നവയാഥാസ്ഥിതികതയില്‍ നിന്ന്‌ മുഴുയാഥാസ്ഥിതികതയിലേക്ക്‌ 3

  • Posted by Sanveer Ittoli
  • at 1:23 AM -
  • 0 comments
നവയാഥാസ്ഥിതികതയില്‍ നിന്ന്‌ 
മുഴുയാഥാസ്ഥിതികതയിലേക്ക്‌!

എ അസ്‌ഗറലി
വിദ്യാഭ്യാസരംഗത്ത്‌ വലിയ വിപ്ലവമാണ്‌ മുജാഹിദുകള്‍ വരുത്തിയത്‌. എഴുത്തും വായനയും സ്‌ത്രീകള്‍ക്ക്‌ ഹറാമാക്കി ഫത്‌വ നല്‍കിയവരായിരുന്നു യാഥാസ്ഥിതിക പുരോഹിതന്മാര്‍. ഇംഗ്ലീഷ്‌ നരകത്തിലെ ഭാഷയാണെന്ന്‌ പറഞ്ഞാക്ഷേപിച്ചവര്‍ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി തങ്ങളുടെ പഴയ അബദ്ധങ്ങളെ മായ്‌ക്കാന്‍ ശ്രമിക്കുകയാണ്‌. ഇന്ത്യയില്‍ അധിനിവേശം സ്ഥാപിച്ച ബ്രിട്ടീഷ്‌ ഭരണത്തോടുള്ള വിരോധമാണ്‌ അങ്ങനെ പറയാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നാണ്‌ പുതിയ വ്യാഖ്യാനം. എന്നാല്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നും മുസ്‌ലിംകള്‍ വിദ്യാലയങ്ങളില്‍ ചേര്‍ന്ന്‌ അതിനു പഠിക്കണമെന്നും സര്‍ക്കാര്‍ സമുദായത്തിന്‌ കൂടുതല്‍ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്നും വാദിച്ചവരാണ്‌ മുജാഹിദുകള്‍.
സ്വാതന്ത്ര്യത്തിന്‌ മുമ്പും ശേഷവും മുസ്‌ലിം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും മുസ്‌ലിംകളെ ആകര്‍ഷിക്കാനും അതാത്‌ സര്‍ക്കാറുകള്‍ ശ്രമിച്ചത്‌ നവോത്ഥാനനായകന്മാരുടെ ശ്രമഫലം കൊണ്ടുകൂടിയായിരുന്നു.
ഫാറൂഖ്‌ കോളെജ്‌ അടക്കം കേരളത്തിലെ പ്രമുഖ മുസ്‌ലിം കോളേജുകള്‍ അവര്‍ ആരംഭിച്ചത്‌ മുസ്‌ലിംകളെ വിദ്യാസമ്പന്നരാക്കാനായിരുന്നു. മതവിദ്യാഭ്യാസം മദ്‌റസകളിലും പള്ളികളിലുമായി പരിമിതപ്പെടുത്തിയാല്‍ പോരെന്നും സ്‌കൂളുകളും കോളെജുകളും ഗവേഷണകേന്ദ്രങ്ങളും സ്ഥാപിച്ചും അതില്‍ ചേര്‍ന്ന്‌ പഠിച്ചും വിദ്യ കരസ്ഥമാക്കണമെന്നും രാഷ്‌ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയിലും നിയമനിര്‍മ്മാണസഭകളിലും പൊതു പ്രവര്‍ത്തനരംഗത്തും മുസ്‌ലിംകള്‍ ഭാഗഭാക്കാവണമെന്നും ഉല്‍ഘോഷിച്ചവരാണ്‌ മുജാഹിദുകള്‍. അതുകൊണ്ടാണ്‌ സമൂഹത്തിന്‌ ബുദ്ധിപരമായ നേതൃത്വം നല്‍കിയത്‌ തങ്ങളാണെന്ന്‌ മുജാഹിദുകള്‍ അവകാശപ്പെടുന്നത്‌.
മുസ്‌ലിംസ്‌ത്രീകള്‍ ഇസ്‌ലാമിക സംസ്‌കാരം മുറുകെ പിടിച്ചു ഉപരിപഠനം നടത്താന്‍ തുടങ്ങിയത്‌ മുജാഹിദ്‌ സ്വാധീനഫലമായിട്ടാണ്‌. എന്നാല്‍ ഇപ്പോള്‍ പൊതുവിദ്യാലയങ്ങള്‍ പാടില്ലെന്നും ആണ്‍ പെണ്‍ മിശ്ര വിദ്യാഭ്യാസം നിഷിദ്ധമെന്നും സ്‌ത്രീകള്‍ക്ക്‌ മതവിദ്യാഭ്യാസം മാത്രം മതി എന്നുമൊക്കെ നവോത്ഥാനത്തിന്റെ പിന്‍തലമുറക്കാര്‍ എന്ന്‌ സ്വയം അവകാശപ്പെടുന്ന ചിലര്‍ വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. മുസ്‌ലിംകള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങള്‍ (അതുതന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം) തുടങ്ങണമെന്ന്‌ വാദിക്കുന്നത്‌ നാം ഉണ്ടാക്കിയ സാമൂഹിക വിപ്ലവം ക്ഷയിപ്പിക്കുന്നതിന്‌ കാരണമാവും. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ സര്‍ക്കാര്‍ കലാലയങ്ങള്‍ കൊലാലയങ്ങളാക്കി ചിത്രീകരിച്ചതിന്‌ തുല്യമാണിത്‌. മാത്രമല്ല വര്‍ഗീയ ധ്രുവീകരണത്തിന്‌ ഇത്‌ ആക്കംകൂട്ടും. കേരളത്തില്‍ വര്‍ഗീയത ഇല്ലായ്‌മ ചെയ്യാന്‍ പ്രധാന പങ്കുവഹിച്ചവരാണ്‌ മുജാഹിദുകള്‍. പിന്നിട്ട നൂറ്റാണ്ടിന്റെ നവോത്ഥാനത്തെകുറിച്ച്‌ ചിന്തിക്കുമ്പോള്‍ ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ ശരിയല്ല.
സ്‌ത്രീകളുടെ വസ്‌ത്രധാരണ രീതിയില്‍ മുജാഹിദുകള്‍ക്ക്‌ കൃത്യമായ നിലപാടുണ്ട്‌. മുഖവും മുന്‍കയ്യും മറച്ച്‌ മാന്യമായ ഏതു വസ്‌ത്രധാരണ രീതിയും സ്വീകരിക്കാമെന്നതാണ്‌ നാം സ്വീകരിച്ച പൊതുനയം. സാരി ഉടുത്താലും ചുരിദാര്‍ ധരിച്ചാലും പര്‍ദയണിഞ്ഞാലും ശരി ഈ നയത്തിന്‌ വിധേയമായിരിക്കണം. എന്നാല്‍ ഇന്ന്‌ സ്‌ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ മാത്രമേ ധരിക്കാവൂ, അതും മുഖം കൂടി മറച്ചായിരിക്കണമെന്ന്‌ വാദിക്കുന്നത്‌ നമ്മുടെ അടിസ്ഥാന നിലപാടില്‍ നിന്നുള്ള പുറകോട്ടു പോക്കാണ്‌. ദൃഷ്ടികള്‍ താഴ്‌ത്തി മാന്യമായ വിധം പുറത്തിറങ്ങി സഞ്ചരിക്കാനാണ്‌ പുരുഷനോടും സ്‌ത്രീയോടും ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചത്‌. പര്‍ദ ധരിച്ച്‌ മുഖംമറച്ച്‌ നടക്കുന്ന സ്‌ത്രീക്ക്‌ പുരുഷനെ കാണാന്‍ സാധിക്കും. എന്നാല്‍ മുഖംമൂടിയണിഞ്ഞ സ്‌ത്രീയെ പുരുഷന്മാര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയില്ല. പലപ്പോഴും ഭര്‍ത്താക്കന്മാര്‍ക്കു പോലും.
ഈ വിഷയത്തില്‍ ആണിനും പെണ്ണിനും ഒരേ മാനദണ്ഡമാണ്‌ ഇസ്‌ലാം നിര്‍ണയിച്ചു നല്‍കിയിരിക്കുന്നത്‌. നബിയുടെ സാന്നിധ്യത്തില്‍ വന്ന സ്വഹാബി വനിത അന്ധനായ പുരുഷനെ കണ്ടപ്പോള്‍ നബി പറഞ്ഞത്‌, അവന്‍ നിന്നെ കാണുന്നില്ലെങ്കിലും നീ അവനെ കാണുന്നില്ലേ എന്നായിരുന്നു. പള്ളികളില്‍ പോയി നമസ്‌കരിക്കുന്നതിന്‌ സ്‌ത്രീകള്‍ക്ക്‌ വിലക്ക്‌ കല്‌പിക്കാന്‍ പാടില്ലെന്ന നബിവചനം നമുക്ക്‌ അറിയാം. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ വീടാണ്‌ ഉത്തമമെന്ന നബിയുടെ മറ്റൊരു വചനത്തെ ആസ്‌പദമാക്കി സ്‌ത്രീകളെ പള്ളിയില്‍ നിന്ന്‌ വിലക്കുന്ന യാഥാസ്ഥിതിക സമീപനം മുജാഹിദുകള്‍ക്ക്‌ സ്വീകാര്യമാണോ? മക്കയിലും മദീനയിലുമുള്ള പുണ്യഗേഹങ്ങളില്‍ ഇല്ലാത്ത ഈ വിലക്ക്‌ എന്തിന്‌ നമ്മുടെ നാട്ടില്‍ നടപ്പിലാക്കുന്നു? കേരളത്തില്‍ നിന്ന്‌ ഹജ്ജിനും ഉംറക്കും പോകുന്ന സ്‌ത്രീകള്‍ അവിടെ പള്ളിയില്‍ സ്‌ത്രീകള്‍ പോകുന്നത്‌ കണ്ടു പാഠം ഉള്‍ക്കൊള്ളുകയും നമ്മുടെ നാട്ടിലും പള്ളികളില്‍ പ്രവേശനം ലഭിക്കുന്നതിന്‌ ശബ്‌ദം ഉയര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്‌.
ജുമുഅ ഖുത്വ്‌ബ മാതൃഭാഷയില്‍ ആയിരിക്കണമെന്നത്‌ ഇസ്‌ലാഹി പ്രസ്ഥാനം നേരത്തെ തന്നെ മുന്നോട്ടു വെച്ച ആശയമാണ്‌. മതത്തെക്കുറിച്ച്‌ സാധാരണക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉല്‍ബോധനം നല്‍കാന്‍ ഇത്‌ മുഖേന സാധിക്കും. പ്രാചീന കാലത്ത്‌ അറബിയില്‍ തയ്യാറാക്കപ്പെട്ട കിത്താബ്‌ പുതിയ ലോകവും കാലവുമായി സംവദിക്കുകയില്ല. ഖുത്വ്‌ബയുടെ ഉദ്‌ബോധനപരമായ പ്രസക്തി `നബാത്തി' ഖുത്വ്‌ബ നഷ്‌ടപ്പെടുത്തുന്നു. അതുകൊണ്ടാണ്‌ ഇസ്‌ലാഹി പ്രസ്ഥാനം അതിനെ എതിര്‍ത്തത്‌. അറബിയിലാണ്‌ നബി പ്രസംഗിച്ചത്‌ എന്നതുകൊണ്ട്‌ അറബി ഭാഷയിലുള്ള ഖുത്വ്‌ബക്ക്‌ പ്രത്യേക ശ്രേഷ്‌ഠതയില്ല. ഭാഷ നോക്കിയല്ല ആശയം അടിസ്ഥാനമാക്കിയാണ്‌ ഖുത്വ്‌ബയെ പരിഗണിക്കേണ്ടത്‌. ഗ്രാമപ്രദേശങ്ങളില്‍ നിന്ന്‌ കോഴിക്കോട്ടും മറ്റ്‌ നഗരങ്ങളിലും വ്യാപാരാവശ്യാര്‍ഥം എത്തിച്ചേരുന്ന കച്ചവടക്കാരും മറ്റ്‌ ഉദ്യോഗസ്ഥരും മുജാഹിദ്‌ പള്ളികളിലെ മലയാള ഖുത്വ്‌ബ കേള്‍ക്കുകയും അതുവഴി മുജാഹിദ്‌ ആദര്‍ശങ്ങളില്‍ ആകൃഷ്‌ടരാവുകയും ചെയ്‌തിട്ടുണ്ട്‌. ശ്രോതാക്കളെ ആകര്‍ഷിക്കത്തക്കവിധം ഗുണകാംക്ഷാപരമായിരുന്നു ഖുത്വ്‌ബകള്‍.
കൃത്യമായ വിശ്വാസവും ആരാധനാനുഷ്‌ഠാനങ്ങളില്‍ നിഷ്‌ഠയും പാലിക്കുന്ന, ഭയഭക്തിയും ആത്മാര്‍ഥതയും നിഷ്‌കളങ്കതയുമുള്ള ഒരു വിഭാഗത്തെ വളര്‍ത്തിയെടുക്കാനാണ്‌ മുജാഹിദ്‌ പ്രസ്ഥാനം എക്കാലത്തും ശ്രമിച്ചിട്ടുള്ളത്‌. നബി(സ) തന്റെ 23 കൊല്ലത്തെ പ്രബോധന ജീവിതം കൊണ്ട്‌ വ്യക്തമായും ദുര്‍മാര്‍ഗത്തിലായിരുന്ന ഒരു സമൂഹത്തെ ഉത്തമസമൂഹമായി മാറ്റിയെന്നത്‌ ചരിത്ര വസ്‌തുതയാണ്‌. തെറ്റായ വിശ്വാസങ്ങളും അനാചാരങ്ങളും ദുഷ്‌പ്രവര്‍ത്തികളും ചെയ്‌തുവന്നിരുന്ന ആ സമൂഹത്തെ പരസ്‌പരം സ്‌നേഹിക്കുന്ന, സാഹോദര്യവും കുടുംബബന്ധവും കാത്തുസൂക്ഷിക്കുന്ന, ലാളിത്യവും സൂക്ഷ്‌മതയും പുലര്‍ത്തുന്ന ഒരു വിഭാഗമാക്കി മാറ്റിയത്‌ ഖുര്‍ആനിന്റെ അധ്യാപനങ്ങളിലൂടെയാണ്‌. ഖുര്‍ആനും സുന്നത്തും അവലംബിച്ചും അത്‌ പ്രചരിപ്പിച്ചും പഠിപ്പിച്ചുമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം സമൂഹത്തെ പരിവര്‍ത്തനത്തിലേക്ക്‌ ആനയിച്ചത്‌.
ആദ്യകാല മുജാഹിദുകളുടെ സാമൂഹികവും കുടുംബപരവും വ്യക്തിപരവുമായ ജീവിതം പരിശോധിച്ചാല്‍ ഇത്‌ കൂടുതല്‍ ബോധ്യപ്പെടും. അവര്‍ക്കെതിരെ സാമൂഹിക ബഹിഷ്‌കരണങ്ങളും ഒറ്റപ്പെടുത്തലുകളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ കുടുംബത്തില്‍ വേണ്ടപ്പെട്ടവര്‍ തന്നെയായിരുന്നു. വ്യക്തിപരമായി നല്ലവരായിരുന്നു. സമൂഹത്തിന്റെ ഉയര്‍ച്ചയ്‌ക്കും ഭദ്രതക്കും വേണ്ടി സമര്‍പ്പിച്ചവരായിരുന്നു. എല്ലാറ്റിലുമുപരി സൂക്ഷ്‌മതയോടും ഭയഭക്തിയോടെയും ജീവിക്കുന്നവരായിരുന്നു. മണ്ണെണ്ണക്ക്‌ ക്ഷാമമുണ്ടായിരുന്ന ഒരു കാലത്ത്‌ അതിന്‌ റേഷന്‍ ഏര്‍പ്പെടുത്തപ്പെട്ടപ്പോള്‍ റേഷന്‍ മാത്രം ഉപയോഗിക്കുകയും കരിഞ്ചന്തയില്‍ മണ്ണെണ്ണ ലഭിച്ചിട്ടും അത്‌ വര്‍ജിക്കുകയും ചെയ്‌ത കെ എം മൗലവിയുടെ ജീവിതം ഒരു ഉദാഹരണം.
നാടിന്റെ വികസനത്തിലും പുരോഗതിയിലും പൊതുപ്രശ്‌നങ്ങളിലും അന്നത്തെ നേതാക്കള്‍ മുന്‍പന്തിയിലായിരുന്നു. വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിക്കാനും റോഡും പാലവും നിര്‍മിക്കാനും അവര്‍ നേതൃപരമായ പങ്ക്‌ വഹിച്ചു. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ ജനസ്വീകാരം നേടിയവര്‍ ആയിരുന്നു.
ഈ അംഗീകാരവും സ്വീകാര്യതയും അടുത്ത കാലം വരെ പ്രകടമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്‌ പൊതുപ്രശ്‌നങ്ങളില്‍ കാഴ്‌ചപ്പാടോ നിലപാടോ ഇല്ലാത്തവരായി മുജാഹിദുകള്‍ ചിത്രീകരിക്കപ്പെട്ടു. അതേത്തുടര്‍ന്ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ പോലും മുജാഹിദ്‌ പ്രവര്‍ത്തകര്‍ `വഹാബികള്‍' എന്ന നിലക്ക്‌ മാറ്റിനിര്‍ത്തപ്പെട്ട അവസ്ഥയുണ്ടായി. എന്നാല്‍ ഒരുപാട്‌ പേര്‍ മത്സരിച്ച്‌ വിജയംനേടി എന്നത്‌ വിസ്‌മരിക്കുന്നില്ല. മുജാഹിദാണ്‌ എന്ന കാരണത്താല്‍ ഒരാള്‍ പോലും അകറ്റപ്പെട്ടുവെങ്കില്‍ അത്‌ നാം കാണാതിരുന്നു കൂടാ. മത്സരിച്ച്‌ വിജയിച്ചത്‌ അവരുടെ സ്വാധീനത്തിന്റെയും അംഗീകരാത്തിന്റെ തെളിവാണ്‌. എന്നാല്‍ ചിലരെയെങ്കിലും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അത്‌ ഒറ്റപ്പെടുത്തലിന്റെ ഭാഗം തന്നെയായിരുന്നു. നാം ഓര്‍ക്കേണ്ടത്‌ ആദ്യകാലത്ത്‌ യാഥാസ്ഥിതികര്‍ നടത്തിയിരുന്ന പള്ളികളുടെയും മറ്റ്‌ സ്ഥാപനങ്ങളുടെയും കമ്മറ്റികളില്‍ നേതൃത്വം നല്‍കാനും കണക്കുകളും മിനുട്‌സുകളും തയ്യാറാക്കാനും `വഹാബികള്‍' എന്ന്‌ ആക്ഷേപിച്ചവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ യഥാസ്ഥികര്‍ സന്മനസ്‌ കാണിച്ചിരുന്നു എന്നതാണ്‌. ഒരുപക്ഷെ അന്നവര്‍ അതിനു നിര്‍ബന്ധിതമായത്‌ കൊണ്ടാവാം. സത്യസന്ധതയും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവരുമാണ്‌ മുജാഹിദുകള്‍ എന്ന വിശ്വാസവും ഈ അംഗീകാരത്തിന്‌ കാരണമാണ്‌.
മുജാഹിദ്‌ പണ്ഡിതന്മാര്‍ ഫത്‌വകള്‍ നല്‍കുന്നതില്‍ വളരെ സൂക്ഷ്‌മത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന്‌ പല പണ്ഡിതന്മാരെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഈ മതിപ്പും ബഹുമാനവും നഷ്‌ടപ്പെട്ടിരിക്കുന്നു. ഇതില്‍ എല്ലാ വിഭാഗവും തുല്യരാണ്‌ എന്ന്‌ സാമാന്യവല്‍കരിച്ചേക്കാമെങ്കിലും, മുജാഹിദുകള്‍ ഈ സാമാന്യവത്‌കരണത്തിന്‌ അപ്പുറം വ്യക്തിത്വമുള്ളവരാണ്‌. സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെന്ന പോലെ മതനേതാക്കളെക്കുറിച്ചും സ്വഭാവവിശുദ്ധിയിലും പെരുമാറ്റത്തിലും സംശയവും അനിഷ്‌ടവും പ്രകടമായിരിക്കുന്നു. വിചിത്രമെന്ന്‌ പറയട്ടെ, താടി കൂടുതല്‍ നീട്ടിയവരും പാന്റ്‌ കൂടുതല്‍ കയറ്റിയവരും കൂടുതല്‍ ഭക്തരാണ്‌ എന്ന്‌ കരുതാന്‍ സാധ്യമാകാത്ത ചുറ്റുപാട്‌ ഉണ്ടായിരിക്കുന്നു. താടി വളര്‍ത്തുന്നതും വസ്‌ത്രം ഞെരിയാണിക്ക്‌ മുകളിലാക്കുന്നതും സുന്നത്താണ്‌. എന്നാല്‍ വേഷം സ്വീകരിച്ചതുകൊണ്ടു എല്ലാമായോ? മതസ്ഥാപനം നടത്തുന്നവരും ഖുത്വ്‌ബ നിര്‍വഹിക്കുന്നവരും നീചവൃത്തികളില്‍ അകപ്പെട്ട്‌ പോലീസ്‌ പിടിയിലാവുന്നതും അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ കൈക്കൂലി കൊടുക്കുന്നതും ഒറ്റപ്പെട്ട സംഭവമാണെങ്കില്‍ പോലും പ്രസ്ഥാനത്തിന്റെ സല്‍കീര്‍ത്തിക്ക്‌ മങ്ങലേല്‍പിച്ചിരിക്കുന്നു.
നാട്ടിലെ സമ്പന്നരായ പലരും സകാത്ത്‌ കണക്കുനോക്കി യഥാവിധി നല്‍കാറുണ്ടായിരുന്നില്ല. വീട്ടുവാതില്‍ക്കല്‍ വന്ന്‌ കൈനീട്ടുന്നവര്‍ക്ക്‌ വല്ലതും കൊടുത്ത്‌ അത്‌ സകാത്തായി എന്നാശ്വസിക്കുകയായിരുന്നു അവര്‍. സാമാന്യ മുസ്‌ലിംസമൂഹം അനുഷ്‌ഠാനങ്ങളില്‍ നിന്നും ദീനികര്‍മങ്ങളില്‍ നിന്നും പുറംതിരിഞ്ഞ്‌ നിന്നപ്പോള്‍ അവയുടെ സത്ത ഉയര്‍ത്തിക്കാട്ടി സമുദായത്തെ അതിലേക്കു മടക്കി വിളിക്കുകയായിരുന്നു മുജാഹിദ്‌ പ്രസ്ഥാനം. സകാത്ത്‌ സംഘടിതമായി നല്‍കാനും ദാനധര്‍മ്മങ്ങള്‍ പ്രയോജനപ്രദമായി നല്‍കാനും പ്രസ്ഥാനം കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. യഥാസ്ഥിതികരായ പല പ്രമാണിമാരും പലിശക്ക്‌ കടം കൊടുക്കുന്നവരും സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്‌മത ഇല്ലാത്തവരുമായിരുന്നു. നമസ്‌കാരം ഉള്‍പ്പെടെ ആരാധനാ കാര്യങ്ങളില്‍ കൃത്യതയും പതിവും ഇല്ലാത്ത എത്രയോ പേര്‍ സമൂഹത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ മുജാഹിദുകള്‍ ഇക്കാര്യങ്ങളിലെല്ലാം സൂക്ഷ്‌മതയും നിഷ്‌ഠയുമുള്ളവരായിരുന്നു. സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മതം നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കി അതിലേക്ക്‌ സമൂഹത്തെ നയിച്ച മുജാഹിദ്‌ പ്രസ്ഥാനം അതിന്‌ കോടാലി പണിയുന്നവരായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു!
പ്രസ്ഥാനം വളര്‍ന്നതു കൊണ്ടോ ഭിന്നത പ്രകടമായതു കൊണ്ടോ എന്നറിയില്ല പലര്‍ക്കും അനുഷ്‌ഠാനങ്ങളിലെ നിഷ്‌ഠ കുറഞ്ഞുവരുന്നുണ്ട്‌. വിശ്വാസവും അനുഷ്‌ഠാനവും കൃത്യമായി ചെയ്യുന്നവരുടെ ജീവിതമാകട്ടെ, കളങ്കിതവുമായി വരുന്നു. ഭിന്നത ശക്തമായ ഘട്ടത്തിലും തുടര്‍ന്നും ബാഹ്യചിഹ്നങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ പലരും തങ്ങളുടെ എതിര്‍ഗ്രൂപ്പുകാരോട്‌ സലാം പറയാതെയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യാതെയും പരസ്‌പരം സ്‌നേഹാദരങ്ങള്‍ പ്രകടമാക്കാതെയും അകന്നു മാറിയത്‌ എത്ര ഖേദകരമാണ്‌! നബി(സ)യും അനുചാരന്മാരും പരസ്‌പരം സ്‌നേഹവും സാഹോദര്യം വെച്ചുപുലര്‍ത്തിയ പോലെ എതിരാളികളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്നുവല്ലോ.
നബിയുടെ സൗമ്യശീലവും ഇതരരെ സഹായിക്കുന്നതില്‍ കാണിച്ച താല്‍പര്യവും ഇസ്‌ലാമിന്റെ വളര്‍ച്ചയ്‌ക്ക്‌ ഏറെ പ്രയോജനം ചെയ്‌ത കാര്യമാണ്‌. ഹിജ്‌റ പോകാന്‍ ഒരുങ്ങിയ പല സ്വഹാബിമാരോടും `നിങ്ങള്‍ പോകരുതേ, നിങ്ങള്‍ കുടുംബബന്ധം പാലിക്കുന്നവരും അയല്‍പ്പക്കബന്ധം കാത്തുസൂക്ഷിക്കുന്നവരും പാവപ്പെട്ടവരെ സഹായിക്കുന്നവരുമാണ്‌' എന്ന്‌ പറഞ്ഞ്‌ തടഞ്ഞുനിര്‍ത്തിയത്‌ ശത്രുവിഭാഗത്തില്‍പ്പെട്ടവരായിരുന്നുവല്ലോ. എതിര്‍പക്ഷത്തായാലും പരസ്‌പരമുള്ള സ്‌നേഹവും സൗഹാര്‍ദവും പുലര്‍ത്താനാണ്‌ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്‌.
പ്രസ്ഥാനത്തെ പിളര്‍ത്തുന്നതിന്‌ കാരണക്കാരായ പലരും സ്വന്തം പ്രദേശത്തും സ്വയം സ്ഥാപിച്ച സ്ഥാപനങ്ങളിലും ഒറ്റപ്പെടുകയും അവിടങ്ങളില്‍ നിന്ന്‌ മാറിനില്‍ക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്‌തിരിക്കുന്നു. ഇത്‌ അല്ലാഹുവിന്റെ പരീക്ഷണമായി സ്വീകരിക്കാന്‍ നാം തയ്യാറാവുമോ? വാദപ്രതിവാദങ്ങളില്‍ യാഥാസ്ഥികരെ മുട്ടുകുത്തിച്ച നേതാക്കള്‍ ആദ്യകാലത്ത്‌ നിരവധിയായിരുന്നു. തന്ത്രമോ കുതന്ത്രമോ അവര്‍ക്ക്‌ വശമില്ലായിരുന്നുവെങ്കിലും നിഷ്‌കളങ്കതയും നീതിബോധവും തെളിവിന്റെ പിന്‍ബലവുമുള്ള അവരുടെ വാദങ്ങള്‍ സമൂഹം അംഗീകരിക്കാന്‍ തയ്യാറായി. ഇന്ന്‌ എതിരാളികളുടെ കുതന്ത്രങ്ങളില്‍ പതറി സ്വന്തം വാദങ്ങള്‍ സമര്‍ഥിക്കാനാവാതെ പരിഹാസ്യരായി പിന്തിരിയേണ്ട അവസ്ഥയിലാണ്‌ ചില പ്രഭാഷകര്‍! പ്രസ്ഥാനരംഗത്തുള്ളവര്‍ തന്നെ വ്യത്യസ്‌ത അഭിപ്രായങ്ങളും വീഷണങ്ങളും സ്വീകരിച്ച്‌ കക്ഷി പിരിയുകയും അതിന്റെ പേരില്‍ സ്‌റ്റേജിലും പേജിലും പരസ്‌പം പോരടിക്കുകയും ചെയ്‌തതാണ്‌ ഈ ദുര്‍വിധിക്ക്‌ കാരണം. എന്നാല്‍ എതിരാളികള്‍ പിഴച്ച വാദങ്ങള്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ സമര്‍ഥമായി അവതരിപ്പിച്ചു ജനങ്ങളെ കബളിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു. നിര്‍ബന്ധിതാവസ്ഥകളില്‍ നാം വാദപ്രതിവാദങ്ങള്‍ക്ക്‌ തയ്യാറായിരുന്നത്‌ തൗഹീദും സുന്നത്തും സ്ഥാപിക്കുന്നതിന്‌ അത്‌ സഹായകരമാവുമെന്ന പ്രതീക്ഷയിലാണ്‌. എന്നാല്‍ കുതന്ത്രങ്ങള്‍ ഉപയോഗിച്ച്‌ എതിരാളികളെ മലര്‍ത്തിയടിക്കാനുള്ള വേദിയായി അത്‌ മാറിയപ്പോള്‍ ഒരുവേള വാദപ്രതിവാദങ്ങള്‍ വേണ്ടതില്ലെന്ന അഭിപ്രായങ്ങള്‍ പൊന്തിവന്നിരുന്നു. ആ അഭിപ്രായം ഉയര്‍ന്നപ്പോള്‍ `അത്‌ വ്യതിയാനമാണ്‌, പ്രസ്ഥാനത്തിന്റെ നയങ്ങളില്‍നിന്നുള്ള പിന്‍മാറ്റമാണ്‌' എന്ന്‌ വാദിച്ച്‌ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചവര്‍ ഇന്ന്‌ വാദപ്രതിവാദ വേദികളില്‍ പരിഹാസ്യരാവുന്നത്‌ നാം കാണുന്നു.
യുവാക്കളിലും വിദ്യാര്‍ഥികളിലുമാണ്‌ ഏതൊരു പ്രസ്ഥാനത്തിനും ശക്തിയും പ്രതീക്ഷയുമുണ്ടാവുക. എന്നാല്‍ പ്രസ്ഥാനത്തെ ഭിന്നതയിലേക്ക്‌ തള്ളിവിട്ടവര്‍ ഇന്ന്‌ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളും യുവാക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നുമാണ്‌. സംഘടനാ തീരുമാനങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളും യുവജനനേതാക്കളും പരസ്യമായി രംഗത്തുവരുന്നു. പൊതുയോഗങ്ങളില്‍ മാതൃസംഘടനയ്‌ക്കെതിരെ പ്രസംഗിക്കുന്നു. അവര്‍ സ്വന്തം പ്രസിദ്ധീകരണങ്ങളില്‍ ഖണ്ഡനം എഴുതുന്നു. ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുന്ന ഒരു മാതൃസംഘടനയുടെ അവസ്ഥ എത്രമാത്രം ദുര്‍ബലമാണ്‌! ഒരു സര്‍ക്കുലര്‍ അയച്ച്‌ ഈ ഭൂതത്തെ കുടത്തിലടയ്‌ക്കാമെന്നു ധരിക്കുന്നത്‌ അതിലേറെ സങ്കടമല്ലേ. പത്ത്‌ വര്‍ഷം മുമ്പ്‌ പറയത്തക്ക കാരണങ്ങളില്ലാതെ യുവജനസംഘടനയെ പിരിച്ചുവിടുകയും അതിന്റെ നേതാക്കളെ സംഘടനാവിരുദ്ധരും ആദര്‍ശവ്യതിയാനം സംഭവിച്ചവരുമായി ചിത്രീകരിക്കുകയും ചെയ്‌തതിന്റെ തിരിച്ചടിയാണോ ഇതെന്ന്‌ പര്യാലോചിക്കുന്നത്‌ ഉചിതമായിരിക്കും.ആഭ്യന്തരമായി ഇത്തരം പ്രശ്‌നങ്ങളില്‍പ്പെട്ട്‌ ഉലയുന്ന ഒരു സംഘടന നവോത്ഥാനത്തിന്റെ വക്താക്കളാണ്‌ എന്ന്‌ അവകാശപ്പെടുന്നതും തങ്ങള്‍ക്കു ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം ഉണ്ട്‌ എന്ന്‌ വാദിക്കുന്നതും വിചിത്രമാണ്‌. ഒരു നാറ്റാണ്ടിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അനുഭവവും സ്വാധീനവും അടുത്ത നൂറ്റാണ്ടിലേക്കുള്ള വെളിച്ചമായും പ്രതീക്ഷയായും മാറേണ്ടതുണ്ട്‌.ഒരു വിഭാഗം ഭിന്നിച്ചുപോയാല്‍ അവരെ തിരുത്തി ശരിയിലേക്ക്‌ കൊണ്ടുവരാനും ഒരുമിച്ച്‌ നിര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടത്തേണ്ടവരാണ്‌ നേതൃത്വത്തിലെ ബുദ്ധിശാലികളും തന്ത്രശാലികളും. എന്നാല്‍ ഐക്യത്തിന്റെയും യോജിപ്പിന്റെയും സന്ദേശങ്ങളും നീക്കങ്ങളും ഉണ്ടാകുമ്പോഴെല്ലാം അതിനു മുന്‍കൈ എടുത്തവരെ അകറ്റുകയും അവര്‍ക്ക്‌ നേരെ പുറംതിരിഞ്ഞ്‌ നില്‍ക്കുകയും വാശിയും വൈരാഗ്യവും കാണിച്ച്‌ ഐക്യശ്രമങ്ങളെ തള്ളിക്കളയുകയും ചെയ്‌തവര്‍ ഇപ്പോഴെങ്കിലും തങ്ങള്‍ക്ക്‌ പറ്റിയ തെറ്റ്‌ മനസ്സിലാക്കണം. ഖുര്‍ആനിന്റെ ഈ വചനങ്ങള്‍ നമുക്ക്‌ പാഠമാവേണ്ടതാണ്‌: ``അവര്‍ സമാധാനസന്ധിക്ക്‌ തുനിയുന്ന പക്ഷം നീയും അതിന്‌ തുനിയുക. അല്ലാഹൂവിന്റെ മേല്‍ ഭാരമേല്‍പിക്കുകയും ചെയ്യുക. നിശ്ചയമായും അവന്‍ തന്നെയാണ്‌ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.'' (8:61) 
അല്ലാഹുവിന്റെ ഈ ഉദ്‌ബോധനത്തെ നിരാകരിച്ചവര്‍ തീര്‍ച്ചയായും നിരാശപ്പെടും. ക്ലേശിക്കും. അതാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. സ്വന്തം അനുയായികളില്‍ അനൈക്യം കണ്ടിട്ടും ഭിന്നതയുടെ പടിവാതില്‍ക്കല്‍ എത്തിയിട്ടും ഒന്നും ചെയ്യാനില്ലാതെ, കൈകെട്ടിനില്‍ക്കുന്ന ദയനീയ സ്ഥിതി സ്വയം വരുത്തിവെച്ചതാണോ എന്ന്‌ ഈ ഘട്ടത്തില്‍ ആത്മപരിശോധന നടത്തുന്നത്‌ നല്ലതാണ്‌. ആദര്‍ശ കാര്യത്തില്‍ അംഗീകരിക്കാനാവാത്ത നിലപാട്‌ സ്വീകരിച്ചവരുടെ തെറ്റ്‌ തിരുത്തിക്കാനോ അവര്‍ക്കെതിരെ നടപടികള്‍ എടുക്കാനോ സാധിക്കുന്നില്ലെങ്കില്‍ നേതൃത്വത്തില്‍ തുടരുന്നതില്‍ എന്തര്‍ഥമാണുള്ളത്‌?

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: