ഒരേയൊരു പ്രണയം
അബ്‌ദുല്‍വദൂദ്
അലിയ്യിബ്‌നു അബീ ത്വാലിബ് കൂലിപ്പണിക്കാരനായിരുന്നു. ഒരു അന്‍സ്വാരിയുടെ തോട്ടം നനയ്‌ക്കലായിരുന്നു ജോലി. ഒരു ദിവസം ജോലി ചെയ്‌തുകൊണ്ടിരിക്കെ അബൂബകര്‍ സ്വിദ്ദീഖും ഉമര്‍ബിന്‍ ഖത്വാബും സഅദുബ്‌നു മുആദും വന്ന് അലിയോട് പറഞ്ഞു: ``അലീ, റസൂല്‍ ഫാത്വിമക്ക് വിവാഹമാലോചിക്കുന്നുണ്ട്. നിന്നെ മരുമകനാക്കിയാലോ എന്നൊരാലോചനയുമുണ്ട് റസൂലിന്. നിനക്ക് ഒരന്വേഷണം നടത്തിക്കൂടേ?''
``ദാരിദ്ര്യം എന്നെയതിന് അനുവദിക്കുന്നില്ല'' -അലി പറഞ്ഞു.
അവര്‍ മൂന്നുപേരും അലിയെ നിര്‍ബന്ധിച്ചു. ഒടുവില്‍ അദ്ദേഹം തിരുനബിയുടെ അരികിലെത്തി.
``അല്ലാഹുവിന്റെ റസൂലേ, എനിക്ക് ഫാത്വിമയെ വിവാഹം ചെയ്‌തു തന്നാല്‍ ഞാനവരെ നല്ല രീതിയില്‍ സംരക്ഷിക്കാം...''
``നിങ്ങളുടെ കയ്യില്‍ മഹര്‍ വല്ലതുമുണ്ടോ..?''
``വാളും പരിചയും ഒരൊട്ടകവുമുണ്ട്.''
``ശരി, ആ പരിച വിറ്റ് പണമുണ്ടാക്കിക്കോളൂ.''
അലി സന്തോഷം തിങ്ങിയ മനസ്സോടെ മടങ്ങി.
``മോളേ, അലിക്ക് നിന്നെ ഇഷ്‌ടമാണത്രെ, വിവാഹമന്വേഷിക്കുന്നുണ്ട്, എന്താ അഭിപ്രായം?''
ആനന്ദം നിഴലിട്ട ആ മുഖത്ത് നാണം മാത്രം.
പരിച വില്‍ക്കാനെത്തിയ അലിയില്‍ നിന്ന് പ്രിയസുഹൃത്ത് ഉസ്‌മാനു ബ്‌ന്‍ അഫ്‌ഫാന്‍ 480 ദിര്‍ഹമിന് അത് വാങ്ങി. കാര്യം മനസ്സിലായപ്പോള്‍ പരിച അലിക്കു തന്നെ സമ്മാനിക്കുകയും ചെയ്‌തു.
അലി മഹ്‌റുമായി തിരുസന്നിധിയിലെത്തി. അന്‍സ്വാറുകളെയും മുഹാജിറുകളെയും വിവരമറിയിക്കാന്‍ പ്രിയശിഷ്യന്‍ ബിലാലിന് തിരുനബിയുടെ നിര്‍ദേശം. പള്ളിയില്‍ എല്ലാവരും ഒത്തുകൂടി. വലിയ ഉപദേശങ്ങളടങ്ങിയ ചെറിയൊരു പ്രസംഗം തിരുനബി തന്നെ നടത്തി. നാനൂറ് ദിര്‍ഹം മഹ്‌റിന് റസൂലിന്റെ ഹൃദയപുഷ്‌പം അലിയുടെ പ്രണയപുഷ്‌പമായിത്തീര്‍ന്നു.
സദസ്സിന് ഈത്തപ്പഴം കൊണ്ട് സല്‍കാരം.
ആത്മസുഹൃത്ത് അബൂബകറിന്റെ കയ്യില്‍ 360 ദിര്‍ഹം വെച്ചുകൊടുത്ത് തിരുനബി പറഞ്ഞു; ``അവര്‍ക്ക് വീട്ടുപകരണങ്ങളും അത്തറും വാങ്ങിക്കൊടുക്കൂ.''
ഫാത്വിമക്ക് വസ്‌ത്രം, ഒരു പുതപ്പ്, തലയിണ, മണ്‍പാത്രങ്ങള്‍ പിന്നെ അത്തറും വാങ്ങി അബൂബക്കര്‍ റസൂലിനെ ഏല്‍പ്പിച്ചു. ഈ ആനന്ദാവസരത്തിന് സാക്ഷികളായി തിരുനബിയുടെ പത്‌നിമാരും സഹചരും സ്‌ത്രീകളുമെല്ലാം ഒത്തുകൂടി. ആഇശാ ബീവിയും ഉമ്മുസല്‍മായും മുആദയും പാട്ടുപാടി ആശംസയര്‍പ്പിച്ചു.
``വിവാഹസദ്യ വേണമല്ലോ'' -റസൂലിന്റെ നിര്‍ദേശം.
ശിഷ്യന്‍ സഅദ് ആടിനെ അറുത്ത് സദ്യയൊരുക്കി.
എല്ലാവരും പിരിഞ്ഞപ്പോള്‍ ഉമ്മുസല്‍മാ ഫാത്വിമയെ അകത്തേക്ക് കൂട്ടിക്കൊണ്ട് വന്നു. വിയര്‍ക്കുന്ന മുഖത്തോടെ നില്‍ക്കുന്ന കരളിന്റെ കരളിനെ മാറോടണച്ച്, മുഖപടം മാറ്റി തിരുനബിയുടെ നറുചുംബനം, പ്രിയമകള്‍ക്കുള്ള വിവാഹ സമ്മാനം.
``മോളേ, നല്ലൊരു വ്യക്തിയെയാണ് നിനക്ക് ജീവിതത്തില്‍ കിട്ടിയത്.''
അലിയെ ചേര്‍ത്തുപിടിച്ചിങ്ങനെ പറഞ്ഞു; ``എന്റെ ഫാത്വിമ നിങ്ങള്‍ക്ക് അനുഗ്രഹമാകട്ടെ.''
ഒരു മാസത്തിനു ശേഷമാണ് അലിയുടെ വീട്ടിലേക്ക് ഫാത്വിമയെ കൂട്ടിയത്. അലി വാങ്ങിയ വാടകവീട്ടിലേക്കാണ് കൊണ്ടുപോയത്. ഉമ്മുഅയ്‌മനാണ് ഫാത്വിമയെ കൈപിടിച്ച് കൊണ്ടുപോയത്. തിരുനബിയും കൂടെപ്പോയി, അവര്‍ക്കു വേണ്ടി ദുആ ചെയ്‌ത ശേഷം ഇതുകൂടി പറഞ്ഞുകൊടുത്തു;
``മോളേ, വിജ്ഞാനത്തിലും വിവേകത്തിലും ശ്രേഷ്‌ഠനായ ഒരാളെയാണ് മോള്‍ക്ക് കിട്ടിയത്. ആദ്യത്തില്‍ ഇസ്‌ലാം സ്വീകരിച്ചവനുമാണ് നിന്റെ അലി. അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ അനുഗ്രഹിക്കട്ടെ.''
ആ പ്രാര്‍ഥന സഫലമായി. പ്രണയം കൊണ്ട് തുന്നിക്കെട്ടിയ ആത്മാനുരാഗം അവര്‍ക്കിടയില്‍ പൂത്തുനിന്നു. ഭക്തിയായിരുന്നു അവരുടെ ശക്തി. സല്‍കര്‍മങ്ങളായിരുന്നു സമ്പാദ്യം. തലമുറകളോളം നീണ്ടുനിന്ന ധന്യമാതൃകയായി ആ ആത്മബന്ധം ബാക്കിയായി. പരസ്‌പരം അറിഞ്ഞും ഉള്‍ക്കൊണ്ടും ആദരിച്ചും അതിലേറെ അന്യോന്യം മാത്രം പ്രണയിച്ചും അവര്‍ നമുക്കെല്ലാം പാഠമായി.
0 comments: