യൗവനമെന്ന അനുഗ്രഹം
അതിശ്രീഘ്രം കുതിക്കുന്ന ഐ ടിയുഗത്തില്‍ കര്‍മനൈരന്തര്യത്തിന്റെ ആദര്‍ശപര്‍വമായി യുവതയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജീവിതത്തില്‍ സജീവമായ അജണ്ട നയിക്കാന്‍ അവരെ പ്രാപ്‌തരാക്കുക എന്ന കാഴ്‌ചപ്പാടോടെ 2012 ഡിസംബര്‍ 21-23ന് പാലക്കാട് നഗരത്തില്‍ യുവജനങ്ങള്‍ ഒത്തുകൂടുന്നു. അതിലൊരു കണ്ണിയാകാന്‍ കേരളത്തിലെ യുവസമൂഹത്തെ ഞങ്ങള്‍ ക്ഷണിക്കുന്നു.
ശൈശവം, ബാല്യം, കൗമാരം, യൗവനം, മധ്യവയസ്സ്, വാര്‍ധക്യം എന്നിവയെല്ലാം ഒരു പുരുഷായുസ്സിന്റെ വിവിധ ഘട്ടങ്ങളാണ്. ഏറ്റവുമധികം കര്‍മചേതന മുറ്റിനില്‌ക്കുന്ന യൗവനം വല്ലാത്തൊരു അനുഗ്രഹമാണ്. ശാരീരികശേഷിയും മനക്കരുത്തും ഒത്തുകൂടിയ യുവത്വത്തിന്റെ പ്രസരിപ്പില്‍ ഒരുപക്ഷേ വിവേകം ചോര്‍ന്നുപോകാന്‍ സാധ്യതയുണ്ട്.
അതുകൊണ്ടു തന്നെ സൂക്ഷ്‌മതയോടെ കൈകാര്യെ ചെയ്യേണ്ട ഒരു കാലഘട്ടം കൂടിയാണ് യൗവനം. അതിശക്തമായ ഒരു മലവെള്ളപ്പാച്ചിലിനോട് യുവശക്തിയെ ഉപമിച്ചവരുണ്ട്. മുന്നില്‍ കാണുന്നതെന്തും തട്ടിത്തകര്‍ത്ത്, തടസ്സങ്ങള്‍ മറികടന്ന് മുന്നോട്ടു കുതിക്കുന്ന പ്രവണതയാണ് മലവെള്ളത്തിന്റെത്. അത് നേര്‍ക്കുനേരെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചാല്‍ അതിന്റെ സമ്മര്‍ദം മൂലം കെട്ടുപൊട്ടിയെന്നുവരും. അതുമല്ലെങ്കില്‍ ഗതിമാറിയൊഴുകി നാശം വിതച്ചേക്കാം. എന്നാല്‍ കുത്തിയൊഴുകുന്ന ആ വെള്ളത്തെ നേരിയ തോതില്‍ നിയന്ത്രിച്ച് വിവേകപൂര്‍വം കൈകാര്യം ചെയ്‌താല്‍ അതിരുകളില്ലാത്ത നേട്ടങ്ങള്‍ അതില്‍ നിന്ന് കൈവരിക്കാനാകും. അണകെട്ടി നിയന്ത്രിച്ച ജലസ്രോതസ്സ് മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കും ഉപയോഗപ്പെടുന്നു. പതിനായിരക്കണക്കിന് ഏക്കര്‍ കൃഷിയിടം ഫലഭൂയിഷ്‌ഠമാക്കാം. കുത്തിയൊഴുകുന്ന ശക്തിയില്‍ നിന്ന് വിദ്യുച്ഛക്തി ഉത്‌പാദിപ്പിക്കാം. ഇപ്പറഞ്ഞത് ഒരു സര്‍വാംഗീകൃതമായ അനുഭവ സത്യമാണ്. ഇതുപോലെതന്നെയാണ് യുവശക്തി എന്നാണ് മേല്‍പറഞ്ഞ ഉപമയുടെ പൊരുള്‍.
ഒരു കൂട്ടം യുവാക്കള്‍ അവരുടെ കര്‍മശേഷി തിരിച്ചറിഞ്ഞ് നന്മയുടെ മാര്‍ഗത്തില്‍ വിനിയോഗിക്കുകയാണെങ്കില്‍ നാടിന്റെ മുഖച്ഛായ മാറ്റാനും സമൂഹത്തില്‍ രചനാത്മകമായ പരിവര്‍ത്തനങ്ങള്‍ സൃഷ്‌ടിക്കാനും കഴിയും. നേരെ മറിച്ച്, പക്വമായ നേതൃത്വമില്ലാതെ, ശരിയായ ദിശാബോധം ലഭിക്കാതെ, യൗവനചാപല്യങ്ങളുമായി മുന്നോട്ടുനീങ്ങുകയാണെങ്കില്‍ അതിരില്ലാത്ത നാശങ്ങള്‍ക്കും സാമൂഹ്യതിന്മകള്‍ക്കും അതുവഴിവെക്കുകയും ചെയ്യും. പ്രത്യേകിച്ചും യുവത്വത്തിന്റെ വലിയ പ്രശ്‌നമാണ് ലൈംഗികത. പ്രായപൂര്‍ത്തിയാവുന്നതോടെ എതിര്‍ലിംഗത്തോടു താത്‌പര്യവും ഇണചേരാനുള്ള അഭിനിവേശവും നൈസര്‍ഗികമാണ്. ഇതരജന്തുക്കളില്‍ നിന്ന് വ്യത്യസ്‌തനാണ് മനുഷ്യന്‍. ജന്തുക്കള്‍ പ്രത്യുത്‌പാദനത്തിനു വേണ്ടി മാത്രമേ ഇണ ചേരൂ. എന്നാല്‍ മനുഷ്യന്റെ സ്ഥിതി അതല്ല. ജീവിതാസ്വാദനത്തിന്റെ ഭാഗമാണത്. ഈ വികാരത്തെ ശരിയായ ദിശയിലൂടെ നിയന്ത്രിക്കുന്നതാണ് വിവാഹജീവിതം. എല്ലാ മതങ്ങളും ഇതംഗീകരിക്കുന്നു. ഈ നിയന്ത്രിത ജീവിതത്തിനപ്പുറം ഉദാര ലൈംഗികതയ്‌ക്കടിപ്പെട്ടാല്‍ സമൂഹം തന്നെ ദുരിതത്തിലകപ്പെടും. ഇത് യുവാക്കള്‍ക്ക് മാത്രമുള്ള പ്രശ്‌നമല്ല. യുവത്വത്തിന്റെ ചോരത്തിളപ്പില്‍ ശക്തികൂടുമെന്നതാണ് വാസ്‌തവം.
മനുഷ്യവര്‍ഗത്തിന്റെ കര്‍മകാണ്ഡമായ യുവതയെ ക്രിയാത്മകമായി നന്മയുടെ പാതയിലേക്കെത്തിക്കുകയും തന്മൂലം സമൂഹത്തിന് പൊതുവിലും വ്യക്തിയുടെ പാരത്രികജീവിതവും അര്‍ഥപൂര്‍ണമാക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്. ലൈംഗികത തന്നെ ഉദാഹരണമായെടുക്കാം. വിശുദ്ധ ഖുര്‍ആന്‍ ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി വിവാഹജീവിതം നയിക്കാന്‍ പറയുന്നു. നിങ്ങളില്‍ നിന്നുള്ള അവിവാഹിതരെയും അടിമകളില്‍ നിന്നും അടിമസ്‌ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരുമായും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുക''(24:32). പ്രവാചകന്‍ ഇക്കാര്യം ഒന്നുകൂടി വിശദീകരിച്ചു. ``യുവസമൂഹമേ, നിങ്ങള്‍ക്ക് പ്രാപ്‌തിയെത്തിയാല്‍ നിങ്ങള്‍ വിവാഹിതരാക്കുക. അത് കണ്ണിന് താഴ്‌മയും ജനനേന്ദ്രിയത്തിന് സൂക്ഷ്‌മതയുമാണ്''. സ്‌ത്രീകളെപ്പറ്റി പ്രവാചകന്‍ പറഞ്ഞതിങ്ങനെ: ``നിങ്ങളുടെ പെണ്‍മക്കള്‍ക്ക് ആദര്‍ശപ്പൊരുത്തമുള്ള വിവാഹാലോചനകള്‍ വന്നാല്‍ താമസിയാതെ വിവാഹം ചെയ്‌തുകൊടുക്കുക. അതുചെയ്‌തില്ലെങ്കില്‍ വലിയ ബുദ്ധിമുട്ടുകളും ഭൂമിയില്‍ വ്യാപകമായ കുഴപ്പങ്ങളും ഉണ്ടാവും''. ആ പ്രവാചകവചനത്തിന്റെ ആഴവും വ്യാപ്‌തിയും വര്‍ത്തമാനകാലത്തിന്റെ പരിപ്രേക്ഷ്യത്തില്‍ പോലും എത്ര പ്രസക്തമാണ്.
ശേഷിയുടെ സംഭരണിയായ യൗവനത്തെ വിശ്വാസത്തിന്റെ മൂശയില്‍ സ്‌ഫുടം ചെയ്‌തെടുത്താല്‍ അവരുടെ കര്‍മശേഷി തങ്ങള്‍ക്കു തന്നെയും തങ്ങളുടെ മാതാപിതാക്കള്‍ക്കും സമൂഹത്തിനും രാഷ്‌ട്രത്തിനും ഉപകാരമായിത്തീരും. യുവാക്കള്‍ ദിശാബോധത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ ഗുണഫലം അനുഭവിച്ചതിന് ചരിത്രം സാക്ഷിയാണ്. മതപരമായ രംഗത്തും രാഷ്‌ട്രീയമായ മുന്നേറ്റങ്ങളിലും യുവാക്കളുടെ പങ്ക് നിര്‍ണായകമാണ്. വിശുദ്ധ ഖുര്‍ആനിലും ഇത്തരം പരാമര്‍ശങ്ങള്‍ ധാരാളം കാണാം. ഏകദൈവ വിശ്വാസത്തിനുവേണ്ടി ഏകനായി പടപൊരുതി ഒരു സമുദായമെന്ന (ഉമ്മത്ത്) വിശേഷണം ലഭിച്ച ഇബ്‌റാഹീം നബി(അ)യെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് `ഒരു യുവാവ്' എന്നാണ്. വിഗ്രഹാരാധനയുമായി നാടോടിയപ്പോള്‍ അതിന്റെ നടുവെ ഓടാതെ ഒറ്റയ്‌ക്കു തിരിഞ്ഞുനിന്ന് പൊരുതിയ യൗവനയുക്തനായ (ഫതാ) ഇബ്‌റാഹീമിന്റെ വിഗ്രഹഭഞ്‌ജനവും ജനകീയ വിചാരണയും നിസ്സങ്കോചം അതിനെ നേരിട്ട രീതിയും എത്ര ആവേശദായകമാണ്! (2:57-67)
ദഖ്‌യാനൂസ് എന്ന ഒരു ദുഷ്‌ട രാജാവിന്റെ ഭരണത്തിന്‍ കീഴില്‍ ഏകദൈവ വിശ്വാസികളായി ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ധീരമായി നാടുവിടുകയും അത്ഭുതകരമായി അവരെ മൂന്നു തലമുറകള്‍ പിന്നിലുള്ളവര്‍ക്കുപോലും പാഠമാകുമാറ് ഉറക്കിക്കിടത്തിയതുമായ മറ്റൊരു സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട് (18:13-22). ഇതെല്ലാം കാണിക്കുന്നത് യുവത്വത്തിന്റെ പ്രസരിപ്പോടെ നന്മയ്‌ക്കു വേണ്ടി നിലകൊണ്ടവരെ പ്രപഞ്ചകര്‍ത്താവ് ശ്ലാഘിക്കുകയും അത് പില്‍ക്കാലക്കാര്‍ക്ക് പാഠമാക്കുകയും ചെയ്‌തു എന്നതാണ്. യൗവനത്തിന്റെ ത്രില്ലില്‍ മാര്‍ഗഭ്രംശം സംഭവിക്കാതെ വിശ്വാസത്തോടെ നന്മയുടെ വിജയപാതയില്‍ സഞ്ചരിച്ചവര്‍ക്ക് പരലോകത്തില്‍ ഉന്നതസ്ഥാനമുള്ളതായി പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. പുനരുത്ഥാന നാളിന്റെ വിഹ്വലതയില്‍, നിസ്സഹായതയില്‍, ആരോരും തുണയില്ലാത്ത അവസ്ഥയില്‍ അല്ലാഹുവിന്റെ പ്രത്യേകസഹായം ലഭിക്കുന്നവരില്‍ ഒരു വിഭാഗം യുവാക്കളാണെന്ന് നബി(സ) പഠിച്ചിപ്പു. ``അഥവാ ദൈവികനിയമത്തിനു വിധേയമായി ജീവിച്ച യുവാക്കള്‍.''
എന്തുകൊണ്ട് യുവാക്കള്‍? പുണ്യം എല്ലാവര്‍ക്കും തുല്യമല്ലേ? യൗവനത്തിന്റെ തിരത്തള്ളലില്‍ കണ്ണുമഞ്ഞളിച്ച് യാഥാര്‍ഥ്യം കാണാതെ പോകാന്‍ സാധ്യതയുണ്ട്. സമശീര്‍ഷരുടെ അഭിരുചിക്കൊത്ത് `കമ്പനി കൂടി' അപഥ സഞ്ചാരത്തിന് സാധ്യതയേറെയാണ്. അതില്‍ നിന്നുമാറി, എന്നാല്‍ യൗവന പ്രസരിപ്പ് നഷ്‌ടപ്പെട്ട അലസതയില്ലാതെ സജീവമായി ധര്‍മത്തിന്റെ കര്‍മഭൂമിയില്‍ നിലകൊണ്ടു എന്നതാണ് യുവാവിന്റെ `ക്രെഡിറ്റിന്' കാരണം. അല്ലാഹുവും റസൂലും എടുത്തുപറഞ്ഞ ഈ വസ്‌തുതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇസ്വ്‌ലാഹീ പ്രസ്ഥാനം യുവതയെ കൈകാര്യം ചെയ്‌തത്. അപ്രതിരോധ്യമായ യുവശക്തിയെ സംഘടിപ്പിച്ച്, വിശ്വാസത്തിന്റെയും ധര്‍മബോധത്തിന്റെയും പാതയില്‍, ആ ശക്തി ഉപയോഗപ്പെടുത്തുകയായിരുന്നു. അന്ധവിശ്വാസങ്ങളില്‍ മുഴുകിക്കിടന്നിരുന്ന കേരള മുസ്‌ലിംകളെ തൗഹീദിന്റെ ജീവവായു നല്‌കി വിശുദ്ധഖുര്‍ആനിന്റെ സരണിയിലേക്ക് നയിച്ച നവോത്ഥാനത്തിന് കൂടുതല്‍ കരുണ ലഭിച്ചത് യുവശക്തിയിലൂടെയാണ്.
1967ല്‍ ഇത്തിഹാദുശ്ശുബ്ബനില്‍ മുജാഹിദീന്‍ എന്ന ബാനറില്‍ മുജാഹിദ് പ്രസ്ഥാനം യുവാക്കളെ ആദര്‍ശമാര്‍ഗത്തില്‍ സംഘടിപ്പിക്കുമ്പോള്‍ അതിന് ഇവിടെ മാതൃകയില്ലായിരുന്നു. മതരംഗത്തെ കേരളത്തിലെ ആദ്യത്തെ യുവജനസംഘടന. രാഷ്‌ട്രീയ പാര്‍ട്ടികള്‍ യുവാക്കളെ സംഘടിപ്പിച്ച് കസേര നിലനിര്‍ത്താന്‍ എന്തും ചെയ്യുന്നു. `കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നു'. തീവ്രവാദ സംഘങ്ങളാകട്ടെ, യുവാക്കളെ ലക്ഷ്യംവെച്ച് അവരെ മസ്‌തിഷ്‌ക പ്രക്ഷാളനം ചെയ്‌ത് അവരുടെ കര്‍മശേഷി സംഹാരത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നു. മദ്യമയക്കുമരുന്നു ലോബികള്‍ കുത്സിതശ്രമങ്ങളിലൂടെ യുവസമൂഹത്തില്‍ പിടിമുറുക്കി കൊള്ളലാഭമുണ്ടാക്കുന്നു. ലഹരി ഉപയോഗത്തിന്റെ ശരാശരി വയസ്സ് യുവത്വത്തില്‍ നിന്ന് കൗമാരത്തിലേക്ക് ഇറങ്ങുന്ന ഭീതിജനകമായ റിപ്പോര്‍ട്ട് നാം കാണുന്നു. കലയുടെ പേരില്‍ സിനിമയും ദൃശ്യമാധ്യമങ്ങളും പരസ്യലോബിയും യുവതീ യുവാക്കളെ ഉടുതുണിയുരിഞ്ഞ് കാമാതുരതയുടെ ആസുരഭൂമിയില്‍ തളച്ചിടുന്നു. ഈയൊരു സാമൂഹിക പശ്ചാത്തലത്തിലാണ് ഇസ്വ്‌ലാഹി യുവശക്തിയുടെ പ്രസക്തിയും പ്രാധാന്യവും നാം ഉയര്‍ത്തിപ്പിടിക്കുന്നത്.
0 comments: