മലയാളത്തിലെ ഇസ്‌ലാമിക പ്രതിനിധാനം മൗദൂദിയുടെ സ്വാധീനഫലമോ?
പ്രതികരണം -
ശംസുദ്ദീന്‍ പാലക്കോട്
സയ്യിദ് മൗദൂദിയുടെ വീക്ഷണ സാകല്യത്തിന് തീര്‍ച്ചയായും കേരളീയ സാമൂഹിക സാകല്യത്തില്‍ ഇന്നും സ്വാധീനുമണ്ട്'' -ജമാഅത്ത് വാരികയില്‍ (17-11-2012) ജമാഅത്ത് ലേഖകന്റെ `സയ്യിദ് മൗദൂദിയുടെ പ്രൗഢ സാന്നിധ്യങ്ങള്‍' എന്ന ലേഖനത്തിലെ ഈ വരികള്‍ വായിച്ചപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തിയ ഒരു കഥാപാത്രമുണ്ട്. പ്രതിഭാധന്യനായ വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ്! നാട്ടില്‍ ഏതൊരു സ്‌ത്രീ ഗര്‍ഭംധരിച്ചാലും അത് ഞമ്മളാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പുളകംകൊള്ളുന്ന എട്ടുകാലി മമ്മൂഞ്ഞിനെ ബഷീറിന്റെ വാക്കുകളിലൂടെ തന്നെ പരിചയപ്പെടുത്തട്ടെ.
സയ്യിദ് മൗദൂദിയുടെ ചിന്തകള്‍ അറിയാനും കേള്‍ക്കാനും കേരളീയ സമൂഹത്തിന് സാധിച്ചത് കൊണ്ടാണ് മുസ്‌ലിംകളായ നമ്മുടെ മാത്രമല്ല, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍ തുടങ്ങിയ അമുസ്‌ലിം സാഹിത്യകാരന്മാരുടെ ജീവിതത്തില്‍ പോലും അഥവാ രചനകളില്‍ പോലും ഇസ്‌ലാമിക സ്വത്വങ്ങള്‍ സൗന്ദര്യാത്മകമായി ആവിഷ്‌കരിക്കാന്‍ നിമിത്തങ്ങളായത് എന്നുപോലും ആവേശത്തള്ളിച്ചയില്‍ ലേഖകന്‍ പറയുന്നുണ്ട്! ലേഖനത്തിലെ കണ്ടെത്തലുകളില്‍ മറ്റു ചിലത് ഇതാണ്:
* ഇസ്‌ലാമില്‍ ആത്മീയത മാത്രമല്ല, ഭൗതികതയും ഉണ്ട് എന്ന് തിരിച്ചറിഞ്ഞത് മൗദൂദി ചിന്തകള്‍ കേരളത്തിലെത്തിയതുകൊണ്ടാണ്. ``ദൈവത്തെയും ആത്മീയതയെയും ഭൗതിക ജീവിതത്തില്‍ നിന്നും വേര്‍പെടുത്തുകയല്ല സാമൂഹിക രാഷ്‌ട്രീയ ജീവിതത്തില്‍ ദൈവത്തെയും മതത്തെയും മൂലസ്രോതസ്സായി സ്ഥാപിക്കുകയാണ് ഇസ്‌ലാമിക നവോത്ഥാനം'' എന്ന് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ `മുസ്‌ലിം നവോത്ഥാനവും ആധുനികതയും' എന്ന പുസ്‌തകത്തില്‍ എഴുതിയിട്ടുള്ളത് മൗദൂദി അനാച്ഛാദനം ചെയ്‌ത രാജമാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ ഭാഗ്യമുണ്ടായതുകൊണ്ടാണത്രെ!!
മൗദൂദിസം ഹാജിസാഹിബിലൂടെയും മറ്റും കേരളീയ മുസ്‌ലിംകളില്‍ പരിചയപ്പെടുത്തപ്പെടുന്നത് 1950കളിലാണ്. അതിനും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ 1920കളില്‍ തന്നെ ഭൗതികജീവിതത്തെയും സാമൂഹിക രാഷ്‌ട്രീയ ജീവിതത്തെയും മതവുമായി ബന്ധപ്പെടുത്തുകയും പൗരോഹിത്യത്തെ നിരാകരിക്കുകയും ചെയ്യുന്ന നവോത്ഥാന സംരംഭങ്ങള്‍ കേരളീയ പശ്ചാത്തലത്തിലെ മുസ്‌ലിം സാമൂഹികതയില്‍ നടന്നിരുന്നു എന്ന ചരിത്രാംശത്തെയാണ് കണ്ണടച്ചിരുട്ടാക്കി ജമാഅത്തു ലേഖകന്‍ ഇതിന്റെ പേറ്റന്റ് സയ്യിദ് മൗദൂദിയില്‍ അണിയിക്കാന്‍ വൃത്തിഹീനമായ ശ്രമം നടത്തുന്നത്.
1932ല്‍ മരണപ്പെട്ട വക്കം അബ്‌ദുല്‍ഖാദിര്‍ മൗലവിയാണ് കേരളത്തില്‍ മുസ്‌ലിം സമുദായത്തിലെ ഏറ്റവും മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവും ഊര്‍ജസ്വലനായ നേതാവുമെന്ന് മാധ്യമം `വെളിച്ചം' പതിപ്പില്‍ 19-11-2012 ന് മുജീബ് ചോയ്‌മഠം എഴുതിയ കുറിപ്പ് മാത്രം മതി ജമാഅത്ത് ലേഖകന് മറുപടിയായി. അതില്‍ പറയുന്ന ഒരു വാചകം ഇപ്രകാരമാണ്: ``മൗലവിയുടെ പ്രാരംഭകാല പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ സാമൂഹിക ഉയര്‍ച്ചയും ഉണര്‍വുമാണ് മുസ്‌ലിം സമുദായത്തിലെ പില്‍ക്കാല മുന്നേറ്റങ്ങള്‍ക്കും പുരോഗതികള്‍ക്കും വഴി വെട്ടിത്തെളിച്ചതെന്ന് കാണാന്‍ കഴിയും.''
അഥവാ കേരള മുസ്‌ലിംകള്‍ പുരോഗതിയുടെ വഴി വെട്ടിത്തെളിച്ചത് മൗദൂദി കിളച്ചുമറിച്ച രാജകീയ ഇടവഴികളിലൂടെയല്ലെന്നും വക്കം മൗലവി അനാച്ഛാദനംചെയ്‌ത നവോത്ഥാനത്തിന്റെ രാജമാര്‍ഗത്തിലൂടെയാണെന്നും മാധ്യമം ലേഖകന് മനസ്സിലായ ചരിത്ര ബോധമെങ്കിലും മൗദൂദിയെ അന്വേഷിച്ചിറങ്ങിയ പ്രബോധനത്തിനും ലേഖകനുമുണ്ടാകേണ്ടതായിരുന്നു.
പി സുരേന്ദ്രനെപ്പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരില്‍ മൗദൂദിയുടെ സ്വാധീനമുണ്ടായെന്നാണ് മറ്റൊരു വാദം. ജമാഅത്ത് ലേഖകന്‍ പേരെടുത്തു പറഞ്ഞ സാക്ഷാല്‍ പി സുരേന്ദ്രന് സയ്യിദ് മൗദൂദിയെ സംബന്ധിച്ചും അദ്ദേഹം സ്ഥാപിച്ച മതരാഷ്‌ട്രീയ പ്രസ്ഥാനത്തെപ്പറ്റിയും നല്ല അഭിപ്രായമല്ല ഉള്ളത് എന്ന സത്യം ലേഖകന്‍ അറിയാതെ പോയതാണോ? ഏതായാലും മൗദൂദി ചിന്തകള്‍ പ്രകാശദായകമാണെന്ന അഭിപ്രായം പി സുരേന്ദ്രനില്ല. പ്രകോപനപരമാണ് എന്ന അഭിപ്രായം ഉണ്ടുതാനും. രണ്ട് വര്‍ഷം മുമ്പ് കണ്ണൂരിലെ `അകം' മാസികയില്‍ അദ്ദേഹമെഴുതിയ വരികള്‍:
``ഇസ്‌ലാമിക ശരീഅത്തിലധിഷ്‌ഠിതമല്ലാത്ത ഭരണക്രമങ്ങള്‍ നിലനില്‌ക്കുന്ന രാജ്യങ്ങളിലെ മുസല്‍മാന്മാരെങ്കിലും ഇസ്‌ലാമിക വ്യവസ്ഥക്കുവേണ്ടി ജിഹാദ് നടത്താന്‍ ബാധ്യസ്ഥരാണ് എന്ന ചിന്തകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം തീവ്ര ചിന്തകളില്‍ നിന്നാണ് ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന മുദ്രാവാക്യമൊക്കെ രൂപപ്പെടുന്നത്. അത് ഇതര സമുദായങ്ങളെ പ്രകോപിതരാക്കുന്നു എന്നതും സ്വാഭാവികം. (ഹിംസയുടെ ജനാധിപത്യനാട്യങ്ങളും മതേതര നാട്യങ്ങളും'എന്ന ലേഖനം, 2010 ജനുവരി)
ജമാഅത്തുകാര്‍ ഇപ്പോഴും വിറ്റുകൊണ്ടിരിക്കുന്ന മൗദൂദിയുടെ ഖുതുബാതും, താത്വിക വിശകലനവും വായിച്ചിട്ടുള്ളവര്‍ക്ക് പി സുരേന്ദ്രന്‍ പ്രകാശിപ്പിച്ച അഭിപ്രായങ്ങള്‍ തന്നെയാണ് പ്രകാശിപ്പിക്കാനുണ്ടാവുക. അത്രമേല്‍ ജനിധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവും പ്രതിലോമപരവും പ്രകോപനപരവുമാണ് മേല്‍ സൂചിപ്പിച്ച രണ്ട് പുസ്‌തകങ്ങളും. വിശിഷ്യാ ഖുതാബാത്തിലെ `ജിഹാദ്' `ജിഹാദിന്റെ പ്രാധാന്യം' എന്നീ അധ്യായങ്ങള്‍. പി സുരേന്ദ്രന്‍ പോലും പ്രകോപനപരം എന്ന് വെട്ടിത്തുറന്നത് പറഞ്ഞ മൗദൂദി ചിന്തകളാണ് പി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സാഹിത്യകാരന്മാരുടെ സര്‍ഗാത്മക ചിന്തയെയും സൗന്ദര്യാത്മകതയെയും ദീപ്‌തമാക്കിയത് എന്ന് പറയണമെങ്കില്‍ `എട്ടുകാലി മമ്മൂഞ്ഞ്'നല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക!
മൗദൂദി ചിന്തകള്‍ മലയാളത്തില്‍ വരുന്നതുവരെയും മുസ്‌ലിം സ്വത്വം മൂല്യബോധങ്ങളുടെ പ്രതീകമായി മാറുന്ന സര്‍ഗാത്മക സാഹിത്യ പരിശ്രമങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്ന സൂചനയുമുണ്ട്. മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന കവിത്രയങ്ങളിലൊന്നായ വള്ളത്തോള്‍ നാരായണ മേനോന്റെ `പാംസുസ്‌നാനം', `ജാതകം തിരുത്തി' തുടങ്ങിയ കവിതകളും പി കുഞ്ഞിരാമന്‍ നായരുടെ ഗദ്യകവിതയായ `മരുഭൂമിയിലെ യാത്രക്കാരന്‍' എന്ന കൃതിയും ടി ഉബൈദിന്റെ `റംസാന്‍ പെരുമകളും' സംസ്‌കൃതത്തില്‍ പൊന്‍കുന്നം സെയ്‌തു മുഹമ്മദ് എഴുതിയ `മാഹമ്മദ'വും കാണുകയോ വായിക്കുകയോ അറിയുകയോ ചെയ്‌തിരുന്നുവെങ്കില്‍ മൗദൂദി സ്‌തുതിപാഠകനായ ജമാഅത്ത് ലേഖകന് ആവേശ ഭാരത്താല്‍ കൊച്ചാകേണ്ടി വരില്ലായിരുന്നു.
`മൗദൂദിയുടെ പ്രൗഢ ചിന്താ പരിസരത്തു നിന്നാണ് വന്‍കരകളിലൊക്കെയും നവ സാമൂഹിക രാഷ്‌ട്രീയ ആവിഷ്‌കാരങ്ങള്‍ വസന്തോത്സവങ്ങളാഘോഷിക്കുന്നത്' എന്ന ആഗോള വ്യാപ്‌തിയുള്ള അവകാശവാദങ്ങളുമായാണ് ലേഖകന്‍ തന്റെ മൗദൂദിയന്വേഷണ യാത്രാലേഖനം അവസാനിപ്പിക്കുന്നത് എന്നതും ചിരിക്ക് വക നല്‌കുന്നതാണ്. `ഖുതുബാത്തി'ലൂടെയും `താത്വിക വിശകലന'ത്തിലൂടെയും `ചാര്‍ബുന്‍യാദി'യിലൂടെയും `സിയാസീ കശ്‌മകശി'ലൂടെയും സയ്യിദ് മൗദൂദി പ്രസരിപ്പിച്ച മത തീവ്രവാദചിന്തകള്‍ വന്‍കരകള്‍ താണ്ടി ഈജിപ്‌തിലും ലിബിയയിലും തുര്‍ക്കിയിലും സുഡാനിലും ഇറാനിലുമൊക്കെ എത്തിയിട്ടില്ലായിരുന്നുവെങ്കില്‍ ഇറാനില്‍ ഷാ പഹ്‌ലവിയുടെയും തുര്‍ക്കിയില്‍ കമാല്‍ പാഷയുടെയും സുഡാനില്‍ ബിന്‍അലിയുടെയും ഈജിപ്‌തില്‍ ഹുസ്‌നി മുബാറക്കിന്റെയും ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയുടെയും ഏകാധിപത്യ സ്വേച്ഛാധിപത്യ ഭരണം ഇപ്പോഴും നിലനില്‍ക്കുമായിരുന്നു എന്ന് ധ്വനി!
ഏകാധിപത്യത്തിന്റെ വന്‍മരങ്ങളെ കടപുഴക്കിയെറിയാനും തല്‍സ്ഥാനത്ത് ജനാധിപത്യത്തിന്റെ നവരാഷ്‌ട്രങ്ങള്‍ രൂപപ്പെടാനും സയ്യിദ് മൗദൂദിയും മൗദൂദിസവും നിമിത്തമായി എന്ന അവകാശവാദം ശരിയാണെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ലീഡര്‍ ആരിഫലി എന്തിനാണ് സയ്യിദ് മൗദൂദിയെയും അദ്ദേഹത്തിന്റെ ചിന്തകളെയും തള്ളിപ്പറഞ്ഞത് എന്ന കാര്യവും ലേഖകന്‍ വ്യക്തമാക്കണം. ഇതാ ആരിഫലിയുടെ വാക്കുകള്‍:
``സ്ഥാപക നേതാവ് മൗലാനാ മൗദൂദിയുടെ ആശയങ്ങളല്ല ജമാഅത്തെ ഇസ്‌ലാമി പ്രാവര്‍ത്തികമാക്കുന്നതെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നും കേരള അമീര്‍ ടി ആരിഫലി. പ്രവാചകനും വിശുദ്ധ ഖുര്‍ആനുമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാനം. മൗദൂദി ഒരു വ്യക്തിയാണ്. വ്യക്തിയുടെ ആശയങ്ങളേക്കാള്‍ പ്രാധാന്യം ഖുര്‍ആന് ആണ്. ജനാധിപത്യത്തിലാണ് ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നത്.'' (തേജസ് ദിനപത്രം, 2007 ഡിംസബര്‍ 30) l
ശബാബില്‍ നിന്നും ശംസുദ്ധീന്‍ പാലകോട് എഴുതിയത്
മറുപടിഇല്ലാതാക്കൂ