ഉണങ്ങാത്ത മുറിവ്

  • Posted by Sanveer Ittoli
  • at 8:22 PM -
  • 1 comments
ഉണങ്ങാത്ത മുറിവ്

പ്രഫ. എ പി സുബൈര്‍
നാം ബാബരി ദിനമെന്ന് വിശേഷിപ്പിക്കുന്ന ഒരു ഡിസംബര്‍ ആറു കൂടി കടന്നുപോയപ്പോഴുണ്ടായ ചിന്തകളാണ് ഇവിടെ കുറിക്കുന്നത്. ആ ദിനമാകുമ്പോഴേക്കും എന്തൊക്കെ സുരക്ഷാ ഏര്‍പ്പാടുകളാണ് നടക്കുന്നത്. എന്തൊക്കെ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്.
മുറിവുകള്‍ ഉണങ്ങുക എന്നതാണ് ആരോഗ്യപരമായ സുഖം. മുറിവുകള്‍ കരിഞ്ഞാലും കലകള്‍ അവശേഷിക്കും. അതുകൊണ്ട് സുഖപ്പെട്ട അവസ്ഥയിലും ദു:ഖകരമായ ഓര്‍മകള്‍ തികട്ടി വന്നേക്കും. മുറിവുകള്‍ ഉണക്കാതെ സൂക്ഷിക്കുന്നവരുമുണ്ട്, ചില ഭിക്ഷാടനക്കാരെപ്പോലെ. അവര്‍ക്കത് ചൂഷക വസ്തുവാണ്.
ബാബരി ധ്വംസനം മുസ്‌ലിംകള്‍ക്കു മാത്രമേറ്റ മുറിവല്ല. അത് ഇന്ത്യയുടെ മതനിരപേക്ഷതയ്‌ക്കേറ്റ മുറിവാണ്. അതിന്റെ സംസ്‌കാരത്തിനും മതസാഹോദര്യത്തിനും സഹിഷ്ണുതക്കുമൊക്കെ ഏറ്റ മുറിവാണ്. ആരോഗ്യത്തിന്റെ കാര്യത്തിലെന്നപോലെ തന്നെ മുറിവുകളും ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനെക്കാള്‍ വരാതെ തടുക്കുകയാണ് ഉത്തമം. അത് ബാബരി പ്രശ്‌നത്തില്‍ ഉണ്ടായില്ല. അതിനുള്ള സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കപ്പെടാതെ അതൊരു വികാരാര്‍ബുദമായി വളരാനനുവദിക്കുകയാണ് ഇരുപക്ഷങ്ങളും സര്‍ക്കാറും ചെയ്തത്. അതുകൊണ്ട് ചികിത്സിച്ചു ഭേദപ്പെടുത്തലും കലകളെക്കുറിച്ചുള്ള കൗണ്‍സിലിംഗും ആവശ്യം വന്നു. എന്നാലതു സംഭവിക്കുന്നതിനു പകരം ഇരുഭാഗത്തും പ്രശ്‌നം അണഞ്ഞുപോകാത്ത ക്ഷാരം മൂടിക്കിടക്കുന്ന അഗ്നിസ്ഫുലിംഗങ്ങളായി അവശേഷിക്കുന്നു. ആവശ്യം വരുമ്പോള്‍ ആളിക്കത്തിക്കാനുള്ള തയ്യാറെടുപ്പുമായി.
സത്യവും വസ്തുതകളും തമ്മില്‍ വളരെ വ്യത്യാസങ്ങളുമുണ്ട്. വസ്തുതകള്‍ വെച്ചുകൊണ്ടുള്ള ഒരു വസ്തു തര്‍ക്കമായിട്ടായിരുന്നു ബാബരി പ്രശ്‌നം തുടര്‍ന്നുവന്നത്. വസ്തു തര്‍ക്ക കേസുകളിലെന്നതുപോലെ അത് അനന്തമായി നീളുമെന്നതും അക്രമങ്ങള്‍ ഉണ്ടാകുമെന്നതും ഒരു സത്യമാണ്. ഒരു പള്ളിയുടെ മേല്‍ ഹിന്ദുത്വര്‍ അവകാശമുന്നയിക്കുന്നതും അതിനെ തകര്‍ക്കുന്നതും ഇന്ത്യയിലെ പൊതുഹിന്ദു വികാരമല്ല. തല്‍പര കക്ഷികളുടെ പ്രവര്‍ത്തനം മാത്രമാണ്.
അതിനു പിന്നില്‍ പലതുമുണ്ട്. വി എസ് നെയ്‌പോള്‍ നിരീക്ഷിച്ചതുപോലെ ഒരു ഹിന്ദു നവോത്ഥാനം. മുന്‍പ് മുസ്‌ലിംകള്‍ കയ്യേറിയവയെ തിരിച്ചുപിടിക്കുക. ഇത് ചരിത്രത്തിലെ അനിവാര്യതയെന്നദ്ദേഹം നിരീക്ഷിക്കുന്നു. ചരിത്രത്തിന് അങ്ങനെ ചില വികൃതികളും അനീതികളുമുണ്ട്. ഇന്ത്യയില്‍ ബുദ്ധമതത്തിന്നെതിരെ നടന്ന വ്യാപകമായ അതിക്രമങ്ങള്‍ അവയിലൊന്നാണ്. അതിന്റെയൊരാവര്‍ത്തനമായി ഹിന്ദുത്വരുടെ മുസ്‌ലിംകളുടെ സംസ്‌കൃതിയുടെ നേരെയുള്ള അതിക്രമങ്ങള്‍. പക്ഷേ, കാലം മാറിയപ്പോള്‍ അങ്ങനെയൊരു ഹിന്ദുവികാരം ജനങ്ങളിലേക്ക് അത്ര എളുപ്പത്തില്‍ സന്നിവേശിപ്പിക്കാനാവാത്ത അവസ്ഥ വന്നു. എങ്കിലും സംഘടിതമായ ശ്രമത്തിന് പല നാശനഷ്ടങ്ങളുമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് മറ്റൊരു സത്യം.
ഇന്ത്യയിലെ മുസ്‌ലിംകളെ പ്രതിരോധത്തിലാക്കുക എന്നതും അവരുടെ തന്ത്രങ്ങളിലൊന്നാണ്. ആക്രമിച്ചു കടന്നുകൂടിയവര്‍, പ്രത്യേക രാഷ്ട്രത്തിനുവേണ്ടി വാദിച്ച് വിഭജിച്ചു പോയവര്‍, ഭീകരതയുമായി നശിപ്പിക്കാന്‍ നടക്കുന്നവര്‍ എന്നിങ്ങനെ പോവുന്നു. അങ്ങനെയൊന്നുമല്ല എന്ന് ഓരോ അവസരത്തിലും അവര്‍ക്ക് സാക്ഷ്യപ്പെടുത്തേണ്ടി വരുന്നു. ഇത് അന്താരാഷ്ട്രതലത്തില്‍ വരെ ബാധകമാണ്. 20 വര്‍ഷം വരെ അമേരിക്കയില്‍ പോയി വരാന്‍ വിസയുള്ള എന്റെ മകന് ഇടക്കാലത്ത് അവന്‍ വളര്‍ത്തിയ താടി വിനയാവുന്നു. പേരില്‍ മുഹമ്മദ് എന്നുള്ളതാണ് താടിക്ക് വിശദീകരണം നല്‍കാന്‍ കാരണമാവുന്നത്. ജൂതന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും താടിക്ക് അത്തരം വിശദീകരണം നല്‍കേണ്ടി വരാറില്ല. രസകരമായ കാര്യം; ഇസ്‌ലാമിന്റെ മാത്രമല്ലാത്ത താടിപോലും ഒരു മുസ്‌ലിമിനെ പ്രതിരോധത്തിലാക്കുന്നു എന്ന വസ്തുതയാണ്.
നിരവധി തവണ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെട്ടതുകാരണം ബാബരി പ്രശ്‌നത്തിന്റെ വസ്തുതകള്‍ വീണ്ടും പരാമര്‍ശിക്കുന്നില്ല. മുറിവുണ്ടാക്കാതിരിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. അവ ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം (അങ്ങനെ ഒന്നുണ്ടോ?) ഉപയോഗപ്പെടുത്തിയില്ല. വ്യവഹാരക്കാരന്റെ വാശിതന്നെയായിരുന്നു അവരുടേത്. പള്ളി കയ്യേറി അവിടെ രാമവിഗ്രഹം സ്ഥാപിച്ചത് പ്രാദേശികമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നില്ല. പ്രാദേശിക മുസ്‌ലിംകളില്‍ ചിലര്‍ക്ക് അത് സ്വാഗതാര്‍ഹവുമായിരുന്നു. അവരുടെ ജീവിതമാര്‍ഗം തുറന്നു കൊടുക്കപ്പെടുകയായിരുന്നു. അവരായിരുന്നു അവിടത്തെ പൂക്കച്ചവടക്കാര്‍. അവര്‍ക്ക് സ്ഥലം ക്ഷേത്രമാകുന്നതായിരുന്നു സ്വീകാര്യം. വസ്തുതകള്‍ക്കപ്പുറമുള്ള ഒരു സത്യമായിരുന്നു അത്. പ്രശ്‌നം വൈകാരികമായി വളര്‍ത്തിയതിനുശേഷം അനിവാര്യമായ ഒരു ക്ലൈമാക്‌സ് ഒഴിവാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഉമാഭാരതിയും അദ്വാനിയും ആഹ്ലാദപൂര്‍വം ബാബരി പള്ളിയുടെ പതനത്തിലൂടെ ഇന്ത്യയുടെ സൗഹൃദഭാവം തന്നെ പൊളിഞ്ഞുവീഴുന്നത് ആഹ്ലാദത്തോടെ നോക്കി കണ്ടപ്പോള്‍ ഇന്ത്യയുടെ അന്നത്തെ  പ്രധാനമന്ത്രി പോലും മൗനം പാലിച്ചു. മുസ്‌ലിംകള്‍ക്ക് പോലും അത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഇത്തരമൊരു ദുര്‍ബലാവസ്ഥയിലേക്ക് മുസ്‌ലിംകളെ എത്തിച്ച മുസ്‌ലിം നേതൃത്വം അവകാശപ്പെട്ടവരെയാണ് അധിക്ഷേപിക്കേണ്ടത്. 40 മുസ്‌ലിംകളെങ്കിലും അന്ന് പ്രതിരോധിച്ചു നിന്നിരുന്നുവെങ്കില്‍ പള്ളി പൊളിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ ധൈര്യപ്പെടില്ലെന്നായിരുന്നു പത്രപ്രവര്‍ത്തകനായ മാധവന്‍നായര്‍ അന്ന് കോളമെഴുതിയത്. പള്ളി തകര്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തകര്‍ന്നതിനുശേഷം ജീവന്‍ നല്‍കാന്‍ തയ്യാറായതും, ആഹ്വാനം നടത്തിയതും അര്‍ഥശൂന്യമായിരുന്നു. നിരാശയില്‍ നിന്നുണ്ടായ നശീകരണം അല്ലെങ്കില്‍ ആത്മഹത്യാപ്രവണത മാത്രമായിരുന്നു അത്.
പരസ്പരം സ്‌നേഹിച്ചും അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിച്ചും കഴിഞ്ഞുകൂടുന്ന രണ്ട് സമൂഹങ്ങളാണ് ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും. അഭിപ്രായഭിന്നതകളെ പ്രശ്‌നങ്ങളാക്കി ഫിയര്‍ സൈക്കോസിസ് ആയി മാറ്റി ചൂഷണം ചെയ്യുന്നതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അത് ബ്രിട്ടീഷുകാരുണ്ടാക്കിയതല്ല. വിഭജിച്ചു ഭരിക്കാന്‍ ഭിന്നതയെ അവര്‍ ചൂഷണം ചെയ്തുവെന്നു മാത്രം. ക്ഷേത്രവും പള്ളിയും അടുത്തടുത്ത് സൗഹാര്‍ദപരമായി നിലനില്‍ക്കാമെന്ന് കേരളത്തിന്റെ തലസ്ഥാനത്ത് തന്നെ ഉദാഹരണമുണ്ട്. മധുരയിലും ക്ഷേത്രവും പള്ളിയും അടുത്തടുത്താണ്. അങ്ങനെ സ്ഥിതിചെയ്യുന്നതില്‍ അസഹിഷ്ണുതയുള്ളവരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. തലശ്ശേരിയില്‍ ഒരു പള്ളിയുടെ തൊട്ടടുത്ത ക്ഷേത്രത്തിലെ ആരാധനാ ശബ്ദങ്ങള്‍ പള്ളിയിലെ ആരാധനയെ ശല്യപ്പെടുത്തുന്നുവെന്നാക്ഷേപമുണ്ടായി. പള്ളി സ്ഥാപിക്കുന്നതിനു മുന്‍പേ ക്ഷേത്രമുണ്ടായിരുന്നു. തൊട്ടടുത്ത് പള്ളി സ്ഥാപിക്കുന്നതില്‍ ആക്ഷേപമില്ലെന്ന് അന്ന് ക്ഷേത്രഭാരവാഹികള്‍ എഴുത്തുമൂലം നല്‍കിയതു കാരണമായിരുന്നു പള്ളി സ്ഥാപിക്കാനായത്. അതു മനസ്സിലാക്കാത്തവരാണ് ശല്യത്തിന്റെ ആക്ഷേപവുമായി എത്തിയത്.
പള്ളിയിലായാലും ക്ഷേത്രത്തിലായാലും ആരാധനയുടെ ശബ്ദങ്ങള്‍ പുറത്തുകേള്‍ക്കാതിരിക്കലാണ് ഉചിതം. നമസ്‌കാരത്തിന്റെ തുടക്കത്തിന്റെ ഒരു ഔപചാരികത മാത്രമാണ് ബാങ്ക്. വിശ്വാസികള്‍ സമയമറിഞ്ഞ് പള്ളിയിലെത്തുക എന്നതാണ് ഉത്തമമായ വിശ്വാസകര്‍മം. ഭജനകളും അതുപോലെതന്നെ ഉച്ചഭാഷിണി ഘടിപ്പിച്ച് ബഹളമയമാക്കേണ്ടതല്ല എന്ന് ഉല്‍ബോധിപ്പിക്കാന്‍ ഹൈന്ദവ പുരോഹിതന്മാര്‍ക്കും കഴിയണം.
ബാബരി സംഭവത്തിന്റെ അനന്തര ഫലമായിരുന്നു ഗോധ്ര സംഭവം. മുസ്‌ലിം വേട്ടയുടെ ഭീകര ചിത്രമായിരുന്നത്. സംഭവാനന്തരവും മുസ്‌ലിം നേതൃത്വം നിസ്സഹായരായിരുന്നു. സംഭവത്തിനു കാരണക്കാരെ ശിക്ഷിക്കാന്‍ നടപടികളുണ്ടാക്കാന്‍ സെക്യുലറായ, മുസ്‌ലിംകളല്ലാത്ത പത്രപ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമാണ് കഴിഞ്ഞത്. എന്നാല്‍ മോഡിക്കെതിരെ മുസ്‌ലിം വിരുദ്ധപ്രചരണം വര്‍ധിച്ചുവരുന്ന മുറയ്ക്ക് അനുകൂലമായി വോട്ടുകള്‍ അധികരിക്കുന്നുവെന്ന യാഥാര്‍ഥ്യവും മറന്നുകൂടാ. ഗോധ്രയില്‍ ബി ജെ പിക്കു ജയിക്കാന്‍ കഴിയുന്നില്ല എന്നത് കോണ്‍ഗ്രസ് സമര്‍ഥമായി അവിടെ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതുകൊണ്ടാണ്.
മുസ്‌ലിംകള്‍ കുറേക്കൂടി ക്ഷമ പാലിക്കണമെന്നു പറയുമ്പോള്‍ അത് ഭീരുത്വമാണെന്നും ഷണ്ഠത്തമാണെന്നുമൊക്കെ വിശേഷിപ്പിക്കുന്നവരുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദു സഹോദരങ്ങളും വര്‍ഗീയവാദികളല്ലെന്നു മാത്രമല്ല അതിനെതിരെ അതി ശക്തമായ നിലപാടു തറ സ്വീകരിച്ചവര്‍ കൂടിയാണ്. ഈ യാഥാര്‍ഥ്യം ആരും മറന്നുകൂടാ. മുസ്‌ലിംകളുടെ വൈകാരികവും തീവ്രവുമായ പ്രതികരണങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തെ സഹായിക്കുകയേ ഉള്ളൂ. അതാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത് തിരിച്ചറിയാതെ പോകരുത്.

Author

Written by Sanveer A Rahman Ittoli

welcome to my blog

1 അഭിപ്രായം: