ഇന്ത്യയെ സ്‌നേഹിച്ച മതപണ്ഡിതന്‍

  • Posted by Sanveer Ittoli
  • at 10:17 PM -
  • 0 comments
ഇന്ത്യയെ സ്‌നേഹിച്ച മതപണ്ഡിതന്‍


ഡോ. ഹുസൈന്‍ മടവൂര്‍
മക്ക-മദീന ഹറമുകളുടെ കാര്യദര്‍ശിയും മസ്ജിദുല്‍ ഹറമിലെ ഇമാമുമായിരുന്ന ശൈഖ് മുഹമ്മദ് അബ്ദുല്ലാ സുബയ്യിലിന്റെ ശ്രവണസുന്ദരമായ ഖുര്‍ആന്‍ ആലാപനം നിലച്ചു. മക്കയില്‍ അദ്ദേഹത്തിന്റെ പിറകില്‍ നമസ്‌കരിക്കുമ്പോള്‍ അവാച്യമായ അനുഭൂതി അനുഭവപ്പെടുമായിരുന്നു.
സുബ്ഹി, മഗ്‌രിബ് നമസ്‌കാരങ്ങള്‍ക്കാണ് ശൈഖ് സുബയ്യില്‍ പ്രധാനമായും നേതൃത്വം നല്കിയിരുന്നത് വെള്ളിയാഴ്ച ഖുതുബകള്‍ ഇരുപത് മിനുട്ടില്‍ താഴെ മാത്രം. എന്നാലും കാലിക പ്രാധാന്യമുള്ള വിഷയങ്ങളാണ് അദ്ദേഹം ഖുതുബയില്‍ കൈകാര്യം ചെയ്തിരുന്നത്.
ലോക മുസ്‌ലിം സംഘടനയായ റാബിതതുല്‍ ആലമില്‍ ഇസ്‌ലാമി, സഊദിയിലെ ഉന്നത പണ്ഡിത സമിതി, ഫിഖ്ഹ് അക്കാദമി തുടങ്ങിയ പ്രമുഖ വേദികളില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം വളരെ അഗാധമായ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നു. മസ്ജിദുല്‍ ഹറാമില്‍ സ്ഥിരമായി അദ്ദേഹം നടത്തിയിരുന്ന ക്ലാസുകള്‍ ശ്രവിക്കാന്‍ വളരെ ദൂരെനിന്നും പഠിതാക്കള്‍ എത്തിയിരുന്നു. പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ വിശാല വീക്ഷണം വെച്ചു പുലര്‍ത്തിയിരുന്ന അദ്ദേഹം തൗഹീദിന്റെ വിഷയത്തില്‍ വളരെ കണിശക്കാരനായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരില്‍ തന്റെ പ്രസംഗങ്ങളിലും ക്ലാസുകളിലും അദ്ദേഹം ശക്തമായ ബോധവത്കരണം നടത്തി. ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്ന സ്ത്രീ സമൂഹത്തോട് 'അയ്യത്തുഹല്‍ മുഅ്മിനാത്ത്' (അല്ലയോ വിശ്വാസിനി സമൂഹമേ!) എന്ന അദ്ദേഹത്തിന്റെ അഭിസംബോധനയില്‍ പതിനായിരക്കണക്കിനു സഹോദരിമാരോടുള്ള പരിഗണനയും ശ്രദ്ധയും പ്രകടമായിരുന്നു.
1988 ഡിസംബറില്‍ ചേര്‍ന്ന എം എസ് എം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശൈഖ് സുബയ്യില്‍ കോഴിക്കോട്ട് വന്നിരുന്നു. കൂടെ മകന്‍ ഉമറുമുണ്ടായിരുന്നു. കേരളം സന്ദര്‍ശിച്ച ഒരേ ഒരു മക്കാ ഇമാം അദ്ദേഹമായിരുന്നു. റാബിത അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് നാസിര്‍ അല്‍ അബൂദിയാണ് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ സമ്മേളന ചെയര്‍മാനായ എന്നെ സഹായിച്ചത്. ഇമാം ശൈഖ് ഉമര്‍ അഹ്മദ് മലൈബാരി(കെ ഉമര്‍ മൗലവി) യെക്കുറിച്ചും ജെ ഡി റ്റിയിലെ ഹസന്‍ ഹാജിയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അവര്‍ രണ്ടു പേരെയും ഇമാമിനു നേരത്തെ അറിയാമായിരുന്നു. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് അദ്ദേഹം നടത്തിയ പ്രഭാഷണം തൗഹീദിന്റെ വിശദീകരണമായിരുന്നു. ആ പ്രഭാഷണം മൊഴിമാറ്റം നടത്തിയത് ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയായിരുന്നു.
ഇമാമിന്റെ ബഹുമാനാര്‍ഥം കോഴിക്കോട്ട് നല്കിയ വിരുന്നില്‍ കോഴിക്കോട്ടെ വലിയ ഖാദി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഖാദി നാലകത്ത് മുഹമ്മദ് കോയ, കെ പി മുഹമ്മദ് മൗലവി, ഹസന്‍ ഹാജി, ഡോ. മുഹ്‌യുദ്ദീന്‍ ആലുവായി എന്നിവരും പങ്കെടുത്തിരുന്നു. ഈ സംഗമങ്ങളുടെ സംഘാടകനെന്ന നിലയില്‍ ഇമാമുമായുള്ള ബന്ധം പിന്നീട് ഇസ്‌ലാഹീ പ്രസ്ഥാനത്തിനു വലിയ സഹായം ചെയ്തിട്ടുണ്ട്. മുജാഹിദ് സെന്ററിലെ സന്ദര്‍ശക പുസ്തകത്തില്‍ അദ്ദേഹം കുറിച്ചിട്ട വരികള്‍ അറബ് ലോകത്ത് പ്രസ്ഥാനത്തിനു വലിയ ഉപകാരം ചെയ്തിട്ടുണ്ട്.

ഇന്ത്യക്കാരോട് പ്രത്യേക സ്‌നേഹം വെച്ചു പുലര്‍ത്തിയിരുന്ന അദ്ദേഹം ഇന്ത്യക്കാരെ സഹായിക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു. മക്ക ഹറം വകുപ്പിന്റെ തലവനായിരുന്ന കാലത്ത് അദ്ദേഹം ഇന്ത്യയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സഹായങ്ങള്‍ നല്കിയിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ വളര്‍ച്ചക്ക് ഇന്ത്യന്‍ പണ്ഡിതന്മാര്‍ നല്കിയ സേവനങ്ങള്‍ അദ്ദേഹം അനുസ്മരിക്കാറുണ്ടായിരുന്നു. ഇന്ത്യയെയും ഇന്ത്യക്കാരെയും സ്‌നേഹിച്ച അദ്ദേഹം അവസാനം വരെ അത് കാത്തുസൂക്ഷിച്ചിരുന്നു. അല്ലാഹു അദ്ദേഹത്തിനു മഗ്ഫിറത്ത് നല്കുമാറാവട്ടെ. ആമീന്‍.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: