വിശ്വാസവിശുദ്ധി സമര്‍പ്പിത യൗവനം
അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ അതിന്റെ സംസ്ഥാന സമ്മേളനത്തിന്റെ (2012 ഡിസംബര്‍ 21,22,23) ഭാഗമായി സമൂഹത്തിലുടനീളം ചര്‍ച്ച ചെയ്യപ്പെടണമെന്ന നിലയില്‍ തെരഞ്ഞെടുത്ത പ്രമേയമാണ് ശീര്‍ഷകം. ഇതില്‍ നാല് ഘടകങ്ങള്‍ ഉണ്ട്. വിശ്വാസം, വിശുദ്ധി, യൗവനം, സമര്‍പ്പണം എന്നിവയാണത്. വിശ്വാസമെന്നത് വിശാലമായ ഒരാശയമാണ്. ലോകചരിത്രത്തില്‍ എക്കാലത്തമുള്ള മനുഷ്യരില്‍ മഹാഭൂരിപക്ഷവും വിശ്വാസികളാണ്; നിഷേധികളായിരുന്നില്ല. തന്നെ സൃഷ്‌ടിച്ച ഒരു ദൈവത്തിലുള്ള വിശ്വാസം. മനുഷ്യന്‍ മരണത്തോടെ ശൂന്യതയില്‍ ലയിക്കുകയില്ല, അനശ്വരജീവിതം ആരംഭിക്കുകയാണെന്ന വിശ്വാസം. ഇതിന്റെ രണ്ടിന്റെയും അനുബന്ധമായി നിലകൊള്ളുന്ന ധര്‍മ-മൂല്യബോധങ്ങളും.
ഇവയാണ് മതകീയ സമൂഹങ്ങളുടെ പൊതുസ്ഥിതി. ദൈവദൂതന്‍മാര്‍ പ്രബോധനം ചെയ്‌തത് ഈ ആദര്‍ശം തന്നെയായിരുന്നു. എന്നാല്‍ പ്രവാചകന്മാരുടെ കാലശേഷം അവരുടെ അനുചരന്മാരുടെ പിന്‍തലമുറ വിശ്വാസങ്ങളില്‍ വീഴ്‌ചവരുത്തി. വികലവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തി. ധാര്‍മികതയില്‍ നിന്ന് ജീര്‍ണതയിലേക്ക് കൂപ്പുകുത്തി. അപ്പോഴൊക്കെ പ്രവാചകന്മാര്‍ വീണ്ടും നിയോഗിക്കപ്പെട്ടു. വിശ്വാസവിശുദ്ധിയിലേക്ക് വീണ്ടും ക്ഷണിച്ചു.
മാനവരാശിയുടെ ഈ ചരിത്രഗതിയില്‍ സമഗ്രമായ മാറ്റം വരുത്തിക്കൊണ്ടാണ് അല്ലാഹു അന്തിമപ്രവാചകനെ നിയോഗിച്ചത്. പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യയില്‍ മുഹമ്മദ് നബിയെ നിയോഗിച്ചതിലൂടെ ദൈവിക മതം സംപൂര്‍ത്തിയിലെത്തുകയായിരുന്നു. സ്രഷ്‌ടാവായ അല്ലാഹുവിനെ അറിയാത്ത ഒരു സമൂഹവും ലോകത്ത് കഴിഞ്ഞുപോയിട്ടില്ല. ഒരു പ്രവാചകനും `നിങ്ങള്‍ക്കൊരു സ്രഷ്‌ടാവുണ്ട്' എന്ന് സ്ഥാപിക്കാന്‍ വേണ്ടി പ്രബോധനം ചെയ്യേണ്ടിവന്നിട്ടില്ല.
എന്നാല്‍ പ്രപഞ്ചനാഥനിലുള്ള വിശ്വാസം വികലമാക്കപ്പെട്ടിരുന്നു. അന്ത്യപ്രവാചകന്‍ അഭിമുഖീകരിച്ചതും പ്രവാചകവിയോഗാനന്തരം ലോകം തിരിച്ചുപോയതും വിശ്വാസ വൈകല്യത്തിലേക്കായിരുന്നു. പ്രപഞ്ചനാഥനു മാത്രം സമര്‍ഥിക്കേണ്ട ആരാധനകളും അര്‍ഥനകളും അര്‍ച്ചനകളും സൃഷ്‌ടികളായ പലര്‍ക്കും സമര്‍പ്പിക്കുന്നതിലൂടെ വിവേകശാലിയായ മനുഷ്യന്‍ സ്വയം ചെറുതാവുകയാണ്. `മുള്ളു മുരട് മൂര്‍ഖന്‍ പാമ്പ് മുതല്‍ കല്ലു കരടു കാഞ്ഞിരക്കുറ്റി വരെ' ആരാധ്യ വസ്‌തുവാക്കി മാറ്റുന്ന മനുഷ്യന് വിശ്വാസത്തിന്റെ നിര്‍ഭയത്വം ലഭിക്കാതെ പോകുന്നു.
ഏകദൈവ വിശ്വാസത്തില്‍ നിന്ന് അകന്നവന്‍ ആകാശത്തുള്ള ശക്തമായ കയറില്‍ നിന്ന് പിടുത്തംവിട്ടവനെപ്പോലെ ആയിത്തീരുന്നു. ഈ വികല വിശ്വാസത്തില്‍ നിന്ന് വിശ്വാസ വിശുദ്ധിയിലേക്ക് ജനങ്ങളെ നയിക്കാന്‍ പ്രവാചകന്മാര്‍ വന്നു. പ്രവാചകനിയോഗം നിലച്ചശേഷം പിഴച്ചുപോയവരെ നേരിന്റെ പാതയിലേക്ക് നയിക്കാന്‍ നവോത്ഥാന നായകര്‍ വന്നു. കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം ഏറ്റെടുത്ത ദൗത്യം ഇതായിരുന്നു.
പുരുഷായുസ്സിന്റെ വസന്തം. എമ്പാടും സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുന്ന കാലം. അതാണ് യുവത്വം. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിവുറ്റ സന്ദര്‍ഭം കൂടിയാണത്. ഏതൊരു സമൂഹത്തിന്റെയും ചേതനയാണ് യുവത. യുവശക്തി ശരിയാംവണ്ണം തിരിച്ചറിയാത്തവന്‍ ഭോഷന്‍. കര്‍മശേഷിയുടെയും വിവേകത്തിന്റെയും ഇടയിലെ മെമ്പ്രെയ്‌ന്‍ സുതാര്യമായ കാലഘട്ടം. എല്ലാ അര്‍ഥത്തിലും ചോരത്തിളപ്പിന്റെ കാലം. അതാണ് യൗവനം.
അപ്രതിരോധ്യമായി കുതിച്ചുവരുന്ന യൗവനത്തിന്റെ കര്‍മശേഷി വിവേകമില്ലാതെ തടയാന്‍ ശ്രമിച്ചാല്‍ ഫലം വിപരീതമായേക്കാം. ഒന്നുകില്‍ ആ ഷോക്കില്‍ ശക്തിക്ഷയിച്ച്, ഉറവവറ്റി, അകാലവാര്‍ധക്യം. അല്ലെങ്കില്‍ പ്രതിരോധവാഞ്‌ഛയും ആക്രമണ സ്വഭാവവും പുറത്തെടുത്ത് തടസ്സത്തോട് പൊരുതിയെന്നുവരാം. അല്ലെങ്കില്‍ തടസ്സത്തോട് മുഖംതിരിച്ച് കിട്ടിയ വഴിയെ നാശംവിതച്ച് ചിതറി ഒഴുകിയേക്കാം. കുത്തൊഴുക്കിന്റെ ലക്ഷ്യമായ മഹാപ്രവാഹത്തിലെത്തിച്ചേരാതെ ആ കര്‍മചേതന വറ്റിപ്പോകാനിടയുണ്ട്. യുവതയെ നിയന്ത്രിക്കുന്ന മുതിര്‍ന്ന തലമുറകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിതെല്ലാം. മേല്‍പറഞ്ഞ ഏതവസ്ഥയും തലമുറകള്‍ തമ്മില്‍ അകലം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു.
യഥാര്‍ഥത്തില്‍ എന്താണ് വേണ്ടത്? ശക്തി സ്രോതസ്സായ യൗവനത്തിന്റെ കര്‍മചേതന തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സ്വയം തിരിച്ചറിയണം. മറ്റുള്ളവരും തിരിച്ചറിയണം. പരപ്രേരണയാല്‍ നിര്‍ബന്ധിതമായി ചെയ്യുന്നതിനേക്കാള്‍ സ്വയം തിരിച്ചറിഞ്ഞ് രംഗത്തിറങ്ങുമ്പോള്‍ ആത്മാര്‍ഥതയും ഫലപ്രാപ്‌തിയും പതിന്മടങ്ങ് വര്‍ധിക്കുന്നു. ഈ തിരിച്ചറിവ് ഏറ്റവുമധികം പ്രയോഗവത്‌കരിച്ച മഹാവ്യക്തിത്വമായിരുന്നു മുഹമ്മദ് നബി(സ്വ). പ്രവാചകന്റെ പ്രബോധന വിജയത്തിന്റെ ചാലകശക്തികളില്‍ ഒരെണ്ണം ഈ തിരിച്ചറിവും പ്രയോഗവത്‌കരണവുമായിരുന്നു. മുഹമ്മദ് നബിയുടെ ഇസ്‌ലാമിക പ്രബോധന ജീവിതത്തില്‍ കൂടെനിന്ന മഹത്തുക്കളെ പരിശോധിച്ചുനോക്കുക. അബൂബക്കര്‍, ഉമര്‍, ഉസ്‌മാന്‍, സൈദുബ്‌നുഥാബിത്, അബ്ബാസ്, സഅ്‌ദ്.... വിവേകത്തിന്റെയും ആലോചനാശേഷിയുടെയും മൂര്‍ത്ത രൂപങ്ങള്‍. ഇപ്പുറത്ത് ഇബ്‌നുഉമര്‍, ഇബ്‌നുഅബ്ബാസ്, അലി, ജഅ്‌ഫര്‍, അനസ്, ഉസാമ..... കര്‍മചേതനയുടെ യൗവനങ്ങള്‍. ഏതുതരം മുന്നേറ്റങ്ങളുടെ മുന്‍നിരയിലും ഇവരുടെ നിറസാന്നിധ്യമായിരുന്നു. പ്രവാചകനിലെ നേതൃത്വ ഗുണമായിരുന്നു അണികളിലെ ഈ സമന്വയം.
സ്വയം ബോധത്തില്‍ നിന്നു മാത്രമേ ഈ സമര്‍പ്പണ മനോഭാവം വരൂ. യുവസമൂഹത്തിന് ഈ ബോധമുണ്ടാക്കിക്കൊടുക്കുക എന്നതിലാണ് സമൂഹത്തിന്റെ വിജയം. അങ്ങനെ യുവത സ്വയം തിരിച്ചറിവു നേടണമെങ്കില്‍ മുതിര്‍ന്നവരില്‍ നിന്നോ മറ്റോ ലഭിക്കുന്ന നേരിയ പ്രോത്സാഹനവും സമശീര്‍ഷരില്‍ നിന്നുണ്ടാകുന്ന പ്രേരണയും അനിവാര്യമാണ്. ഏജ് ഗ്രൂപ്പിന്റെ താത്‌പര്യമറിയുന്ന, സഹപ്രവര്‍ത്തകരുടെ പള്‍സറിയുന്ന യുവാക്കള്‍ക്ക് മാത്രമേ അവരെ ബോധവത്‌കരിക്കാന്‍ കഴിയൂ. അവര്‍ക്ക് മാത്രമേ അവരെ കൈപിടിച്ച് കൂട്ടുകൂടാന്‍ പറ്റൂ. കാട്ടാനയെ മെരുക്കുന്ന താപ്പാനയല്ല രോഗശാന്തിക്ക്‌വേണ്ടി പ്രവര്‍ത്തിക്കുന്ന ശുശ്രൂഷകനെയാണ് ഇതിലേക്ക് വേണ്ടത്. നേര്‍വഴിയില്‍നിന്ന് എത്രയോ കാതമകലെ ഉഴറുന്ന, ലഹരിക്കടിപ്പെട്ട് ജീവിതഭാരം പേറുന്ന, ജീര്‍ണതയില്‍ മുങ്ങിപ്പൊങ്ങി പ്രാണനുവേണ്ടി കേഴുന്ന യുവകോടികള്‍ നമുക്കു ചുറ്റുമുണ്ട്. അത് മറ്റാരുമല്ല; നമ്മുടെ മക്കള്‍തന്നെ. അവര്‍ക്ക് ഒരു കൈത്താങ്ങായി, സാന്ത്വനസ്‌പര്‍ശമായി, ശുശ്രൂഷകനായി നില്‌ക്കാന്‍ കഴിഞ്ഞാല്‍ അവര്‍ കൂടെവരും; കുറേപേരെങ്കിലും. ശിര്‍ക്കില്‍, അന്ധവിശ്വാസത്തില്‍, സാമൂഹിക ജീര്‍ണതകളില്‍, ക്വട്ടേഷന്‍ സംഘങ്ങളില്‍ എല്ലാം കാലം തള്ളിനീക്കുന്ന യുവതയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ സമര്‍പ്പിത യൗവനത്തിന്റെ കൂട്ടായ്‌മയ്‌ക്ക് മാത്രമേ കഴിയൂ. കാമ്പസുകളില്‍, പണിശാലകളില്‍, കവലകളില്‍... എവിടെയും ഈ സമര്‍പ്പണ മനോഭാവം അനിവാര്യമാണ്.
കേരള മുസ്‌ലിംകള്‍ക്കിടയില്‍ അള്ളിപ്പിടിച്ച അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും കരിമ്പടക്കെട്ടുകള്‍ അഴിച്ചുമാറ്റി വിശ്വാസ വിശുദ്ധിയുടെയും വിശുദ്ധ ഖുര്‍ആനിന്റെയും വെള്ളിവെളിച്ചത്തിലേക്ക് അവരെ നയിച്ച കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവരായിരുന്നു. ഈ സാമൂഹിക ഘടനയില്‍ `മുള്ളെടുക്കാന്‍ മുള്ളുതന്നെ വേണ'മെന്ന തിരിച്ചറിവില്‍ നിന്നാണ് നവോത്ഥാന വീഥിയിലെ ഒരു നാഴികക്കല്ലുകൂടി(1967) നാട്ടപ്പെട്ടത്. അതാണ് ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം). യുവമുജാഹിദുകളുടെ ഐക്യനിര. കേരളത്തിലെ ഇസ്വ്‌ലാഹീ മുന്നേറ്റത്തിലെ ശക്തിയായി വര്‍ത്തിച്ച ഐ എസ് എം കേരള ചരിത്രത്തില്‍ മതരംഗത്തെ ആദ്യത്തെ യുവജന കൂട്ടായ്‌മയായിരുന്നു. ഐ എസ് എം ഓരോ കാലഘട്ടത്തിലും നന്മയ്‌ക്കുവേണ്ടി നിലകൊണ്ടു; തിന്മയ്‌ക്കെതിരെ പോരാടി. എതിര്‍പ്പുകളെ സഹനംകൊണ്ടും മനക്കരുത്തുകൊണ്ടും നേരിട്ടു. വിവേകമുള്ള യുവത ഈ കൂട്ടായ്‌മയില്‍ ആകൃഷ്‌ടമായി.
ക്യാമ്പസിലെ കൂട്ടായ്‌മ കാണുന്നത് ഷൈനിംഗ്, യു യു സി, ചെയര്‍മാന്‍, യൂണിയന്‍ തുടങ്ങിയവയാണ്. അവിടെ വിവേകത്തേക്കാള്‍ ആവേശമാണ് ആവശ്യം. സര്‍ഗാത്മകതയേക്കാള്‍ കൃത്രിമ തത്വങ്ങള്‍ക്കാണ് മാര്‍ക്കറ്റ്. എങ്കിലും കുറെ നല്ല വശങ്ങള്‍ ഉണ്ട്. അവിടെയും ദിശനിര്‍ണയിക്കാന്‍ വിവേകമതികളുണ്ടെങ്കില്‍ അത്ഭുതം സൃഷ്‌ടിക്കാം. പുറത്തിറങ്ങിയാല്‍ പഠിച്ച, പണിയെടുക്കാത്ത യുവജനങ്ങള്‍ സമൂഹത്തിനു ബാധ്യതയാകുന്ന സ്ഥിതി കുറെയൊക്കെയുണ്ട്. ക്ലബ്ബുകള്‍, എന്‍ജിഒകള്‍, സാന്ത്വനക്കണ്ണികള്‍ തുടങ്ങി രചനാത്മകതയുടെ നിരവധി നിരത്തുകള്‍ നിരന്നുകിടക്കുന്നുവെങ്കിലും ജീര്‍ണതയുടെ ഇടുങ്ങിയ ഇടവഴികളിലാണ് വലിയൊരു വിഭാഗം ചെന്നെത്തിപ്പെടുന്നത്. ഈ യുവതയ്‌ക്ക് ദിശാബോധം നല്‍കുകയാണെങ്കില്‍ നാടിന്റെ മുഖഛായ മാറ്റാം. ഇങ്ങനെ യുവതയെ നിഷ്‌ക്രിയത്വത്തില്‍ നിന്നും നികൃഷ്‌ടതയില്‍ നിന്നും അടര്‍ത്തിമാറ്റി സക്രിയവും ഉത്‌കൃഷ്‌ടവുമായ ഒരു വിതാനത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ യുവകൂട്ടായ്‌മയാണ് ഐ എസ് എം
എന്നാല്‍ ഭൗതികമായ താത്‌പര്യങ്ങളോ രാഷ്‌ട്രീയമായ ലക്ഷ്യങ്ങളോ ആണ് പ്രവര്‍ത്തനത്തിന്റെ പ്രേരകമെങ്കില്‍ താത്‌പര്യങ്ങള്‍ക്കുവേണ്ടി ഏതു നെറികേടും ചെയ്യും. സ്വാര്‍ഥതയ്‌ക്കുവേണ്ടി അപരനെ താഴ്‌ത്തിക്കെട്ടും, ചിലപ്പോള്‍ നിഷ്‌കാസനം ചെയ്‌തെന്നും വരാം. ക്രിയാത്മകമായ `ടീമുകളാ'ണ് നമുക്ക് വേണ്ടത്; നിഷേധാത്മകമായ `ഗാംങുകളെ'യല്ല. ഇതാണ് ഐ എസ് എം നിലപാട്.
ഇവിടെയാണ് ഐ എസ് എം വേറിട്ടുനില്‍ക്കുന്നത്. അവര്‍ തങ്ങളുടെ യൗവനം സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറാവുന്നത് വിശ്വാസ വിശുദ്ധിയില്‍ ഊതിക്കാച്ചിയെടുത്ത ആത്മാര്‍ഥതയിലാണ്. വിശ്വാസ വിശുദ്ധിയില്‍ സ്വയം സമര്‍പ്പിച്ച് സമൂഹത്തിനുവേണ്ടി നിലകൊള്ളുമ്പോള്‍ ഈ ലോകത്ത് നന്മയും ക്ഷേമവും കൈവരുന്നു എന്നതിലപ്പുറം ക്ഷണിക്കുന്നവരുടെയും ക്ഷണിക്കപ്പെടുന്നവരുടെയും മരണാനന്തരജീവിതം സൗഖ്യപൂര്‍ണമായിത്തീരുന്നു. ആധുനിക യുവതയുടെ ഒരു കൈ ജീര്‍ണതയിലും മറുകൈ തീവ്രതയിലും പരതുകയാണ്.
എന്നാല്‍ ആദര്‍ശത്തിന്റെ, വിശുദ്ധിയുടെ, ധര്‍മബോധത്തിന്റെ, സമസൃഷ്‌ടി സ്‌നേഹത്തിന്റെ തെളിഞ്ഞപാതയിലേക്ക് യുവസഹോദരങ്ങളേ, നിങ്ങളെ ക്ഷണിക്കുന്നു ഐ എസ് എം. ഈ കൂട്ടായ്‌മയിലൊരു ബിന്ദുവായി സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായാല്‍ ഇഹപര വിജയം സുനിശ്ചിതം.
0 comments: