പ്രത്യാശവിതറിയ യുവസാഗരം
ബി പി എ ഗഫൂര്‍
കേരളത്തിലെ യുവജന പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് സ്വയം തെളിയിച്ച് ഐ എസ് എം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപ്‌തി. അഭൂതപൂര്‍വമായ ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്‌തമായ സെഷനുകള്‍ കൊണ്ടും പ്രശസ്‌തരായ വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ടും യുവജന സംഘടനാ സമ്മേളനങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാക്കി മാറ്റാന്‍ സമ്മേളനത്തിന് സാധിച്ചു.
`വിശ്വാസവിശുദ്ധി, സമര്‍പ്പിത യൗവനം' എന്ന സമകാലിക പ്രസക്തമായ പ്രമേയത്തിന്റെ ഭിന്നവശങ്ങള്‍ ആഴത്തില്‍ പരിശോധിക്കുകയായിരുന്നു ഇരുപത്തിമൂന്ന് ഖണ്ഡങ്ങളിലായി നടന്ന സമ്മേളനം. പുതിയ യുവാക്കളുടെ സംസ്‌കാരം, നന്മകളില്‍ നിന്ന് അകലുകയും തിന്മകളോട് അടുക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്തെന്നും പരിഹാര മാര്‍ഗങ്ങള്‍ എന്തെന്നും സമ്മേളനം സൂക്ഷ്‌മമായി ചര്‍ച്ചചെയ്‌തു. യുവജന സംഘടനാ നേതൃത്വം തന്നെ ഈ പ്രമേയത്തെ മുന്‍നിര്‍ത്തി നിശിതമായ ആത്മവിചാരണ നടത്തി. യുവാക്കള്‍ നേരിടുന്ന അസ്വസ്ഥതകള്‍ക്ക് ഇസ്‌ലാമിക മൂല്യങ്ങള്‍ പോംവഴി നിര്‍ദേശിക്കുന്നുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് സമ്മേളന പന്തലില്‍ നടന്ന ജുമുഅ പ്രാര്‍ഥനയോടെ തന്നെ ജനബാഹുല്യത്തിന്റെ ദിശ ബോധ്യപ്പെട്ടു തുടങ്ങിയിരുന്നു. ജുമുഅ പ്രാര്‍ഥനയില്‍ സ്‌ത്രീകളടക്കം ആയിരങ്ങളാണ് വന്നെത്തിയത്. കേരള ജംഇയ്യത്തുല്‍ ഉലമാ അസി. സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി ജുമുഅക്ക് നേതൃത്വം നല്‍കി. മുസ്‌ലിം യുവാക്കളില്‍ അപകടകരമാംവിധം വ്യാപിച്ചുകൊണ്ടിരിക്കുന്ന അനുഷ്‌ഠാന തീവ്രവാദത്തിന്നെതിരില്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ഉദ്ധരിച്ചുകൊണ്ടുള്ള സലീം സുല്ലമിയുടെ ജുമുഅ ഖുതുബ ഏറെ സന്ദര്‍ഭോചിതമായി.
വൈകിട്ട് 5 മണിക്ക് നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി ഉദ്‌ഘാടന സമ്മേളനം നടന്നു. ഇസ്‌ലാമിനെ പഠിച്ചറിഞ്ഞ് ഇസ്‌ലാമിലേക്ക് കടന്നുവന്ന എഴുത്തുകാരനും പ്രബോധകനുമായ ബ്രിട്ടനില്‍ നിന്നുള്ള ഡോ. ഇദ്‌രീസ് തൗഫീഖ് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ആധുനിക ലോകത്തിനു മുമ്പില്‍ ഇസ്‌ലാമിന്റെ സൗന്ദര്യം പ്രകാശിപ്പിക്കാന്‍ ഇസ്‌ലാമിക യുവതയെ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള ഡോ. ഇദ്‌രീസ് തൗഫീഖിന്റെ ഉദ്‌ഘാടന ഭാഷണം സദസ്സിന് കുളിര്‍മഴ ചൊരിഞ്ഞു.
കേരള മുസ്‌ലിംകള്‍ പടിയടച്ച് പിണ്ഡംവെച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുനരുജ്ജീവിപ്പിക്കാനുള്ള നവയാഥാസ്ഥിതികരുടെ തെറ്റായ നീക്കങ്ങള്‍ക്കെതിരെ താക്കീത് ചെയ്‌തുകൊണ്ടുള്ള മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രഭാഷണം സദസ്സിനെ ആവേശഭരിതമാക്കി.
ശനിയാഴ്‌ച കാലത്ത് മുതല്‍ വൈകിട്ട് വരെ ഇസ്വ്‌ലാഹ്, ഇസ്‌ലാം എന്നീ വിഷയങ്ങളിലായി നടന്ന ആദര്‍ശ പാഠശാല സമ്മേളനപ്രതിനിധികളെ അറിവിന്റെ അഗാധതയിലേക്ക് വഴിതെളിച്ചു. വിഷയങ്ങളെ ഇഴകീറി മുറിച്ച് പ്രമാണങ്ങളുദ്ധരിച്ചുകൊണ്ടുള്ള വിഷയാവതരണങ്ങള്‍ ഒന്നിനൊന്ന് മികവുറ്റതായിരുന്നു. ഇസ്‌ലാഹീ ആദര്‍ശപ്രബോധനരംഗത്ത് സ്ഥിരപ്രതിഷ്‌ഠ നേടിയവും പുതുതായി കടന്നുവന്നവരും ആദര്‍ശപാഠശാലയെ ധന്യമാക്കി.
ശനിയാഴ്‌ച വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം നടന്നു. ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിന്റെ കുത്തിയൊഴുകിയ വാഗ്‌ധോരണികള്‍ നിറഞ്ഞ സദസ്സിനെ പുളകിതമാക്കി. വര്‍ഗീയ ഫാഷിസ്റ്റു ശക്തികള്‍ക്കും മതതീവ്രവാദ സംഘടനകള്‍ക്കുമെതിരെ ഇരുതല മൂര്‍ച്ചയുള്ള വിമര്‍ശന ശരങ്ങളുമായി മുന്നേറിയ ശ്രീകുമാറിന്റെ പ്രസംഗം കഴിയുംവരെ ഹര്‍ഷാരവം മുഴങ്ങിക്കൊണ്ടേയിരുന്നു. സ്വാമി ആപ്‌തലോകാനന്ദ, എം ബി രാജേഷ് എം പി, ഡോ. കെ ടി ജലീല്‍ എം എല്‍ എ, അഡ്വ. പി എം സാദിഖലി, എം സ്വലാഹുദ്ദീന്‍ മദനി തുടങ്ങിയവരും പ്രഭാഷണം നടത്തി.
സമാപന ദിവസം ഏഴു വേദികളിലായി പതിനൊന്നു സെഷനുകള്‍ നടന്നു. പ്രധാനവേദിയില്‍ മുഴുദിന പഠനക്യാമ്പ് നടക്കുമ്പോള്‍ മുസ്‌്‌ലിമ കോണ്‍ഫറന്‍സ് (വനിത സമ്മേളനം) ടൗണ്‍ഹാളിലും എം ജി എം ഡെലിഗേറ്റ്‌സ് കണ്‍വന്‍ഷന്‍ കമ്യൂണിറ്റി ഹാളിലും യൂത്ത് കോണ്‍ഫറന്‍സ് ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ജെ എം ഹാളിലും ഗേള്‍സ് കാമ്പസ് കമ്യൂണിറ്റിഹാളിലും നാഷനല്‍ അക്കാദമിക് കോണ്‍ഗ്രസ് ഐ സി സി ഹാളിലും കുട്ടികള്‍ക്കായുള്ള കളിമുറ്റം ടൗണ്‍ഹാള്‍ അനക്‌സിലും ഫോക്കസ് യൂത്ത്‌സമ്മിറ്റ് ഐ സി സി ഓഡിറ്റോറിയത്തിലും നടന്നു.
ഞായറാഴ്‌ച കാലത്ത് സൂര്യനുദിക്കും മുമ്പേ പാലക്കാട് നഗരത്തിലേക്ക് ജനസാഗരം പ്രവഹിച്ചുകൊണ്ടിരുന്നു. പഠനക്യാമ്പ് തുടങ്ങുമ്പോഴേക്ക് സ്റ്റേഡിയവും പരിസരവും ജനനിബിഡമായിക്കഴിഞ്ഞിരുന്നു. വിശാലമായ ടൗണ്‍ഹാളും പരിസരവും ഉള്‍ക്കൊള്ളാന്‍ കഴിയാതെ സ്‌ത്രീകളും കുട്ടികളും പൊരിവെയിലില്‍ മണിക്കൂറുകളോളം നില്‌ക്കേണ്ടിവന്നിട്ടും ആവേശത്തുടിപ്പുകളുമായി അവര്‍ ക്ഷമയോടെ സമ്മേളന പരിപാടികള്‍ക്ക് കാതുകൊടുത്തു. വൈകിട്ട് പൊതുസമ്മേളനം നടക്കുമ്പോള്‍ സ്റ്റേഡിയത്തിനകത്തും പുറത്തും കാലുകുത്താനൊരിടം കിട്ടാതെ ജനം വീര്‍പ്പുമുട്ടി.
സമ്മേളനം മഹാസംഭവമായത് അല്ലാഹുവിന്റെ മഹത്തായ കാരുണ്യംകൊണ്ടാണ്. നിസ്വാര്‍ഥരായ പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനവും ആവേശകരമായ ജാഗ്രതയുമാണ് പാലക്കാട് സമ്മേളനത്തെ ചരിത്രസംഭവമാക്കിയ രണ്ടാമത്തെ ഘടകം. പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കളുടെ ദീര്‍ഘദര്‍ശിത്വമുള്ള ശിക്ഷണവും മാര്‍ഗനിര്‍ദേശങ്ങളും സംഘടനയെ വളര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക് അവിസ്‌മരണീയമാണ്.
2013ല്‍ നടക്കാനിരിക്കുന്ന എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനം ആവേശത്തോടെ നെഞ്ചേറ്റി പോരാട്ട വീര്യവുമായാണ് ഇസ്വ്‌ലാഹീ കേരളം പാലക്കാട് നഗരി വിട്ടത്.
0 comments: