ജീവിതാനുഭവങ്ങള്‍ എനിക്കു വെളിച്ചം പകര്‍ന്നു

  • Posted by Sanveer Ittoli
  • at 12:34 AM -
  • 0 comments
ജീവിതാനുഭവങ്ങള്‍ എനിക്കു വെളിച്ചം പകര്‍ന്നു

ഡോ. ഇദ്‌രീസ്‌ തൗഫീഖ്‌
ഞാന്‍ ജീവിക്കാനായി തെരഞ്ഞെടുത്ത ഈജിപ്‌തിലെ കൈറോയില്‍, ബ്രിട്ടീഷ്‌ കത്തോലിക്കാ പുരോഹിതനായിരുന്ന, പിന്നീട്‌ ഇസ്‌ലാമാശ്ലേഷിച്ച ഇദ്‌രീസ്‌ തൗഫീഖ്‌ പലരുടെയും ശ്രദ്ധാ കേന്ദ്രമാണിന്ന്‌. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കാനും പ്രാദേശിക ഇംഗ്ലീഷ്‌ പത്രത്തിലെ കോളം വായിക്കാനും ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും നിരവധി പേരുണ്ട്‌.
കത്തോലിക്കാ പുരോഹിതനില്‍ നിന്നും അര്‍പ്പണബോധമുള്ള മുസ്‌ലിമായിത്തീര്‍ന്ന ബ്രിട്ടീഷുകാരനെക്കുറിച്ചറിയാന്‍ പലരും ആഗ്രഹിക്കുന്നു. തന്റെ കഥ ആളുകളെ ആകര്‍ഷിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഇദ്‌രീസിനറിയാം. എന്നാല്‍ തന്റേത്‌ തികച്ചും സ്വാഭാവികമായ മാറ്റമാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.
``എന്റെ തീരുമാനം പലര്‍ക്കും വിചിത്രമായിത്തോന്നാം. എന്നാല്‍ മുസ്‌ലിമാവുക എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം തികച്ചും യുക്തിപൂര്‍വകമായ തീരുമാനമായിരുന്നു'' -ഇദ്‌രീസ്‌ പറയുന്നു.
``ജീവിതത്തെ ആകെ മാറ്റിമറിച്ച തീരുമാനമായിരുന്നിരിക്കാം തന്റേതെന്ന്‌ പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അങ്ങനെയല്ല. ഏതാണ്ടൊരു നേര്‍രേഖപോലെയായിരുന്നു ഇതുവരെയുള്ള എന്റെ ജീവിതം. ഇന്നത്തെ എന്റെ അവസ്ഥയിലേക്ക്‌ കുറേശ്ശെ അതെന്നെ നയിക്കുകയായിരുന്നു. പതിനഞ്ചുവര്‍ഷക്കാലം ഭക്തനായ ക്രിസ്‌ത്യാനിയായി ജീവിച്ച അദ്ദേഹം പിന്നീട്‌ പുരോഹിതനാവാനായി റോമില്‍ പഠിച്ചു. തന്റെ തൊഴിലില്‍ അതൃപ്‌തി തോന്നിത്തുടങ്ങിയപ്പോള്‍ അതുപേക്ഷിച്ചു. പിന്നീട്‌ ഇനിയെങ്ങോട്ട്‌ തിരിയണമെന്ന കണ്‍ഫ്യൂഷനിലായിരുന്നു കുറച്ചുനാള്‍. ഈ നാളുകളിലൊന്നില്‍ ഈജിപ്‌തിലെ, ചെങ്കടലിന്റെ തീരത്തു സ്ഥിതിചെയ്യുന്ന, അവധിക്കാല ടൂറിസ്റ്റുകേന്ദ്രമായ ഹര്‍ഗദയിലേക്ക്‌ വിമാനം കയറി. ബോറടിപ്പിക്കുന്ന ബീച്ചില്‍ നിന്നും ഉടനെ കൈറോവിലേക്ക്‌ വണ്ടി കയറി. താന്‍ പ്രതീക്ഷിച്ചതില്‍ നിന്നും തീര്‍ത്തും ഭിന്നമായ വിസ്‌മയകരമായ ഒരു സംസ്‌കാരം അവിടെ കണ്ടു.
തന്റെ ജീവിതത്തിലാദ്യമായി മുസ്‌ലിംകളെ കണ്ടു. അവരോട്‌ സംസാരിച്ചു. അവരുടെ ജീവിതം അടുത്തുനിന്നു വീക്ഷിച്ചു. നമസ്‌കാരത്തിന്‌ പള്ളിയില്‍ നിന്നുള്ള ബാങ്കു കേള്‍ക്കുമ്പോള്‍ മറ്റെല്ലാം നിര്‍ത്തി ആളുകള്‍ പ്രാര്‍ഥനക്കായി മക്കയിേലക്കു തിരിയുന്നത്‌ എന്നെ വല്ലാതെ വിസ്‌മയിപ്പിച്ചു.
``ആ ആഴ്‌ചയിലെ അവധിക്കാലം, മറ്റെന്തിനേക്കാളും എന്റെ ജീവിതത്തെ മാറ്റി മറിച്ചു'' -അദ്ദേഹം പറയുന്നു.
``അതെന്റെയുള്ളില്‍ ഇസ്‌ലാമിന്റെ വിത്തുകള്‍ വിതയ്‌ക്കാന്‍ തുടങ്ങി. മുസ്‌ലിംകളെ ആദ്യമായി കണ്ടതും സംസാരിച്ചതും അപ്പോഴായിരുന്നു. അവര്‍ കായിക ശക്തി പ്രകടിപ്പിക്കുന്ന മതഭ്രാന്തന്മാരല്ലെന്നും തികച്ചും സാധാരണക്കാരായ മനുഷ്യരാണെന്നും ഞാന്‍ മനസ്സിലാക്കി. അതിലെല്ലാമുപരി വളരെ മാന്യരും ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം വിശ്വാസം ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ളവരുമാണവര്‍.''
ഇദ്‌രീസ്‌ ബ്രിട്ടനില്‍ തിരിച്ചെത്തി. അവിടെ ഒരു സെക്കന്ററി സ്‌കൂളില്‍ മതാധ്യാപകനായി. സപ്‌തംബര്‍ 11നു ശേഷമുണ്ടായ സംഭവ വികാസങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ലണ്ടനിലെ സെന്‍ട്രല്‍ മസ്‌ജിദില്‍ വെച്ച്‌ യൂസുഫുല്‍ ഇസ്‌ലാമിനെ കണ്ടത്‌ പ്രയോജനകരമായി. ``മുസ്‌ലിമാവാന്‍ യഥാര്‍ഥത്തില്‍ എന്താണ്‌ ചെയ്യേണ്ടത്‌'' -ഞാനദ്ദേഹത്തോടു ചോദിച്ചു.
``ഏകദൈവത്തില്‍ വിശ്വസിക്കുകയും അഞ്ചുനേരം നമസ്‌കരിക്കുകയും റമദാനില്‍ നോമ്പനുഷ്‌ഠിക്കുകയും ചെയ്യണം'' -യൂസുഫ്‌ പറഞ്ഞു.
``ഇതെല്ലാം ഞാന്‍ വിശ്വസിക്കുന്നുണ്ട്‌. എന്റെ മുസ്‌ലിം വിദ്യാര്‍ഥികളോടൊപ്പം ഞാന്‍ റമദാനില്‍ വ്രതമനുഷ്‌ഠിക്കുകയും ചെയ്‌തു'' -ഞാന്‍ പറഞ്ഞു.
``എന്തിനാണു നിങ്ങള്‍ കാത്തുനില്‌ക്കുന്നത്‌? എന്താണ്‌ നിങ്ങളെ പിന്നോട്ടു വലിക്കുന്നത്‌?'' -അദ്ദേഹം ചോദിച്ചു.
``ഞാനിസ്‌ലാമാശ്ലേഷിക്കാനാഗ്രഹിക്കുന്നില്ല'' -ഞാനദ്ദേഹത്തോടു പറഞ്ഞു.
അപ്പോള്‍ ബാങ്കു വിളിച്ചു. എല്ലാവരും നമസ്‌കരിക്കാനായി വരിയൊപ്പിച്ച്‌ എണീറ്റു നിന്നു. ഞാന്‍ പിന്നിലിരുന്ന്‌ കരഞ്ഞു. അപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ``ഞാനാരെയാണ്‌ വിഡ്‌ഢിയാക്കാന്‍ നോക്കുന്നത്‌?''
ഇസ്‌ലാമാശ്ലേഷണം ലളിതമായ പ്രക്രിയയാണ്‌. ഏകദൈവത്തിലും ദൈവദൂതനായ മുഹമ്മദ്‌ നബി(സ)യിലും വിശ്വസിക്കുന്നുവെന്ന്‌ മുസ്‌ലിമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി സാക്ഷികളുടെ മുന്നില്‍ വെച്ച്‌ പ്രസ്‌താവിക്കുന്നു. കണ്‍വേര്‍ട്ട്‌ എന്നതിനുപകരം റിവേര്‍ട്ട്‌ എന്ന വാക്കാണ്‌ പല മുസ്‌ലിംകളും ഉപയോഗിക്കുന്നത്‌. മനുഷ്യന്‍ അവന്റെ യഥാര്‍ഥ പ്രകൃതത്തിലേക്ക്‌ തിരിച്ചെത്തുകയാണ്‌ ചെയ്യുന്നത്‌ എന്നതുകൊണ്ടാണിത്‌.
``ആളുകളും അനുഭവങ്ങളുമാണ്‌ എന്നെ ഇസ്‌ലാമിലേക്ക്‌ നയിച്ചത്‌'' -ഇദ്‌രീസ്‌ പറയുന്നു.
``ചര്‍ച്ചുമായി ബന്ധപ്പെട്ട എന്റെ കഴിഞ്ഞ കാല അനുഭവങ്ങള്‍ വിലപ്പെട്ടതായി ഞാന്‍ കാണുന്നു. ഞാന്‍ ചെയ്‌തതില്‍ തൃപ്‌തനാണന്നു ഞാന്‍. എന്നോടൊപ്പം ജോലി ചെയ്‌തവരെയെല്ലാം ഞാന്‍ സ്‌നേഹിക്കുന്നു. അവരുടെ വിശ്വാസത്തെ ഞാനാദരിക്കുന്നു. ഉള്ളിന്റെയുള്ളില്‍ ഞാന്‍ സന്തോഷവാനായിരുന്നില്ലെന്നു മാത്രം.''
കത്തോലിക്കാ മതത്തിലില്ലാത്ത എന്താണ്‌ ഇസ്‌ലാമില്‍ താങ്കള്‍ കണ്ടതെന്ന ചോദ്യത്തിന്‌ `അതൊരു ഭാരമേറിയ ചോദ്യ'മാണെന്ന ഉത്തരം ലഭിച്ചു.
എങ്കില്‍ ഏറ്റവും വലിയ വ്യത്യാസമെന്താണ്‌?
``ഇസ്‌ലാം പൂര്‍ണമായും ദൈവ കേന്ദ്രീകൃതമാണെന്ന്‌ ഞാന്‍ പറയും'' -ഇദ്‌രീസ്‌ പറഞ്ഞു. യേശു എനിക്കുവേണ്ടി ചെയ്‌തതിനെക്കുറിച്ചോ എനിക്കുവേണ്ടിയുള്ള എന്റെ പ്രാര്‍ഥനകളെക്കുറിച്ചോ അല്ല. എല്ലാം ദൈവകേന്ദ്രീകൃതമാണ്‌ ഇസ്‌ലാമില്‍.
``ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഇസ്‌ലാം ഉള്‍ക്കൊള്ളുന്നു. ഞായറാഴ്‌ചകളില്‍ ചര്‍ച്ചില്‍ പോകുകയും എല്ലാ രാവിലെകളിലും കുര്‍ബാനയ്‌ക്കു പോകുകയും... അതിലൊതുങ്ങുന്ന മതമല്ലിത്‌.''
``ആളുകളെ എങ്ങനെ അഭിവാദനം ചെയ്യണമെന്നും ഭക്ഷണം എങ്ങനെ കഴിക്കണമെന്നും മുറിയില്‍ എങ്ങനെ പ്രവേശിക്കണമെന്നും ജീവിതത്തിലെ എല്ലാ കാര്യങ്ങളും എങ്ങനെ ചെയ്യണമെന്നും ഇസ്‌ലാം നിങ്ങളോട്‌ പറയുന്നു. ചുരുക്കത്തില്‍ ഇസ്‌ലാമില്‍ എല്ലാം ദൈവവുമായി ബന്ധപ്പെട്ടതാണ്‌. മുസ്‌ലിംകള്‍ക്ക്‌ ഇസ്‌ലാമാണ്‌ എല്ലാം.''
``ഇസ്‌ലാമാശ്‌ളേഷിക്കുന്നതിലേക്ക്‌ നയിച്ചത്‌ സംശയത്തിന്റെ നാളുകളാണോ?''
``അല്ലേ അല്ല'' അദ്ദേഹം പറയുന്നു: ``അബ്‌റഹാമിന്റെ കഥയാണ്‌ മുസ്‌ലിമാവുന്നതില്‍ നിന്നും എന്നെ തടഞ്ഞ കാര്യങ്ങളിലൊന്ന്‌. ബൈബിള്‍ പറയുന്നത്‌ അബ്‌റഹാം തന്റെ പുത്രനായ ഇസ്‌ഹാഖിനെ ബലയറുക്കാനൊരുങ്ങിയെന്നാണ്‌. ഖുര്‍ആന്‍ പറയുന്നത്‌ ഇസ്‌മാഈലിനെ ബലിയറുക്കാനൊരുങ്ങിയെന്നും.
``ഇത്‌ വിചിത്രമായിത്തോന്നാം. കുറച്ചുകാലം ഞാനിതിനെ കുറിച്ചു ചിന്തിച്ചു. രണ്ടും ഒരേ സമയം ശരിയാവില്ല. ഏതെങ്കിലുമൊന്നേ ശരിയാവൂ. ഒടുവില്‍ ഇസ്‌ലാമിന്റെ നിലപാടില്‍ ഞാനെത്തിച്ചേര്‍ന്നു.
ആരാധ്യനായ ദൈവം ഏകനാണെന്ന്‌ മുമ്പേ വിശ്വസിച്ചിരുന്നതിനാല്‍ ഇസ്‌ലാമിലെ ഈ ആശയം ഉള്‍ക്കൊള്ളാന്‍ തീരെ പ്രയാസമുണ്ടായില്ല. മുഹമ്മദ്‌ നബി(സ) ദൈവത്തിന്റെ ദൂതനാണെന്നും പഠനത്തിലൂടെ ഞാന്‍ മനസ്സിലാക്കി.
കത്തോലിക്കാ ചര്‍ച്ചിലെ സഹപ്രവര്‍ത്തകന്‍ എങ്ങനെയാണ്‌ ഇദ്‌രീസിന്റെ ഇസ്‌ലാമാശ്ലേഷണത്തോട്‌ പ്രതികരിച്ചതെന്ന ചോദ്യത്തിന്‌ ``ഞാന്‍ ചര്‍ച്ച്‌ വിട്ടപ്പോള്‍ അവരെയും വിട്ടു. ആളുകള്‍ പ്രിയപ്പെട്ടതായി കരുതുന്നതിനെ ഇളക്കി മറിക്കാന്‍ എനിക്കുദ്ദേശ്യമില്ല. എന്റെ ഇസ്‌ലാമാശ്ലേഷണത്തെക്കുറിച്ച്‌ ആളുകള്‍ ചോദിച്ചാല്‍ ഞാന്‍ പറയും. അത്രമാത്രം'' എന്നായിരുന്നു പ്രതികരണം.
ഇസ്‌ലാമാശ്ലേഷിക്കുന്നവരുടെ എണ്ണത്തെക്കുറിച്ച്‌ കൃത്യമായ വിവരമില്ല. അമേരിക്കയില്‍ നിന്നുള്ള ഒരു സര്‍വേഫലം അവകാശപ്പെടുന്നത്‌ ഓരോ വര്‍ഷവും ഒരു ലക്ഷം പേര്‍ ഇസ്‌ലാമാശ്ലേഷിക്കുന്നു എന്നാണ്‌. അതേ സര്‍വേ ഫലം പറയുന്നത്‌ ഒരു പുരുഷന്‍ ഇസ്‌ലാം സ്വീകരിക്കുന്നെങ്കില്‍ നാല്‌ സ്‌ത്രീകള്‍ ഇസ്‌ലാമാശ്ലേഷിക്കുന്നു എന്നാണ്‌.
ബി ബി സിയുടെ മുന്‍ ഡയറക്‌ടര്‍ ജനറലായിരുന്ന ലോര്‍ഡ്‌ ബിര്‍ട്ടിന്റെ മകന്‍ യഹ്‌യാ (മുമ്പ്‌ ജോനാതന്‍) ബിര്‍ട്ട്‌ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്‌ ബ്രിട്ടനില്‍ 14, 200 വെളുത്ത വര്‍ഗക്കാര്‍ ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ടെന്നാണ്‌.
``പലരും മുമ്പനുഭവിച്ചിട്ടില്ലാത്ത പ്രശാന്തതയും ലാളിത്യവും ഇസ്‌ലാമില്‍ കണ്ടെത്തുന്നു എന്നാണ്‌ ഞാന്‍ കരുതുന്നത്‌. കാര്‍ക്കശ്യമല്ല, സൗന്ദര്യവും മാധുര്യവും മാന്യതയുമാണ്‌ ഞാന്‍ ഇസ്‌ലാമില്‍ കണ്ടത്‌.'' ഇദ്‌രീസ്‌ പറയുന്നു.
``മുപ്പതോ നാല്‌പതോ വര്‍ഷം മുമ്പ്‌ ബ്രിട്ടനിലും അയര്‍ലന്റിലും നില നിന്നിരുന്ന മൂല്യങ്ങള്‍ - മുതിര്‍ന്നവരെയും മാതാപിതാക്കളെയും ആദരിക്കുക പോലുള്ളവ- ഇപ്പോഴും മുസ്‌ലിം ലോകത്ത്‌ നിലനില്‌ക്കുന്നു. അമുസ്‌ലിംകളോട്‌ ഇസ്‌ലാമിന്റെ ആശയങ്ങള്‍ വിശദീകരിക്കുന്ന ഒരു പുസ്‌തകം ഇദ്‌രീസ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
``സംശയത്തിന്റെ കണ്ണുകളിലൂടെയാണ്‌ ഇസ്‌ലാമും പാശ്ചാത്യലോകവും പരസ്‌പരം നോക്കുന്നത്‌. അതിന്റെ ആവശ്യമില്ല. വ്യത്യസ്‌ത വിശ്വാസങ്ങളുള്ള തികച്ചും സാധാരണക്കാരായ ജനങ്ങളാണ്‌ നാമെല്ലാം.'' ഇദ്‌രീസ്‌ പറയുന്നു. ``ഒരുപാട്‌ മുസ്‌ലിംകള്‍ എന്റെ പ്രഭാഷണം ശ്രവിക്കാനാഗ്രഹിക്കുന്നു. മുസ്‌ലിംകളായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ചെറുപ്പക്കാരായ പ്രൊഫഷണലുകളുമാണ്‌ എനിക്ക്‌ ഭൂരിഭാഗം ഇ-മെയിലുകളുമയയ്‌ക്കുന്നത്‌. അവര്‍ വിശ്വസിക്കുന്ന ഇസ്‌ലാമിനെ ഞാന്‍ അവതരിപ്പിക്കുന്ന രീതി അവര്‍ക്കിഷ്‌ടമാണെന്നാണ്‌ അവര്‍ പറയുന്നത്‌. നല്ല മുസ്‌ലിംകളായി നമുക്ക്‌ ജീവിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പാശ്ചാത്യലോകം നമ്മെ പരിഗണിക്കൂ എന്നാണ്‌ ഞാനവരോട്‌ പറയുന്നത്‌. അപ്പോള്‍ ഇസ്‌ലാം ആകര്‍ഷകമാണെന്ന്‌ പാശ്ചാത്യര്‍ മനസ്സിലാക്കും. മുസ്‌ലിമെന്ന നിലയില്‍ തികഞ്ഞ മാതൃകയാവാന്‍ നാം പരിശ്രമിക്കണം''
നാഗരികതകളുടെ സംഘട്ടനത്തെക്കുറിച്ച സംസാരം അദ്ദേഹത്തെ അലോസരപ്പെടുത്തുന്നു.
``നാഗരികതകളുടെ സംഘട്ടനം ഇല്ലേ ഇല്ല. ദാറ്റ്‌ ഈസ്‌ നോണ്‍സെന്‍സ്‌. ഏതൊരു നാടിനും ഇസ്‌ലാം യോജിക്കും. ഇസ്‌ലാമൊരു വേറിട്ട സംസ്‌കാരമല്ല. നിങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള മുസ്‌ലിമാണെങ്കില്‍ നിങ്ങള്‍ ബ്രിട്ടീഷുകാരനാണ്‌.
``ഒരാള്‍ക്ക്‌ ഒരേ സമയം മുസ്‌ലിമും ബ്രിട്ടീഷുകാരനും ആവാന്‍ കഴിയുമോ എന്നതിനെക്കുറിച്ച്‌ ബ്രിട്ടനില്‍ നടക്കുന്ന സംവാദങ്ങള്‍ പ്രാധാന്യമര്‍ഹിക്കാത്തതാണ്‌. പലപ്പോഴും വംശീയതയിലധിഷ്‌ഠിതമാണ്‌ അത്തരം സംവാദങ്ങള്‍ എന്നാണ്‌ ഞാന്‍ കരുതുന്നത്‌. ഞാന്‍ ലണ്ടനില്‍ ചെല്ലുമ്പോള്‍, എന്റെ തൊലിയുടെ നിറം കാരണം, ഞാന്‍ ബ്രിട്ടീഷുകാരനാണോ അല്ലയോ എന്ന്‌ ആരും തിരക്കാറില്ല. പല മുസ്‌ലിംകളെയും സമ്പൂര്‍ണ ബ്രിട്ടീഷുകാരായി സ്വീകരിക്കാത്തത്‌ അവര്‍ മുസ്‌ലിമായതുകൊണ്ടല്ല. അവര്‍ പാകിസ്‌താന്‍, ബംഗാള്‍, അറബ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരുടെ രണ്ടാം തലമുറയില്‍ പെട്ടവരായതുകൊണ്ടാണ്‌. ഇസ്‌ലാമുമായി അതിനു ബന്ധമില്ല.''
മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ നടക്കുന്ന വിവാദപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഇദ്‌രീസിന്‌ താല്‌പര്യമില്ല. അല്‍-അസ്‌ഹറിലെ പണ്ഡിതന്മാര്‍ക്കാണ്‌ അദ്ദേഹം മുന്‍ഗണന നല്‌കുന്നത്‌.
``പണ്ഡിതന്മാരെ വെല്ലുവിളിക്കാന്‍ വേണ്ട അറിവ്‌ എനിക്കില്ലാത്തതിനാല്‍ ഞാന്‍ പണ്ഡിതന്മാരെ ശ്രവിക്കുന്നു. ജനങ്ങള്‍ എളുപ്പത്തില്‍ സ്വീകരിക്കുംവിധം ഇസ്‌ലാമിനെ അവതരിപ്പിക്കാനാവും. പക്ഷെ, അതിനായി ഇസ്‌ലാമിനെ മാറ്റാനാവില്ല. മുസ്‌ലിം സമൂഹത്തെ വിഭജിക്കാന്‍ ഇപ്പോള്‍ തന്നെ വേണ്ടത്ര ശബ്‌ദങ്ങള്‍ ഉണ്ട്‌. മൗലികാധ്യാപനങ്ങളോടൊപ്പമാണ്‌ ഞാന്‍ നിലകൊള്ളുന്നത്‌.''
ഭീകരതയെ ഇദ്‌രീസ്‌ അപലപിക്കുന്നു. ചിലരെങ്കിലും അതിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണം അദ്ദേഹത്തിന്‌ മനസ്സിലാക്കാനാവുന്നുമുണ്ട്‌.``അക്രമം, അനീതി, അസമത്വം, അടിച്ചമര്‍ത്തല്‍ എന്നിവയെ തടുക്കാനാവാതെ മുസ്‌ലിം യുവാക്കള്‍ തീര്‍ത്തും ഇച്ഛാഭംഗത്തിനടിപ്പെടുമ്പോള്‍, രക്ഷപ്പെടാനാവാത്ത മേഖലകളിലേക്ക്‌ അവര്‍ ആകര്‍ഷിക്കപ്പെടുന്നു.''
``മുസ്‌ലിംകള്‍ അക്രമത്തിനിരയാവുമ്പോള്‍ ചിലര്‍ പ്രകോപിതരാവുന്നത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്കറിയാം. ഞാനതിനെ അംഗീകരിക്കുന്നില്ലെങ്കിലും അവരെന്തുകൊണ്ടത്‌ ചെയ്യുന്നു എന്ന്‌ ഞാന്‍ മനസ്സിലാക്കുന്നുണ്ട്‌. ഇസ്‌ലാമില്‍ നിന്നല്ല അതുണ്ടാവുന്നത്‌. പുറത്തുനിന്ന്‌ അടിച്ചേല്‌പിക്കപ്പെടുന്നതാണത്‌. പ്രകോപനത്തിന്റേതല്ലാത്ത വഴിയുണ്ടെന്ന്‌ നാമവര്‍ക്ക്‌ പറഞ്ഞുകൊടുക്കണം-ആക്രമണകാരികളെ അല്ലാഹു ശിക്ഷിച്ചുകൊള്ളുമെന്നും അനന്തകാലം അവര്‍ ശിക്ഷക്കു വിധേയമായിക്കഴിഞ്ഞുകൊള്ളുമെന്നും നാം ഉപദേശിക്കണം.
``ഇസ്‌ലാമിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന യുവാക്കള്‍ കുറ്റപ്പെടുത്തപ്പെടുന്നതോടൊപ്പം സഹതാപത്തിനും അര്‍ഹരാണ്‌. അവര്‍ ചെയ്യുന്ന ഭീകരകൃത്യങ്ങളും, എല്ലാ രൂപത്തിലുള്ള ആത്യന്തികതകളും അപലപിക്കപ്പെടേണ്ട തെറ്റുകള്‍ തന്നെയാണ്‌. എന്നാല്‍ അവ എവിടെ നിന്നാണ്‌ വരുന്നതെന്ന്‌ നാം തീര്‍ച്ചയായും മനസ്സിലാക്കണം. പ്രതികരിക്കുന്നതിന്‌ വേറെ വഴിയുണ്ടെന്ന്‌ അവര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ നാം തീര്‍ച്ചയായും പരിശ്രമിക്കണം.
``ഞാന്‍ പിന്തുടരുന്ന ഇസ്‌ലാമും ഈജിപ്‌തിലെയും ബ്രിട്ടനിലെയും എനിക്കറിയാവുന്ന ഏതൊരു മുസ്‌ലിം പിന്തുടരുന്ന ഇസ്‌ലാമും - ദിവസംതോറും കൂടുതല്‍ നല്ല മനുഷ്യനായിത്തീരാന്‍ പ്രേരിപ്പിക്കുന്ന ഇസ്‌ലാമാണ്‌. അഭിമാനിക്കാന്‍ ഇസ്‌ലാമില്‍ വേണ്ടത്ര ഉണ്ടെന്നിരിക്കെ പ്രതിരോധത്തിന്റെ മാര്‍ഗത്തിലേക്ക്‌ ഞാന്‍ പോവില്ല''ഇദ്‌രീസ്‌ പറയുന്നു.
(ഐറിഷ്‌ ടൈംസിനു വേണ്ടി മേരി പിറ്റ്‌ ഗോറാള്‍ഡ്‌ നടത്തിയ അഭിമുഖം)
വിവ. സിദ്ദീഖ്‌ ചിറ്റേത്തുകുടിയില്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: