ബാല്‍താക്കറെ വ്യക്തിരാഷ്‌ട്രീയത്തിന്റെ ഭാവി

  • Posted by Sanveer Ittoli
  • at 11:39 PM -
  • 0 comments
ബാല്‍താക്കറെ വ്യക്തിരാഷ്‌ട്രീയത്തിന്റെ ഭാവി

എ പി ഇസ്‌മായില്‍
ബാല്‍താക്കറെയുടെ വിയോഗവിവരം പുറത്തുവന്നതോടെ (2012 നവംബര്‍ 17) മുംബൈ നഗരം പൂര്‍ണമായും സ്‌തംഭിപ്പിച്ചു. മിക്ക വാര്‍ത്താചാനലുകളും മുഴുവന്‍ സമയവും അദ്ദേഹത്തിന്റെ മരണവാര്‍ത്തയും വ്യക്തിത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ആവര്‍ത്തിച്ച്‌ സംപ്രേഷണം ചെയ്‌തുകൊണ്ടിരുന്നു. മുംബൈ നഗരത്തിലെ അദ്ദേഹത്തിന്റെ സ്വാധീനം ഏറിയും കുറഞ്ഞും കുറേകാലമായി നിലനില്‍ക്കുന്നതാണ്‌. പ്രത്യേകിച്ച്‌ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടായി അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഒരുഭാഗത്ത്‌ അനുയായികളെ സൃഷ്‌ടിച്ചുകൊണ്ടിരുന്നപ്പോള്‍ അനുയായികള്‍ പിന്തുടര്‍ന്ന നശീകരണ പ്രവര്‍ത്തനങ്ങള്‍ മറുവശത്ത്‌ ജനങ്ങളുടെ മനസ്സില്‍ ഭീതിയുടെ തീ കോരിയിടുകയായിരുന്നു. 
മുംബൈ നഗരം നിശ്ചലമായതിനു പിന്നില്‍ അദ്ദേഹത്തോടുള്ള ആദരം മാത്രമാണെന്ന്‌ പറയുക അസാധ്യമാണ്‌. കുറേക്കാലമായി ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്ന ഭീതിയും അതിനൊരു കാരണമായിരുന്നു. ലഭ്യമായ വിവരം അനുസരിച്ച്‌ താക്കറെ കുടുംബം ബീഹാറില്‍ നിന്നും മഹാരാഷ്‌ട്രയില്‍ കുടിയേറിപാര്‍ത്തവരാണ്‌. `മണ്ണിന്റെ മക്കള്‍ക്ക്‌ തൊഴില്‍' എന്ന വാദമുയര്‍ത്തി രംഗത്തുവന്നതോടെയാണ്‌ താക്കറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്‌. ദക്ഷിണേന്ത്യക്കാര്‍ക്കും ഗുജറാത്തികള്‍ക്കും ബീഹാറികള്‍ക്കും ഭീഷണിയായിരുന്നു ആ വാദം. ഇടതു ട്രേഡ്‌യൂണിയനുകളും ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസും വ്യവസായ മേഖലയില്‍ ഉണ്ടാക്കിവെച്ചിരുന്ന ട്രേഡ്‌ യൂണിയന്‍ കുത്തക തകര്‍ക്കുകയായിരുന്നു ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന്റെ ദൗത്യം. ഇടത്‌ ട്രേഡ്‌ യൂണിയനുകളും താക്കറെ അനുയായികളും തമ്മിലുള്ള വലിയ സംഘട്ടനങ്ങള്‍ക്ക്‌ ഈ നീക്കം വഴിവെച്ചു. അതിന്റെ പാരമ്യതയിലായിരുന്നു സി പി ഐ ട്രേഡ്‌ യൂണിയന്‍ നേതാവ്‌ കൃഷ്‌ണ ദേശായിയുടെ കൊലപാതകം. തിരിച്ചുവരാന്‍ കഴിയാത്ത വിധം ഇടത്‌ ട്രേഡ്‌ യൂണിയനുകള്‍ നേരിട്ട പ്രതിസന്ധിയായിരുന്നു ഈ സംഭവം.
ബാബരി മസ്‌ജിദ്‌ ധ്വംസനത്തെയും ഇതേതുടര്‍ന്നുണ്ടായ മുസ്‌ലിം വേട്ടകളെയും ന്യായീകരിച്ച്‌ 1992-93 കാലയളവിലാണ്‌ താക്കറെ മണ്ണിന്റെ മക്കള്‍ വാദത്തില്‍ നിന്ന്‌ ഹിന്ദുത്വ തീവ്രവാദത്തിലേക്ക്‌ ചുവടുവെക്കുന്നത്‌. ശിവസേനാ മുഖപത്രമായ `സാംന'യിലൂടെ പ്രകോപനപരമായ ഒട്ടേറെ കുറിപ്പുകള്‍ ഈ സമയത്ത്‌ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. മുംബൈയിലെ പൗരാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിന്‌ കേസെടുത്തെങ്കിലും മുസ്‌ലിംവിരുദ്ധ എഴുത്തുകളും പ്രസംഗങ്ങളും അദ്ദേഹം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു. ഇതേതുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‌ ആറു വര്‍ഷത്തേക്ക്‌ വിലക്കിയിരുന്നു. ബാബരി മസ്‌ജിദ്‌ ധ്വംസനത്തിനു ശേഷം ശിവസേനയാണ്‌ ഇതിനു പിന്നിലെന്ന്‌ ചിലര്‍ ആരോപിച്ചിരുന്നു. അതിനെ നേട്ടമായി വിശേഷിപ്പിച്ച താക്കറെ, ``ശിവസൈനികരാണ്‌ അത്‌ ചെയ്‌തതെങ്കില്‍ താന്‍ അഭിമാനിക്കുന്നു''വെന്ന്‌ പറഞ്ഞ്‌ തീവ്രഹിന്ദുത്വ വികാരം ഇളക്കിവിടാന്‍ ശ്രമിച്ചു.
ബാബരി മസ്‌ജിദ്‌ തകര്‍ച്ചയെതുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച്‌ പഠിച്ച ശ്രീകൃഷ്‌ണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ബാല്‍താക്കറെക്കെതിരെയും ധാരാവിയില്‍ ശിവസേന സംഘടിപ്പിച്ച റാലിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഈ ആഘോഷങ്ങളില്‍ ശിവസേനാ പ്രവര്‍ത്തകര്‍ `മുസ്‌്‌ലിംകള്‍ പാകിസ്‌താനിലോ ഖബറിസ്ഥാനിലോ മാത്രമേ ഉണ്ടാകാവൂ' എന്ന തരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ്‌ മുഴക്കിയത്‌. താക്കറെയുടെ ഇടപെടല്‍ പ്രശ്‌നം സങ്കീര്‍ണമാക്കിയതിനും അക്രമത്തിന്‌ ആഹ്വാനം നല്‍കിയതിനും വേറെയും സംഭവങ്ങള്‍ ശ്രീകൃഷ്‌ണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്‌. 1993 ജനുവരി ഒന്നിന്‌ ശിവസേനാ മുഖപത്രമായ സാംനയില്‍ വന്ന `ഹിന്ദുക്കള്‍ കൂടുതല്‍ ആക്രമണോത്സുകരാവേണ്ട വേള'യാണിതെന്ന്‌ ആഹ്വാനം ചെയ്യുന്ന ലേഖനം ഇതിന്‌ ഉദാഹരണമാണ്‌. അതിനേക്കാള്‍ ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്‌. `മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കണമെന്നും തെളിവുനല്‍കാന്‍ ഒരു ലാന്ത്യ (മുസ്‌ലിംകളെ വിളിക്കുന്ന മോശം പദപ്രയോഗം) പോലും ശേഷിക്കരുതെന്നും' ശിവസേനാ പ്രവര്‍ത്തകര്‍, ശാഖാപ്രമുഖുമാര്‍ എന്നിവരോട്‌ താക്കറെ ആവശ്യപ്പെടുന്നതാണിത്‌ (താക്കറെ പറയുന്നത്‌ കേട്ടതായി മഹാനഗര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ യുവരാജ്‌ മൊഹിതെ ശ്രീകൃഷ്‌ണ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍നിന്ന്‌- വോള്യം രണ്ട്‌, പേജ്‌ 173-174).
ഹിന്ദുക്കള്‍ക്കിടയില്‍ വര്‍ഗീയവികാരം അതിന്റെ പാരമ്യതയില്‍ എത്തിക്കുന്ന എഴുത്തുകളാണ്‌ ഇക്കാലത്ത്‌ വിവിധ പ്രസിദ്ധീകരണങ്ങള്‍ വഴി, പ്രത്യേകിച്ച്‌ സാംനയും നവക്കലുംവഴി അച്ചടിച്ച്‌ പുറത്തുവന്നുകൊണ്ടിരുന്നത്‌ (വോള്യം ഒന്ന്‌- പേജ്‌ 21-23). താക്കറെയും ശിവസേനാ നേതാക്കളും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എഴുത്തിലൂടെയും സൃഷ്ടിച്ചെടുത്തതായിരുന്നു 1993 ജനുവരിയിലെ അക്രമ സംഭവങ്ങള്‍. മുംബൈ കലാപത്തില്‍ താക്കറെയുടെയും ശിവസേനയുടെയും റോള്‍ എന്താണെന്നതിന്‌ ചെറിയ ഉദാഹരണം മാത്രമാണിത്‌. മുംബൈ കലാപത്തിനു ശേഷമാണ്‌ അദ്ദേഹത്തെ `ഹിന്ദു ഹൃദയ സാമ്രാട്ട്‌' എന്ന വിശേഷിപ്പിക്കാന്‍ തുടങ്ങിയതും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പിടിമുറുക്കിയതും. സ്വന്തം വിശ്വാസത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും സൃഷ്ടിയായിരുന്നു താക്കറെ.
ടൈം മാഗസിനു നല്‍കിയ അഭിമുഖത്തില്‍ (`അവരെ ചവിട്ടി പുറത്താക്കണം' എന്ന തലക്കെട്ടില്‍) മുസ്‌ലിംകളെ എല്ലാവിധത്തിലും ദ്രോഹിക്കണമെന്നും അവഹേളിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്‌. മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കണമെന്നും അവര്‍ മുംബൈ വിട്ട്‌ പോകണമെന്നുമായിരുന്നു ആവശ്യം. `അവര്‍ മുംബൈ വിട്ട്‌ പോവുകയാണെങ്കില്‍ കുഴപ്പമില്ല, അല്ലെങ്കില്‍ അവരെ ചവിട്ടിപ്പുറത്താക്കണം' എന്ന താക്കറെയുടെ വാക്കുകളില്‍ അദ്ദേഹത്തിന്റെ മുസ്‌്‌ലിം വിരുദ്ധത വ്യക്തമാണ്‌.
എല്ലാ കാലത്തും ഇന്ത്യാ-പാക്‌ സൗഹൃദത്തിന്‌ എതിരായിരുന്നു താക്കറെ. ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ മാച്ചുകളിലേക്കും പാകിസ്‌താനി ഗായകരുടെ ഗസല്‍ സന്ധ്യകളിലേക്കും ആ വിദ്വേഷം കയറിച്ചെന്നു. കോട്ട്‌ല ക്രിക്കറ്റ്‌ മൈതാനിയും മുംബൈയിലെ ഗസല്‍ സംഗീതവിരുന്നുകളും ശിവസേനക്കാര്‍ നേരിട്ട്‌ കൈയേറുന്നതിലേക്ക്‌ വരെ കാര്യങ്ങള്‍ ചെന്നെത്തി. സന്യാസിനി പ്രജ്ഞാസിംഗ്‌ ഠാക്കൂറും സ്വാമി അസിമാനന്ദയും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി രംഗത്തുവരുന്നതിന്‌ വളരെ മുമ്പുതന്നെ `ഹിന്ദുത്വ ചാവേര്‍പ്പട' രൂപീകരിക്കണമെന്ന്‌ താക്കറെ ആവശ്യപ്പെട്ടിരുന്നു. ലോകം കണ്ട ഏക്കാലത്തെയും വലിയ സ്വേച്ഛാ സൈനിക ഭരണാധികാരിയായിരുന്ന അഡോള്‍ഫ്‌ ഹിറ്റ്‌ലറെ പലതവണ പ്രശംസിക്കുകയും ഹിറ്റ്‌ലറിന്‌ സമാനനാണ്‌ താനെന്ന്‌ സ്ഥാപിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്‌തു. `ലോക്‌ ഷാഹി'(ജനാധിപത്യം)യിലല്ല, `തോക്‌ ഷാഹി'യിലാണ്‌(ഏകാധിപത്യം) അദ്ദേഹം വിശ്വസിച്ചിരുന്നത്‌.
താക്കറെ ഉയര്‍ത്തിക്കൊണ്ടുവന്ന ഹിന്ദുത്വ ആശയത്തിലൂന്നിയ വിഭാഗീയ രാഷ്ട്രീയവും മണ്ണിന്റെ മക്കള്‍ വാദത്തിലൂന്നിയ സ്വത്വ രാഷ്ട്രീയവും സമാന്തരമായി ഒരു പ്രതിപക്ഷത്തെയും ബോധപൂര്‍വം സൃഷ്ടിച്ചുകൊണ്ടിരുന്നു. അത്‌ ശരിവെക്കുന്നതായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെ എതിര്‍ത്ത അദ്ദേഹത്തിന്റെ നിലപാട്‌. താക്കറെ മാത്രമാണ്‌ ഇത്‌ തുറന്നുപറഞ്ഞത്‌. ന്യൂനപക്ഷക്ഷേമം രാമക്ഷേത്രവിഷയം തീവ്രമാക്കുമെന്ന ന്യായീകരണം ഉയര്‍ത്തി പരോക്ഷമായാണ്‌ ബി.ജെ.പി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെ എതിര്‍ത്തത്‌. ഇതേപോലെത്തന്നെ ദളിത്‌ പുരോഗമന ശ്രമങ്ങള്‍ക്കും താക്കറെ എതിരായിരുന്നു. ബാബാ സാഹിബ്‌ അംബേദ്‌കറിന്റെ `റിഡില്‍സ്‌ ഓഫ്‌ രാമ ആന്റ്‌ കൃഷ്‌ണ' എന്ന പുസ്‌തകം മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ശിവസേന എതിര്‍പ്പുമായി രംഗത്തുവരികയും പല സ്ഥലങ്ങളിലും ശിവസേനാ-ദളിത്‌ സംഘട്ടനത്തിന്‌ അത്‌ വഴിയൊരുക്കുകയും ചെയ്‌തു. മറാത്താവാദ യൂണിവേഴ്‌സിറ്റിക്ക്‌ അംബേദ്‌കറിന്റെ പേരു നല്‍കാനുള്ള തീരുമാനമുണ്ടായപ്പോഴും ശക്തമായ എതിര്‍പ്പുമായി താക്കറെ രംഗത്തുവരികയും പുതിയ അസ്വസ്ഥതകള്‍ക്ക്‌ അത്‌ തുടക്കം കുറിക്കുകയും ചെയ്‌തു. താക്കറെയുടെ അജണ്ട വ്യക്തമായിട്ടും ചില ദളിത്‌ രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ്‌ വിഷയത്തില്‍ അദ്ദേഹവുമായി സഖ്യത്തിന്‌ തയാറായത്‌ ഈ കാലത്തെ ദുരന്തമാണ്‌.
സംസ്‌കാര ചടങ്ങിനെത്തിയ ജനസഞ്ചയത്തെ ചൂണ്ടിക്കാട്ടി മറാത്തക്കാരുടെ ശബ്ദമാണ്‌ താക്കറെ എന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള പ്രചാരണമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മറാത്തക്കാരിലെ ചെറിയൊരു വിഭാഗം അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ദരിദ്രരും തൊഴിലാളികളും ദളിതരും അടങ്ങുന്ന വലിയൊരു വിഭാഗം വിശ്വസിക്കുന്നത്‌ അദ്ദേഹം തങ്ങളുടെ പ്രതിനിധി അല്ലെന്നു തന്നെയാണ്‌. താക്കറെ ഉയര്‍ത്തിയ സ്വത്വ രാഷ്ട്രീയത്തില്‍നിന്ന്‌ സാധാരണക്കാരും ദളിതരും നേരിടുന്ന ഭൗതിക പ്രശ്‌നങ്ങളായ ഭക്ഷണം, വസ്‌ത്രം, അഭയം, തൊഴില്‍ തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങളിലേക്ക്‌ രാഷ്ട്രീയത്തെ വഴിതിരിച്ചുവിടേണ്ട സന്ദര്‍ഭമാണിത്‌. ഹിന്ദു ദേശീയതയും മറാത്താവാദവും ഉയര്‍ത്തുന്ന താക്കറെയുടെ രാഷ്ട്രീയം ഇന്ത്യന്‍ ഭരണഘടന ഉദ്‌ഘോഷിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മഹത്തായ മൂല്യങ്ങള്‍ക്ക്‌ എതിരാണ്‌. മാനവികമായ ഈ തത്വങ്ങളെ താക്കറെയുടെ രാഷ്ട്രീയത്തിന്‌ എങ്ങനെ ഉള്‍കൊള്ളാനാവും? താക്കറെ ജീവിതകാലം മുഴുക്കെ ഉയര്‍ത്തിപ്പിടിച്ച പ്രതിലോമ രാഷ്‌ട്രീയത്തെയും ന്യൂനപക്ഷ-ദളിത്‌ വിരുദ്ധതയെയും മൂടിവെച്ച്‌ അദ്ദേഹത്തിന്‌ മരണാനന്തര ബഹുമതി കീര്‍ത്തനങ്ങള്‍ രചിക്കുന്നത്‌ തീര്‍ത്തും അന്യായമാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: