അബ്‌ദുര്‍റഹ്‌മാന്‍ അന്‍സാരി പ്രബോധനത്തിന്റെ നാദധാര
സി പി ഉമര്‍ സുല്ലമി
ഇസ്വ്‌ലാഹി പ്രസ്ഥാനത്തെ നെഞ്ചേറ്റി പ്രബോധന വീഥിയില്‍ ജീവിതം സമര്‍പ്പിച്ച അബ്‌ദുറഹ്‌മാന്‍ അന്‍സാരി നമ്മോട് വിട പറഞ്ഞു. തൗഹീദിനുവേണ്ടി ഒരു പുരുഷായുസ്സ് സമര്‍പ്പിച്ച പിതാവ് സൈദ് മൗലവിയുടെ വഴികളിലൂടെയാണ് ആദര്‍ശമാര്‍ഗത്തില്‍ അന്‍സാരിയും കടന്നുപോയത്. പ്രമേഹരോഗത്തെ തുടര്‍ന്ന് ഇരു വൃക്കകളും തകരാറിലായി അഞ്ചുവര്‍ഷത്തിലധികം ഡയാലിസിസിന് വിധേയനായിരുന്നു അദ്ദേഹം. അന്‍സാരിയും അദ്ദേഹത്തിന്റെ അനുജന്‍ ഒരു വര്‍ഷം മുമ്പ് മരണപ്പെട്ട നസ്‌റുല്ലയും വര്‍ഷങ്ങളോളം ഒരേ ആസ്‌പത്രിയില്‍ തൊട്ടടുത്ത ബെഡുകളില്‍ ആഴ്‌ചയില്‍ മൂന്നുദിവസം ഡയാലിസിസിന് വിധേയരാകുന്നത് കാണുന്നവരില്‍ നൊമ്പരമുണര്‍ത്തുന്ന അനുഭവമായിരുന്നു. പക്ഷെ, അസാമാന്യ മനക്കരുത്തോടെ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് തളരാതെ അദ്ദേഹം ജീവിച്ചു. ആശ്വസിപ്പിക്കാനെത്തുന്നവരോട് പ്രബോധനരംഗത്തെ ചലനങ്ങളെക്കുറിച്ച് ആവേശപൂര്‍വം ചോദിച്ചറിഞ്ഞു. പ്രബോധനരംഗത്ത് പ്രവര്‍ത്തിച്ച് തനിക്ക് പൂതി തീര്‍ന്നിട്ടില്ലെന്ന് പങ്കുവെച്ചു. ആരോഗ്യം ഏറെക്കുറെ പൂര്‍ണമായി ക്ഷയിക്കുകയും കാല്‍വിരല്‍ മുറിച്ചുമാറ്റുകയും ചെയ്‌ത ഘട്ടത്തിലാണ് (മരണത്തിന് ഒരാഴ്‌ച മുമ്പ്) രണ്ടത്താണി ഏരിയ മുജാഹിദ് സമ്മേളനത്തില്‍ അദ്ദേഹം അവസാനമായി പ്രസംഗിച്ചത്. സൗമ്യമായ പെരുമാറ്റവും വിനയവും മുഖമുദ്രയാക്കിയ അദ്ദേഹത്തിന്റെ ജീവിതം പ്രബോധനമാര്‍ഗത്തില്‍ പ്രചോദനം നല്‌കുന്നതായിരുന്നു.
തൗഹീദിന് വേണ്ടി ജീവിതം സമര്‍പ്പിച്ച പിതാവ് സൈദ് മൗലവിയുടെ ജീവിതത്തിലെ കഷ്‌ടപ്പാടുകളും ദാരിദ്ര്യവും കണ്ടും അനുഭവിച്ചും വളര്‍ന്ന അന്‍സാരി ഉപ്പയെക്കുറിച്ച് പറയുമ്പോഴും കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരയുമായിരുന്നു. രണ്ടത്താണി അങ്ങാടിയിലെ പീടികമുറിയില്‍ താമസിച്ച് ഇല്ലായ്‌മകള്‍ പങ്കുവെച്ച ബാല്യകാലവും, കല്ലേറും പടക്കമാലയും കൂക്കുവിളിയും ഏറ്റുവാങ്ങിയ ഉപ്പയുടെ ജീവിതവും, കടുത്ത പ്രയാസങ്ങളുടെ നാളുകളില്‍ പോലും ഉപ്പ ജീവിതത്തില്‍ പുലര്‍ത്തിയ സത്യസന്ധതയുമൊക്കെ പങ്കുവെക്കുമ്പോള്‍ കണ്ണീരടക്കാന്‍ കഴിയുമായിരുന്നില്ല അന്‍സാരിക്ക്. അത്രമാത്രം അഗാധമായിരുന്നു അന്‍സാരിക്കു ഉപ്പയുമായുള്ള സ്‌നേഹബന്ധം.
നാല് പതിറ്റാണ്ട് സൈദ് മൗലവി ഖുതുബ നിര്‍വഹിച്ച രണ്ടത്താണി മസ്‌ജിദുര്‍റഹ്‌മാനിയില്‍ മൗലവിയുടെ മരണശേഷം ഇരുപത് വര്‍ഷം ആ ദൗത്യം തുടര്‍ന്നത് അന്‍സാരിയായിരുന്നു. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഡയാലിസിസ് ആരംഭിച്ചതിനു ശേഷവും രണ്ടു വര്‍ഷത്തോളം അദ്ദേഹം ഖുത്വ്‌ബ തുടര്‍ന്നു. ഓരോ ഖുതുബക്ക് വേണ്ടിയും മണിക്കൂറുകളോളം നടത്തിയിരുന്ന മുന്നൊരുക്കമാണ് തന്റെ ജീവിതത്തിന്റെ ഊര്‍ജമെന്ന് അദ്ദേഹം പറയുമായിരുന്നു. പ്രൗഢഗംഭീരമായിരുന്നു ഓരോ ഖുതുബയും. കാഴ്‌ചക്ക് വല്ലാതെ മങ്ങലേറ്റപ്പോള്‍ ഖുതുബയുടെ നോട്ട് വലിയ അക്ഷരങ്ങളില്‍ അദ്ദേഹം ടൈപ്പ് ചെയ്‌ത് എടുക്കും. ആയത്തുകളും ഹദീസുകളും കോര്‍ത്തിണക്കി പഠിച്ചവതരിപ്പിച്ച് നിര്‍വഹിക്കുന്ന ഓരോ ഖുതുബയുടെയും ശൈലിയും അവതരണവും വ്യത്യസ്‌തമാക്കാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നു.
പ്രബോധനരംഗത്തെ അന്‍സാരിയുടെ ഏറ്റവും മഹത്തായ സംഭാവനകളിലൊന്ന് അദ്ദേഹത്തിന്റെ സര്‍ഗാത്മക രചനകള്‍ തന്നെയായിരുന്നു. തേങ്ങലുകളെല്ലാം അല്ലാഹുവോട്... എന്ന് തുടങ്ങുന്ന ഗാനം മണിക്കൂറുകള്‍ നീളുന്ന ഒരു തൗഹീദ് പ്രഭാഷണത്തിന്റെ സ്വാധീനമാണ് ആളുകളില്‍ വരുത്തിയത്. പ്രസ്ഥാനവേദികളില്‍ ഇന്നും ആ വരികള്‍ മുഴങ്ങിക്കേള്‍ക്കുന്നു.
``കടലിന്‍ നടുവില്‍ പിടയും മനുജന്
കാവല്‍ നല്‍കിടും അല്ലാഹു
കരയില്‍ നേരിടും ദുരിതങ്ങളെല്ലാം
ദൂരെയകറ്റിയും അല്ലാഹു
കാരുണ്യമേറിയൊരല്ലാഹുവേക്കാള്‍
ആരുണ്ട് നമ്മോട് കരുണ ചൊരിയാന്‍
എല്ലാം ഭരിച്ചിടും എല്ലാം അറിഞ്ഞീടും
അല്ലാഹു പോരേ സഹായങ്ങളേകാന്‍''
കാവല്‍ നല്‍കിടും അല്ലാഹു
കരയില്‍ നേരിടും ദുരിതങ്ങളെല്ലാം
ദൂരെയകറ്റിയും അല്ലാഹു
കാരുണ്യമേറിയൊരല്ലാഹുവേക്കാള്‍
ആരുണ്ട് നമ്മോട് കരുണ ചൊരിയാന്‍
എല്ലാം ഭരിച്ചിടും എല്ലാം അറിഞ്ഞീടും
അല്ലാഹു പോരേ സഹായങ്ങളേകാന്‍''
ആയത്തുല്‍ കുര്‍സിയ്യ് ആശയപശ്ചാത്തലത്തിന് ഗാനാവിഷ്‌കാരം നല്‍കി അദ്ദേഹം രചിച്ച പൂജാമുറിയിലോ ചില്ലിന്റെ കൂട്ടിലോ എന്ന് തുടങ്ങുന്ന ഗാനവും മരണത്തെ ഓര്‍മിപ്പിച്ച് ഞാന്‍ തെല്ലും അറിയാതെ, മനമൊട്ടും കൊതിക്കാതെ എന്ന് തുടങ്ങുന്ന ഗാനവും ഇന്നും ഒട്ടേറെ പേരുടെ കാതുകളില്‍ മുഴങ്ങുന്നു. പ്രാസഭംഗിയും കവിതയും തുളുമ്പുന്ന അര്‍ഥഗര്‍ഭമായ വരികളില്‍ അദ്ദേഹം രചിച്ച നൂറുകണക്കിന് ഗാനങ്ങള്‍ പ്രബോധനരംഗത്തെ അദ്ദേഹത്തിന്റെ സര്‍ഗാത്മക സംഭാവനകളാണ്.
1986-88 കാലഘട്ടത്തില്‍ ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക പ്രസാധനരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട യുവത ബുക്‌ഹൗസ് ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. അബുല്‍ഹസന്‍ അലി നദ്‌വിയുടെ കൃതിയുടെ വിവര്‍ത്തനവും എന്‍ വി അബ്‌ദുസ്സലാം മൗലവിയുടെ രചനയും ഉള്‍പ്പെടെ 14 പുസ്‌തകങ്ങള്‍ ഒറ്റയടിക്ക് പ്രസിദ്ധീകരിച്ച് 1987-ല്‍ കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് യുവത ആരംഭിക്കുമ്പോള്‍ ഐ എസ് എമ്മിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. ഡോ. സലീം ചെര്‍പ്പുളശ്ശേരിയായിരുന്നു യുവത ഡയറക്‌ടര്‍. ഡി ടി പിയും ഓഫ്‌സെറ്റും വ്യാപകമാകാത്ത കാലഘട്ടത്തില്‍ യുവത നടത്തിയ ഈ മുന്നേറ്റത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. കുറ്റിപ്പുറം സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ `യുവത നാദധാര' ഗാനങ്ങള്‍ അന്‍സാരിയുടെ സ്വപ്‌നങ്ങളിലൊന്നായിരുന്നു.
മനോഹരമായ ശബ്‌ദത്തിന്റെ ഉടമയായിരുന്നു അന്‍സാരി. കുറ്റിപ്പുറം സമ്മേളനത്തിന്റെ പ്രചാരണവിഭാഗം ചുമതല അദ്ദേഹത്തിനായിരുന്നു. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തുടര്‍ച്ചയായി നടത്തിയ വാഹന പ്രചാരണയാത്ര കഴിഞ്ഞതോടെ അദ്ദേഹത്തിന് തന്റെ ശബ്‌ദഗാംഭീര്യവും നഷ്‌ടമായി. പല ചികിത്സകള്‍ നടത്തിയെങ്കിലും പിന്നീടൊരിക്കലും ആ ശബ്‌ദം തിരിച്ചുകിട്ടിയില്ല. അത് തന്റെ ജീവിതത്തിലെ ഒരു നഷ്‌ടമായി അദ്ദേഹത്തിന് ഒരിക്കലും തോന്നിയതുമില്ല.
ചെറുപ്പത്തിലേ ബാധിച്ച പ്രമേഹം ആരോഗ്യത്തെ ക്രമേണയായി ക്ഷയിപ്പിക്കുകയും ഒടുവില്‍ ഡയാലിസിസില്‍ അഭയം തേടുകയും ചെയ്‌തിട്ടും അദ്ദേഹം പ്രബോധനരംഗത്ത് നിന്ന് മാറിനിന്നില്ല. അന്‍സാരിയുടെ ജീവിതം ചെറുപ്പക്കാര്‍ക്ക് മാതൃകയും പ്രചോദനവുമായിത്തീരുന്നത് ദൗത്യനിര്‍വഹണത്തിന് അദ്ദേഹം തെരഞ്ഞെടുത്ത വഴികളിലൂടെയാണ്. തന്റെ പ്രവര്‍ത്തനമേഖല വീടിനുള്ളിലേക്ക് ചുരുങ്ങിപ്പോയപ്പോള്‍ അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു ഇന്റര്‍നെറ്റിലെ ഓണ്‍ലൈന്‍ ദഅ്‌വ സംരംഭമായ ഇസ്വ്‌ലാഹീ ക്ലാസ്‌റൂം.
ഡയാലിസിസിന്റെ ക്ഷീണം മാറിയാല്‍ ഉടന്‍ അദ്ദേഹം ഇസ്വ്‌ലാഹീ ക്ലാസ്‌റൂമിലെത്തും. കേരളത്തിന്റെ മുക്കുമൂലകളില്‍ വരെ നടക്കുന്ന പ്രഭാഷണങ്ങളുടെ തത്സമയം ആവേശപൂര്‍വം കേട്ടിരിക്കും. പ്രസംഗം കഴിഞ്ഞാല്‍ പ്രഭാഷകന്മാരെ കഴിയുമെങ്കില്‍ നേരില്‍ വിളിച്ച് അഭിപ്രായം അറിയിക്കും. ഇസ്വ്‌ലാഹീ ക്ലാസ്‌റൂമിലെ ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇസ്വ്‌ലാഹീ ക്ലാസ് റൂമിലുള്ളവരുമായി കുടുംബാംഗങ്ങളോടെന്നപോലെ ആത്മബന്ധമായിരുന്നു അദ്ദേഹത്തിന്.
അദ്ദേഹത്തിന്റെ രോഗാവസ്ഥയും പ്രയാസങ്ങളുമൊക്കെ ആദ്യമറിയുന്നതും ആദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുന്ന ഇസ്വ്‌ലാഹീ ക്ലാസ്‌റൂം ശ്രോതാക്കളാണ്. തളര്‍ന്നുപോകുമായിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് ഊര്‍ജവും ഉന്‍മേഷവും കൊടുത്ത് പ്രചോദനമായത് ഇസ്വ്‌ലാഹീ ക്ലാസ്‌റൂം ആണെന്ന് കുടുംബങ്ങളോടൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ടായിരുന്നു.
യുവത പുറത്തിറക്കിയ ഇസ്‌ലാം വാള്യങ്ങളുടെ ഗ്രന്ഥരചനയില്‍ പ്രധാന പങ്കുവഹിച്ചു. യുവതക്ക് വേണ്ടി ഇബ്‌റാഹീം നബിയുടെ ജീവിതചരിത്രം കുട്ടികള്‍ക്കായി രചന പൂര്‍ത്തിയാക്കി അത് വെളിച്ചം കാണുംമുമ്പെയാണ് വിടപറഞ്ഞത്. എഴുതാന്‍ കഴിയാതിരുന്ന ഘട്ടത്തില്‍ ഭാര്യ ഫാത്വിമയാണ് ദൈവത്തിന്റെ ചങ്ങാതി എന്ന് അദ്ദേഹം പേരിട്ട പുസ്‌തകത്തിന്റെ കയ്യെഴുത്ത് പ്രതി കേട്ടെഴുതി തയ്യാറാക്കിയത്.
പരിചയപ്പെടുന്ന ആരിലും ഹൃദ്യമായ ഓര്‍മയുണര്‍ത്തി നിഷ്‌കളങ്കമായ മുഖം മനസ്സില്‍ ബാക്കിയാക്കിയാണ് അന്‍സാരി കടന്നുപോയത്. എനിക്ക് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു സൈദ് മൗലവിയുടെ കുടുംബത്തോട്. പ്രായംകൊണ്ട് എന്റെ അനുജനായിരുന്ന അന്‍സാരി എനിക്ക് മുമ്പേ കടന്നുപോയി. നാഥാ ഞങ്ങളെയും അദ്ദേഹത്തെയും നീ നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടേണമേ.
0 comments: