സാമൂഹ്യനീതിക്ക്‌ എത്രമുഖം?

  • Posted by Sanveer Ittoli
  • at 1:03 AM -
  • 0 comments
സാമൂഹ്യനീതിക്ക്‌ എത്രമുഖം?

മരണപ്പെട്ടവരെക്കുറിച്ച്‌ നല്ലതേ പറയാവൂ' എന്നത്‌ ഒരു പൊതുതത്വമാണ്‌. അതുകൊണ്ടാണല്ലോ നേതാക്കളാരെങ്കിലും മരണപ്പെട്ടാല്‍ ജാതി-മത-രാഷ്‌ട്രീയ ഭിന്നതകള്‍ മറന്ന്‌ എല്ലാവരും ശവസംസ്‌കാരത്തിനെത്തുന്നതും ബന്ധപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതും. അവരുടെ അഭിപ്രായങ്ങളിലും നിലപാടുകളിലുമുള്ള
കടുത്ത വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ മരണപ്പെട്ടവരെ ആദരിക്കുന്നത്‌ കപടതയല്ല; മാനവികതയാണ്‌. ഈ അടിസ്ഥാന വസ്‌തുതകള്‍ വിസ്‌മരിക്കാതെ തന്നെ, 2012 നവംബര്‍ പതിനേഴിന്‌ ബോംബെയില്‍ നിര്യാതനായ ശിവസേന മേധാവി ബല്‍രാജ്‌ താക്കറെയുടെ ശേഷക്രിയകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലേക്ക്‌ ശ്രദ്ധ ക്ഷണിക്കുകയാണ്‌.
ഏതൊരു പ്രസ്ഥാനത്തിന്റെയും നേതാവിന്റെയും വിയോഗം ആ പ്രസ്ഥാനത്തിന്റെ അനുയായികളില്‍ പ്രയാസമുണ്ടാക്കും. അവരെല്ലാവരും മരണസ്ഥലത്തേക്ക്‌ ഓടിയെത്തും. ജനത്തിരക്കും തന്മൂലം ഗതാഗതപ്രശ്‌നങ്ങളും ഉണ്ടാവാം. സാമൂഹികപ്രവര്‍ത്തകരും പോലീസും നിയന്ത്രണത്തിന്‌ ശ്രമിക്കും. ഇതെല്ലാം സര്‍വസാധാരണം; സ്വാഭാവികം. എന്നാല്‍ ബാല്‍താക്കറെ മരണപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച ബോംബെ നഗരത്തില്‍ ശിവസേന ബന്ദ്‌ പ്രഖ്യാപിച്ചു! മരിച്ചതിന്‌ ബന്ദോ എന്ന്‌ ചോദിക്കാനാരുമുണ്ടായില്ല. എന്നാല്‍ രാജാവ്‌ പൂര്‍ണ നഗ്‌നനാണ്‌ എന്ന്‌ ഒരു പെണ്‍കുട്ടി വിളിച്ചുപറഞ്ഞു. ഇരുപത്തിയൊന്നുകാരിയായ ഷഹീന്‍ ദാദ എന്ന പെണ്‍കുട്ടി, സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി, ഫെയ്‌സ്‌ബുക്കില്‍ ഒരു പോസ്റ്റ്‌ ഇട്ടു. അതിങ്ങനെയായിരുന്നു: ``താക്കറെയെപ്പോലുള്ള ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യും. അതിന്റെ പേരില്‍ ബന്ദ്‌ ആചരിക്കേണ്ട ആവശ്യമില്ല. നാം സ്‌മരിക്കേണ്ടത്‌ ഭഗത്‌സിംഗിനെയും സുഖ്‌ദേവിനെയുമാണ്‌.''
ഈ പോസ്റ്റ്‌ ഫെയ്‌സ്‌ബുക്കിലിട്ട ഷഹീന്‍ ദാദയെയും ആ പോസ്റ്റ്‌ ലൈക്‌ ചെയ്‌ത രേണുവിനെയും ബോംബെ പോലീസ്‌ അറസ്റ്റുചെയ്‌തു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു! ഐ പി സി 505, 295 (എ) ഐടി ആക്‌ട്‌ 64 (എ) എന്നീ വകുപ്പുകള്‍ പ്രകാരമാണനത്രെ അറസ്റ്റ്‌.
`ദീപസ്‌തംഭം മഹാശ്ചര്യം' എന്ന്‌ പറഞ്ഞ്‌ ബോംബെയിലേക്കോടിയവരും പേജുകളിലും ക്യാമറകളിലും ഞെട്ടിയവരും ഇതു കണ്ടില്ല. എന്നാല്‍ സുപ്രീംകോടതിയിലെ റിട്ടയേര്‍ഡ്‌ ജഡ്‌ജിയും പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ചെയര്‍മാനുമായ ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജുവിന്റെ വ്യക്തവും ശക്തവുമായ ശബ്‌ദം അധികൃതര്‍ കേള്‍ക്കേണ്ടിവന്നു. അദ്ദേഹം മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക്‌ നേരിട്ടെഴുതി: ``ഇന്ത്യന്‍ ഭരണഘടന ആര്‍ടിക്‌ള്‍ 19(1) എ പ്രകാരം അഭിപ്രായം പറഞ്ഞ കുട്ടികളെ അറസ്റ്റുചെയ്‌തത്‌, സെക്‌ഷന്‍ 341, 342 പ്രകാരം ക്രമിനല്‍ കുറ്റമാണ്‌.''
ഈ ശബ്‌ദം ഫലം കണ്ടു. പെണ്‍കുട്ടികളെ വിട്ടയക്കുകയും അറസ്റ്റു നടപടിയെപ്പറ്റി അന്വേഷണത്തിന്‌ ഉത്തരവിടുകയുണ്ടായി.
ആരാണ്‌ താക്കറെ? സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷ ഭാരതത്തിന്‌ കളങ്കം മാത്രം വരുത്തിവെച്ച ഒരു തീവ്രവാദിയാണ്‌ താക്കറെ എന്നത്‌ ആരുടെയെങ്കിലും ആരോപണമല്ല; വസ്‌തുതയാണ്‌. നാനാത്വത്തില്‍ ഏകത്വവും മതനിരപേക്ഷതയും ഫെഡറല്‍ സംവിധാനവും സ്വീകരിച്ച്‌ സ്വതന്ത്ര ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും ഭരണഘടനാ നിലപാടിനും വിരുദ്ധമായി മാത്രം നിലകൊണ്ടയാളാണ്‌ താക്കറെ. `മണ്ണിന്റെ മക്കള്‍' എന്ന പ്രാദേശികവാദം, മാറാഠാ വാദം മുതലായ അദ്ദേഹത്തിന്റെ നിലപാടുകള്‍ രാഷ്‌ട്രീയമല്ല, ജനാധിപത്യവുമല്ല; വിധ്വംസകാത്മകം മാത്രമായിരുന്നു. 1960കളിലും എഴുപതുകളിലും ശിവസേന എന്ന പാര്‍ട്ടി രൂപീകരിച്ചുകൊണ്ട്‌ അദ്ദേഹം ചെയ്‌തത്‌ ദക്ഷിണേന്ത്യക്കാരെ ബോംബെയില്‍ നിന്നാട്ടിയോടിക്കുക എന്ന `ദൗത്യ'മായിരുന്നു. 
ആയിരക്കണക്കിന്‌ മലയാളികള്‍ ഉള്‍പ്പെടെ തെന്നിന്ത്യക്കാര്‍ അന്ന്‌ കഷ്‌ടപ്പെട്ടതിന്‌ കണക്കില്ല. 90കളില്‍ ഇദ്ദേഹത്തിന്റെ തിവ്രവാദ നിലപാടിനിരയായത്‌ മുസ്‌ലിംകളായിരുന്നു. അദ്ദേഹത്തിന്റെ മുസ്‌ലിം വിരോധത്തിന്റെ വ്യാപ്‌തി ബോംബെ `മുസ്‌ലിം മുക്ത'മാക്കാനുള്ള ശ്രമത്തില്‍ മാത്രം ഒതുങ്ങിയില്ല. പാകിസ്‌താനുമായുള്ള ഇന്ത്യന്‍ ടീമിന്റെ ക്രിക്കറ്റ്‌ കളിയെപ്പോലും ആക്രമിക്കുന്ന അവസ്ഥയിലെത്തി. ഈയടുത്ത കാലത്ത്‌ താക്കറെ വൈരം ഉത്തരേന്ത്യക്കാരോടായി. ബീഹാറികളെയും ബംഗാളികളെയും മഹാരാഷ്‌ട്രയില്‍ നിന്ന്‌ ഓടിച്ചത്‌ ഇന്ത്യയില്‍ വിവാദമായി. ഹിന്ദി ബെല്‍റ്റാണല്ലോ ഇന്ത്യ! താക്കറെയുടെ നാവും പാര്‍ട്ടി ജിഹ്വ `സാംനെ'യും പുറത്തുവിട്ട വിഷപ്പുകയ്‌ക്ക്‌ കൈയും കണക്കുമില്ല.
ജസ്റ്റിസ്‌ മാര്‍കണ്ഡേയ കട്‌ജുവിനെ ഉദ്ധരിക്കട്ടെ: ``ഭരണഘടനാ ആര്‍ടിക്‌ള്‍ 1(1)ല്‍ പറയുംപ്രകാരം നിരവധി സംസ്ഥാനങ്ങള്‍ ചേര്‍ന്നുള്ള രാജ്യമാണ്‌ ഇന്ത്യ. അല്ലാതെ കുറെ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന സാമ്രാജ്യമല്ല ഇന്ത്യ. രാജ്യത്തെ ഏത്‌ പൗരനും രാജ്യത്തിനകത്ത്‌ എവിടെ വേണമെങ്കിലും പോകാന്‍ ഭരണഘടന 19(1) ഇ അനുവദിക്കുന്നു. മഹാരാഷ്‌ട്രക്കാര്‍ക്ക്‌ ഇന്ത്യയിലെവിടെയും പോകാമെന്ന പോലെ ഏതൊരു ഇന്ത്യന്‍ പൗരനും മഹാരാഷ്‌ട്രയിലും ബോംബെയിലും വരാം. താക്കറെ കുടുംബപോലും യഥാര്‍ഥത്തില്‍ ബോംബെക്കാരല്ല. ഇന്ത്യയില്‍ മണ്ണിന്റെ മക്കള്‍ എന്ന്‌ പറയാവുന്നവര്‍ കേവലം എട്ട്‌ ശതമാനമുള്ള ആദികള്‍ മാത്രമാണ്‌'' (കടപ്പാട്‌ ദ ഹിന്ദു - ഉദ്ധരണം വര്‍ത്തമാനം 21-11-12)
ബാല്‍താക്കറെ എന്ന വ്യക്തിയെ മരണാനന്തരവും ദുഷിക്കാനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ഇകഴ്‌ത്താനെ അല്ല ഇക്കാര്യം ഉണര്‍ത്തിയത്‌. എന്നാല്‍ ഒരു പഞ്ചായത്തുമെമ്പര്‍ പോലും അല്ലാത്ത ബാല്‍താക്കറെക്ക്‌, മേല്‍പറഞ്ഞ തരത്തില്‍ സകലമാന ജനാധിപത്യ മതേതരത്വ വിരുദ്ധമായ ദേശവിരുദ്ധ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം നേതൃത്വം നല്‍കിയ ഒരു കേവല വ്യക്തിക്ക്‌ ദേശീയ ബഹുമതിയോടെ ശവസംസ്‌കാരച്ചടങ്ങ്‌ ഒരുക്കിയ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രതിഷേധമര്‍ഹിക്കുന്നു. ഔദ്യോഗിക ബഹുമതികളോടെ ദേശീയപതാക പുതപ്പിച്ച്‌, ആചാരവെടി മുഴക്കി ശവസംസ്‌കാരം. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആദരാഞ്‌ജലികള്‍! ഇതെല്ലാം കാണുമ്പോള്‍ ആ വ്യക്തിയുടെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഗവണ്‍മെന്റ്‌ മരണാനന്തര അംഗീകാരം നല്‍കുകയായിരുന്നില്ലേ? ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും നിരക്കുന്ന നടപടിയല്ല ഇതെന്ന്‌ ചൂണ്ടിക്കാണിക്കുകയാണ്‌.
എന്നാല്‍ ജനാധിപത്യത്തെയും പൗരാവകാശത്തെയും കുറിച്ചുള്ള സകല സങ്കല്‍പങ്ങളും കാറ്റില്‍പറത്തി പ്രാഥമിക നീതിപോലും നിഷേധിക്കപ്പെട്ട്‌, താന്‍ ചെയ്‌ത കുറ്റമെന്തെന്നു പോലും നിശ്ചയിക്കപ്പെടാതെ ജയിലറയില്‍ കഴിച്ചുകൂട്ടുന്ന അബ്‌ദുന്നാസര്‍ മഅ്‌ദനി എന്ന മനുഷ്യനോട്‌ സര്‍ക്കാറുകള്‍ കാണിക്കുന്നത്‌ തികഞ്ഞ വിവേചനമല്ലേ? അബ്‌ദുന്നാസര്‍ മഅ്‌ദനി മതനിരപേക്ഷതയ്‌ക്ക്‌ വിരുദ്ധമായ നിലപാടെടുത്തിട്ടുണ്ട്‌ എന്നത്‌ നേരാണ്‌. എന്നാല്‍ താക്കറെ, തൊഗാഡിയ പോലുള്ളവര്‍ സ്വീകരിച്ച നിലപാടിന്റെ ഒരു ശതമാനം മാത്രമേ അത്‌ ഉണ്ടാവുകയുള്ളൂ. 
ഒന്‍പതു വര്‍ഷം വിചാരണ കൂടാതെ കോയമ്പത്തൂര്‍ ജയിലില്‍ പാര്‍പ്പിച്ചശേഷം വിചാരണ. കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ വെറുതെവിട്ടു. അപരിഹാര്യമായ അനീതിക്കു വിധേയമായെങ്കിലും അദ്ദേഹം തന്റെ നിലപാടുകള്‍ തീര്‍ത്തും മാറ്റി. തന്റെ സമീപനങ്ങള്‍ ശരിയായിരുന്നില്ല എന്ന്‌ തിരിച്ചറിഞ്ഞു; ഏറ്റുപറഞ്ഞു. ഒരു കാലും ശാരീരികാരോഗ്യവും നഷ്‌ടപ്പെട്ട അദ്ദേഹത്തെ നല്ല നടപ്പിനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അനുവദിക്കുന്നതിനു പകരം മറ്റൊരു കുറ്റംചുമത്തി 2010ല്‍ വീണ്ടും കര്‍ണാടകയിലെ പരപ്പന ജയിലിലടച്ചിരിക്കുകയാണ്‌. വിചാരണത്തടവുകാരനായി. കുറ്റം ചെയ്‌തവര്‍ ശിക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പൗരാവകാശവും പ്രാഥമിക മനുഷ്യാവകാശവും പച്ചയായി നിഷേധിച്ചുകൊണ്ട്‌ ഒരാളെ കല്‍തുറങ്കിലടയ്‌ക്കുകയും അതിലേറെ ഭീകരനായ ഒരാളെ ദേശീയ ബഹുമതി നല്‍കി ആദരിക്കുകയും ചെയ്യുമ്പോള്‍ ഭാരതത്തിന്റെ സംസ്‌കാരമാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. സാമൂഹിക നീതിക്കെത്ര മുഖമാണിന്ത്യയില്‍ എന്ന്‌ ആരും ചോദിച്ചുപോകും.
മധ്യേന്ത്യയെ കിടിലംകൊള്ളിച്ച ചമ്പല്‍കൊള്ളക്കാര്‍ ആയുധംവച്ചു കീഴടങ്ങി സാധാരണ ജീവിതത്തിലേക്ക്‌ നീങ്ങാന്‍ തയ്യാറായി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അവരോടുള്ള വാഗ്‌ദാനം നിറവേറ്റാതെ കഷ്‌ടപ്പെടുത്തുകയാണ്‌ ഗവണ്‍മെന്റ്‌ എന്നും അവരുടെ പിന്‍മുറക്കാര്‍ തീവ്രവാദത്തിലേക്ക്‌ തിരിച്ചുപോയെങ്കില്‍ ഉത്തരവാദി ഗവണ്‍മെന്റാണെന്നും ഒരു സ്വകാര്യ ചാനല്‍ ഈയിടെ നടത്തിയ അന്വേഷണ വിവരം പുറത്തുവിട്ടിരിക്കുന്നു. തെന്നിന്ത്യയെ വിറപ്പിച്ച നക്‌സലുകളുടെ അവശേഷിക്കുന്ന കണ്ണികള്‍ സമൂഹത്തിന്റെ ഭാഗമായി മുഖ്യധാരയില്‍ ജീവിക്കുന്ന കേരളത്തില്‍ മഅ്‌ദനിക്കു മാത്രം അവസരം നിഷേധിച്ചുകൂടാത്തതാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: