ഖുര്‍ആനിക നിയമങ്ങളുടെ യുക്തി

  • Posted by Sanveer Ittoli
  • at 9:15 AM -
  • 0 comments
ഖുര്‍ആനിക നിയമങ്ങളുടെ യുക്തി

- ഇസ്‌ലാമിലെ പ്രമാണങ്ങള്‍-3 -
എ അബ്‌ദുല്‍ഹമീദ്‌ മദീനി
ഇഹലോകത്തും പരലോകത്തും മനുഷ്യരുടെ നന്മയും ക്ഷേമവും ഉറപ്പുവരുത്തുകയെന്നതാണ്‌ ഖുര്‍ആന്‍ ലക്ഷ്യമാക്കുന്നത്‌. ഇതിനുവേണ്ടിയായിരിക്കണം നിയമങ്ങള്‍ ഉണ്ടാക്കുന്നത്‌. അല്ലാഹു പറയുന്നു: ``അവരില്‍ ചിലര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ ഞങ്ങള്‍ക്ക്‌ ഇഹലോകത്ത്‌ നല്ലത്‌ തരേണമേ. പരലോകത്തും നല്ലത്‌ തരേണമേ. നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്‌. അവര്‍ സംമ്പാദിച്ചതിന്റെ ഫലമായി അവര്‍ക്ക്‌ വലിയൊരു വിഹിതമുണ്ട്‌. അല്ലാഹു അതിവേഗത്തില്‍ കണക്ക്‌ നോക്കുന്നവനാകുന്നു.'' (2:201-202)2. മതപരമായ കാര്യങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള അവകാശം അല്ലാഹുവിലും റസൂലിലും മാത്രമായി പരിമിതപ്പെടുത്തുക. ``നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത്‌ അനുവദനീയമാണ്‌, ഇത്‌ നിഷിദ്ധമാണ്‌, എന്നിങ്ങനെ നിങ്ങള്‍ കള്ളംപറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്‌ക്കുകയത്രെ (അതിന്റെ ഫലം.) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവര്‍ വിജയിക്കുകയില്ല തീര്‍ച്ച.'' (16:116)
എന്നാല്‍ ഭൗതികകാര്യങ്ങളില്‍ ജനങ്ങളുമായി കൂടിയാലോചിച്ച്‌ കാര്യങ്ങള്‍ തീരുമാനിക്കാനാണ്‌ ഖുര്‍ആന്‍ കല്‌പിച്ചത്‌: ``(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക്‌ മാപ്പുകൊടുക്കുകയും അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങള്‍ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‌പിക്കുക. തന്നില്‍ ഭരമേല്‌പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്‌ടപ്പെടുന്നതാണ്‌.'' (3:159)
``തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീരിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യം തീരുമാനിക്കുന്നത്‌ അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‌കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ (അല്ലാഹുവിന്റെ) അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ്‌.'' (42:38)
വിശുദ്ധഖുര്‍ആനില്‍ 42-ാം അധ്യായത്തിന്റെ പേര്‍ തന്നെ കൂടിയാലോചന എന്നര്‍ഥമുള്ള ശൂറാ എന്നാണ്‌. ഇതില്‍നിന്നു തന്നെ ഇസ്‌ലാം കൂടിയാലോചനക്ക്‌ നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കാം. കൂടിയാലോചന ഭൗതികാര്യങ്ങളില്‍ മാത്രമാണ്‌. മതപരമായ കാര്യങ്ങളില്‍ മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല.
3. എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുക: ഏതൊരു വിഷയത്തിലും നീതി പാലിക്കല്‍ ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട ചട്ടമാണ്‌. ഇസ്‌ലാമിക ശരീഅത്തിന്റെ ജീവാത്മാവു കൂടിയാണത്‌. ആരാധനകളിലും, മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകളിലും സിവില്‍, ക്രിമിനല്‍ നിയമങ്ങളിലും ഭരണഘടനയിലും ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ബന്ധത്തിലും, അന്താരാഷ്‌ട്ര നിയമങ്ങളിലും യുദ്ധവേളയിലും സമാധാനത്തിലുമെല്ലാം നീതിപാലിക്കല്‍ നിര്‍ബന്ധമാണ്‌. ഖുര്‍ആനില്‍ ഏതാണ്ട്‌ ഇരുപത്‌ സ്ഥലങ്ങളില്‍ നീതിയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്‌. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വചനം ഇങ്ങനെയാണ്‌:
``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും നീതിക്ക്‌ സാക്ഷ്യംവഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാവരുത്‌. നിങ്ങള്‍ നീതിപാലിക്കുക. അതാണ്‌ ധര്‍മനിഷ്‌ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനാകുന്നു.''(5:8)
4. വ്യക്തികളെ ഉത്തരവാദിത്വബോധമുള്ളവരായി വളര്‍ത്തുക. ഓരോ വ്യക്തിയും അവരവരുടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതാണെന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മുഹമ്മദ്‌ നബി(സ) തന്റെ പ്രിയമകള്‍ ഫാത്വിമ(റ)യോട്‌ പറഞ്ഞു: ``എന്റെ മകളേ, നീ എന്റെ കൈയിലുള്ളത്‌ ചോദിച്ചോളൂ. ഞാന്‍ നിനക്ക്‌ തരാം. എന്നാല്‍ നരകത്തില്‍ നിന്ന്‌ നിന്നെ നീ തന്നെ രക്ഷപ്പെടുത്തണം. അല്ലാഹുവില്‍ നിന്ന്‌ എന്തെങ്കിലും നിനക്ക്‌ നേടിത്തരാന്‍ എനിക്ക്‌ കഴിയുകയില്ല.''
ഈ തത്വം ഖുര്‍ആനില്‍ നിരവധി വചനങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്‌. അല്ലാഹു പറയുന്നു: ``ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചുവെച്ചതിന്‌ പണയപ്പെട്ടവനാകുന്നു.'' (74:38). ``ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്ക്‌ തന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ.'' (2:286). ``പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ല. മനുഷ്യന്‌ താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല.'' (53:38). ``ആര്‍ അണുമണിത്തൂക്കം നന്മ ചെയ്‌തുവോ അവനത്‌ കാണും. ആര്‍ ഒരണുവിന്റെ തൂക്കം തിന്മ ചെയ്‌തുവോ അവന്‍ അതു കാണും.'' (99:7-8)
മേല്‍ സൂക്തങ്ങളെല്ലാം മനുഷ്യനെ ഉത്തരവാദിത്വബോധം ഉള്ളവനാകാന്‍ പ്രേരിപ്പിക്കുന്നു. ഇഹലോകത്ത്‌ മനുഷ്യന്‍ ചെയ്‌ത ഏതു നിസ്സാര പ്രവൃത്തിക്കും കണിശമായ പ്രതിഫലം പരലോകത്ത്‌ അല്ലാഹു നല്‌കുന്നതാണ്‌ എന്നര്‍ഥം.
5. പൂര്‍ണസ്വാതന്ത്ര്യം: മനുഷ്യന്‌ സത്യവിശ്വാസം സ്വീകരിച്ചു നല്ലവനായി ജീവിക്കാം. അന്ധവിശ്വാസി ആയിക്കൊണ്ട്‌ എല്ലാ അനാചാരങ്ങളും ചെയ്‌തു ജീവിക്കാം. ഒരു വിശ്വാസവും കൂടാതെ സ്വതന്ത്രനായും ജീവിക്കാം. നിര്‍ബന്ധം ചെലുത്തിക്കൊണ്ട്‌ സത്യവിശ്വാസം സ്വീകരിക്കാന്‍ ആരെയും പ്രേരിപ്പിക്കരുത്‌.
ഖുര്‍ആന്‍ പറയുന്നു: ``മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു''(2:256). ``നിന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ചു വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയാണോ?''(10:99)
ഈ വിഷയത്തില്‍ ഒരുപാട്‌ തെറ്റിദ്ധാരണകള്‍ പ്രചരിച്ചിട്ടുണ്ട്‌. ചില സങ്കുചിത താല്‌പര്യക്കാര്‍ നേര്‍ക്കു നേരെ ഖുര്‍ആനിനെ വിമര്‍ശിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, ചില ഖുര്‍ആന്‍ വചനങ്ങള്‍ സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത്‌ ദുര്‍വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. ഇത്തരം പ്രവൃത്തികള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ നടക്കുന്നുണ്ട്‌.
6. സമത്വം: മനുഷ്യരെല്ലാം അല്ലാഹുവിന്റെ സൃഷ്‌ടികളാണ്‌. സൃഷ്‌ടികള്‍ എന്ന നിലക്ക്‌ അവരെല്ലാം ഒന്നാണ്‌. ഇവിടെ സൃഷ്‌ടികളും സ്രഷ്‌ടാവും മാത്രമേയുള്ളൂ. അതിനാല്‍ സൃഷ്‌ടികളില്‍ ശ്രേഷ്‌ഠരായ മനുഷ്യര്‍ സ്രഷ്‌ടാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും ഇതാണ്‌ നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവാകുന്നു. നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍.'' (21:92)
പ്രവാചകന്മാരെല്ലാം ജനങ്ങളെ ക്ഷണിച്ചത്‌ മനുഷ്യര്‍ ഒറ്റ സമുദായം, ഓരോ മാതാവില്‍ നിന്നും പിതാവില്‍ നിന്നും വന്നവര്‍, മനുഷ്യരെല്ലാവര്‍ക്കും ഒരൊറ്റ ദൈവം, അവനെ മാത്രം ആരാധിക്കുക, അതില്‍ ഉച്ചനീചത്വമില്ല. വര്‍ണം, വര്‍ഗം എന്ന വ്യത്യാസം ഇല്ല എന്ന തത്വത്തിലേക്കാണ്‌. 
അല്ലാഹു പറയുന്നു: ``മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്‌ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്‌തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്‌മത പാലിക്കുന്നവനാകുന്നു; തീര്‍ച്ച'' (49:13)
സമുദായത്തിന്റെ വലുപ്പമോ ഗോത്രത്തിന്റെ മഹിമയോ അല്ലാഹുവിങ്കല്‍ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാക്കിക്കൊടുക്കുകയില്ല എന്നും ധര്‍മനിഷ്‌ഠയുള്ളവന്‌ മാത്രമേ അല്ലാഹുവിങ്കല്‍ സ്ഥാനമുണ്ടായിരിക്കുകയുള്ളൂവെന്നും ഈ വചനം വ്യക്തമാക്കുന്നു.
``ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസി ആയിക്കൊണ്ട്‌ സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നല്‌കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ ഏറ്റവും ഉത്തമമായതിന്ന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‌കുകയും ചെയ്യും.'' (16:97)
സ്‌ത്രീയായതു കൊണ്ട്‌ ഒന്നും നഷ്‌ടപ്പെടാനില്ല. സല്‍കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും ചെയ്യുന്ന കാര്യത്തില്‍ ഇരുകൂട്ടരും സമമാണ്‌. പുരുഷന്മാര്‍ക്കുള്ളതു പോലെയുള്ള അവകാശങ്ങള്‍ സ്‌ത്രീകള്‍ക്കുമുണ്ട്‌. കുടുംബ ജീവിതത്തില്‍ അവര്‍ ഇണകളാണ്‌. എന്നാലും ഭര്‍ത്താവിന്റെ ഒരു നിയന്ത്രണം എപ്പോഴും ഉണ്ടായിരിക്കണമെന്ന്‌ മാത്രം. അല്ലാഹു പറയുന്നു: ``സ്‌ത്രീകള്‍ക്ക്‌ (ഭര്‍ത്താക്കന്മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ അവരെക്കാളുപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.''(2:227)
7. എളുപ്പം, ലാളിത്യം: ഇസ്‌ലാമിന്റെ വിധിവിലക്കുകളും സാമൂഹ്യ സാംസ്‌കാരിക നിയമങ്ങളും ആരാധനാ കര്‍മങ്ങളുമെല്ലാം എളുപ്പമായതും ലളിതവുമാണ്‌. `(ഇസ്‌ലാം) ദീന്‍ വളരെ എളുപ്പമാണ്‌. ഇസ്‌ലാം ദീനുമായി ഒരാള്‍ ബലപരീക്ഷണം നടത്തിയാല്‍ ഇസ്‌ലാം അയാളെ കീഴ്‌പ്പെടുത്താതിരിക്കില്ല' എന്ന നബി(സ)യുടെ വചനം എപ്പോഴും ഓര്‍ത്തിരിക്കേണ്ടതുണ്ട്‌. 
അല്ലാഹു പറയുന്നു: മതകാര്യങ്ങളില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗമത്രെ അത്‌.'' (22:78). ``നിങ്ങള്‍ക്ക്‌ എളുപ്പമുണ്ടാക്കാനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.'' (2:185). ``അദ്ദേഹം അവരോട്‌ സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്‌തുക്കള്‍ അവര്‍ക്കദ്ദേഹം അനുവദനീയമാക്കുകയും ചീത്തവസ്‌തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണയ്‌ക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്‌തവരാരോ അവര്‍ തന്നെയാണ്‌ വിജയികള്‍.'' (7:157)
ഇങ്ങനെ മുന്‍ സമുദായങ്ങളില്‍ നിലവിലുണ്ടായിരുന്ന സര്‍വ പ്രയാസങ്ങളും അവരില്‍ നിന്ന്‌ ഇറക്കിവെച്ചു. മാനവരാശിക്കാകമാനം എളുപ്പവും സൗകര്യവും ഉണ്ടാക്കിക്കൊടുക എന്നത്‌ ഇസ്‌ലാമിന്റെ പ്രത്യേകതയാണ്‌. മറ്റൊരു ദര്‍ശനത്തിലും ഇതിന്‌ സമാനമായ നിയമങ്ങള്‍ കണ്ടെത്താന്‍ സാധ്യമല്ല. ഉദാഹരണമായി നമസ്‌കാരം ഒരു പരിതസ്ഥിതിയിലും ഉപേക്ഷിക്കാന്‍ പാടില്ലാത്ത പ്രധാന ആരാധനാകര്‍മമാണ്‌. പക്ഷേ, യാത്രക്കാരന്‌ ജംഉം ഖസ്‌റുമായി നമസ്‌കരിക്കാം അതായത്‌ അഞ്ച്‌ സമയത്തെ നമസ്‌കാരം മൂന്ന്‌ സമയത്തായി നിര്‍വഹിക്കുന്നതോടൊപ്പം നാലു റക്‌അത്ത്‌ രണ്ടു റക്‌അത്തായി ചുരുക്കിയും നമസ്‌കരിക്കാം. നില്‌ക്കാന്‍ കഴിയാത്തവര്‍ക്ക്‌ ഇരുന്നും അതിന്നും കഴിയാത്തവര്‍ക്ക്‌ കിടന്നും അതിന്നും സാധ്യമല്ലാത്തവര്‍ക്ക്‌ അവരുടെ മനസ്സില്‍ കരുതിയും നമസ്‌കാരം നിര്‍വഹിക്കാം.
ഇതുപോലെ തന്നെയാണ്‌ നോമ്പിന്റെ കാര്യങ്ങളും, രോഗികള്‍ക്കും യാത്രക്കാര്‍ക്കും പ്രായംചെന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്‌ത്രീകള്‍ക്കും വളരെ കഠിനാധ്വാനമുള്ള ജോലി ചെയ്യുന്നവര്‍ക്കും നോമ്പില്‍ ഇളവുകളുണ്ട്‌. ഇങ്ങനെ ഇസ്‌ലാമിന്റെ ഏതൊരു നിയമത്തിലും ലാളിത്യം ദര്‍ശിക്കാവുന്നതാണ്‌.
യമനിലേക്ക്‌ ഭരണാധികാരികളായി മുആദ്‌ബ്‌നു ജബലിനെയും അലിയെയും(റ) നിയോഗിക്കുമ്പോള്‍ നബി(സ) അവര്‍ക്ക്‌ നല്‍കിയ ഉപദേശം ശ്രദ്ധേയമാണ്‌: ``നിങ്ങള്‍ രണ്ടുപേരും ജനങ്ങള്‍ക്ക്‌ എളുപ്പമുണ്ടാക്കുക. ഞെരുക്കമുണ്ടാക്കരുത്‌. ജനങ്ങള്‍ക്ക്‌ സന്തോഷവാര്‍ത്തയറിയിക്കുക. ആരെയും നിങ്ങള്‍ അകറ്റരുത്‌.'' ഈ തത്വമാണ്‌ ഇന്ന്‌ പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആദ്യമായി സ്വീകരിക്കേണ്ടത്‌.
8. പടിപടിയായി നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചു. പ്രവാചകത്വത്തിന്റെ ആരംഭഘട്ടത്തില്‍ മക്കയിലും പരിസരങ്ങളിലും ഉണ്ടായിരുന്നത്‌ വിഗ്രഹാരാധകരും തന്‍പ്രമാണിത്വം നടിക്കുന്ന അഹങ്കാരികളായ നേതാക്കളും അവരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചു നീങ്ങുന്ന ജനങ്ങളുമായിരന്നു. മദ്യവും മദിരാക്ഷിയും കൊല്ലും കൊലയും അവരുടെ കൂടപ്പിറപ്പുകളായിരുന്നു. ശത്രുതയും പകയും താന്‍പോരിമയും അവരുടെ ചിഹ്നങ്ങളായിരുന്നു. അപമാനഭാരത്താല്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടല്‍ സര്‍വസാധാരണമായിരുന്നു. ഇത്തരം ഒരു സമൂഹത്തെ വിഗ്രഹാരാധനയില്‍ നിന്നും ദുഷിച്ച അനാചാരങ്ങളില്‍ നിന്നും മോചിപ്പിച്ചു, ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമായ തൗഹീദിലേക്കും മറ്റു കര്‍മാനുഷ്‌ഠാനങ്ങളിലേക്കും മാറ്റുക എന്നുള്ളത്‌ എളുപ്പമുള്ള കാര്യമായിരുന്നില്ല.
അതിനാല്‍ എല്ലാ ദുരാചാരങ്ങളും അവരില്‍ നിലനില്‌ക്കെ നബി(സ) അവരെ ആദ്യപടിയെന്നോണം തൗഹീദിലേക്കും പരലോക വിശ്വാസത്തിലേക്കും ക്ഷണിക്കുകയാണ്‌ ചെയ്‌തത്‌. ആദ്യം വളരെ രഹസ്യമായി അടുത്ത കൂട്ടുകാരെ ഏകദൈവ വിശ്വാസത്തിലേക്ക്‌ ക്ഷണിച്ചു. പിന്നെ നബി(സ)യുടെ കുടുംബത്തെ തൗഹീദിലേക്ക്‌ ക്ഷണിച്ചു. പിന്നെ പരസ്യമായി മക്കാനിവാസികളെ ക്ഷണിച്ചു. തുടര്‍ന്നു മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളെയും ജനങ്ങളെയും തൗഹീദിലേക്കു ക്ഷണിക്കുകയും അവര്‍ക്ക്‌ മുന്നറിയിപ്പു നല്‌കുകയും ചെയ്‌തു. ചിലരെല്ലാം അത്‌ സ്വീകരിച്ചു. മറ്റു ചിലര്‍ ധിക്കാരപൂര്‍വം തള്ളിക്കളഞ്ഞു. അങ്ങനെ തള്ളിക്കളഞ്ഞവര്‍ അവസാനം ഇസ്‌ലാമിന്‌ മുന്നില്‍ മുട്ടുമടക്കി ഇസ്‌ലാം അംഗീകരിച്ചു.
മക്കയില്‍ പരസ്യമായി പ്രബോധനം നടത്തിയപ്പോള്‍ ശത്രുക്കളുടെ മര്‍ദനങ്ങളും ശക്തിയായി. ഈ സമയത്ത്‌ നബി(സ) മര്‍ദനങ്ങള്‍ സ്വയം സഹിക്കുകയും മറ്റുള്ളവരോട്‌ സഹിക്കാനും ക്ഷമിക്കാനും ഉപദേശിക്കുകയാണ്‌ ചെയ്‌തത്‌. ഹിജ്‌റക്ക്‌ ശേഷം മദീനാ കാലഘട്ടത്തിലാണ്‌ ആയുധമെടുത്ത്‌ ശത്രുക്കളെ പ്രതിരോധിക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‌കിയത്‌. തുടര്‍ന്ന്‌ ഒരു മുസ്‌ലിം സമൂഹം മദീനയില്‍ വളര്‍ന്നുവരാന്‍ തുടങ്ങിയപ്പോള്‍ നമസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌ മുതലായ പ്രധാനപ്പെട്ട ആരാധനാ കര്‍മങ്ങള്‍ ഏര്‍പ്പെടുത്തി.
കള്ളുകുടി ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റിയ ജനതയോട്‌ പെടുന്നനെയത്‌ വിരോധിച്ചാല്‍ അവര്‍ക്കത്‌ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. അതുള്‍ക്കൊള്ളണമെങ്കില്‍ അവരുടെ മനസ്സിനെ അതിനു പാകപ്പെടുത്തണം. അതിനുവേണ്ടിയാണ്‌ ഏകദൈവവിശ്വാസത്തിലും പരലോക വിശ്വാസത്തിലും ഊന്നിനിന്നുകൊണ്ടുള്ള ദഅ്‌വത്ത്‌ നടത്തിയത്‌. പിന്നീടു `കള്ള്‌' ഒരു നല്ല ആഹാരമല്ല എന്ന്‌ സൂചിപ്പിക്കുന്ന വചനം ഇറങ്ങി. ``ഈത്തപ്പനയുടെയും മുന്തിരികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്ക്‌ കുടിക്കാന്‍ നല്‌കുന്നു.) അതെ, അതില്‍ നിന്ന്‌ ലഹരി ഉള്ളതും (കള്ളും) നല്ലതായ ആഹാരവും നിങ്ങള്‍ ഉണ്ടാക്കുന്നു. തീര്‍ച്ചയായും ബുദ്ധി ഉപയോഗിച്ചു ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ അതില്‍ (വലിയ) ദൃഷ്‌ടാന്തമുണ്ട്‌.'' (നഹ്‌ല്‍ 67)
ഇവിടെ കള്ളിനോട്‌ ചേര്‍ത്തുകൊണ്ട്‌ `നല്ലതായ ആഹാരം' എന്ന്‌ പറഞ്ഞതില്‍ നിന്ന്‌ കള്ള്‌ ഒരു നല്ല ആഹാരമല്ലെന്ന സൂചന മേല്‍വചനത്തില്‍ കാണാവുന്നതാണ്‌. പിന്നീട്‌ മദീനാ കാലഘട്ടത്തില്‍ കള്ളുകൊണ്ടുള്ള തിന്മ സമൂഹത്തില്‍ കാണാന്‍ തുടങ്ങിയപ്പോള്‍ ചിലര്‍ അതിനെ പറ്റി നബി(സ)യോട്‌ ചോദിച്ചു. അപ്പോള്‍ ഇങ്ങനെ ആയിരുന്നു അല്ലാഹുവിന്റെ മറുപടി: ``കള്ളിനെ പറ്റിയും ചൂതാട്ടത്തെ പറ്റിയും നിന്നോടവര്‍ ചോദിക്കുന്നു. അവരോട്‌ പറയുക; അതുരണ്ടിലും കൂടുതല്‍ ദോഷമുണ്ട്‌. കുറച്ചൊക്കെ ജനങ്ങള്‍ക്ക്‌ ഗുണുണ്ട്‌. പക്ഷെ, അതുകൊണ്ടുള്ള ദോഷം ഗുണത്തെക്കാള്‍ എത്രയോ വലുതാണ്‌.'' (2:119)
പ്രസ്‌തുത വചനം അവതരിച്ചതോടെ സ്വഹാബിമാരില്‍ പലരും കള്ളുമായി വിടപറഞ്ഞു. പിന്നീടവതരിച്ച വചനം മദ്യസേവക്കുള്ള സമയം വളരെ പരിമിതപ്പെടുത്തി. ``സത്യവിശ്വാസികളേ, നിങ്ങള്‍ ലഹരി ബാധിച്ചവരായ നിലയില്‍, പറയുന്നത്‌ എന്താണെന്ന്‌ തിരിച്ചറിയാത്ത അവസ്ഥയില്‍ നമസ്‌കാരത്തെ സമീപിക്കരുത്‌.'' (4:43)
മേല്‍വചനം അവതരിച്ചതോടെ മണിക്കൂറുകള്‍ ഇടവിട്ട്‌ നമസ്‌കരിക്കുന്നവര്‍ക്ക്‌ കള്ളുകുടിക്കാനുള്ള അവസരം വളരെ പരിമിതമായി, ഇശാ നമസ്‌കാരം കഴിഞ്ഞ ശേഷമേ കുടിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ വിധത്തില്‍ കള്ളുകുടി നിയന്ത്രണ വിധേയമായപ്പോള്‍ പലര്‍ക്കും അതൊഴിവാക്കാന്‍ ഒരു പ്രയാസവും ഉണ്ടായില്ല. തുടര്‍ന്ന്‌ മദ്യം പൂര്‍ണമായി നിരോധിച്ചു കൊണ്ടുള്ള കല്‌പനവന്നു: ``സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്‌ഠകളും പ്രശ്‌നംവെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം.'' (5:90)
ഇങ്ങനെ പടിപടിയായിട്ടാണ്‌ ഇസ്‌ലാം മദ്യം നിരോധിച്ചത്‌. സമ്പൂര്‍ണമായി മദ്യം നിരോധിക്കുന്നതിന്‌ മുമ്പ്‌, ഖുര്‍ആന്‍ മദ്യത്തില്‍ അടങ്ങിയിട്ടുള്ള ദോഷങ്ങളെപ്പറ്റി ഉണര്‍ത്തി. പിന്നീട്‌ ലഹരി ബാധിച്ചവരായി നമസ്‌കരിക്കുന്നത്‌ തടഞ്ഞു. തുടര്‍ന്ന്‌ നിങ്ങള്‍ മദ്യം പൂര്‍ണമായി വര്‍ജിക്കുക എന്ന വചനത്തിലൂടെയും നിങ്ങള്‍ മദ്യസേവയില്‍ നിന്ന്‌ വിരമിക്കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിലൂടെയും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ഈ നിരോധംകേട്ട ഉടനെ വായിലേക്കുയര്‍ത്തിയ മദ്യകോപ്പകള്‍ അവര്‍ വലിച്ചെറിഞ്ഞു. ഷാപ്പുകളില്‍ മദ്യംനിറച്ച പീപ്പകള്‍ തല്ലിയുടച്ചു. മദീനയിലെ തെരുവില്‍ മദ്യത്തിന്റെ ചാലുകള്‍ ഒഴുകിക്കൊണ്ടിരുന്നു എന്നാണ്‌ ചരിത്രം പറയുന്നത്‌.
9. സാമ്പത്തികം: ഇസ്‌ലാമിന്‌ മുമ്പ്‌ സാമ്പത്തിക ചൂഷണം അറബികളില്‍ സര്‍വസാധാരണമായിരുന്നു. ഇന്നും ഇത്തരം ചൂഷണങ്ങള്‍ക്ക്‌ ഒരു കുറവുമില്ല. നൂറ്റാണ്ടുകളായി സമൂഹത്തില്‍ വളരെ ആഴത്തില്‍ വേരൂന്നിയിരുന്ന ഒരു സമ്പ്രദായം ഒറ്റയടിക്ക്‌ നിരോധിച്ചാല്‍ അത്‌ സമൂഹത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ആദ്യപടിയെന്നോണം പലിശ എന്ന പേരില്‍ അറിയപ്പെടുന്ന സാമ്പത്തിക ചൂഷണം വളരെ ചീത്ത പണിയാണെന്നും അതുകൊണ്ട്‌ ജനങ്ങള്‍ കരുതുന്നപോലെ സാമ്പത്തിക വളര്‍ച്ച ഉണ്ടാവുകയില്ലെന്നും തല്‍സ്ഥാനത്ത്‌, സാമ്പത്തികവളര്‍ച്ചയും ജനനന്മയും അടങ്ങുന്ന ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട്‌ അല്ലാഹു പറഞ്ഞു.
``ജനങ്ങളുടെ ധനത്തിലൂടെ വളര്‍ച്ച നേടാനായി നിങ്ങള്‍ വല്ലതും പലിശക്ക്‌ കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത്‌ വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട്‌ നിങ്ങള്‍ വല്ലതും സാകാത്തായി നല്‌കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരാണ്‌ ഇരട്ടി സമ്പാദിക്കുന്നവര്‍.'' (റൂം 39).
ഇങ്ങനെ പലിശയെപ്പറ്റി ജനങ്ങളില്‍ ഒരു വിരക്തി വളര്‍ത്തിയെടുത്ത ശേഷം ഭാഗികമായി കൊള്ളപ്പലിശ നിരോധിച്ചുകൊണ്ട്‌ അല്ലാഹു പറഞ്ഞു: ``സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.''(3:130)
ഇതോടുകൂടി പലരും പലിശയിടപാടില്‍ നിന്ന്‌ പിന്‍മാറി. തുടര്‍ന്ന്‌ വ്യക്തമായ നിരോധവും താക്കീതുകളും വന്നു. ``പലിശ തിന്നുന്നവര്‍ പിശാച്‌ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‌ക്കുന്നതു പോലെയല്ലാതെ എഴുന്നേല്‌ക്കുകയില്ല. കച്ചവടം പലിശ പോലെ തന്നെയാണ്‌ എന്ന്‌ അവര്‍ പറഞ്ഞതിന്റെ ഫലമെത്ര അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ്‌ ചെയ്‌തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ടു (അതനുസരിച്ചു വല്ലവനും പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ്‌ വാങ്ങിയത്‌ അവനുള്ളത്‌ തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന്‌ വിധേയമായിരിക്കുകയും ചെയ്യും. (പലിശ ഇടപാടിലേക്ക്‌) മടങ്ങുകയാണെങ്കില്‍ അവരെത്ര നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.'' (2:275)
ദീര്‍ഘമായ ഈ വചനത്തിലൂടെ പലിശ തിന്നുന്നവര്‍ക്ക്‌ വളരെ ശക്തമായ താക്കീതാണ്‌ ഖുര്‍ആന്‍ നല്‌കിയത്‌. പരലോകത്ത്‌ പലിശ തിന്നുന്നവര്‍ അപസ്‌മാര രോഗികളെപ്പോലെ എഴുന്നേറ്റ്‌ നടക്കാന്‍ ശ്രമിക്കുമ്പോള്‍ വീണുകൊണ്ടേയിരിക്കും. കാരണം പലിശ തിന്നവരുടെ വയര്‍ വീര്‍ത്തു വലുതായി ശരീരത്തിന്‌ താങ്ങാന്‍ കഴിയാത്തതായി മാറിയിട്ടുണ്ടാകും. അതിനാല്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അവര്‍ വീണു കൊണ്ടേയിരിക്കും. തുടര്‍ന്ന്‌ അവരുടെ എല്ലാ ന്യായവാദങ്ങളെയും പൊളിച്ചുകൊണ്ട്‌ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്‌തതായി പ്രഖ്യാപിച്ചതോടെ വിശ്വാസികളെല്ലാം പലിശ എന്നെന്നേക്കുമായി ഒഴിവാക്കി. 
എന്നാല്‍ പ്രായോഗികതലത്തിലുള്ള പ്രയാസങ്ങള്‍ ഒഴിവാക്കിക്കൊണ്ട്‌ അല്ലാഹു പറഞ്ഞത്‌ ശ്രദ്ധേയമാണ്‌: അല്ലാഹുവിന്റെ ഉപദേശമനുസരിച്ചു ആരെങ്കിലും പലിശ ഇടപാടുകളില്‍ നിന്ന്‌ വിരമിച്ചാല്‍, ഈ നിരോധം വരുന്നതിന്‌ മുമ്പ്‌ വാങ്ങിയ പലിശ മടക്കിക്കൊടുക്കേണ്ടതില്ലെന്നും അതവന്‌ അനുവദനീയമാണെന്നും ഉപദേശം വന്നുകിട്ടിയതു മുതല്‍ മാത്രമേ പലിശ നിഷിദ്ധമാകുന്നുള്ളൂ എന്ന്‌ നമ്മെ അറിയിക്കുകയാണ്‌ ചെയ്‌തത്‌. ഇങ്ങനെ ദൈവീക തീരുമാനം വന്നില്ലായിരുന്നുവെങ്കില്‍ പുതുതായി ഇസ്‌ലാമിലേക്ക്‌ കടന്നുവരുന്ന വ്യക്തികള്‍ക്ക്‌ വളരെ വലിയ പ്രയാസങ്ങള്‍ ഉണ്ടാകുമായിരുന്നു. ഒരാളോടും അവന്റെ കഴിവില്‍ പെട്ടതല്ലാതെ അല്ലാഹു കല്‌പിക്കുകയില്ല എന്ന ഖുര്‍ആന്‍ വചനം പ്രത്യേകം സ്‌മരണീയമാണ്‌. 
തിരുത്ത്‌
ഈ ലേഖനത്തിന്റെ ആദ്യലക്കത്തില്‍ (പു.36 ലക്കം 42) പേജ്‌ 20-ല്‍ രണ്ടാംകോളത്തില്‍ ആദ്യ ഖണ്ഡികയില്‍ ``രണ്ടുകാര്യം ഞാന്‍ വിട്ടേച്ചുപോകുന്നു... അവന്റെ ദൂതന്റെ സുന്നത്തുമാകുന്നു'' എന്ന ഹദീസ്‌ ഉദ്ധരിച്ചത്‌ ബുഖാരി എന്ന്‌ ചേര്‍ത്തത്‌ മുവത്വ എന്ന്‌ തിരുത്തി വായിക്കേണ്ടതാണ്‌. 
പത്രാധിപര്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: