മനുഷ്യന്‍ ഔന്നത്യവും അധമത്വവും

  • Posted by Sanveer Ittoli
  • at 12:02 AM -
  • 0 comments
മനുഷ്യന്‍ ഔന്നത്യവും അധമത്വവും

അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
ജീവശാസ്‌ത്രപരമായി നോക്കിയാല്‍ മനുഷ്യന്‍ കേവലമൊരു ജന്തു. സസ്‌തനികളില്‍പെട്ട ഒരു സ്‌പീഷീസ്‌. ഡാര്‍വിന്‍ എന്ന ശാസ്‌ത്രജ്ഞന്‍ മനുഷ്യന്റെ ഈയൊരു ഭാഗം മാത്രം ഉയര്‍ത്തിപ്പിടിച്ച്‌ ഒരു സിദ്ധാന്തം മെനഞ്ഞെടുത്തു. അതാണ്‌ ഡാര്‍വിനിസം എന്നറിയപ്പെടുന്നത്‌. പതിറ്റാണ്ടുകള്‍ ആ സിദ്ധാന്തം ചര്‍ച്ച ചെയ്യപ്പെട്ടു. ജന്തുവര്‍ഗങ്ങളുടെ പരിണാമവും പരിണാമദശയിലെ ഒടുവിലത്തെ കണ്ണിയായ മനുഷ്യന്‍ കുരങ്ങിന്റെ നേര്‍ പിന്‍ഗാമിയാണെന്നുള്ള കാഴ്‌ചപ്പാടും കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ ഭൗതികവാദത്തിന്‌ ഉപോദ്‌ബലകമായി ഉപയോഗപ്പെടുത്തിയപ്പോള്‍ അതിന്‌ പ്രചാരം ലഭിച്ചു.ആ ചിന്താഗതിക്കാര്‍ ഭരണതലത്തിലെത്തിച്ചേര്‍ന്നപ്പോള്‍ ഈ സിദ്ധാന്തം ശാസ്‌ത്രമെന്ന പേരില്‍ അക്കാദമിക്‌ പാഠഭാഗങ്ങളില്‍ സ്ഥലംപിടിച്ചു. എന്നാല്‍ ഈ സിദ്ധാന്തം അംഗീകരിക്കാത്ത മതവിശ്വാസികളുടെ യുക്തിഭദ്രമായ ചോദ്യങ്ങള്‍ക്കു മുമ്പില്‍ നിസ്സംഗതയോ നിശ്ശബ്‌ദതയോ ആയിരുന്നു മറുപടി. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഡാര്‍വിന്റെ പരിണാമവാദം ശാസ്‌ത്രസത്യമല്ല എന്ന്‌ ശാസ്‌ത്രജ്ഞന്മാരും യുക്തിഭദ്രമായി സമര്‍ഥിക്കാന്‍ പോലും പറ്റാത്ത നിഗമനം മാത്രമാണെന്ന്‌ സാമൂഹിക ശാസ്‌ത്രജ്ഞന്മാരും സ്ഥിരീകരിച്ചു. ഇപ്പോള്‍ വിവേകമതികളായ ആരും പരിണാമവാദം ഒരു ശാസ്‌ത്രവസ്‌തുതയായി കൊണ്ടുനടക്കാറില്ല.
മതത്തിന്റെ വീക്ഷണത്തില്‍ മനുഷ്യന്‍ കേവലമൊരു ജന്തുവല്ല. ഭക്ഷണവും വെള്ളവും കഴിച്ച്‌ വംശവര്‍ധനവ്‌ നടത്തി നാശമടഞ്ഞ്‌ ശുദ്ധശൂന്യതയില്‍ വിലയംപ്രാപിക്കുന്ന ക്ഷണികമായ ജീവിതത്തിനപ്പുറം ചില പ്രത്യേകതകള്‍ മനുഷ്യനുണ്ട്‌ എന്ന്‌ മതങ്ങള്‍ പൊതുവില്‍ അംഗീകരിക്കുന്നു. വിശേഷബുദ്ധിയുള്ള മനുഷ്യന്‍ തന്റെ ചിന്താശേഷിയുപയോഗിച്ച്‌ ഇതരജന്തുക്കളെയും ഭൂമിയെയും അന്തരീക്ഷത്തെയുമെല്ലാം കീഴ്‌പ്പെടുത്തി തനിക്കുവേണ്ടി ഉപയോഗിക്കുന്നു എന്ന സാമാന്യസത്യം നിഷേധിക്കാന്‍ മതനിഷേധികള്‍ക്കു പോലും കഴിയുമെന്ന്‌ തോന്നുന്നില്ല.
പ്രപഞ്ചസ്രഷ്‌ടാവും നിയന്താവുമായ അല്ലാഹു സോദ്ദേശ്യം സൃഷ്‌ടിച്ച ഒരു പ്രത്യേക സൃഷ്‌ടിവര്‍ഗമാണ്‌ മനുഷ്യന്‍ എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്‌. അസ്‌തിത്വത്തിന്റെ സ്വാതന്ത്ര്യം നല്‌കപ്പെട്ട, ഉത്തരവാദിത്തങ്ങള്‍ ഏല്‌പിക്കപ്പെട്ട, ആശയാവിഷ്‌കരണ ശേഷിയുള്ള, ചെയ്‌തികള്‍ ചോദ്യംചെയ്യപ്പെടുന്ന, രക്ഷാശിക്ഷകള്‍ക്ക്‌ വിധേയമാകുന്ന മനുഷ്യനെന്ന പ്രത്യേക സൃഷ്‌ടി വിഭാഗത്തിനാണ്‌ ലോകത്തിന്റെ ഭാഗധേയം സ്രഷ്‌ടാവ്‌ ഏല്‌പിച്ചിരിക്കുന്നത്‌. ആകാശഭൂമികളുടെ സംവിധാനത്തിനു ശേഷം മനുഷ്യനെ സൃഷ്‌ടിക്കാന്‍ പോകുന്നതിന്റെ മുന്നോടിയായി മലക്കുകളോട്‌ ഇക്കാര്യം അറിയിക്കുന്ന ഭാഗം ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെയാണ്‌.
``ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക.'' (വി.ഖു 2:30)
ഒന്നാമത്തെ മനുഷ്യനെ അഥവാ ആദമിനെ പടക്കുന്നു എന്നതിനു പകരം `ഖലീഫ'യെ നിശ്ചയിക്കുന്നു എന്നാണ്‌ പറഞ്ഞത്‌. വിശാലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്‌ ഖലീഫ എന്ന അറബിവാക്ക്‌. പിന്‍ഗാമി, പകരം നില്‍ക്കുന്നവന്‍, പ്രതിനിധി എന്നൊക്കെ അര്‍ഥംവരാവുന്ന പദമാണിത്‌. ആദ്യമനുഷ്യനായ ആദമിനെ മാത്രമല്ല, മനുഷ്യവര്‍ഗത്തെ ഉദ്ദേശിച്ചുകൊണ്ടാണ്‌ ഇത്‌ പറഞ്ഞത്‌. ഓരോ മനുഷ്യനും തന്റെ മുന്‍ഗാമിയുടെ പൈതൃകമേറ്റെടുത്തുകൊണ്ട്‌ നാഗരികതയെ പരിപോഷിപ്പിക്കുന്നു. ഓരോ തലമുറയും പോയ തലമുറയ്‌ക്കു പകരം ജീവിതരംഗത്ത്‌ ആധിപത്യം സ്ഥാപിക്കുന്നു. എല്ലാ ചരാചരങ്ങളും ദൈവികനിയമമാകുന്ന പ്രകൃതി വ്യവസ്ഥയ്‌ക്ക്‌ വിധേയമായി വര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവയാണെങ്കിലും മനുഷ്യന്‍ മാത്രം ഒരളവോളം ഭൗതികവസ്‌തുക്കളുടെയും ചില ജീവികളുടെയും മേല്‍ നിയന്ത്രണാധികാരമുള്ള സ്ഥാനപതിയായി ഭൂമിയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. ഈ പ്രത്യേകതകളൊന്നും മറ്റൊരു ജന്തുവിനുമില്ല. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സ്ഥാനപ്പേരാണ്‌ (ഖലീഫ) അല്ലാഹു മനുഷ്യന്‌ നല്‍കിയിരിക്കുന്നത്‌.
തനിക്ക്‌ ചുറ്റുമുള്ളവയുടെയെല്ലാം പേരും പൊരുളും ഉള്‍ക്കൊള്ളാവുന്ന അവസ്ഥ നല്‍കിക്കൊണ്ട്‌ മനുഷ്യനെ ആദരിച്ചുവെന്നാണ്‌ തൊട്ടടുത്ത വചനത്തില്‍ പറയുന്നത്‌. 
``അല്ലാഹു ആദമിന്‌ പേരുകളെല്ലാം പഠിപ്പിച്ചു'' (2:31). ഓരോ വസ്‌തുവിന്റെയും പേരും പൊരുളും അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യന്‍ ഓരോ വസ്‌തുവിനെയും വസ്‌തുതയെയും തന്റെ വ്യാവഹാരിക മേഖലയില്‍ കൊണ്ടുവരുന്നത്‌ അതിനു പേരിട്ടുകൊണ്ടാണ്‌. നാമകരണത്തിനുള്ള കഴിവ്‌ മനുഷ്യപിതാവിന്‌ നല്‍കപ്പെട്ടു എന്നാണ്‌ മേല്‍വചനം സൂചിപ്പിക്കുന്നത്‌. ഇങ്ങനെയുള്ള മനുഷ്യന്‌ അല്ലാഹു നല്‍കിയ നിരവധി അനുഗ്രഹങ്ങളുണ്ട്‌. അവ മറ്റു ജീവികള്‍ക്കൊന്നും ഇല്ലതാനും. ചില അനുഗ്രഹങ്ങള്‍-കഴിവുകള്‍-ഉദാഹരണമായി നോക്കാം.
``അല്ലാഹു മനുഷ്യനെ സൃഷ്‌ടിച്ചു. അവനെ സംസാരിക്കാന്‍ (ബയാന്‍) പഠിപ്പിച്ചു'' (55:2,3). 
ഒരാള്‍ തന്റെ മനസ്സിലുള്ള ആശയത്തെ സ്‌പഷ്‌ടമായി ആവിഷ്‌കരിക്കുന്ന സംസാരമാണ്‌ ബയാന്‍. ഈ ആശയങ്ങള്‍ പില്‌ക്കാലക്കാര്‍ക്കുവേണ്ടി രേഖപ്പെടുത്തിവയ്‌ക്കാനുള്ള മാര്‍ഗമാണ്‌ ആലേഖനം അഥവാ എഴുത്ത്‌. അല്ലാഹു പറയുന്നു: 
``നീ വായിക്കുക. നിന്റെ രക്ഷിതാവ്‌ പേനകൊണ്ട്‌ പഠിപ്പിച്ചവനായ ഏറ്റവുംവലിയ ഔദാര്യവാനാകുന്നു'' (96:3,4). 
മനസ്സിലുള്ള ആശയത്തിന്റെ എന്‍കോഡിംഗ്‌ ആണ്‌ ആലേഖനം. വായനയിലൂടെയാണ്‌ അത്‌ ഡീകോഡ്‌ ചെയ്യുന്നത്‌. അതിനുള്ള മീഡിയം ആണ്‌ അക്ഷരങ്ങള്‍. അക്ഷരവിദ്യയാണ്‌ മനുഷ്യതലമുറകളെ സാംസ്‌കാരികവും നാഗരികവുമായി തമ്മിലടുപ്പിച്ചത്‌. നൈസര്‍ഗികമായി അല്ലാഹു നല്‍കിയ ഈ സിദ്ധികള്‍ എടുത്തുപറഞ്ഞുകൊണ്ടാണ്‌ വിശുദ്ധ ഖുര്‍ആന്‍ അവതരണം ആരംഭിക്കുന്നത്‌. ഈ കഴിവുകളെല്ലാം നല്‍കിക്കൊണ്ട്‌ മനുഷ്യനെ അല്ലാഹു ആദരിച്ചിരിക്കുകയാണ്‌.
``തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്‌ടമായ വസ്‌തുക്കളില്‍ നിന്ന്‌ നാമവര്‍ക്ക്‌ ഉപജീവനം നല്‍കുകയും നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക്‌ നാം സവിശേഷമായ ശ്രേഷ്‌ഠത നല്‍കുകയും ചെയ്‌തിരിക്കുന്നു'' (17:70)
ഇങ്ങനെ ലോകത്ത്‌ ആദരണീയമായി സൃഷ്‌ടിക്കപ്പെട്ട ഈ മനുഷ്യവര്‍ഗത്തിനു വേണ്ടിയാണ്‌ ഭൂമിയിലുള്ളതെല്ലാം സംവിധാനിച്ചിരിക്കുന്നത്‌.
``അവനാണ്‌ നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്‌ടിച്ചുതന്നത്‌'' (2:29). 
ഈ സംവിധാനിച്ചതിനെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ധാരാളം പ്രതിപാദനങ്ങളുണ്ട്‌. ``അല്ലാഹു ആകാശഭൂമികള്‍ പടച്ചു. മഴയും അതുമുഖേന ഉപജീവനത്തിനുള്ളതും നല്‍കി. കടലും കരയും നദികളും ഒരുക്കി. സൂര്യചന്ദ്രന്മാരെ സൗകര്യപ്പെടുത്തി. രാപ്പകലുകള്‍ സംവിധാനിച്ചു. ഇങ്ങനെ എണ്ണിയാല്‍ തിട്ടപ്പെടുത്താനാവാത്ത അനുഗ്രഹങ്ങള്‍ ചെയ്‌തവനാണ്‌ അല്ലാഹു'' (14:32-34)
ഇങ്ങനെ എല്ലാം നല്‍കി ഭൂമിയില്‍ ജീവിക്കാന്‍ നിയോഗിക്കപ്പെട്ട മനുഷ്യന്‌ സ്രഷ്‌ടാവും അനുഗ്രഹദാതാവുമായ അല്ലാഹു നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നല്‍കി. അതായത്‌ എല്ലാവിധ നിഅ്‌മത്തുകളും നന്മയ്‌ക്കു വേണ്ടി മാത്രമേ വിനിയോഗിച്ചുകൂടൂ. അവയുടെയെല്ലാം കണക്കുനോക്കും. അവയെപ്പറ്റി ചോദ്യം ചെയ്യപ്പെടും.
നിനക്കറിവില്ലാത്ത യാതൊന്നിന്റെ പിന്നാലെയും നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്‌ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടും.'' (17:39)
മനുഷ്യനെന്ന ഉത്‌കൃഷ്‌ട സൃഷ്‌ടിക്ക്‌ മറ്റൊരു വശവും കൂടിയുണ്ട്‌. മനുഷ്യന്‍ മാലാഖമാരെപ്പോലെ പരിശുദ്ധനല്ല. കര്‍മംകൊണ്ട്‌ പരിശുദ്ധി നേടുകയാണ്‌ വേണ്ടത്‌. എന്നാല്‍ മനുഷ്യന്‌ പ്രകൃത്യാതന്നെ ചില ദൗര്‍ബല്യങ്ങളും ദുഷ്‌ടതകളും അവനില്‍ കുടികൊള്ളുന്നുണ്ട്‌. ചിലത്‌ അവന്റെ പ്രകൃതിയാണ്‌. ചിലത്‌ അവര്‍ ആര്‍ജിച്ച ദുസ്സ്വഭാവങ്ങളാണ്‌. അവയില്‍ നിന്നെല്ലാം മോചനം നേടുന്നവനാണ്‌ ജീവിതവിജയം കൈവരിക്കുന്നത്‌. അക്രമം, അനീതി, നന്ദികേട്‌, നിരാശ, നിഷേധം, വെപ്രാളം തുടങ്ങിയ നിരവധി ദൗര്‍ബല്യങ്ങള്‍ക്കുടമയാണ്‌ മനുഷ്യനെന്നും അവയില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ യാഥാര്‍ഥ മോചനം നേടാന്‍ വിശ്വാസങ്ങളും അനുഷ്‌ഠാനങ്ങളും മുഖേന ഭക്തിയാര്‍ജിക്കുക എന്നതാണ്‌ പോംവഴിയെന്നും അനേകം വചനങ്ങളില്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ചില ഉദാഹരണങ്ങള്‍ നോക്കൂ.
``തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്‌ (?ĸg). അതായത്‌ തിന്മബാധിച്ചാല്‍ പൊറുതികേട്‌ കാണിക്കും ( ?ho?nL). നന്മ കൈവന്നാല്‍ തടഞ്ഞുവയ്‌ക്കുകയും (?ľe) ചെയ്യും. സ്ഥിരമായും നിഷ്‌ഠയോടെയും നമസ്‌കരിക്കുന്നവരൊഴികെ.'' (70:19-22) ഖുര്‍ആന്‍ മനുഷ്യനെപ്പറ്റി വരച്ചുകാണിക്കുന്ന മറ്റൊരു ചിത്രം നോക്കൂ: പടക്കുതിരപോലുള്ള ജന്തുക്കള്‍ പുല്ലും വെള്ളവും നല്‍കുന്ന തങ്ങളുടെ ഉടമസ്ഥനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാവുന്നു. എന്നാല്‍ മനുഷ്യന്‍ തന്നെ പടച്ചുപരിപാലിക്കുന്ന അല്ലാഹുവിനോട്‌ നന്ദികെട്ടവന്‍ (Oľc) ആണ്‌. (100:1-6)
കടുത്ത നിരാശ മനുഷ്യന്റെ ദൗര്‍ബല്യമാണ്‌. മനുഷ്യന്‌ നാം നമ്മുടെ പക്കല്‍ നിന്ന്‌ വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും എന്നിട്ട്‌ നാമത്‌ അവനില്‍ നിന്ന്‌ എടുത്തുമാറ്റുകയും ചെയ്‌താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും (?SDĪ) ഏറ്റവും നന്ദികെട്ടവനും (Qįc) ആയിരിക്കും (11:9). മനുഷ്യന്‍ നന്മയ്‌ക്കു വേണ്ടി എമ്പാടും തേടുന്നു. തിന്മ അവനെ ബാധിച്ചാല്‍ മനം മടുത്തവനും നിരാശനും (?ľb ?SDĪ) ആയിത്തീരുന്നു (41:49). എണ്ണിയാല്‍ തിട്ടപ്പെടുത്താനാവാത്തത്ര അനുഗ്രഹങ്ങള്‍ അല്ലാഹു നല്‍കിയിട്ടുണ്ടെങ്കിലും മനുഷ്യന്‍ മഹാ അക്രമിയും (?ĸX) വളരെ നന്ദികെട്ടവനും തന്നെ. (14:34)
ഇപ്പറഞ്ഞ സൂക്തങ്ങളില്‍ സൂചിപ്പിച്ചത്‌ മാനുഷികമായ ദൗര്‍ബല്യങ്ങളാണ്‌. ഇത്‌ മലക്കുകള്‍ക്കുണ്ടാവില്ല. മൃഗങ്ങള്‍ക്കും ഇല്ല. എന്നാല്‍ ദൗര്‍ബല്യങ്ങളെ (ചിലപ്പോള്‍ ദുഷ്‌ടതയെ) അതിജീവിക്കേണ്ടത്‌ വിശ്വാസം (?燩, ധര്‍മനിഷ്‌ഠ (iIJJ) എന്നിവകൊണ്ടാണെന്ന്‌ അല്ലാഹു പഠിപ്പിക്കുന്നു. ഇതിന്റെ സംഗ്രഹം പോലെയാണ്‌ വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍ അസ്വ്‌റിന്റെ ഉള്ളടക്കം. അതിപ്രകാരമാണ്‌: ``മനുഷ്യന്‍ നഷ്‌ടത്തിലാണ്‌. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യവും ക്ഷമയും കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്‌തവരൊഴികെ.'' (103:1-3)
മാനുഷികമായ ദൗര്‍ബല്യങ്ങളെ വിശ്വാസവും ഭക്തിയും കൊണ്ട്‌ അതിജീവിക്കുക എന്നതാണ്‌ വിജയമാര്‍ഗം. ഇതുതന്നെയാണ്‌ മതകീയ ജീവിതം. മതത്തിന്റെ സത്യസനാതന മൂല്യങ്ങള്‍ അവഗണിച്ച്‌ മാനുഷിക ദൗര്‍ബല്യങ്ങള്‍ ജീവിതശൈലിയായി സ്വീകരിച്ചവരാണ്‌ മനുഷ്യരിലെ ദൗര്‍ഭാഗ്യവാന്മാരും സമൂഹത്തിന്‌ ഭാരമായിത്തീരുന്നവരും. മനുഷ്യന്‍ നന്നായിത്തീര്‍ന്നാല്‍ ഏറെ ഉന്നതനും അധപ്പതിച്ചാല്‍ മൃഗത്തെക്കാള്‍ അധമനും ആയിത്തീരുമെന്നാണ്‌ ഖുര്‍ആനിന്റെ കാഴ്‌ചപ്പാട്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
``തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്‌ടിച്ചിരിക്കുന്നു. പിന്നീട്‌ നാം അവനെ അധമരില്‍ അധമനാക്കിത്തീര്‍ത്തു. (95:4,5). ``മറ്റൊരു ജന്തുവര്‍ഗത്തിനും നേടാന്‍ സാധിക്കാത്ത നിരവധി നേട്ടങ്ങള്‍ നേടിയെടുക്കാന്‍ പാകത്തിലുള്ള സവിശേഷ ഘടനയോടെയാണ്‌ മനുഷ്യനെ അല്ലാഹു സൃഷ്‌ടിച്ചിരിക്കുന്നത്‌. 
മറ്റൊരു ജന്തുവിനും സാധിക്കാത്ത വിധം ദുഷ്‌ടവും ഹീനവുമായ നിലവാരത്തിലേക്ക്‌ അധപ്പതിക്കാനുള്ള സാധ്യതയും മനുഷ്യന്റെ ഘടനയില്‍ ജഗന്നിയന്താവ്‌ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. ഔന്നത്യത്തിലേക്കും അധപ്പതനത്തിലേക്കും നയിക്കുന്ന ജീവിതരീതികള്‍ ഏതൊക്കെയെന്ന്‌ അവന്‍ മനുഷ്യന്‌ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌.'' (വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ) 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: