നു.
ഇനിയും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താന്‍ പാശ്ചാത്യ ശക്തികള്‍ക്കാകില്ല. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോളര്‍, റയല്‍ മാഡ്രിഡ് താരവും പോര്‍ച്ചുഗീസ് കളിക്കാരനുമായ ക്രിസ്‌റ്റിയാനോ റൊണോള്‍ഡോ തനിക്ക് സമ്മാനമായി ലഭിച്ച വിലപിടിച്ച സ്വര്‍ണ്ണ പാദുകം ഫലസ്‌തീന്‍ ജനതക്ക് വേണ്ടി നല്‍കാന്‍ തയ്യാറായതും, യൂറോപ്പിലെ മാഴ്‌സയില്‍ ഫുട്‌ബോള്‍ കളിക്കിടയില്‍ ഗാലറിയില്‍ നിറഞ്ഞ ആരാധകര്‍ ഫലസ്‌തീന്‍ അനുകൂല ബാനറുകള്‍ ഉയര്‍ത്തിയതും, ഇസ്‌റാഈല്‍ ആക്രമണ വേളയില്‍ തെല്‍അവീവില്‍ ജൂതന്‍മാര്‍ പോലും ആക്രമണവിരുദ്ധ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതും ശുഭസൂചകമായാണ് കാണേണ്ടത്. പാശ്ചാത്യ ഭരണാധികാരികളും അവരുടെ മീഡിയകളും ഗസ്സാ വിഷയത്തില്‍ മൗനം തുടരുമ്പോഴും പാശ്ചാത്യ ജനതക്കിടയില്‍ നല്ലൊരു വിഭാഗം ഫലസ്‌തീന്‍ അനുകൂലികളായി മുന്നോട്ട് വരുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു.
0 comments: