ഷെയര്‍, ഡെപ്പോസിറ്റ്‌, ബിസിനസ്‌ ഫ്‌ളാറ്റ്‌ സകാത്ത്‌ കണക്കാക്കുന്നതെങ്ങനെ?

  • Posted by Sanveer Ittoli
  • at 12:59 AM -
  • 0 comments

ഷെയര്‍, ഡെപ്പോസിറ്റ്‌, ബിസിനസ്‌ ഫ്‌ളാറ്റ്‌ സകാത്ത്‌ കണക്കാക്കുന്നതെങ്ങനെ?

ഇസ്‌ലാമിക ബാങ്ക്‌ ഷെയറുകളും സകാത്തും


ഒരാള്‍ ഇസ്‌ലാമിക ബാങ്കില്‍ ഷെയറുകള്‍ നിക്ഷേപിച്ചിരിക്കുന്നു. മൂന്നു മാസത്തിലൊരിക്കല്‍ അയാള്‍ക്ക്‌ ബാങ്കില്‍ നിന്ന്‌ ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുന്നു. അത്‌ അയാള്‍ തന്നെ ചെലവിനു വേണ്ടി വിനിയോഗിച്ചുകഴിഞ്ഞു. എന്നാല്‍ നിക്ഷേപിച്ച ഷെയറുകള്‍ക്ക്‌ സകാത്ത്‌ നല്‌കേണ്ടതുണ്ടോ?
വരുമാനം ഉദ്ദേശിച്ച്‌ നടത്തിയ നിക്ഷേപങ്ങള്‍ സകാത്ത്‌ നല്‌കേണ്ടതില്ലാത്ത ഇനം സമ്പത്തിലാണ്‌ ചില പണ്ഡിതന്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. അതില്‍ നിന്നുള്ള വരുമാനം അത്യാവശ്യ ചെലവുകള്‍ കഴിച്ചിട്ട്‌ ബാക്കിയുള്ളത്‌ സകാത്ത്‌ നല്‌കേണ്ട മിനിമം സംഖ്യ (നിസ്വാബ്‌) എത്തുമെങ്കില്‍ അതിന്‌ രണ്ടര ശതമാനം തോതില്‍ സകാത്തു നല്‌കണം. മേല്‍ പറഞ്ഞ ചോദ്യകര്‍ത്താവിന്റെ വിഷയത്തില്‍ ഒന്നും ബാക്കിയില്ലാത്തതിനാല്‍ അയാള്‍ക്ക്‌ സകാത്ത്‌ ഇല്ല എന്നാണ്‌ ആ വിഭാഗം പണ്ഡിതന്മാരുടെ വീക്ഷണം.
എന്നാല്‍ മറ്റൊരു വീക്ഷണം ഇതാണ്‌. അടിസ്ഥാന മൂലധനമായ ഷെയര്‍ തുകയ്‌ക്ക്‌ സകാത്ത്‌ നിര്‍ബന്ധമാണ്‌. ചെലവു കഴിച്ചുള്ള വരുമാനവും ഷെയര്‍ തുകയോട്‌ ചേര്‍ത്ത്‌ രണ്ടര ശതമാനം സകാത്ത്‌ നല്‌കേണ്ടതുണ്ട്‌. ഹൈഅതു ശ്ശര്‍ഇയത്തുല്‍ ആലമിയ സ്വീകരിച്ച നിലപാട്‌ ഇതാണ്‌. ഇതുതന്നെയാണ്‌ ശരിയായ വീക്ഷണവും.

സാമ്പ്രദായിക ബാങ്ക്‌ ഡെപ്പോസിറ്റ്‌

സാമ്പ്രദായിക ബാങ്കുകളിലൊന്നില്‍ മൂന്നു വര്‍ഷത്തേക്കുള്ള ഒരു ഡിപ്പോസിറ്റ്‌ എനിക്കുണ്ട്‌. കാലാവധി കഴിഞ്ഞ ശേഷമേ അതില്‍ നിന്ന്‌ ആദായം ലഭിക്കുകയുള്ളൂ. ആ ധനത്തിന്‌ സകാത്ത്‌ ഉണ്ടോ?
ഡപ്പോസിറ്റ്‌ തുകയ്‌ക്ക്‌ വര്‍ഷം തോറും രണ്ടര ശതമാനം വീതം സകാത്ത്‌ നല്‌കണം. കാലാവധി തീരുമ്പോള്‍ ലഭിക്കുന്ന `ബെനിഫിറ്റ്‌' അഥവാ ലാഭം സ്വീകരിക്കാന്‍ പാടില്ല. കാരണം അതു പലിശയിനത്തില്‍ പെട്ടതാണ്‌. പലിശ നിഷിദ്ധമാണല്ലോ. ആ തുക നല്ല കാര്യങ്ങള്‍ക്കുപയോഗിക്കാം. പക്ഷേ, ദാനധര്‍മങ്ങളുടെ നിയ്യത്തോടെയല്ല എന്നു മാത്രം. ഏതവസ്ഥയിലും നിക്ഷേപത്തിന്‌ വാര്‍ഷികമായി സകാത്ത്‌ നല്‌കണമെന്നതില്‍ സംശയമില്ല.
എന്നാല്‍ ഈ നിക്ഷേപം ഇസ്‌ലാമിക ബാങ്കിംഗ്‌ രീതിയില്‍ ബിസിനസില്‍ വിനിയോഗിക്കുന്നതാണെങ്കില്‍ അതിന്റെ വരുമാനം ലാഭമെന്ന ഇനത്തില്‍ പെടുന്നു. ലാഭം അനുവദനീയമാണല്ലോ. നിക്ഷേപവും ലാഭവും ചേര്‍ത്ത്‌ വര്‍ഷം പ്രതി രണ്ടര ശതമാനം സകാത്ത്‌ നല്‌കണം.

ലാഭവും മുടക്കുമുതലും സകാത്തും

എനിക്ക്‌ ലാഭം കിട്ടുന്ന ഒരു കച്ചവടമുണ്ട്‌. ലാഭത്തില്‍ നിന്ന്‌ എന്റെ ഉപജീവനവും വാഹനച്ചെലവും കഴിയുന്നു. കച്ചവടം ചെയ്യുന്ന ചരക്കിന്‌ സകാത്ത്‌ കൊടുക്കേണ്ടതുണ്ടോ? അതോ ലാഭത്തിനു മാത്രം കൊടുത്താല്‍ മതിയോ?
മുടക്കുമുതലും ലാഭവും ചേര്‍ത്തുകൊണ്ടാണ്‌ കച്ചവടത്തിന്റെ സകാത്ത്‌ കണക്കാക്കുന്നത്‌. ആയതിനാല്‍ താങ്കളുടെ കച്ചവടച്ചരക്കുകള്‍ സകാത്തില്‍ നിന്ന്‌ ഒഴിവല്ല. ഉദാഹരണത്തിന്‌ ഒരാള്‍ വര്‍ഷാവസാനം തന്റെ കച്ചവടത്തിന്റെ സ്റ്റോക്കെടുത്തപ്പോള്‍ ഒരു ലക്ഷം ജുനൈഹിനുള്ള വസ്‌തുക്കള്‍ ഉണ്ടെന്നരിക്കട്ടെ. ആ കൊല്ലത്തില്‍ പതിനയ്യായിരം ജുനൈഹ്‌ അയാള്‍ക്ക്‌ ലാഭമായി ലഭിക്കുകയും അത്‌ അയാളുടെ ജീവിത ചെലവിന്‌ വിനിയോഗിക്കുകയും ചെയ്‌തു.
അയാള്‍ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒരുലക്ഷം ജുനൈഹിന്‌ രണ്ടര ശതമാനം സകാത്ത്‌ കൊടുക്കണം. മേല്‍പറഞ്ഞ ഉദാഹരണത്തില്‍ അയാള്‍ ലാഭത്തില്‍ നിന്ന്‌ ഒന്നും എടുക്കാതെ വര്‍ഷാവസാനം ചരക്കിന്റെ വില ഒരു ലക്ഷത്തി പതിനയ്യായിരം ജുനൈഹ്‌ ഉണ്ടെങ്കില്‍ അയാള്‍ മൂലധനത്തിനും ലാഭത്തിനും ഒന്നിച്ച്‌ സകാത്ത്‌ കണക്കാക്കണം. കച്ചവടച്ചരക്കുകള്‍ക്കും ലാഭത്തിനും കൂടിയാണ്‌ സകാത്ത്‌ കണക്കാക്കേണ്ടത്‌.

നഷ്‌ടവും സകാത്തും

കമ്പനി ഈ വര്‍ഷം നഷ്‌ടത്തിലാണ്‌. എന്നാല്‍ കമ്പനിക്ക്‌ ഉറച്ച അടിത്തറയും പലരുടെയും പക്കല്‍ സമ്പത്തും ബാങ്ക്‌ ബാലന്‍സും കുറെ ബാധ്യതകളും എല്ലാം ഉണ്ട്‌. നഷ്‌ടമാണെന്നറിഞ്ഞുകൊണ്ടു സകാത്ത്‌ നല്‌കേണ്ടതുണ്ടോ? ഈ സാഹചര്യത്തില്‍ എങ്ങനെയാണ്‌ സകാത്ത്‌ കണക്കാക്കേണ്ടത്‌?
കമ്പനിയുടെ കച്ചവടങ്ങള്‍ സകാത്തിന്‌ വിധേയമാണ്‌. സകാത്തിനു വേണ്ടി സമ്പത്ത്‌ കണക്കാക്കുമ്പോള്‍ ചരക്ക്‌, ബാങ്കിലും കൈയിലുമുള്ള പണം, മറ്റുള്ളവര്‍ക്ക്‌ നല്‌കാനുള്ള ബാധ്യതകള്‍ എന്നിവയെല്ലാം പരിഗണിക്കണം. നഷ്‌ടമെന്നത്‌ ചരക്കിനെ ബാധിക്കുന്ന കുറവാണ്‌. നേരെ മറിച്ച്‌ ലാഭമാണെങ്കിലോ, ചരക്കില്‍ വരുന്ന വര്‍ധനവും. ലാഭമോ നഷ്‌ടമോ എന്നതല്ല പ്രശ്‌നം. ബാധ്യത കഴിച്ചുള്ള ആസ്‌തി നിസ്വാബ്‌ അനുസരിച്ച്‌ ഉണ്ടെങ്കില്‍ സകാത്ത്‌ കൊടുക്കണം. ഇനി യഥാര്‍ഥത്തില്‍ കമ്പനിക്ക്‌ വന്‍ ലാഭമുണ്ട്‌. സകാത്തിന്‌ വിധേയമാകുന്ന സമ്പത്തിനേക്കാള്‍ വലിയ ബാധ്യതകൂടിയുണ്ടെന്നിരിക്കട്ടെ അപ്പോള്‍ ആ ധനം സകാത്തിന്‌ വിധേയമല്ല.

ഫ്‌ളാറ്റിനും സകാത്ത്‌

എന്റെ ആസ്‌തി മുഴുവന്‍ ഉപയോഗിച്ച്‌ ഞാനൊരു ഫ്‌ളാറ്റ്‌ വാങ്ങി. താമസിക്കാന്‍വേണ്ടിയാണ്‌ വാങ്ങിയതെങ്കിലും ന്യായമായ വില കിട്ടിയാല്‍ വില്‌ക്കണമെന്നും മനസ്സിലുണ്ട്‌. ഈ ഫ്‌ളാറ്റിന്‌ സകാത്ത്‌ ബാധകാണോ? എന്റെ പക്കല്‍ സകാത്ത്‌ കൊടുക്കാന്‍ വേറെ ഒന്നുമില്ലതാനും.
താമസിക്കാന്‍ വേണ്ടിയാണ്‌ വാങ്ങിയതെങ്കില്‍ ഫ്‌ളാറ്റിന്‌ സകാത്തില്ല. കാരണം അത്‌ സകാത്ത്‌ ബാധകമാകാത്ത ധനത്തില്‍പെട്ടതാണ്‌. എന്നാല്‍ അത്‌ എപ്പോഴെങ്കിലും വിറ്റാല്‍ കൈവശമുള്ള മറ്റു ധനവും ഈ വിറ്റ വിലയും ചേര്‍ത്ത്‌ നിസ്വാബ്‌ തികയുമെങ്കില്‍ രണ്ടരശതമാനം സകാത്ത്‌ കൊടുക്കണം. എന്നാല്‍ വാടകക്ക്‌ കൊടുക്കുക എന്ന നിയ്യത്തിലാണ്‌ ഫ്‌ളാറ്റ്‌ വാങ്ങിയതെങ്കില്‍ അതിന്റെ വാടക തുകയ്‌ക്ക്‌ സകാത്ത്‌ നല്‌കേണ്ടതുണ്ട്‌.

പെന്‍ഷനും സകാത്തും

സര്‍വീസ്‌ കാലം കഴിഞ്ഞ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മാസംതോറും ലഭിക്കുന്ന പെന്‍ഷന്‍ തുകയ്‌ക്ക്‌ സകാത്ത്‌ ബാധകമാണോ?
ശമ്പളത്തിന്റെ വിധി പെന്‍ഷനും ബാധകം. അത്യാവശ്യ ചെലവ്‌ കഴിഞ്ഞ്‌ വര്‍ഷാവസാനം ഉള്ള നീക്കിയിരുപ്പിന്‌ രണ്ടരശതമാനം സകാത്ത്‌ കൊടുക്കണം.

അവാര്‍ഡും സമ്മാനങ്ങളും

പ്രവര്‍ത്തനമേഖലയില്‍ പ്രോത്സാഹനമായി ഏര്‍പ്പെടുത്തിയ ക്യാഷ്‌ അവാര്‍ഡുകള്‍ ലഭിച്ചാല്‍ അതിന്‌ സകാത്ത്‌ ബാധകമാണോ?
അവാര്‍ഡ്‌ തുക മാലുല്‍ മുസ്‌തഫാദ്‌ ഇനത്തില്‍ പെടുന്നു. മറ്റു സ്വത്തുമായി ചേര്‍ത്ത്‌ വര്‍ഷാവസാനം നിസ്വാബുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത്‌ കൊടുക്കണം.

ബിസിനസ്‌ ഫ്‌ളാറ്റ്‌

വില്‌പന ഉദ്ദേശിച്ചുകൊണ്ട്‌ ഞാന്‍ ഒരു പാര്‍പ്പിടം വാങ്ങി. വില ഒരു ലക്ഷം ജുനൈഹ്‌. മൂന്നു വര്‍ഷം കഴിഞ്ഞ്‌ അത്‌ ഒന്നര ലക്ഷത്തിന്‌ വിറ്റു എനിക്ക്‌ സകാത്ത്‌ ബാധ്യതയുണ്ടോ? കണക്കാക്കേണ്ടതെങ്ങനെ?
പാര്‍പ്പിടം വാങ്ങിയതിന്റെ ഉദ്ദേശ്യം കച്ചവടമായതിനാല്‍ സകാത്ത്‌ നിര്‍ബന്ധമാണ്‌. ഓരോ വര്‍ഷാവസാനത്തിലും അതിന്റെ കമ്പോള നിരക്കനുസരിച്ചുള്ള സംഖ്യയ്‌ക്ക്‌ രണ്ടര ശതമാനം സകാത്ത്‌ കൊടുക്കണം. ഉദാഹരണത്തിന്‌ മേല്‍ വസ്‌തു ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മാര്‍ക്കറ്റ്‌ വില ഒന്നേകാല്‍ ലക്ഷമായെങ്കില്‍ അതിന്റെ രണ്ടര ശതമാനമാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌. വില കുറഞ്ഞാല്‍ അതും ബാധകമാണ്‌. വിറ്റ വര്‍ഷത്തില്‍ കിട്ടിയ വില മറ്റു ധനവുമായി ചേര്‍ത്ത്‌ രണ്ടര ശതമാനം നല്‌കണം.

സര്‍വീസില്‍ നിന്ന്‌ വിരമിക്കുമ്പോള്‍

ചില ഉദ്യോഗസ്ഥര്‍ക്ക്‌ സര്‍വീസില്‍ നിന്ന്‌ വിരമിക്കുമ്പോള്‍ വലിയൊരു തുക ഒറ്റയടിക്ക്‌ ലഭിക്കുന്നു. ഈ ധനത്തിന്‌ സകാത്ത്‌ വേണ്ടതുണ്ടോ?
പെട്ടെന്ന്‌ കിട്ടുന്ന ധനം (മാലുല്‍മുസ്‌തഫാദ്‌) എന്ന ഗണത്തിലാണ്‌ ഇത്തരം സമ്പത്ത്‌ ഉള്‍പ്പെടുന്നത്‌. ആയതിനാല്‍ നിസ്വാബ്‌, വര്‍ഷം പുര്‍ത്തിയാകല്‍ തുടങ്ങിയ നിബന്ധനകളോടെ മറ്റു മുതലിന്റെ കൂടെ ഈ തുകയ്‌ക്കും സകാത്ത്‌ നല്‍കണം. വര്‍ഷം കണക്കാക്കേണ്ടത്‌ ചാന്ദ്രവര്‍ഷമനുസരിച്ചാണ്‌.

സമ്മാനത്തുകയുടെ സകാത്ത്‌

മത്സരങ്ങളിലും മറ്റും വിജയികളായാല്‍ ലഭിക്കുന്ന സമ്മാനത്തുകകള്‍ക്ക്‌ സകാത്ത്‌ ബാധകമാണോ?
അനുവദനീയമായ മത്സരങ്ങളാണെങ്കില്‍ അതില്‍ നിന്ന്‌ ലഭിക്കുന്ന സമ്മാനത്തുക മാലുല്‍ മുസ്‌തഫാദ്‌ ആയി കണക്കാക്കുക. തന്റെ സമ്പത്തിന്റെകൂടെ ചേര്‍ത്ത്‌ വര്‍ഷാവസാനം രണ്ടര ശതമാനം സകാത്ത്‌ കൊടുക്കുക. ഹറാമായ മത്സരങ്ങളില്‍ പങ്കുചേരല്‍ നിഷിദ്ധമാണ്‌.
വിവ. സാജ്‌

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: