അമേരിക്ക വിറക്കുന്ന കൊറിയന്‍ റോക്കറ്റ്

  • Posted by Sanveer Ittoli
  • at 8:12 PM -
  • 0 comments
അമേരിക്ക വിറക്കുന്ന കൊറിയന്‍ റോക്കറ്റ്

സി പി സത്യരാജ്  
അമേരിക്കന്‍ പടക്കപ്പലിന്റെ സാന്നിധ്യം ഉത്തര കൊറിയയെ വിറപ്പിക്കുമെന്ന കണക്കുക്കൂട്ടലുകള്‍ തെറ്റി. വിറച്ചത് അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയുമാണ്. ചാരക്കണ്ണ് തുറന്ന് അമേരിക്കയുടെ പടക്കപ്പല്‍ കടലില്‍ കാവലിരുന്നെങ്കിലും ഉത്തര കൊറിയയുടെ പുതിയ റോക്കറ്റ് ആകാശത്തേക്ക് പറന്നുയര്‍ന്നു. ഫാസിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും മുഖം ഭീരുത്വത്തിന്റേതാണ്.
പാവങ്ങള്‍ക്ക് മോഷ്ടാവിനെ ഭയക്കേണ്ടതില്ല. സമ്പന്നന് മറിച്ചും. ഉത്തരകൊറിയ റോക്കറ്റ് പരീക്ഷിക്കുമ്പോള്‍ അമേരിക്കയും കൊറിയയും ജപ്പാനും ഭയക്കുന്നത് ഇതുകൊണ്ടുതന്നെ.
എല്ലാ വിലക്കുകളും അവഗണിച്ച് ബുധനാഴ്ച ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപിച്ചതോടെ ഏഷ്യന്‍ സമുദ്ര മേഖലയില്‍ പുതിയ സംഘര്‍ഷത്തിന്റെ സാധ്യതകള്‍ ഉരുത്തിരിയുകയാണ്. റോക്കറ്റ് പരീക്ഷിക്കരുതെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരകൊറിയ അത് അംഗീകരിക്കില്ലെന്ന് മനസ്സിലായതോടെ ഐക്യരാഷ്ട്ര സഭതന്നെ വിലക്ക് ഏര്‍പ്പെടുത്തി. രഹസ്യമായി ഉത്തര കൊറിയ പരീക്ഷണം നടത്തുമെന്ന് ഇതേ രാജ്യങ്ങള്‍ ഭയന്നിരുന്നു. അതുതന്നെ സംഭവിച്ചു. രഹസ്യമായല്ല, വിക്ഷേപണവിവരം ഉത്തരകൊറിയ പരസ്യപ്പെടുത്തുകയും ചെയ്തു. അമേരിക്കന്‍ ആസ്ഥാനമായുള്ള സ്വതന്ത്ര ഏജന്‍സിയും ദക്ഷിണ കൊറിയയും അത് സ്ഥിരീകരിച്ചു. ബഹിരാകാശത്തേക്ക് ഉപഗ്രഹം വിക്ഷേപിക്കുകയാണ് ചെയ്തതെന്നാണ് ഉത്തര കൊറിയയുടെ വിശദീകരണം. എന്തോ ഒന്ന് പുറത്തെത്തിച്ചെന്ന് മാത്രമേ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് സ്ഥിരീകരണമുള്ളൂ. വിക്ഷേപണം വിജയകരമായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇത്തവണ ഉപഗ്രഹമാണെങ്കില്‍ ഇനി ആണവായുധവുമായി ഈ റോക്കറ്റിന് പറക്കാന്‍ കഴിയുമെന്നതാണ് അമേരിക്ക ഭയക്കുന്നതിന്റ അടിസ്ഥാനം.
പുറംലോകവുമായി, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളുമായും ജപ്പാനുമായും ഒട്ടും അടുപ്പം പ്രകടിപ്പിക്കാത്തതാണ് ഉത്തരകൊറിയയുടെ രീതി. ദക്ഷിണ കൊറിയയാകട്ടെ ബദ്ധവൈരിയും. ചൈനയാണ്, ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭരണക്രമം നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഉത്തര കൊറിയയുടെ അടുത്ത മിത്രം. പിന്നെ ചില പഴയ സോഷ്യലിസ്റ്റ് രാജ്യങ്ങളുമായും. കഴിഞ്ഞ വര്‍ഷം മരിച്ച ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഇല്ലിനെ കുറിച്ച് ആ രാജ്യം പുറത്തുവിട്ട കഥകളായിരുന്നില്ല പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പറഞ്ഞതില്‍ എത്രത്തോളം ശരിയുണ്ടെന്നത് ഇപ്പോഴും അജ്ഞാതം. കിംജോങ് ഇല്ലിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും നിയന്ത്രണം ഏറ്റെടുത്ത മകന്‍ കിം ജോങ് ഉന്നിനെ കുറിച്ചും പുറംനാട്ടുകാര്‍ക്ക് ഏറെയൊന്നുമറിയില്ല. ഇരുമ്പു മറയ്ക്കകത്ത് തന്നെയാണ് ഉത്തര കൊറിയയുടെ വാര്‍ത്താലോകം.
കിംജോങ് ഇല്ലിന്റെ മരണത്തിനും കിം യോങ് ഉന്നിന്റെ സ്ഥാനാരോഹണത്തിനും ഒരു വര്‍ഷം തികയുന്ന ഘട്ടത്തിലാണ് ഉത്തര കൊറിയ ഏറ്റവും പുതിയ റോക്കറ്റായ 'ഉന്‍ഹ-3' വിജയകരമായി വിക്ഷേപിച്ചത്. ഇത് ചില സൂചനകളാണെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പിതാവിന്റെ മരണശേഷം അധികാമേറ്റെടുത്ത കിം ജോങ് ഉന്നിന് താന്‍ ശക്തനാണെന്ന് ലോകത്തെ കാണിക്കണം. ദുര്‍ബലനായ ഭരണാധികാരിയെന്നും അധികാരം നിയന്ത്രിക്കുന്നത് മറ്റാരോ ആണെന്നുമുള്ള വിമര്‍ശങ്ങള്‍ക്കു മറുപടി നല്‍കണം. രാജ്യത്ത് അസ്ഥിരതയില്ലെന്ന് ബോധ്യപ്പെടുത്തണം. ആത്യന്തികമായി, തങ്ങള്‍ അത്യുഗ്ര പ്രഹരശേഷിയുള്ള ആണവ മിസൈല്‍ ശക്തിയാണെന്ന് വന്‍ ശക്തികളെ ഓര്‍പ്പെടുത്തണം. വിജകരമായ പരീക്ഷണത്തിലൂടെ ഉത്തര കൊറിയയും കിം ജോങ് ഉന്നും അത് സാധ്യമാക്കി.
ഉത്തരകൊറിയുടെ മിസൈല്‍-ആണവായുധ ശേഷിയെ കുറിച്ച് ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയുമാണ് നിരന്തരം ആശങ്ക പ്രകടിപ്പിക്കുന്നത്. റോക്കറ്റ് പരീക്ഷണം ഇനി നടത്തരുതെന്ന് ഐക്യരാഷ്ട്രസഭ 2009-ല്‍ പാസാക്കിയ 1874-ാം നമ്പര്‍ പ്രമേയം ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ രാജ്യങ്ങളുടെ സമ്മര്‍ദ ഫലമായിരുന്നു നിര്‍ദേശം. 2006-ലും 2009-ലും ഉത്തരകൊറിയ ചെറിയ ആണവ ബോംബ് പരീക്ഷണങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ വിലക്ക്. ഇതെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ നടത്തിയ വിക്ഷേപണം.
പുതിയ വിക്ഷേപണത്തെ അമേരിക്ക ഭയക്കുന്നതിന്റെ കാരണങ്ങള്‍ വലുതാണ്. 5000 മൈല്‍ ദൂരമാണ് ഉന്‍ഹ-3യുടെ ലക്ഷ്യസ്ഥാനം. സമീപത്തെ ജപ്പാനെയും ദക്ഷിണ കൊറിയയെയും മാത്രമല്ല, അമേരിക്കയില്‍വരെ ഇതിന് പറന്നെത്താന്‍ കഴിയുമെന്നാണ് കണക്കൂകുട്ടല്‍. റോക്കറ്റിന്റെ ഗതി പിടിക്കാനായി ഒരാഴ്ച മുമ്പേ തന്നെ അമേരിക്കന്‍ പടക്കപ്പല്‍ കടലില്‍ കണ്ണ് തുറന്നുവച്ചിരുന്നു. എന്നാല്‍, ദക്ഷിണ കൊറിയയുടെ റഡാറിലാണ് ഉത്തര കൊറിയ തൊടുത്ത റോക്കറ്റിന്റെ ഗതിയും വേഗവും പതിഞ്ഞത്.
വിക്ഷേപണത്തിന് തൊട്ടുപിന്നാലെ യു എന്നും അമേരിക്കയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളും അപലപിച്ച് രംഗത്തെത്തി. വിലക്ക് ലംഘിച്ചത് പൊറുക്കാനാവാത്തതെന്നാണ് ദക്ഷിണകൊറിയക്കാരനായ ബാന്‍കി മൂണ്‍ സെക്രട്ടറി ജനറലായ ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. ഉത്തര കൊറിയയ്‌ക്കെതിരെ ഉപരോധം വേണമെന്ന് അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ആവശ്യപ്പെടുന്നു. വിക്ഷേപണത്തെ അപലപിക്കുക തന്നെയാണ് ചൈനയും ചെയ്തത്. എന്നാല്‍, ഉപരോധത്തെ ചൈന എതിര്‍ക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ആ രാജ്യത്തിന്റെ അവകാശത്തെ തടയാനാകില്ലെന്നതാണ് ചൈനയുടെ നിലപാട്. ഉത്തര കൊറിയ വിശദീകരിക്കുന്നതും അതുതന്നെയാണ്.
ദക്ഷിണ കൊറിയയിലും ജപ്പാനിലും അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനിടയില്‍ ഉത്തരകൊറിയ നടത്തിയ ഈ വിക്ഷേപണം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വലിയ വിഷയമായി മാറിയിരിക്കുന്നു. പുതിയ ഭരണകൂടം ഉത്തര കൊറിയോട് എന്ത് സമീപനമാണ് സ്വീകരിക്കുകയെന്നതാണ് ആശങ്കകള്‍ക്കിടയിലും തെരഞ്ഞെടുപ്പിലുയരുന്ന പ്രധാന ചോദ്യം. ചൈനയുടെ പിന്തുണയും വലിയ സഹകരണവുമില്ലാതെ ഉത്തര കൊറിയക്ക് വിക്ഷേപണം സാധ്യമാകില്ലെന്നാണ് അമേരിക്കന്‍ പക്ഷ രാജ്യങ്ങളുടെ വിലയിരുത്തല്‍. പരസ്യമായി അപലപിച്ചെങ്കിലും ഉപരോധത്തെ പിന്തുണക്കാത്തതിലൂടെ പാശ്ചാത്യ രാജ്യങ്ങളുടെ ഇത്തരം ആശങ്കകള്‍ക്ക് ചൈന സാധൂകരണം നല്‍കുകയും ചെയ്യുന്നു.
ദക്ഷിണ ചൈനാ കടലിനെ ചൊല്ലിയുള്ള ചൈന-ജപ്പാന്‍ തര്‍ക്കം ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ മേല്‍ അമേരിക്കയ്ക്കുള്ള താത്പര്യവും രഹസ്യമല്ല. ചൈനയുടെ സൈനിക-സാമ്പത്തിക മേധാവിത്വം തകര്‍ക്കാന്‍ ഈ മേഖലയില്‍ നേരിട്ടുള്ള നിയന്ത്രണം അമേരിക്കയ്ക്ക് അനിവാര്യമാണ്. ഉത്തരകൊറിയ കൂടി ആണവ-മിസൈല്‍ ശേഷി കൈവരിക്കുമ്പോള്‍ ഈ ലക്ഷ്യം അത്രവേഗം സാധ്യമാകില്ലെന്ന ബോധ്യം അമേരിക്കയ്ക്കുണ്ട്. ചൈനയും ഉത്തര കൊറിയയും പ്രഹരശേഷിയുള്ള ആയുധങ്ങളുമായി നില്‍ക്കുന്നത് ദക്ഷിണ കൊറിയയെപ്പോലെ ജപ്പാന്റെയും ഉറക്കം കെടുത്തുന്നു. ഉപരോധമെന്ന ആവശ്യത്തില്‍ അമേരിക്ക ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്.
ക്യൂബയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ ഏകപക്ഷീയ ഉപരോധം ക്യൂബയെ തളര്‍ത്തിയെങ്കിലും നശിപ്പിക്കാനായിട്ടില്ല. ക്യൂബയ്ക്ക് സഹായവുമായി അന്ന് സോവിയറ്റ് യൂണിയനുണ്ടായിരുന്നു. ഉത്തര കൊറിയയ്ക്ക് ചൈനയില്‍നിന്ന് കിട്ടുന്ന സഹായം അതിലും വലുതായിരിക്കും. അത് അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ദുഃസ്വപ്‌നങ്ങള്‍ മാത്രം സമ്മാനിക്കുന്നതുമായിരിക്കും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: