സ്വവര്‍ഗ ദാമ്പത്യം: മനുഷ്യനാശത്തിന്റെ മണിമുഴക്കം

  • Posted by Sanveer Ittoli
  • at 10:14 PM -
  • 0 comments
സ്വവര്‍ഗ ദാമ്പത്യം: മനുഷ്യനാശത്തിന്റെ മണിമുഴക്കം
അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

പാരീസില്‍ നിന്ന്‌ ഈയിടെ ഒരു വാര്‍ത്തവന്നു. ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള ബില്ലില്‍ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ ഹൊളാണ്ടെ ഒപ്പുവെച്ചു എന്നതായിരുന്നു ആ വാര്‍ത്ത. ഒറ്റപ്പെട്ട ഒരു വാര്‍ത്തയല്ല ഇത്‌. ഫ്രാന്‍സിസ്‌ ഹൊളാണ്ടെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍മുഖ്യവിഷയമാക്കിയിരുന്നുവത്രെ ഇത്‌. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട്‌ മൂന്ന്‌ ലക്ഷത്തോളം പേര്‍ റാലികളുമായി തെരുവിലിറങ്ങിയിരുന്നു എന്നും വാര്‍ത്തയില്‍ കാണുന്നു. അഭിപ്രായ സര്‍വെയില്‍ ഫ്രഞ്ച്‌ ജനതയില്‍ ഭൂരിഭാഗവും ബില്ലിനെ അനുകൂലിക്കുന്നുവെന്നും വെളിപ്പെട്ടു. അമേരിക്കയിലെ പല സ്റ്റെയ്‌റ്റുകളിലും ഈ നിയമം നേരത്തെയുണ്ട്‌. സ്‌കൗട്ടുകള്‍ക്ക്‌ സ്വവര്‍ഗ ബന്ധം അനുവദിക്കണമെന്നാവശ്യം ശക്തമായതായി ടെക്‌സാസില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. യൂറോപ്പില്‍ എട്ടും യൂറോപ്പിന്‌ പുറത്ത്‌ ആറും രാഷ്‌ട്രങ്ങളില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാണത്രേ.
എന്താണ്‌ സ്വവര്‍ഗ വിവാഹം? പുരുഷനും പുരുഷനും തമ്മിലെന്നപോലെ സ്‌ത്രീയും സ്‌ത്രീയും തമ്മില്‍ വിവാഹിതരായി ദമ്പതികളായി ജീവിക്കുക! എന്താണ്‌ യഥാര്‍ഥത്തില്‍ വിവാഹമെന്ന പ്രക്രിയകൊണ്ടര്‍ഥമാക്കുന്നത്‌? തിര്യക്കുകളില്‍നിന്ന്‌ വ്യത്യസ്‌തമായി ഒരാണും ഒരു പെണ്ണും ആജീവനാന്ത ഇണകളായി കുടുംബജീവിതം നയിക്കുക എന്നതാണല്ലോ മനുഷ്യന്‍ വിവാഹംകൊണ്ടുദ്ദേശിക്കുന്നത്‌. ദാമ്പത്യത്തിന്റെ അനിവാര്യതയെന്നോണം മനുഷ്യബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുന്നു. അച്ഛന്‍, അമ്മ, മക്കള്‍, സഹോദരങ്ങള്‍, മുത്തച്ഛന്‍, പേരമക്കള്‍, ശ്വശുരന്‍, ജാമാതാവ്‌.... ഇതെല്ലാം മനുഷ്യബന്ധങ്ങളാണ്‌. വംശം നിലനിര്‍ത്തുക എന്ന കേവല ജൈവപ്രക്രിയയാണ്‌ ജന്തുവര്‍ഗത്തിന്‌ പൊതുവെയുള്ളത്‌. പറക്കമുറ്റിയ പക്ഷിക്കുഞ്ഞ്‌ തള്ളയെ തിരയാറില്ല. മുലകുടി മാറിയ മൃഗങ്ങള്‍ക്ക്‌ അമ്മയെ ആവശ്യമില്ല. രണ്ടാമത്തെ കുഞ്ഞ്‌ പിറന്നാല്‍ ആദ്യകുഞ്ഞിനെ പക്ഷിമൃഗാദികളും ഉരഗങ്ങളും ശ്രദ്ധിക്കാറില്ല. ജീവന്‍ നിലനിര്‍ത്താനുള്ള പ്രകൃതിയുടെ സംവിധാനമെന്നതിലപ്പുറം `ബന്ധങ്ങള്‍' ജന്തുവര്‍ഗങ്ങള്‍ക്കില്ല. അതുകൊണ്ടുതന്നെ നാളെ എന്ത്‌ എന്ന പ്രശ്‌നം തിര്യക്കുകള്‍ക്കില്ല. പിന്‍തലമുറയ്‌ക്കുവേണ്ടി സമ്പാദിക്കുന്ന ബാധ്യതയും അവയ്‌ക്കില്ല. ഇത്തരത്തിലുള്ള `മൃഗീയജീവിതം' പുരോഗമനമായി കാണാന്‍ വിവേകശാലികള്‍ക്കാകുമോ? ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന കുടുംബജീവിതത്തിന്‌ സ്വവര്‍ഗവിവാഹം പര്യാപ്‌തമാകുമോ?
പുരോഗമനവും പരിഷ്‌കാരവും അവകാശപ്പെടുന്ന വികസിത രാജ്യങ്ങളിലെ സമൂഹം സ്വവര്‍ഗവിവാഹം മൂലം നേടുന്ന സാമൂഹികനേട്ടമെന്ത്‌? സ്വവര്‍ഗരതിയാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അത്‌ മ്ലേച്ഛവും പ്രകൃതിവിരുദ്ധവും മനുഷ്യത്വത്തിന്‌ നിരക്കാത്തതുമാണ്‌. സ്വവര്‍ഗരതി സമൂഹത്തിലെ ഭൂരിപക്ഷവും `സംസ്‌കാര'മായി സ്വീകരിച്ച ഒരു സമുദായം മുന്‍പ്‌ കഴിഞ്ഞുപോയിട്ടുണ്ട്‌. സദൂം പ്രദേശത്തെ നിവാസികള്‍. ആ സമൂഹത്തിലേക്ക്‌ വിശ്വാസ വിമലീകരണവും ഈ മ്ലേച്ഛപ്രവൃത്തിയെക്കുറിച്ചുള്ള താക്കീതുമായി നിയോഗിക്കപ്പെട്ട ദൈവദൂതനായിരുന്നു ലൂത്ത്‌ നബി. ദൈവിക സന്ദേശം തള്ളിക്കളഞ്ഞ്‌ ദേഹേച്ഛയ്‌ക്കു പിന്നാലെ പോവുകയും ദൂതനെ തള്ളിപ്പറയുകയും ചെയ്‌ത ആ സമൂഹത്തിന്‌ ദൈവികശിക്ഷ ഇറങ്ങിയതായി വിശുദ്ധ ഖുര്‍ആനും ബൈബിളും വ്യക്തമാക്കുന്നു. ലോകാവസാനം വരെയുള്ള ജനതയ്‌ക്ക്‌ പാഠമായി ആ പ്രദേശം -ചാവുകടല്‍- ജനവാസയോഗ്യമോ ജീവജാലങ്ങള്‍ക്കുപോലും ആവാസകേന്ദ്രമോ അല്ലാതെ ഇന്നും അവശേഷിക്കുന്നു. സഹസ്രാബ്‌ദങ്ങള്‍ക്കു മുന്‍പ്‌ കഴിഞ്ഞുപോയ ആ സമൂഹത്തിന്റെ ജീര്‍ണതയിലേക്ക്‌ ആധുനിക സമൂഹവും കൂപ്പുകുത്തുകയാണെങ്കില്‍ നമ്മള്‍ പരിഷ്‌കൃതരാണ്‌ എന്ന്‌ പറയാന്‍ യാതൊരു ന്യായവും കാണുന്നില്ല.
സ്വവര്‍ഗ വിവാഹമെന്നത്‌ കേവലം സൗഹൃദവും വേര്‍പിരിയാന്‍ കഴിയാത്ത സ്‌നേഹബന്ധവുമാണെന്ന്‌ സങ്കല്‌പിച്ചാല്‍, വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹസൗഹാര്‍ദങ്ങള്‍ക്ക്‌ യാഥാര്‍ഥ വിവാഹബന്ധം തടസ്സമാകുന്നില്ലല്ലോ. ദമ്പതിമാര്‍ ഇതരകുടുംബങ്ങളുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നതിന്‌ എന്ത്‌ തടസ്സമാണുള്ളത്‌! അതുമല്ലെങ്കില്‍ വിവാഹജീവിതമെന്ന മാനവിക സംസ്‌കാരം കൈവെടിഞ്ഞ്‌ ആള്‍ക്കൂട്ടത്തില്‍ തനിയെ ജീവിക്കാന്‍ പരിഷ്‌കൃത സമൂഹത്തെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്‌? കുത്തഴിഞ്ഞ ലൈംഗികതയും വിവാഹബാഹ്യബന്ധങ്ങളുടെ ആധിക്യവുമായിരിക്കാം അതിന്റെ കാരണം. ജീവിതത്തിന്റെ ലക്ഷ്യബോധം നഷ്‌ടപ്പെട്ട്‌ വിവിധതരം മാനസിക വ്യഥകളുമായി കഴിഞ്ഞുകൂടുന്ന സമൂഹത്തില്‍ ചിലര്‍ ആശ്വാസം കണ്ടെത്തുന്നത്‌ സ്വവര്‍ഗവിവാഹമെന്ന കൃത്രിമ സൗഹാര്‍ദത്തിലാവാം. ഏതായിരുന്നാലും വിവാഹമെന്ന വിശുദ്ധ ബന്ധത്തിലൂടെ നിലനില്‌ക്കുന്ന സദാചാരവിശുദ്ധിയും യഥാര്‍ഥ മാനവികതയുടെ അടിത്തറയായ മനുഷ്യബന്ധങ്ങളും നിലനിര്‍ത്താനാകാതെ ലക്ഷക്കണക്കിന്‌ `അച്ഛനില്ലാത്ത മക്കള്‍ക്ക്‌' ജന്മം നല്‌കപ്പെടുന്ന വാര്‍ത്ത അമേരിക്കയില്‍ നിന്നും മറ്റു പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും വരാന്‍ തുടങ്ങിയിട്ടു കാലമേറെയായി. ആട്ടിന്‍കൂട്ടത്തെപ്പോലെയുള്ള ഒരു മനുഷ്യസമൂഹത്തെ ഒന്ന്‌ സങ്കല്‌പിച്ചുനോക്കൂ!
ദാമ്പത്യവും കുടുംബവും ബന്ധങ്ങളും മനുഷ്യനോളം പഴക്കമുള്ളതാണ്‌. നാഗരികസമൂഹമെന്നോ അപരിഷ്‌കൃതരെന്നോ വ്യത്യാസമില്ലാതെ, മനുഷ്യവര്‍ഗത്തിന്‌ കുടുംബസംവിധാനമില്ലാത്ത ഒരു ചരിത്രമില്ല. പ്രിമിറ്റിവ്‌ കമ്യൂണിസമെന്ന ഒരു മിഥ്യാസങ്കല്‌പവും രജനീഷിനെപ്പോലെ ചില പ്രത്യേക കേസുകളും ഒഴിച്ചുനിര്‍ത്തിയാല്‍ മനുഷ്യപ്രകൃതിയുടെ ചരിത്രവും വിവാഹജീവിതത്തിന്റെതാണ്‌. എല്ലാ മതങ്ങളും മതേതര സമൂഹങ്ങളും മതനിരാസരാഷ്‌ട്രങ്ങള്‍പോലും ഈ വിശ്വമാനവികതയ്‌ക്ക്‌എതിരായി നീങ്ങുന്നില്ല. അതിന്നര്‍ഥം മനുഷ്യപ്രകൃതിയാണിത്‌ എന്നാണ്‌.
രസകരമായ മറ്റൊരു വസ്‌തുത കൂടിയുണ്ട്‌. നേരത്തെ സൂചിപ്പിച്ച സ്വവര്‍ഗവിവാഹബില്ല്‌ പാസാക്കിയത്‌ ലോകത്തിലെ യാഥാസ്ഥിതിക കത്തോലിക്കാ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സിലാണ്‌. അമേരിക്കയിലാകട്ടെ, കണ്‍സര്‍വേറ്റീവുകളുടെയും മതസംഘടനകളുടെയും എതിര്‍പ്പിനെ മറികടന്നുകൊണ്ടാണ്‌ ഗേബോയി സ്‌കൗട്ടിനായി ചിലര്‍ രംഗത്തുവന്നത്‌. മതകീയ കാഴ്‌ചപ്പാടുകള്‍ ജീവിതത്തിലേക്ക്‌ സ്വാധീനംചെലുത്തുന്നതില്‍ വന്ന പോരായ്‌മകളും മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യത്തെപ്പറ്റിയുള്ള ദിശാബോധം നഷ്‌ടപ്പെട്ടതുമാണ്‌ അധമവികാരങ്ങള്‍ക്ക്‌ കീഴ്‌പ്പെട്ട്‌ `മൃഗീയത'യെ പുല്‍കാന്‍ നവതലമുറയെ പ്രേരിപ്പിക്കുന്നത്‌. പാശ്ചാത്യരുടേത്‌ എല്ലാം കേമം എന്നു നിനച്ച്‌ അത്‌ വിഴുങ്ങുന്നര്‍ ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്‌. മതനിഷ്‌ഠയോ ആദര്‍ശബോധമോ മാനുഷിക ചിന്തയോ ഇല്ലാത്തവര്‍ക്ക്‌ ഏതിന്റെ പിന്നാലെ പോകാനും പ്രയാസമുണ്ടാകില്ല എന്ന്‌ തെളിയിക്കുന്നതാണ്‌ ലണ്ടനില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മറ്റൊരു വാര്‍ത്ത. പാകിസ്‌താനിലെ ലാഹോര്‍, മിര്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാസ്റ്റര്‍ ബിരുദധാരിണികളായ രണ്ട്‌ യുവതികള്‍-സ്വവര്‍ഗപ്രേമികള്‍- ബ്രിട്ടനില്‍ വിവാഹിതരായത്രേ! അവര്‍ ബ്രിട്ടനില്‍ രാഷ്‌ട്രീയാഭയം ആവശ്യപ്പെട്ട്‌ അപേക്ഷയും നല്‍കിയിട്ടുണ്ട്‌. സാംസ്‌കാരികാധിനിവേശത്തിന്റെ വ്യക്തമായ നിദര്‍ശനം.
ഇസ്‌ലാമിക പരിപ്രേക്ഷ്യം
മനുഷ്യന്റെ യഥാര്‍ഥമായ സാമൂഹികജീവിതത്തിന്റെ അടിത്തറയാണ്‌ കുടുംബം. ലോകചരിത്രത്തില്‍ കഴിഞ്ഞുപോയതും നിലനില്‍ക്കുന്നതുമായ എല്ലാ മതങ്ങളും പ്രസ്ഥാനങ്ങളും അതംഗീകരിക്കുന്നു. മനുഷ്യബന്ധങ്ങളിലെ ധാര്‍മികത അംഗീകരിക്കാന്‍ ധാര്‍ഷ്‌ട്യം അനുവദിക്കാത്ത ഭൗതികവാദികളും കമ്യൂണിസ്റ്റുകളും പോലും കുടുംബജീവിതം നയിക്കുന്നവരാണ്‌. പ്രകൃതിമതമായ ഇസ്‌ലാം മനുഷ്യപ്രകൃതിയുടെ അനിവാര്യ ഘടകമായ വിവാഹത്തെയും കുടുംബത്തെയും ബന്ധങ്ങളെയും വളരെ പവിത്രമായി കാണുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഈ മേഖല വിശദമായ ചര്‍ച്ചകള്‍ക്കു വിധേയമാക്കിയിട്ടുണ്ട്‌. ബന്ധ വിശുദ്ധിയുടെ ബലിഷ്‌ഠപാശമാണ്‌ മനുഷ്യവര്‍ഗത്തിന്റെ സാമൂഹിക ചാലകശക്തിയായി വര്‍ത്തിക്കുന്നത്‌. മറ്റൊരു ജന്തുവിനും ഈ പ്രത്യേകതയില്ല.
വിശുദ്ധ ഖുര്‍ആനില്‍ സൂറതുര്‍റൂമില്‍ അല്ലാഹുവിന്റെ സൃഷ്‌ടിപ്പിലെ ദൃഷ്‌ടാന്തങ്ങള്‍ എണ്ണിപ്പറഞ്ഞ്‌ ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന നിരവധി സൂക്തങ്ങളുണ്ട്‌. `മനുഷ്യ വര്‍ഗത്തെ കളിമണ്ണില്‍ നിന്ന്‌ സൃഷ്‌ടിച്ച്‌ ലോകത്താകമാനം വിന്യസിച്ചത്‌, ആകാശ ഭൂമികളുടെ സൃഷ്‌ടിപ്പ്‌, മനുഷ്യവര്‍ഗത്തിന്റെ വര്‍ണ-ഭാഷാ വൈവിധ്യങ്ങള്‍, രാത്രിയിലെ ഉറക്കമാകുന്ന വിശ്രമം, പകലിലെ ജീവിത സന്ധാരണം, ആശയുടെയും ആശങ്കയുടെയും നടുവില്‍ മനുഷ്യന്‌ ലഭിച്ചുകൊണ്ടിരിക്കുന്ന ഇടിയും മിന്നലും, ആകാശത്തുനിന്ന്‌ ജീവജലം ആപതിച്ച്‌ നിര്‍ജീവ ഭൂമിയെ സജീവമാക്കിയത്‌, ആകാശങ്ങളുടെ നിലനില്‌പ്‌ ഇവയെല്ലാം ചിന്താശേഷിയുള്ളവര്‍ക്ക്‌ ദൃഷ്‌ടാന്തമാണ്‌' (30:18-25). ഈ കൂട്ടത്തില്‍ അല്ലാഹു എണ്ണിപ്പറഞ്ഞ, ചിന്തിക്കാന്‍ നിര്‍ദേശിച്ച, ഒരു ദൃഷ്‌ടാന്തം ഇങ്ങനെയാണ്‌: `നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ.' (30:21)
പ്രപഞ്ചത്തിന്റെ അസ്‌തിത്വം പോലെത്തന്നെ അല്ലാഹു സോദ്ദേശ്യം സംവിധാനിച്ചതാണ്‌ മനുഷ്യവര്‍ഗത്തിന്റെ കുടുംബസംവിധാനവും എന്നാണ്‌ ഖുര്‍ആന്‍ വിശദീകരിക്കുന്നത്‌. സസ്യവര്‍ഗങ്ങളുള്‍പ്പെടെ എല്ലാ വസ്‌തുക്കളെയും ഇണകളായി സൃഷ്‌ടിച്ചു(36:26) എന്ന പൊതുവായ ഉണര്‍ത്തലിനുപുറമെയാണ്‌ മനുഷ്യന്റെ കാര്യം മേല്‍പറഞ്ഞപ്രകാരം പ്രത്യേകമായി എടുത്തുപറഞ്ഞിരിക്കുന്നത്‌. വിശുദ്ധ ഖുര്‍ആനിലെ സ്‌ത്രീകള്‍ എന്ന വലിയ അധ്യായത്തിന്റെ തുടക്കം എത്ര ശ്രദ്ധേയമാണ്‌. `നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും' (4:1)
ഇണകള്‍ ഒന്നിച്ചുചേരുന്നതിലൂടെ ഉരിത്തിരിയുന്ന ബന്ധങ്ങള്‍ ഇസ്‌ലാമിന്റെ പരിപ്രേക്ഷ്യത്തില്‍ വളരെ പരിശുദ്ധവും പരിപാവനവുമാണ്‌. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നത്‌ ഈ ലോകവിജയത്തിന്റെയും സ്വര്‍ഗപ്രവേശത്തിന്റെയും പ്രധാനഘടകമാണ്‌. ബന്ധവിച്ഛേദമാകട്ടെ സാമൂഹിക പരാജയത്തിന്റെയും നരകപ്രവേശത്തിന്റെയും ഹേതുവായിത്തീരുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ സൂറ അര്‍റഅ്‌ദില്‍ ഇക്കാര്യങ്ങള്‍ സവിസ്‌തരം പ്രതിപാദിക്കുന്നു: ``കാര്യങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കുന്ന ബുദ്ധിമാന്മാര്‍ ആരെന്നുവച്ചാല്‍, അല്ലാഹുവോടുള്ള ബാധ്യതകള്‍ നിറവേറ്റുകയും കരാറുകള്‍ പാലിക്കുകയും ചെയ്യുന്നവരും കൂട്ടിയിണക്കുവാന്‍ കല്‌പിച്ച ബന്ധങ്ങള്‍ കൂട്ടിയിണക്കുകയും അല്ലാഹുവിനെയും നരകശിക്ഷയെയും ഭയപ്പെടുന്നവരുമാണ്‌.'' (13:19-21)
അത്തരക്കാര്‍ക്ക്‌ അനുകൂലമായിരിക്കും ലോകത്തിന്റെ പര്യവസാനം; അതായത്‌ സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും അവരുടെ പിതാക്കളില്‍നിന്നും ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കും (13:22,23). നോക്കൂ, എത്ര ഉദാത്തമായ ബന്ധങ്ങള്‍. വിവാഹത്തിലൂടെ ആരംഭിച്ച ആ കുടുംബശൃംഖല സ്വര്‍ഗത്തിലോളം എത്തിച്ചേരുന്ന ആദര്‍ശമഹിമ. ഈ വിശ്വാസകാഴ്‌ചപ്പാടിലൂടെ ജീവിതം നയിക്കുന്നവര്‍ക്ക്‌ ഏത്‌ അവസ്ഥാവിശേഷത്തിലും സ്വാസ്ഥ്യം ലഭിക്കുന്നതാണ്‌. അല്ലാഹുവിനോടുള്ള ബാധ്യത ലംഘിക്കുകയും കൂട്ടിയിണക്കുവാന്‍ കല്‌പിക്കപ്പെട്ട ബന്ധങ്ങള്‍ അറുത്തുകളയുകയും ചെയ്യുന്ന, ഭൂമിയില്‍ നാശം വിതയ്‌ക്കുന്ന ആളുകള്‍ക്കാണ്‌ ശാപം; ചീത്ത സങ്കേതവും (നരകം). (13:25)
ഉന്നതവും ഉദാത്തവുമായ ഈ മാനവികതയും സമൂഹസങ്കല്‌പവും ഇസ്‌ലാം മനുഷ്യര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെ അനുയായികള്‍ ഇത്‌ കാര്യമായി ഉള്‍ക്കൊള്ളുകയും ഈ മഹിതസന്ദേശം ഇതരസമൂഹങ്ങളിലേക്ക്‌ എത്തിക്കുകയും ചെയ്യണം. എന്നാല്‍ അനുയായികളില്‍ പോലും വ്യക്തമായ മാതൃകയുടെ ശക്തമായ സന്ദേശം നല്‍കാനില്ലെങ്കില്‍ അത്‌ സമൂഹത്തിന്റെ പൊതുനാശത്തിന്‌ ഹേതുകമായേക്കാം. വഴിവിട്ട ലൈംഗികതയും അതിന്റെ ഉപോത്‌പന്നമായ ബന്ധശൈഥില്യവും മനുഷ്യരാശിയെ നാശത്തിലേക്കു നയിക്കുമെന്നതിന്‌ ചരിത്രം സാക്ഷിയാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: