നവോത്ഥാനവഴിയിലെ സമര്‍പ്പിത യൗവനം

  • Posted by Sanveer Ittoli
  • at 12:32 AM -
  • 0 comments
നവോത്ഥാനവഴിയിലെ സമര്‍പ്പിത യൗവനം

കെ പി ഖാലിദ്‌
``നമ്മുടെ യുവത്വത്തിന്റെ ഭാവി നമുക്കൊരിക്കലും സൃഷ്‌ടിച്ചെടുക്കാനാവില്ല; എന്നാല്‍ ഭാവിക്കുവേണ്ടിയുള്ള ഒരു യുവതയെ തീര്‍ച്ചയായും നമുക്ക്‌ സൃഷ്‌ടിക്കാനാവും'' -ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ്‌.
ലോകജനതയുടെ ഭാവിയെപ്പോലും അമ്മാനമാടാന്‍ വിധം ഭൗതികശേഷി കൊണ്ട്‌ സമൃദ്ധമാണ്‌ അമേരിക്ക. 
നാല്‍പതുകളില്‍ പ്രസിഡന്റായിരിക്കെ റൂസ്‌വെല്‍റ്റ്‌ വിഭാവന ചെയ്‌ത യുവത്വ ശേഷിയിലൂടെയാണ്‌ അമേരിക്ക ഈ കരുത്ത്‌ നേടിയെടുത്തത്‌. ഇന്ന്‌ അമേരിക്കക്ക്‌ നഷ്‌ടമായിക്കൊണ്ടിരിക്കുന്നതും സ്വന്തം യുവതയുടെ ഓജസ്സും ചേതനയുമാണ്‌. കര്‍മനിരതമായൊരു ഭൂതകാലം അമേരിക്കന്‍ യുവതയോട്‌ വിടപറയുന്നുവെന്ന്‌ പഠനങ്ങള്‍ പറയുന്നു.
യൗവനം, മനുഷ്യന്റെ സ്വപ്‌നസൃഷ്‌ടികളുടെ പണിശാലയാണെന്ന്‌ പറയാറുണ്ട്‌. ബുദ്ധിയും ശേഷിയും ഉപയോഗിച്ച്‌ ഈ പണിശാലയില്‍ നിര്‍മിക്കപ്പെടുന്ന എന്തിനും ഒരു ചലനാത്മകതയുണ്ട്‌. വാര്‍ധക്യത്തിലേക്ക്‌ കാലെടുത്തുവയ്‌ക്കുന്നവര്‍ കൊതിക്കുന്നതും തങ്ങളില്‍ നിന്നും ചോര്‍ന്നുപോകുന്ന യുവത്വത്തെയാണ്‌. യുവത്വത്തിന്റെ ജാഗരണശേഷിയില്‍ നിന്നാണ്‌ ലോകത്ത്‌ പലയിടത്തും നവോത്ഥാനങ്ങള്‍ക്ക്‌ ബീജാവാപങ്ങളുണ്ടായിട്ടുള്ളത്‌. ഇസ്‌ലാമിക ലോകത്തും നവോത്ഥാനത്തിന്റെ ആവേശമായി ഒഴുകിയത്‌ യൗവനത്തിന്റെ കരുത്തായിരുന്നു. അപചയങ്ങളിലാണ്ടുപോയ ഇടങ്ങളില്‍ മുസ്‌ലിം യുവത്വം കടന്നുചെന്നിട്ടുണ്ട്‌. അവിടങ്ങളിലൊക്കെ മനുഷ്യ നന്മക്കുവേണ്ടി യൗവനം സമര്‍പ്പിക്കേണ്ടതെങ്ങനെ എന്ന്‌ ആ യുവത്വം കാണിച്ചു തന്നിട്ടുമുണ്ട്‌.
നവോത്ഥാനത്തിന്റെ ഉജ്വലമായ കാലഘട്ടങ്ങളില്‍ കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ ഊര്‍ജം മുസ്‌ലിം സമൂഹത്തിലേക്ക്‌ പടര്‍ന്നുകയറിയത്‌ അതിന്റെ യുവജനശേഷിയിലൂടെയായിരുന്നു. വ്യവസ്ഥിതിയുടെ `പോരായ്‌മ'കളോട്‌ രോഷംപൂണ്ടു നിന്നിരുന്ന കലുഷിതമായ യുവത്വമാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്നത്‌. പോരായ്‌മകളോടുള്ള പോരാട്ടം സോഷ്യലിസ്റ്റ്‌ സായുധകലാപങ്ങളിലേക്ക്‌ വഴുതിമാറിയ അറുപതുകളും എഴുപതുകളും കേരളത്തിന്‌ സമ്മാനിച്ചത്‌ ഉറക്കമില്ലാത്ത രാവുകളായിരുന്നു. അറുപതുകളിലെ ഈ കലുഷതയുടെ മടിയിലേക്കാണ്‌ ഖുര്‍ആനിക അധ്യാപനങ്ങളുടെ പ്രഘോഷമായി ഐ എസ്‌ എം എന്ന യുവജന പ്രസ്ഥാനത്തെ ഇസ്വ്‌ലാഹീ കേരളം എടുത്തുവച്ചത്‌. അവിടുന്നിങ്ങോട്ട്‌ കേരളത്തിന്റെ മതപരവും സാമൂഹികവും വൈജ്ഞാനികവുമായ ഒട്ടനവധി മേഖലകളില്‍ പ്രത്യക്ഷവും പരോക്ഷവുമായ സാന്നിധ്യമായി ഐ എസ്‌ എം എന്ന നവോത്ഥാന യുവത്വം നിലനിന്നുപോരുകയാണ്‌.
കേരളീയ മുസ്‌ലിം യുവതയുടെ ധൈഷണിക ബോധത്തെയും ജീവിത ദിശാബോധത്തെയും പക്വമായ മതാധ്യാപനങ്ങള്‍ കൊണ്ട്‌ സമ്പന്നമാക്കാന്‍ മാത്രം ശേഷി ഇസ്വ്‌ലാഹി യുവജന പ്രസ്ഥാനത്തിനുണ്ടായി എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ മുസ്‌ലിംകള്‍ക്കിടയില്‍ ഇന്നും വേരറ്റിട്ടില്ലാത്ത മത ഉഗ്രവാദ ചിന്തകള്‍! മതം അനുഷ്‌ഠിക്കുന്നത്‌ വിശുദ്ധമായൊരു ജീവിതത്തിനു വേണ്ടിയാണെന്നും അതിലൂടെ സഫലമാവുന്നത്‌ നൈതികത കൈമുതലായുള്ള, മനുഷ്യസ്‌നേഹമുള്ള വ്യക്തിത്വമാണെന്നും മുസ്‌ലിം യുവത്വത്തെ പഠിപ്പിക്കാനാണ്‌ ഇസ്വ്‌ലാഹി യുവജനപ്രസ്ഥാനം മൊത്തത്തില്‍ ശ്രമിച്ചത്‌. ശ്‌മശാന പൂജകളിലൂടെ ഇസ്‌ലാമിലേക്ക്‌ സാംസ്‌കാരികമായി പടര്‍ന്നുകയറിയ ബഹുദൈവാരാധനയുടെ സമസ്‌ത ചിഹ്നങ്ങളെയും, വീരാരാധനയിലൂടെ കടന്നുവന്ന പ്രാര്‍ഥനാ ശിര്‍ക്കുകളെയും തുടക്കം മുതല്‍ എതിര്‍ത്തുകൊണ്ടാണ്‌ ഇസ്‌ലാഹി യുവജന പ്രസ്ഥാനം പോരാട്ടം തുടരുന്നത്‌.
മതം മനുഷ്യനന്മയ്‌ക്ക്‌ എന്ന ലളിതമായ ഇസ്‌ലാമിക പാഠം മുന്നോട്ടു വച്ചപ്പോള്‍ സര്‍ഗാത്മകമായി മനുഷ്യകുലത്തെ സമീപിക്കാനും ജീവജാലങ്ങളെ സഹജീവനത്തിന്റെ തണലില്‍ സുരക്ഷിതമായി നിര്‍ത്താനും മുജാഹിദ്‌ യുവതക്ക്‌ സാധിച്ചു. ജീവകാരുണ്യത്തിന്റെ ഭൂമികയിലേക്ക്‌ സാന്ത്വനമായി കടന്നുചെന്ന ഇസ്‌ലാഹി യുവത കണ്ണീരൊപ്പാന്‍ ചെന്നിടങ്ങളിലുണ്ടായിരുന്നത്‌ ആരും തിരിഞ്ഞുനോക്കാത്ത അശരണരും നിരാലംബരുമായ തീരെച്ചെറിയ മനുഷ്യരായിരുന്നു. മരുന്നുവാങ്ങാന്‍ ശേഷിയില്ലാത്ത രോഗികള്‍ക്ക്‌ മരുന്നും ഭക്ഷണവുമെത്തിച്ച്‌ ഇസ്വ്‌ലാഹി യുവത മെഡിക്കല്‍ കോളേജുകളുടെ ഇടനാഴിയിലെ സേവന ശക്തിയായി. പ്രവാചക അധ്യാപനങ്ങളെ സ്വയം ജീവിച്ചുകാട്ടിയാണ്‌ ഏറ്റവും നല്ല പ്രബോധനം നിര്‍വഹിക്കേണ്ടതെന്ന്‌ മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു ഈ സേവനങ്ങളിലൂടെ ഇസ്വ്‌ലാഹി യുവത്വം. മതത്തെ പ്രകടനപരതയും വേഷചിഹ്നങ്ങളുമായി ചിലര്‍ പരിഹസിക്കുമ്പോഴും വിശ്രമങ്ങളില്ലാത്ത നവോത്ഥാന യുവത്വം കാരുണ്യത്തിന്റെ പ്രകാശരശ്‌മികളായി കേരളത്തില്‍ നിറഞ്ഞുനിന്നു.
കഴിഞ്ഞുപോയ തലമുറ വച്ചുപിടിപ്പിച്ച മരങ്ങളെ ലക്ഷ്യബോധമില്ലാതെ വെട്ടിനിരത്തിയ കേരളീയ സമൂഹത്തിനു മുന്നില്‍ അടുത്ത തലമുറക്ക്‌ തണലേകാനുള്ള പച്ചപ്പുകളുമായി ഉണര്‍ന്നുയരേണ്ടത്‌ മുസ്‌ലിമിന്റെ ബാധ്യതയാണെന്ന തിരിച്ചറിവില്‍ നിന്ന്‌ കേരളം ഇസ്‌ലാമിന്റെ പാരിസ്ഥിതികപാഠങ്ങള്‍ കണ്ടറിയുകയായിരുന്നു. പ്രകൃതി വിഭവങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ മതപാഠമാണെന്ന തെര്യപ്പെടുത്തലിലൂടെ കേരളത്തില്‍ നിര്‍വഹിക്കപ്പെട്ടത്‌ മാതൃകാപരമായ മതപ്രബോധനമായിരുന്നു. തുടര്‍ന്നങ്ങോട്ട്‌ കേരളത്തിലെ മഴക്കാലങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ വച്ചുപിടിപ്പിച്ച ഹരിത ശോഭകളിലൊന്നിലേക്കാണ്‌ കണ്ണുതുറന്നിട്ടുള്ളത്‌. ലോകാവസാനത്തിന്റെ കൊടുങ്കാറ്റ്‌ മുരണ്ടുണര്‍ന്നു വരുമ്പോഴും കൈയിലുള്ള കൊച്ചുചെടിയെ മണ്ണിന്റെ മാറില്‍ നടാന്‍ നേരം കണ്ടെത്തണമെന്ന പ്രവാചക വചനത്തെ അതിശയത്തോടെ കേരളീയര്‍ നോക്കിക്കാണുകയായിരുന്നു ഇതുവഴി.
ബാബരി മസ്‌ജിദ്‌ ധ്വംസനത്തെ തുടര്‍ന്ന്‌ തൊണ്ണൂറുകള്‍ മലയാളക്കരക്ക്‌ നല്‌കിയത്‌ അശാന്തമായ മനസ്സുകളായിരുന്നു. സഹജീവി കുടല്‍മാല കുത്തിക്കീറുമോ എന്ന ഭയം ഓരോ മനുഷ്യരിലേക്കും ഇരച്ചുകയറിയ നാളുകളില്‍ പക്വമതികളുടെ സമചിത്തതപോലും തകര്‍ക്കാന്‍ മാത്രം ശേഷി ബാബറി മസ്‌ജിദിന്റെ കൊഴിഞ്ഞുവീഴുന്ന താഴികക്കുടങ്ങള്‍ക്കുണ്ടായിരുന്നു. നിരപരാധിയുടെ നെഞ്ചുപിളര്‍ക്കുന്ന ഏതു സൈദ്ധാന്തികതക്കെതിരെയും മതം സടകുടഞ്ഞുണരുമെന്ന്‌ `മതം തീവ്രവാദത്തിനെതിരെ' എന്ന വിമോചന വാക്യത്തിലൂടെ ഇസ്വ്‌ലാഹീ യുവത പ്രഖ്യാപിക്കുന്നു. അറച്ചുനിന്ന യാഥാസ്ഥിതികര്‍ക്കും മതരാഷ്‌ട്രീയ നിര്‍മാതാക്കള്‍ക്കും മുന്നില്‍ ഒരു വന്‍മതിലായി ഐ എസ്‌ എം ഉയര്‍ന്നുവന്ന തൊണ്ണൂറുകള്‍ കേരളത്തിനു നല്‌കിയത്‌ അവിസ്‌മരണീയങ്ങളായ മതാധ്യാപനങ്ങളായിരുന്നു.
കേരളീയ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മദ്യപാനത്തിനെതിരെ ഒരു മുസ്‌ലിം ശബ്‌ദിച്ചാല്‍ അതുപോലും ഇന്ന്‌ സാമുദായികവല്‍കരിക്കപ്പെടുന്ന മാധ്യമ വര്‍ഗീയതയുടെ നടുവിലാണ്‌ സമകാലിക കേരളം ചെന്നുനില്‍ക്കുന്നത്‌. നിഷ്‌കളങ്കമായ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പോലും `അകിടിന്‍ ചുവട്ടില്‍ രക്തം തേടുന്ന' വര്‍ഗീയ മനസ്സുകള്‍. ലൈംഗിക ജീര്‍ണതയില്‍ ഇനി സഞ്ചരിക്കാന്‍ ചെളിക്കുണ്ടുകളൊന്നും ബാക്കിനിര്‍ത്താത്ത രോഗമനസ്സുകള്‍, ആര്‍ത്തിയുടെ തേറ്റകളില്‍ പണത്തിന്റെ ദുഷ്‌ടുകളിറ്റുവീഴുന്ന ദുരാഗ്രഹത്തിന്റെ `മണിചെയിന്‍' മനസ്സുകള്‍, മൊബൈലുകളൊരുക്കുന്ന അശ്ലീല വിരുന്നുകളില്‍ അഭിരാമങ്ങളായ അനുഭൂതികള്‍ തേടുന്ന സുഖലോലുപ മനസ്സുകള്‍! ഇതാണല്ലോ ഇന്ന്‌ കേരളീയ സമൂഹത്തിന്റെ ആകെത്തുക!
കൂടുതല്‍ കൂടുതല്‍ കലുഷവും വികൃതവുമാവുന്ന ഈ കേരളീയ സാമൂഹിക മനസ്സുകളുടെ പ്രതലങ്ങളിലേക്ക്‌ ഇന്ന്‌ സമര്‍പ്പിക്കാവുന്ന ഏറ്റവും വിശിഷ്‌ടമായ സന്ദേശം ജീവിതവിശുദ്ധി തന്നെയാണ്‌. ദൈവികമതം പ്രഥമമായി ഗണിക്കുന്ന വിശ്വാസത്തിന്റെ തിരിച്ചറിവ്‌ ഈ വിശുദ്ധിയിലാണ്‌ കുടികൊള്ളുന്നത്‌. ഇസ്വ്‌ലാഹി യുവത്വം സഹജീവനത്തിന്റെ ഒരു സമര്‍പ്പണ മാതൃക ജീവിതവിശുദ്ധിയിലൂടെ കൈരളിക്ക്‌ പകരാനെത്തുമ്പോള്‍ മരിച്ചിട്ടില്ലാത്ത മനുഷ്യത്വം നവോത്ഥാനത്തിന്റെ പുതിയ തലമുറക്കൊപ്പം നില്‌ക്കുമെന്നുറപ്പാണ്‌. അതിദാരുണമായ സാമൂഹിക ജീര്‍ണത മനുഷ്യന്റെ അതിജീവനത്തെപ്പോലും വെല്ലുവിളിക്കുന്ന വലിയ ദുരന്ത മുഖത്താണിന്ന്‌ കേരളം നില്‌ക്കുന്നത്‌. കുറ്റകൃത്യങ്ങളില്‍ മറ്റെങ്ങും കാണാനാവാത്ത മൃഗീയത പ്രകടമാവുമ്പോള്‍ പ്രജ്ഞ മരവിച്ചു നില്‌ക്കുന്ന കേരളത്തെ സാമുദായിക രാഷ്‌ട്രീയത്തിന്റെ വിരസ ചര്‍ച്ചകളിലൊതുക്കുന്ന പൊതുരംഗവും മാധ്യമങ്ങളും ചെയ്യുന്നത്‌ മനുഷ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന്‌ സമൂഹത്തെ തെര്യപ്പെടുത്തേണ്ടത്‌ ധന്യമായ ഭൂതകാലമുള്ള ഇസ്വ്‌ലാഹി യുവതയാണ്‌.
നവോത്ഥാന യുവത്വത്തിന്റെ പ്രസക്തമായ ഈ പരിസരങ്ങളില്‍ നിന്നുകൊണ്ടാണ്‌ ജീവിത വിശുദ്ധി ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌. ദുര മൂത്ത മനസ്സുകള്‍ക്ക്‌ മനുഷ്യനന്മയുടെ പാഠങ്ങള്‍ ഓതിക്കൊടുക്കാന്‍, വികലമായ വിശ്വാസചിന്തകള്‍ ജനങ്ങളെ കൊണ്ടെത്തിച്ച വിഷഭൂമിയുടെ ഭയാനകതയെക്കുറിച്ചവരെ ബോധ്യപ്പെടുത്താന്‍, സമര്‍പ്പണബോധവും ജീവിത വിശുദ്ധിയുമുള്ള മുസ്‌ലിം യുവത്വം ഉണര്‍ന്നുയരേണ്ടതുണ്ട്‌. സാധ്യതകളെ തിരയാന്‍ മനസ്സുള്ള മുജാഹിദ്‌ യുവത്വത്തെ കാത്തിരിക്കുന്നത്‌ പ്രതീക്ഷകളുടെ പ്രഭാതങ്ങള്‍ തന്നെയാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: