ഇഅ്‌തികാഫും ഫിത്വ്‌ര്‍സകാത്തും

  • Posted by Sanveer Ittoli
  • at 12:57 AM -
  • 0 comments

ഇഅ്‌തികാഫും ഫിത്വ്‌ര്‍സകാത്തും

 പഠനം -

പി കെ മൊയ്‌തീന്‍സുല്ലമി കുഴിപ്പുറം


ആത്മീയമായ ചിന്തകളിലും ആരാധനാകര്‍മങ്ങളിലും പ്രാര്‍ഥനകളിലും മുഴുകിക്കൊണ്ട്‌ പള്ളികളില്‍ കഴിച്ചുകൂട്ടുക എന്നതാണ്‌ ഇഅ്‌തികാഫ്‌. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും പ്രസ്‌താവിച്ചിട്ടുള്ളത്‌ വീട്ടില്‍ നാം പള്ളിയായി ഉപയോഗിക്കുന്ന സ്ഥലത്തല്ലാതെ പുറത്തുള്ള ഏത്‌ പള്ളിയില്‍ ഇഅ്‌തികാഫിരുന്നാലും സാധുവാകുമെന്നാണ്‌. ഇഅ്‌തികാഫിരിക്കല്‍ ആണിനും പെണ്ണിനും സുന്നത്താണ്‌. അബ്‌ദുര്‍റഹ്‌മാനുല്‍ ജസീരി(റ) രേഖപ്പെടുത്തി: ``ഇമാം മാലിക്‌(റ) പറയുന്നു: ഇഅ്‌തികാഫിരിക്കുന്നത്‌ സ്‌ത്രീയായിരുന്നാല്‍ പോലും ശരി, അത്‌ വീട്ടിലെ പള്ളിയില്‍ സാധുവാകുന്നതല്ല. ഇമാം ശാഫിഈ(റ) പറയുന്നു: ജുമുഅ നടത്തുന്ന പള്ളിയില്‍ അല്ലാതിരുന്നാലും ശരി, മറ്റേത്‌ പള്ളിയില്‍ ഇഅ്‌തികാഫിരിക്കലും ആണിനും പെണ്ണിനും സാധുവായിത്തീരുന്നതാണ്‌. ഇമാം അഹ്‌മദുബ്‌നു ഹന്‍ബല്‍ പറയുന്നു: ആണായിരുന്നാലും പെണ്ണായിരുന്നാലും എല്ലാ പള്ളികളിലും അത്‌ സാധുവായിത്തീരുന്നതാണ്‌.'' (അല്‍ഫിഖ്‌ഹു അലല്‍മദാഹിബിന്‍ അര്‍ബഅ 2:583)
മേല്‍ പ്രസ്‌താവനകളില്‍ നിന്ന്‌ രണ്ടു കാര്യങ്ങള്‍ ഗ്രഹിക്കാം. ഒന്ന്‌: ഏതു പള്ളിയില്‍ ഇഅ്‌തികാഫിരുന്നാലും ഇഅ്‌തികാഫിന്റെ പ്രതിഫലം ലഭിക്കും. പക്ഷേ, അത്‌ വീട്ടില്‍ നമസ്‌കരിക്കാനുപയോഗിക്കുന്ന സ്ഥലമാകരുത്‌. രണ്ട്‌: പുരുഷന്മാരെപ്പോലെ സ്‌ത്രീകള്‍ക്കും ഇഅ്‌തികാഫിരിക്കല്‍ സുന്നത്താണ്‌. ``ആഇശ(റ) പ്രസ്‌താവിച്ചു: നബി(സ) അദ്ദേഹത്തിന്റെ മരണം വരെയും റമദാനിന്റെ അവസാനത്തെ പത്തില്‍ ഇഅ്‌തികാഫ്‌ ഇരിക്കാറുണ്ടായിരുന്നു. അവിടുത്തെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യമാരും ഇഅ്‌തികാഫ്‌ ഇരുന്നിരുന്നു'' (ബുഖാരി, മുസ്‌ലിം). ഇഅ്‌തികാഫിന്‌ നോമ്പ്‌ നിബന്ധനയാണെന്നും അല്ലെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്‌. എന്നാല്‍ നബി(സ) ഇഅ്‌തികാഫിരിന്നിരുന്നത്‌ നോമ്പനുഷ്‌ഠിച്ചതുകൊണ്ടായിരുന്നു. ``ആഇശ(റ) പ്രസ്‌താവിച്ചു: നബി(സ) റമദാനിന്റെ അവസാനത്തെ പത്തില്‍ ഇഅ്‌തികാഫിരിക്കാറുണ്ടായിരുന്നു.'' (ബുഖാരി)
ഇഅ്‌തികാഫ്‌ പൂര്‍ണമായതും അല്ലാത്തതും ഉണ്ട്‌. അതിന്റെ പൂര്‍ണമായ രൂപം സുബ്‌ഹി നമസ്‌കാരം കഴിയുന്നതോടെ ഇഅ്‌തികാഫില്‍ പ്രവേശിക്കുക എന്നതാണ്‌. ``ആഇശ(റ) പ്രസ്‌താവിച്ചു: നബി(സ) ഇഅ്‌തികാഫ്‌ അനുഷ്‌ഠിക്കാനുദ്ദേശിച്ചാല്‍ സുബ്‌ഹി നമസ്‌കരിച്ചശേഷം ഇഅ്‌തികാഫിരിക്കുന്ന സ്ഥലത്ത്‌ പ്രവേശിക്കും'' (ബുഖാരി, മുസ്‌ലിം). ഇഅ്‌തികാഫിരിക്കുന്ന സത്യവിശ്വാസികള്‍ കുറേ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്‌. അനാവശ്യ സംസാരങ്ങളും പ്രവര്‍ത്തനങ്ങളും ഇഅ്‌തികാഫിനെ നിഷ്‌ഫലമാക്കും. സ്‌ത്രീകളുമായുള്ള വൈകാരികമായ സ്‌പര്‍ശനങ്ങള്‍, നോട്ടങ്ങള്‍ എന്നിവയെല്ലാം ഇഅ്‌തികാഫിന്റെ പ്രതിഫലം നഷ്‌ടപ്പെടുത്തുന്നതാണ്‌. എന്നാല്‍ വൈകാരികമല്ലാത്ത സ്‌പര്‍ശനത്തിനോ നോട്ടത്തിനോ കുറ്റമില്ല. ``ആഇശ(റ) പ്രസ്‌താവിച്ചു: നബി(സ) പള്ളിയിലായിരിക്കെ തല എന്റെ അടുക്കലേക്ക്‌ പ്രവേശിപ്പിക്കുകയും ഞാനദ്ദേഹത്തിന്റെ മുടി ചീകിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇഅ്‌തികാഫിലാണെങ്കില്‍ വല്ല ആവശ്യവും നേരിട്ടാലല്ലാതെ അദ്ദേഹം വീട്ടില്‍ പ്രവേശിക്കാറുണ്ടായിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).
എന്നാല്‍ വൈകാരികമായ പ്രവര്‍ത്തനങ്ങള്‍ ഇഅ്‌തികാഫ്‌ നിഷ്‌ഫലമാക്കും. ``നിങ്ങള്‍ പള്ളികളില്‍ ഇഅ്‌തികാഫിരിക്കെ അവരുമായി (ഭാര്യമാര്‍) നിങ്ങള്‍ സഹവസിക്കരുത്‌'' (അല്‍ബഖറ 187). ഇഅ്‌തികാഫിരിക്കുന്നവര്‍ മലമൂത്രവിസര്‍ജനം, രോഗം തുടങ്ങിയ മാനുഷികമായ, ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കു വേണ്ടി പുറത്തുപോകുന്ന പക്ഷം ഇഅ്‌തികാഫിന്‌ ഭംഗം നേരിടുന്നതല്ല. ``ആഇശ(റ) പ്രസ്‌താവിച്ചു: നബി(സ) ഇഅ്‌തികാഫ്‌ അനുഷ്‌ഠിക്കുന്ന സന്ദര്‍ഭത്തില്‍ അവിടുത്തെ തല എന്നിലേക്ക്‌ താഴ്‌ത്തുകയും ഞാന്‍ ചീകിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. മനുഷ്യര്‍ക്ക്‌ അനിവാര്യമായി ഉണ്ടാകുന്ന ആവശ്യങ്ങള്‍ക്കല്ലാതെ അദ്ദേഹം വീട്ടില്‍ പ്രവേശിക്കാറുണ്ടായിരുന്നില്ല'' (ബുഖാരി, മുസ്‌ലിം). ആവശ്യമില്ലാതെ പുറത്തുപോകല്‍, ആര്‍ത്തവം, പ്രസവം, ലൈംഗിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇഅ്‌തികാഫിനെ നിഷ്‌ഫലമാക്കുന്നതാണ്‌. ഇഅ്‌തികാഫ്‌ സമ്പൂര്‍ണമാണെങ്കിലും ഭാഗികമെങ്കിലും മറ്റുള്ള പുണ്യകര്‍മങ്ങളെപ്പോലെ നിയ്യത്ത്‌ നിര്‍ബന്ധമാണ്‌. അതുപോലെ ഒരാള്‍ ഇഅ്‌തികാഫ്‌ അനുഷ്‌ഠിക്കാന്‍ നേര്‍ച്ചയാക്കുകയും അത്‌ അയാള്‍ അനുഷ്‌ഠിക്കാതിരിക്കുകയും ചെയ്‌താല്‍ കുറ്റക്കാരനായിത്തീരുന്നതാണ്‌. കാരണം, നേര്‍ച്ചയോടെ ആ കര്‍മം അയാള്‍ക്ക്‌ നിര്‍ബന്ധമായിത്തീരുന്നതാണ്‌.

ഫിത്വ്‌ര്‍ സകാത്ത്‌

ഫിത്വ്‌ര്‍ സകാത്ത്‌ അല്ലാഹു നിര്‍ബന്ധമാക്കിയതിന്‌ രണ്ടു കാരണങ്ങളുണ്ട്‌. ``ഇബ്‌നുഅബ്ബാസ്‌(റ) പ്രസ്‌താവിച്ചു: നബി(സ) നിങ്ങളുടെ മേല്‍ ഫിത്വ്‌ര്‍സകാത്ത്‌ നിര്‍ബന്ധമാക്കിയിരിക്കുന്നത്‌ നോമ്പുകാരില്‍ നിന്നും സംഭവിക്കുന്ന ചീത്ത വാക്കുകളില്‍ നിന്നും അനാവശ്യപ്രവര്‍ത്തനങ്ങളില്‍ നിന്നും ശുദ്ധീകരണം എന്ന നിലയിലും, ദരിദ്രര്‍ക്ക്‌ ഭക്ഷണം എന്ന നിലയിലുമാണ്‌. വല്ലവനും അത്‌ പെരുന്നാള്‍ നമസ്‌കാരത്തിന്‌ മുമ്പ്‌ കൊടുത്തുവീട്ടുന്ന പക്ഷം അത്‌ സ്വീകാര്യയോഗ്യമായി പരിഗണിക്കപ്പെടും. വല്ലവനും അത്‌ പെരുന്നാള്‍ നമസ്‌കാരത്തിന്ന്‌ ശേഷം നല്‌കപ്പെടുന്ന പക്ഷം അത്‌ ദാനധര്‍മങ്ങളില്‍ പെട്ട ഒരു ദാനം മാത്രമായിട്ടേ പരിഗണമിക്കപ്പെടുകയുള്ളൂ.''(അബൂദാവൂദ്‌, ഇബ്‌നുമാജ, ഹാകിം)
നോമ്പുകാരില്‍ നിന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന അനാവശ്യ സംസാരം, നോട്ടം, മറ്റു നിസ്സാര പ്രവര്‍ത്തനങ്ങള്‍ എന്നിവ ഫിത്വ്‌ര്‍ സകാത്തുകൊണ്ട്‌ പൊറുക്കപ്പെടും. എന്നാല്‍ പരദൂഷണം, അക്രമം പോലുള്ള വലിയ തെറ്റുകള്‍ ചെയ്യുന്ന പക്ഷം അവന്റെ നോമ്പ്‌ ബാത്വിലാകും. അവന്‍ പശ്ചാത്തപിക്കാത്ത പക്ഷം കുറ്റക്കാരനായിത്തീരുകയും ചെയ്യും. ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധമാക്കിയത്‌ എല്ലാവരും പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കുന്നതിനു വേണ്ടിയാണ്‌. ഫിത്‌ര്‍ സകാത്ത്‌ കൊടുക്കേണ്ടത്‌ പെരുന്നാള്‍ നമസ്‌കാരത്തിന്‌ പുറപ്പെടുന്നതിന്ന്‌ മുമ്പാണ്‌. സയ്യിദ്‌ സാബിഖ്‌(റ) പറയുന്നു: നാഫിഅ്‌(റ) പറയുന്നു: ഇബ്‌നു ഉമര്‍(റ) അത്‌ പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ്‌ വിതരണം ചെയ്യാറുണ്ടായിരുന്നു.'' (ഫിഖ്‌ഹുസ്സുന്ന 1:414)
കുടുംബനാഥന്‍ തന്റെ കീഴില്‍ ജീവിക്കുന്ന മുഴുവന്‍ വ്യക്തികള്‍ക്കു വേണ്ടിയും ഫിത്വ്‌ര്‍ സകാത്‌ നല്‍കല്‍ നിര്‍ബന്ധമാണ്‌. പെരുന്നാള്‍ മാസപ്പിറവിക്ക്‌ മിനിറ്റുകള്‍ക്ക്‌ മുമ്പ്‌ ഒരു കുഞ്ഞ്‌ ജനിച്ചാല്‍ പോലും അതിനുവേണ്ടിയും ഒരു `സ്വാഅ്‌' ഫിത്വ്‌ര്‍സകാത്ത്‌ നല്‍കണം. ``ഇബ്‌നുഉമര്‍(റ) പ്രസ്‌താവിച്ചു. മുസ്‌ലിംകളില്‍പെട്ട അടിമകള്‍, സ്വതന്ത്രന്മാര്‍, പുരുഷന്മാര്‍, സ്‌ത്രീകള്‍, ചെറിയവര്‍, വലിയര്‍ എന്നിങ്ങനെയുള്ള എല്ലാവരുടെയും പേരില്‍ ഒരു `സ്വാഅ്‌' വീതം ഈത്തപ്പഴം അല്ലെങ്കില്‍ യവം ഫിത്വ്‌ര്‍ സകാത്തായി നല്‍കാന്‍ അല്ലാഹുവിന്റെ ദൂതന്‍ നിര്‍ബന്ധമായി കല്‍പിച്ചിരിക്കുന്നു. ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരത്തിന്‌ പുറപ്പെടുന്നതിന്‌ മുമ്പായി അത്‌ കൊടുത്തുവീട്ടാനും കല്‍പിച്ചിരിക്കുന്നു.'' (ബുഖാരി, മുസ്‌ലിം)
ഫിത്വ്‌ര്‍ സകാത്തായി നല്‍കേണ്ടത്‌ ഓരോ നാട്ടിലെയും പ്രധാനപ്പെട്ട ഭക്ഷ്യധാന്യങ്ങളാണ്‌. ഒരു സ്വാഅ്‌ എന്നത്‌ ഒരു അളവുപാത്രമാണ്‌. അത്‌ അറബികള്‍ക്കിടയില്‍ വിവിധ രൂപത്തിലുണ്ട്‌. സാധാരണ മധ്യനിലവാരത്തിലുള്ള ഒരാളുടെ ഇരുകൈകളിലും ഉള്‍ക്കൊള്ളുന്ന ധാന്യത്തിന്റെ അളവിന്‌ പറയുക ഒരു മുദ്ദ്‌ എന്നാണ്‌. നാല്‌ മുദ്ദ്‌ കൂടിയതാണ്‌ ഒരു സ്വാഅ്‌. അതിന്റെ ഏറ്റവും ചുരുങ്ങിയ തൂക്കം രണ്ട്‌ കിലോഗ്രാമാണ്‌. കൈകളില്‍ ഉള്‍ക്കൊള്ളുന്ന ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച്‌ അതിന്റെ തൂക്കം ചിലപ്പോള്‍ രണ്ടു കിലോഗ്രാമിലും കൂടിയെന്നും വരാം. അപ്പോള്‍ ഫിത്വ്‌ര്‍ സകാത്‌ നല്‍കുമ്പോള്‍ രണ്ടു കിലോഗ്രാം എന്നത്‌ ഒരു വ്യക്തിയുടെ കണക്കായി നമുക്ക്‌ സ്വീകരിക്കാവുന്നതാണ്‌. എന്നാല്‍ രണ്ടു കിലോഗ്രാമില്‍ ഒരിക്കലും കുറയാവതല്ല. ദാനധര്‍മ വിഷയത്തില്‍ ഒരു വ്യക്തി പാപ്പരാകാത്തവിധം അല്‍പം കൂടുന്നതില്‍ വിരോധമില്ല എന്നുമാത്രമല്ല, അത്‌ മഹത്തായ ഒരു പുണ്യകര്‍മവും കൂടിയാണ്‌.
``ഫിത്വ്‌ര്‍സകാത്ത്‌ മറ്റു ധനത്തിന്റെ സകാത്തു പോലെ തന്നെയാണ്‌. ഒരു സംഘം അവരുടെ ഫിത്വ്‌ര്‍സകാത്ത്‌ ശേഖരിക്കുകയും സംഘടിതമായി വിതരണം ചെയ്യുകയും അല്ലെങ്കില്‍ മറ്റുള്ളവരുടെ അനുവാദത്തോടെ ഒരാള്‍ വിതരണം ചെയ്യുകയും ചെയ്‌താല്‍ അതും അനുവദനീയമാണ്‌'' (ഉംദതുസ്സാലിക്‌, പേ.58) 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: