ഇസ്‌ലാം ലോകത്തിനു അനുഗ്രഹം ആശംസിക്കുന്നു
സമ്മേളന ഉദ്‌ഘാടനം /ഇദ്‌രീസ് തൗഫീഖ്
കേരളത്തിലെ ഐ എസ് എമ്മിന്റെ സമ്മേളനത്തിലേക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഇന്ത്യന്‍ അംബാസിഡറെ വിളിച്ച് ഈ സംഘടനയുടെ ഇന്ത്യയിലെ സ്വീകാര്യതയെക്കുറിച്ചും അവസ്ഥയെക്കുറിച്ചും അന്വേഷിച്ചു. ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ട അദ്ദേഹം എന്നോട് വളരെ മഹത്തായ സംഘടനയാണെന്നും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു വിഭാഗമാണെന്നും അറിയിച്ചപ്പോഴാണ് ഞാന്‍ ഈ സമ്മേളനത്തിന് വരാന്‍ തീരുമാനിച്ചത്.
ഞാനും നിങ്ങളും എന്തുകൊണ്ടാണ് ഇന്ന് ഇവിടെ സംഗമിച്ചത്? എന്തുകൊണ്ടാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പുഴകളൊഴുകി ഒന്നിച്ചുചേരുന്നത്.
ഇതൊക്കെ അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്. നമ്മുടെ സമാഗമവും ഈ പ്രഭാഷണവുമെല്ലാം. എന്തുകൊണ്ടാണ് നമ്മളെല്ലാം മുസ്‌ലിംകളായത്? അല്ലാഹു എന്നും താങ്ങായി, തുണയായി എല്ലാ പ്രതിസന്ധികളിലും ആലംബമായി നമ്മുടെ കൂടെത്തന്നെയുണ്ട്. പരീക്ഷയടുക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി അല്ലാഹുവിനോട് പ്രാര്‍ഥിക്കും. തിന്മ ചെയ്യുന്ന ആളുകള്‍ വല്ല പ്രയാസങ്ങള്‍ക്കും വശംവദരായാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കും. പക്ഷേ, ആവശ്യപൂര്‍ത്തീകരണത്തിനു ശേഷം അല്ലാഹു അവരുടെ കൂടെ വേണ്ടതില്ല എന്ന നിലയ്‌ക്കായിരിക്കും ചിലരുടെ സമീപനം.
നാം അല്ലാഹുവിനോട് എന്നും പ്രാര്‍ഥിക്കുകയും അവനെ കൈവിടാതെ, തിന്മ ചെയ്യാതെ അടുത്തുനില്‌ക്കുകയും വേണം. സാമൂഹ്യസേവന രംഗത്ത് നാം സജീവമായി പ്രവര്‍ത്തിക്കണം. ഇന്ത്യപോലെയുള്ള ബഹുമത രാജ്യങ്ങളില്‍ മതങ്ങളും മതവിശ്വാസങ്ങളും പരസ്‌പരം മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും വേണം. അല്ലാഹുവിന്റെ സാന്നിധ്യത്തില്‍ ആശ്വസമനുഭവിക്കാന്‍ സാധിക്കുകയും വേണം.
ഞാന്‍ ഇസ്‌ലാമിന്റെ മാധുര്യം രുചിച്ചിട്ട് പതിനൊന്ന് വര്‍ഷമായി. ഇസ്‌ലാമിന്റെ മഹിതമായ ആശയത്തിലേക്ക് ഞാന്‍ വരാന്‍ ഇടയായത് ഈജിപ്‌തിലേക്കുള്ള എന്റെ ഒഴിവുകാല യാത്രയുമായി ബന്ധപ്പെട്ടാണ്. ഈജിപ്‌ത് സന്ദര്‍ശിക്കുമ്പോള്‍ ഈജിപ്‌തിലെ പിരമിഡുകളും ഒട്ടകങ്ങളും മണലാരണ്യങ്ങളും എന്തെല്ലാമാണെന്ന് ഞാന്‍ മുന്‍കൂട്ടി മനസ്സിലാക്കി. അവിടെയുള്ള ആളുകള്‍ ഭൂരിഭാഗവും മുസ്‌ലിംകളാണെന്നും മുസ്‌ലിംകള്‍ മതഭ്രാന്തന്മാരാണെന്നും ഉള്ള ധാരണയായിരുന്നു അന്നുവരെ എനിക്കുണ്ടായിരുന്നത്.
ഉള്‍ഭീതിയോടെ കാഴ്‌ചകള്‍ കാണാനിറങ്ങിയ എന്നോട് ചെരുപ്പ് തുന്നി ഉപജീവനം നയിക്കുന്ന ഒരു കുട്ടി എന്റെ വെള്ളത്തൊലി കണ്ട് പുഞ്ചിരിതൂകി അസ്സലാമു അലൈകും എന്ന് മൊഴിഞ്ഞു. ആദ്യമായി ഇസ്‌ലാമിന്റെ സന്തോഷം പ്രദാനംചെയ്യുന്ന അഭിവാദ്യം പതിനാല് വയസ്സുള്ള കുട്ടിയില്‍ നിന്നാണ് എനിക്ക് കിട്ടിയത്. പിന്നെയും ചില അറബിപദങ്ങള്‍ ഞാന്‍ പഠിച്ചു. അല്‍ഹംദുലില്ലാഹ് എന്നവസാനിപ്പിച്ചുകൊണ്ട് ആ കുട്ടിയുടെ നാവില്‍ നിന്നും പുറത്തുവന്ന പദങ്ങളാണ് എന്റെ ഹൃദയത്തെ അഗാധമായി സ്‌പര്‍ശിച്ചത്. കൂടുതലായി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് പഠനം നടത്തിയ എനിക്ക് അവര്‍ അറുക്കുന്നവരും കൊല്ലുന്നവരും അല്ല എന്നും സ്‌നേഹ സമ്പന്നരാണെന്നും തിരിച്ചറിയാന്‍ സാധിച്ചു.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആളുകള്‍ തെറ്റിദ്ധരിക്കുന്നത് യഥാര്‍ഥ ഇസ്‌ലാമിനെക്കുറിച്ച് നാം ജീവിതത്തിലൂടെ പ്രചരിപ്പിക്കാത്തതുകൊണ്ടാണ്. ഇസ്‌ലാം ഇന്ത്യക്കനുഗ്രഹമാണ്, നാട്ടുകാര്‍ക്കും അനുഗ്രഹമാണ് എന്ന് നമുക്ക് ബോധ്യപ്പെടുത്താനാവണം. നിഗൂഢതകള്‍ സൃഷ്‌ടിച്ച് ദുരൂഹത വളര്‍ത്തേണ്ട ആവശ്യം ഇസ്‌ലാമിനില്ല.
പക്ഷേ, മനോഹരമായ ഇസ്‌ലാമിനെ നാം സങ്കീര്‍ണമാക്കിയാണ് അവതരിപ്പിക്കുന്നത്. ഒരുമക്കും സ്‌നേഹത്തിനും ഇസ്‌ലാം മൂന്ന് കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ഒന്ന്, ഏകദൈവം. എല്ലാവരുടെയും സ്രഷ്‌ടാവായ, എല്ലാവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന, സര്‍വശക്തനായ ആ അല്ലാഹുവിന്റെ സൃഷ്‌ടികളാണ് എല്ലാവരും.
രണ്ട്, ആ ദൈവം നമ്മളോട് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാഷയില്‍ സംസാരിക്കുന്നവനാണ്. സ്വാഭാവികമായും എല്ലാവര്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന, എല്ലാവര്‍ക്കും ആശ്വാസത്തോടെ സമീപിക്കാവുന്ന നിങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ലളിതമായ ഇസ്‌ലാമിന്റെ ഈ സന്ദേശം എത്തിച്ചുകൊടുക്കുന്നതിന് എന്താണ് തടസ്സം. ദുരന്തമുഖത്ത് മകന്‍ നഷ്‌ടപ്പെടുന്ന പിതാവിന്റെ ആര്‍ത്തനാദം പരിഗണിക്കാനും അദ്ദേഹത്തിന് ആശ്വാസം നല്‍കാനും ഈ ദൈവത്തിന് സാധിക്കും.
മൂന്ന്, നമ്മെ സമൂഹമായി നിലനിര്‍ത്താന്‍ ഉല്‍കൃഷ്‌ടമായ കുറെ നല്ല നിയമങ്ങള്‍ ഇസ്‌ലാം നമുക്ക് കൈമാറിത്തരുന്നു. ഇതും നാം പകര്‍ന്നുകൊടുക്കണം. ഉദാഹരണമായി, ഒരു വ്യാഴാഴ്‌ച രാത്രി അഹ്‌മദ് അല്ലെങ്കില്‍ മുഹമ്മദ് നമുക്ക് മദ്യപിക്കാം അല്ലെങ്കില്‍ പെണ്‍സുഹൃത്തുക്കളുമായി ഊരുചുറ്റാം എന്ന് ആരെങ്കിലും ഒരു മുസ്‌ലിമിനോട് പറഞ്ഞാല്‍ ഇല്ല ഞാനൊരു മുസ്‌ലിമാണെന്ന് പറഞ്ഞുകൊണ്ട് മാറിനില്‍ക്കാന്‍ നമുക്ക് സാധിക്കുന്നത് ഈ നിയമങ്ങളിലുള്ള നമ്മുടെ ദൃഢബോധ്യം മൂലമാണ്. പക്ഷേ വളരെക്കുറച്ച് മുസ്‌ലിംകള്‍ക്ക് മാത്രമേ നമ്മളെ സകല തിന്മകളില്‍ നിന്നും സ്വതന്ത്രരാക്കുന്ന ഈ മഹത്തായ മതത്തിന്റെ ഗുണഗണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുന്നുള്ളൂ.
0 comments: