മഅ്ദനിക്കു നീതി ലഭിക്കുമോ?

  • Posted by Sanveer Ittoli
  • at 8:09 PM -
  • 0 comments
മഅ്ദനിക്കു നീതി ലഭിക്കുമോ?

ഇ ടി മുഹമ്മദ് ബഷീര്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ നീതി നിഷേധിക്കപ്പെട്ട് കഴിയുന്ന വിചാരണ തടവുകാര്‍ എറെയാണ്. അവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഇതിന്റെ പ്രധാനപ്പെട്ട ഒരു ഉദാഹരണമാണ് കേരളത്തിലെ രാഷ്ട്രീയ നേതാവായ അബ്ദുന്നാസര്‍ മഅ്ദനിയുടെ ദയനീയ സ്ഥിതി. ഇന്നേവരെ ഒരു കുറ്റവും തെളിയിക്കപ്പെടാതെ രാജ്യത്തെ ജയിലുകളില്‍ ഒരു പതിറ്റാണ്ടിലധികം അദ്ദേഹത്തിന് ചെലവിടേണ്ടിവന്നു.
മനുഷ്യത്വപരമായ പരിഗണനയുടെ പേരില്‍ മഅ്ദനിയെ മോചിപ്പിക്കണമെന്ന് 2006 മാര്‍ച്ച് 16ന് കേരള നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു.
1998 ഫെബ്രുവരി 14ന് 58 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ അബ്ദുന്നാസര്‍ മഅ്ദനി തെറ്റായി പ്രതിചേര്‍ക്കപ്പെടുകയാണുണ്ടായത്. വിചാരണാ തടവുകാരനായി അദ്ദേഹം ഒമ്പതു വര്‍ഷം ജയിലില്‍ കഴിച്ചുകൂട്ടി. ഒടുവില്‍ പൂര്‍ണമായി കുറ്റവിമുക്തനാക്കപ്പെട്ട് അദ്ദേഹത്തെ മോചിപ്പിച്ചു. അതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹത്തെ കര്‍ണാടകയിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കിയിരിക്കുകയാണ്. കര്‍ണാടക പൊലീസ് ഉയര്‍ത്തുന്ന എതിര്‍പ്പില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തുടര്‍ച്ചയായി തള്ളുന്നുവെന്നത് നിര്‍ഭാഗ്യകരമാണ്.
അബ്ദുന്നാസര്‍ മഅ്ദനിയുടെ ഒരു പ്രസ്താവന ഞാന്‍ ഉദ്ധരിക്കാം: ഒരു ഉറച്ച വിശ്വാസി എന്ന നിലയില്‍, എന്റെ നടപ്പിലും വേഷവിധാനങ്ങളിലും മുസ്‌ലിം അടയാളങ്ങള്‍ ഞാന്‍ പുലര്‍ത്തി. ആര്‍ എസ് എസ് ബോംബ് ആക്രമണത്തിനിരയായി എനിക്ക് കാല് നഷ്ടമായി. എല്ലാ സവര്‍ണ വിഭാഗങ്ങളെയും വിമര്‍ശിക്കുന്ന പ്രഭാഷകനെന്ന നിലക്ക് എന്നെ ഭീകരവാദിയായി ചിത്രീകരിക്കുക എളുപ്പമാണ്. ഒരു 'സാങ്കല്‍പിക ഭീകരവാദി' ആകാനുള്ള എല്ലാ യോഗ്യതകളും എനിക്കുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കോടതി വെറുതെ വിട്ടപ്പോള്‍ എനിക്കു നേരെയുള്ള അവരുടെ രോഷം വര്‍ധിക്കുകയാണുണ്ടായത്. എനിക്കെതിരെയുള്ള ഓരോ കേസും കെട്ടിച്ചമച്ചതാണ്.’
മഅ്ദനിക്ക് ചികിത്സാ സൗകര്യങ്ങള്‍ വരെ നിഷേധിക്കപ്പെടുന്നുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഡയബറ്റിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലേസര്‍ ചികിത്സ തേടണമെന്നാണ് അദ്ദേഹത്തിന് ലഭിച്ച വൈദ്യോപദേശം. എന്നാല്‍ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറാവുന്നില്ല. മതിയായ സുരക്ഷ ഇല്ല തുടങ്ങിയ ന്യായങ്ങളാണ് അവര്‍ നിരത്തുന്നത്. സമയോചിതമായ ചികിത്സ ലഭ്യമല്ലാത്തതു കാരണം അദ്ദേഹത്തിന്റെ വലത്തെ കണ്ണില്‍ രക്തം കട്ടിയാവുകയും ആ കണ്ണിന് പൂര്‍ണമായി കാഴ്ച നഷ്ടപ്പെടുന്ന തരത്തില്‍ ഞരമ്പുകള്‍ ദുര്‍ബലമാവുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ പ്രമുഖ ആയുര്‍വേദ ചികിത്സാ കേന്ദ്രമായ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ ലഭ്യമാക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടിട്ടില്ല. പകരം, ബാംഗ്ലൂരില്‍ പരിമിതമായ ആയുര്‍വേദ ചികിത്സയാണ് അദ്ദേഹത്തിന് നല്‍കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അടിസ്ഥാന വൈദ്യസഹായം നിഷേധിക്കപ്പെടുന്നതിനെ തുടര്‍ന്ന് ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപതി, സെര്‍വിക്കല്‍ സ്‌പോണ്‍ഡിലിറ്റിസ്, മൂത്ര തടസ്സം, വൃക്ക രോഗം, നട്ടെല്ല് സ്ഥാനംതെറ്റല്‍, ഉദരത്തില്‍ അള്‍സര്‍, പുറംവേദന, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ മഅ്ദനിയെ പിടികൂടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ രോഗം അദ്ദേഹത്തിന്റെ ഇടതുകണ്ണിനെയും ഭാഗികമായി പിടികൂടിയിരിക്കുന്നു. അദ്ദേഹത്തിന് ഒരു കാല്‍ നേരത്തെ നഷ്ടപ്പെട്ടതാണ്. മഅ്ദനി തന്നെ പറയുന്നത് 'താന്‍ വെളിച്ചത്തിന്റെ ലോകത്തുനിന്ന് പതുക്കെ മടങ്ങിപ്പോവുകയാണ്' എന്നാണ്.
അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ എത്ര ക്രൂരമായ സമീപനമാണ് കൈക്കൊണ്ടതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മൃഗങ്ങള്‍ക്കു നല്‍കുന്ന നീതി പോലും മഅ്ദനിയെപ്പോലുള്ള മനുഷ്യര്‍ക്ക് നല്‍കുന്നില്ലെന്ന് പറയാന്‍ എനിക്കു മടിയില്ല. നിലവിലെ പരിതസ്ഥിതിയില്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: