സംഘടനാഐക്യവും നമ്മുടെ ബാധ്യതകളും

  • Posted by Sanveer Ittoli
  • at 12:37 AM -
  • 0 comments
സംഘടനാഐക്യവും നമ്മുടെ ബാധ്യതകളും

- പരമ്പര-4 -
എ അസ്‌ഗറലി
പുതു നൂറ്റാണ്ടിന്റെ പ്രശ്‌നങ്ങളും സാധ്യതകളും മനസ്സിലാക്കി മാറ്റങ്ങളും പദ്ധതികളും കൊണ്ടുവരാനാണ്‌ ദീര്‍ഘവീക്ഷണമുള്ള ഒരു സംഘടനയും അതിന്റെ നേതൃത്വം യത്‌നിക്കേണ്ടത്‌. അതിനു പറ്റിയ സാഹചര്യം സൃഷ്‌ടിക്കാന്‍ പരിശ്രമിക്കുന്നതിന്‌ പകരം അവസരങ്ങള്‍ നഷ്‌ടപ്പെടുത്താനും കൈവിടാനുമാണ്‌ പലരും ശ്രമിക്കുന്നത്‌. പ്രസ്ഥാനത്തിന്റെ പ്രയാണം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കും കടന്നുചെല്ലേണ്ടതായിരുന്നു. അത്‌ ഉണ്ടായില്ല എന്ന്‌ മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ അവസ്ഥ, പട്ടികജാതി വിഭാഗങ്ങളേക്കാള്‍ പിന്നിലാണ്‌ താനും. ഇവരുടെ ഭൗതികസാഹചര്യങ്ങള്‍ മാത്രമല്ല മതപരവും വിശ്വാസപരവുമായ കാര്യങ്ങളും പരിതാപകരമാണ്‌. ഇത്‌ മാറ്റിയെടുക്കുന്നതിനെകുറിച്ച ചര്‍ച്ചയോ ആലോചനയോ പദ്ധതികളോ ആവിഷ്‌കരിക്കാന്‍ നേതൃത്വത്തിന്‌ സമയമുണ്ടായില്ല. ആദര്‍ശരംഗത്ത്‌ ജംഇയ്യത്ത്‌ അഹ്‌ലേ ഹദീസിന്റെ പാത പിന്‍പറ്റി അവരുമായി സഹകരിച്ചു എന്നതുകൊണ്ട്‌ നമ്മുടെ ദൗത്യം നിര്‍വഹിക്കപ്പെടുമോ?
ഇന്ത്യയുടെ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇസ്‌ലാഹി സ്വാധീനമുള്ള നിരവധി ഗ്രാമങ്ങളും ജനവിഭാഗങ്ങളുമുണ്ട്‌. എന്നാല്‍ അവര്‍ സംഘടിതരോ സംസ്‌കാരസമ്പന്നരോ സാമൂഹിക ഉണര്‍വ്‌ നേടിയവരോ അല്ല. അതിനുള്ള ബോധവും പ്രേരണയും അവര്‍ക്ക്‌ ഉണ്ടായിട്ടില്ല. നവോഥാന രംഗത്ത്‌ നാം രൂപപ്പെടുത്തിയ കേരള മോഡല്‍ ഇതര സംസ്ഥാനങ്ങളില്‍ പ്രയോഗിക്കാന്‍ സാധിക്കണം. കേരളത്തിന്‌ പുറത്ത്‌ ഇസ്‌ലാഹി പ്രവര്‍ത്തകരുള്ള മറ്റ്‌ സംസ്ഥാനങ്ങളില്‍ വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിക്കാന്‍ കാര്യമായി യാതൊരു നീക്കവും നടത്താനായിട്ടില്ല. ഒറ്റപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടാവാം. അവ ഏകീകരിക്കാനായിട്ടില്ല.
ദീന്‍ എന്നാല്‍ ഖുര്‍ആന്‍ ഓതാനുള്ള അറിവും ഖുര്‍ആന്‍ മനപ്പാഠമാക്കലുമാണ്‌ എന്ന ധാരണയാണ്‌ ഉത്തരേന്ത്യയിലെ സാധാരണ മുസ്‌ലിംകള്‍ക്ക്‌. മുന്‍കാലത്തെ കേരള മുസ്‌ലിംകളുടെ അതേ അവസ്ഥ. വിശുദ്ധ റമദാനില്‍ പള്ളികളില്‍ ഇമാമത്ത്‌ നില്‍ക്കാന്‍ ഹാഫിളുകള്‍ എന്ന നിലക്ക്‌ നിരവധി സാധുജനങ്ങള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന്‌ വരാറുണ്ട്‌. ഇവരുമായുള്ള ഒരു മാസകാലത്തെ ബന്ധം വഴി അവരുടെ നാട്ടിലെ സാഹചര്യങ്ങള്‍ പഠിക്കാനോ നമ്മുടെ ആശയങ്ങളും നിലപാടും അവര്‍ മുഖേന അവരുടെ പ്രദേശങ്ങളില്‍ എത്തിക്കാനോ നമുക്ക്‌ സാധിക്കുന്നില്ല. ഇവരുടെ നാടുകളിലെ അവസ്ഥ അത്യന്തം ദയനീയമാണ്‌. അവര്‍ക്ക്‌ ഭൗതിക വിദ്യാഭ്യാസത്തിന്‌ സംവിധാനമില്ല.
പട്ടിണിയും പരിവട്ടവുമായി അവര്‍ കഴിഞ്ഞുകൂടുന്നു. സാമൂഹികമായ ഉണര്‍വ്വോ വീക്ഷണമോ ഇല്ല. രാഷ്‌ട്രീയമായ പക്വതയില്ല. ആരാലോ തെളിക്കപ്പെടുന്ന കന്നുകാലികളുടെ അവസ്ഥ. ആ പ്രദേശങ്ങളില്‍ കടന്നുചെല്ലാനും അവരുടെ ദൈന്യതകളും വിശ്വാസ വൈകല്യങ്ങളും അകറ്റാനും നമുക്ക്‌ ബാധ്യതയുണ്ട്‌. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം സ്വീകരിക്കുന്നതിന്‌ അവര്‍ക്ക്‌ പ്രേരണ നല്‍കണം.
സ്വയം മാറ്റത്തിന്‌ വിധേയരാവാതെ, `അല്ലാഹുവിന്റെ ദീന്‍ പ്രബോധനം ചെയ്യുന്നവരാണ്‌, അവന്‍ സഹായിക്കും' എന്ന ധാരണയില്‍ ഒരു കര്‍മ്മവും ചെയ്യാതെ ഇരിക്കുന്നത്‌ മൗഢ്യമാണ്‌. ``സ്വയം മാറ്റത്തിന്‌ വിധേയരാവാത്ത ജനതയില്‍ അല്ലാഹു പരിവര്‍ത്തനം ഉണ്ടാക്കുകയില്ല'' എന്ന ഖുര്‍ആനിക ആശയം നമുക്ക്‌ പാഠമാവേണ്ടതില്ലേ? തെറ്റുകള്‍ തിരുത്തി യാഥാര്‍ഥ്യബോധം കൈക്കൊള്ളുക എന്നത്‌ വളറെ പ്രധാനമാണ്‌. തെറ്റുകളും കുറ്റങ്ങളും സ്വാഭാവികമാണ്‌. അതിക്രമങ്ങളും അനീതികളും പലരിലും ഉണ്ടായേക്കാം. പ്രബോധകര്‍ എന്ന നിലക്ക്‌ പ്രബോധിതരില്‍ കാണുന്ന ഇത്തരം തെറ്റുകുറ്റങ്ങള്‍ തിരുത്താനും വിട്ടുവീഴ്‌ച ചെയ്യാനും വിശാലമായ മനസ്സുള്ള നേതൃത്വത്തിനേ സാധ്യമാവൂ. കുടുസ്സായ മനസ്സുള്ളവരില്‍ നിന്ന്‌ സമൂഹം അകലുമെന്നതില്‍ സംശയമില്ല. അനേകായിരം പേര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ കോടികള്‍ മുടക്കി നടത്തി പ്രതാപം പ്രകടമാക്കിയതുകൊണ്ടായില്ല. സമൂഹത്തിന്‌ മാര്‍ഗദര്‍ശനവും ഭദ്രതയും അവരില്‍ ഐക്യവും സംസ്‌കാരവും സാധ്യമാക്കുമ്പോഴാണ്‌ ലക്ഷ്യം വിജയമായതായി കാണാനാവുക. 
പ്രകടനപരതയല്ല മതപ്രസ്ഥാനങ്ങളില്‍ നിന്ന്‌ സമൂഹം പ്രതീക്ഷിക്കുന്നത്‌. അണിയൊപ്പിച്ച്‌ അല്ലാഹുവിന്റെ മാര്‍ഗങ്ങള്‍ ഒരു കോട്ട പോലെ ഒരുമിച്ച്‌ നില്‍ക്കുന്നതിലാണ്‌ വിജയം. സുദൃഢമായി സംയോജിപ്പിച്ച ഒരു കെട്ടിടംപോലെ അണിചേര്‍ന്നുകൊണ്ട്‌ തന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നു. (61:3)
ഈ യുദ്ധം വളുകൊണ്ടും തോക്കുകൊണ്ടും പീരങ്കികൊണ്ടുമാണോ? അത്തരം യുദ്ധത്തിന്‌ സാഹചര്യമില്ലാത്തവര്‍ക്ക്‌ അല്ലാഹുവിന്റെ ഇഷ്‌ടം എങ്ങനെ ലഭിക്കും? നാം മുജാഹിദുകള്‍ എന്ന നിലക്ക്‌ അഥവാ സമരഭടന്മാര്‍ എന്ന നിലക്ക്‌ ഏറ്റെടുത്ത ഒരു ദൗത്യമുണ്ട്‌. അന്ധവിശ്വാസങ്ങളില്‍ നിന്നും ശിര്‍ക്ക്‌പരമായ വിശ്വാസങ്ങളില്‍ നിന്നും തൗഹീദിലേക്ക്‌ സമൂഹത്തെ പരിവര്‍ത്തിപ്പിക്കുക. അനാചാരങ്ങളില്‍ നിന്ന്‌ ശരിയായ ആചാരങ്ങളിലേക്ക്‌ അവരെ മാറ്റിയെടുക്കുക. ഇതിന്‌ വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ഉപദേശിക്കുകയും ചെയ്യാന്‍ കടപ്പെട്ടവരാണ്‌ നാം. അപ്പോള്‍ നേരിട്ടേക്കാവുന്ന വിമര്‍ശനങ്ങളെ, എതിര്‍പ്പുകളെ ക്ഷമയോടെ, ധീരതയോടെ നേരിടാനാവണം. ഇതും ഒരു ജിഹാദ്‌ തന്നെയാണ്‌. അതോടൊപ്പം സ്വന്തത്തില്‍ തന്നെ വന്ന്‌ പോകുന്ന തെറ്റുകളും മനസ്സിലെ ദുര്‍വിചാരങ്ങളും മാറ്റിയെടുത്ത്‌ ശുദ്ധ മനസ്സോടെ നിഷ്‌കളങ്ക ഹൃദയത്തോടെ കാര്യങ്ങള്‍ കാണാനും മനസ്സിലാക്കാനും കഴിയേണ്ടതുണ്ട്‌. അതും ഒരു ജിഹാദ്‌ തന്നെ.
തൗഹീദ്‌ അംഗീകരിക്കുന്ന, സുന്നത്ത്‌ മുറുകെപ്പിടിക്കുന്ന, ഒരേ ആശയക്കാര്‍ ഒന്നിക്കണം. ഒരുമിച്ച്‌ നില്‍ക്കണം. ഇതിന്‌ വേണ്ടി വിട്ടുവീഴ്‌ച ചെയ്യുന്നത്‌ ചെറുതാവലോ തോറ്റുകൊടുക്കലോ അല്ല. മക്കാ വിജയദിവസം നബി തന്റെ കഠിനശത്രുക്കളോട്‌ പ്രഖ്യാപിച്ച ആ പ്രഖ്യാപനം നമുക്ക്‌ പ്രചോദനമാവേണ്ടതുണ്ട്‌. `നിങ്ങളോട്‌ പകയില്ല, വിദ്വേഷമില്ല നിങ്ങള്‍ സ്വതന്ത്രരാണ്‌' എന്ന ആ പ്രഖ്യാപനത്തില്‍, ആ വിട്ട്‌വീഴ്‌ചാ മനസ്ഥിതിയില്‍ ശത്രുവിഭാഗങ്ങളാണ്‌ തലതാഴ്‌ത്തിയത്‌. നബിയും സഹാബികളും തല ഉയര്‍ത്തി അന്തസ്സില്‍ തന്നെ നിലകൊണ്ടു. 
ഐക്യത്തിന്‌ വേണ്ടി നേതാക്കളുടെ പടിവാതില്‍ക്കല്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്‌ കഴിഞ്ഞ പത്ത്‌ വര്‍ഷം നമുക്കുണ്ടായി. പലതവണ പല വാതിലുകളും മുട്ടിനോക്കി. തുറക്കപ്പെട്ടില്ല. ഇനിയും അത്തരം ഒരു കാത്തിരിപ്പിന്നര്‍ഥമില്ല. ഇരു വിഭാഗത്തിനും ആഗ്രഹമുണ്ടെങ്കില്‍ മാത്രം സാധ്യമാവുന്നതാണ്‌ ഐക്യം. 
ഐക്യം അല്ലാഹുവിന്റെ അനുഗ്രഹമാണ്‌. ഹൃദയങ്ങള്‍ തമ്മില്‍ യോജിപ്പിക്കാന്‍ അല്ലാഹുവിന്‌ മാത്രമേ കഴിയൂ. അവനോട്‌ പ്രാര്‍ത്ഥിക്കുകയും അവനോട്‌ അടുക്കുകയും ചെയ്യുക എന്നതാണ്‌ ഇതിനുള്ള മാര്‍ഗം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങളൊന്നിച്ച്‌ അല്ലാഹൂവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച്‌ പോകരുത്‌, നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക്‌ അല്ലാഹു ചെയ്‌ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്തില്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്‌ഠത്തിന്റെ വക്കിലായിരുന്നു. എന്നിട്ട്‌ അതില്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍ നിങ്ങള്‍ വിവരിച്ച്‌ തരുന്നു. നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.'' (3:103) 
ആശയപൊരുത്തമുള്ളവര്‍ ഒന്നിക്കണം. ആദര്‍ശ വ്യതിയാനമുള്ളവര്‍ക്ക്‌ ഒന്നിക്കാനാവില്ല. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ അംഗീകരിക്കുന്നവര്‍ ആരെല്ലാമെന്ന്‌ വ്യക്തമാണ്‌. അതിന്‌ വിരുദ്ധമായ ആശയങ്ങള്‍ വെച്ച്‌ പുലര്‍ത്തുന്നവരെ അകറ്റാനും മാറ്റിനിര്‍ത്താനും തെറ്റ്‌ തിരുത്തിക്കാനും തന്റേടം കാണിക്കേണ്ടതുണ്ട്‌. ഇസ്‌ലാഹി പ്രസ്ഥാനം ആശയതലത്തില്‍ യോജിക്കുന്നവരുമായി മാത്രമല്ല, പൊതുപ്രശ്‌നങ്ങളില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഭാഗങ്ങളോടും യോജിക്കാവുന്ന രംഗങ്ങളിലെല്ലാം യോജിച്ച്‌ പ്രവര്‍ത്തിച്ചവരാണ്‌. ഇസ്‌ലാഹി പണ്ഡിതന്മാരോട്‌ സലാം പറഞ്ഞതിന്റെ പേരില്‍, ഒരേ സ്‌റ്റേജില്‍ ഒരുമിച്ച്‌ ഇരുന്നതിന്റെ പേരില്‍ യഥാസ്ഥിതികര്‍ ഭിന്നിച്ചത്‌ നാം കണ്ടതാണ്‌. ഒരു ചരിത്രസത്യം എടുത്തുപറഞ്ഞതിന്റെ പേരില്‍ ഒരു പണ്ഡിതന്ന്‌ ഷോക്കോസ്‌ നോട്ടീസ്‌ നല്‍കുകയും മാപ്പ്‌ പറഞ്ഞ ശേഷം അദ്ദേഹത്തെ തിരിച്ചെടുത്തതും യഥാസ്ഥിതിക സങ്കുചിതത്തിന്റെ ഉദാഹരണങ്ങളാണ്‌. ഈ സങ്കുചിതത്വം നമുക്ക്‌ യോജിച്ചതല്ല. 
മുസ്‌ലിം സമുദായത്തില്‍ പല വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും വ്യത്യസ്‌ത സമീപനങ്ങള്‍ സ്വീകരിക്കുന്നവരും ഉണ്ട്‌. ഒരു സമുദായമെന്ന നിലക്ക്‌ അതിലെ എല്ലാവരെയും മുസ്‌ലിം സമുദായത്തിലെ അംഗങ്ങളായി കണക്കാക്കാനേ നിര്‍വാഹമുള്ളൂ. ആരാണ്‌ മുസ്‌ലിം, ആരാണ്‌ മുനാഫിഖ്‌, ആരാണ്‌ വഴി തെറ്റിയവന്‍ എന്നൊക്കെ കണക്ക്‌ നോക്കി വിധിപറയേണ്ടവന്‍ അല്ലാഹുവാണ്‌. നമുക്ക്‌ ദൗത്യം എത്തിക്കേണ്ട ബാധ്യതതേയുള്ളൂ. നിര്‍ബന്ധം ചെലുത്തല്‍ നമ്മുടെ കടമയല്ല. 
കേരളത്തിലെ മൂന്നിലൊരു വിഭാഗം മുസ്‌ലിംസമുദായത്തില്‍ ഉള്‍പ്പെട്ടവരാണ്‌ എന്നാണ്‌ പുതിയ ജനസംഖ്യാ കണക്ക്‌ നല്‍കുന്ന സൂചന. സാമൂഹികമായും സാമ്പത്തികമായും ഈ വളര്‍ച്ച എത്രത്തോളമെന്ന്‌ നാം പഠിക്കേണ്ടതുണ്ട്‌. ദാരിദ്ര്യംകൊണ്ട്‌ കഷ്‌ടപ്പെടുന്ന, ഉറ്റവരും ഉടയവരുമില്ലാത്ത ആനേകായിരം പേര്‍ നമുക്ക്‌ ചുറ്റുമുണ്ട്‌. ഉത്തരേന്ത്യയില്‍ നിന്നും വന്ന്‌ ഇവിടെ ജോലിചെയ്യുന്ന മുസ്‌ലിം പേരുള്ള നിരവധിയാളുകളുണ്ട്‌. ഇവരുടെയെല്ലാം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ നമുക്ക്‌ കര്‍മ്മപദ്ധതികള്‍ അനിവാര്യമാണ്‌. മദ്യവും മയക്കുമരുന്നും തീവ്രവാദവും യുവാക്കളെ കാര്‍ന്നുതിന്നുന്ന വിപത്തുക്കളായി മാറിയിരിക്കുന്നു. കാമ്പസുകളില്‍ അശ്ലീലതയും അധാര്‍മികതയും കൊടുകുത്തി വാഴുകയാണ്‌. വിദ്യകൊണ്ട്‌ സംസ്‌കാര സമ്പന്നരാവേണ്ട അടുത്ത തലമുറ ഈവിധം താളംതെറ്റി സഞ്ചരിക്കുമ്പോള്‍ നമുക്ക്‌ നോക്കി നില്‍ക്കാനാവുമോ? 
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതായി എന്ന്‌ പറയാനായിട്ടില്ല. ഒരുപക്ഷേ മുമ്പത്തേക്കാള്‍ പതിന്മടങ്ങ്‌ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു. കേശ വിവാദം നാം കണ്ടതാണ്‌. യാതൊരു അടിസ്ഥാനവുമില്ലാത്ത മുടി, പ്രവാചകന്റെ തിരുശേഷിപ്പാണ്‌ എന്ന്‌ പറഞ്ഞ്‌ മൂടിയിട്ട വെള്ളം കുടിച്ചും പണം നല്‍കിയും തൃപ്‌തിയടയുന്നവരില്‍ വിദ്യാസമ്പന്നരും ഉന്നതവ്യക്തികളും പണ്ഡിതന്മാരും ഉണ്ടായിരുന്നു എന്ന്‌ വരുന്നത്‌ എത്രമാത്രം ഗൗരവതരമാണ്‌. 
നേര്‍ച്ചകളും വഴിപാടുകളും ജാറങ്ങളില്‍ മാത്രം പരിമിതമല്ല. ക്ഷേത്രങ്ങളിലും പൂജാരിമാരുടെ അടുത്തേക്കും പര്‍ദ ധരിച്ച സ്‌ത്രീകള്‍ ഒറ്റപ്പെട്ട നിലക്കാണെങ്കിലും ഇന്നും പ്രശ്‌നപരിഹാരം തേടി പോകുന്നുണ്ട്‌. സാമൂഹിക രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ നീതിയും ധര്‍മ്മവും സത്യവും കുഴിച്ച്‌ മൂടപ്പെടുകയാണ്‌. അഴിമതിയും സ്വജനപക്ഷപാതവും അധികാര മോഹവും ചതിയും വഞ്ചനയും നിറഞ്ഞ രംഗമായി ഇത്‌ അധപ്പതിച്ചിരിക്കുന്നു. ശരിയായ വിശ്വാസവും ജീവിതവും നാം കാണിച്ച്‌ കൊടുക്കേണ്ടതില്ലേ. എല്ലാറ്റില്‍ നിന്നും മാറി നിന്നാല്‍ നാം രക്ഷപ്പെടുമോ? തെറ്റുകള്‍ തിരുത്താനും നന്മകള്‍ സ്ഥാപിക്കാനും നമുക്ക്‌ ബാധ്യതയില്ലേ? ഇതിന്ന്‌ സമയം കണ്ടെത്താന്‍ നാം തമ്മിലുള്ള പരസ്‌പര പോരും വിദ്വേഷവും കാരണമായികൂടാ. 
സാധ്യമാവുന്നത്ര ചെയ്‌തു എന്ന്‌ മരണം പ്രതീക്ഷിക്കുന്ന നാം ഓരോരുത്തര്‍ക്കും പറയാനാവാണം. എല്ലാവരും മരിക്കും. മരണശേഷം അല്ലാഹുവിന്റെ വിചാരണയെ അഭിമുഖീകരിക്കേണ്ടിവരും. ശരിയായ ഉത്തരം നല്‍കാന്‍ ഇന്നത്തെ സാഹചര്യം നമ്മെ അനുവദിക്കുമോ? 
നാം നിരാശപ്പെടേണ്ടതില്ല. പ്രതീക്ഷക്ക്‌ വകയുണ്ട്‌. ഇനിയും ബഹുദൂരം മുന്നേറാനുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണം, ആധുനിക ലോകത്തേക്ക്‌ അനുയോജ്യമായ പണ്ഡിതന്മാര്‍ വേണം, സാംസ്‌കാരിക മുന്നേറ്റം വേണം, സാമൂഹികമായ പരിവര്‍ത്തനം നടക്കേണ്ടതുണ്ട്‌. പത്രങ്ങളും ചാനലുകളും ആധുനിക സാങ്കേതിക വിദ്യയും പരമാവധി ഉപയോഗിക്കാനാവണം. വിഭവങ്ങള്‍ ഒരുക്കാന്‍ എമ്പാടും ഉണ്ട്‌. അതിനു ശാസ്‌ത്രീയ വീക്ഷണമുള്ള നാളെയെക്കുറിച്ച കാഴ്‌ചപ്പാടുള്ള നേതൃത്വം വേണം. 
നവോത്ഥാനത്തിന്റെ സുവര്‍ണ്ണപാത നമുക്ക്‌ സ്വപ്‌നം കാണാനാവണം. ആകാശം ഉയരെ ഈ സ്വപ്‌നത്തിന്‌ ചിറക്‌ മുളക്കട്ടെ. ഇത്‌ പകല്‍ കിനാവായി മാറിയാല്‍, ദുസ്സ്വപ്‌നമായി മറിയാല്‍ പാല്‍ക്കാരിയുടെ കഥപോലെ നിരാശയാകും ഫലം.
ലോകത്ത്‌ പ്രതാപവും അഭിമാനവും ഉള്ള വിഭാഗമാണ്‌ നാം. അത്‌ കാത്തുസൂക്ഷിക്കാന്‍ പിടിവാശി ഉപേക്ഷിച്ച്‌ നല്ല സ്വപ്‌നങ്ങളുമായി വിട്ടുവീഴ്‌ചയും ധര്‍മനിഷ്‌ഠയും പാലിച്ച്‌ അല്ലാഹുവിങ്കല്‍ നിന്നുള്ള പൊരുത്തം ആഗ്രഹിച്ച്‌ പ്രവര്‍ത്തിക്കുക, പ്രാര്‍ത്ഥിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: