മുജാഹിദ്‌ പിളര്‍പ്പ്‌ വിവാദങ്ങളിലെ ഗള്‍ഫ്‌ ഫാക്‌ടര്‍

  • Posted by Sanveer Ittoli
  • at 12:36 AM -
  • 0 comments
മുജാഹിദ്‌ പിളര്‍പ്പ്‌ വിവാദങ്ങളിലെ ഗള്‍ഫ്‌ ഫാക്‌ടര്‍

എം ഐ മുഹമ്മദലി സുല്ലമി
ഏതൊരു സംഘടനയിലും കൂട്ടായ്‌മയിലും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ചില അസ്വാരസ്യങ്ങളും സൗന്ദര്യപ്പിണക്കങ്ങളും ഉണ്ടാവുന്നത്‌ സ്വാഭാവികവും മനുഷ്യസഹജവുമാണ്‌. കേഡര്‍ പാര്‍ട്ടികളില്‍ പോലും ഇവ കാണാറുണ്ട്‌. ഇതിനപ്പുറം ഒന്നും തന്നെ മുജാഹിദ്‌ പ്രസ്ഥാനത്തിലും ഉണ്ടായിരുന്നില്ല. ഇസ്‌ലാമിക മാനങ്ങള്‍ പാലിച്ചുകൊണ്ട്‌ ചര്‍ച്ചചെയ്യാനും വിട്ടുവീഴ്‌ച കാണിക്കാനും സാഹോദര്യത്തോടെ വര്‍ത്തിക്കാനും തയ്യാറായിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ മുളയില്‍ തന്നെ കരിഞ്ഞുപോകുമായിരുന്നു.പക്ഷെ, അത്തരമൊരു രഞ്‌ജിപ്പ്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു സംഘം തല്‍പരകക്ഷികള്‍ തക്കം പാര്‍ത്തിരിപ്പുണ്ടായിരുന്നു. അവര്‍ ത്വരിതഗതിയില്‍ രംഗപ്രവേശം നടത്തുകയും പ്രശ്‌നങ്ങളെ പര്‍വതീകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. പൊതുജനങ്ങളുടെ അജ്ഞത ചൂഷണംചെയ്‌തുകൊണ്ട്‌ അവര്‍ ഗ്രമങ്ങളിലും നഗരങ്ങളിലും ഗ്രൂപ്പുയോഗങ്ങള്‍ സംഘടിപ്പിച്ചു. അതിനുവേണ്ടി അവര്‍ പുറത്തെടുത്ത തുരുപ്പുചീട്ടായിരുന്നു ആദര്‍ശവ്യതിയാനം.
മുജാഹിദ്‌ പ്രവര്‍ത്തകര്‍ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്‌തിരുന്ന കെ കെ മുഹമ്മദ്‌ സുല്ലമി, സി പി ഉമര്‍ സുല്ലമി, മുഹമ്മദ്‌ കുട്ടശ്ശേരി തുടങ്ങിയ പണ്ഡിതരെ തൗഹീദില്‍ നിന്ന്‌ വ്യതിചലിച്ചവരെന്ന്‌ തല്‍പരകക്ഷികള്‍ സ്വന്തം നിലയില്‍ ആരോപിച്ചാല്‍ അത്‌ വിശ്വസിക്കാന്‍ ആളെ കിട്ടുമായിരുന്നില്ല. ഐ എസ്‌ എം പ്രവര്‍ത്തകരെ തന്റെ നേതൃപാടവത്തിലൂടെ ഹഠാദാകര്‍ഷിച്ച ഹുസൈന്‍ മടവൂരിന്റെ വ്യക്തിത്വത്തെ ഹനിക്കാന്‍ ശേഷിയുള്ള ഒരാളും വിമതപക്ഷത്ത്‌ ഉണ്ടായിരുന്നില്ല.
എന്തുണ്ട്‌ മാര്‍ഗം? അവര്‍ തലപുകഞ്ഞാലോചിച്ചു. ആ ഗൂഢാലോചനയുടെ ഫലമായി `സലഫീ മന്‍ഹജില്‍' നിന്നുള്ള വ്യതിയാനവും ഗള്‍ഫ്‌ ശൈഖന്മാരുടെ മുന്നറിയിപ്പും പിറവിയെടുത്തു. സംഘടന തിന്മയെന്ന്‌ പ്രഖ്യാപിച്ചു എ പി വിഭാഗം കെ എന്‍ എമ്മിനോട്‌ സലാംചൊല്ലിയ വ്യക്തിയും ജിന്നുകള്‍ക്കു വേണ്ടി ഇപ്പോള്‍ വിടപറഞ്ഞവരും മറ്റു ചിലരും ഒത്തുപിടിച്ചു. നാടായ നാട്ടിലൊക്കെ വിശദീകരണ യോഗങ്ങള്‍ നടത്താന്‍ തുടങ്ങി. ഹുസൈന്‍ മടവൂരും കൂട്ടരും സലഫീ മാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുകയും `സുറൂറി'കളായി മാറുകയും ചെയ്‌തിരിക്കുന്നുവെന്ന്‌ അവര്‍ ആരോപിച്ചു. തങ്ങളുടെ ആരോപണങ്ങള്‍ക്ക്‌ ആണിയടിക്കാന്‍ വേണ്ടി ഗള്‍ഫ്‌ സലഫികളെയും സംഘടനകളെയും ഇറക്കുമതി ചെയ്‌തു.
ഇതിനിടെ വിപുലമായ കണ്‍വെന്‍ഷന്‍ നടത്താനും തന്ത്രങ്ങള്‍ അരങ്ങേറി. 1999 മെയ്‌ 13ന്‌ പുളിക്കല്‍ ജാമിഅ സലഫിയ്യയിലെ പണ്ഡിത കന്‍വന്‍ഷനായി അത്‌ രൂപാന്തരം പ്രാപിച്ചു. യോഗത്തിലേക്ക്‌ ഈ ലേഖകനും ക്ഷണിക്കപ്പെട്ടിരുന്നു. അവിടെവെച്ചാണ്‌ ആദര്‍ശ വ്യതിയാനം എന്ന കുതന്ത്രം ഞാന്‍ പരസ്യമായി ശ്രവിച്ചത്‌. പി എന്‍ അബ്‌ദുല്ലത്തീഫ്‌ മദനിയും സുബൈര്‍ മങ്കടയും ശക്തമായ കടന്നാക്രമണം നടത്തി. അന്താരാഷ്‌ട്ര തലത്തില്‍ സലഫികള്‍ക്കിടയില്‍ ഇഖ്‌വാനീ ചാരന്മാര്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവരാണ്‌ സുറൂറികള്‍ എന്നും ആരോപിക്കപ്പെട്ടു. തുടര്‍ന്ന്‌ സുറൂറികളുടെ കേരളത്തിലെ ഏജാന്റാണ്‌ ഹുസൈന്‍ മടവൂരെന്നും മുദ്രയടിച്ചു.
അത്ഭുതത്തോടെ ചര്‍ച്ച ശ്രദ്ധിച്ചിരുന്ന ഞാന്‍ തെളിവുകള്‍ കേട്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി. ഹുസൈന്‍ മടവൂരും കൂട്ടരും ശൈഖ്‌ ഇബ്‌നുബാസ്‌, ശൈഖ്‌ ഉസൈമീന്‍ തുടങ്ങിയവര്‍ നയിക്കുന്ന യഥാര്‍ഥ സലഫീ മന്‍ഹജില്‍ നിന്ന്‌ വ്യതിചലിച്ചുപോയി എന്നതാണ്‌ പ്രധാന ആരോപണം. അതിനുള്ള തെളിവോ? ശൈഖ്‌ ഇബ്‌നുബാസിന്റെ വീക്ഷണത്തെ അംഗീകരിച്ചുകൊണ്ട്‌ ഹുസൈന്‍ മടവൂര്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പെഴുതിയ കൃതിയിലെ ഉദ്ധരണി. തറാവീഹിന്റെ റക്‌അത്ത്‌ എത്രയുമാകാം എന്ന ഇബ്‌നുബാസിന്റെ വീക്ഷണത്തെ ഒരാള്‍ ന്യായീകരിച്ചാല്‍ അയാളെങ്ങനെ ശൈഖ്‌ ഇബ്‌നുബാസിന്റെ എതിരാളിയാവും? അയാളെങ്ങനെ സലഫി മന്‍ഹജില്‍ നിന്ന്‌ പുറത്തുപോകും?
ഹുസൈന്‍ മടവൂരും അനുയായികളും മുജാഹിദ്‌ലൈന്‍ ഉപേക്ഷിച്ച്‌ സലഫീ മന്‍ഹജിലേക്ക്‌ പോയി എന്നായിരുന്നു ആരോപണമെങ്കില്‍ ആ തെളിവ്‌ പ്രസക്തമായിരുന്നേനെ. ഗള്‍ഫില്‍ ഒരു വ്യാഴവട്ടത്തിലേറെ ജോലിചെയ്‌ത എനിക്ക്‌ അവിടത്തെ സലഫീ പണ്ഡിതരുടെ വീക്ഷണങ്ങളില്‍ പലതും നാം അംഗീകരിക്കാത്തവരാണെന്ന്‌ അറിയാമായിരുന്നു. അതിനാല്‍ സദസ്യര്‍ക്ക്‌ അനുവദിച്ച `അഞ്ചുമിനിറ്റില്‍' ഞാന്‍ അവസരം ചോദിച്ചുവാങ്ങി. ഈ ആരോപണത്തില്‍ നിന്ന്‌ തല്‍പരകക്ഷികള്‍ പിന്‍വാങ്ങട്ടെ എന്ന ഉദ്ദേശ്യത്തോടെ സലഫികളും നാമും അന്തരമുള്ള ഏതാനും കാര്യങ്ങള്‍ അന്നുതന്നെ ചൂണ്ടിക്കാണിച്ചു.
തറാവീഹിന്റെയും മാസപ്പിറവിയുടെയും കാര്യത്തില്‍ സലഫികളും നാമും തമ്മിലുള്ള അന്തരം ഉദാഹരിച്ചു. അഹ്‌ലെ ഹദീസുപോലുള്ള സംഘടനയിലോ അല്ലെങ്കില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനിലോ പ്രവര്‍ത്തിക്കുന്നതാണ്‌ ഇക്കാലത്ത്‌ നല്ലത്‌ എന്ന ശൈഖ്‌ ഇബ്‌നുബാസിന്റെ ഫത്‌വയും അന്ന്‌ അവിടെ ചൂണ്ടിക്കാണിച്ചു.
1999 മെയ്‌ 13ന്‌ പുളിക്കലില്‍ നടന്ന പണ്ഡിതപ്രവര്‍ത്തക സംഗമം പ്രശ്‌നപരിഹാരത്തിന്‌ ഒരു സംഘത്തെ നിയോഗിച്ചു. പക്ഷെ, അവര്‍ക്ക്‌ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതിനിടയില്‍ ഗ്രൂപ്പ്‌ യോഗങ്ങള്‍ സജീവമായി. ആദര്‍ശവ്യതിയാനാരോപണവും സലഫീമന്‍ഹജ്‌ വിവാദവും ഏതാണ്ടെല്ലാ മുജാഹിദ്‌ മഹല്ലുകളെയും ശബ്‌ദമുഖരിതമാക്കി. ഗള്‍ഫിലെ സലഫീ അണികള്‍ക്കിടയില്‍ നുഴഞ്ഞുകയറി ഇഖ്‌വാനികള്‍ പലരെയും സലഫീ മന്‍ഹജില്‍ നിന്ന്‌ വ്യതിചലിപ്പിച്ചിരിക്കുന്നു; സുഊദി വിമതനായ മുഹമ്മദ്‌ ബിന്‍ സുറൂറും ഖത്തറിലെ ഖലീഫ റബ്ബാന്‍ എന്നയാളുമാണ്‌ അവര്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌; ഹുസൈന്‍ മടവൂരിലൂടെ `സുറൂറിസം' കേരളത്തിലേക്കും കടന്നുവന്നിരിക്കുന്നു; അതിനെക്കുറിച്ച്‌ ഗള്‍ഫിലെ സലഫീ സംഘടനകളും നേതാക്കളും നമുക്ക്‌ മുന്നറിയിപ്പ്‌ നല്‌കിയിരിക്കുന്നു; അതിനാല്‍ `സുറൂറികളെ ഒറ്റപ്പെടുത്തുക' എന്നതായിരുന്നു വ്യതിയാനാരോപകര്‍ നാടുനീളെ പ്രസംഗിച്ചത്‌.
ആദ്യത്തെ ലഘുലേഖ 
കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനവും ഗള്‍ഫ്‌ സലഫികളും നൂറു ശതമാനവും ഒരേ ആശയമാണ്‌ പിന്തുടരുന്നതെന്ന്‌ ഒട്ടേറെ മുജാഹിദുകള്‍ അന്ന്‌ വിശ്വസിച്ചിരുന്നു. അതിനാല്‍ അവര്‍ക്കിടയിലെ പ്രശ്‌നം നമുക്കിടയിലും കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുമെന്ന ആരോപകരുടെ വാദം പലരും സത്യമാണെന്ന്‌ ധരിച്ചു. അക്കൂട്ടത്തില്‍ പണ്ഡിതരും ഉണ്ടായിരുന്നു. ആരോപകവൃന്ദത്തിന്റെ വാദങ്ങള്‍ ബാലിശങ്ങളാണെന്ന്‌ തുടക്കത്തില്‍ തന്നെ എനിക്ക്‌ ബോധ്യപ്പെട്ടിരുന്നു. നമ്മുടെ പണ്ഡിതരെയെങ്കിലും അത്‌ ഉണര്‍ത്തണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ്‌ പത്തുപേജുള്ള ഒരു ലഘുലേഖ തയ്യാറാക്കി പ്രമുഖരായ ഇരുപതോളം പേര്‍ക്ക്‌ അയച്ചുകൊടുത്തത്‌.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അധോഗതിയുടെ അഗാധങ്ങളില്‍ ആപതിച്ചിരുന്ന കേരള മുസ്‌ലിം സമൂഹത്തില്‍ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ വരുത്തിയ പരിവര്‍ത്തനങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ്‌ ലഘുലേഖ ആരംഭിച്ചത്‌. സുഊദിയിലെയും ഈജിപ്‌തിലെയുമെല്ലാം നവോത്ഥാന ചലനങ്ങള്‍ നമുക്ക്‌ ആവേശദായകങ്ങളും സഹായകങ്ങളുമായിട്ടുണ്ടാവാം. എന്നാല്‍ അവയില്‍ ഒന്നിന്റെയും ആശയാദര്‍ശങ്ങളെയോ നയപരിപാടികളെയോ നാം അപ്പടി പിന്തുടരുകയോ തഖ്‌ലീദ്‌ ചെയ്‌കയോ ചെയ്‌തിട്ടില്ല. സ്വാഭാവികമായും അവരും നാമും തമ്മില്‍ പല കാര്യങ്ങളിലും അന്തരമുണ്ടായി. എന്തിനധികം സമസ്‌തക്കാരുമായി നാം വാദപ്രതിവാദങ്ങളും ഖണ്ഡനമണ്ഡനങ്ങളും നടത്തിവരാറുള്ള ചില വിഷയങ്ങളില്‍ പോലും സലഫികളുടെ ആശയങ്ങള്‍ നമുക്ക്‌ അനുരൂപമല്ല. 
തറാവീഹിന്റെ റക്‌അത്തുകള്‍, വെള്ളിയാഴ്‌ചയിലെ രണ്ടു ബാങ്കുകള്‍, മാസപ്പിറവി, വെള്ളത്തില്‍ മന്ത്രിച്ചൂതല്‍, ജിന്നുബാധ, ജിന്നിനെ പ്രഹരിച്ചു തുരത്തല്‍, സിഹ്‌ര്‍ ബാധക്കുള്ള ചികിത്സ, സ്‌ത്രീവിദ്യാഭ്യാസവും പൊതുപ്രവര്‍ത്തനവും തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. അതിനാല്‍ ഗള്‍ഫിലെ സലഫികളുടെ പാതയില്‍ നിന്ന്‌ സുറൂറിസത്തിന്റെ സ്വാധീനഫലമായി നമ്മില്‍ ചിലര്‍ വ്യതിചലിച്ചുവെന്ന വാദം തന്നെ അപ്രസക്തമാണ്‌. കാരണം നമ്മില്‍ ചിലരല്ല എല്ലാവരും തന്നെ ആ പാതയില്‍ നിന്ന്‌ പണ്ടേ വ്യതിചലിച്ചവരാണ്‌ എന്നതായിരുന്നു ലഘുലേഖയിലെ കാതലായ വശം. 
ഇഖ്‌വാനികളോട്‌ ഗള്‍ഫിലെ സലഫികള്‍ക്ക്‌ അത്ര വലിയ തൊട്ടുകൂടായ്‌മ ഇല്ലെന്ന കാര്യം ശൈഖ്‌ അബ്‌ദുല്‍അസീസ്‌ ബിന്‍ അധ്യക്ഷനായിരുന്ന സുഊദി പണ്ഡിതസഭയുടെ 6250-ാം നമ്പര്‍ ഫത്‌വയുടെ വെളിച്ചത്തില്‍ വ്യക്തിമാക്കുകയും ചെയ്‌തിരുന്നു. ലഘുലേഖയുടെ അവസാന ഖണ്ഡികയിലെ പ്രസ്‌താവന ഇപ്രകാരമായിരുന്നു: ``ലോക സലഫീ നിലപാടില്‍ പലതും മതരംഗത്തും അല്ലാത്തിടത്തും നമുക്ക്‌ അംഗീകരിക്കാനാവില്ല. ലോകസലഫികളില്‍ നിന്ന്‌ നമ്മില്‍ ചിലരല്ല, എല്ലാവരും വ്യതിചലിച്ചവരാണെന്ന്‌ ഓര്‍ക്കുക. അതിനാല്‍ ലോക സലഫികള്‍ ഭിന്നിക്കുകയോ ഒന്നിക്കുകയോ ചെയ്യട്ടെ, അത്‌ നമുക്ക്‌ ബാധകമല്ല.''
ഈ ലഘുലേഖ അയച്ചുകൊടുത്തവരില്‍ ആദര്‍ശവ്യതിയാനാരോപണ ഗോദയില്‍ സജീവമായിരുന്ന ചിലരും ഉണ്ടായിരുന്നു. കിട്ടേണ്ട താമസം അവര്‍ ക്രുദ്ധരായി. എന്നെയും സുറൂറി ഏജന്റായി മുദ്ര കുത്തി. 
ഗള്‍ഫ്‌ സലഫിസവും മുജാഹിദ്‌ പ്രസ്ഥാനും
മുജാഹിദ്‌ പ്രസ്ഥാനത്തിലെ പ്രമുഖരായ പണ്ഡിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും ലഘുലേഖ അയച്ചുകൊടുക്കുക മാത്രമല്ല, അവരില്‍ പലരെയും നേരില്‍ കണ്ട്‌ ആശയ വിനിമയം നടത്തുകയും ചെയ്‌തു. ഉറങ്ങിക്കിടന്നവനെ വിളിച്ചുണര്‍ത്താം. ഉറക്കം അഭിനയിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ല, എന്ന്‌ പറഞ്ഞതു പോലെയായിരുന്നു പലരുടെയും അവസ്ഥ. തങ്ങള്‍ക്കിഷ്‌ടമില്ലാത്തവരെയൊക്കെ ആദര്‍ശവ്യതിയാനാരോപണത്തിലൂടെ പുറത്തുചാടിക്കാന്‍ അവര്‍ വീണ്ടും ശ്രദ്ധിച്ചുകൊണ്ടിരുന്നു.
അതിനിടെ മധ്യസ്ഥരുടെ രംഗപ്രവേശമുണ്ടായി. അവരെയും സലഫീ-സുറൂറി വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ചു. സ്വാഭാവികമായും അവര്‍ ഉണ്ടാക്കിയ മധ്യസ്ഥ തീരുമാനങ്ങളിലും അത്‌ നിഴലിച്ചു. അറബികളായ സലഫീ നേതാക്കള്‍ക്ക്‌ ഉണ്ടായിട്ടുള്ള അഭിപ്രായഭിന്നതകള്‍ നീക്കാന്‍ പരിശ്രമിക്കണമെന്ന്‌ മധ്യസ്ഥരേഖയുടെ പ്രഥമ പേജില്‍ തന്നെ സ്ഥാനം പിടിക്കുകയുണ്ടായി.
മധ്യസ്ഥരുടെ നിര്‍ദേശങ്ങളില്‍ അപാകതകള്‍ ധാരാളമുണ്ടായിരുന്നു. പലരും രേഖാമൂലം തന്നെ അവരുടെ ശ്രദ്ധയിലേക്ക്‌ അവ അറിയിച്ചു. പക്ഷെ, പ്രയോജനമുണ്ടായില്ല. അങ്ങനെ സംഘടനാ തെരഞ്ഞെടുപ്പ്‌ നടന്നു. വിവാദങ്ങള്‍ക്കൊടുവില്‍ മധ്യസ്ഥ പാനല്‍ വോട്ടിനിട്ടു. കെ എന്‍ എം സംസ്ഥാന കൗണ്‍സിലിലെ 107 പേര്‍ പാനലിന്‌ അനുകൂലമായി വോട്ടു ചെയ്‌തപ്പോള്‍ 105 പേര്‍ അതിനെ എതിര്‍ത്തു. കേവലം രണ്ടു വോട്ട്‌ ഭൂരിപക്ഷം. എന്നിരുന്നാലും സംഘടനയുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പ്‌ എല്ലാവരും അംഗീകരിച്ചു. മാത്രമല്ല, ആദര്‍ശവ്യതിയാനാരോപണം മേലില്‍ ആരും ഉന്നയിക്കാവതല്ല എന്ന മധ്യസ്ഥന നിര്‍ദേശം ആശ്വാസകരവുമായി.
പക്ഷെ, തൊട്ടടുത്ത ദിവസം തന്നെ കെ കെ സക്കരിയ സ്വലാഹിയുടെ നോട്ടീസ്‌ പുറത്തിറങ്ങി. ആദര്‍ശവ്യതിനായാരോപണം തുടരുമെന്നും മധ്യസ്ഥ തീരുമാനം കേവലം സ്ഥാനങ്ങളുടെ ഓഹരി വെപ്പ്‌ മാത്രമാണെന്നും അദ്ദേഹം തുറന്നെഴുതി. വീണ്ടും പ്രശ്‌നങ്ങളും വിവാദങ്ങളും ആരോപണങ്ങളും സജീവമായി. ആദര്‍ശവ്യതിയാനാരോപണം അവസാനിപ്പിച്ചാലല്ലാതെ ഐക്യമുണ്ടാവില്ലെന്ന്‌ ബോധ്യമായി. അങ്ങനെയാണ്‌ കെ എന്‍ എം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ പണ്ഡിത ചര്‍ച്ച നടത്താന്‍ തീരുമാനമായത്‌. (തുടരും)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: