ആരായിരുന്നു അസ്‌ഗര്‍അലി എന്‍ജിനീയര്‍?

  • Posted by Sanveer Ittoli
  • at 10:12 PM -
  • 0 comments
ആരായിരുന്നു അസ്‌ഗര്‍അലി എന്‍ജിനീയര്‍?


  • ഡോ. ഹുസൈന്‍ മടവൂര്‍

അസ്‌ഗര്‍ അലി എന്‍ജിനീയര്‍ മരണപ്പെട്ട്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തെക്കുറിച്ചുള്ള സംസാരങ്ങള്‍ അവസാനിക്കുന്നില്ല. പരിചയപ്പെട്ടവര്‍ക്കെല്ലാം ധാരാളം പറയാന്‍ ബാക്കിയുണ്ട്‌. മനുഷ്യമനസ്സുകളെ ആഴത്തില്‍ സ്വാധീനിച്ച എന്തോ ചിലത്‌ ഇവിടെ ബാക്കിവെച്ചാണു അദ്ദേഹം യാത്രയായത്‌. ബോംബെയില്‍ ജീവിച്ച്‌ മരിച്ച അദ്ദേഹത്തെക്കുറിച്ച്‌ സാധാരണക്കാര്‍ക്കിടയില്‍ പോലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്‌ കേരളത്തിലായിരിക്കും. മത-രാഷ്‌ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ കേരളം നേടിയെടുത്ത ഉദ്‌ബുദ്ധതയാണിതിനു കാരണം.
അസ്‌ഗര്‍ അലി എന്‍ജിനീയറെ അവസാനമായി കാണുന്നത്‌ AMAN (Asian Muslim Action Network) സംഘടിപ്പിച്ച ഒരു സമ്മേളനത്തിലാണ്‌. വിവിധ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള വിവിധ മതവിശ്വാസികളായ സാമൂഹിക പ്രവര്‍ത്തകരായിരുന്നു മൂന്നു ദിവസത്തെ പരിപാടിയില്‍ പങ്കെടുത്തത്‌. കേരളത്തില്‍ നിന്ന്‌ ഞാനും പ്രൊഫസര്‍ ഹാഫിസ്‌ മുഹമ്മദും പങ്കെടുത്തു. ഒരു ഉദ്‌ഘാടനവും സമാപനവും മാത്രമാണ്‌ ആ സമ്മേളനത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്ത പരിപാടികള്‍. മറ്റു സെഷനുകളെല്ലാം പത്തില്‍ താഴെ പേര്‍ പങ്കെടുക്കുന്ന ഗ്രൂപ്പ്‌ ചര്‍ച്ചകളും അവതരണങ്ങളും ആയിരുന്നു. ചര്‍ച്ചകളും പഠനവും ഫലപ്രദമാകാന്‍ ഈ രീതിയാണ്‌ നല്ലതെന്നു എനിക്കന്ന്‌ ബോധ്യമായിട്ടുണ്ട്‌. ആയിരങ്ങള്‍ പങ്കെടുക്കുന്ന മഹാസമ്മേളനങ്ങളിലെ ആളുകളെ ആവേശഭരിതരാക്കുന്ന പ്രഭാഷണങ്ങളാണ്‌ നമുക്കധികവും പരിചയം. പിന്നീട്‌ മര്‍കസുദ്ദഅ്‌വ കേന്ദ്രീകരിച്ച്‌ നാം നടത്തിയ പല പരിപാടികളിലും വളരെ കുറച്ചുപേരെ തെരഞ്ഞെടുത്ത്‌ നടത്തുന്ന ചര്‍ച്ചാരീതി പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌.
കേരളത്തില്‍ അസ്‌ഗര്‍ അലി എന്‍ജിനീയര്‍ പ്രത്യക്ഷപ്പെട്ടതെല്ലാം ഇടതുപക്ഷവേദികളിലായിരുന്നു. കമ്യൂണിസ്റ്റ്‌ വേദികളില്‍ പോലും ഇസ്‌ലാമിന്റെ നീതി, സമാധാനം, സ്വാതന്ത്ര്യം തുടങ്ങിയ സന്ദേശങ്ങള്‍ പറയാന്‍ തുടങ്ങിയതോടെ കേരളത്തിലെ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‌കിത്തുടങ്ങി. പഠനഗവേഷണങ്ങള്‍ ലക്ഷ്യം വെച്ച്‌ ഐ എസ്‌ എം നടത്തുന്ന സെമിനാറിലേക്ക്‌ അസ്‌ഗര്‍ അലി എന്‍ജിനീയറെ ക്ഷണിക്കുകയെന്ന അഭിപ്രായം പറഞ്ഞത്‌ അബൂബക്കര്‍ കാരക്കുന്നാണ്‌. കാരക്കുന്നിന്‌ പല വിഷയങ്ങളിലും സ്വന്തവും സ്വതന്ത്രവുമായ കാഴ്‌ചപ്പാടായിരുന്നുവല്ലോ. മര്‍കസുദ്ദഅ്‌വ സന്ദര്‍ശിച്ച അദ്ദേഹത്തിനു ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മതപരവും പുരോഗമനപരവുമായ പ്രവര്‍ത്തനങ്ങള്‍ ഇഷ്‌ടപ്പെട്ടു. മറ്റു പരിപാടികള്‍ക്ക്‌ അദ്ദേഹം കേരളത്തില്‍ വരുന്ന വിവരം നമ്മെ മുന്‍കൂട്ടി അറിയിക്കുമായിരുന്നു. പിന്നീട്‌ പരിപാടികള്‍ക്കും അല്ലാതെയും പല തവണ അദ്ദേഹം മര്‍കസുദ്ദഅ്‌വ സന്ദര്‍ശിച്ചു. ശബാബിലും വര്‍ത്തമാനത്തിലും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. നമ്മുടെ സംഘടനാ സെക്രട്ടറി അസ്‌ഗര്‍ അലിയാണ്‌ അസ്‌ഗര്‍ അലി എന്‍ജിനീയര്‍ എന്നുപോലും നമ്മുടെ ചില പ്രവര്‍ത്തകര്‍ക്ക്‌ തോന്നാന്‍ മാത്രം അവര്‍ക്ക്‌ അദ്ദേഹം സുപരിചിതനായിക്കഴിഞ്ഞിരുന്നു.
മതസംഘടനകളോടും മൗലവിമാരോടും വലിയൊരു ബന്ധം പുലര്‍ത്തിപ്പോരാത്ത അദ്ദേഹം കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തെക്കുറിച്ച്‌ it is something different എന്നായിരുന്നു പലപ്പോഴും അഭിപ്രായപ്പെട്ടത്‌. പ്രൊഫസര്‍ ഹാഫിസ്‌ മുഹമ്മദ്‌, മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍, ഷാജഹാന്‍ മാടമ്പാട്ട്‌ തുടങ്ങിയവര്‍ അവസാനം വരെ അദ്ദേഹവുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചിട്ടുണ്ട്‌. ഡല്‍ഹി, ബാംഗ്ലൂര്‍, മദ്രാസ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന മതാന്തര സമ്മേളനങ്ങളില്‍ കണ്ടുമുട്ടിയപ്പോള്‍ കേരളത്തിലെ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അദ്ദേഹം ആരായുമായിരുന്നു. പ്രസ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തെറ്റിദ്ധാരണകളകറ്റാന്‍ ഈ ബന്ധങ്ങള്‍ സഹായിച്ചിട്ടുണ്ട്‌.
മതത്തിനു രണ്ടുതരം വായനയുണ്ട്‌. അതിലൊന്ന്‌, അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും മാത്രം പ്രാധാന്യം നല്‌കുന്ന മതവീക്ഷണമാണ്‌. ആരാധനകളും വിശ്വാസകാര്യങ്ങളും വളരെ കൃത്യമായി മനസ്സിലാക്കി അനുഷ്‌ഠിക്കുന്നതാണ്‌ ഇതിന്റെ നല്ല വശം. എന്നാല്‍ അക്ഷരമുള്‍ക്കൊള്ളുന്ന ആശയമോ ന്യായമോ അവര്‍ക്ക്‌ പ്രശ്‌നമല്ല. മതശാസനയുടെ ആശയങ്ങള്‍ക്കും ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും പ്രാധാന്യം നല്‌കുന്നതാണു രണ്ടാമത്തെ രീതി. മതം മനുഷ്യന്മക്കു വേണ്ടിയുള്ളതായതിനാല്‍ വാക്കുകള്‍ക്കപ്പുറത്ത്‌ ഉദ്ദേശ്യത്തിന്നാണ്‌ പ്രാധാന്യമെന്നാണ്‌ ഈ വിഭാഗത്തിന്റെ അഭിപ്രായം. അസ്‌ഗര്‍ അലി എന്‍ജിനീയറെ നമുക്കു ഈ രണ്ടാം വിഭാഗത്തിലുള്‍പ്പെടുത്താവുന്നതാണ്‌. നബിയുടെയും സ്വഹാബത്തിന്റെയും മുന്‍കാല ഇമാമീങ്ങളുടെയും കാലത്ത്‌ മേല്‍ പറഞ്ഞ രണ്ടു കാര്യവും പരിഗണിച്ചിട്ടുള്ളതായി കാണാം.
കര്‍മശാസ്‌ത്ര നിദാന ശാസ്‌ത്രത്തില്‍ (ഉസൂലുല്‍ ഫിഖ്‌ഹ്‌), മതവിധിക്കുള്ള ന്യായം (ഇല്ലത്ത്‌), പൊതുനന്മ (മസാലിഹുല്‍ മുര്‍സല), മതത്തിന്റെ ഉദ്ദേശ്യം (മഖാസിദുശ്ശരീഅ) എന്നെല്ലാം പറയുന്ന കാര്യങ്ങളാണിത്‌. ഉസൂലി പണ്ഡിതന്മാര്‍ ഇവയെ മതവിധി (ഹുകും) യുടെ മാനദണ്ഡമായി പരിഗണിച്ചിട്ടുണ്ട്‌. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മസാലിഹും മഖാസിദും മാറുമെന്നതിനാല്‍ മതവിധിയും (ഫത്‌വ) മാറുമെന്ന എന്‍ജിനീയറുടെ വാദംപുതിയതല്ല. ശാഫിഈ ഇമാമിന്റെ അര്‍രിസാല, ഇബ്‌നു തൈമിയ്യയുടെ ഫതാവ, ശാഹ്‌ വലിയ്യുല്ലാഹി ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ, ഇബ്‌നുല്‍ ഖയ്യിമിന്റെ ഇഅ്‌ലാം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. മൗലാനാ അബുല്‍ഹസന്‍ നദ്‌വി, ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖ്‌ ഉസൈമീന്‍, ഡോ. സല്‍മാനുല്‍ ഔദ തുടങ്ങിയ ആധുനിക പണ്ഡിതന്മാരും ഈ അഭിപ്രായത്തെ ശരിവെക്കുന്നുണ്ട്‌. 
എന്നാല്‍ അവയൊന്നും അസ്‌ഗര്‍ അലി എന്‍ജിനീയറെ വായിക്കുന്ന പൊതുസമൂഹത്തിലേക്കെത്തിയിരുന്നില്ലെന്നതാണ്‌ വാസ്‌തവം. കാരണം അദ്ദേഹം എഴുതിയത്‌ ഇംഗ്ലീഷിലായിരുന്നു. അദ്ദേഹത്തെ വായിക്കുന്നതാവട്ടെ ബുദ്ധിജീവികളും അഭിപ്രായരൂപീകരണത്തിന്നു കെല്‌പുള്ള രാഷ്‌ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രുഖരുമായിരുന്നു. പാരമ്പര്യ മതപാഠശാലകളില്‍ ഇസ്‌ലാമിന്റെ ശാന്തി സന്ദേശം, നീതിബോധം, സമത്വം തുടങ്ങിയ വിഷയങ്ങള്‍ വേണ്ടവിധം പഠിപ്പിക്കപ്പെടുന്നില്ലായെന്നു അദ്ദേഹം പരാതിപ്പെട്ടിരുന്നു. ഉദാഹരണത്തിന്നു എല്ലാ മദ്‌റസകളിലും അല്ലാഹുവിന്റെ സ്വിഫത്തുകള്‍ (വിശേഷണങ്ങള്‍) പഠിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ആ സിഫത്തുകളില്‍ അല്ലാഹുവിന്റെ കാരുണ്യം (റഹ്‌മത്ത്‌), നീതി (അദ്‌ല്‍), ദയ, വാത്സല്യം (റഅ്‌ഫത്ത്‌) എന്നിവ പഠിപ്പിക്കുന്നില്ല. നബി തിരുമേനിയുടെ ജനനം, യാത്രകള്‍, യുദ്ധങ്ങള്‍, മരണം എന്നിവ വിശദീകരിക്കുന്ന ചരിത്ര (സീറ) പുസ്‌തകങ്ങളില്‍ നബിയുടെ വിശ്വസ്‌തത (അമാനത്ത്‌), വിട്ടുവീഴ്‌ച, മറ്റു മതക്കാരോടുള്ള മനുഷ്യത്വപരമായ സമീപനം (ഇന്‍സാനിയ്യത്ത്‌) തുടങ്ങിയ മഹാഗുണങ്ങള്‍ വേണ്ട വിധം ഉയര്‍ത്തിക്കാണിക്കുന്നില്ല. ഇത്തരം ഒരു തിരിച്ചറിവില്‍ നിന്നാണ്‌ എന്‍ജീനയര്‍ എപ്പോഴും നീതിയും ന്യായവും സമത്വവുമാണ്‌ ഇസ്‌ലാമിന്റെ മുഖമുദ്രയെന്ന്‌ ആവര്‍ത്തിച്ചു പറയുന്നത്‌. കൂടാതെ വ്യക്തികള്‍ ചില്ലിക്കാശ്‌ എടുത്തുകൊടുക്കുന്ന സകാത്ത്‌ സമ്പ്രദായം ഉപകാരപ്പെടില്ലെന്നും സംഘടിത സക്കാത്ത്‌ സമ്പ്രദായമാണ്‌ വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഇതര മതവിഭാഗങ്ങളോട്‌ എങ്ങനെ പെരുമാറണം, ബഹുസ്വര സമൂഹത്തിലെ മതജീവിതം എങ്ങനെയാവണം തുടങ്ങിയവ പറഞ്ഞുകൊടുക്കാന്‍ ഖുര്‍ആനിലെ ഒരു ആയത്ത്‌ മതി എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. അത്‌ സൂറത്തുല്‍ കാഫിറൂനിലെ ലകും ദീനുകും വലിയ ദീന്‍ (നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം എനിക്ക്‌ എന്റെ മതം) എന്ന ആയത്താണ്‌. യഥാര്‍ഥ ഇസ്‌ലാം മതവിശ്വാസികള്‍ തീവ്രവാദികളാവില്ലെന്ന്‌ സുകുമാര്‍ അഴീക്കോട്‌ പറഞ്ഞിട്ടുണ്ട്‌. കാരണം അല്ലാഹു പരമകാരുണികന്‍ (റഹ്‌മാന്‍) ആണെന്നു വിശ്വസിക്കുകയും പറയുകയും ചെയ്യുന്നവരാണ്‌ മുസ്‌ലിംകള്‍. 
ദീര്‍ഘകാലത്തേക്കുള്ള ഒരു സമാധാന പാക്കേജുണ്ടാക്കാന്‍ നാം എത്രത്തോളം വിട്ടുവീഴ്‌ച ചെയ്യണമെന്നതിനു ഹുദയ്‌ബിയ സന്ധി മാത്രം മതിയെന്നു അസ്‌ഗര്‍ അലി എന്‍ജിനീയര്‍ ഓര്‍മിപ്പിക്കുന്നുണ്ട്‌. നബിയുടെ മദീനാ വിളംബരം (മീസാഖുല്‍ മദീന) അദ്ദേഹം അതിന്‌ തെളിവുദ്ധരിച്ചിട്ടുണ്ട്‌. നിര്‍ബന്ധ മതപരിവര്‍ത്തനം ഖുര്‍ആനിക വിരുദ്ധമാണെന്നതിന്‌ `മതത്തിലേക്ക്‌ ബലാല്‍ക്കാരം പാടില്ലെന്ന (ലാഇക്‌റാഹ ഫിദ്ദീന്‍) ആയത്ത്‌ അദ്ദേഹം തെളിവായുദ്ധരിക്കുന്നുണ്ട്‌. എപ്പോഴും വിമര്‍ശിക്കപ്പെടാറുള്ള ജിഹാദ്‌, കാഫിര്‍, ഹിജാബ്‌, ത്വലാഖ്‌ തുടങ്ങിയ വാക്കുകളുടെ യഥാര്‍ഥ അര്‍ഥം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്‌. ഇതെല്ലാം ആധുനികലോകത്ത്‌ വലിയ ചര്‍ച്ചയാക്കി മാറ്റാന്‍ അദ്ദേഹത്തിന്നു കഴിഞ്ഞു. ലോകത്ത്‌ അഭിപ്രായരൂപീകരണം നടത്തുന്ന സ്വാധീനമുള്ള വ്യക്തികളെയാണ്‌ അദ്ദേഹം ലക്ഷ്യം വെച്ചിരുന്നത്‌. അതാവട്ടെ മറ്റു പലര്‍ക്കും കഴിയുന്നതായിരുന്നില്ല താനും.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: