ഇസ്‌ലാമിക സംഘടനകളുടെ ദൗത്യവും മാര്‍ഗവും

  • Posted by Sanveer Ittoli
  • at 1:14 AM -
  • 0 comments
ഇസ്‌ലാമിക സംഘടനകളുടെ ദൗത്യവും മാര്‍ഗവും

നാസ്വിഹ്‌ അമീന്‍
മനുഷ്യകേന്ദ്രിതമായ ഒരു പ്രപഞ്ചവീക്ഷണമാണ്‌ ഇസ്‌ലാം അവതരിപ്പിക്കുന്നത്‌. പ്രപഞ്ചം മുഴുക്കെ മനുഷ്യനുവേണ്ടി സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌തിരിക്കുന്നു. പ്രാപഞ്ചിക വസ്‌തുക്കള്‍ മനുഷ്യന്‌ കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു. ``അല്ലാഹുവാണ്‌ ആകാശഭൂമികളുടെ സ്രഷ്‌ടാവ്‌. അവന്‍ ആകാശത്തു നിന്ന്‌ മഴചൊരിഞ്ഞു. അതുവഴി നിങ്ങള്‍ക്കു വേണ്ടി ഫലങ്ങളുല്‌പാദിപ്പിച്ചു. അവന്റെ ആജ്ഞപ്രകാരം സമുദ്രത്തില്‍ സഞ്ചരിക്കാന്‍ കപ്പലുകളെ നിങ്ങള്‍ക്ക്‌ അധീനപ്പെടുത്തിത്തന്നു. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന സൂര്യചന്ദ്രന്മാരെയും രാപ്പകലുകളെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി തന്നിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ എണ്ണിക്കണക്കാക്കാന്‍ നിങ്ങള്‍ വിചാരിച്ചാല്‍ അത്‌ തിട്ടപ്പെടുത്താനാവില്ല.'' (ഇബ്‌റാഹീം 32-34)
``തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്‌ടമായ വസ്‌തുക്കളില്‍ നിന്ന്‌ നാമവര്‍ക്ക്‌ ഉപജീവനം നല്‌കുകയും നാം സൃഷ്‌ടിച്ചുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്കു നാം സവിശേഷമായ ശ്രേഷ്‌ഠത നല്‌കുകയും ചെയ്‌തിരിക്കുന്നു'' (ഇസ്‌റാഅ്‌ 70). ``ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവന്‍ നിങ്ങള്‍ക്ക്‌ അധീനപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ പല ദൃഷ്‌ടാന്തങ്ങളുമുണ്ട്‌.'' (അല്‍ജാഥിയ 13)

ഉല്‌പത്തിയുടെ ഘട്ടത്തില്‍ തന്നെ മനുഷ്യനെ അല്ലാഹു ആദരിച്ചിട്ടുണ്ട്‌. സൃഷ്‌ടികളില്‍ ഉത്തമരും പരിശുദ്ധരുമായ മാലാഖമാരെ കൊണ്ട്‌ മനുഷ്യന്‌ സാഷ്‌ടാംഗം ചെയ്യിച്ച സംഭവം ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ``ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന്‌ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം. അവര്‍ പ്രണമിച്ചു. ഇബ്‌ലീസ്‌ ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്‌തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു.'' (2:34)
മനുഷ്യന്റെ മാഹാത്മ്യം അംഗീകരിക്കാതെ അഹന്ത നടിച്ചതിന്റെ ഫലമായാണ്‌ ഇബ്‌ലീസ്‌ ദൈവകോപത്തിനിരയാവുകയും സ്വര്‍ഗത്തില്‍ നിന്ന്‌ പുറത്താവുകയും ചെയ്‌തത്‌. മാത്രമല്ല, മനുഷ്യനെ അവന്റെ ധര്‍മചിന്തയില്‍ നിന്നും പിഴപ്പിക്കുമെന്ന വീരവാദവും പിശാച്‌ മുഴക്കുകയുമുണ്ടായി. ``അല്ലാഹു പറഞ്ഞു: ഞാന്‍ നിന്നോട്‌ കല്‌പിച്ചപ്പോള്‍ സുജൂദ്‌ ചെയ്യാതിരിക്കാന്‍ നിനക്കെന്ത്‌ തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ ആദമിനെക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്‌നിയില്‍ നിന്നാണ്‌ സൃഷ്‌ടിച്ചത്‌. അവനെ നീ സൃഷ്‌ടിച്ചത്‌ കളിമണ്ണില്‍ നിന്നും. അല്ലാഹു പറഞ്ഞു: നീ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക്‌ അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. പുറത്തു കടക്കൂ. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു... ഇബ്‌ലീസ്‌ പറഞ്ഞു: നീ എന്നെ വഴിതെറ്റിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ മനുഷ്യന്‍ പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും.'' (അഅ്‌റാഫ്‌ 12-17)
എന്നാല്‍ മനുഷ്യരില്‍ ദൈവബോധമില്ലാത്തവരെയല്ലാതെ ധര്‍മചിന്തയില്‍ നിന്ന്‌ വ്യതിചലിപ്പിക്കാനാവില്ലെന്ന്‌ ഇബ്‌ലീസ്‌ സമ്മതിക്കുന്നുണ്ട്‌. ``ഇബ്‌ലീസ്‌ പറഞ്ഞു: നിന്റെ പ്രതാപമാണ്‌ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴി തെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്‌കളങ്കരായ ദാസന്മാരൊഴികെ. അല്ലാഹു പറഞ്ഞു: അപ്പോള്‍ ഇതത്രെ സത്യം; സത്യമേ ഞാന്‍ പറയുകയുള്ളൂ. നിന്നെയും അവരില്‍ നിന്ന്‌ നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട്‌ ഞാന്‍ നരകം നിറയ്‌ക്കുക തന്നെ ചെയ്യും.'' (സ്വാദ്‌ 82-85)
മനുഷ്യന്റെ ബുദ്ധിശക്തിയുടെയും ചിന്താവൈഭവത്തിന്റെയും സവിശേഷമായ വികാര-ഭാവനാ സമ്പന്നതയുടെയും യുക്തിയുടെയും ജ്ഞാനാര്‍ജന ശേഷിയുടെയുമെല്ലാം അടിസ്ഥാനപരമായ ആവശ്യം, ധര്‍മചിന്തയില്‍ ഉറച്ചു നിര്‍ത്തുന്ന ദൈവ വിശ്വാസം ഊട്ടിയുറപ്പിക്കുക എന്നതാണ്‌. ധര്‍മചിന്ത മനുഷ്യനെ ഭൂമിയില്‍ തന്റെ ഉത്തരവാദിത്ത നിര്‍വഹണത്തിന്‌ നിര്‍ബന്ധിക്കുന്നു. കാലത്തിന്റെയും ചരിത്രത്തിന്റെയും കേവലം ഉല്‌പന്നമായി മാറുന്നതിനു പകരം കാലത്തെ രൂപപ്പെടുത്തുകയും ചരിത്രത്തെ നിര്‍മിക്കുകയും ചെയ്യുക എന്ന മഹത്തായ ഉത്തരവാദിത്തം അങ്ങനെ മനുഷ്യന്റെ ചുമതലയായിത്തീരുന്നു. മനുഷ്യന്‍ അവന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോള്‍ മാത്രമേ, മനുഷ്യകേന്ദ്രിതമായ പ്രപഞ്ചവീക്ഷണം അര്‍ഥവത്താകുന്നുള്ളൂ. മനുഷ്യന്‌ അല്ലാഹു നല്‌കിയ ഈ കര്‍തൃപദവിയാണ്‌ മനുഷ്യന്റെ ആദരവിന്റെ ഏക ആസ്‌പദം. ഈ കര്‍തൃത്വത്തെ ഖുര്‍ആന്‍ സാങ്കേതികമായി `അമാനത്ത്‌' എന്നു വിശേഷിപ്പിക്കുന്നു.
``തീര്‍ച്ചയായും നാം ആ വിശ്വസ്‌ത ദൗത്യം(ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്‌ക്ക്‌ പേടി തോന്നുകയും ചെയ്‌തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു'' (അഹ്‌സാബ്‌ 72)
ഈ `അമാനത്ത്‌' അഭംഗുരം നിര്‍വഹിക്കുന്നേടത്തോളം, മനുഷ്യന്‍ ഭൂമിയിലെ സ്ഥാനപതി (ഖലീഫ) എന്ന പദവിക്കും അര്‍ഹനായിത്തീരുന്നു. ``ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക.) അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ, നിന്നെ സ്‌തുതിയോടെ പ്രകീര്‍ത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്‌ത്തുകയും ചെയ്യുന്നവരാണല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ എനിക്കറിയാം.''(2:30)
വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഈ ഖിലാഫത്തിന്റെ താല്‌പര്യം നിറവേറ്റപ്പെടുന്നത്‌ ജനങ്ങളില്‍ ദൈവബോധം പ്രചരിപ്പിച്ചും സല്‍കൃത്യങ്ങളും സദാചാരവുമനുഷ്‌ഠിച്ചും ദൈവസമര്‍പ്പിതമായ ജീവിതം നയിച്ചുമാണെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ``അല്ലാഹുവിലേക്ക്‌ ക്ഷണിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തവനെക്കാള്‍ വിശിഷ്‌ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌!'' (41:33)
വ്യക്തിതലത്തിലും സമഷ്‌ടി തലത്തിലും മനുഷ്യരാശി ഏറ്റെടുത്തിട്ടുള്ള ഖിലാഫത്തിന്റെയും അമാനത്തിന്റെയും ഫലപ്രദമായ നിര്‍വഹണവും പ്രയോഗവത്‌കരണവും സാധ്യമാക്കുന്നത്‌ സംഘടനയാണ്‌. സംഘടനയുടെ (അല്‍ജമാഅ) അഭാവത്തില്‍ അത്‌ യഥാവിധി സാധ്യമാകുകയില്ല. അതുകൊണ്ടാണ്‌, സംഘടന (അല്‍ ജമാഅ) ഇല്ലെങ്കില്‍ മതം നിലനില്‌ക്കുകയില്ലെന്ന്‌ ഉമര്‍(റ) പറഞ്ഞത്‌.
നബി(സ)യും സ്വഹാബാക്കളും ചേര്‍ന്നുള്ള സംഘമാണ്‌, ഇസ്‌ലാമിക സംഘടനയുടെ ഏറ്റവും ഉദാത്തമായ മാകൃക. തുടര്‍ന്ന്‌ ആ ദൗത്യം ഖുലഫാഉര്‍റാശിദുകളുടെ നേതൃത്വത്തിലുള്ള ജമാഅത്താണ്‌ തുടര്‍ന്നത്‌. എന്നാല്‍ അലി(റ)യുടെ കാലശേഷം, അഖണ്ഡവും പവിത്രവുമായ ഇസ്‌ലാമിക ജമാഅത്തില്‍ വിള്ളലുകള്‍ വീണു. തുടര്‍ന്നുള്ള കാലഘട്ടങ്ങളിലാണ്‌ അനേകം ജമാഅത്തുകളും വീക്ഷണ വൈജാത്യങ്ങളും ചിന്താ പ്രസ്ഥാനങ്ങളുമൊക്കെ രൂപപ്പെട്ടത്‌.
ഇത്തരമൊരു വൈവിധ്യം യാദൃച്ഛികമല്ല. നബി(സ) ജീവിച്ചിരിക്കേ തന്നെ പല കാര്യങ്ങളിലും അനുചരന്മാര്‍ക്കിടയില്‍ ആശയ ഭിന്നതയുണ്ടായിരുന്നു. എന്നാല്‍, ദൈവിക വെളിപാട്‌ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാചകന്‍ അവര്‍ക്കിടയില്‍ അന്തിമ തീര്‍പ്പ്‌ പറയാനുള്ളതിനാല്‍ ആശയഭിന്നതകളാല്‍ വെവ്വേറെ സംഘങ്ങളായി പിരിയുന്നതില്‍ നിന്നും അവരെ സുരക്ഷിതമാക്കി. എന്നാല്‍ പില്‌ക്കാലത്ത്‌ മുസ്‌ലിംസമൂഹം വെവ്വേറെ സംഘങ്ങളാകാനുള്ള സാധ്യത പ്രവചകന്‍(സ) പലവട്ടം താക്കീതു നല്‌കിയിട്ടുണ്ട്‌.
``നിങ്ങളുടെ മുമ്പിലുള്ള വേദക്കാര്‍ എഴുപത്തി രണ്ട്‌ വിഭാഗങ്ങളായി വേര്‍പിരിഞ്ഞു. എന്നാല്‍ എന്റെ സമുദായം എഴുപത്തി മൂന്നു വിഭാഗങ്ങളായി വേര്‍പിരിയുന്നതാണ്‌. അതില്‍ എഴുപത്തി രണ്ടും നരകത്തിലാണ്‌. ഒരു വിഭാഗം സ്വര്‍ഗത്തിലും'' (അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, അഹ്‌മദ്‌). `ജൂത-ക്രിസ്‌ത്യാനികള്‍ എഴുപത്തിരണ്ടു വിഭാഗമായി പിരിയും. എന്റെ സമുദായം എഴുപത്തിമൂന്നു വിഭാഗമായി പിരിയും' എന്ന ആശയമുള്ള വേറെ ഹദീസുമുണ്ട്‌. എഴുപത്തിമൂന്ന്‌ എന്ന കൃത്യ എണ്ണത്തിലുപരി, ഒട്ടേറെ വിഭാഗങ്ങള്‍ ഉണ്ടാവുമെന്ന സൂചനയാണ്‌ ഈ ഹദീസ്‌ നല്‌കുന്നതെന്ന്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
നബി(സ)യുടെ കാലശേഷം ഇസ്‌ലാമിക സമൂഹത്തില്‍ പെരുകി വളരുന്ന വിഭിന്ന സംഘങ്ങളില്‍, യഥാര്‍ഥ ഇസ്‌ലാമിക സംഘടനയേത്‌ എന്ന്‌ കണ്ടെത്താന്‍ നബി(സ) തന്നെ നിശ്ചയിച്ച മാനദണ്ഡമുണ്ട്‌. എഴുപത്തി മൂന്നു വിഭാഗത്തെക്കുറിച്ച്‌ റസൂല്‍ താക്കീതു നല്‌കിയപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: സ്വര്‍ഗാവകാശികളായ വിഭാഗം ആരാണ്‌? അദ്ദേഹം പ്രതിവചിച്ചു: ഞാനും എന്റെ സ്വഹാബത്തും നിലകൊള്ളുന്ന മാര്‍ഗം അലവംബിക്കുന്നവര്‍. മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ``എന്റെ കാലശേഷം നിങ്ങളില്‍ വല്ലവരും ജീവിച്ചിരിക്കുന്ന പക്ഷം, അയാള്‍ ധാരാളം ഭിന്നതകള്‍ കാണേണ്ടിവരും. അപ്പോള്‍ രക്ഷക്കുവേണ്ടി നിങ്ങള്‍ എന്റെ സുന്നത്തും എന്റെ അനുചരന്മാരുടെ ചര്യയും മുറുകെ പിടിക്കുക. അണപ്പല്ലുകൊണ്ട്‌ നിങ്ങള്‍ അതിനെ കടിച്ചുപിടിക്കുക. നൂതനാശയങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. എല്ലാ നൂതനാശയങ്ങളും (ബിദ്‌അത്ത്‌) മാര്‍ഗഭ്രംശമാകുന്നു.'' (അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ)
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്‌ ഇസ്‌ലാമിക സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍. ഈ പ്രമാണങ്ങളെ ആധാരമായി സ്വീകരിച്ചിട്ടുള്ള സംഘങ്ങള്‍ പൊതുവില്‍ `അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅ' എന്ന പദവി അവകാശപ്പെടുന്നു. യഥാര്‍ഥ ഇസ്‌ലാമിക സംഘടന ഏതു പ്രശ്‌നങ്ങളിലും അന്തിമ തീര്‍പ്പിനുവേണ്ടി മൗലിക പ്രമാണങ്ങളെയാണ്‌ ആശ്രയിക്കുക. ``ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിലേക്കും ദൂതനിലേക്കും മടക്കുവീന്‍'' (അന്നിസാഅ്‌ 59)
``അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ആ കാര്യത്തില്‍ സ്വന്തമായ ഒരു തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ലാത്തതാകുന്നു.'' (അഹ്‌സാബ്‌ 36)
പില്‍ക്കാല പണ്ഡിതന്മാരെയോ അവരുടെ ഗ്രന്ഥങ്ങളെയോ ഇമാമുകളെയോ വിവിധ മദ്‌ഹബുകളെയോ അന്ധമായി അനുകരിക്കുക `അഹ്‌ലുസ്സുന്ന'യുടെ നിലപാടല്ല. മതവിഷയത്തില്‍ മൗലിക പ്രമാണങ്ങളുമായി യോജിക്കുന്നതും എതിരാകാത്തതുമായ വീക്ഷണങ്ങളെയും അഭിപ്രായങ്ങളെയും സ്വീകരിക്കുകയും, എത്ര ഉന്നത പണ്ഡിതന്മാരായാലും പ്രമാണങ്ങള്‍ക്കു നിരക്കാത്ത അവരുടെ അഭിപ്രായ വീക്ഷണങ്ങള്‍ തിരസ്‌കരിക്കുകയുമാണ്‌ ഇസ്‌ലാമിക സംഘടനകള്‍ കൈക്കൊള്ളേണ്ട സമീപനം. തെളിവിന്റെ പിന്‍ബലമില്ലാത്ത, മുന്‍ഗാമികളുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും തള്ളേണ്ടതാണെന്ന്‌ ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. ``നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്‌ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.'' (17:36)
അല്ലാഹു അവതരിപ്പിച്ചത്‌ നിങ്ങള്‍ പിന്‍പറ്റി ജീവിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍; അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച്‌ മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമാണെങ്കില്‍ പോലും.'' (2:170)
ഖുര്‍ആനിലും ഹദീസിലും ഖണ്ഡിതമായ വിധിയില്ലാത്ത ഗവേഷണ (ഇജ്‌തിഹാദ്‌) സാധ്യതയുള്ള വിഷയങ്ങളില്‍ മഹാന്മാരായ പണ്ഡിതന്മാരുടെ വീക്ഷണഗതികള്‍ പരിഗണനീയമാണ്‌. സ്വാഭാവികമായും ഇത്തരം വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ക്ക്‌ വിരുദ്ധ വീക്ഷണങ്ങളുണ്ടായെന്നുവരാം. എന്നാല്‍ ഇക്കാര്യത്തില്‍ പക്ഷപാതിത്വം പിടിക്കുകയോ മറുവീക്ഷണം പുലര്‍ത്തുന്ന പണ്ഡിതനെ ഇകഴ്‌ത്തുകയോ ചെയ്യുന്നത്‌ അഹ്‌ലുസ്സുന്നയുടെ മാര്‍ഗമല്ല. മഹാന്മാരായ ഇമാമുകള്‍പോലും പിന്തുടര്‍ന്നത്‌, മുജ്‌തഹിദുകളെ ആദരിക്കുന്ന നിലപാടാണ്‌.
ഗവേഷണത്തില്‍ പിഴച്ചാല്‍ പോലും ഒരു പ്രതിഫലമുണ്ടെന്ന്‌ നബി(സ) പറഞ്ഞിട്ടുണ്ട്‌. ഇബ്‌നുതൈമിയ(റ) പറയുകയുണ്ടായി: ഇജ്‌തിഹാദിയായ പ്രശ്‌നങ്ങളില്‍ ഒന്ന്‌ സ്വീകരിച്ച്‌ പ്രവര്‍ത്തിക്കുന്നതും അങ്ങനെതന്നെ. ഒരു പ്രശ്‌നത്തിലുള്ള അഭിപ്രായങ്ങളില്‍ ഒന്ന്‌ പ്രബലമാണെന്ന്‌ തനിക്ക്‌ ബോധ്യപ്പെട്ടാല്‍ അതനുസരിച്ച്‌ പ്രവര്‍ത്തിക്കുക. അത്‌ സാധ്യമാവുന്നില്ലെങ്കില്‍ താന്‍ അവലംബിക്കുന്ന പണ്ഡിതന്മാരെ അനുഗമിക്കുകയുമാവാം. (മജ്‌മൂഉല്‍ ഫതാവാ, വാള്യം 20, പുറം 207).
അല്ലാഹുവിനെ ഇലാഹും മുഹമ്മദ്‌ നബി(സ)യെ റസൂലുമായി അംഗീകരിക്കുന്ന ഇസ്‌ലാമിക സംഘടനകള്‍ തന്നെ വ്യാഖ്യാനത്തിലും വിശദാംശങ്ങളിലും വിയോജിക്കാം. ഇത്‌ കുറ്റകരമായ കാര്യമല്ല. എന്നല്ല പലപ്പോഴും അനുഗ്രഹവുമായിരിക്കും. ``എന്റെ ഉമ്മത്തിന്റെ ഭിന്നിപ്പ്‌ അവര്‍ക്ക്‌ അനുഗ്രഹമാകുന്നു'' (ദാറഖുത്‌നി) എന്ന ഹദീസ്‌ ആ അര്‍ഥത്തിലുള്ളതാണ്‌. വ്യാഖ്യാന ഭിന്നതകളും വീക്ഷണ വൈജാത്യങ്ങളും ശരീഅത്തില്‍ വിശാലതയ്‌ക്ക്‌ ഇടം നല്‍കിയതായി ചില പണ്ഡിതന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്‌.
ദൗര്‍ഭാഗ്യവശാല്‍, വ്യാഖ്യാന സാധ്യതയുടെ ക്രിയാത്മക വശം ഉള്‍ക്കൊള്ളാതെ, സങ്കുചിത നിലപാട്‌ സ്വീകരിക്കുന്നതാണ്‌ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ കലഹത്തിനും സംഘര്‍ഷത്തിനും വിത്തുപാകുന്നത്‌. ഇത്‌ ഇസ്‌ലാമിക ഐക്യത്തിന്‌ തുരങ്കം വെക്കുന്നു. ദൈവമാര്‍ഗത്തില്‍ ഒറ്റ അണിയായി പൊരുതാനുള്ള ദൈവിക കല്‌പന ശിരസ്സാവഹിക്കുന്നതിന്‌ അത്‌ വിഘ്‌നം സൃഷ്‌ടിക്കുന്നു. സംഘടനകള്‍ക്കിടയിലുള്ള വിശദാംശങ്ങളിലെ ഭിന്നതയില്‍ മിതമായ സമീപനം സ്വീകരിക്കുകയും തീവ്രത ഉപേക്ഷിക്കുകയുമാണ്‌ അഹ്‌ലുസ്സുന്നയുടെ മാര്‍ഗം.
നബി(സ) പറഞ്ഞു: ``ദീനിന്റെ കാര്യത്തില്‍ തീവ്രത സൂക്ഷിക്കുക. നിങ്ങള്‍ക്ക്‌ മുമ്പുള്ളവര്‍ നശിച്ചത്‌ ദീനിലെ തീവ്രത മൂലമാണ്‌'' (അഹ്‌മദ്‌). `ലാഇലാഹ ഇല്ലല്ലാഹു, മുഹമ്മദുര്‍റസൂലുല്ലാഹ്‌' എന്ന സാക്ഷ്യവചനം അംഗീകരിച്ച ആരെയും മുസ്‌ലിമായി പരിഗണിക്കണം. അവരുടെ വിചാരണ അല്ലാഹു നടത്തിക്കൊള്ളുമെന്ന്‌ ഹദീസില്‍ വന്നിരിക്കുന്നു. നബി(സ) പറഞ്ഞു: ഒരാള്‍ തന്റെ സഹോദരനെ കാഫിര്‍ എന്ന്‌ വിളിച്ചാല്‍ അവര്‍ രണ്ടിലൊരാള്‍ക്ക്‌ അത്‌ ബാധകമാണ്‌. വിളിക്കപ്പെട്ടവന്‍ അങ്ങനെയാണെങ്കില്‍ അങ്ങനെ തന്നെ. അല്ലെങ്കില്‍ വിളിച്ചവനിലേക്ക്‌ തന്നെ അത്‌ മടങ്ങും'' (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, തിര്‍മിദി). ``ഒരു മുഅ്‌മിനില്‍ കുഫ്‌ര്‍ ആരോപിക്കുന്നത്‌ അവനെ കൊല്ലുന്നതിന്‌ സമമാണ്‌'' (ബുഖാരി, മുസ്‌ലിം)
കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ സുന്നത്തിന്‌ വിരുദ്ധമായ സമീപനങ്ങളിലേക്ക്‌ വഴുതുന്നതിനെതിരെ ജാഗ്രത പാലിക്കുകയും ബിദ്‌അത്തുകള്‍ ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്യേണ്ടതും ഇസ്‌ലാമിക സംഘടനയുടെ ഉത്തരവാദിത്വമാണ്‌. വിശ്വാസകാര്യങ്ങളിലെന്ന പോലെ ആചാരകാര്യങ്ങളിലും അടിസ്ഥാന പ്രമാണങ്ങളുടെ ആധാരം സ്വീകരിക്കപ്പെടേണ്ടതുണ്ടെന്ന താല്‌പര്യത്തിന്റെ ഫലമാണത്‌. എന്നാല്‍ മിതത്വവും നസ്വീഹത്തും ഉള്‍ക്കൊള്ളുന്ന ഒരു കൈകാര്യ രീതി, ഇക്കാര്യത്തില്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ സംഘടനയുടെ ദഅ്‌വത്തിന്റെ സുപ്രധാന ലക്ഷ്യം തെറ്റിപ്പോകാന്‍ അതിടയാക്കും. ഇസ്‌ലാമിക സംഘടനയുടെ വ്യതിരിക്തത ഭിന്നത പൊലിപ്പിച്ചു നിര്‍ത്തുന്നതിലാവരുത്‌; മുസ്‌ലിംകളുടെയും മാനവ സമുദായത്തിന്റെയും ഐക്യം വളര്‍ത്തുന്നതിലാവണം. ``തങ്ങളുടെ മതത്തെ ഛിദ്രീകരിക്കുകയും പല കക്ഷികളായിത്തീരുകയും ചെയ്‌തവരുണ്ടല്ലോ, നിശ്ചയമായും താങ്കള്‍ക്ക്‌ അവരുമായി യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തെന്ന്‌ അവന്‍ പിന്നീട്‌ അവര്‍ക്ക്‌ അറിയിച്ചുകൊടുക്കും.'' (അന്‍ആം 159)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: