ഐ എസ്‌ എമ്മിനു ചരിത്രനിയോഗം

  • Posted by Sanveer Ittoli
  • at 6:10 AM -
  • 0 comments
ഐ എസ്‌ എമ്മിനു ചരിത്രനിയോഗം

ലോകത്ത്‌ 198 രാഷ്ട്രങ്ങളുണ്ട്‌. ഇതില്‍ മുസ്‌്‌ലിംകള്‍ താമസിക്കാത്ത ഏതെങ്കിലും രാഷ്ട്രമുണ്ടോ എന്ന്‌ സംശയമാണ്‌. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌്‌ലാമാണെന്ന്‌ നിസ്സംശയം പറയാം. ഇതിന്റ പ്രധാന കാരണം അന്വേഷിക്കേണ്ടതുണ്ട്‌. 2001ല്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണം ഇസ്‌്‌ലാമിന്റെ പ്രചാരണത്തിന്‌ വലിയ കാരണമായിട്ടുണ്ട്‌. മുസ്‌്‌ലിം സമൂഹത്തെ ലക്ഷ്യംവെച്ച്‌ ലോകത്താകെ തെറ്റായ ഒരു ധാരണ സൃഷ്ടിക്കാന്‍ ആ സംഭവം കാരണമായി. ഇത്‌ മുസ്‌്‌ലിം രാഷ്ട്രങ്ങള്‍ക്കു നേരെ സൈനികാക്രമണം നടത്താന്‍ വരെ അമേരിക്കയെ പ്രേരിപ്പിച്ചു. പക്ഷേ, പിന്നീട്‌ സംഭവിച്ചതെന്താണ്‌? ഇസ്‌ലാമിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ കൂടുതലാളുകള്‍ അതിനെക്കുറിച്ച്‌ അനേ്വഷിക്കാനും പഠിക്കാനും ശ്രമമാരംഭിച്ചു. ഇത്‌ ധാരാളമാളുകള്‍ ഇസ്‌്‌ലാമിനെ പുല്‍കാന്‍ കാരണമാക്കി.
ഇന്ന്‌ ഇസ്‌്‌ലാം നേരിടുന്ന വലിയ പ്രതിസന്ധി മുസ്‌ലിം സമുദായത്തിന്റെ അപഥസഞ്ചാരമാണ്‌. ഇസ്‌ലാമിലേക്ക്‌ വന്ന ആധുനികനായ പാശ്ചാത്യചിന്തകന്‍ പറഞ്ഞത്‌, ഗ്രന്ഥങ്ങളിലൂടെ ഇസ്‌്‌ലാമിനെ പഠിക്കുന്നതിനു മുമ്പ്‌ മുസ്‌്‌ലിംകളെ പരിചയപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ ഇസ്‌ലാമിലെത്തില്ലായിരുന്നു എന്നാണ്‌.
നമ്മളൊക്കെ പാരമ്പര്യ മുസ്‌്‌ലിംകളാണ്‌. ഇസ്‌്‌ലാമിനെക്കുറിച്ച്‌ പഠിച്ചോ മനസ്സിലാക്കിയോ മതത്തിലെത്തിയവരല്ല. ഇസ്‌്‌ലാമില്‍ ജനിച്ചതിനാല്‍ മുസ്‌്‌ലിമായി ജീവിക്കുന്നുവെന്ന്‌ മാത്രം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്വഭാവദൂഷ്യങ്ങളും മുസ്‌്‌ലിംകളില്‍ വ്യാപകമായി പ്രകടമാണ്‌. ഇസ്‌ലാമിന്റെ യശസ്സിനെയും പ്രചാരത്തെയും ഇത്‌ കാര്യമായി ബാധിക്കുന്നുണ്ട്‌. ഇത്‌ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ലോകത്ത്‌ തുടക്കംകുറിക്കപ്പെട്ടിരിക്കുന്നു എന്നത്‌ പ്രശംസനീയമാണ്‌. 
സുഊദി അറേബ്യയിലെ അബ്ദുല്ല രാജാവ്‌ മതസൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ പണ്ഡിതകോണുകളില്‍ നിന്നു തന്നെ വിയോജിപ്പുകള്‍ വന്നു. മതസൗഹാര്‍ദം എന്നത്‌ പ്രയോഗിക്കാന്‍ പാടില്ലെന്നും ഇസ്‌്‌ലാമിനെക്കൂടാതെ ഇതര മതങ്ങളെക്കൂടി അംഗീകരിക്കുന്ന നിലപാടാണ്‌ ഇതില്‍ വ്യക്തമാകുന്നതെന്നുമാണ്‌ അവരുടെ വാദം. 
ഭാഗ്യവശാല്‍ ചരിത്രനിയോഗം നിര്‍വഹിക്കുന്ന ഐ എസ്‌ എം മതാന്തരസൗഹാര്‍ദം എന്ന ആശയം ഉള്‍ക്കൊള്ളുന്നവരാണ്‌. ചിന്താപരവും യുക്തിപരവുമായ സമീപനരീതിയില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്നവരാണ്‌ നിങ്ങള്‍. ഈ രീതിയില്‍ കേരളീയ സമൂഹത്തില്‍ പ്രവര്‍ത്തിച്ച ഐ എസ്‌ എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിലങ്ങിടാന്‍ ചിലര്‍ ശ്രമിച്ചത്‌ സമുദായത്തില്‍ അന്ധകാരം പരത്തി. അന്ധവിശ്വാസ, അനാചാര, സ്വഭാവദൂഷ്യങ്ങളെ നിര്‍മാര്‍ജനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. ഈ സമ്മേളനം അത്തരത്തിലുള്ള ഒരു സമീപനം സ്വകരിക്കട്ടെ എന്ന്‌ ആശംസിക്കുന്നു.
(മുഹമ്മദ്‌ കുട്ടശ്ശേരിയുടെ പ്രഭാഷണ സംഗ്രഹം)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: