മുസ്‌ലിം മനോഭാവമാറ്റവും ശരീഅത്ത് നിയമവും
- പ്രതികരണം -
സി അബ്‌ദുല്‍ജബ്ബാര്‍
വിവാഹപ്രായ സര്‍ക്കുലറും മുസ്‌ലിം മനോഭാവ മാറ്റവും എന്ന എ പി കുഞ്ഞാമുവിന്റെ `കാക്കനോട്ട'ത്തില്‍ (ശബാബ് 2013 ജൂലൈ 19) നിരീക്ഷിച്ച ചില സൂചനകളോടുള്ള പ്രതികരണമാണ് ഈ കുറിപ്പ്. അത്യാവശ്യമായ ഒരു കാര്യത്തിനുവേണ്ടി അനവധാനതയോടെ ഇറക്കിയ ഒരു സര്‍ക്കാര്‍ സര്‍ക്കുലറും അതുണ്ടാക്കിയ പുകിലുകളും അതിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ അടിക്കുവാന്‍ അവസരം മുതലെടുത്ത മീഡിയയും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിന്റെ അനുബന്ധമാണ് എ പി കുഞ്ഞാമുവിന്റെ നിരീക്ഷണം. ഇവ്വിഷയകമായി ശബാബിന്റെ നിലപാട് ജൂലൈ 12 ലെ എഡിറ്റോറിയല്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
മേല്‍പറഞ്ഞ സര്‍ക്കുലര്‍ മറയാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചിലര്‍ ശ്രമിച്ച അനാവശ്യ വിവാദങ്ങള്‍ക്ക് തലവച്ചുകൊടുക്കാന്‍ മുസ്‌ലിം സമൂഹം മൊത്തത്തില്‍ തുനിഞ്ഞില്ല എന്ന കുഞ്ഞാമുവിന്റെ നിരീക്ഷണം വളരെ ശരിയാണ്. ഒറ്റപ്പെട്ട മറുശബ്‌ദം ഉണ്ടായി എങ്കിലും സമുദായം പൊതുവില്‍ അത് ഏറ്റെടുത്തില്ല. ബന്ധപ്പെട്ട വകുപ്പു മന്ത്രി ഡോ. എം കെ മുനീര്‍ വിവാദത്തിന്റെ ഒന്നാം തിയതി തന്നെ ഇക്കാര്യം തീര്‍ത്തുപറഞ്ഞതിനാല്‍ ചാനലുകാര്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും പിന്നാലെ കൂടിനോക്കി. ക്ലച്ചു പിടിച്ചില്ല. അതിനു കാരണം സമുദായത്തിന്റെ ഉദ്‌ബുദ്ധതയാണെന്ന് പറയാം. എന്നാല്‍ ഈ ഉദ്‌ബുദ്ധത സമുദായത്തിന്റെ മനോഭാവമായി കണ്ട എ പി കുഞ്ഞാമു അതിനെ എണ്‍പതുകളിലെ ശരീഅത്തു വിവാദത്തിലേക്കും വ്യക്തിനിയമ ഭേദഗതിയിലേക്കും കൂട്ടിക്കെട്ടി നിരീക്ഷിച്ചത് അസ്ഥാനത്തായിപ്പോയി എന്നു മാത്രമല്ല; വസ്‌തുതകള്‍ക്കു നിരക്കാത്തതുമാണ്.
`കാലം റദ്ദാക്കിയിരിക്കുന്നു പ്രായപൂര്‍ത്തിയെക്കുറിച്ചുള്ള പഴയ സങ്കല്‌പങ്ങളെ' എന്ന നിരീക്ഷണം പൂര്‍ണമായും ശരിയല്ല. പ്രായപൂര്‍ത്തിയെക്കുറിച്ചുള്ള സങ്കല്‌പവും ഒരു രാജ്യത്തെ വിവാഹപ്രായ നിയമവും രണ്ടാണ്. മാത്രമല്ല, ആഴത്തിലേക്ക് ചികഞ്ഞാല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളാണിതിലുള്ളത്. `പ്രായപൂര്‍ത്തി' എന്നത് ശാരീരികമായ ഒരു വസ്‌തുതയാണ്. ഉടനെ വിവാഹം ചെയ്യണമെന്ന് ഇസ്‌ലാം പറഞ്ഞിട്ടില്ല. ഇത്ര പ്രായമായാലേ വിവാഹം ചെയ്യാവൂ എന്നും പറഞ്ഞിട്ടില്ല. ശൈശവ വിവാഹം ഇസ്‌ലാം നിര്‍ദേശിച്ചിട്ടില്ല. പതിനേഴര വയസ്സ് ശൈശവമാണെന്ന മിഥ്യാധാരണ ഇസ്‌ലാമിനില്ല.
ഒരു രാജ്യത്തെ നിയമനിര്‍മാണ സംവിധാനത്തിന്റെ വിവിധ ഘടകങ്ങള്‍ കണക്കിലെടുത്ത്, വിവിധ വീക്ഷണങ്ങള്‍ പരിഗണിച്ച് വിവാഹ പ്രായപരിധി ഇരുപത്തിയൊന്നും പതിനെട്ടും ആക്കി നിശ്ചയിച്ചത് മുസ്‌ലിംകള്‍ അംഗീകരിക്കുന്നു എന്നത് മനോഭാവ മാറ്റമായി കാണേണ്ടതില്ല. പ്രായപരിധി നോക്കാതെ, നിയമം കണക്കിലെടുക്കാതെ വിവാഹം ചെയ്യുന്ന സമ്പ്രദായം സമുദായ ഭേദമെന്യേ ഇന്നും നടക്കുന്നുണ്ട് എന്നതും മറ്റൊരു വസ്‌തുത. മനോഭാവമാറ്റം സൂചിപ്പിച്ച ലേഖകന്‍ അതിനെ ശരീഅത്തിലേക്ക് കൂട്ടിക്കെട്ടുന്നതിങ്ങനെ: ``ഇവിടെ മറ്റൊരു കാര്യം കൂടി പ്രസക്തമാണ്. മുസ്‌ലിം സമുദായത്തിന്റെ ആധുനികവത്‌കരണം അവരുടെ ചിന്തയെ നവീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വ്യക്തിനിയമത്തെ ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാവാത്ത തരത്തില്‍ പരിഷ്‌കരിച്ചുകൂടേ എന്ന കാര്യമാണത്.' കേള്‍ക്കാന്‍ സുഖമുള്ള ഒരു നിരീക്ഷണം. എന്നാല്‍ ചില വസ്‌തുതകള്‍ ശ്രദ്ധയില്‍ പെടുത്തട്ടെ. `ശരീഅത്ത്' എന്നത് ദൈവപ്രോക്ത നിയമങ്ങളാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണിതിന്റെ ആധാരം.
എന്നാല്‍ ഇന്ത്യയില്‍ ശരീഅത്ത് നിയമം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് മുഹമ്മദന്‍ ലോ എന്ന പേരില്‍ 1937 ല്‍ ഉണ്ടാക്കിയ The Muslim Personal Law Application Act ഉം അതിന് ഇടക്കിടെ വന്ന അമന്‍മെന്റ്‌സും റൂള്‍സും എല്ലാം ഉള്‍പ്പെട്ടതാണ്. അതിന്റെ മര്‍മം ഇതാണ്: ശേഷക്രിയ, അനന്തരാവകാശം, വിവാഹം, വിവാഹമോചനം, ദാനം, ട്രസ്റ്റ്, രക്ഷാകര്‍തൃത്വം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് ബാധകമായിരിക്കും. 1950 ല്‍ ഉണ്ടാക്കിയ ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശമെന്ന വകുപ്പില്‍ ഏതു മതവും പൗരന് സ്വീകരിക്കുവാന്‍ സ്വാതന്ത്ര്യം നല്‌കുന്നു. മേല്‍പറഞ്ഞ വ്യക്തിനിയമം ഭരണം അംഗീകരിച്ചു. എന്നാല്‍ വ്യക്തിനിയമത്തിനായി റഫറന്‍സിന് അംഗീകരിക്കപ്പെട്ടത് ഹനഫി മദ്‌ഹബിലെ ചില നിയമസംഹിതകളും `മുല്ല'യുടെയും മറ്റും ഗ്രന്ഥങ്ങളുമാണ്. മുത്തലാക്ക് വിവാദങ്ങളെല്ലാം അതില്‍ പെട്ടതാണ്. ഈ ആനുകൂല്യത്തിലാണ് മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ഭരണഘടനാപരമായി അവകാശമായി ലഭിച്ചത്.
സാത്വികരായ ചില ആളുകള്‍ ഈ മുല്ലയും മദ്‌ഹബും മാറ്റി ഖുര്‍ആനും സുന്നത്തും ആക്കിക്കൂടേ എന്നു പറയാറുണ്ട്. ഈ ആനുകൂല്യം തന്നെ എടുത്തുകളഞ്ഞ് ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് തീവ്ര ഹിന്ദുത്വവാദികളും ആവശ്യപ്പെടുന്നു. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും മദ്‌ഹബീ പക്ഷപാതികളായിരിക്കെ അതില്‍ തൊടാന്‍ യാഥാസ്ഥിതികര്‍ സമ്മതിക്കില്ല. മാറ്റാന്‍ എളുപ്പമാണ്, പുനസ്ഥാപിക്കാന്‍ ആരുമുണ്ടാവില്ല. കുറ്റമറ്റ സിവില്‍ കോഡ് ആരും മുന്നില്‍ വച്ചിട്ടുമില്ല. `ഏകം' ആരുടേതാണെങ്കിലും നിര്‍വചിച്ചിട്ടില്ല. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിലാണ്, ഏറെ അപാകതകള്‍ ഉണ്ടെങ്കിലും, ഉള്ളത് മാറ്റിപ്പണിയാന്‍ തുനിയാതിരിക്കുകയാണ് നല്ലത് എന്ന് മുസ്‌ലിം നേതാക്കള്‍ തീരുമാനിക്കാന്‍ കാരണം. മനോഭാവം മാറിയതോ പഴഞ്ചനെ പുല്‍കിയതോ അല്ല.
എണ്‍പതുകളിലെ ഷാബാനുകേസിന്റെ പശ്ചാത്തലത്തിലുണ്ടായ `ശരീഅത്ത് വിവാദ'ത്തില്‍ `മുസ്‌ലിംകള്‍ ഒന്നടങ്കം മുസ്‌ലിം വ്യക്തിനിയമത്തെ നെഞ്ചോടു ചേര്‍ത്തുവയ്‌ക്കുന്നതാണ് ഈ സമയത്ത് നാം കണ്ടത്' എന്ന് ലേഖകന്‍ സങ്കടപ്പെടുന്നതും കണ്ടു. അന്നത്തെ പ്രശ്‌നം മറ്റൊന്നായിരുന്നു. വിവാഹമോചിതയ്‌ക്കും വിവാഹമോചനം നേടിയവള്‍ക്കും ആജീവനാന്തമോ പുനര്‍വിവാഹം വരെയോ മുസ്‌ലിം ഭര്‍ത്താവ് ചെലവിന് കൊടുക്കണമെന്ന കോടതി വിധിയെയാണ് മുസ്‌ലിംകള്‍ എതിര്‍ത്തത്. വിശുദ്ധ ഖുര്‍ആന്‍ 2:241 സൂക്തത്തെ കോടതി ദുര്‍വ്യാഖ്യാനിക്കുകയും മതാഅ് എന്നത് ആജീവാനന്ത ജീവിതച്ചെലവ് എന്ന് വിശദീകരിക്കുകയും ചെയ്‌തു. അതായിരുന്നു മര്‍മം.
അന്ന് `വ്യക്തിനിയമത്തെ നെഞ്ചോടു ചേര്‍ത്ത്' കോടതിയുടെ തെറ്റിയ നിരീക്ഷണത്തെ എതിര്‍ക്കുകയല്ലാതെ അന്ന് വ്യക്തിനിയമ ഭേദഗതി ചര്‍ച്ചയാക്കിയാല്‍ എന്തായിരിക്കും ഫലം! ഇന്ത്യയില്‍ ആകമാനം ആഞ്ഞടിച്ച ആ ചര്‍ച്ചയുടെ ഫലമായി "Muslim Women Protection of Rights on Divorce Act 1986' കേന്ദ്ര ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ പാസ്സാക്കി. (അതിലെ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യുന്നില്ല). ആ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതികള്‍ മതാഅ് വിധിക്കുന്നതും ഇദ്ദ കാലത്തെ ചെലവ് കണക്കാക്കുന്നതും. വിവാഹ മോചിതയും വിവാഹമോചനം ചോദിച്ചുവാങ്ങിയവളും wife ന്റെ നിര്‍വചനത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും!
0 comments: