ഇസ്‌ലാമികനവോത്ഥാനം ദേശീയ അനുഭവങ്ങള്‍

  • Posted by Sanveer Ittoli
  • at 8:20 PM -
  • 0 comments
ഇസ്‌ലാമികനവോത്ഥാനം ദേശീയ അനുഭവങ്ങള്‍

അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി



ഇന്ന്‌ ലോകത്ത്‌ മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍ ഇസ്‌ലാം ഇന്ത്യയിലേക്ക്‌ എത്തിച്ചേര്‍ന്നത്‌ എന്നു മുതലാണെന്നതിന്‌ വ്യത്യസ്‌താഭിപ്രായങ്ങള്‍ ഉണ്ട്‌. എങ്കിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത്‌ -കേരളാതിര്‍ത്തിയില്‍- മുസ്‌ലിംകള്‍ കടല്‍കടന്നെത്തിയത്‌ എ ഡി ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ആണെന്നതില്‍ തര്‍ക്കമില്ല.മക്കയില്‍ ആരംഭിച്ച്‌, മദീനയില്‍ വേരുപിടിച്ച്‌, അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍

വ്യാപിച്ച ഇസ്‌ലാമിക പ്രബോധനം ഇതരദേശങ്ങളിലേക്ക്‌ വ്യാപരിക്കാന്‍ തുടങ്ങിയതിന്റെ ഭാഗമായി പ്രബോധകന്മാരായി എത്തിച്ചേര്‍ന്ന മഹത്തുക്കളാണ്‌ ഇവിടെ ഈ സന്ദേശമെത്തിച്ചത്‌. അതേസമയം പ്രവിശാലമായ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഉത്തരഭാഗത്ത്‌ ഇസ്‌ലാമിക സന്ദേശം എത്തിച്ചേര്‍ന്നത്‌ എന്നു മുതല്‍ക്കാണെന്നതില്‍ ഏകാഭിപ്രായമില്ല. ഏതായിരുന്നാലും സംഘടിതമോ വ്യാപകമോ ആയ ദഅ്‌വ പ്രവര്‍ത്തനത്തിനായി എത്തിയവരിലൂടെയല്ല ഉത്തരേന്ത്യയില്‍ ഇസ്‌ലാം കടന്നുവന്നത്‌.

ഇന്ത്യയെ ആത്മാര്‍ഥമായി നോക്കിക്കണ്ട, ആധുനിക ഭാരതത്തിന്റെ ശില്‌പികളിലൊരാളായ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌: ``സ്‌പെയിന്‍ മുതല്‍ മംഗോളിയന്‍ അതിര്‍ത്തിവരെ ഇസ്‌ലാം വ്യാപിപ്പിച്ചത്‌ നിഷ്‌കളങ്കരും മാതൃകായോഗ്യമായ സംസ്‌കാരത്തിന്റെ ഉടമകളുമായ അറബികളായിരുന്നു. അത്‌ നേരെ ഇന്ത്യയിലേക്ക്‌ കടന്നില്ല. വടക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ തങ്ങിനില്‍ക്കുകയായിരുന്നു. യഥാര്‍ഥ അറബി സംസ്‌കാരം പതുക്കെ ക്ഷയിക്കുകയും കുറെയൊക്കെ ജീര്‍ണത ബാധിക്കുകയും വിവിധ തുര്‍ക്കി സമൂഹങ്ങള്‍ മധേഷ്യയില്‍ ശക്തി നേടുകയും ചെയ്‌തു. ഈ തുര്‍ക്കികളിലൂടെയും അഫ്‌ഗാനികളിലൂടെയുമാണ്‌ രാഷ്‌ട്രീയ ശക്തിയായ ഇസ്‌ലാം ഇന്ത്യയിലേക്കെത്തുന്നത്‌.'' (ഡിസ്‌കവറി ഓഫ്‌ ഇന്ത്യ). കേരളത്തില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു പശ്ചാത്തലമാണ്‌ ഉത്തരേന്ത്യയില്‍ മുസ്‌ലിംകള്‍ക്കുള്ളത്‌ എന്നര്‍ഥം. ഇന്ത്യ എന്ന സങ്കല്‌പമല്ല അക്കാലത്തുണ്ടായിരുന്നത്‌. അഫ്‌ഗാന്‍ മുതല്‍ ബര്‍മ (മ്യാന്‍മാര്‍) വരെ നീണ്ടുപരന്നുകിടക്കുന്ന ഭൂപ്രദേശമായിരുന്നു അന്ന്‌ ഉത്തരേന്ത്യ.

വൈദേശികാധിനിവേശത്തോടെയാണ്‌ മുസ്‌ലിംകള്‍ ഇന്ത്യയിലെത്തിയത്‌ എന്ന്‌ സാധാരണ പലരും പറയാറുള്ളത്‌ അര്‍ധസത്യമാണ്‌. വടക്കുപടിഞ്ഞാറ്‌ ഹിമാലയത്തിന്റെ ഖൈബര്‍ ചുരം വഴി കടന്നുവന്ന ഗോറിയും ഗസ്‌നവിയും മുഗിളരുമെല്ലാം വിദേശികള്‍ തന്നെ. അവര്‍ മുസ്‌ലിംകളായിരുന്നു. പക്ഷേ, ഇസ്‌ലാമിക പ്രബോധനവുമായിട്ടോ ഇസ്‌ലാമിക ഭരണസംസ്ഥാപനത്തിനോ വന്നവരായിരുന്നില്ല അവര്‍. രാജാക്കന്മാരുടെ സ്വാഭാവികമായ പടയോട്ടത്തിന്റെ ഭാഗമായി ഇവിടെയുമെത്തി. അവര്‍ വന്നത്‌ ഇന്ത്യയിലേക്കല്ല. സിന്ധു-ഗംഗാ സമതലപ്രദേശത്ത്‌ വ്യാപിച്ചു കിടക്കുന്ന അനേകം നാട്ടുരാജ്യങ്ങളിലേക്ക്‌. അവ ഓരോന്നായി പിടിച്ചെടുത്തു. ചിലത്‌ തദ്ദേശീയര്‍ തിരിച്ചുപിടിച്ചു. വിദേശത്തുനിന്ന്‌ വേറെ ശക്തികള്‍ വരുമ്പോള്‍ ആദ്യം വന്നവര്‍ തോറ്റോടും. 1526 മുതല്‍ 1707 വരെ ഇന്ത്യ ഭരിച്ച മുഗിളരാണ്‌ ഏതാണ്ട്‌ ഒരിന്ത്യക്ക്‌ രൂപം നല്‍കിയത്‌. പതിനൊന്നാം നൂറ്റാണ്ടു മുതല്‍ ഇന്ത്യയുടെ പല ഭാഗത്തും ഭരണം നടത്തിയ മുസ്‌ലിം സുല്‍ത്താന്മാര്‍ ഒരിക്കലും ഇതൊരു മുസ്‌ലിം രാഷ്‌ട്രമാക്കാന്‍ ശ്രമിച്ചിട്ടില്ല. അവര്‍ക്കതില്‍ താല്‌പര്യവും ഇല്ലായിരുന്നു. അതേസമയം മുഗിളര്‍ക്കു ശേഷം ബ്രിട്ടീഷുകാരുടെ കൈപ്പിടിയിലൊതുങ്ങിയ ഈ രാജ്യം ബ്രിട്ടീഷ്‌ ഇന്ത്യയായി മാറി. മുസ്‌ലിംകള്‍ക്ക്‌ ബ്രിട്ടീഷുകാരില്‍ നിന്ന്‌ ഏറെ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌.

എ ഡി പത്താം നൂറ്റാണ്ടോടുകൂടിത്തന്നെ മുസ്‌ലിംകള്‍ ഇന്ത്യന്‍ ഭൂഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. മുഹമ്മദ്‌ ഗോറി കടന്നുവരുന്നതിനു മുന്‍പാണ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്‌തി അജ്‌മീറില്‍ താമസമാക്കിയത്‌. രാജാക്കന്മാരുടെ ദുര്‍ഭരണവും വഴിവിട്ട ജീവിതവും ജീര്‍ണസംസ്‌കാരവും നിമിത്തം സുല്‍ത്താന്മാരുടെ ഭരണകാലത്ത്‌ മുസ്‌ലിം സമൂഹത്തിന്റെ മതനേതൃത്വം പീറുമാരിലും സൂഫികളിലുമായിരുന്നു. യഥാര്‍ഥ ഇസ്‌ലാമിക വിജ്ഞാനം മുസ്‌ലിംകള്‍ക്കജ്ഞാതമായിരുന്നു. ഖുര്‍ആനും സുന്നത്തും അവര്‍ക്കറിയില്ല. പീറുമാരുടെ ദര്‍ഗാഹുകള്‍ക്കും സുഹ്‌റവര്‍ദി, ഖാദിരി, ചിശ്‌തി മുതലായ ത്വരീഖത്തുകള്‍ക്കും സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ക്രിസ്‌താബ്‌ദം പതിനാറാം നൂറ്റാണ്ടില്‍ (ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ട്‌) ഇസ്‌ലാമിക ദഅ്‌വത്തിന്‌ ത്വരീഖത്തുകാരുടെ ശൈലി സ്വീകരിച്ചുകൊണ്ട്‌ വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രചരിപ്പിച്ച ശൈഖ്‌ അഹ്‌മദ്‌ സര്‍ഹിന്ദി (1567-1624) എന്ന യുഗപ്രഭാവനാണ്‌ ഇന്ത്യന്‍ മണ്ണില്‍ നവോത്ഥാനത്തിന്റെ കാഹളം മുഴക്കിയത്‌. മുഗള്‍ ചക്രവര്‍ത്തിമാരായ അക്‌ബര്‍, ജഹാംഗീര്‍ എന്നിവരുടെ ഭരണകാലത്തായിരുന്നു സര്‍ഹിന്ദിയുടെ ജീവിതം. സമൂഹത്തിന്റെ അജ്ഞത അടിത്തട്ടിലും സുല്‍ത്താന്മാരുടെ ജീര്‍ണത മുകള്‍ത്തട്ടിലും മതത്തിന്റെ വേരുകള്‍ സൂഫികളിലും ആയിത്തീര്‍ന്ന ആ ദുര്‍ഘടഘട്ടത്തില്‍ ഇസ്‌ലാമിന്റെ തനിമ ജനങ്ങളെ ബോധ്യപ്പെടുത്തുക ക്ഷിപ്രസാധ്യമായിരുന്നില്ല. അക്‌ബറിന്റെ `ദീനെ ഇലാഹി' എന്ന സങ്കരമതത്തെ സര്‍ഹിന്ദി നേരിട്ടു, ബിദ്‌അത്തുകളെ ശക്തമായി എതിര്‍ത്തു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ സര്‍ഹിന്ദി മുഗിള്‍ ചക്രവര്‍ത്തിമാര്‍ക്കും മറ്റ്‌ ഉന്നതന്മാര്‍ക്കും ദഅ്‌വത്തുമായി അയച്ച കത്തുകളുടെ സമാഹാരമാണ്‌ മക്‌തൂബാത്‌ എന്ന തന്റെ പ്രസിദ്ധമായ ഗ്രന്ഥം. പഞ്ചാബിലെ സര്‍ഹിന്ദില്‍ ജനിച്ച ശൈഖ്‌ അഹ്‌മദ്‌, മുജദ്ദിദ്‌ അല്‍ഫ്‌ സാനി (രണ്ടാം സഹസ്രാബ്‌ദത്തിലെ പരിഷ്‌കര്‍ത്താവ്‌) എന്നാണ്‌ അറിയപ്പെട്ടത്‌.

ക്രിസ്‌താബ്‌ദം പതിനെട്ടാം നൂറ്റാണ്ടിന്റെ തിരുമുറ്റത്ത്‌ പിറന്നുവീണ്‌ ആറുപതിറ്റാണ്ട്‌ ജീവിച്ച ശാഹ്‌വലിയ്യുല്ലാഹി ദ്ദഹ്‌ലവി (1702-1762)യാണ്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പരിഷ്‌കര്‍ത്താവ്‌. സര്‍ഹിന്ദിയുടെ ആദര്‍ശ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട ശാഹ്‌വലിയ്യുല്ലാഹി ഇരു ഹറമുകളില്‍ നിന്നുള്‍പ്പെടെ നിരവധി മഹാരഥന്മാരില്‍ നിന്ന്‌ ഹദീസ്‌പഠനം പൂര്‍ത്തിയാക്കി. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഏതാണ്ട്‌ എല്ലാ മേഖലകളിലും വ്യുല്‍പത്തി നേടിയ അദ്ദേഹത്തിന്റെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ എന്ന വിഖ്യാതഗ്രന്ഥം മുസ്‌ലിം ഉമ്മത്തിന്‌ ഇന്നും പകരംവയ്‌ക്കാനില്ലാത്ത അമൂല്യ ഗ്രന്ഥങ്ങളിലൊന്നാണ്‌. പ്രഗത്ഭരായ തന്റെ നാലു മക്കളും ശ്രേഷ്‌ഠരായ നിരവധി ശിഷ്യന്മാരും മുസ്‌ലിം സമൂഹത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ ദൗത്യം ഏറ്റെടുത്ത്‌ മുന്നോട്ടു നീങ്ങി. ഹിജാസില്‍ നവോത്ഥാന സംരംഭവുമായി മുഹമ്മദുബ്‌നു അബ്‌ദില്‍വഹ്‌ഹാബ്‌ രംഗത്തുവന്നതും ഏതാണ്ട്‌ ഇതേ കാലത്തായിരുന്നു (1703-1792) എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.

ശാഹ്‌ വലിയ്യുല്ലാഹിയുടെ പിതാവ്‌ സ്ഥാപിച്ച മദ്‌റസ റഹീമിയ്യ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ അഭിമാനാര്‍ഹമായ വിജ്ഞാനകേന്ദ്രമായിരുന്നു. മുസ്‌ലിം നവോത്ഥാന രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച അനേകരെ വാര്‍ത്തെടുത്ത ഈ സ്ഥാപനത്തില്‍ നിന്ന്‌ വളര്‍ന്നുവന്ന സയ്യിദ്‌ അഹ്‌മദ്‌ ബറേല്‍വി രൂപീകരിച്ച `ത്വരീഖ എ മുഹമ്മദിയ്യ' എന്ന പ്രസ്ഥാനം ഉത്തരേന്ത്യയില്‍ വിപ്ലവാത്മകമായ ചലനങ്ങള്‍ സൃഷ്‌ടിച്ചു. അപ്പോഴേക്കും ഇന്ത്യ പൂര്‍ണമായി ബ്രിട്ടീഷ്‌ ആധിപത്യത്തില്‍ അമര്‍ന്നിരുന്നു. 1818-ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം ജനങ്ങളെ ഹഠാദാകര്‍ഷിച്ചു. തികച്ചും ഇസ്‌ലാമികമായി ജീവിതം നയിക്കാന്‍ സന്നദ്ധരായ ഒരു വലിയ സംഘം അദ്ദേഹത്തിന്റെ കൂടെയുണ്ടായി. 1824-ല്‍ ഹജ്ജ്‌ കഴിഞ്ഞ്‌ തിരിച്ചെത്തിയ അഹ്‌മദും സംഘവും ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ഇന്ത്യക്കാരെ ബോധവത്‌കരണം നടത്തി. ഫലത്തില്‍ ബ്രിട്ടീഷുകാര്‍ ഇവര്‍ക്കെതിരായി. ഹജ്ജ്‌ യാത്രയില്‍ `വഹാബി' ആശയം ഇന്ത്യയിലേക്ക്‌ എത്തിച്ച ദ്രോഹിയായി സയ്യിദ്‌ അഹ്‌മദ്‌ ചിത്രീകരിക്കപ്പെട്ടു. രാഷ്‌ട്രീയമായ ചില നീക്കങ്ങളില്‍ വന്ന പാളിച്ചകള്‍ ഒരു നിമിത്തമാക്കി ബ്രിട്ടീഷുകാര്‍ ആ സംഘത്തെ ആയുധംകൊണ്ട്‌ അടിച്ചമര്‍ത്തി നാമാവശേഷമാക്കിക്കളഞ്ഞു. കാരണം 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്‌ സയ്യിദ്‌ അഹ്‌മദിന്റെ പ്രസ്ഥാനം പ്രേരകമായി എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ട്‌ നിറഞ്ഞുനിന്ന്‌ സയ്യിദ്‌ സിദ്ദീഖ്‌ ഹസന്‍ഖാന്‍ മധ്യപ്രദേശിലെ ഭോപാല്‍ കേന്ദ്രമായി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. വിജ്ഞാന കേന്ദ്രങ്ങളും പണ്ഡിതന്മാരും ഇവിടെ നിറഞ്ഞുനിന്നു. അദ്ദേഹത്തിനെതിരിലും എതിരാളികള്‍ വഹാബിസം ആരോപിച്ച്‌ ബ്രിട്ടീഷുകാരെ ഇളക്കിവിട്ടു. മുഹമ്മദ്‌ബ്‌നു അബ്‌ദില്‍വഹ്‌ഹാബിന്റെ നേതൃത്വത്തില്‍ ഹിജാസില്‍ (സുഊദി) ഉണ്ടായ നവോത്ഥാനത്തെ തുര്‍ക്കികള്‍ ബ്രിട്ടീഷ്‌ സഹായത്തോടെ എതിര്‍ത്തത്‌ പ്രസിദ്ധമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ബീഹാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിക ജാഗരണത്തിന്‌ നേതൃത്വം നല്‍കിയ സയ്യിദ്‌ സുലൈമാന്‍ നദ്‌വി, (1884-1953) ഇന്ത്യയിലെ അറിയപ്പെട്ട പണ്ഡിതനും നവോത്ഥാന നായകനുമായിരുന്നു. മത-സാമൂഹിക-രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന അദ്ദേഹം മുസ്‌ലിം ലോകത്തിന്‌ ദിശാബോധം നല്‌കിയ പരിഷ്‌കര്‍ത്താവായിരുന്നു. അബുല്‍കലാം ആസാദ്‌, മൗലാനാ മുഹമ്മദലി മുതലായവരുടെ സമകാലികനും സഹപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. മുഹദ്ദിസുദ്ദഹ്‌ലവി എന്നറിയപ്പെട്ട മിയാന്‍ സയ്യിദ്‌ നദീര്‍ ഹുസൈന്‍, ശിബ്‌ലി നുഅ്‌മാനി (ഉത്തര്‍പ്രദേശ്‌) തുടങ്ങി നിരവധി ഇസ്‌ലാമിക പണ്ഡിതവര്യന്മാര്‍ വിവിധ കാലഘട്ടങ്ങളില്‍ യഥാര്‍ഥ സലഫിന്റെ ആശയവുമായി ഇന്ത്യാരാജ്യത്ത്‌ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇസ്‌ലാമിക ലോകത്തിന്‌ നിരവധി സംഭാവനകള്‍ നല്‍കാനായിട്ടുണ്ട്‌. ത്വരീഖത്തുകളുടെയും മദ്‌ഹബുകളുടെയും പിടിയില്‍പെട്ട ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ വിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചം ലഭിക്കാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിമിത്തമായി.

ഇന്ത്യയിലേക്ക്‌ ആദ്യമായി കടന്നുവന്ന മുസ്‌ലിം സമൂഹങ്ങളില്‍ പ്രമുഖരായ താബിഉകള്‍ ഉണ്ടായിരുന്നതായും അവര്‍ മുഖേന ഹദീസ്‌ വിജ്ഞാനീയങ്ങള്‍ ഇവിടെ പുഷ്‌കലമായതായും ചരിത്രം രേഖപ്പെടുത്തുന്നു. ശൈഖ്‌ ഇസ്‌മാഈല്‍ (മരണം ഹി.448), ഇമാം സഗാനി(മരണം ഹി.650) തുടങ്ങിയ ഹദീസ്‌ പണ്ഡിതര്‍ക്കുശേഷം ഹദീസ്‌ വിജ്ഞാനം ഇന്ത്യയില്‍ ക്ഷയിച്ചു. പാരമ്പര്യവും മദ്‌ഹബും ത്വരീഖത്തും നിലനിന്നിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌ സുന്നത്ത്‌ പുനരുജ്ജീവനപ്രസ്ഥാനം ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്നത്‌. നടേപറഞ്ഞ നദീര്‍ ഹുസൈന്‍, സിദ്ദീഖ്‌ ഹസന്‍ (ഭോപാല്‍) മുതലായവരിലൂടെയാണ്‌ അത്‌ നിലവില്‍വരുന്നത്‌. ഇന്ത്യന്‍ പണ്ഡിതന്മാരുടെ ശ്രമമില്ലായിരുന്നുവെങ്കില്‍ പൗരസ്‌ത്യ മേഖലയില്‍ നിന്ന്‌ ഹദീസ്‌ വിജ്ഞാനം നാമാവശേഷമായിപ്പോകുമായിരുന്നു എന്ന്‌ സയ്യിദ്‌ റശീദ്‌ രിദാ (ഈജിപ്‌ത്‌) നിരീക്ഷിക്കുന്നു. (മിഫ്‌താഹു കുനൂസിസ്സുന്ന)

പണ്ഡിത്മാരും അവരുടെ ഗ്രന്ഥങ്ങളും പോലെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളിലെ നാഴികക്കല്ലുകളായ അനേകം വിജ്ഞാനകേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്‌. അലീഗഡ്‌, ഹംദര്‍ദ്‌, ജാമിഅ മില്ലിയ മുതലായ പ്രസിദ്ധ സര്‍വകലാശാലകള്‍ ഇവയില്‍ ചിലതാണ്‌. കൂടാതെ ജാമിഅ സലഫിയ്യ (ബനാറസ്‌), ജാമിഅ ഇമാം ബുഖാരി (കിശന്‍ഗഞ്ച്‌), ജാമിഅ അഹ്‌മദിയ്യ സലഫിയ്യ (ബീഹാര്‍), ജാമിഅ ദാറുസ്സലാം-ഉമറാബാദ്‌(തമിഴ്‌നാട്‌), ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ (ലക്‌നോ) മുതലായ സ്ഥാപനങ്ങള്‍ പ്രസിദ്ധമാണ്‌. ഈ പറഞ്ഞ നവോത്ഥാന പ്രവര്‍ത്തനങ്ങളും മതവിദ്യാ കേന്ദ്രങ്ങളും ഒക്കെ ഉണ്ടെങ്കിലും കോടിക്കണക്കിന്‌ വരുന്ന മുസ്‌ലിം ജനസാമാന്യത്തിന്‌ വേണ്ടത്ര ദീനീബോധം നല്‍കാനോ അവരെ മാതൃകാ സമൂഹമാക്കി വളര്‍ത്തിക്കൊണ്ടുവരാനോ അവയൊന്നും പര്യാപ്‌തമായിരുന്നില്ല. കാരണം ദയൂബന്ദ്‌ പോലുള്ള വലിയ ദീനീ സ്ഥാപനങ്ങളും നാട്ടിന്റെ നാനാഭാഗത്തും പരന്നുകിടക്കുന്ന പീറുമാരും (ഔലിയാക്കള്‍ എന്ന്‌ മലയാളികള്‍ പറയുന്ന) സൂഫിമാരും പ്രചരിപ്പിച്ചത്‌ അന്ധവിശ്വാസത്തിലും മദ്‌ഹബീപക്ഷപാതിത്വത്തിലും അധിഷ്‌ഠിതമായ ഒരുതരം ഭക്തിപ്രസ്ഥാനമായിരുന്നു.

അന്ധവിശ്വാസത്തിലമര്‍ന്ന സമുദായം, ബ്രിട്ടീഷാധിപത്യം, മുസ്‌ലിംകള്‍ക്കു നേരെയുള്ള അവരുടെ ഒളിയുദ്ധം, ക്രിസ്‌ത്യന്‍ മിഷനറിമാരുടെ സംഘടിത പ്രവര്‍ത്തനം, ആര്യ സമാജക്കാരുടെ ഭാഗത്തുനിന്നുള്ള സൈദ്ധാന്തിക ആക്രമണം, ഭൗതികവിജ്ഞാനം നേടാത്ത മദ്‌ഹബീ പക്ഷപാതിത്വത്തിലമര്‍ന്ന മതനേതൃത്വം - ഇതായിരുന്നു പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു അവസ്ഥ. ബ്രിട്ടീഷുകാരുടെ ഭാഷയും വിദ്യാഭ്യാസവും നേടിക്കൊണ്ടു മാത്രമേ മുസ്‌ലിംകള്‍ക്ക്‌ പുരോഗതിപ്പെടാന്‍ കഴിയൂ എന്ന കാഴ്‌ചപ്പാടില്‍ വിദ്യാഭ്യാസരംഗത്ത്‌ കഠിനശ്രമം നടത്തിയ മഹാനാണ്‌ അലിഗഡിന്റെ സ്ഥാപകന്‍ സര്‍ സയ്യിദ്‌ അഹ്‌മദ്‌ഖാന്‍ (1817-1898). അദ്ദേഹത്തിന്റെ ചില കാഴ്‌ചപ്പാടുകളോട്‌ എതിര്‍പ്പുണ്ടാകാമെങ്കിലും ഇന്ത്യന്‍ മുസ്‌ലിംകളെ നവോത്ഥാനത്തിലേക്ക്‌ നയിച്ചവരില്‍ പ്രധാനിയാണ്‌ സര്‍ സയ്യിദ്‌ എന്ന കാര്യത്തില്‍ സംശയമില്ല. 1906-ല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സര്‍വേന്ത്യ മുസ്‌ലിംലീഗ്‌ നിലവില്‍ വന്നു. ഇന്ത്യക്കാരുടെ താല്‌പര്യങ്ങള്‍ പൊതുവിലും മുസ്‌ലിംകളുടെ താല്‌പര്യങ്ങള്‍ പ്രത്യേകിച്ചും ഹനിക്കുക എന്നത്‌ ബ്രിട്ടീഷുകാരുടെ പ്രഖ്യാപിത നയമായിരുന്നു. രാഷ്‌ട്രീയ രംഗത്ത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന മൗലാനാ അബുല്‍കലാം ആസാദ്‌ (1888-1958) മുസ്‌ലിം നവോത്ഥാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ശാഹ്‌വലിയ്യുല്ലാഹിയുടെ ആദര്‍ശത്തില്‍ നിന്ന്‌ ഊര്‍ജം നേടിയ ആസാദ്‌ വിശുദ്ധ ഖുര്‍ആനിന്റെ ഉര്‍ദു തഫ്‌സീര്‍ (തര്‍ജുമാനുല്‍ ഖുര്‍ആന്‍) തയ്യാറാക്കിയ പണ്ഡിതന്‍ കൂടിയായിരുന്നു

മുസ്‌ലിം സമൂഹത്തില്‍ സലഫീ ചിന്താഗതിയില്‍ സമുദായത്തെ നയിച്ചവരും മുസ്‌ലിംലീഗും എല്ലാം തങ്ങള്‍ക്ക്‌ തലവേദന സൃഷ്‌ടിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ മുസ്‌ലിംകളെ ആദര്‍ശതലത്തില്‍ ഭിന്നിപ്പിക്കാന്‍ ഇറക്കിയ തുരുപ്പുചീട്ടായിരുന്നു മീര്‍സാ ഗുലാം അഹ്‌മദ്‌ ഖാദിയാനി. ബ്രിട്ടീഷുകാര്‍ നിര്‍ലോപം സഹായം നല്‍കിയ മീര്‍സാ ഇസ്‌ലാമിനു നേരെ കടന്നാക്രമണം തന്നെ നടത്തി. അന്ധതയില്‍ ആമഗ്‌നമായ സമുദായം, പൗരോഹിത്യ മുല്ലമാരുടെ നേതൃത്വം, മീര്‍സയുടെ സൈദ്ധാന്തിക വെല്ലുവിളി, ആര്യസമാജക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ ഉയര്‍ത്തിയ ആദര്‍ശപരമായ എതിര്‍പ്പുകള്‍, ക്രിസ്‌ത്യന്‍ മിഷനറിയുടെ ഇസ്‌ലാമിനെതിരെയുള്ള പ്രചാരണങ്ങള്‍ ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ്‌ ഇരുപതാം നൂറ്റാണ്ട്‌ പിറവിയെടുത്തത്‌. സയ്യിദ്‌ അഹ്‌മദ്‌ ബറേല്‍വി രൂപം നല്‍കിയ `ത്വരീഖ എ മുഹമ്മദിയ്യ' ബ്രിട്ടീഷുകാരാല്‍ അടിച്ചമര്‍ത്തപ്പെട്ടുവെങ്കിലും അതില്‍ നിന്ന്‌ പ്രചോദനം കൊണ്ട ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവിടവിടെ ഉണ്ടായിരുന്നു. മുവഹ്‌ഹിദുകളായ ആളുകളെ സംഘടിപ്പിച്ചുകൊണ്ട്‌, ബീഹാറിലെ അല്‍മദ്‌റസത്തുല്‍ അഹ്‌മദിയ്യ കേന്ദ്രമാക്കി, അബുല്‍വഫ സനാഉല്ല അമൃതസരി (1828-1948)യുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ (1906) ജംഇയ്യത്ത്‌ അഹ്‌ലെ ഹദീസ്‌ എന്ന പ്രസ്ഥാനമാണ്‌ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ ദിശാബോധം നല്‌കിയത്‌.

സനാഉല്ല അമൃതസരി ഒരേസമയം ആര്യ സമാജക്കാരെയും പാതിരിമാരെയും മീര്‍സയെയും ഒന്നിച്ചുനേരിട്ട അതുല്യ പ്രതിഭയായിരുന്നു. പാണ്ഡിത്യത്തിന്റെ നിറകുടമായ ആ അമൃതസറുകാരന്‍ ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്‌, കര്‍മശാസ്‌ത്ര പണ്ഡിതന്‍, മുഫ്‌തി, പത്രാധിപര്‍, സമൂഹനായകന്‍, സംഘാടകന്‍ എല്ലാമായിരുന്നു. അഹ്‌ലേ ഹദീസ്‌ ജനകീയ അടിത്തറയുള്ള ആദര്‍ശമുന്നേറ്റമായി നിലകൊണ്ടു. എല്ലാ സംസ്ഥാനങ്ങളിലും അഹ്‌ലേ ഹദീസിന്‌ ഘടകങ്ങളുണ്ടായി. ഏതാണ്ട്‌ ഇന്ത്യയൊട്ടാകെ സംഘടിതമായ സലഫീ മുന്നേറ്റത്തിന്‌ അഹ്‌ലേ ഹദീസ്‌ നേതൃത്വം നല്‌കി. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഹനഫികള്‍ കഴിഞ്ഞാല്‍ കൂടുതലുള്ളത്‌ സലഫികളാണ്‌.

1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്ന്‌ മോചിതമായത്‌ ഇന്ത്യയെ വിഭജിച്ചുകൊണ്ടായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കിഴക്കും പടിഞ്ഞാറുമുള്ള പാകിസ്‌താന്‍ വേര്‍പെട്ടതോടെ പണ്ഡിതന്മാരും നേതാക്കന്മാരുമെല്ലാം തന്നെ പാകിസ്‌താനിലായിത്തീര്‍ന്നു. ഇന്ത്യ സ്വന്തം ജന്മഭൂമിയായി കരുതി ഇവിടെ അവശേഷിച്ചവര്‍ എല്ലാ അര്‍ഥത്തിലും പിന്നണിയിലായി. വിഭജനം സൃഷ്‌ടിച്ച സാമുദായികമായ അകല്‍ച്ച, മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തിക പരാധീനത, നേതൃദാരിദ്ര്യം, രാഷ്‌ട്രീയ രംഗത്തെ സ്വാധീനമില്ലായ്‌മ തുടങ്ങിയ പ്രതികൂലങ്ങളുടെ നടുവിലായ സമുദായം ഒറ്റപ്പെട്ടതുപോലെയായിത്തീര്‍ന്നു.

1948-ല്‍ സനാഉല്ല വിട പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ മൗലാനാ ആസാദെന്ന ഉത്‌പതിഷ്‌ണു കാബിനറ്റ്‌ മന്ത്രിയായി എന്നത്‌ നേരാണെങ്കിലും പിന്നീട്‌ ഒരു ആസാദ്‌ ഉയര്‍ന്നുവന്നില്ല. വിഭജനത്തോടെ മുസ്‌ലിംലീഗിലും പ്രതിസന്ധിയായി. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ രൂപീകരിച്ചു. അതിനിടയില്‍ 1941-ല്‍ സയ്യിദ്‌ മൗദൂദി എന്ന ചിന്തകന്‍ (1903-1979) തന്റെ ഹുകൂമത്തെ ഇലാഹി വാദവുമായി ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന രൂപീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌ കലുഷമായ ഇന്ത്യന്‍ മുസ്‌ലിം സാമൂഹികാവസ്ഥയ്‌ക്ക്‌ ഒട്ടും ഗുണകരമായില്ല. സ്വതന്ത്ര ഇന്ത്യയില്‍ മൗദൂദിയില്ലാത്ത മൗദൂദിയന്‍ ആശയം ചിലര്‍ കൊണ്ടുനടന്നു. ജംഇയ്യത്ത്‌ അഹ്‌ലെ ഹദീസ്‌ സ്വതന്ത്ര ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. സ്വതന്ത്ര ഇന്ത്യയില്‍ എടുത്തുപറയാവുന്ന തലയെടുപ്പുള്ള ഒരു പണ്ഡിതന്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദിനത്തില്‍ വിട പറഞ്ഞ അബുല്‍ ഹസന്‍ അലി നദ്‌വി (1914-1999) മാത്രമായിരുന്നു.

ഒരു നൂറ്റാണ്ട്‌ പിന്നിടുമ്പോള്‍ നാം കാണുന്ന മുസ്‌ലിം ചരിത്രം ആത്ര ആശാവഹമല്ല. യു പി, ബീഹാര്‍, ഝാര്‍ഖണ്ഡ്‌, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന്‌ മുവഹ്‌ഹിദുകളായ അഹ്‌ലേ ഹദീസുകാര്‍ ജീവിക്കുന്നുണ്ടെങ്കിലും ആധുനിക കാലത്ത്‌ ബഹുസ്വര സമൂഹത്തിനിടയില്‍ ആദര്‍ശം മുറുകെപിടിച്ച്‌ പ്രായോഗികമായി ജീവിതം നയിക്കുന്നതില്‍ അവര്‍ വിജയം വരിച്ചു എന്നു പറയാന്‍ കഴിയില്ല. സമൂഹത്തിന്റെ അടിത്തട്ടിലേക്ക്‌ ഇറങ്ങിവരാത്ത ഇസ്വ്‌ലാഹ്‌ ഉന്നതര്‍ക്കിടയില്‍ ചുറ്റിക്കറങ്ങി. അതേ സമയം അഗാധ ജ്ഞാനമുള്ള നിരവധി പണ്ഡിതന്മാര്‍ ഉത്തരേന്ത്യയില്‍ എക്കാലത്തുമുണ്ടായിരുന്നു. അതേസമയം, ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതീകങ്ങളായി നിലകൊള്ളുന്നത്‌ മുഗിളന്മാര്‍ വിട്ടേച്ചുപോയ കുറെ സ്‌മാരകങ്ങളും അജ്‌മീര്‍, നിസാമുദ്ദീന്‍ പോലുള്ള സ്ഥലങ്ങളിലെ ദര്‍ഗകളുമായിരിക്കുന്നു എന്നത്‌ അത്യന്തം ഖേദകരമാണ്‌.

മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും കൂടി ലഭ്യമാക്കുക എന്നത്‌ ഉത്തരേന്ത്യയില്‍ പ്രയോഗിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കേരളത്തിന്റെ സ്ഥിതി ഇതില്‍ നിന്ന്‌ പല നിലയിലും വ്യത്യസ്‌തമാണ്‌. വിഭജനാനന്തര പ്രശ്‌നങ്ങള്‍ ഇവിടെ ഒട്ടും ഏശിയില്ല. ഇവിടെ അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍ സംഘടിതമായ ഇസ്വ്‌ലാഹീ പ്രവര്‍ത്തനം നടന്നു. ഭൗതിക വിദ്യാഭ്യാസത്തോട്‌ ആഭിമുഖ്യം പുലര്‍ത്തി. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്‌ലിംകള്‍ ധാരാളം എത്തിച്ചേര്‍ന്നു. മുസ്‌ലിംലീഗ്‌, കോണ്‍ഗ്രസ്‌ എന്നീ പാര്‍ട്ടികളില്‍ സജീവ സാന്നിധ്യം തെളിയിച്ച മുസ്‌ലിംകള്‍, എക്‌സിക്യൂട്ടീവിലെന്നപോലെ ലജിസ്‌ളേച്ചറിലും ഭാഗവാക്കുകളായി. മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമൂഹത്തിന്‌ ഒരുപോലെ ലഭിച്ചു. ആയതിനാല്‍ ഇരുപതാം നൂറ്റാണ്ട്‌ കേരള മുസ്‌ലിംകളുടെ ഉയിര്‍ത്തെഴുന്നേല്‌പിന്റെ കാലഘട്ടമായിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചുവന്ന മുജാഹിദു പ്രസ്ഥാനം അഹ്‌ലേ ഹദീസിന്റെ ആശയക്കാര്‍ തന്നെയായതിനാല്‍ അഹ്‌ലേ ഹദീസിന്‌ കേരളത്തില്‍ ഘടകമില്ല എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഇന്ന്‌ പിന്നാക്കത്തില്‍ പിന്നണിയിലായ ഇന്ത്യന്‍ മുസ്‌ലിംകള്‍ കേരളത്തില്‍ നടന്നതും നിലനില്‌ക്കുന്നതുമായ നവോത്ഥാനത്തിന്റെ പാത തേടുകയാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: