സഹതാപം വേണ്ട; ഗസ്സ അര്‍ഹിക്കുന്നത്‌ നീതിയാണ്‌

  • Posted by Sanveer Ittoli
  • at 4:06 AM -
  • 0 comments
സഹതാപം വേണ്ട; ഗസ്സ അര്‍ഹിക്കുന്നത്‌ നീതിയാണ്‌

സഹതാപം വേണ്ട; ഗസ്സ അര്‍ഹിക്കുന്നത്‌ നീതിയാണ്‌

താരീഖ്‌ റമദാന്‍
ജനാധിപത്യത്തിന്റെ മുന്നേറ്റം ലോകമെങ്ങും ആഘോഷിക്കപ്പെടുമ്പോഴും ഫലസ്‌തീനികള്‍ അക്കാര്യത്തില്‍ പിന്തള്ളപ്പെടുന്നു. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ സ്വതന്ത്രവും സുതാര്യവുമായ ഇലക്‌ഷനെന്ന്‌ വിലയിരുത്തപ്പെട്ട 2006ലെ
അധിനിവേശ മേഖല (ഗസ്സ)യിലെ ഇലക്‌ഷനില്‍ ഹമാസ്‌ ജനാധിപത്യപരമായി വിജയിച്ചതോടെ ഫലസ്‌തീനികള്‍ തുടരെത്തുടരെയുള്ള അക്രമണങ്ങള്‍ക്ക്‌ വിധേയമാക്കപ്പെട്ടു. ജനങ്ങള്‍ `തെറ്റായ' വിജയികളെ തെരഞ്ഞെടുത്തതു കാരണം അന്നു മുതല്‍ അവര്‍ ക്രൂരമായി ശിക്ഷിക്കപ്പെടുന്നു. പോരാളികള്‍ക്ക്‌ വോട്ട്‌ ചെയ്‌തതിനാല്‍ ഗസ്സയിലെ മുഴുവന്‍ ജനങ്ങളെയും `ഭീകരന്മാരായി' പരിഗണിച്ച്‌, കൊലപ്പെടുത്തല്‍, പീഡനം, വ്യോമാക്രമണം, ജയിലലടയ്‌ക്കല്‍ എന്നിവ ഇസ്‌റാഈല്‍ സ്വതന്ത്രമായി നടപ്പാക്കി. സൈനിക ചെക്‌പോയിന്റുകളില്‍ നേരിടുന്ന അപമാനവും അപ്പാര്‍ത്തീഡ്‌ ഭിത്തി മൂലം അനുഭവിക്കുന്ന ക്രൂരത വേറെയും. ജനാധിപത്യത്തിന്‌ എത്ര മഹത്തായ വിജയം! സ്വതന്ത്രമായി വോട്ടുചെയ്‌താല്‍ ജയിലിനു തുല്യമായ ക്യാമ്പിലെ അന്തേവാസികളായി മാറാം!!
ഇതിന്റെ അന്ത്യം കാണാനാവുന്നില്ല. `സമാധാന ശ്രമങ്ങളെന്ന്‌' വിളിക്കപ്പെടുന്നവ ഒരിക്കലും അവയുടെ വാഗ്‌ദാനങ്ങള്‍ നിറവേറ്റിയിട്ടില്ല. രാഷ്‌ട്ര സങ്കല്‌പത്തെ തന്നെ നശിപ്പിച്ചുകൊണ്ട്‌ ഇസ്‌റാഈല്‍ ഗവണ്‍മെന്റും കൊളോണിയല്‍ ശക്തികളും പതുക്കെ അവരുടെ കോളനിവല്‍കരണം തുടരുമ്പോള്‍ സംഭാഷണങ്ങള്‍ വഴിമുട്ടി ചരമമടയുന്നു. സമാധാനത്തിനുള്ള നോബല്‍ പ്രൈസ്‌ ലഭിച്ച അമേരിക്കന്‍ പ്രസിഡന്റായ ബരാക്‌ ഒബാമ ഏതാനും പ്രസംഗങ്ങള്‍ നടത്തിയെന്നതൊഴിച്ചാല്‍ ഫലസ്‌തീനിലെ ശാന്തിക്കായ്‌ ഒരു ശ്രമവും നടത്തിയില്ല. നേരെ മറിച്ച്‌ തന്റെ മുന്‍ഗാമികളെക്കാള്‍ കൂടുതലായി ഇസ്‌റാഈലിന്‌ ഏകപക്ഷീയമായ പിന്തുണ നല്‌കുകയാണ്‌ ചെയ്‌തത്‌. തന്റെ ഇത്തവണത്തെ ഇലക്‌ഷന്‍ കാമ്പയിനില്‍ ഫലസ്‌തീന്‍ പ്രശ്‌നത്തില്‍ തനിക്കൊരു പങ്കുമില്ല എന്ന നിലപാടാണ്‌ ഒബാമ എടുത്തത്‌.
ഫലസ്‌തീനിലും സിറിയയിലും കുറെ അറബികള്‍ കൊല്ലപ്പെടുന്നതില്‍ തനിക്കെന്തു ചേതം എന്നു പ്രസിഡന്റ്‌ വിചാരിച്ചിട്ടുണ്ടാകാം. അതുപോലെ തന്നെ ഇസ്‌റാഈലില്‍ നടക്കാന്‍ പോകുന്ന `ജനാധിപത്യപരമായ' തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്‌ ഇപ്പോഴത്തെ അതിക്രൂരമായ അക്രമങ്ങളും, ബോംബുവര്‍ഷവും, തെരഞ്ഞുപിടിച്ചുള്ള കൊലപാതകങ്ങളും (കുട്ടികളും സ്‌ത്രീകളും വൃദ്ധരുമുള്‍പ്പെടെ 160ലേറെപ്പേര്‍ പുതിയ അക്രമണങ്ങളില്‍ കൊല്ലപ്പെട്ടു). ഫലസ്‌തീനികളെ കൊല്ലുക, സൈന്യത്തെ വിന്യസിക്കുക തുടങ്ങിയവ പ്രധാനമന്ത്രിയായ ബെന്‍യാമിന്‍ നെതന്യാഹുവിന്റെ വിജയിക്കാനുള്ള തന്ത്രങ്ങളാണ്‌. ഇസ്‌റാഈലിലെയും അമേരിക്കയിലെയും ജനാധിപത്യ ഇലക്‌ഷനുകളുടെ യഥാര്‍ഥ സന്ദേശം ഇതാണ്‌: കൊല്ലുക, കൊല്ലാനനുവദിക്കുക.
അറബ്‌ വസന്തത്തെത്തുടര്‍ന്ന്‌ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണകൂടങ്ങളുടേത്‌ കേവലം പ്രതീകാത്മക പ്രതികരണമായിക്കൂടാ. ഈജപ്‌തിന്റെയും തുണീഷ്യയുടെയും തുര്‍ക്കിയുടെയം വിദേശകാര്യ മന്ത്രിമാരെ പെട്ടെന്ന്‌ ഗാസയിലേക്കയച്ചത്‌ അഭിനന്ദനാര്‍ഹമാണ്‌. തുര്‍ക്കിയുടെ പ്രധാനമന്ത്രിയായ റജബ്‌ ത്വയ്യിബ്‌ ഉര്‍ദുഗാന്റെ 2008 ലെയും ഇപ്പോഴത്തെയും ഉറച്ച നിലപാടുകള്‍ പ്രശംസനീയമാണ്‌. കാലം മാറുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണിത്‌. ഈ രാജ്യങ്ങളിലെ ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ പൊതുജനവികാരം പ്രതിഫലിപ്പിക്കുന്നവയാണ്‌.
രാജ്യങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ തന്ത്രങ്ങളാവിഷ്‌കരിക്കുന്നതിനേക്കാള്‍ ഭാവിയിലെ വിജയത്തിന്‌ നല്ലത്‌ ഒന്നിച്ചുനിശ്ചയിച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നതാണ്‌. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഇസ്‌റാഈല്‍ അക്രമണങ്ങള്‍ തുടരുകയാണ്‌ എന്നതിനാല്‍ തുണീഷ്യ, ഈജിപ്‌ത്‌, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ അധികാരികളോടൊപ്പമാണ്‌ അവിടത്തെ ജനതയുടെ വികാരവും എന്നതുകൊണ്ട്‌ കാര്യമായ ഫലമുണ്ടാകണമെന്നില്ല.
ഒരിക്കല്‍കൂടി ഫലസ്‌തീനികള്‍ ജനപ്രീണന രാഷ്‌ട്രീയത്തിനും ദേശീയതയുടെ പേരിലുള്ള ചൂഷണത്തിനും വിധേയമായെന്നു വരാം.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണനേതൃത്വം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. അവിടത്തെ ജനങ്ങള്‍ രോഷത്തോടെ പ്രകടനങ്ങള്‍ നടത്തുന്നു. ഫലസ്‌തീനികള്‍ മരിച്ചുവീണുകൊണ്ടേയിരിക്കുന്നു. ഫലസ്‌തീനികള്‍ക്കാവശ്യം അറബ്‌ രാജ്യങ്ങളുടെ വാക്കുകള്‍ കൊണ്ടുള്ള പിന്തുണ മാത്രമല്ല, ഏഷ്യ, ദക്ഷിണാഫ്രിക്ക, ലാറ്റിനമേരിക്ക, മിഡ്‌ലീസ്റ്റ്‌ എന്നീ മേഖലകളിലെ രാജ്യങ്ങളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതികള്‍ ആവഷികരിക്കേണ്ട സമയമായിരിക്കുന്നു. 
അതുവഴി ഇസ്‌റാഈല്‍ അക്രമികളെ പ്രതിരോധിക്കാനും ഫലസ്‌തീനികള്‍ക്ക്‌ അവകാശങ്ങളും മാന്യതയും നീതിയും ലഭ്യമാക്കാന്‍ വേണ്ട ഒരു യാഥാര്‍ഥ സഖ്യം രൂപീകരിക്കാനും കഴിയണം.
ഫലസ്‌തീനില്‍ നിന്നുവന്ന മിസൈലുകള്‍ക്കെതിരെയുള്ള കേവല പ്രതിരോധമാണ്‌ ഇസ്രായേല്‍ നടത്തുന്നതെന്ന്‌ പാശ്ചാത്യമീഡിയ ഒറ്റസ്വരത്തില്‍ പറയുന്നു. എന്തൊരു നുണ! 2008 ല്‍ ചെയ്‌തതുപോലെ ഇസ്‌റാഈല്‍ ഗവണ്‍മെന്റ്‌ പ്രചരിപ്പിക്കുന്ന നുണകള്‍ അതേപടി ഛര്‍ദിക്കുന്നു മീഡിയ. മാസങ്ങളായി ജനങ്ങളെ ഭയചകിതരാക്കിക്കൊണ്ടും ഒറ്റപ്പെട്ട വ്യക്തികളെ ലക്ഷ്യമാക്കിയും പൈലറ്റുള്ള വിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും ഗാസയ്‌ക്കു മുകളിലൂടെ പറക്കുന്നു. കഴിഞ്ഞ മാസം നാലു തവണ ഇസ്‌റാഈല്‍ ഗാസയില്‍ വ്യോമോക്രമണം നടത്തി.
ഒരു കുട്ടി മരണപ്പെടുന്നതുവരെ ഫലസ്‌തീന്‍ നേതൃത്വം പ്രകോപനത്തോട്‌ പ്രതികരിച്ചില്ല. തുടര്‍ന്ന്‌ ഫലസ്‌തീന്‍ ഒരു റോക്കറ്റ്‌ അയച്ചു. ഉടനെ ഇരു കൂട്ടരും സന്ധിയിലെത്തി. ഹമാസ്‌ നേതാവായ അഹമ്മദ്‌ ജഅബരി കൊല്ലപ്പെടുന്നതിന്‌ ഒരു ദിവസം മുമ്പായിരുന്നു ഇത്‌. ഇസ്‌റാഈല്‍ അക്രമിക്കുന്നു, കൊല്ലുന്നു, നിശ്ശബ്‌ദരായിരിക്കുന്നവരെ പ്രകോപിപ്പിക്കുന്നു. എന്നിട്ട്‌ സ്വയം പ്രതിരോധിക്കുന്ന ഒരു ഇരയാണെന്ന്‌ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. ഏതാണ്ട്‌ 1500 ഫലസ്‌തീനികള്‍ കൊല്ലപ്പെട്ട 2008-2009 ലേതു പോലെത്തന്നെ.
അറബ്‌ ലോകം അസ്ഥിരവും ദുര്‍ബലവുമാണ്‌. അന്താരാഷ്‌ട്ര സമൂഹം വിയോജിക്കുന്നതില്‍ മാത്രം യോജിക്കുന്ന, അനുദിനം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സിറിയയിലെ ആഭ്യന്തരയുദ്ധം, ലബനാനിലെ സംഘര്‍ഷങ്ങള്‍, ഇറാന്റെ സങ്കീര്‍ണമായ വിദേശനയം, തുണീഷ്യ, ഈജിപ്‌ത്‌, യമന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അസ്ഥിരത ഇവയെല്ലാം ഒത്തൊരുമിച്ച്‌ നടപടിയെടുക്കുന്നതിനുള്ള തടസ്സങ്ങളാണ്‌.
അപ്പോഴും തങ്ങളുടെ ദീര്‍ഘകാല പദ്ധതികളുമായി ഇസ്‌റാഈല്‍ മുന്നോട്ടുനീങ്ങുന്നു. ഗാസയെ ഒറ്റപ്പെടുത്തുക, മഹ്‌മൂദ്‌ അബ്ബാസിനെ പുറത്താക്കുക, എതിര്‍ക്കുന്നവരെ ശിക്ഷിക്കുക, ഒടുവില്‍ ശാന്തമായ പരിഹാരം അസാധ്യമാകുംവിധം അധിനിവേശത്തിന്റെ ഗതിവേഗം കൂട്ടുക. ഇസ്‌റാഈല്‍ ഗവണ്‍മെന്റ്‌ സമാധാനം ആഗ്രഹിക്കുന്നില്ല. ചില കാബിനറ്റ്‌ മന്ത്രിമാര്‍ തുറന്നുപറഞ്ഞതുപോലെ സമയം കളയുക മാത്രമാണവര്‍.
ഇതൊരു അപമാനമാണ്‌. എല്ലാ മനുഷ്യര്‍ക്കുമിടയിലെ സമത്വം എന്ന അടിസ്ഥാന ആശയം സ്വീകരിക്കുന്ന നവോത്ഥാന മൂല്യങ്ങളാല്‍ വളര്‍ത്തപ്പെട്ട പാശ്ചാത്യ മനസ്സുകള്‍ക്ക്‌ അറബികളുടെ ജീവനും രക്തവും - വിശാലാര്‍ഥത്തില്‍ മുസ്‌ലിംകളുടെ ജീവനും രക്തവും- ഇസ്‌റാഈലികളുടെ ജീവനേക്കാളും രക്തത്തേക്കാളും അധിനിവേശ ശക്തികള്‍ അവരുടെ മക്കള്‍, സ്‌ത്രീകള്‍ എന്നിവരുടെ ജീവന്‍, രക്തം എന്നിവേക്കാളും വിലകുറഞ്ഞതായിത്തോന്നുന്നത്‌ തീര്‍ത്തും അപമാനകരമാണ്‌.
നിയമം മൂലം അംഗീകരിച്ചതോ അനൗദ്യോഗികമായി സ്വീകാര്യമായതോ ആയ ഈ വംശീയതയാണ്‌ മറ്റുള്ളവരെ പുച്ഛത്തോടെ കാണുന്ന ഭരണകൂടങ്ങളുടെയും വെള്ളക്കാരായ വംശീയവാദികളുടെയും ദൗര്‍ബല്യം. ഇതാണ്‌ സിയോണിസ്റ്റ്‌ ശക്തിയുടെ ഉദയത്തിനും വ്യാപനത്തിനും അതിനെത്തുടര്‍ന്ന്‌ വടക്കന്‍ അര്‍ധഗോളത്തിലെ ഗവണ്‍മെന്റ്‌ നയങ്ങളും മീഡിയയെയും ജനങ്ങളുടെ കാല്‌പാടുകളെയും സ്വാധീനിക്കുന്നതിലേക്കും നയിക്കുന്നത്‌.
മനുഷ്യരെ വേര്‍തിരിച്ച്‌ കാണുന്നു- ഞങ്ങളും ഞങ്ങളെപ്പോലെയിരിക്കുന്നവരും `മറ്റുള്ളവരേക്കാള്‍' ജീവിക്കാന്‍ കൂടുതല്‍ യോഗ്യതയുള്ളവരാണ്‌! അടിച്ചമര്‍ത്തപ്പെട്ടവരുടെ തിരിച്ചുവരവ്‌ ത്യാഗനിര്‍ഭരമാണ്‌. അപകടം പിടിച്ച ദിനങ്ങളിലൂടെയാണ്‌ നാം നീങ്ങിക്കൊണ്ടിരിക്കുന്നത്‌. ഇത്തരം പരാജയപ്പെട്ട ആശയങ്ങളെ തെക്കന്‍ ലോകം തള്ളിക്കളയും.
നിരപരാധിയായ ഒരു ഫലസ്‌തീനിയുടെ മരണത്തില്‍ നാം നിശ്ശബ്‌ദത പാലിച്ചാല്‍ അത്‌ കുറ്റകരമാണെന്ന്‌ എണീറ്റുനിന്ന്‌ തുറന്നുപറയാന്‍ മനസ്സാക്ഷിയുള്ളവര്‍ തുനിയേണ്ട സമയമാണിത്‌. സുന്ദരവാക്കുകള്‍ പറയുന്നതിലുപരി, ബഹിഷ്‌കരണങ്ങളും ഉപരോധവും വിശാല സഖ്യരൂപീകരണവും നമ്മുടെ പരിഗണനയിലുണ്ടാവണം. അതുവഴി ഇസ്‌റാഈലിന്റെ ഇന്നത്തെ അതിക്രമവും അന്ധതയും അവരുടെ നാളത്തെ പരാജയത്തോളം വ്യാപിച്ചതാണെന്ന്‌ ബോധ്യപ്പെടണം.
വിവ. സിദ്ദീഖ്‌ ചിറ്റേത്തുകുടിയില്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: