ഭൂമി വലിയൊരു പള്ളിയാണ്‌

  • Posted by Sanveer Ittoli
  • at 9:34 AM -
  • 0 comments
ഭൂമി വലിയൊരു പള്ളിയാണ്‌

ഇബ്‌റാഹിം അബ്‌ദുല്‍മത്വീന്‍
ഭൂമിയൊരു പള്ളിയാണെന്നും അതിലുള്ളതെല്ലാം പവിത്രമാണെന്നുമുള്ള ഇസ്‌ലാമിന്റെ അധ്യാപനം ഞാന്‍ പഠിച്ചത്‌ എന്റെ പിതാവില്‍ നിന്നാണ്‌. അദ്ദേഹം വളര്‍ന്നത്‌ ന്യൂയോര്‍ക്കിലാണ്‌, വേനല്‍ക്കാലങ്ങള്‍ ചെലവഴിച്ചത്‌ വിര്‍ജീനിയയിലും. അദ്ദേഹം പ്രകൃതിയെ സ്‌നേഹിച്ചു, ആദരിച്ചു. പ്രകൃതിയോടുള്ള തന്റെ താല്‌പര്യം മക്കളുമായി പങ്കുവെച്ചു. എന്റെ കുട്ടിക്കാലം ഞാന്‍ ചെലവഴിച്ചത്‌ ന്യൂയോര്‍ക്കിലും ബ്രൂക്‌ലിനിലുമാണ്‌. ഞാനും എന്റെ സഹോദരനും കരുതിയിരുന്നത്‌ ലോകം മുഴുവനുംകോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളാല്‍ നിറഞ്ഞിരിക്കുന്നു എന്നാണ്‌. ആ തോന്നല്‍ അവസാനിച്ചത്‌ പിതാവ്‌ ഞങ്ങളെ ബിയര്‍ പര്‍വതം കാണാന്‍ കൊണ്ടുപോയതോടെയാണ്‌. ന്യൂയോര്‍ക്ക്‌ സിറ്റിക്കു വടക്കുള്ള ബിയര്‍ പര്‍വതം പര്‍വതാരോഹകരുടെ സ്വര്‍ഗമായാണ്‌ അറിയപ്പെടുന്നത്‌.
ആദ്യമായി ഗ്രാമത്തില്‍ മല കയറുന്ന കറുത്ത മുസ്‌ലിം ബാലന്മാരായിരുന്നു ആ യാത്രയില്‍ ഞങ്ങള്‍. അന്ന്‌ പാറക്കെട്ടുകളില്‍ പായല്‍ വളര്‍ന്നിരുന്നതും കേടുപിടിച്ചമരത്തടികളില്‍ കൂണുകള്‍ വളര്‍ന്നിരുന്നതും ആദ്യമായി എന്റെ ജൂസ്‌ബോക്‌സില്‍ നിന്ന്‌ സ്‌ട്രോ ഉപയോഗിച്ച്‌ ജ്യൂസ്‌ കുടിച്ചതും ഓര്‍മയുണ്ട്‌.
ഉച്ചയ്‌ക്കു ശേഷമുള്ള നമസ്‌കാരത്തിന്റെ സമയമായപ്പോള്‍ നമസ്‌കരിക്കാനായി പിതാവ്‌ റെഡിയായി. എവിടെയാണ്‌ നമസ്‌കരിക്കാന്‍ പോകുന്നതെന്ന്‌ ഞാനും സഹോദരനും അദ്ദേഹത്തോട്‌ ചോദിച്ചു. അദ്ദേഹം നിലത്തേക്ക്‌ ചൂണ്ടി. ചുള്ളിക്കമ്പുകളും ഇലകളും നീക്കിക്കളഞ്ഞ്‌ അദ്ദേഹം തന്നെ വൃത്തിയാക്കിയ ചെറിയൊരിടം.
അന്നുവരെ നമസ്‌കാരമെന്നാല്‍ വീട്ടിലോ പള്ളിയിലോ വെച്ച്‌ ചെയ്യേണ്ട ഒന്നായിരുന്നു ഞങ്ങള്‍ക്ക്‌. ബ്രൂക്‌ലിനിലെ തിരക്കേറിയ ബെഡ്‌ഫോഡ്‌ സ്റ്റൈവെസന്റ്‌ ഏരിയയുടെ ഹൃദയ ഭാഗത്തുള്ള, പ്രവര്‍ത്തനങ്ങള്‍ സജീവമായ മസ്‌ജിദുത്തഖ്‌വയായിരുന്നു ഞങ്ങളുടെ പള്ളി. ആദരണീയനായ സിറാജ്‌ വഹാജ്‌ ആയിരുന്നു മസ്‌ജിദുത്തഖ്‌വയിലെഇമാം. അദ്ദേഹമാണ്‌ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഒരു സെഷനില്‍ പ്രാരംഭപ്രാര്‍ഥന നിര്‍വഹിച്ച ആദ്യ മുസ്‌ലിം. മസ്‌ജിദുത്തഖ്‌വയുടെ നിര്‍മാണത്തില്‍ പങ്കുവഹിച്ച ആദ്യത്തെ ഇരുപത്തഞ്ചു പേരില്‍ ഒരാള്‍ എന്റെ പിതാവാണ്‌. ഞങ്ങള്‍ക്ക്‌ പള്ളിയെന്നാല്‍ അഭിമാനികളായ കറുത്തവരുടെ കുടുംബങ്ങള്‍ക്ക്‌ ഒന്നിച്ച്‌ പ്രാര്‍ഥിക്കാനും സംഗമിക്കാനുമുള്ള സ്ഥലമായിരുന്നു.
ബിയര്‍ പര്‍വതത്തിനു മേലെ ഞങ്ങള്‍ നമസ്‌കരിക്കാനായി തയ്യാറെടുത്തുകൊണ്ടിരിക്കെ പിതാവ്‌ ഒരു പ്രവാചക വചനമുദ്ധരിച്ചു: ``പ്രാര്‍ഥനാസമയത്ത്‌ നിങ്ങളെവിടെയായിരുന്നാലും പ്രാര്‍ഥിക്കുക. എന്തുകൊണ്ടെന്നാല്‍ ഭൂമി മുഴുവനും പള്ളിയാകുന്നു.'' 
അന്നെനിക്ക്‌ അഞ്ചോ ആറോ വയസ്സായിരുന്നു പ്രായം. അന്നാദ്യമായി ഞാന്‍ മനസ്സിലാക്കി: ഭൂമി ഒരു പള്ളിയാണ്‌; പള്ളി പാവനമാണ്‌; അതുകൊണ്ട്‌ ഭൂമി പാവനമാണ്‌. മലയ്‌ക്കു മുകളിലുള്ള ആ നമസ്‌കാരവും പിതാവ്‌ ഉദ്ധരിച്ച നബിവചനവും പിന്നീട്‌ ലോകത്തെക്കുറിച്ചുള്ള എന്റെ കാഴ്‌ചപ്പാട്‌ എന്നേക്കുമായി മാറ്റി. പ്രായപൂര്‍ത്തിയായപ്പോള്‍ ഭൂമി പള്ളിയാണെന്ന ആശയം ലോകത്തിലെ രണ്ടാമത്തെ വലിയ മതമായ ഇസ്‌ലാമിന്റെ അന്തസ്സത്ത കണ്ടെത്താന്‍ എന്നെസഹായിച്ചു. ഭൂമിയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും സഹായകമാണ്‌ ഇസ്‌ലാമിന്റെ സന്ദേശം. വ്യത്യസ്‌തമായ തത്വങ്ങള്‍ ഇസ്‌ലാം ഉള്‍ക്കൊള്ളുന്നുണ്ട്‌. ദൈവത്തിന്റെയും അവന്റെ സൃഷ്‌ടിപ്പിന്റെയും ഏകത്വം മനസ്സിലാക്കല്‍ (തൗഹീദ്‌), എല്ലായിടത്തും ദൈവത്തിന്റെ ദൃഷ്‌ടാന്തങ്ങള്‍ കാണല്‍, ഭൂമിയില്‍ ദൈവത്തിന്റെ സ്ഥാനപതിയായിരിക്കല്‍, ഭൂമിയുടെ സംരക്ഷകരായിരിക്കാമെന്ന്‌ ദൈവവുമായി നടത്തിയ കരാര്‍ പാലിക്കല്‍, നീതിക്കുവേണ്ടി നിലകൊള്ളല്‍, പ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കല്‍. 
ഈ തത്വങ്ങളെല്ലാം താഴെപ്പറയുന്ന രഹസ്യമാണ്‌ വെളിപ്പെടുത്തുന്നത്‌. നാം ജീവിക്കുന്ന ഭൂമിയെ അഗാധമായി സ്‌നേഹിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഈ ഭൂമിയെ സ്‌നേഹിക്കുകയെന്നാല്‍ നമ്മെത്തന്നെയും നമ്മുടെ സ്രഷ്‌ടാവിനെയും സ്‌നേഹിക്കുക എന്നാണ്‌. അഥവാ നാമെല്ലാവരും ഒന്നാണെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. ഭൂമി ഒരു പള്ളിയാണെന്ന്‌ പറയുന്നതിന്റെ അര്‍ഥം നാമെല്ലാം വിസ്‌മയകരമായി സൃഷ്‌ടിക്കപ്പെട്ട ഈ ഭവനത്തിന്റെ ഭാഗമാണെന്നാണ്‌.
എന്താണ്‌ `ഗ്രീന്‍ ദീന്‍'
അറബി ഭാഷയില്‍ ദീനെന്നാല്‍ മതം, ഒരു വിശ്വാസം, വഴി എന്നൊക്കെയാണ്‌. ക്രിസ്‌തുമതം ദീനാണ്‌. ജൂതമതം മറ്റൊരു ദീനാണ്‌. ബുദ്ധമതവും ദീനാണ്‌. ഇസ്‌ലാം ഒരു ദീനാണ്‌. ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥം ഖുര്‍ആനാണ്‌. സത്യവിശ്വാസത്തെ തള്ളിപ്പറയുന്നവരെക്കുറിച്ച്‌ ഖുര്‍ആനില്‍ ഒരധ്യായമുണ്ട്‌. അല്‍കാഫിറൂന്‍ (സത്യനിഷേധികള്‍) എന്നാണ്‌ ആ അധ്യായത്തിന്റെ പേര്‌. അതില്‍ ഇങ്ങനെ ഒരു വചനമുണ്ട്‌: ``നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം എനിക്ക്‌ എന്റെ മതവും'' (109:6). 1.4 ബില്യന്‍ മനുഷ്യര്‍ വിശ്വസിക്കുന്ന മതമായ ഇസ്‌ലാം ഇഷ്‌ടമുള്ളവര്‍ക്ക്‌ തെരഞ്ഞെടുക്കാവുന്ന മതമാണെന്ന്‌ പരിചയപ്പെടുത്താനാണ്‌ മേല്‍ വചനം പലപ്പോഴും ഉദ്ധരിക്കാറ്‌.
വിശ്വാസവും പരിസ്ഥിതിയും അഥവാ പ്രകൃതിയും അതിലുള്ളതൊക്കെയും തമ്മിലുള്ള അഭേദ്യബന്ധം അംഗീകരിച്ചുകൊണ്ട്‌ ഇസ്‌ലാം മതമനുസരിച്ച്‌ ജീവിക്കാമെന്നുള്ള തെരഞ്ഞെടുപ്പാണ്‌ ഗ്രീന്‍ ദീന്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഈയിടെ യാസിര്‍ സയ്യിദ്‌ പറയുന്നത്‌ കേട്ടു: ``മുസ്‌ലിംകളെന്ന നിലക്ക്‌ നാം എല്ലാം ഉള്‍ക്കൊള്ളുന്നു. ആത്മീയമായി ഉണര്‍വു തരുന്നതും ബുദ്ധിപരമായി പാരസ്‌പര്യമുള്ളതുമായ ഒരു ജീവിതരീതിയാണ്‌ നമ്മുടേത്‌. പ്രകൃതിയെ സംരക്ഷിക്കാന്‍ എനിക്ക്‌ ഉത്തേജനം നല്‌കുന്നത്‌ ഇസ്‌ലാമാണ്‌. എന്നാല്‍ എന്നില്‍ മാത്രം പരിമിതമല്ലിത്‌. ഇസ്‌ലാം എല്ലാ മനുഷ്യരെയും ഭൂമിയുടെ മേല്‍നോട്ടക്കാരായാണ്‌ പരിഗണിക്കുന്നത്‌. സ്വന്തത്തെയും മറ്റുള്ളവരെയും ഭൂമിയെയും ശ്രദ്ധയോടെ സംരക്ഷിക്കുന്നതിനു വേണ്ട വ്യക്തമായ നിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ നല്‌കുന്നുണ്ട്‌. പ്രകൃതിയെ സംരക്ഷിക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ ഇസ്‌ലാമികാധ്യാപനങ്ങള്‍ ഉപയോഗപ്രദമാണ്‌. പ്രകൃതി സംരക്ഷണത്തെക്കുറിച്ചു ഇസ്‌ലാം എന്തു പറയുന്നു എന്നും മുസ്‌ലിംകള്‍ എന്തു ചെയ്യുന്നു എന്നും അറിയുന്നത്‌ നല്ലതാണ്‌. വലിയ പരിസ്ഥിതി സംഘടനകളുമായിച്ചേര്‍ന്ന്‌ നമുക്കെന്ത്‌ ചെയ്യാന്‍ കഴിയും എന്ന്‌ നാം ചിന്തിക്കേണ്ടതുണ്ട്‌. എനിക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌ തങ്ങളുടെ വിശ്വാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമായി സ്വീകരിച്ച്‌, വിവിധ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒട്ടനവധി ആളുകള്‍ പ്രകൃതിയുടെ സംരക്ഷണത്തിന്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നാണ്‌. ഭൂമിയെയും മൃഗങ്ങളെയും മനുഷ്യരെയും സസ്യങ്ങളെയും സംരക്ഷിക്കുന്ന കൂടുതല്‍ ശക്തമായ ഒരു പരിസ്ഥിതി സംഘടന ഇവരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട്‌ രൂപീകരിക്കാന്‍ കഴിയും.
ഇസ്‌ലാമും പരിസ്ഥിതിയും
ആത്മീയതയുടെയും ശാസ്‌ത്രത്തിന്റെയും വഴിയാണ്‌ ഗ്രീന്‍ ദീന്‍. ശാസ്‌ത്രവുമായി തീര്‍ത്തും പൊരുത്തമുള്ള ഒന്നാണ്‌ ഇസ്‌ലാമെന്നത്‌ വളരെ കുറച്ചുപേര്‍ മാത്രം മനസ്സിലാക്കിയ യാഥാര്‍ഥ്യമാണ്‌. ശാസ്‌ത്രവും മതവും തമ്മില്‍ മത്സരമില്ല. ദൈവദൂതന്മാരിലൂടെയും ഗ്രന്ഥങ്ങളിലൂടെയും ദൈവം ഭൂമിയെ സംരക്ഷിക്കാന്‍ വേണ്ട വ്യക്തമായ നിര്‍ദേശങ്ങള്‍ മനുഷ്യര്‍ക്ക്‌ നല്‌കിയിട്ടുണ്ട്‌. ഈ നിര്‍ദേശങ്ങള്‍ ആത്മീയവും ശാസ്‌ത്രീയവുമാണ്‌. ശാസ്‌ത്രത്തിലൂടെ സൃഷ്‌ടികളെക്കുറിച്ചും അവയെ ഏറ്റവും നന്നായി എങ്ങനെ സംരക്ഷിക്കാമെന്നും നമുക്കറിയാന്‍ കഴിയുന്നു. വ്യത്യസ്‌ത സമുദ്രങ്ങള്‍ കൂടിക്കലരാതെ യോജിക്കുന്നതിനെക്കുറിച്ചും ഭ്രൂണ വളര്‍ച്ചയെക്കുറിച്ചുമുള്ള ഖുര്‍ആന്‍ വചനങ്ങള്‍ ശാസ്‌ത്രമാണ്‌. ശാസ്‌ത്രീയാന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്‌ നാം ഭൂമിയെ മലിനീകരിക്കുന്നതിന്‌ വേണ്ടത്ര തെളിവുകളുണ്ടെന്നാണ്‌. കാലാവസ്ഥാ വ്യതിയാനത്തിനും വ്യാപകമായ അന്തരീക്ഷ മലിനീകരണത്തിനും കാരണം നാം തന്നെയാണ്‌. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ്‌ കൂടിയപ്പോള്‍ ആഗോള താപനില ക്രമേണ ഉയര്‍ന്നു. ദൈവം സൃഷ്‌ടിച്ചതിനുമേല്‍ ആഘാതം/സ്വാധീനമുണ്ടാക്കാന്‍ മനുഷ്യന്‌ കഴിയുമെന്ന്‌ ദൈവം വ്യക്തമായി പറയുന്നുണ്ട്‌. ഈ സ്വാധീനം പോസിറ്റീവായിരിക്കാന്‍ വേണ്ട നിര്‍ദേശവും ദൈവം നല്‍കുന്നുണ്ട്‌.
ഗ്രീന്‍ ദീനിന്റെ ആറ്‌ തത്വങ്ങള്‍
ഗ്രീന്‍ ദീനനുസരിച്ച്‌ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇസ്‌ലാമിന്റെ കാമ്പായ ചില തത്വങ്ങളെക്കുറിച്ച്‌ നമുക്ക്‌ ധാരണയുണ്ടാവേണ്ടതുണ്ട്‌. ഇസ്‌ലാമിനെയും പരിസ്ഥിതിയെയും യോജിപ്പിക്കുന്ന ചില ആത്മീയ തത്വങ്ങളും പ്രയോഗങ്ങളും മനസ്സിലാക്കുന്നത്‌ പ്രകൃതിയിലെ എല്ലാ വസ്‌തുക്കളും തമ്മിലുള്ള ഏകത ഗ്രഹിക്കുന്നതിന്‌ സഹായകമാവും. പല പണ്ഡിതന്മാരും പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്‌ത ഈ സാന്മാര്‍ഗിക നിര്‍ദേശങ്ങള്‍ ഈയിടെ ക്രോഡീകരിക്കുകയും എനിക്ക്‌ സമ്മാനിക്കുകയും ചെയ്‌തു `ഇസ്‌ലാമും പരിതസ്ഥിതിയും' എന്ന വിഷയത്തില്‍ മികവുറ്റ പണ്ഡിതനായ ഫറാസ്‌ഖാന്‍.
ദൈവത്തിന്റെയും അവന്റെ സൃഷ്‌ടിപ്പിന്റെയും ഏകത്വം
`ഹരിതമത'മനുസരിച്ച്‌ ജീവിക്കുകയെന്നാല്‍ എല്ലാം ദൈവത്തിങ്കല്‍ നിന്നാണെന്ന്‌ മനസ്സിലാക്കി ജീവിക്കലാണ്‌. അല്ലാഹുവാണ്‌ എല്ലാം സൃഷ്‌ടിച്ച്‌ നിലനിര്‍ത്തുന്നതെന്ന്‌ നാം അംഗീകരിക്കുന്നു.
നാമും അതുപോലെ ലോകവും അതിലുള്ളതെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ്‌.എല്ലാം ഒരേ ഉറവിടത്തില്‍ നിന്നാണ്‌. ഏറ്റവും ശക്തിയുള്ള ലെന്‍സ്‌ ഉപയോഗിച്ച്‌ നോക്കിയാല്‍ നമുക്ക്‌ കാണാന്‍ കഴിയുന്ന ഏറ്റവും ചെറിയ കണങ്ങള്‍ ആറ്റങ്ങള്‍ക്കുള്ളിലെ പ്രോട്ടോണുകളും ന്യൂട്രോണുകളും ഇലക്‌ട്രോണുകളുമാണ്‌. അവയെ ചെറിയ പ്രകാശകണങ്ങളായാണ്‌ കാണുക. ഇനി നിങ്ങളുടെ ദൃഷ്‌ടി ലോകത്തിന്റെ അറ്റത്തേക്ക്‌ പായിക്കുക. അവിടെ നക്ഷത്രസദൃശ്യവും ഭയാനകവുമായ ക്വസാറുകളാണ്‌ കാണുക. നമുക്ക്‌ ഏറ്റവും ദൂരെ കാണാവുന്നത്‌ ക്വസാറുകളാണ്‌. അവയും ചെറിയ പ്രകാശകണങ്ങളെപ്പോലെയാണിരിക്കുന്നത്‌. ദൈവത്തിന്റെ ഏകത്വത്തിന്റെയും അവന്റെ സൃഷ്‌ടിപ്പിന്റെയും ഒരു പ്രകടനമാണ്‌ ആ പ്രകാശം. അഥവാ പ്രാഥമികവും ആത്മീയവും ശാസ്‌ത്രീയവുമായ തലങ്ങളില്‍ എല്ലാം ഒരേ അടിസ്ഥാന പദാര്‍ഥങ്ങള്‍കൊണ്ട്‌ നിര്‍മിച്ചവയാണ്‌. ചെറിയ പ്രകാശകണങ്ങളുടെ ഇത്തരം തുടര്‍ച്ച കൊണ്ട്‌ ജ്വലിക്കുകയാണ്‌ ലോകം. ഈ പരസ്‌പര ബന്ധത്തെക്കുറിച്ച്‌ സംസാരിക്കുന്ന അടയാളങ്ങള്‍ പിന്തുടരാനും മനസ്സിലാക്കാനും ഗ്രീന്‍ ദീനിന്‌ കഴിയുന്നു.
എല്ലായിടത്തും ദൈവിക ദൃഷ്‌ടാന്തങ്ങള്‍
`ഹരിതമത'മനുസരിച്ച്‌ ജീവിക്കുകയെന്നാല്‍ പ്രകൃതിയിലുള്ളതിനെയെല്ലാം ദൈവത്തിന്റെ ദൃഷ്‌ടാന്തമായി കാണലാണ്‌. ``ചിന്തിക്കുന്നവര്‍ക്ക്‌ ദൃഷ്‌ടാന്തങ്ങള്‍'' എന്ന്‌ ഖുര്‍ആന്‍ പലപ്പോഴും ഉണര്‍ത്തുന്നുണ്ട്‌. സൃഷ്‌ടാവില്‍നിന്നുള്ള ദൃഷ്‌ടാന്തങ്ങള്‍ നമുക്ക്‌ ചുറ്റുമുണ്ട്‌. ഖുര്‍ആനിലെ 6236 വചനങ്ങളെക്കുറിക്കാനും നമുക്കു ചുറ്റിലുമുള്ള ദൃഷ്‌ടാന്തങ്ങളായ പര്‍വതങ്ങള്‍, മരങ്ങള്‍, സമുദ്രങ്ങള്‍ എന്നിവയെ കുറിക്കാനും അറബി ഭാഷയില്‍ ആയാത്ത്‌ എന്ന പദം ഉപയോഗിക്കുന്നു. ദൈവിക ദൃഷ്‌ടാന്തങ്ങളാണിവ. ഈ ലെന്‍സിലൂടെ എല്ലാം കാണാന്‍വേണ്ടി നമ്മുടെ ദൃഷ്‌ടിയെ വിശാലമാക്കുക മാത്രമാണ്‌ നാം ചെയ്യേണ്ടത്‌. ഭൂമിയിലൂടെ നടക്കുമ്പോള്‍ മരങ്ങള്‍, കാറ്റ്‌, പക്ഷികള്‍, ജലതരംഗങ്ങള്‍ എന്നിവ നാം കാണുന്നു. ഇവയെക്കുറിച്ച്‌ ചിന്തിച്ചാല്‍ നമുക്ക്‌ നമ്മെക്കുറിച്ചും ഇവയുമായി നമുക്കുള്ള ബന്ധത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചും പഠിക്കന്‍ കഴിയും.
നാം ഖുര്‍ആന്‍ വായിക്കുമ്പോള്‍ പ്രകൃതിയിലൂടെ സ്വത്വംതേടി നടക്കുകയാണെന്ന്‌ നമുക്ക്‌ ചിന്തിക്കാന്‍ കഴിയും. സൃഷ്‌ടിപ്പിലെ വൈവിധ്യങ്ങള്‍ ഒരു ആത്മീയ സന്ദേശമാണെന്ന്‌ ശ്രദ്ധയോടെ നമുക്ക്‌ നിരീക്ഷിക്കാന്‍ കഴിയും. ആന്തരികമായി നാമെന്താണോ അതു കൂടിയാണ ്‌ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ നാം കാണുന്നത്‌. ഒരു മലയ്‌ക്കു മുകളിലോ കടല്‍ത്തീരത്തോ നാം നില്‍ക്കുകയാണെങ്കില്‍ അല്ലെങ്കില്‍ വിസ്‌മയകരമായ സൂര്യോദയം ദര്‍ശിക്കുകയാണെങ്കില്‍ നമുക്ക്‌ മുന്നില്‍ തുറന്നിട്ട വിസ്‌മയകരമായ ദൈവികദൃഷ്‌ടാന്തങ്ങളില്‍ നാം മുഴുകിപ്പോവുകയാണ്‌ ചെയ്യുന്നത്‌. ഈ അനുഭവങ്ങള്‍ നമ്മെ ആശ്ചര്യത്തിന്റെ അവസ്ഥയിലേക്ക്‌ നയിച്ചേക്കാം. നാമും അതിസുന്ദരമായ ഈ വിസ്‌മയങ്ങളുടെ ഭാഗമാണല്ലോ.
ഭൂമിയിലെ സ്ഥാനപതി
`ഹരിതമത'മനുസരിച്ച്‌ ജീവിക്കുകയെന്നാല്‍ ദൈവം നമ്മെ ഭൂമിയില്‍നിന്ന്‌ നേരിട്ടാണ്‌ സൃഷ്‌ടിച്ചതെന്നും ഭൂമിയെ സംരക്ഷിക്കാന്‍വേണ്ടി നമുക്ക്‌ കഴിയുന്നതെല്ലാം നാം ചെയ്യുമെന്നും ഭൂമിയിലുള്ളതെല്ലാം നശിച്ചുപോകാത്തവിധം നാം ഉപയോഗിക്കുമെന്നും മനസ്സിലാക്കി ജീവിക്കലാണ്‌. നമുക്കെല്ലാം അനുഗ്രഹീതമായ ഒരു തുടക്കമുണ്ടായിരുന്നു. ഭൂമിയിലെ നമ്മുടെ സമയം അവസാനിക്കുമ്പോള്‍ നാമെല്ലാം അല്ലാഹുവിങ്കലേക്ക്‌ യാത്രയാവും. നാം ഭൂമിയെ കണ്ടതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കുമോ ഭൂമിയെ ഉപേക്ഷിച്ച്‌ പോവുക? അങ്ങനെ ചെയ്യുന്നവര്‍ ഭൂമിയുടെ മേല്‍നോട്ടക്കാരായിരിക്കും. മനുഷ്യനെ ഭൂമിയില്‍നിന്നാണ്‌ സൃഷ്‌ടിച്ചത്‌. ഭൂമിയില്‍ ദൈവത്തിന്റെ സ്ഥാനപതികളാണവര്‍. ദൈവത്തിന്റെ ഏറ്റവും നല്ല സൃഷ്‌ടികളാണ്‌ മനുഷ്യരെന്നാണ്‌ ഇസ്‌ലാമിന്റെ വീക്ഷണം. നാം ബുദ്ധികൊണ്ടും യുക്തികൊണ്ടും അനുഗ്രഹീതരായിരിക്കുന്നു. വിവിധ തരത്തിലുള്ള സൃഷ്‌ടികളുണ്ട്‌. മനുഷ്യര്‍ ഒരു വിഭാഗം സൃഷ്‌ടികളാണ്‌. മാലാഖമാര്‍ മറ്റൊരുവിഭാഗം സൃഷ്‌ടികളാണ്‌. ഭൂമിയില്‍നിന്നെമ്പാടും സമാഹരിച്ച കളിമണ്ണില്‍ നിന്നാണ്‌ മനുഷ്യനെ സൃഷ്‌ടിച്ചത്‌. മണ്ണ്‌, വെള്ളം, ദിവ്യാത്മാവ്‌ എന്നിവയില്‍നിന്നാണ്‌ അല്ലാഹു മനുഷ്യരെ രൂപപ്പെടുത്തിയത്‌.
നമ്മുടെ സത്ത ഭൂമി(മണ്ണ്‌) ആയതിനാല്‍ അതിനെ സംരക്ഷിക്കല്‍ നമ്മുടെ ബാധ്യതയാണ്‌. നാം മരിച്ചശേഷം നമ്മുടെ ആത്മാവിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കും. നാം നമുക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും ഈ ഭൂമിക്കുവേണ്ടിയും എന്തു ചെയ്‌തു എന്നതിന്‌ ഉത്തരം നല്‍കേണ്ടിവരും. ഇതാണ്‌ അറബി ഭാഷയില്‍ ഖലീഫ എന്നതിന്റെ സത്ത. നാമെല്ലാം ഭൂമിയിലെ ഖലീഫമാരാണ്‌. ഇവിടെ ജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്നവിധം സമ്പൂര്‍ണരായാണ്‌ നാം സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. പ്രവാചകന്‍ (സ) പറഞ്ഞു. ``ഈ ലോകം സുന്ദരവും ശാദ്വലവുമാണ്‌. അത്യുന്നതനായ അല്ലാഹു നിന്നെ ഇവിടെ അവന്റെ പ്രതിനിധിയാക്കി. നിങ്ങളെങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ അവന്‍ കാണുന്നു''. ഞാനൊരു പണ്ഡിതനല്ലെങ്കിലും വിശുദ്ധവചനങ്ങളോട്‌ എനിയ്‌ക്ക്‌ വ്യക്തിപരമായ ബന്ധമുണ്ട്‌. മുകളില്‍ പറഞ്ഞ നബിവചനം രണ്ട്‌ യാഥാര്‍ഥ്യങ്ങള്‍ ഓര്‍മിപ്പിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു: നമുക്ക്‌ ചുറ്റിലും അനുഗ്രഹങ്ങളുണ്ട്‌. നമ്മുടെ സ്രഷ്‌ടാവുമായി നമുക്ക്‌ അഗാധമായ ബന്ധമുണ്ട്‌. ഇതുപയോഗിച്ച്‌ നാമെന്തുചെയ്യുന്നു എന്നതാണ്‌ ചോദ്യം. ദൈവത്തോട്‌ നാം ചെയ്‌ത കരാറനുസരിച്ച്‌ ഖലീഫ എന്ന നിലയില്‍ ഈ അനുഗ്രഹങ്ങളെ നാം ആദരപൂര്‍വം പരിഗണിക്കുന്നുണ്ടോ?
(ഗ്രീന്‍ദീന്‍ എന്ന പുസ്‌തകത്തിന്റെ ആമുഖത്തില്‍ നിന്ന്‌)
വിവ. സിദ്ദീഖ്‌ സി സൈനുദ്ദീന്‍

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: