മഹാന്മാരുടെ അഭിപ്രായങ്ങളോടുള്ള മുജാഹിദ്‌ നിലപാട്‌

  • Posted by Sanveer Ittoli
  • at 12:34 AM -
  • 0 comments
മഹാന്മാരുടെ അഭിപ്രായങ്ങളോടുള്ള മുജാഹിദ്‌ 
നിലപാട്‌

- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
``വഹാബികള്‍ അവര്‍ക്ക്‌ യോജിക്കുന്ന വിഷയത്തില്‍ മഹാന്മാരെയും അവരുടെ കിതാബുകളെയും അംഗീകരിക്കുകയും തെളിവ്‌ പിടിക്കുകയും ചെയ്യും. യോജിക്കാത്ത പക്ഷം തള്ളിക്കളയുകയും അവരെ വിമര്‍ശിക്കുകയും ചെയ്യും (ഖുബൂരികള്‍)
വിശുദ്ധ ഖുര്‍ആന്റെയും ഹദീസ്‌ സ്വഹീഹാകുവാന്‍ ഹദീസിന്റെ പരമ്പരകള്‍ക്കും മത്‌ന്‌ (ആശയം)നും മുസ്‌ലിം ലോകം പറഞ്ഞ വ്യവസ്ഥകള്‍ യോജിച്ച നിലക്ക്‌ സ്വഹീഹായ ഹദീസിന്റെയും ആശയങ്ങള്‍ക്കു യോജിച്ച്‌ മഹാന്മാര്‍ അവരുടെ കിതാബുകളില്‍ പറഞ്ഞവ മുജാഹിദുകള്‍ അംഗീകരിക്കുകയും അല്ലാത്തവ തള്ളിക്കളുകയും ചെയ്യും. മഹാന്മാരുടെ കിതാബുകളില്‍ വൈരുധ്യങ്ങള്‍ കാണാം.
ഒരു മഹാന്‍ പറഞ്ഞതിന്‌ എതിരായി അദ്ദേഹം തന്നെ മറ്റൊരു അഭിപ്രായം പറയുന്നത്‌ കാണാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുജാഹിദുകള്‍ ഖുര്‍ആനും സ്വഹീഹായ ഹദീസും പ്രസ്‌താവിച്ചതുമായി യോജിച്ചതായി കാണുന്നത്‌ സ്വീകരിക്കുകയും അല്ലാത്തവ മഹാന്‍മാരെ ആദരിച്ചുകൊണ്ടു തന്നെ തള്ളിക്കളയും. എന്നാല്‍ ഖുബൂരികള്‍ ഖുര്‍ആനും സുന്നത്തുമായി യോജിച്ചത്‌ ദൂരെ എറിയുകയും യോജിക്കാത്തവ മഹാന്മാരുടെ പോരിശ പറഞ്ഞ്‌ മതമായും പ്രമാണമായും അംഗീകരിക്കുകയും ചെയ്യും. ഇതാണ്‌ ഒരു വ്യത്യാസം.
``എന്റെ സമുദായം 73 പാര്‍ട്ടികളായി പിരിയുമെന്നും അവയില്‍ ഒരു പാര്‍ട്ടി മാത്രമാണ്‌ സ്വര്‍ഗത്തിലേക്കുള്ളതെന്ന്‌ നബി(സ) പറയുകയുണ്ടായി. അതു ഖുബൂരികള്‍ ആണെന്നും ബാക്കിയുള്ളവയെല്ലാം നരകത്തിലേക്കുള്ള പുത്തന്‍ വാദികളാണെന്നും നബി(സ) പ്രസ്‌താവിക്കുകയുണ്ടായി. ഈ പുത്തന്‍ വാദികളില്‍ പെട്ട പാര്‍ട്ടിയാണ്‌ വഹാബികള്‍. ഇവര്‍ സ്വയം ഖുര്‍ആനിലും നബിചര്യയിലും ഗവേഷണം നടത്തി മുസ്‌ലിംകളെ മുശ്‌രിക്കുകളും അനാചാരത്തിന്റെ ആളുകളുമായി വിശേഷിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇവരുടെ ആശയങ്ങള്‍ക്ക്‌ മുഹമ്മദുബ്‌നു അബ്‌ദില്‍ വഹാബിന്റെയും ഇബ്‌നുതീമിയ്യ:യുടെയും റഷീദു റിളായുടെയും ഷൗക്കാനിയുടെയും അഭിപ്രായങ്ങള്‍ മാത്രമാണ്‌ പൂര്‍വികന്മാരില്‍ നിന്നും പിന്‍ബലമുള്ളൂ.'' ഇതാണ്‌ ഖുബൂരികളുടെ മറ്റൊരു ജല്‌പനം. ഈ ജല്‌പനത്തെ പ്രതിരോധിക്കുവാന്‍ വേണ്ടിയാണ്‌ മുജാഹിദുകള്‍ മഹാന്മാരുടെ കിതാബുകള്‍ ഉദ്ധരിക്കാറുള്ളത്‌. ഉദ്ധരിക്കുകയും ചെയ്യുന്നത്‌. ഞങ്ങള്‍ സ്വയം ഖുര്‍ആനിലും സുന്നത്തിലും ഗവേഷണം ചെയ്‌തു 1921 ന്‌ ശേഷമുള്ള വാദങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ പ്രചരിപ്പിക്കുകയല്ല. നിങ്ങള്‍ അംഗീകരിക്കുന്ന മഹാന്മാര്‍ തന്നെ അവരുടെ കിതാബുകളില്‍ ഞങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ ഖുബൂരികളെ ബോധ്യപ്പെടുത്തുക എന്നത്‌ മാത്രമാണ്‌ മഹാന്മാരുടെ കിതാബുകള്‍ ഉദ്ധരിക്കുന്നതിലുള്ള ഉദ്ദേശ്യം. ഇവ പ്രമാണമായതുകൊണ്ടല്ല. പ്രമാണം ഖുര്‍ആനും സുന്നത്തും മാത്രമാണ്‌. അവയിലേക്ക്‌ മടങ്ങുന്ന ഖിയാസും ഇജ്‌മാഉം.
നിങ്ങള്‍ക്ക്‌ മുമ്പ്‌ ആര്‌ പറഞ്ഞു? എന്ന ചോദ്യത്തിന്‌ വലിയ പ്രസക്തിയൊന്നും മുജാഹിദുകള്‍ നല്‌കുന്നില്ല. അവര്‍ പറയുന്ന അഭിപ്രായം വിശുദ്ധ ഖുര്‍ആനിനും വ്യവസ്ഥകള്‍ പൂര്‍ത്തിയായ സ്വഹീഹായ ഹദീസുകള്‍ക്കും സ്ഥിരപ്പെട്ട ഇജ്‌മാഅ്‌നും (ഏകാഭിപ്രായതിനും വ്യക്തമായ ഖിയാസിനും (ഗവേഷണത്തിനും) എതിരാവാത്ത പക്ഷം നിങ്ങള്‍ക്ക്‌ മുമ്പ്‌ ആര്‌ പറഞ്ഞു എന്ന ചോദ്യത്തിന്‌ അവകാശമില്ല. ഖലീഫ ഉമര്‍(റ) പറഞ്ഞു: ഇബ്‌നു അബ്ബാസ്‌(റ) പറഞ്ഞു എന്ന്‌ ഒരാള്‍ മറുപടി പറഞ്ഞാലും ഇവര്‍ക്ക്‌ മുമ്പ്‌ ആര്‌ പറഞ്ഞു എന്ന്‌ ചോദിക്കാം. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞു എന്ന്‌ മറുപടി പറഞ്ഞാല്‍ മാത്രമാണ്‌ ഈ ചോദ്യത്തിന്‌ അവകാശമില്ലാതിരിക്കുക. ചോദ്യത്തിന്റെ പ്രസക്തി നഷ്‌ടപ്പെടുക. ഇമാം ശാഫിഈ(റ) ഒരിക്കല്‍ ഒരു വിഷയത്തില്‍ നബി(സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു എന്ന്‌ പറഞ്ഞു മതവിധി നല്‌കിയപ്പോള്‍ നിങ്ങള്‍ എന്തിനാണ്‌ നബി(സ) പറഞ്ഞു എന്ന്‌ പറയുന്നത്‌ (ഇപ്രകാരം പറഞ്ഞിട്ടില്ലെങ്കില്‍ തന്നെ ഞങ്ങള്‍ അതു സ്വീകരിക്കുമല്ലോ) എന്ന്‌ ഒരാള്‍ അത്ഭുതത്തോടുകൂടി പറഞ്ഞപ്പോള്‍ ഇമാം ശാഫിഈ(റ) അയാള്‍ക്ക്‌ ഇപ്രകാരമാണ്‌ മറുപടി നല്‌കിയത്‌: ``എന്റെ കഴുത്തില്‍ നീ കുരിശ്‌ കണ്ടിട്ടുണ്ടോ? ഞാന്‍ ക്രിസ്‌ത്യാനികളുടെ ദേവാലയത്തില്‍ നിന്ന്‌ ഇറങ്ങിവരുന്നത്‌ നീ കണ്ടിട്ടുണ്ടോ? അച്ചന്മാരുടെ നീണ്ട വസ്‌ത്രം ഞാന്‍ ധരിച്ചിട്ടുണ്ടോ?''
ഖുര്‍ആനും സുന്നത്തും തെളിവായി ഉദ്ധരിച്ച്‌ മുജാഹിദുകള്‍ മുസ്‌ലിം ലോകത്തിന്റെ സ്ഥിരപ്പെട്ട ഏകാഭിപ്രായത്തിന്‌ എതിരാവാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ നിങ്ങള്‍ക്കു മുമ്പ്‌ ആര്‌ പറഞ്ഞു എന്ന ചോദ്യത്തിന്‌ അവകാശമില്ലെങ്കിലും ആ ചോദ്യത്തെ ആദരിച്ചുകൊണ്ടും അംഗീകരിച്ചുകൊണ്ടുമാണ്‌ അവര്‍ മഹാന്മാരുടെ കിതാബുകള്‍ ഉദ്ധരിക്കാറുള്ളത്‌. എന്നാല്‍ മുജാഹിദുകളെ എതിര്‍ക്കുവാന്‍ വേണ്ടി മഹാന്മാരുടെ അഭിപ്രായങ്ങളും കിതാബുകളും ഉദ്ധരിക്കുന്നത്‌ നീതിയും ധര്‍മവുമല്ല. ഖുബൂരികള്‍ക്ക്‌ ഖുര്‍ആനിനെക്കാളും നബിചര്യയെക്കാളും മഹാന്മാരും അഭിപ്രായങ്ങളും അവരുടെ കിതാബുകളുമാണ്‌ പ്രമാണം. അതിനാല്‍ മുജാഹിദുകള്‍ അവയെ എതിര്‍ക്കുമ്പോള്‍ കിതാബുകള്‍ ഉദ്ധരിച്ചാല്‍ അത്‌ അനീതിയോ അധര്‍മമോ ആകുന്നില്ല.
മഹാന്മാര്‍ തന്നെ പറയുന്നത്‌ കാണുക:
1. തീര്‍ച്ചയായും ഞാന്‍ ഒരു മനുഷ്യനാണ്‌. എനിക്ക്‌ പിഴവ്‌ സംഭവിക്കും. ശരിയും സംഭവിക്കും. അതിനാല്‍ എന്റെ അഭിപ്രായങ്ങള്‍ നിങ്ങള്‍ പരിശോധിക്കുവീന്‍. ഖുര്‍ആനും നബിചര്യയുമായി യോജിക്കുന്നത്‌ നിങ്ങള്‍ സ്വീകരിക്കുവീന്‍. അവയുമായി യോജിക്കാത്തത്‌ നിങ്ങള്‍ ഉപേക്ഷിക്കുവീന്‍ (ഇമാം മാലിക്ക്‌(റ) ഇബ്‌നു അബ്‌ദുല്‍ ബറിന്റെ ജാമിഅ്‌, ഉസൂലുല്‍ അഹ്‌കാമ്‌)
2. ഇമാം അബൂഹനീഫ(റ) പറയുന്നു: ഞാന്‍ എന്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു എന്ന്‌ ഗ്രഹിക്കാതെ എന്റെ അഭിപ്രായം പറയല്‍ ഒരാള്‍ക്കും അനുവദനീയമല്ല (മുഖദ്ദിമതുല്‍ ഹിദായ:)
3. ഇമാം മാലിക്‌(റ) വീണ്ടും പറയുന്നു: മുഹമ്മദ്‌ നബി(സ)ക്ക്‌ ശേഷം അഭിപ്രായങ്ങളില്‍ സ്വീകരിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്യേണ്ടതായ അവസ്ഥയില്‍ അല്ലാതെ ഒരൊറ്റ മനുഷ്യനുമില്ല (ജാമിഅ്‌, ഇര്‍ശാദുസ്സാലിക്‌)
4. ഇമാം ശാഫിഈ(റ) പറയുന്നു: അല്ലാഹു അവന്റെ സൃഷ്‌ടികളുട മേല്‍ അനുസരിക്കുവാന്‍ നിര്‍ബന്ധമാക്കിയത്‌ അവന്റെ വിശുദ്ധ ഗ്രന്ഥത്തെയും അവന്റെ പ്രവാചകന്റെ സുന്നത്തിനെയും മാത്രമായി നാം കാണുന്നു. അതിനാല്‍ സൃഷ്‌ടികള്‍ മുഴുവനും അതിനെ പിന്‍തുടരല്‍ അനിവാര്യമാണ്‌ (അരിസാല: പേ.108)
5. മഹാന്മാരെ അനുസരിക്കല്‍ അനിവാര്യമാകുക അവര്‍ പറഞ്ഞത്‌ സത്യമാണെന്ന്‌ അറിഞ്ഞാല്‍ മാത്രമാണ്‌ (തഫ്‌സീര്‍ ബൈളാവി: 1-192).
6. ഇമാം റാസി(റ) പറയുന്നു: തീര്‍ച്ചയായും മുസ്‌ലിം സമൂഹം ഏകാഭിപ്രായം (ഇജ്‌മാഅ്‌) ആയിട്ട്‌ പറയുന്നു: നിശ്ചയം ശാസിക്കുവാന്‍ അവകാശമുള്ളവരെയും അധികാരമുള്ളവരെയും അനുസരിക്കല്‍ അനിവാര്യമാകുക അവര്‍ പറയുന്നത്‌ തെളിവുകള്‍ കൊണ്ട്‌ സത്യമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ മാത്രമാണ്‌. ആ തെളിവുകള്‍ ഖുര്‍ആനും സുന്നത്തും മാത്രമല്ലാതെ മറ്റൊന്നും അല്ല. ഇതില്‍ ഇജ്‌മാഅ്‌ ഉണ്ട്‌ (റാസി: 10-145)
7. ഇമാം ശാഫിഈ(റ) പറയുന്നു: എന്റെ ഗ്രന്ഥത്തില്‍ നബി(സ)യുടെ സുന്നത്തിന്‌ എതിരായി നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ സുന്നത്തു പറയുകയും എന്റെ അഭിപ്രായത്തെ നിങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുവീന്‍ (ശര്‍ഹു മുഹദ്ദബ്‌: 1-63)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: