കൃഷി ഒരു പുണ്യകര്‍മമാണ്‌; ജീവധര്‍മമാണ്‌

  • Posted by Sanveer Ittoli
  • at 9:25 PM -
  • 1 comments
കൃഷി ഒരു പുണ്യകര്‍മമാണ്‌; ജീവധര്‍മമാണ്‌
മുസ്‌തഫ കൊച്ചിന്‍

ഇസ്‌ലാം എന്ന പദത്തിനര്‍ഥം സമാധാനവും ശാന്തിയും നല്‌കല്‍ എന്നാണ്‌. ഈമാന്‍ എന്നതിന്‌ നിര്‍ഭയത്വവും സുരക്ഷിതത്വവും നല്‌കല്‍ എന്നുമാണ്‌. അപ്പോള്‍ മുസ്‌ലിം ശാന്തിയും സമാധാനവും നല്‌കുന്നവനും മുഅ്‌മിന്‍ സുരക്ഷിതത്വവും നിര്‍ഭയത്വവും നല്‌കുന്നവനുമാണ്‌. ഈ വാക്കര്‍ഥം ഉള്‍ക്കൊണ്ട്‌ മുസ്‌ലിം, ഇസ്‌ലാം, ഈമാന്‍, മുഅ്‌മിന്‍ എന്നീ പദങ്ങളുടെ സാങ്കേതിക അര്‍ഥം മനസ്സിലാക്കേണ്ടതാണ്‌. സസ്യങ്ങളോട്‌ നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും അവയെ സംരക്ഷിച്ച്‌ പരിപാലിക്കണമെന്ന്‌ മുസ്‌ലിംകളോടും ജനങ്ങളോടും ആവശ്യപ്പെടുകയും ചെയ്യുന്ന മതമാണ്‌ ഇസ്‌ലാം.
ഒരു മുസ്‌ലിമിന്റെ ജനനം മുതല്‍ മരണം വരെയുള്ള ഐഹികജീവിതം സസ്യജാലങ്ങളോട്‌ ഇണങ്ങിയാണ്‌ നില്‌ക്കുന്നത്‌. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ലോകാരംഭ ചരിത്രം പരിശോധിച്ചാല്‍ ആദം-ഹവ്വാ ദമ്പതികള്‍ വസിച്ചിരുന്ന പറുദീസാ നഷ്‌ടത്തിന്‌ വഴിയൊരുക്കിയത്‌ ഒരു വിലക്കപ്പെട്ട വൃക്ഷമാണ്‌ (2:35, 7:19, 20:120) എന്ന പരാമര്‍ശം കാണാനാവും. അവര്‍ നാണം മറയ്‌ക്കാന്‍ അവിടത്തെ വൃക്ഷത്തിന്റെ ഇലകള്‍ ഉപയോഗിച്ച്‌ മറച്ചു (7:22; 20:121) എന്നും ഖുര്‍ആന്‍ പറയുന്നു. ലോകാവസാനവും സസ്യവുമായി ബന്ധപ്പെടുത്തി നബി(സ) പറഞ്ഞിരിക്കുന്നു: ``ഒരാള്‍ വൃക്ഷത്തൈ നടാനൊരുങ്ങുമ്പോഴാണ്‌ ലോകം അവസാനിക്കുന്നതെങ്കില്‍ പോലും അതിന്‌ മുമ്പ്‌ നടാന്‍ കഴിയുമെങ്കില്‍ അതയാള്‍ നടട്ടെ!'' ഈ പരാമര്‍ശമൊക്കെയും ഇസ്‌ലാമിന്റെ ആദ്യാന്തമുള്ള ഹരിതസ്വഭാവമാണ്‌ പ്രകടിപ്പിക്കുന്നത്‌.
പാരത്രികജീവിതത്തെ കുറിച്ചുള്ളതിലും സസ്യങ്ങള്‍ പരാമര്‍ശ വിഷയമാണ്‌. പുനരെഴുന്നേല്‌പും മരണാനന്തര ജീവിതവും അനുസ്‌മരിപ്പിക്കുന്നതിന്‌ ഖുര്‍ആന്‍ സസ്യജാലങ്ങളുടെ ഉദാഹരണങ്ങളും (50:9-11) ഉപമകളും (22:5-7) ആണ്‌ സമര്‍പ്പിക്കുന്നത്‌. അല്ലാഹു തന്റെ അടിമകള്‍ക്ക്‌ നല്‌കുന്ന ഏറ്റവും മഹത്തായ മരണാനന്തര സ്വര്‍ഗീയലോകത്തെ ഖുര്‍ആന്‍ ഉപയോഗിച്ച `ജന്നഃ' എന്ന വാക്കിന്‌ ആരണ്യം, ആരാമം, ഉദ്യാനം, പൂന്തോപ്പ്‌ എന്നൊക്കെ അര്‍ഥം നല്‌കാവുന്നതാണ്‌. `സ്വര്‍ഗത്തോപ്പ്‌' എന്ന്‌ മൊഴിമാറ്റം നല്‌കുന്നതായിരിക്കും ഏറെ നല്ലത്‌.
ഇസ്‌ലാമിന്റെ കാതലും കാമ്പുമായ `കലിമത്തുശ്ശഹാദ'യെ ഒരു വിശിഷ്‌ട വൃക്ഷത്തോടാണ്‌ അല്ലാഹു ഉപമിക്കുന്നത്‌ (14:24,25). ദൈവമാര്‍ഗത്തില്‍ ധനം വ്യയംചെയ്‌തു പുണ്യംനേടാന്‍ ആഗ്രഹിക്കുന്നവന്‌ അല്ലാഹു നല്‌കുന്ന പ്രതിഫലം (ഖുര്‍ആന്‍ 2:261) പരിചയപ്പെടുത്തുന്നത്‌ കതിര്‍ക്കുലകളെ ഉദാഹരിച്ചുകൊണ്ടാണ്‌. ആദം(അ) കര്‍ഷകനായ പ്രവാചകനായിരുന്നുവെന്ന്‌ ഇബ്‌നുഅബ്ബാസ്‌(റ) അഭിപ്രായപ്പെടുന്നു. മൂസാനബി(അ) ആട്ടിടയനായിരുന്നു. ഒരു ക്ഷാമകാലത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ മുന്നറിയിപ്പ്‌ വായിച്ച്‌ കാലേക്കൂട്ടി കാര്‍ഷിക ഒരുക്കങ്ങളിലൂടെ അതിനെ അതിജീവിക്കാന്‍ സഹായിച്ച യൂസുഫിനെ(അ) ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു.
മുഹമ്മദ്‌ നബി(സ)യെ കര്‍ഷകമിത്രമായ പ്രവാചകന്‍ എന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌. ആട്ടിടയനായിരുന്ന പ്രവാചകന്‍ കൃഷി ചെയ്‌തു, നനച്ച്‌, കൈകോട്ട്‌ പിടിച്ച്‌ തഴമ്പിച്ച കരം കണ്ടപ്പോള്‍ `ഇത്‌ അല്ലാഹുവും തിരുദൂതനും ഇഷ്‌ടപ്പെടുന്ന കൈ' ആണെന്ന്‌ പറഞ്ഞു. ``ഒരാള്‍ക്ക്‌ ഭൂമിയുണ്ടെങ്കില്‍ അവനതില്‍ കൃഷിചെയ്യണം, അല്ലെങ്കില്‍ അവന്‍കൃഷിക്കായി തന്റെ സുഹൃത്തിന്‌ അത്‌ നല്‌കണം.'' ``ശൂന്യഭൂമിയെ കൃഷിയിറക്കി ജീവിപ്പിച്ചാല്‍ അത്‌ അവനുള്ളതാണ്‌'' തുടങ്ങിയവ ആ പ്രവാചകന്റെ വചനങ്ങളാണ്‌.
ബറാഉബ്‌നു ആസിബിന്റെ(റ) ഒട്ടകം ഒരു തോട്ടത്തില്‍ കടന്നു നാശമുണ്ടാക്കിയ പ്രശ്‌നം നബിയുടെ അടുത്തെത്തിയപ്പോള്‍ പകല്‍ തോട്ടത്തിന്‌ സുരക്ഷ ഏര്‍പ്പെടുത്തേണ്ടത്‌ തോട്ടമുടമകളുടെയും, രാത്രി കാലികളെ സംരക്ഷിക്കേണ്ടത്‌ കാലിയുടമകളുടെയും ഉത്തരവാദിത്തമാണെന്ന്‌ അനുശാസിച്ചു.
ഒരിക്കല്‍ ഒരു മരം മുറിക്കാനുള്ള അനുമതി തേടി അന്‍സ്വാരികള്‍ നബിയെ സമീപിച്ചു. തല്‍സ്ഥാനത്ത്‌ മറ്റൊരു മരം നടണമെന്ന നിബന്ധനയോടെ നബി(സ) അനുമതി നല്‍കി. മരം മുറിച്ചുനീക്കിയ ആ സ്ഥലം പില്‍ക്കാലത്ത്‌ ഒരു വനമായി (ഗാബ) മാറിയെന്ന്‌ ചരിത്രം രേഖപ്പെടുത്തുന്നു. 
നമസ്‌കാരം ദീര്‍ഘിപ്പിച്ച്‌, തോട്ടം പരിപാലിക്കുന്ന കര്‍ഷകര്‍ക്ക്‌ തടസ്സംസൃഷ്‌ടിച്ച മുആദിന്റെ(റ) നടപടിയെ പ്രവാചകന്‍ വിമര്‍ശിക്കുകയുണ്ടായി. ``താങ്കള്‍ കുഴപ്പക്കാരനാവുകയാണോ മുആദ്‌?'' എന്നായിരുന്നു പ്രവാചകന്റെ ശാസന. നമസ്‌കാരം പോലും ഭൂമിയുടെ പച്ചപ്പ്‌ നിലനിര്‍ത്തുകയും അതിനെ ഉല്‌പാദന ക്ഷമമാക്കുകയും ചെയ്യുന്ന കാര്‍ഷികവൃത്തിക്ക്‌ തടസ്സമാവരുതെന്ന ഇസ്‌ലാമിക പാഠമാണ്‌ ഇതിലൂടെ ലഭിക്കുന്നത്‌ എന്ന്‌ ഖുര്‍ആന്‍ പറയുന്നു. (73:20) 
അബൂഹുറയ്‌റ, അബുദ്ദര്‍ദാഅ്‌, അംറുബ്‌നുല്‍ ആസ്വ്‌, അബ്‌ദുല്ലാഹിബ്‌നു അംറ്‌, ത്വല്‍ഹത്‌ ബിന്‍ ഉബൈദില്ല, സുബൈറുബ്‌നുല്‍ അവ്വാം(റ) എന്നിവര്‍ കര്‍ഷകരായ അനുചരന്മാരായിരുന്നു. തോട്ടപ്പണി കഴിഞ്ഞ്‌ മടങ്ങിവരുന്ന സഹോദരപുത്രനോട്‌ അബ്‌ദുല്ലാഹിബിനു അംറ്‌(റ) പറഞ്ഞു: ``തന്റെ കൃഷിയിടത്തില്‍ തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്നയാള്‍ അല്ലാഹുവിന്റെ തൊഴിലാളികളില്‍ ഒരുവനാണ്‌.''
അബുദ്ദര്‍ദാഅ്‌(റ) തന്റെ അവസാനകാലത്ത്‌ ദമസ്‌കസില്‍ താമസിച്ചപ്പോള്‍ `സ്വഹാബി മരം നടുകയോ?' എന്നൊരാള്‍ ആരാഞ്ഞപ്പോള്‍ അദ്ദേഹം അതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊടുത്തു. മുന്തിരിവള്ളിക്ക്‌ താങ്ങ്‌ നല്‌കാനായി ഒരു താങ്ങിന്‌ ഒരുദിര്‍ഹം എന്ന കണക്കിന്‌ കൊടുത്തായിരുന്നു അംറുബ്‌നുല്‍ ആസ്വ്‌(റ) തന്റെ മുന്തിരികൃഷി നിലനിര്‍ത്തിയത്‌. അദ്ദേഹത്തിന്റെ മകന്‍ അബ്‌ദുല്ലാ(റ)ക്ക്‌ ത്വാഇഫില്‍ ഉണ്ടായിരുന്ന `അല്‍വഹ്‌ത്വ്‌' എന്ന മുന്തിരിത്തോട്ടത്തില്‍ ആയിരക്കണക്കിന്‌ താങ്ങുകള്‍ ഉപയോഗിച്ചിരുന്നു. ത്വല്‍ഹത്‌ ബിന്‍ ഉബൈദില്ലാ(റ)യ്‌ക്ക്‌ `നശാസ്‌തജ്‌' എന്ന നാമധേയത്തില്‍ വരുമാനം ലഭിക്കുന്ന തോട്ടമുണ്ടായിരുന്നു. സുബൈര്‍ ബിന്‍ അവ്വാമിന്‌(റ) ഒരു വലിയ കൃഷിത്തോട്ടമുണ്ടായിരുന്നു.
`ഇന്നോ നാളെയോ മരിക്കാനിരിക്കുന്ന ഞാന്‍ എന്തിന്‌ തൈ നടണം?' എന്ന്‌ പറഞ്ഞ വൃദ്ധന്റെ കൈപിടിച്ച്‌ തൈ നടീച്ച്‌ ഉമര്‍(റ) തന്റെ ഭരണത്തില്‍ കൃഷിക്കും ജലസേചനത്തിനും പ്രത്യേക പരിഗണന കൊടുത്തു.
സ്വഹാബിമാര്‍ക്ക്‌ അവരുടെ ഇഷ്‌ടപ്പെട്ട സമ്പാദ്യങ്ങളില്‍ പ്രധാനം തോട്ടമായിരുന്നു. ``നിങ്ങള്‍ ഇഷ്‌ടപ്പെടുന്നതില്‍ നിന്ന്‌ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ പുണ്യം നേടുകയില്ല'' (3:92) എന്ന ഖുര്‍ആനിക വചനം അവതീര്‍ണമായപ്പോള്‍ ഖൈബറില്‍ ഗനീമത്‌ ഓഹരിയായി തനിക്ക്‌ ലഭിച്ച തോട്ടം ഉമര്‍(റ) വഖ്‌ഫ്‌ ചെയ്യുകയാണുണ്ടായത്‌. അന്‍സ്വാരി സ്വഹാബിയായ അബൂത്വല്‍ഹാ(റ) മദീനാപള്ളിയുടെ പരിസരത്തെ തന്റെ പ്രിയപ്പെട്ട `ബൈറുഹാ' തോട്ടം അടുത്ത കുടുംബത്തിനും പിതൃവ്യ പുത്രര്‍ക്കുമായി ദാനം നല്‌കി. അനസിന്റെ(റ) മാതാവും മാലിക്‌ബിന്‍ നദ്‌രിന്റെ വിധവയുമായ ഉമ്മു സുലയ്‌മിന്‌ മഹ്‌റായി അബൂത്വല്‍ഹാ(റ) നല്‌കിയതും തൊള്ളായിരം ഈത്തപ്പനകളുള്ള മദീനയിലെ തന്റെ ഏറ്റവും വലിയ തോട്ടമായിരുന്നു.
ഇസ്‌ലാമിക നാഗരികതയില്‍ ഒരു കാര്‍ഷിക സംസ്‌കാരം നമുക്ക്‌ ദര്‍ശിക്കാനാവും. ഇസ്‌ലാമിന്‌ അനുകൂലമായി ഒരു നാട്‌ വിജയിച്ചുകിട്ടിയാല്‍ മുസ്‌ലിംകള്‍ ആദ്യം ശ്രദ്ധിച്ചിരുന്ന രണ്ട്‌ കാര്യങ്ങളില്‍ ഒന്ന്‌ കൃഷിയിടമൊരുക്കലും മറ്റൊന്ന്‌ പള്ളിനിര്‍മാണവുമായിരുന്നു. ഖൈബര്‍ ഭൂമി മുസ്‌ലിംകള്‍ക്ക്‌ ലഭിച്ചപ്പോള്‍ അവിടെ കൃഷി ചെയ്‌തു തങ്ങാന്‍ അനുവദിക്കാമെന്ന്‌ ജൂതരുമായി നബി(സ) ധാരണയിലെത്തിയിരുന്നു.
പാശ്ചാത്യ പണ്ഡിതനായ വില്യം വില്‍കോക്‌സ്‌ എഴുതുന്നു: ``ആധുനിക യുഗത്തില്‍ ഓസ്‌ട്രേലിയയിലും യു എസ്‌ എയിലും ഈജിപ്‌തിലും നടക്കുന്ന ജലസേചന പ്രവര്‍ത്തനങ്ങളോട്‌ കിടപിടിക്കുന്ന സംവിധാനങ്ങളാണ്‌ ഇറാഖിലെ യൂഫ്രട്ടീസ്‌ നദി ഉപയോഗപ്പെടുത്തി ഖലീഫമാര്‍ ആവിഷ്‌കരിച്ചിരുന്നത്‌.''
അബ്ബാസിയ്യാ ഭരണകാലത്ത്‌ ദീവാനുല്‍ മാഅ്‌ എന്ന പേരില്‍ കൃഷി-ജലസേചന വകുപ്പുണ്ടായിരുന്നു. മലമ്പ്രദേശങ്ങളില്‍ തട്ടുകളായി കൃഷിചെയ്യുന്ന രീതി സ്‌പെയിനില്‍ മുസ്‌ലിംകള്‍ നടപ്പിലാക്കി. അന്യനാടുകളില്‍ നിന്ന്‌ ധാരാളം സസ്യങ്ങള്‍ കൊണ്ടുവന്ന്‌ കൃഷിചെയ്‌തു.
``അറബികള്‍ പൂര്‍ത്തിയാക്കിയ ജലസേചന സംവിധാനങ്ങള്‍ മാത്രമേ ഇന്നും സ്‌പെയിനിലുള്ളൂ. യഥാര്‍ഥത്തില്‍ മരുഭൂമിയായിരുന്ന സ്‌പെയിനിന്റെ ചുരുക്കം ചില ഭാഗങ്ങള്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം അറബികളുടെ ശാസ്‌ത്രീയ കൃഷിരീതികളാല്‍ വിശാലമായ തോട്ടങ്ങളായി മാറി'' എന്ന്‌ അറബികളുടെ സംസ്‌കാരം എന്ന ഗ്രന്ഥത്തില്‍ ഗുസ്‌താവ്‌ ലൊബോണ്‍ പറയുന്നു. സിസിലിയെ കുറിച്ചദ്ദേഹം പറയുന്നതിങ്ങനെയാണ്‌: ``സിസിലിയില്‍ കാലുകുത്തിയ അറബികള്‍ കാര്‍ഷിക-തൊഴില്‍ മേഖലകളില്‍ നല്ല ആഭിമുഖ്യം കാണിച്ചു. പ്രസ്‌തുത രംഗങ്ങളില്‍ തകര്‍ച്ചയിലായിരുന്ന രാജ്യത്തെ അവര്‍ രക്ഷിച്ചു. പരുത്തി, കരിമ്പ്‌, ഒലീവ്‌... എന്നീ കൃഷികള്‍ നടപ്പിലാക്കി.'' ഖലീഫാ ഹാറൂന്‍ റശീദിന്റെ കാലത്തെ ന്യായാധിപനായിരുന്ന അബൂയൂസുഫ്‌ കൃഷി കൂടുതല്‍ മെച്ചപ്പെടുത്താനായി ഖലീഫയ്‌ക്ക്‌ കത്തയച്ചത്‌ ചരിത്രപ്രസിദ്ധമാണ്‌. ദക്ഷിണ ഇറാനും, ഇറാഖും അന്ന്‌ മനോഹര തോട്ടങ്ങളായിരുന്നു.
ഭൂമികള്‍ കൃഷിയോഗ്യമാക്കല്‍ മുസ്‌ലിമിന്റെ പൊതു ബാധ്യതയാണ്‌. കാര്‍ഷികവൃത്തി ഒരു ജീവിതസന്ധാരണ മാര്‍ഗം മാത്രമല്ല, ഇസ്‌ലാമിക ജീവിതചര്യയില്‍ അതൊരു പുണ്യം നേടുന്ന സംസ്‌കാരമാണ്‌. `ചെടികള്‍ നടുന്ന ഏതൊരാള്‍ക്കും ആ ചെടിയില്‍ നിന്ന്‌ ഉല്‌പന്നമാകുന്ന ഫലങ്ങളുടെ അളവില്‍ പ്രതിഫലം രേഖപ്പെടുത്താതിരിക്കില്ല.' `ഒരു മുസ്‌ലിം നടുന്ന ചെടിയില്‍ നിന്നും നടത്തുന്ന കൃഷിയില്‍ നിന്നും മനുഷ്യരോ പക്ഷികളോ മറ്റു വല്ലതുമോ തിന്നാല്‍ അതിനയാള്‍ക്ക്‌ പ്രതിഫലം തീര്‍ച്ച.'
കൃഷിയുമായി ബന്ധപ്പെട്ട ഏതു പ്രവര്‍ത്തനവും പ്രതിഫലാര്‍ഹമാണ്‌. ചെടി നടല്‍, നനയ്‌ക്കല്‍, കൃഷി പഠിക്കല്‍, കര്‍ഷകരെ ആദരിക്കല്‍, വിളവെടുപ്പ്‌ എന്നിവയൊക്കെ ആ പരിധിയില്‍ പെടും. പരിസ്ഥിതി സംരക്ഷണാര്‍ഥവും സൗന്ദര്യവത്‌ക്കരണത്തിനും, തണലിനും മണ്ണു സംരക്ഷണത്തിനും, മരത്തടിക്കും, പക്ഷിമൃഗാദികളുടെയും മനുഷ്യന്റെയും ഭക്ഷണത്തിനുമായൊക്കെ കൃഷിചെയ്യുന്നത്‌ ഇസ്‌ലാമില്‍ പുണ്യം നേടുന്ന പ്രവര്‍ത്തനമാണ്‌.
2004-ല്‍ സമാധാനത്തിന്റെ നോബെല്‍ സമ്മാനം നേടിയപ്പോള്‍ ഡോക്‌ടര്‍ വംഗാരി മാതായ്‌ (കെനിയാ) എന്ന ആഫ്രിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തക ആദ്യമായി പ്രതികരിച്ചതിങ്ങനെയായിരുന്നു: ``ഒരു ചെടി നടുമ്പോള്‍ നാം സമാധാനത്തിന്റെ ഒരു വിത്തു പാകുകയാണ്‌.''

Author

Written by Sanveer A Rahman Ittoli

welcome to my blog

1 അഭിപ്രായം: