ഖുര്‍ആന്‍ കാലത്തിനു മുമ്പില്‍
ആദര്‍ശപാഠശാല/ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
ഖുര്‍ആന്‍ കാലത്തിനു മുന്നില്‍ എന്ന പ്രമേയത്തിന് പ്രസക്തിയേറെയാണ്. എങ്ങനെയാണ് ഖുര്‍ആന്‍ കാലത്തോടൊപ്പം സഞ്ചരിക്കുന്നതെന്ന് പഠനവിധേയമാക്കണം. ആദ്യകാല മുഫസ്സിറുകളില്‍ പ്രമുഖനായ ഇബ്‌നു അബ്ബാസ് ഏറ്റവും നല്ല വ്യാഖ്യാനരീതിയായി വിലയിരുത്തിയത് കാലത്തെയാണ്. ഓരോ തലമുറയിലും വന്നുപോയിക്കൊണ്ടിരിക്കുന്ന വ്യാഖ്യാതാക്കള്‍ ഖുര്‍ആന്‍ നിരൂപണം ചെയ്‌തു. അതിനെക്കാള്‍ മനോഹരമായി, അര്‍ഥവത്തായി ഖുര്‍ആനിനെ വ്യാഖ്യാനിക്കാന്‍ പിന്‍തലമുറയ്‌ക്കും സാധിക്കുന്നു. ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ആശയവും അതിന് സ്വീകരിച്ചിരിക്കുന്ന ആവിഷ്‌കാര രീതിയുമെല്ലാം ഖുര്‍ആനിനെ കാലത്തിനു മുന്നില്‍ നില്‍ക്കന്‍ യോഗ്യമാക്കുന്നു.
ഖുര്‍ആനിന്റെ ഭാഷാപരമായ പ്രത്യേകതയാണ് ഖുര്‍ആനിന്റെ അജയ്യമായ ഈ പദവിക്ക് ഒരു കാരണം. നാം മനസ്സിലാക്കുന്ന പോലെ ഖുര്‍ആന്റെ അവതരണം അറബിയിലാണ്. അറബി ഭാഷ പൂര്‍ണ വളര്‍ച്ചയെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ആ ഭാഷയെ എല്ലാ അര്‍ഥത്തിലും പൂര്‍ത്തിയാക്കി അറബിയില്‍ ഖുര്‍ആന്‍ ഇറങ്ങിയത്. അതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളാണ് മറ്റൊന്ന്. കൃത്യമായ വാക്കുകളെ തെരഞ്ഞെടുത്ത് യഥാസ്ഥാനത്ത് അത് പ്രയോഗിച്ചിരിക്കുന്നു എന്നതാണ് എല്ലാ ഭാഷാ സ്‌നേഹികളെയും അത്ഭുതപ്പെടുത്തുന്നത്. ഇത് അതിന്റെ ബാഹ്യമായ വശം.
ഇനി ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന അതിവിപുലമായ ജ്ഞാനശേഖരം അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ ഖുര്‍ആന്‍ എന്തുകൊണ്ടും കാലത്തിനൊപ്പവും അതിനെക്കാള്‍ ഒരു പടി മുന്നിലും നില്‍ക്കാന്‍ യോഗ്യമാകുന്നു എന്ന് വ്യക്തമാകും. ഖുര്‍ആനെക്കുറിച്ച് അല്ലാഹു മൂന്ന് കാര്യങ്ങള്‍ പറയുന്നുണ്ട്: മനുഷ്യചിന്തകള്‍ക്കതീതം, പൂര്‍ണസത്യം, ജ്ഞാനശേഖരത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന വേദം എന്നിവയാണവ.
ഖുര്‍ആന്റെ സത്യമെന്ന ഭാവം ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് ഇപ്രകാരമാകുന്നു: അല്ലാഹുവാകുന്നു പൂര്‍ണമായ സത്യത്തില്‍ അധിഷ്‌ഠിതമായി ക്കൊണ്ട് ഈ ദിവ്യഗ്രന്ഥത്തെ ഇറക്കിയിരിക്കുന്നത്. ഈ ഖുര്‍ആനിന്റെ മുമ്പോ ശേഷമോ അസത്യമായ ഒന്നും തന്നെ ഖുര്‍ആനിന്റെ അരികിലേക്ക് വന്നിട്ടില്ല. എല്ലാം അറിയാവുന്ന, അല്ലാഹുവിന്റെ പക്കല്‍ നിന്നാകുന്നു ഖുര്‍ആനിന്റെ അവതരണം.
മനുഷ്യര്‍ ആര്‍ജിച്ചിരിക്കുന്ന വിജ്ഞാനങ്ങളെ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ദൈവികവിജ്ഞാനങ്ങളുമായി പല സന്ദര്‍ഭങ്ങളിലും അല്ലാഹു താരതമ്യം ചെയ്യുന്നുണ്ട്. മനുഷ്യവിജ്ഞാനത്തിന്റെ അടിസ്ഥാനമായി ഖുര്‍ആന്‍ കാണുന്നത് മനുഷ്യന്റെ അല്‍പ ബുദ്ധി മാത്രമാണ്. വിജ്ഞാനത്തന്റെയും അറിവിന്റെയും ലോകത്തെ ചെറിയ ഭാഗം മാത്രമാണ് മനുഷ്യന്‍ നേടിയത്. മനുഷ്യകഴിവും പരിമിതിയും മറ്റൊരിടത്ത് അല്ലാഹു പറയുന്നുണ്ട്: ഈ പ്രപഞ്ചത്തിലുള്ള എല്ലാ മരങ്ങളും പേനയാകുകയും എല്ലാ ജലാശയവും മഷിയാകുകയും ചെയ്‌ത് എഴുതാനിരുന്നാല്‍ അല്ലാഹുന്റെ വിജ്ഞാനശേഖരം എഴുതി പൂര്‍ത്തിയാക്കാനാവില്ല.
ഒരു മനുഷ്യന്റെ പുരുഷായുസ്സ്, തലമുറയില്‍ ജീവിക്കുന്ന എല്ലാവരുടെയും ആയുസ്സ്, നൂറ്റാണ്ടിന്റെ പ്രാപ്‌തിയും മികവും എല്ലാം ചേര്‍ത്തുവെച്ചാല്‍ പോലും പ്രപഞ്ചത്തില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കന്ന വിജ്ഞാനത്തെ വായിച്ചെടുക്കാന്‍ മനുഷ്യന് സാധിക്കകയില്ല. നബി(സ) ഈ പരിമിതിയെ ഇപ്രകാരമാണ് വിശേഷിപ്പിച്ചത്: കടല്‍ക്കരയില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒരുപക്ഷി, അതിന്റെ കൊക്കിലേക്ക് എടുക്കുന്ന വെള്ളം എത്രയാണോ, അതുപോലെയോ അല്ലെങ്കില്‍ അതിനെക്കാള്‍ നിസ്സാരമാണ് ഈ പ്രപഞ്ചത്തില്‍ നിന്ന് മനുഷ്യന്‍ ശേഖരിക്കുന്ന വിജഞാനം.
മനുഷ്യജീവിതം ഭൂമിയില്‍ ആരംഭിച്ചതു മുതല്‍ വിജ്ഞാനം നേടാന്‍ മൂന്ന് സ്രോതസ്സുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഒന്ന്, സ്വന്തം അനുഭവത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിയുന്ന കാര്യങ്ങള്‍. ഇതിന് പിന്നീട് ശാസ്‌ത്രം എന്ന് പേരിട്ടു. ഏറെക്കുറെ ആധികാരികമായ സ്രോതസ്സാണിത്. രണ്ട്, തത്വശാസ്‌ത്രങ്ങള്‍. പരീക്ഷണങ്ങളും ലബോറട്ടറികളും ഉണ്ടാകുന്നതിനു മുമ്പ് വിജ്ഞാനമായി നേടിയിരുന്നത് തത്വശാസ്‌ത്രത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. സോക്രട്ടീസ,് പ്ലാറ്റോ, അരിസ്‌റ്റോട്ടില്‍ തുടങ്ങിയവര്‍ ലോകത്തിനു നല്‍കിയ ചിന്തകള്‍ അവരുടെ ബുദ്ധിയിലുദിച്ചവയായിരുന്നു. ഇതില്‍ ചിലതെല്ലാം സത്യമായിരുന്നു. മൂന്ന്, അല്ലാഹു നല്‍കിയ വെളിപാട് അഥവാ വഹ്‌യ്.
ഖുര്‍ആന്‍ പഠിക്കാന്‍ ശാസ്‌ത്രീയ സത്യങ്ങളെയും ശാസ്‌ത്രം മാറ്റുരക്കന്‍ ഖുര്‍ആനെയും സ്വീകരിക്കുക എന്ന ശൈലി ഖുര്‍ആന്റെയും ശാസ്‌ത്രത്തിന്റെയും ഇടയില്‍ എക്കാലവും ഉണ്ടായരിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഈ പ്രപഞ്ചമാണ് ഏറ്റവും അപാരമായ മുഅ്‌ജിസത്തായി ഖുര്‍ആന്‍ കാണുന്നത്. ഖുര്‍ആനെയാകട്ടെ, നാം വിലയിരുത്തുന്നത് അമാനുഷികതയായിട്ടാണ്. ഈ ഖുര്‍ആന്‍ അതിനെക്കാള്‍ വലിയ മുഅ്‌ജിസത്തായി അവതരിപ്പിക്കുന്നത് പ്രപഞ്ചയത്തെയും. പ്രപഞ്ചത്തിലെ ജ്ഞാനശേഖരത്തിലേക്ക് എത്തിനോക്കാന്‍ ഒരിക്കലെങ്കിലും നമുക്കാവണം. ഖുര്‍ആനെ പഠിക്കാന്‍ ശാസ്‌ത്രത്തെയും ശാസ്‌ത്രത്തെ വിശദീകരിക്കാന്‍ ഖുര്‍ആനെയും സ്വീകരിക്കുന്ന ശൈലി മുന്‍കാല പണ്ഡിതന്മാര്‍ സ്വീകരിച്ചിരുന്നു.
ഈ പ്രപഞ്ചത്തിന്റെ രൂപഘടനയിലും സൃഷ്ടിപ്പിലും നിത്യപ്രതിഭാസമായ രാവിന്റെയും പകലിന്റെയും ആവര്‍ത്തിച്ചുള്ള വരവിലും പോക്കിലും ബുദ്ധിയുള്ളവര്‍ക്ക് ചില പാഠങ്ങളുണ്ടന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. പദാര്‍ഥലോകത്ത് മാത്രം നില്‍ക്കുന്ന ഒരു ഗവേഷകന്റെ ബുദ്ധിയല്ല ഇവിടെ അര്‍ഥമാക്കുന്നത്. നിന്നും ഇരുന്നും കിടന്നും പ്രപഞ്ചത്തെ ചിന്തിക്കുമ്പള്‍ പ്രപഞ്ചത്തിന്റെ നിഗൂഢതകളുടെ ഒരറ്റത്തുപോലും എത്തുന്നില്ല. നേരത്തെ പറഞ്ഞ അല്‍പ ബുദ്ധിയാണിതിനു കാരണം.
വിശുദ്ധ ഖുര്‍ആനിന്റെ പഠനത്തിലൂടെ ബുദ്ധിയെ ഉദ്ദീപിപ്പിക്കാന്‍ നമുക്കാവണം. ഖുര്‍ആനിന്റെയും ശാസ്‌ത്രത്തിന്റെയും ഇടയില്‍ വൈരുധ്യമില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ വാക്കുകളാണ്. ശാസ്‌ത്രമായിട്ട് ലോകത്ത് കണ്ടുവരുന്നത് അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളുമാണ്. സൂര്യന്‍ കിഴക്കുദിക്കുന്നതും അസ്‌തമിക്കുന്നതും നക്ഷത്രങ്ങളും ഗോളങ്ങളും തിരിഞ്ഞുകൊണ്ടിരിക്കുന്നതും എല്ലാം അല്ലാഹുവിന്റെ വിവിധ പ്രവര്‍ത്തനങ്ങളാണ്. ഖുര്‍ആനിന്റെ വചനങ്ങളായ ഖുര്‍ആനും ഈ പ്രകൃതി സത്യങ്ങളും തമ്മില്‍ ഒരു തരത്തിലുള്ള വൈരുധ്യങ്ങളുമുണ്ടാകില്ല. ഈ അണ്ഡകടാഹങ്ങളെ സൃഷ്‌ടിച്ച അല്ലാഹു ഈ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവനാണല്ലോ.
(ജമാലുദ്ദീന്‍ ഫാറൂഖിയുടെ പ്രഭാഷണസംഗ്രഹം)
0 comments: