പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹകരണത്തിന്റെ വഴിതേടണം

  • Posted by Sanveer Ittoli
  • at 8:17 PM -
  • 0 comments
പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹകരണത്തിന്റെ വഴിതേടണം

- അഭിമുഖം -

ഡോ അലി ജുംഅ

ഈയിടെ പ്രഖ്യാപിച്ച പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌, തുടരുന്ന മുര്‍സിവിരുദ്ധ പ്രകടനങ്ങള്‍, മോശപ്പെട്ട സാമ്പത്തിക നില -ആകെക്കൂടി ഈജിപ്‌തിന്റെ രാഷ്‌ട്രീയാവസ്ഥ തികച്ചും ഭദ്രമല്ലാത്ത സ്ഥിതിയിലൂടെയാണ്‌ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. അസ്വസ്ഥതയുടെയും ഭിന്നിപ്പിന്റെയും അവസ്ഥയില്‍ നിന്ന്‌ രാജ്യനന്മക്കായി ഒരുമിച്ചുനില്‌ക്കാന്‍ ഈജിപ്‌തിലെ പ്രമുഖ മതപണ്ഡിതനായ ഡോ. അലി ജുംഅ ജനങ്ങളോടഭ്യര്‍ഥിക്കുന്നു.


അല്‍ അസ്‌ഹറിലെ ദാറുല്‍ ഇഫ്‌തായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌?

ഞാന്‍ ദാറുല്‍ ഇഫ്‌തായുടെ ഉത്തരവാദിത്തം ഏറ്റെടുത്തതു മുതല്‍ സ്ഥല, സമയ പരിമിതികള്‍ക്കുപരിയായി ലോകത്തുള്ള ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ മാതൃകയായ അന്താരാഷ്‌ട്ര സംഘടനയായി ദാറുല്‍ ഇഫ്‌ത്വയെ മാറ്റാനുള്ള ശ്രമത്തിലാണ്‌. മീഡിയ, വികസനം, മധ്യസ്ഥം വഹിക്കല്‍ എന്നീ മേഖലകളില്‍ ആധുനിക ശാസ്‌ത്രത്തിന്റെ സഹായത്തോടെ മാറ്റങ്ങള്‍ കൊണ്ടുവന്നു. ദാറുല്‍ ഇഫ്‌തായുടെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയെ വിദ്യാസമ്പന്നരാക്കി വളര്‍ത്തുന്നതില്‍ ഞാന്‍ ദത്തശ്രദ്ധനായിരുന്നു. ഇപ്പോള്‍ അല്‍അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ്‌ ശരീഅ ലോയില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളാണ്‌ നാലാം തലമുറയിലുള്ളത്‌. ദാറുല്‍ ഇഫ്‌ത്തയുടെ ചരിത്രപരമായ ദൗത്യം ഏറ്റെടുക്കാന്‍ അവര്‍ പ്രാപ്‌തരാണ്‌. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുക എന്ന സാമൂഹ്യ ദൗത്യത്തെക്കുറിച്ചും ദാറുല്‍ ഇഫ്‌തയിലെ അംഗങ്ങള്‍ ബോധവാന്മാരാണ്‌. പാണ്ഡിത്യം, പുരോഗതിക്കായുള്ള ശ്രമം, ജനങ്ങള്‍ക്കിടയില്‍ സ്‌നേഹവും സമാധാനവും പടര്‍ത്തല്‍, നാടിന്റെ പുനര്‍നിര്‍മാണം, ദൈവത്തെ ആരാധിക്കല്‍ എന്നിവയോടാണ്‌ ഞങ്ങള്‍ക്ക്‌ ആഭിമുഖ്യം. ദാറുല്‍ ഇഫ്‌തയിലെ പണ്ഡിതന്മാര്‍ മുന്‍കാലങ്ങളില്‍ നല്‌കിയ ഫത്‌വകളും മറ്റു ബൗദ്ധിക സംഭാവനകളും സംരക്ഷിക്കുന്നതിനായി സാംസ്‌കാരിക മന്ത്രാലയവുമായി ഞങ്ങള്‍ ഒരു കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്‌. ഇവയുടെയെല്ലാം (ദാറുല്‍ ഇഫ്‌തയിലെ മുന്‍കാല പണ്ഡിതന്മാരുടെ ബൗദ്ധികസംഭാവനകള്‍) കോപ്പികള്‍ ഈജിപ്‌ഷ്യന്‍ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ വക്കുന്നതിന്‌ ഈ കരാര്‍ പ്രയോജനപ്പെടും. ഈജിപ്‌ഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്‌, അല്‍അസ്‌ഹര്‍ എന്നിവിടങ്ങളിലേക്ക്‌ ഈ രേഖകള്‍ അയയ്‌ക്കുന്നത്‌ കൂടാതെ ദാറുല്‍ ഇഫ്‌തയില്‍ ഇവയുടെ കോപ്പികള്‍ ഉണ്ടായിരിക്കുകയും ചെയ്യും.

വിരമിക്കുന്ന മുഫ്‌ത്തി എന്ന നിലയില്‍ താങ്കളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കും?

പദവികളില്‍ നിന്ന്‌ വിരമിച്ചാലും മതപണ്ഡിതന്മാര്‍ അവരുടെ മതത്തിനും സമുദായത്തിനും സേവനംചെയ്യല്‍ നിറുത്തുന്നില്ല. ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്ന വിജ്ഞാനം വിട്ടേച്ചുപോകുന്നതിനാല്‍ മരണശേഷവും അവരുടെ സേവനം നിലനില്‌ക്കുകയാണ്‌. പണ്ഡിതന്മാരെ ദൈവം ഏല്‌പിച്ചിട്ടുള്ള വലിയ ഉത്തരവാദിത്തമാണ്‌ എന്നതുകൊണ്ടുതന്നെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സ്വദേശത്തും ഇതരനാടുകളിലും ഞങ്ങള്‍ പിന്തുണയ്‌ക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഈ ഉത്തരവാദിത്തം സമയം, സ്ഥലം, പദവി എന്നിവയാല്‍ ബന്ധിതമല്ലാത്തതിനാല്‍ ഇതില്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ പിന്തിരിയാനാവില്ല.

ഇപ്പോഴത്തെ രാഷ്‌ട്രീയ ഭിന്നിപ്പിനെ എങ്ങനെ തരണം ചെയ്യാനാവും?

ഭിന്നിപ്പില്‍ നിന്നകന്ന്‌ ഐക്യത്തിലെത്തുകയാണ്‌ വേണ്ടത്‌. വ്യക്തിപരമായ പക്ഷപാതിത്വങ്ങളില്‍ നിന്നും ഭിന്നിപ്പില്‍ നിന്നും അകന്ന്‌ ജനുവരി 25-ലെ വിപ്ലവത്തിനു വേണ്ടിയുള്ള ഐക്യകരാറില്‍ ഈജിപ്‌തുകാര്‍ എത്തിയപ്പോള്‍ അവര്‍ക്ക്‌ അഴിമതിയിലും അനീതിയിലും അടിച്ചമര്‍ത്തലിലും മുഴുകിയ ഭരണകൂടത്തെ തുരത്താന്‍ കഴിഞ്ഞു. അഥവാ എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തിലെത്തിയപ്പോള്‍ ലോകത്തിലെ മഹത്തായ വിപ്ലവങ്ങളിലൊന്നിന്‌ അവരും ലോകവും സാക്ഷിയായി. അതിനാല്‍ രാജ്യത്തിനും രാജ്യത്തിന്റെ പുരോഗതിക്കും വേണ്ടി ഈജിപ്‌തുകാരെന്ന നിലയില്‍ ഒന്നിക്കാന്‍ ഞാനഭ്യര്‍ഥിക്കുന്നു. രാജ്യത്തെ ദ്രോഹിക്കാനും ഛിദ്രമാക്കാനും ശ്രമിക്കുന്ന ഈജിപ്‌തിന്റെ ശത്രുക്കള്‍ക്ക്‌ അതിനുള്ള അവസരം നല്‌കരുത്‌.

ഇപ്പോഴത്തെ രാഷ്‌ട്രീയ ഭിന്നിപ്പിനെ എങ്ങനെ തരണം ചെയ്യാനാവും?

ഭിന്നിപ്പില്‍ നിന്നകന്ന്‌ ഐക്യത്തിലെത്തുകയാണ്‌ വേണ്ടത്‌. വ്യക്തിപരമായ പക്ഷപാതിത്വങ്ങളില്‍ നിന്നും ഭിന്നിപ്പില്‍ നിന്നും അകന്ന്‌ ജനുവരി 25-ലെ വിപ്ലവത്തിനു വേണ്ടിയുള്ള ഐക്യകരാറില്‍ ഈജിപ്‌തുകാര്‍ എത്തിയപ്പോള്‍ അവര്‍ക്ക്‌ അഴിമതിയിലും അനീതിയിലും അടിച്ചമര്‍ത്തലിലും മുഴുകിയ ഭരണകൂടത്തെ തുരത്താന്‍ കഴിഞ്ഞു. അഥവാ എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തിലെത്തിയപ്പോള്‍ ലോകത്തിലെ മഹത്തായ വിപ്ലവങ്ങളിലൊന്നിന്‌ അവരും ലോകവും സാക്ഷിയായി. അതിനാല്‍ രാജ്യത്തിനും രാജ്യത്തിന്റെ പുരോഗതിക്കും വേണ്ടി ഈജിപ്‌തുകാരെന്ന നിലയില്‍ ഒന്നിക്കാന്‍ ഞാനഭ്യര്‍ഥിക്കുന്നു. രാജ്യത്തെ ദ്രോഹിക്കാനും ഛിദ്രമാക്കാനും ശ്രമിക്കുന്ന ഈജിപ്‌തിന്റെ ശത്രുക്കള്‍ക്ക്‌ അതിനുള്ള അവസരം നല്‌കരുത്‌.

ഈജിപ്‌ത്‌ വിഷമം പിടിച്ച ഈ അവസ്ഥ മറികടക്കുന്നതുവരെയെങ്കിലും ഐക്യം നിലനിര്‍ത്തേണ്ടത്‌ ഇപ്പോഴത്തെ അതിപ്രധാന ബാധ്യതകളിലൊന്നാണ്‌. നമ്മുടെ രാജ്യത്ത്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അളക്കാനുള്ള ബാരോമീറ്ററായി ഈജിപ്‌തുകാര്‍ക്കിടയിലുള്ള ബന്ധം ഉപയോഗിക്കാനാവണം. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലും രാജ്യപുരോഗതിയിലും നാം ശ്രദ്ധ പതിപ്പിക്കണം.

രാജ്യത്ത്‌ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെക്കുറിച്ച്‌?

മിക്ക രാജ്യങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാറുണ്ട്‌. മറ്റുള്ളവരെ ഉപദ്രവിക്കാത്തിടത്തോളം അവ മനുഷ്യാവകാശങ്ങളാണ്‌. ഇതിനെക്കുറിച്ച്‌ പ്രവാചക വചനം വിശദമായിപ്പറയുന്നുണ്ട്‌. എന്നാല്‍ ഇത്തരം പരിപാടികളില്‍ മുഴുകിയിരിക്കുന്നവര്‍ വിശ്വാസം കുറഞ്ഞവരാണ്‌. വര്‍ത്തമാനകാല പ്രതിസന്ധിയെ മറികടക്കാന്‍ എല്ലാ ഈജിപ്‌തുകാരും ഒറ്റക്കെട്ടാവണം. പ്രതിഷേധങ്ങളില്‍ മുഴുകിയിരിക്കുന്ന രാജ്യത്തിന്റെയും ജനതയുടെയും താല്‌പര്യങ്ങള്‍ക്കെതിരെ നില്‌ക്കുന്നവരോട്‌ ഞാന്‍ പറയുന്നു: ദൈവത്തെ ഭയക്കുക, നിങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ നാടിനുവേണ്ടിയും. ഈ പ്രതിഷേധങ്ങള്‍ക്ക്‌ അഭിപ്രായ സ്വാതന്ത്ര്യവുമായോ ജനാധിപത്യവുമായോ ഒരു ബന്ധവുമില്ല. നിയമ വിധേയമായി, സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക്‌ എല്ലാവര്‍ക്കും അവകാശമുണ്ട്‌. ഒരാള്‍ക്കും അത്‌ നിഷേധിക്കാനാവില്ല.

അല്‍അസ്‌ഹര്‍ ആരംഭിക്കുന്ന ഉപഗ്രഹ ചാനല്‍ പ്രക്ഷേപണത്തെക്കുറിച്ച്‌?

മതത്തിന്റെ പേരിലുള്ള തീവ്രവാദ പരമായ പ്രചാരണങ്ങളെ തടുക്കുന്നതിന്റെ ഭാഗമായാണ്‌ അല്‍ അസ്‌ഹര്‍ ചാനല്‍ ആരംഭിക്കുന്നത്‌. മറ്റുള്ളവരെ കാഫിറാക്കുകയും തെറ്റായ ഫത്‌വകളിലൂടെ ആളുകളെ വഴിതെറ്റിക്കുകയുമാണ്‌ ചില ചാനലുകള്‍. ഇത്‌ കുഴപ്പം സൃഷ്‌ടിക്കുന്നു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദ ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നതിനായി മിതവാദപരമായ നിലപാട്‌ പ്രചരിപ്പിക്കലാണ്‌ ഞങ്ങളുടെ ചാനലിന്റെ ലക്ഷ്യം. വഴിതെറ്റിക്കുന്ന ഫത്‌വകളെ പ്രതിരോധിക്കേണ്ടതുണ്ട്‌. അല്‍അസ്‌ഹറിന്റെ നിലപാടുകെളയായിരിക്കും ഈ ചാനല്‍ പിന്തുണയ്‌ക്കുക. പണ്ഡിതന്മാര്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യും. ഈ ചാനലിന്റെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്‌പെഷല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. ആധുനിക മാധ്യമരംഗത്തെ ടെക്‌നോളജി ഉപയോഗിച്ചായിരിക്കും ഇസ്‌ലാമികസന്ദേശപ്രചാരണം. ലളിതവും ആധുനികവുമായ സമീപനത്തിലൂടെ ഈജിപ്‌തുകാരും അല്ലാത്തവരുമായ എല്ലാ വിഭാഗം ജനതയെയും അഭിമുഖീകരിക്കാനുള്ള ശ്രമമാണ്‌ ഞങ്ങളുടേത്‌. അതോടൊപ്പം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, പാശ്ചാത്യലോകത്ത്‌ ഇസ്‌ലാമിനെക്കുറിച്ച്‌ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള മോശമായ ധാരണകള്‍ തിരുത്തുക, സഹിഷ്‌ണുതയുള്ള നമ്മുടെ മതത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുക എന്നിവയും ഞങ്ങളുടെ ലക്ഷ്യങ്ങളാണ്‌.

വ്യക്തിപരമായ നേട്ടങ്ങള്‍ സംരക്ഷിക്കുക എന്നതാണ്‌ ഇക്കാലത്ത്‌ മിക്ക മാധ്യമങ്ങളുടെയും പ്രേരകശക്തി എന്ന വാദത്തോട്‌ യോജിക്കുന്നുണ്ടോ?

വിജ്ഞാനം നല്‌കുക എന്നതിലല്ല, പ്രകോപിപ്പിക്കുക എന്നതിലാണ്‌ ദൗര്‍ഭാഗ്യവശാല്‍ ചില മാധ്യമങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. ഇത്തരം മാധ്യമങ്ങളെ ഞങ്ങള്‍ പൂര്‍ണമായും നിരാകരിക്കുന്നു. അത്തരം മാധ്യമങ്ങള്‍ക്കു പിന്നിലുള്ളവരോട്‌ ഞാന്‍ പറയുന്നു: അവരുടെ മതപരവും സാംസ്‌കാരികവുമായ ദൗത്യം സംഹാരമാവരുത്‌, നിര്‍മാണമാവണം. സമൂഹത്തിന്‌ വെളിച്ചം നല്‌കണം. നുണ, ചതി, കിംവദന്തി എന്നിവയിലൂടെയല്ലാതെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയണം.

ഏതൊരു പുതിയ കണ്ടുപിടുത്തത്തിനും പിന്നിലുള്ള പോലെ ശ്രമം ഇതിനും ആവശ്യമാണ്‌. വേണ്ടത്ര പ്രൊഫഷണലിസമില്ലാതെ സ്വന്തം നേട്ടത്തിനു വേണ്ടി മാത്രമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദൈവത്തെയോ പ്രവാചകനെ(സ)യോ വിശ്വാസികളെയോ സന്തോഷിപ്പിക്കാനാവില്ല. ഇത്തരം മാധ്യമങ്ങളെക്കുറിച്ച്‌ ജനങ്ങളിപ്പോള്‍ സംശയാലുക്കളാണ്‌. എല്ലാവരും സത്യസന്ധത പാലിക്കണം. അതാണല്ലോ ഇസ്‌ലാം പറയുന്നത്‌. സമൂഹത്തിലെ നേതാക്കളും ബുദ്ധിജീവികളും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും വിട്ടുനില്‌ക്കല്‍ ലക്ഷ്യമിടുന്ന ഒരു മീഡിയാ ഹോണര്‍ കോഡ്‌ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്‌. നാടിന്റെ വളര്‍ച്ചയ്‌ക്കും വികസനത്തിനുമായിരിക്കണം മീഡിയ മുന്‍തൂക്കം നല്‌കേണ്ടത്‌.

രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ അല്‍അസ്‌ഹര്‍ എങ്ങനെ അഭിമുഖീകരിക്കുന്നു?

രാജ്യത്ത്‌ അല്‍അസ്‌ഹറിന്റെ പങ്ക്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. തുറന്ന മനസ്സോടെ, സഹിഷ്‌ണുതയോടെ, മതത്തിന്റെ മിതവാദപരമായ നിലപാടിനെ പ്രതിരോധിക്കുന്നതില്‍ അല്‍ അസ്‌ഹറിന്‌ സത്യസന്ധമായ പങ്കുണ്ട്‌. ഈജിപ്‌തിന്റെ ഇസ്‌ലാമിക്‌ ഐഡന്റിറ്റിയെ പ്രതിരോധിക്കുന്നതിലും സഹിഷ്‌ണുതാപരവും മിതവാദപരവുമായ ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നതിലും അല്‍അസ്‌ഹറിലെ പണ്ഡിതന്മാര്‍ക്ക്‌ സജീവമായ പങ്കുണ്ട്‌. സമൂഹത്തിന്റെ അവിഭാജ്യ ഘടകവും രാജ്യത്തിന്റെ പ്രശ്‌നങ്ങളും യാഥാര്‍ഥ്യങ്ങളുമായി ഒട്ടും അകലം പാലിക്കാത്തവരുമാണ്‌ അല്‍ അസ്‌ഹറിലെ പണ്ഡിതന്മാര്‍. രാജ്യത്തെക്കുറിച്ചുള്ള അല്‍അസ്‌ഹറിന്റെ ഉത്‌ക്കണ്‌ഠയ്‌ക്ക്‌ മികച്ച ഉദാഹരണമാണ്‌ അല്‍അസ്‌ഹര്‍ ഡോക്യുമെന്റ്‌.

രാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി അവിശ്വാസത്തിന്റെതും ഭിന്നിപ്പിന്റെതുമായ രാഷ്‌ട്രീയത്തില്‍ നിന്ന്‌ നാടിനെ മോചിപ്പിക്കാനാണ്‌ അല്‍അസ്‌ഹര്‍ ആഗ്രഹിക്കുന്നത്‌. ഒരു പ്രധാന മതസ്ഥാപനമെന്ന നിലയില്‍ ശാസ്‌ത്ര, സാമൂഹ്യ, രാഷ്‌ട്രീയ രംഗങ്ങളില്‍ പ്രായോഗികമായ ഉപദേശം യഥാര്‍ഥ ഇസ്‌ലാമിന്റെ വെളിച്ചത്തില്‍ അല്‍അസ്‌ഹര്‍ നല്‌കുന്നു. സമൂഹത്തില്‍ ശാന്തി നിലനിര്‍ത്തുന്നതിന്‌ പരിശ്രമിക്കുന്നതിനൊപ്പം ഇസ്‌ലാമിക വിദ്യാഭ്യാസരംഗത്ത്‌ വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‌കുകയും ചെയ്യുന്നു. നമ്മുടെ സംസ്‌കാരം നിലനിര്‍ത്തുന്നതിന്‌ പ്രയോജനപ്പെടാത്ത, നാശകാരിയായ മുദ്രാവാക്യങ്ങള്‍ക്കും കാഴ്‌ചപ്പാടുകള്‍ക്കും അല്‍അസ്‌ഹര്‍ ചെവി കൊടുക്കാറില്ല. ശരിയായ പാതയാണ്‌ അല്‍അസ്‌ഹറിന്റേത്‌. ഇകഴ്‌ത്തുന്ന ശബ്‌ദങ്ങള്‍ക്ക്‌ ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല.

മാധ്യമങ്ങളിലൂടെ ഫത്‌വ നല്‌കുന്നത്‌ നിയന്ത്രിക്കുന്ന ഒരു നിയമം വേണമെന്ന്‌ പലരും ആഗ്രഹിക്കുന്നു.
ഫത്‌വ നല്‌കുക എന്നത്‌ ഇസ്‌ലാമിക പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ കാര്യമാണ്‌. പ്രവാചകന്റെ(സ) കാലത്ത്‌ പ്രവാചകനും(സ) തുടര്‍ന്ന്‌ സ്വഹാബികളും പിന്നീട്‌ ഇസ്‌ലാമിക പണ്ഡിതന്മാരുമാണ്‌ ഇത്‌ നിര്‍വഹിച്ചത്‌.

സ്‌പെഷ്യലിസ്റ്റുകളല്ലാത്തവര്‍ സാറ്റലൈറ്റ്‌ ചാനലുകളിലൂടെ ഫത്‌വ നല്‌കുന്നതു വഴി മതരംഗം കുഴഞ്ഞുമറിയുകയാണ്‌. അതുകൊണ്ടുതന്നെ ദീനീ വിഷയങ്ങളില്‍ സ്‌പെഷ്യലിസ്റ്റുകളായ പണ്ഡിതന്മാരാണ്‌ ഫത്‌വ നല്‌കേണ്ടതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല.
വിവ. സിദ്ദീഖ്‌ സി സൈനുദ്ദീന്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: