നവോത്ഥാനമോ അന്ധവിശ്വാസങ്ങളുടെ പുനരുത്ഥാനമോ?
- പരമ്പര -1
എ അസ്‌ഗറലി
മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നതയും ചേരിതിരിവും പൂര്‍ത്തിയായിട്ട് പത്തുവര്‍ഷം പിന്നിട്ടു. `നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്' ചില കോണുകളില്‍ ചര്‍ച്ചയാകുന്ന അവസരത്തില്‍ പ്രസ്ഥാനം എന്തിന് ഭിന്നിച്ചു, ഭിന്നതയുടെ അടിസ്ഥാന കാരണമെന്തായിരുന്നു, ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു, പ്രശ്‌നങ്ങളും പ്രതിസന്ധികളും എത്രത്തോളം തുടങ്ങിയ വശങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ കേരള മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായി കണക്കാക്കി വരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലം മുതല്‍ കണക്കാക്കിയാല്‍, കേരള മുസ്‌ലിം നവോത്ഥാനത്തിന് 132 വയസ്സായി. കേരള മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചതു മുതല്‍ കണക്കാക്കിയാല്‍ 90 വര്‍ഷവും. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത് ഏതു മാനദണ്ഡം ആസ്‌പദമാക്കിയാണെന്നറിയില്ല.
കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനം ലോകത്തെ മറ്റേതെങ്കിലും ഭാഗത്തുള്ള പ്രസ്ഥാനങ്ങളുടെ ഭാഗമോ പിന്തുടര്‍ച്ചയോ അല്ല. അറബ് നാടുകളില്‍ ഉണ്ടായ പല ചിന്താപ്രസ്ഥാനങ്ങള്‍ക്കും ആദര്‍ശവിഭാഗങ്ങള്‍ക്കും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവുമായി പല കാര്യങ്ങളിലും യോജിപ്പുണ്ടെങ്കിലും നിരവധി കാര്യങ്ങളില്‍ വിയോജിപ്പുമുണ്ട്. `കേരളമുസ്‌ലിം ഐക്യസംഘം' രൂപീകരിച്ചതും `കേരള ജംഇയ്യത്തുല്‍ ഉലമ' രൂപീകരിച്ചതും പിന്നീട് `കേരള നദ്‌വത്തുല്‍ മുജാഹിദീന്‍' രൂപീകരിച്ചതുമെല്ലാം കേരളത്തിന്റെ സവിശേഷ സാഹചര്യത്തിലാണ്. കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ളത് ഈജിപ്‌തിലെ നവോത്ഥാന പ്രസ്ഥാനമാണ്. ഈജിപ്‌തില്‍ നിന്ന് പ്രസിദ്ധീകരിച്ച അല്‍മനാര്‍ മാസികയുടെ വരിക്കാരനായിരുന്നു വക്കം അബ്‌ദുല്‍ഖാദര്‍ മൗലവി. അദ്ദേഹത്തില്‍ നിന്ന് കെ എം മൗലവി തന്റെ കൊടുങ്ങല്ലൂര്‍ ജീവിതകാലത്ത് അത് കാണാനും വായിക്കാനും ഇടയായി. മാസികയിലെ ലേഖനങ്ങള്‍ അവരെ ആകര്‍ഷിച്ചു. തങ്ങളുടെ സമുദായത്തിന്റെ ദുരവസ്ഥയുടെ കാരണം അപഗ്രഥിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും അവരെ അത് പ്രേരിപ്പിച്ചു.
എന്നാല്‍ ശൈഖ് മുഹമ്മദ് അബ്‌ദ, ശൈഖ് റശീദ് രിദ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലോ അംഗീകാരത്തിന് വിധേയമായോ അല്ല ഇവിടെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ അവരുടെ ചിന്തകളും ആശയങ്ങളും സ്വാധീനിച്ചിരുന്നു എന്ന് മാത്രം. ഇസ്‌ലാഹി നേതാക്കള്‍ ഒരു മാസിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ പേര് അല്‍മനാര്‍ എന്നാക്കിയത് ഈ സ്വാധീനത്തിന്റെ ഫലമാണ്. എഴുപതുകളുടെ തുടക്കത്തിലാണ് പ്രസ്ഥാനത്തില്‍ `സലഫി' ബന്ധത്തിന്റെ അടയാളങ്ങള്‍ പ്രത്യക്ഷമായി പ്രകടമായത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ `സലഫി' ചിന്താധാരയുമായി ഇസ്‌ലാഹീ പ്രസ്ഥാനത്തിന് അടിസ്ഥാന ആദര്‍ശങ്ങളില്‍ പൊതുവില്‍ യോജിപ്പ് ഉണ്ടായിരുന്നു. ഗള്‍ഫില്‍ ജോലി തേടിപോയ ഇസ്‌ലാഹി പ്രവര്‍ത്തകര്‍, സഊദി യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ പോയ മലയാളി പണ്ഡിതന്മാര്‍, മുജാഹിദ് സമ്മേളനങ്ങളിലും മറ്റും പ്രസംഗിക്കാന്‍ വന്ന അറബ് ശൈഖുമാര്‍ തുടങ്ങിയവരുമായുള്ള സമ്പര്‍ക്കമാണ് സലഫി വീക്ഷണങ്ങളുമായി പ്രസ്ഥാനത്തെ കൂടുതല്‍ അടുപ്പിച്ചത്. പുളിക്കല്‍, ഫറോക്ക് സമ്മേളനങ്ങളില്‍ ഇഖ്‌വാന്‍ സ്വാധീനമുള്ള ശൈഖുമാരും അല്ലാത്തവരും സംബന്ധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സലഫികളുമായുള്ള ബന്ധം സുദൃഢമാക്കാനാണ് നേതാക്കള്‍ ശ്രദ്ധിച്ചത്. എന്നാല്‍ അത് ഒരു പുതിയ മദ്‌ഹബിന്റെ തുടക്കമാവുമെന്നോ `സലഫി മദ്‌ഹബായി' ഈ ആശയം രൂപാന്തരപ്പെടാമെന്നോ അവരാരും ചിന്തിച്ചിരിക്കില്ല.
പള്ളികള്‍, മദ്‌റസകള്‍, അറബിക്കോളെജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കേരളത്തില്‍ വ്യാപകമായി തുടങ്ങാന്‍ ഗള്‍ഫ് ബന്ധം സഹായകരമായി. ഗള്‍ഫ് സലഫികളുമായുള്ള സൗഹൃദം കാലക്രമത്തില്‍ ഒരു സ്വാധീന ശക്തിയായും സമ്മര്‍ദവുമായി വളര്‍ന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മൗലിക സവിശേഷതകളെയും നയനിലപാടുകളെയും തള്ളിക്കളയാന്‍ ഇത് ചിലരെ പ്രേരിപ്പിച്ചു. ഗള്‍ഫ് സലഫി സംഘടനകളില്‍ നിന്ന് സഹായം പറ്റുന്ന മതപണ്ഡിതന്മാര്‍ അവര്‍ നടത്തുന്ന അഭിമുഖപരീക്ഷകള്‍ വിജയിക്കേണ്ടതുണ്ടായിരുന്നു. അവരുടെ ആദര്‍ശ നിലപാടുകളെ അടിസ്ഥാനമാക്കിയിട്ടാണ് ഇന്റര്‍വ്യൂ നടത്തിയിരുന്നത്. മതപണ്ഡിതന്മാരില്‍ അവരുടെ ആശയങ്ങള്‍ക്ക് സ്വീകാര്യത ഉണ്ടാക്കാന്‍ ഇത് കാരണമായി. മാത്രമല്ല, സഹായംലഭിച്ച പല പണ്ഡിതന്മാരും അവരില്‍ നിന്ന് പ്രൊജക്‌ടുകള്‍ നേടിയവരും അതിനു ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുമായിരുന്നു. ഇത്തരം പണ്ഡിതന്മാരുടെ ഇടപെടല്‍ ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീനം താഴെ തട്ടിലേക്ക് വ്യാപിപ്പിച്ചു.
ഇതോടെ, നാം സംഘടനാരംഗത്ത് ജനാധിപത്യ മാതൃകയില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതും അതിനുവേണ്ടി വോട്ടെടുപ്പും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവും നടത്തുന്നതും ചിലര്‍ക്ക് ദഹിക്കാതെ വന്നു. മാത്രമല്ല ജാനാധിപത്യ രീതിയില്‍ നീതിപൂര്‍വം തെരഞ്ഞെടുപ്പ് നടപ്പിലായാല്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെടുകയും തങ്ങള്‍ ആഗ്രഹിക്കാത്തവരിലേക്കും ഇഷ്‌ടപ്പെടാത്തവരിലേക്കും നേതൃത്വം വഴിമാറുമെന്നു ചിലര്‍ ഭയപ്പെടുകയും ചെയ്‌തു. ഈ പശ്ചാത്തലമാണ് യുവജന വിഭാഗമായ ഐ എസ് എമ്മിനെ അകാരണമായി പിരിച്ചുവിടാനും തങ്ങളുടെ സില്‍ബന്തികളെ വെച്ച് ഒരു അഡ്‌ഹോക്ക് കമ്മറ്റി ഉണ്ടാക്കാനും ചിലരെ പ്രേരിപ്പിച്ചത്. ഈ നടപടി ശരിയല്ല എന്നു പറഞ്ഞവരെയും ഇങ്ങനെ ചെയ്യരുതെന്ന് നേതാക്കളോടു അഭ്യര്‍ഥിച്ചവരെയും സംഘടനയില്‍ നിന്നകറ്റി. ഐ എസ് എം സംഘടിപ്പിച്ചിരുന്ന പഠനസെമിനാറുകളും സാമൂഹ്യമുന്നേറ്റങ്ങളും തകര്‍ക്കാനും അവ ആദര്‍ശ വ്യതിയാനത്തിന്റെ അപകട സൂചനകളായി ചിത്രീകരിക്കാനും തുടങ്ങി. ഇതാണ് മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നതയുടെ അടിസ്ഥാന കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്.
സഊദിയിലെയും ബഹ്‌റൈനിലെയും ഖത്തറിലെയും കുവൈത്തിലെയും സലഫി വിഭാഗങ്ങളുമായി ഇസ്‌ലാഹി സെന്ററുകള്‍ മുഖേനയും ചില വ്യക്തികള്‍ മുഖേനയുമുള്ള ബന്ധവും ഇതിന് ആക്കംകൂട്ടി. ഇങ്ങനെ വന്നപ്പോള്‍ പതിയെ കേരള ഇസ്‌ലാഹി പ്രസ്ഥാനം ഗള്‍ഫ് സലഫി പ്രസ്ഥാനങ്ങളുടെ തനിപകര്‍പ്പായി മാറി. യു എ ഇ ഭരണകൂടത്തിലെ രാജുകുടുംബവുമായി ചില മുജാഹിദ് കുടുംബങ്ങള്‍ക്ക് ഉണ്ടായ ബന്ധവും സ്വാധീനവും അവര്‍ മുഖേനയുള്ള സഹായത്തിന് കാരണമായി. ഈ ബന്ധവും ചിലര്‍ തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചില മുജാഹിദ് നേതാക്കള്‍ക്ക് യു എ ഇ വിസ നിഷേധിക്കുന്നതിന് പോലും ഈ ബന്ധം പിന്നീട് ദുരുപയോഗം ചെയ്‌തു.
ഇന്ത്യയെപ്പോലെ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ സംഘടിത മതപ്രബോധനം എങ്ങനെയായിരിക്കണം എന്ന പ്രശ്‌നം ഗവേഷണപരമാണ്. ഗള്‍ഫിലെ സാഹചര്യവും, മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലെ സാഹചര്യവും വ്യത്യസ്‌തമായിരിക്കും. മതേതര രാഷ്‌ട്രവും ബഹുസ്വര സമൂഹവുമായ ഇന്ത്യയുടേത് കൂടുതല്‍ സങ്കീര്‍ണമാണ്. ഗള്‍ഫിലെ സലഫികളെ കേരളത്തിലെ സവിശേഷ സാഹചര്യം ബോധ്യപ്പെടുത്തുന്നതില്‍ അന്നത്തെ നേതൃത്വം പരാജയപ്പെടുകയായിരുന്നു. ഗവേഷണപരമായ ചര്‍ച്ചകള്‍ മുളയിലേ നുള്ളുകയും അറബി ശൈഖുമാരുടെ അനിഷ്‌ടം വിളിച്ചു വരുത്തേണ്ടതില്ല എന്ന നിലപാട് അവര്‍ പൊതുവെ സ്വീകരിക്കുകയും ചെയ്‌തു. മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളായ രാജ്യങ്ങളിലെ മുസ്‌ലിംകളുടെ പ്രബോധന രംഗത്തെ സമീപനം സംബന്ധിച്ച് ഇന്ന് ചര്‍ച്ചകള്‍ നടന്നുവരികയാണ്. സഊദി രാജാവ് വിവിധ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദപരമായ സംവാദങ്ങള്‍ സ്വാഗതം ചെയ്‌തിരിക്കുന്നു. ഈ അവസരം ഏറ്റവും ഉപയോഗപ്പെടുത്തേണ്ട മുജാഹിദ് പ്രസ്ഥാനം അത് വിസ്‌മരിച്ചത് ചരിത്രപരമായ വിഡ്‌ഢിത്തമായിരുന്നു.
ഗള്‍ഫിലെ സലഫികള്‍ക്ക് ജിന്ന്, പിശാച്, സിഹ്‌ര്‍ തുടങ്ങിയവ സംബന്ധിച്ച പ്രത്യേക വീക്ഷണമുണ്ട്. എന്നാല്‍ അവരോട് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഈ വിഷയങ്ങള്‍ പ്രമാണബദ്ധമായി ചര്‍ച്ച ചെയ്‌തിരുന്നുവെങ്കില്‍ നമ്മുടെ സമീപനം തെറ്റല്ല എന്ന് അവര്‍ സമ്മതിച്ചേനെ. കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഒന്നില്‍ കൂടുതല്‍ തവണ സഊദി പണ്ഡിതന്മാരോട് ഈ വിഷയം സംസാരിച്ചപ്പോള്‍ അവര്‍ സി പിയുടെ വീക്ഷണത്തെ സ്വാഗതംചെയ്യുകയാണ് ഉണ്ടായത്. ഗവേഷണവിഷയം എന്ന പരിഗണന ഇതിന് നല്‍കാമെന്നായിരുന്നു അവരുടെ സമീപനം. ഗവേഷണത്തില്‍ തെറ്റുപറ്റിയാലും കൂലിയുണ്ട് എന്നതാണ് ഇസ്‌ലാമിക കാഴ്‌ചപ്പാട്. സഊദിയയില്‍ ജിന്ന്, പിശാച് വിശ്വാസങ്ങളില്‍ പാളിച്ചകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ്, വിജനപ്രദേശങ്ങളിലും പഴയ കെട്ടിടങ്ങളിലും മറ്റും `ജിന്ന് സേവ' നടത്തുന്നവരെ സര്‍ക്കാര്‍ തലത്തില്‍ തന്നെ തടയുന്നത്.
കേരളത്തിലെ മുജാഹിദുകള്‍ പണ്ടുകാലം മുതല്‍ പറഞ്ഞുവന്ന ആശയങ്ങളും സമീപനങ്ങളും ഇന്നും പ്രസക്തമാണ്. പ്രസ്ഥാനത്തിന്റെ ശക്തമായ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനത്തിന്റെ ഫലമായി യാഥാസ്ഥിതികര്‍ പോലും പല അന്ധവിശ്വാസങ്ങളും മാറ്റിവെക്കുകയോ തിരുത്തുകയോ ചെയ്‌തിട്ടുണ്ട്. സ്‌ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കാത്തവര്‍ ഇന്ന് പള്ളിയോടനുബന്ധിച്ച് സ്‌ത്രീകള്‍ക്ക് പ്രത്യേക നമസ്‌കാരസ്ഥലം ഉണ്ടാക്കിയിട്ടുണ്ട്. നേര്‍ച്ചകളിലും ജാറങ്ങളിലും നടക്കുന്ന അനാചാരങ്ങളെ തിരുത്താന്‍ യാഥാസ്ഥിതികര്‍ തന്നെ ആഹ്വാനം ചെയ്യുന്നു. ആനയും അമ്പാരിയും വെടിമരുന്ന് പ്രയോഗവും വര്‍ജിക്കേണ്ടതാണെന്ന് അവര്‍ തന്നെ പറയുന്നു. കേരളമുസ്‌ലിം ഐക്യസംഘം രൂപീകരിച്ചതിന്റെ ഉദ്ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ആ പ്രദേശങ്ങളിലെ പള്ളികളിലും ജാറങ്ങളിലും നടന്നുവന്നിരുന്ന നേര്‍ച്ചകളിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അകറ്റുക, അത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുക എന്നതായിരുന്നു. ആ ലക്ഷ്യം പൂര്‍ണമായി നേടിയില്ലെങ്കിലും അത് ചിന്തനീയമാണ്, പരിഗണിക്കേണ്ടതാണ് എന്ന് എല്ലാവരും അംഗീകരിച്ച് വരുന്നത് ആശ്വാസകരമാണ്.
മതസംഘടനകളുടെ സാധാരണ പ്രവര്‍ത്തനങ്ങളെ നവോത്ഥാന പ്രവര്‍ത്തനമായി കണക്കാക്കുകയില്ല എന്ന് നമുക്കറിയാം. മതസംഘടനകള്‍ പഴയ പ്രമാണങ്ങളിലേക്കും യാഥാസ്ഥിതികതയിലേക്കും തിരിച്ച് വിളിക്കുന്നു എന്നാണ് ഭൗതികര്‍ ആരോപിക്കാറുള്ളത്. എന്നാല്‍ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനം ഉല്‍പതിഷ്‌ണു വിഭാഗമാണെന്നും നവോത്ഥാന പ്രസ്ഥാനമാണെന്നും പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്. അതിന്റെ കാരണം, അടിസ്ഥാന തത്വങ്ങളില്‍ അടിയുറച്ച് നിന്ന് കൊണ്ട് വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനും സ്‌ത്രീ വിദ്യഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും സ്‌്‌ത്രീധനത്തിനെതിരെ പ്രചാരണം നടത്തുന്നതിനും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാഹി പ്രസ്ഥാനം ഏറ്റെടുത്ത് നടത്തിയതാണ്. സലഫികള്‍ പ്രത്യേകിച്ച് തീവ്രസലഫികള്‍ മതവിദ്യാഭ്യാസത്തിമല്ലാതെ ഭൗതികവിദ്യാഭ്യാസത്തിന് പൊതുവില്‍ പ്രാധാന്യം നല്‍കി കാണാറില്ല. ഭൗതികവിദ്യാഭ്യാസം അനിവാര്യമല്ല എന്നാണ് അവരുടെ വാദം.
കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ മുസ്‌ലിം കേരളചരിത്രം പരിശോധിച്ചാല്‍ നമുക്ക് അഭിമാനിക്കത്തക്ക പുരോഗതിയും സ്വാധീനവും ഉണ്ടായതായി കാണാം. യാഥാസ്ഥിതികര്‍ വിദ്യാലയങ്ങള്‍ നടത്താന്‍ തുടങ്ങി, സ്‌ത്രീകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വന്നുതുടങ്ങി, സാമൂഹിക രാഷ്‌ട്രീയ സാംസ്‌കാരിക നേതൃത്വത്തില്‍ മതബോധമുള്ളവരും പണ്ഡിതന്മാരും അംഗീകരിക്കപ്പെട്ടു. ഇതെല്ലാം പ്രസ്ഥാനത്തിന്റെ സ്വീകാര്യതയുടെ ഉദാഹരണങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്ന് പിന്നോട്ട് തിരിച്ചുനടക്കാനാണ് നവോത്ഥാന പ്രസ്ഥാനത്തിന്റെ പേരില്‍ തന്നെ ചിലര്‍ ശ്രമിക്കുന്നത് ഏറെ ഖേദകരമാണ്. മാത്രമല്ല, യാഥാസ്ഥിതിക വിഭാഗങ്ങള്‍ ഇന്ന് നവോത്ഥാന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. നവോത്ഥാന കാമ്പയിന്‍ നടത്തുന്നു. ഞങ്ങള്‍ നവോത്ഥാനവക്താക്കളും പ്രസ്ഥാനക്കാരുമാണ് എന്ന് അവകാശപ്പെടുന്നു. ഈ അവകാശവാദം വസ്‌തുനിഷ്‌ഠമല്ലെങ്കിലും ഒരു കാലത്ത് പിന്തിരിപ്പന്മാരായിരുന്നവര്‍ ഇന്ന് നവോത്ഥാനക്കാരാണെന്ന് അവകാശപ്പെടുകയും ഒരു കാലത്ത് നവോത്ഥാനക്കാരായിരുന്നവര്‍ നവയാഥാസ്ഥിതികരായി പരിണമിക്കുകയും ചെയ്യുന്ന അവസ്ഥ എന്തുമാത്രം വൈരുധ്യാത്മകമാണ്!
മതത്തിന്റെ പേരില്‍ സമൂഹത്തെ ചൂഷണംചെയ്യുന്നത് പൗരോഹിത്യമാണ്. മതം എളുപ്പവും പുരോഗമനപരവുമാണ്. ആചാരാനുഷ്‌ഠാനങ്ങളില്‍ യാതൊരു പ്രയാസവും മതം ഉണ്ടാക്കുന്നില്ല. ചില പ്രയാസങ്ങള്‍ പ്രഥമദൃഷ്‌ട്യാ കാണുമെങ്കിലും പിന്നീട് അത് എളുപ്പമാണ് നല്‍കുക. ``തീര്‍ച്ചയായും ഞെരുക്കത്തോടൊപ്പം എളുമ്മുണ്ട്.'' ``അല്ലാഹു നിങ്ങള്‍ക്ക് എളുപ്പത്തെയാണ് ഉദ്ദേശിക്കുന്നത്, പ്രയാസത്തെ ഉദ്ദേശിക്കുന്നില്ല'' തുടങ്ങിയ ഖുര്‍ആന്‍ വചനങ്ങളോടൊപ്പം നബിയുടെ ദൗത്യമായി ഖുര്‍ആന്‍ വിശേഷിപ്പിച്ച വചനവും ചേര്‍ത്തുവായിക്കുക: ``അദ്ദേഹം അവനോട് സദാചാരം കല്‍പിക്കുകയും ദുരാചാരം വിരോധിക്കുകയും ചെയ്യും. അവര്‍ക്ക് അദ്ദേഹം നല്ല വിശിഷ്‌ഠവസ്‌തുക്കളെ അനുവദനീയമാക്കുകയും ദുഷിച്ച വസ്‌തുക്കളെ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്‌തു. അവരുടെ ഭാരത്തെയും അവരുടെ മേലുണ്ടായിരുന്ന ബന്ധങ്ങളെയും അവരില്‍ നിന്ന് അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യും.'' (4:157)
മനുഷ്യ സമൂഹത്തിനു മേല്‍ മര്‍ദ്ദകരും ചൂഷകരും അടിച്ചേല്‍പ്പിച്ച ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ച് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സാധാരണക്കാരനെ സജ്ജമാക്കിയ മതമാണ് ഇസ്‌ലാം. ബിലാലിന്റെ ചരിത്രം നല്‍കുന്ന സന്ദേശം അതത്രെ.
`അല്ലാഹു അല്ലാതെ ആരാധനയ്‌ക്ക് അര്‍ഹനായി ആരുമില്ല' എന്ന ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദിന്റെ) തനിമ മലയാളക്കരയില്‍ കൃത്യമായി പ്രചരിപ്പിക്കുകയും അതിനുവേണ്ടി കഷ്‌ടനഷ്‌ടങ്ങള്‍ സഹിക്കുകയും ത്യാഗമനുഷ്‌ഠിക്കുകയും ചെയ്‌തവരാണ് മുജാഹിദുകള്‍. ജാറങ്ങളിലേക്കുള്ള തീര്‍ഥയാത്രകള്‍, മരണപ്പെട്ടവരോടുള്ള പ്രാര്‍ത്ഥന, ഔലിയാക്കളോടും ശുഹദാക്കളോടുമുള്ള ഇടതേട്ടം, അവര്‍ക്കു വേണ്ടിയുള്ള നേര്‍ച്ചവഴിപാടുകള്‍, അദൃശ്യകാര്യങ്ങള്‍ മഹാന്മാര്‍ക്കും ശൈത്വാന്മാര്‍ക്കും തങ്ങള്‍മാര്‍ക്കും ജ്യോത്സ്യന്മാര്‍ക്കും അറിയാന്‍ കഴിയുമെന്ന വിശ്വാസം തുടങ്ങിയവ പാടെ നിരാകരിക്കുകയും ഇവയെല്ലാം തൗഹീദിന് വിരുദ്ധവും ശിര്‍ക്കുപരമായ വിശ്വാസമാണെന്ന് പ്രബോധനം ചെയ്യുകയും ചെയ്‌തവരാണ് മുജാഹിദുകള്‍. അതുപോലെ തന്നെ ചാത്താന്‍ സേവ, ജിന്ന് കൂടല്‍, ശൈത്വാന്‍ ബാധ തുടങ്ങിയ നിലപാടുകള്‍ക്കെതിരെയും ശക്തിയുക്തം വാദിച്ചവരാണ് മുജാഹിദുകള്‍.
ഇവ ചൂഷണംചെയത് സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അവ ജീവിതമാര്‍ഗമായി സ്വീകരിക്കുകയും ചെയ്‌ത പൗരോഹിത്യം മുജാഹിദുകള്‍ കാഫിറുകളാണെന്നും പുത്തന്‍വാദികളാണെന്നും ഫത്‌വ പുറപ്പെടുവിച്ചു. കണ്ടാല്‍ മിണ്ടാന്‍ പാടില്ല, സലാം പറഞ്ഞാല്‍ മടക്കാന്‍ പാടില്ല, നമസ്‌കാരത്തിന് ഇമാമത്ത് നിര്‍ത്താന്‍ പാടില്ല എന്നീ നിലകളിലും വിലക്ക് കല്‍പ്പിച്ചു. കല്യാണത്തിന് വിളിക്കാതിരിക്കുക, വിളിച്ചാല്‍ തന്നെ ഒപ്പമിരുന്ന് ഭക്ഷിക്കുമ്പോള്‍ അയിത്തം കല്‌പിച്ച് എഴുന്നേറ്റു പോവുക. ഭര്‍ത്താവ് `വഹാബി'യായത് കാരണം മക്കളെ നിര്‍ബന്ധമായി മൊഴിചൊല്ലിക്കുക തുടങ്ങിയ പീഡനങ്ങള്‍ക്ക് മാത്രമല്ല, അടിക്കാനും കല്ലെറിയാനും കൊലയ്‌ക്ക് വിധേയരാക്കാനും മാലപ്പടക്കം കഴുത്തിലണിയിച്ച് അപായപ്പെടുത്താനുമെലാം ശ്രമിച്ച യഥാസ്ഥികര്‍ക്കിടയിലാണ് മുജാഹിദുകള്‍ വളര്‍ന്നത്. ഇതെല്ലാം തരണംചെയ്‌താണ് ഇന്ന് കാണുന്ന വളര്‍ച്ചയും ഉയര്‍ച്ചയും പ്രസ്ഥാനം നേടിയെടുത്തത്.
എന്നാല്‍ വീണ്ടും ശിര്‍ക്കിലേക്കും അനാചാരത്തിലേക്കും മുജാഹിദുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ സമൂഹത്തെ തിരിച്ചുകൊണ്ടുപോവുന്നത് കാണുമ്പോള്‍ അത് എത്രമാത്രം വേദനാജനകമാണ്. വിജനമായ പ്രദേശത്ത് ആരാരും സഹായത്തിനില്ലാതെ വരുമ്പോള്‍ `അല്ലാഹുവിന്റെ അടിയാറുകളേ, എന്നെ സഹായിക്കുവിന്‍' എന്ന് മലക്കുകളെ ഉദ്ദേശിച്ചും ജിന്നുകളെ ഉദ്ദേശിച്ചും വിളിച്ച് തേടിയാല്‍ അത് ശിര്‍ക്കാവുകയില്ല എന്ന വിശ്വാസം ഒരു ശരാശരി മുജാഹിദ് പോലും അംഗീകരിക്കുകയില്ല. എന്നിട്ടല്ലേ മത വിഷയങ്ങള്‍ കൂടുതല്‍ പഠിച്ച മുജാഹിദുകള്‍ അംഗീകരിക്കുക. `സലഫിസ'ത്തിന്റെ പേരില്‍ ഇത്തരം സഹായതേട്ടങ്ങളെ ന്യായീകരിക്കുന്നവര്‍ മുജാഹിദുകളാണ് എന്ന് അവകാശപ്പെടുന്നത് എത്രമാത്രം ദാരുണമാണ്. ഇവരില്‍ അധികപേരും യുവാക്കളോ വിദ്യാര്‍ഥികളോ ആണെന്ന വസ്‌തുതയാണ് ഏറെ ഗൗരവതരം. ഇത്തരം തെറ്റായ ആശയങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും തെളിവുകള്‍ നിരത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ `നവോത്ഥാനം' ഇത്രമാത്രം പിന്നോട്ടാണോ എന്ന് ആലോചിച്ച് പോവുകയാണ്.
പള്ളികള്‍ക്ക് ചുറ്റും കാടും സ്‌മാശാനവും ഉണ്ടായിരുന്ന ഒരു കാലം. (ഇന്നും അങ്ങനെയുള്ള പള്ളികള്‍ ഉണ്ട്.) വൈദ്യുതിയില്ല, വെളിച്ചം കുറവ്, വിശ്വാസികള്‍ക്ക് അസമയത്ത് പള്ളികളില്‍ പോകാന്‍ ഭയപ്പാട്... ജിന്നും പിശാചും റൂഹാനികളും ദേഹത്ത് പ്രവേശിച്ചു താന്‍ മറ്റൊരാളായി മാറുമെന്നും അവയുടെ സംസാരവും ചിന്തയും പ്രകടമാക്കുമെന്നല്ലാം അക്കാലത്ത് കേട്ടിരുന്നു. സ്‌ത്രീകളെയും കുട്ടികളെയും ദുര്‍ബലമനസ്‌കരെയും പാമരന്മാരെയുമാണ് സാധാരണഗതിയില്‍ ജിന്നുകൂടിയിരുന്നത് എന്ന് കേട്ടിരുന്നു. എന്നാല്‍ ഇന്ന ജിന്ന് കൂടുന്നത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളെയുമാണ്. ഈ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ എങ്ങിനെ ഇതിന് അടിമപ്പെട്ടു. അവര്‍ക്ക് എന്ത് മതവിദ്യാഭ്യാസമാണ് ലഭിച്ചത് എന്ന് നാം ഓര്‍ക്കുക.
സ്‌ത്രീകള്‍ക്ക് ജിന്ന് കൂടുന്നതില്‍ ചില രഹസ്യങ്ങള്‍ അങ്ങാടി പാട്ടാണ്. അതും തിരിച്ചറിയുക. കൂടിയ ജിന്നിനെ അടിച്ച് ഇറക്കാന്‍ പുരോഹിതന്മാര്‍ക്ക് പ്രത്യേക രീതികളും ഉണ്ടായിരുന്നു. മന്ത്രങ്ങള്‍ ചൊല്ലി അടിച്ചിറക്കുക, ഒറ്റയ്‌ക്ക് മുറികളില്‍ ഇരുത്തി ദിക്‌ര്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ഒഴിപ്പിക്കുക, സ്‌ത്രീകളെ ഒറ്റക്കിരുത്തുമ്പോള്‍ മുസ്‌ലിയാര്‍ കൂടി കൂട്ടിനിരിക്കുക, ഏലസ് മന്ത്രിച്ച് കെട്ടുക, നൂല് മന്ത്രിച്ചുകെട്ടുക തുടങ്ങിയവ ഇതിന് പ്രതിവിധിയായി കണക്കാക്കിയിരുന്നു. ഹൈന്ദവ വിശ്വാസികള്‍ പ്രേതബാധയെ ഒഴിപ്പിക്കാന്‍ നടത്തിയിരുന്ന മന്ത്രങ്ങളും അടിച്ചിറക്കലുമായി ഇവക്ക് നേര്‍ക്കുനേര്‍ സാമ്യമുണ്ടായിരുന്നു. ഇതെല്ലാം മുജാഹിദുകള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കി. വിദ്യാഭ്യാസം സാര്‍വ്വത്രികമായതും വൈദ്യുതി നാടെങ്ങും ലഭ്യമായതും, പള്ളികള്‍ നാട്ടിലും ഗ്രാമങ്ങളിലും അങ്ങാടികളോടനുബന്ധിച്ചായതുമെല്ലാം ഈ അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കള്‍ സഹായകരമായിരുന്നു.
പണ്ട് കാലത്ത് പള്ളികള്‍ വിദൂരത്തായിരുന്നു. അടുത്ത് ആള്‍പ്പാര്‍പ്പ് കുറവായിരുന്നു. എന്നാല്‍ ഇന്ന് മുജാഹിദുകളിലെ ഒരു വിഭാഗം ജിന്നുകൂടുമെന്നും പിശാച് ബാധ ഏല്‍ക്കുമെന്നും അത് ഒഴിവാക്കാന്‍ പ്രത്യേക ചികിത്സകള്‍ ഉണ്ടെന്നും അതിന് ആധുനിക ശൈലിയില്‍ `ഖുര്‍ആന്‍ തെറാപ്പി ചികിത്സ' എന്ന് പറയുമെന്നും വാദിക്കുന്നു. ചികിത്സയ്‌ക്ക് പ്രത്യേക മൗലവിമാരും മുജാഹിദ് വിഭാഗത്തില്‍ ഉണ്ടത്രെ. വര്‍ത്തമാനപത്രങ്ങളില്‍ ഈ വിധത്തില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ യാഥാസ്ഥിതിക പള്ളി ഇമാം പറഞ്ഞത് മുജാഹിദുകളെയും ജിന്ന് കൂടി എന്നും മൊല്ലാക്ക പറഞ്ഞ് മുജാഹിദ് ജിന്ന് പ്രത്യക്ഷപ്പെട്ടു എന്നുമായിരുന്നു. അദൃശ്യകാര്യങ്ങളില്‍ അല്ലാഹുവും റസൂലും പറഞ്ഞതിന് അപ്പുറമുള്ള സങ്കല്‌പങ്ങള്‍ മുജാഹിദുകള്‍ക്കും അല്ലാത്തവര്‍ക്കും പാടില്ലാത്തതാണ്.
മലക്കും ജിന്നും അദൃശ്യജീവികളാണ്. അവ ഉണ്ട് എന്ന് വിശ്വസിക്കുന്നതിനപ്പുറം അവര്‍ നമ്മെ ഉപദ്രവിക്കുമെന്നും അവയെ പ്രീതിപ്പെടുത്തിയാല്‍ പല പ്രയോജനങ്ങളും ഉണ്ടാവുമെന്നുമുള്ള വിശ്വാസം തെറ്റും കുറ്റവുമാണ്. ജിന്ന്, പിശാച്, കുട്ടിച്ചാത്തന്‍ തുടങ്ങിയവയെ വിദ്യാസമ്പന്നരും മതബോധമുള്ളവരും ആദ്യകാലത്ത് തന്നെ ഒഴിവാക്കിയതാണ്. ഇന്ന് ഇത് ചര്‍ച്ചയാക്കേണ്ട വിഷയമേയല്ല. കാലികപ്രസക്തമല്ലാത്ത ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് മുസ്‌ലിം രാജ്യഭരണകാലത്ത് മുമ്പ് പണ്ഡിതന്മാര്‍ മരക്കൊമ്പിലെ ഇഅ്‌തികാവും മറ്റും ചര്‍ച്ച ചെയ്‌തതുപോലെയുള്ള വങ്കത്തമാണ്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തുവരുന്നു എന്നത് നവോത്ഥാന പ്രസ്ഥാനത്തെ എത്ര ദൂരം പിന്നോട്ടാക്കുകയാണ് ചെയ്യുക എന്നത് ആലോചിക്കുക.
0 comments: