ഭ്രാന്തമായ പോക്കിരിത്തം

  • Posted by Sanveer Ittoli
  • at 4:00 AM -
  • 0 comments
ഭ്രാന്തമായ പോക്കിരിത്തം

കുട്ടികളുടെ പ്രകൃതിയാണ്‌ വികൃതിയും കുസൃതിയും. ചില കുട്ടികളില്‍ വികൃതി കൂടുതല്‍ കാണും. അമിതമോ മറ്റു കുട്ടികള്‍ക്ക്‌ വിഷമകരമോ ആണ്‌ ഒരാളുടെ വികൃതിയെങ്കില്‍ രക്ഷിതാക്കള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. വികൃതി കൂടിപ്പോയാല്‍ ശാസന നിര്‍ബന്ധം. വികൃതിയുടെ അതിരുവിട്ട്‌ പോക്കിരിത്തം കാട്ടുന്നവനെ പിടിച്ചുകെട്ടും. 
ഭ്രാന്തനാണെങ്കില്‍ കെട്ടിയിട്ട്‌ ചികിത്സിക്കും. ഭ്രാന്തമായ പോക്കിരിത്തമാണെങ്കിലോ? സമൂഹം ഇടപെടും. പിടിച്ചുകെട്ടും. ശിക്ഷ നല്‌കും. ഇതാണ്‌ സാമൂഹികനീതി. ഇതാണ്‌ സാമൂഹിക നീതി. ഇതാണ്‌ മാനവികത. സാര്‍വാംഗീകൃതമായ ഒരു പൊതുതത്ത്വമാണിത്‌. എന്നാല്‍ ലോകത്തിനു മുന്നില്‍ ആറുപതിറ്റാണ്ടായി ഭ്രാന്തമായ പോക്കിരിത്തം കാട്ടി വിലസുന്ന ഇസ്‌റാഈല്‍ എന്ന രാജ്യത്തിന്റെ ദുഷ്‌ടതകള്‍ ലോകം കാണുന്നില്ല. ഇടപെടലുകള്‍ വേണ്ടത്ര ഉണ്ടാവുന്നില്ല. മാനവികമായ സാമൂഹിക നീതിക്ക്‌ പകരം ഇവിടെ നടമാടുന്നത്‌ `കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന കാട്ടിലെ നീതിയാണ്‌.
ഫലസ്‌തീന്‍ ജനതയ്‌ക്കു നേരെ ഇസ്‌റാഈല്‍ അഴിച്ചുവിട്ട മനുഷ്യത്വരഹിതമായ ബോംബുവര്‍ഷം, ഇതെഴുതുമ്പോള്‍ സാങ്കേതികമായി നിര്‍ത്തിവച്ചിരിക്കുന്നു എന്നു പറയാം. 2012 നവംബര്‍ പതിനാലു മുതല്‍ ഇരുപത്തി ഒന്നുവരെ ഗസ്സാ മുനമ്പില്‍ ഇസ്‌റാഈല്‍ വ്യോമസേന നടത്തിയ നരമേധത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടു (177 പേര്‍ എന്ന്‌ ഇസ്‌റാഈല്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്‌). അവരില്‍ മുപ്പതിലേറെ പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ ഭൂരിഭാഗവും സാധാരണക്കാരായ പാവം സിവിലിയന്മാരാണ്‌. നിരായുധരായ നിരപരാധര്‍ക്കുനേരെ ഭ്രാന്തമായ ബോംബുവര്‍ഷം നടത്താന്‍ ഇസ്‌റാഈലിന്റെ ന്യായം `ചെന്നായ ന്യായം' തന്നെ. ഇസ്‌റാഈല്‍ പട്ടാളം `വഴിയില്‍ തുപ്പി ഹേതു ഉണ്ടാക്കാന്‍' രണ്ട്‌ ഫലസ്‌തിനികളെ വെടിവെച്ചുകൊന്നു. ഇതിനുപകരമായി ഹമാസ്‌ ആസ്ഥാനത്തുനിന്ന്‌ രണ്ട്‌ റോക്കറ്റ്‌ ഇസ്‌റാഈലില്‍ പതിച്ചുവത്രെ. ആധുനിക യുദ്ധമുഖത്ത്‌ കേവലം വാണം എന്നു പറയാവുന്ന ചെറിയ റോക്കറ്റുകളാണ്‌ സ്വന്തമായി രാജ്യമോ പട്ടാളമോ ഇല്ലാത്ത ഹമാസിനുള്ളത്‌. ഇത്‌ കാരണത്തിനുവേണ്ടി കാരണമുണ്ടാക്കി എന്നതിലപ്പുറം ഒന്നുമില്ല.
1948ല്‍ ഫലസ്‌തീന്‍ ഭൂപ്രദേശത്ത്‌ 359 ഗ്രാമങ്ങളില്‍ തദ്ദേശീയരെ കുടിയൊഴിപ്പിച്ചുകൊണ്ടാണ്‌ ഇസ്‌റാഈല്‍ എന്ന ജൂതരാഷ്‌ട്രം കെട്ടിപ്പടുക്കുന്നത്‌. അമേരിക്കയുടെ ആയുധപ്പുരയാണ്‌ ഇസ്‌റാഈല്‍. അമേരിക്കയില്‍ ഏത്‌ പാര്‍ട്ടി രാജ്യം ഭരിച്ചാലും ആര്‌ പ്രസിഡന്റായി വന്നാലും അവിടുത്തെ സമ്പന്ന ജൂതലോബിയുടെ താല്‍പര്യത്തിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ആജന്മ ശത്രുക്കളാണ്‌ ജൂതന്മാര്‍. ആ ശത്രുതാ മനോഭാവം അവര്‍ ഇന്നും തുടരുകയാണ്‌. ഇസ്‌റാഈല്‍ രാഷ്‌ട്രം രൂപീകരിച്ച ശേഷം നിരവധി തവണ അറബി രാജ്യങ്ങളുമായി ഇസ്‌റാഈല്‍ (അല്ല അമേരിക്ക) യുദ്ധംചെയ്‌തു. ഓരോ യുദ്ധത്തിലും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ലക്ഷങ്ങള്‍ ഭവനരഹിതരാവുകയും കോടികളുടെ ധനം നശിപ്പിക്കപ്പെടുകയും കുറെ ഫലസ്‌തീന്‍ ഭൂമി പിടിച്ചടക്കുകയും ചെയ്‌തശേഷം ഒത്തുതീര്‍പ്പും വെടിനിര്‍ത്തലും നീക്കുപോക്കുകളും ഉണ്ടാക്കും. ഇരകളെന്നും ഫലസ്‌തീനികളും മുസ്‌ലിംകളും.
ഐക്യരാഷ്‌ട്രസഭ എന്ന അന്താരാഷ്‌ട്ര സംവിധാനത്തെ നോക്കുകുത്തിയാക്കി അമേരിക്ക ഫലസ്‌തീനില്‍ നീതിക്കെതിരില്‍ നൂറുതവണയല്ല തങ്ങളുടെ `വീറ്റോപവര്‍' ഉപയോഗിച്ചത്‌. ആയതിനാല്‍ പച്ചയായ മനുഷ്യാവകാശ ധ്വംസനത്തിനു നേരെ ഒന്നു പ്രതിഷേധിക്കാന്‍ പോലും ലോകരാഷ്‌ട്രങ്ങള്‍ക്കാവുന്നില്ല. ഇസ്‌റാഈല്‍ തങ്ങളുടെ ദുഷ്‌ടതയ്‌ക്ക്‌ ഐക്യരാഷ്‌ട്രസഭയെ മറയാക്കുകയായിരുന്നു. ഇസ്‌റാഈലിന്റെ ജനനം മുതല്‍ മധ്യപൗരസ്‌ത്യ ദേശത്ത്‌ സമാധാനം നഷ്‌ടപ്പെട്ടു. അയല്‍രാജ്യങ്ങളായ ഈജിപ്‌തിനോടും സിറിയയോടും ഇസ്‌റാഈല്‍ യുദ്ധം ചെയ്‌തു. ഗത്യന്തരമില്ലാതെ ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അമേരിക്കന്‍ റാന്‍മൂളികളായിത്തീരുക കൂടി ചെയ്‌തു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഫലപ്രദമായി ഒന്നും ചെയ്‌തിട്ടില്ലെങ്കിലും ഒരു പ്രതിനായകന്റെ വേഷത്തില്‍ സംസാരിക്കാനെങ്കിലും സോവിയറ്റ്‌ യൂനിയന്‍ ഉണ്ടായിരുന്നു. അതും തകര്‍ന്നു. യു എസ്‌ കേന്ദ്രീകൃത ഏകധ്രുവലോകത്ത്‌ കാട്ടുനീതി മാത്രമേ പ്രതീക്ഷിക്കാവൂ.
എണ്ണ എന്ന ലോകത്തിന്റെ `ചോര' കൊണ്ട്‌ സമൃദ്ധമായ അറബി രാഷ്‌ട്രങ്ങള്‍ക്ക്‌ തങ്ങളുടെ ശക്തി തിരിച്ചറിയാനോ ലോകസമ്പദ്‌ഘടനയുടെ താക്കോല്‍ ഫലപ്രദമായി വിനിയോഗിക്കാനോ കഴിയാതെ പരസ്‌പരം കലഹിച്ച്‌ ശിഥിലമായി. ഒറ്റപ്പെട്ട ശബ്‌ദങ്ങള്‍ എന്ന്‌ അമേരിക്കക്ക്‌ തോന്നിയ ഇറാഖ്‌, ലിബിയ എന്നിവയെ അമേരിക്ക നേരിട്ടു തന്നെ ചുട്ടുചാമ്പലാക്കി. ആ രാജ്യങ്ങള്‍ക്ക്‌ ഇപ്പോള്‍ സ്വന്തം ഭാഗധേയം പോലും നിര്‍ണയിക്കാന്‍ കഴിയാതെ ഉഴലുകയാണ്‌. അവശേഷിക്കുന്ന ഭിന്നസ്വരം ഇറാന്റെതാണ്‌. ഇറാനിലേക്ക്‌ എന്ന്‌ പടനീക്കം നടക്കുമെന്ന്‌ ലോകം നോക്കിയിരിക്കുകയാണ്‌. രാസായുധം, അണ്വായുധം എന്ന്‌ പറഞ്ഞ്‌ ഇറാക്കിലേക്ക്‌ പടനയിച്ചവര്‍ക്ക്‌ ഇസ്‌റാഈലിന്റെ പക്കല്‍ എന്തുണ്ട്‌ എന്ന അന്വേഷണം പോലും വേണ്ട. അറബികളോടും മുസ്‌ലിംകളോടും എന്തിനിങ്ങനെ ക്രൂരമായ ചിറ്റമ്മനയം എന്ന ചോദ്യത്തിന്‌ `ഭീകരത, ഭീകരത' എന്നാണ്‌ ഉയരുന്ന മറുപടി. ഇസ്‌റാഈല്‍ ചെയ്‌തുകൂട്ടിയ ഭീകരതാണ്ഡവത്തിന്‌ കയ്യും കണക്കുമില്ല. അത്‌ ഭീകരതയാണെന്ന്‌ പറയാന്‍ പോലും ലോകമീഡിയ തയ്യാറാവുന്നില്ല. `ഉസാമ' എന്ന വ്യക്തിയുടെ നീക്കത്തിന്റെ പേരില്‍ ലോകത്തിലെ മുഴുവന്‍ മുസ്‌ലിംകളെയും പ്രതിസ്ഥാനത്തു നിര്‍ത്താനും മുസ്‌ലിം രാജ്യങ്ങളെ ആക്രമിക്കാനും അമേരിക്ക ന്യായം കാണുകയാണ്‌. സ്വയംകൃതാനര്‍ഥം മൂലം മുസ്‌ലിം രാജ്യങ്ങള്‍ക്ക്‌ പ്രതിഷേധിക്കാന്‍ പോലും ത്രാണിയില്ലാതാവുന്നു. നിത്യപീഡിത സമൂഹത്തിന്‌ ആശ്വാസമേകാന്‍ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല.
അനധികൃതമായി ജൂതരാഷ്‌ട്രം സ്ഥാപിച്ചു. പ്രദേശത്തെ സ്വസ്ഥത പോയി. അയല്‍പക്കക്കാരെ ഇസ്‌റാഈല്‍ നിരന്തരം ശല്യംചെയ്‌തു. നാടിനു വിസ്‌തൃതി കൂട്ടിക്കൊണ്ടിരുന്നു. അവശേഷിക്കുന്ന ഗസ്സ മുനമ്പിലേക്ക്‌ എത്ര തവണ അഗ്‌നിവര്‍ഷം നടത്തി? 2007 മുതല്‍ അവശ്യ വസ്‌തുക്കള്‍ പോലും എത്തിക്കാതെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്‌. അതിനും യു എന്‍ അംഗീകാരം. ഇസ്‌റാഈല്‍ പ്രതിരോധം എന്നാണ്‌ പേര്‌. അമേരിക്കന്‍ സഹായം. യൂറോപ്യന്‍ യൂനിയന്റെ പിന്തുണ. പിന്നെ എന്തും ആയിക്കൂടേ?
2008-09 കാലത്തെ ആക്രമണത്തില്‍ 1400 പേര്‍ കൊല്ലപ്പെട്ടു. ഭീകരവാദികളായ ഹമാസിനെ തകര്‍ക്കാന്‍ എന്നാണ്‌ എല്ലാ ആക്രമണത്തിനും ന്യായം. സര്‍വനാശത്തിന്‌ അവസരം നല്‍കിയിട്ട്‌ അമേരിക്ക തന്നെ മധ്യംപറയുന്ന സ്ഥിതി നാം ഏറെ കണ്ടതാണ്‌. കഴിഞ്ഞ ആക്രമണാനന്തരം മൃതപ്രായരായവര്‍ക്ക്‌ മരുന്നുമായി പുറപ്പെട്ട കപ്പല്‍ തടഞ്ഞ ഇസ്‌റാഈലിനോട്‌ അരുതെന്ന്‌ പറയാന്‍ ആരുമുണ്ടായില്ല. ഫലസ്‌തീനില്‍ നിന്ന്‌ പുറത്തുകടക്കാനും അങ്ങോട്ട്‌ പ്രവേശിക്കാനുമുള്ള ഏക ഇടവഴി ഇനി ഈജിപ്‌തിലേക്കുള്ളതാണ്‌ എന്നോര്‍ക്കുക.
എന്തൊക്കെ തന്നെ പറഞ്ഞാലും ഇത്തവണത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയെ കൂടാതെ ഈജിപ്‌തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ജനകീയ വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ മുര്‍സിക്ക്‌ ഇത്‌ രാഷ്‌ട്രീയമായ മൈലേജ്‌ കൂട്ടുന്നു. അതേസമയം അമേരിക്കയല്ലാതെ ഒരാള്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ വന്നു എന്നതും ഇസ്‌റാഈല്‍ അത്‌ അംഗീകരിച്ചു എന്നതും ശുഭോദര്‍ക്കമാണ്‌.
അമേരിക്കക്കും സോവിയറ്റ്‌ യൂനിയനും കീഴില്‍ ലോകം വ്യക്തമായ രണ്ട്‌ ചേരി (നാറ്റോ, സീറ്റോ)യായി ഉറച്ചുനിന്നപ്പോഴും ചേരിചേരാ നയം ഉയര്‍ത്തിപ്പിടിച്ച്‌ ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തിനിന്ന പാരമ്പര്യം ഇന്ത്യാരാജ്യത്തിനുണ്ടായിരുന്നു. ഭാരതത്തിന്റെ ശബ്‌ദം ലോകം കേട്ടിരുന്നു. സമ്പത്ത്‌ അമേരിക്കയോടൊപ്പം നില്‌ക്കുകയും സാമ്പത്തിക വിദഗ്‌ധന്‍ ഇന്ത്യയുടെ തലപ്പത്ത്‌ വരികയും ചെയ്‌തപ്പോള്‍ വാലു മടക്കി യജമാന ഭക്തി കാട്ടുന്നത്‌ ഇന്ത്യക്ക്‌ ഭൂഷണമല്ല. മധ്യപൗരസ്‌ത്യദേശത്തെ പ്രശ്‌നങ്ങളില്‍ എന്നും ഫലസ്‌തീനിനോടൊപ്പം നിന്ന ഇന്ത്യയുടെ നയംമാറ്റം അപലപനീയമാണ്‌.
ഇസ്‌റാഈലുമായി നയതന്ത്രബന്ധവും കൂട്ടുകെട്ടും നടത്താന്‍ മുതിരുന്ന ഇന്ത്യ ഗസ്സ കത്തിയെരിഞ്ഞപ്പോള്‍ നടത്തിയ തണുപ്പന്‍ പ്രതികരണം ജുഗുപ്‌സാവഹമായി എന്ന്‌ പറയാതെ വയ്യ. മീഡിയ ഇരകള്‍ക്കു വേണ്ടി ശബ്‌ദിച്ചതും നാം കേട്ടില്ല. കസബിന്റെ വധം ആഘോഷിച്ച മീഡിയ ഇന്ത്യയുടെ ഫലസ്‌തീന്‍ നയത്തില്‍ ചര്‍ച്ചയ്‌ക്ക്‌ ആരെയും വിളിച്ചില്ല.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: