ബത്താക്ക ഇല്ലാത്ത ഒരു സമുദായം!

  • Posted by Sanveer Ittoli
  • at 12:09 AM -
  • 0 comments
ബത്താക്ക ഇല്ലാത്ത ഒരു സമുദായം!

ഇഖാമ, ബത്താഖ എന്നൊക്കെ പേരുള്ള സിവില്‍ ഐ ഡി കൈവശം വെക്കാതെ ഒരു പ്രവാസിക്ക്‌ പുറത്തിറങ്ങാന്‍ കഴിയില്ല.താന്‍ ഈ നാട്ടിലെ അംഗീകൃത പാര്‍പ്പുകാരന്‍ ആണെന്നതിന്റെ രേഖയാണത്‌... ആ രേഖയുള്ള ആള്‍ക്ക്‌ പണമുണ്ടെങ്കില്‍ എവിടെയും ഫ്‌ളാറ്റു വാടകയ്‌ക്ക്‌ കിട്ടും. ജാതിയോ മതമോ ഒന്നും പ്രശ്‌നമല്ല. ഇതാണ്‌ പൊതുവില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെ അനുഭവം. ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയില്‍ പുറത്തിറങ്ങി നടക്കാന്‍ നിങ്ങള്‍ക്കു സിവില്‍ ഐ ഡി വേണ്ട. എന്നാല്‍ ഇന്ത്യയില്‍ ഇഷ്ടമുള്ള എവിടെയും നിങ്ങള്‍ക്ക്‌ വീട്‌ കിട്ടുമോ?
രാജ്യത്തിന്റെ തലസ്ഥാന നഗരിയായ ഡല്‍ഹിയിലെ ഏറ്റവും വിദ്യാസമ്പന്നര്‍ താമസിക്കുന്ന ഇടങ്ങളില്‍ മുസ്‌ലിമിന്‌ ഒരു പാര്‍പ്പിടം സാധ്യമാണോ? ഇന്ത്യയിലെ ഒന്നാംകിട മതേതര പത്രം എന്ന ഖ്യാതിയുള്ള ഹിന്ദു പത്രത്തിന്റെ ലേഖകര്‍ ഇതേ ചോദ്യമുന്നയിച്ചു കൊണ്ടു ഇറങ്ങുകയുണ്ടായി. അവര്‍ കണ്ടെത്തിയ ഉത്തരം, അത്ര എളുപ്പമല്ലെന്നാണ്‌! സൌമ്യ അശോക്‌, മുഹമ്മദ്‌ അലി എന്നിവര്‍ ചേര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ന്യൂദല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌ കോളനി, വസന്ത്‌ കുഞ്ച്‌, ജന്‍ഗ പുര, രോഹിണി തുടങ്ങിയ ഇടങ്ങളില്‍ മുസ്‌ലിംകള്‍ക്ക്‌ പാര്‍പ്പിടം നല്‍കാന്‍ ഉടമകള്‍ ഒരുക്കമല്ലെന്ന്‌ കണ്ടെത്തിയിരിക്കുന്നു. മുഖര്‍ജി നഗര്‍, കരോള്‍ ബാഗ്‌, ജാനക്‌ പുരി, അശോക്‌ വിഹാര്‍ എന്നിവിടങ്ങളിലെ ഉടമകളില്‍ മിശ്രിത പ്രതികരണം ആണുണ്ടായത്‌. ന്യൂ ഫ്രണ്ട്‌ കോളനിയിലെ ഒരു വസ്‌തു ഏജന്റിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു: `ഉടമകള്‍ ഇന്ത്യക്കാര്‍ക്ക്‌ മാത്രമേ വീട്‌ നല്‍കൂ, മുസ്‌ലിംകളെ അവര്‍ക്ക്‌ താല്‌പര്യമില്ല' (ദ ഹിന്ദു,ജൂലൈ 8,2012)
എന്താണ്‌ ഇതിനര്‍ഥം? രാജ്യത്തിന്റെ തലസ്ഥാനത്തെ കണ്ണായ സ്ഥലങ്ങളില്‍ പോലും ഇന്നും മുസ്‌ലിം ഇന്ത്യക്കാരനായി ഗണിക്കപ്പെടുന്നില്ലെന്നല്ലേ? ഇത്‌ ഒരു വെറും പത്ര റിപ്പോര്‍ട്ട്‌ ആയി തള്ളിക്കളയാമായിരുന്നു, ഇത്‌ പോലെ മുന്‍അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍. എന്നാല്‍ സത്യം കൈപ്പേറിയതാണ്‌. പേരില്‍ മുസ്‌ലിം ഉള്ളതിന്റെ പേരില്‍ കടുത്ത ഇടതു പക്ഷക്കാരായ പലര്‍ക്കും ഈ ഗതികേട്‌ ഉണ്ടായതിന്റെ കഥ ഇതേ പംക്തിയില്‍ മുമ്പ്‌ ചൂണ്ടിക്കാട്ടിയത്‌ ഓര്‍ക്കുക. ഡല്‍ഹിയില്‍ മാത്രമല്ല മുംബൈ, ബാംഗ്‌ളൂര്‍, അഹമ്മദാബാദ്‌, ഹൈദരാബാദ്‌ തുടങ്ങിയ മഹാനഗരങ്ങളിലും ഇതേ അവസ്ഥ നിലവിലുണ്ട്‌. സമീപകാലത്ത്‌ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു റിപ്പോര്‍ട്ട്‌, മുസ്‌ലിംകളോട്‌ രാജ്യത്ത്‌ നില നില്‍ക്കുന്ന അയിത്താവസ്ഥ ഒന്ന്‌ കൂടി തുറന്നു കാട്ടുന്നുണ്ട്‌. ഇന്ത്യയിലെ പ്രമുഖ സാമൂഹിക ശാസ്‌ത്ര പഠന കേന്ദ്രമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ ആണ്‌ മഹാരാഷ്ട്രയില്‍ ജയിലില്‍ കഴിയുന്ന മുസ്‌ഹലിംകളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്‌ തയ്യാറാക്കിഹയിരിക്കുന്നത്‌. മഹാരാഷ്ട്രയിലെ മുസ്‌ലിം തടവുഹകാരില്‍ മിക്കവാറും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരും ഒരു പ്രത്യേക സമുദായത്തില്‍ പെട്ടതിനാല്‍, മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ പിടിച്ചുകൊണ്ടു വന്നു ജയിലില്‍ ഇട്ടിരിക്കുന്നവരാണെന്നും പറയുന്നു. 96% പേര്‍ക്കും തങ്ങള്‍ ചെയ്‌ത കുറ്റമെന്താണെന്ന്‌ പോലും അറിയില്ല! 15 ജയിലുകളിലായി കഴിയുന്ന 339 മുസ്‌ലിംകളില്‍ ആരും നിയമവാഴ്‌ചയ്‌ക്കെതിരെ യാതൊന്നും ചെയ്‌തിട്ടില്ല. ഇവരില്‍ ഭൂരിപക്ഷവും 18-30 പ്രായ പരിധിയിലുളളവരാണ്‌. ഇവരില്‍ 24.5% ത്തിനും അവരുടെ കേസ്‌ വാദിക്കാന്‍ വക്കീല്‍ പോലുമില്ലെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ആഭ്യന്തര സുരക്ഷാനിയമങ്ങളുടെ മറവിലാണ്‌ ഈ മുസ്‌ലിം ചെറുപ്പക്കാരെ കുടുക്കിയിരിക്കുന്നത്‌. ഇങ്ങനെ അകപ്പെടുന്നവര്‍ പുറംലോകം കാണുക അപൂര്‍വമാകും.കരിനിയമങ്ങളായ `ടാഡ`,`മെക്കോക്ക`തുടങ്ങിയവയിലെ വകുപ്പുകള്‍ ആണ്‌ ഇവര്‍ക്ക്‌ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്‌. ഗുജറാത്തിലും കേരളത്തിലും ജനസംഖ്യാ തോതിനേക്കാള്‍ കൂടുതല്‍ മുസ്‌ലിംകള്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌.
മുന്‍വിധിയുടെ ഇരകളാണ്‌ മഹാരാഷ്ട്ര ജയിലുകളില്‍ കഴിയുന്നതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ്‌ പ്രധാനമന്ത്രിക്കും സോണിയാ ഗാന്ധിക്കും കത്തെഴുതിയിരുന്നു. ഒരു സമുദായത്തോടുള്ള വിവേചനപരമായ സമീപനത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നും വര്‍ഗീയ മുവിധികള്‍ പുലര്‍ത്തുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും അഹമ്മദ്‌ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രധാനമന്ത്രി മഹാരാഷ്ട്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.
മഹാരാഷ്ട്രയിലെ മുസ്‌ലിം ജനസംഖ്യ 10.6% ആണ്‌. എന്നാല്‍ ജയിലില്‍ കഴിയുന്നവരില്‍ 32.4% വും മുസ്‌ലിംകളാണ്‌. ഗുജറാത്തില്‍ മുസ്‌ലിം ജനസംഖ്യ 9.6% മാത്രമേ വരൂ. എന്നാല്‍ ജയിലില്‍ അടക്കപ്പെട്ടവരില്‍ മുക്കാല്‍ ഭാഗവും മുസ്‌ലിംകളാണ്‌. 12.23% ജനസംഖ്യാ പ്രാതിനിധ്യമുള്ള കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്നവരുടെ 17.5% മുസ്‌ലിം സംഭാവന ആണ്‌. ഈ വസ്‌തുതകള്‍ നമ്മുടെ മതേതര സമൂഹത്തോട്‌ ഗൗരവതരമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. നമ്മുടെ മുഖ്യധാരയില്‍ അവര്‍ക്ക്‌ ഇടം വിലക്കപ്പെടുകയും മതേതര രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും മുസ്‌ലിംകള്‍ ഒരു `കുറ്റവാളി സമൂഹ'മാണെന്ന പൊതുബോധം മായാതെ നിലനില്‍ക്കുകയും ചെയ്യുന്നത്‌ എന്ത്‌ കൊണ്ടാണ്‌? അത്‌ മാറ്റിയെടുക്കാന്‍ നമ്മുടെ മതേതരമണ്ഡലം ശബ്ദിക്കാത്തത്‌ എന്ത്‌ കൊണ്ടാണ്‌? മുസ്ലിംകളിലും നല്ലവരുണ്ട്‌ എന്ന ഔദാര്യത്തിനപ്പുറം ഈ സമുദായത്തിന്‌ നീതി നല്‍കാന്‍ നമ്മുടെ പൊതു സമൂഹം മടിക്കുന്നതിന്റെ കാരണം എന്തൊക്കെയാണ്‌? നൂറ്റാണ്ടുകളായി ഈ മണ്ണില്‍ വേരാഴ്‌ത്തി ജീവിക്കുന്ന മുസ്‌ലിം സമുദായത്തിന്‌ ഇന്ത്യകാരന്‍ ആണെന്നതിന്‌ ഒരു ബത്താഖ ഇനിയെന്നാണ്‌ അനുവദിച്ചു കിട്ടുക!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: