പ്രതീക്ഷ വിതറി ഹസന്‍ റൂഹാനി

  • Posted by Sanveer Ittoli
  • at 9:58 AM -
  • 0 comments
പ്രതീക്ഷ വിതറി ഹസന്‍ റൂഹാനി

ഇറാന്റെ പതിനൊന്നാമത്‌ പ്രസിഡന്റായി ഹസന്‍ റൂഹാനി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പോള്‍ ചെയ്‌ത 50 ദശലക്ഷം വോ ട്ടില്‍ 50 ശതമാനത്തിലധികം കരസ്ഥമാക്കിയാണ്‌ മിതവാദിയായ റൂഹാനി വിജയക്കൊടി നാട്ടിയത്‌. മുന്‍ പ്രസിഡന്റുമാരായ അക്‌ബര്‍ ഹാശ്‌മി റഫ്‌സഞ്ചാനിയുടെയും ഖാ ത്തമിയുടെയും ശക്തമായ പിന്തുണയോടെയാണ്‌ ഹസന്‍ റൂഹാനി, അഹ്‌മദി നിജാദിന്റെ പിന്‍ഗാമിയായി പ്രസിഡന്റ്‌ പദവിയിലെത്തുന്നത്‌. റൂഹാനിയുടെ വിജയം, ഇറാനില്‍ മേധാവിത്വം പുലര്‍ത്തുന്ന പാരമ്പര്യ വാദികള്‍ക്കെതിരെ പരിഷ്‌കരണവാദികളുടെ വെല്ലുവിളിയായാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍വിശേഷിപ്പിക്കുന്നത്‌.
സമകാലിക ലോകരാഷ്‌ട്രീയത്തില്‍ ഒരു നിര്‍ണായക ശക്തിയായി ഇതിനകം ഇറാന്‍മാറിയിട്ടുണ്ട്‌. അമേരിക്കയുടെ വിധേയത്വത്തിന്‌ വഴങ്ങാതെ, ഏകധ്രുവ ലോകഘടന പൊളിച്ചെഴുതണമെന്ന്‌ വാദിക്കുന്ന ബ്ലോക്കില്‍ സുപ്രധാന സ്ഥാനമാണ്‌ ഇറാന്‍ വഹിക്കുന്നത്‌. ലബനാനിലെ പോരാളി വിഭാഗമായ ഹിസ്‌ബുല്ലക്കും സിറിയയിലെ ബശാറുല്‍ അസദിനും പിന്തുണകൊടുക്കുന്ന ഇറാന്‍, ഇസ്‌റാഈലിന്റെ കടുത്ത എ തിരാളി കൂടിയാണ്‌. ലോകത്തെ ഏക ശിആ രാഷ്‌ട്രമാണ്‌ ഇറാന്‍. അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ ഗതിയെ നിര്‍ണായകമായി സ്വാധീനിക്കാന്‍ ഇറാന്റെ നയനിലപാടുകള്‍ക്ക്‌ സാധിക്കും.
രണ്ട്‌ തവണ ഇറാന്‍ പ്രസിഡന്റായിരുന്ന ഹസന്‍ റൂഹാനിയുടെ മുന്‍ഗാമി അഹ്‌മദി നിജാദ്‌ അമേരിക്കക്കെതിരെ നട്ടെല്ലു വളക്കാത്ത ഭരണാധികാരിയെന്ന നിലയില്‍ വിഖ്യാതി നേടിയിട്ടുണ്ട്‌. വെനിസ്വേലയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയുമെല്ലാം കൂട്ടുപിടിച്ച്‌ അന്തര്‍ദേശീയ വേദികളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തെ വിചാരണ ചെയ്യാന്‍ നിജാദിന്‌ സാധിച്ചിരുന്നു. ലോകവേദികളില്‍ അദ്ദേഹം ചെയ്‌ത പ്രസംഗങ്ങള്‍ അധിനിവേശ വിരുദ്ധചേരി ആവേശപൂര്‍വമാണ്‌ എതിരേറ്റത്‌. ആണവ ശക്തി വികസിപ്പിക്കാനുള്ള തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം ആര്‍ക്കും അടിയറ വെക്കുകയില്ലെന്ന ഇറാന്റെ കടുത്ത നിലപാടിന്റെ പേരില്‍ ആ രാജ്യത്തെ ജനതയുടെ മേല്‍ പാശ്ചാത്യസമൂഹം അടിച്ചേല്‌പിച്ച ഉപരോധം തുടരുകയാണ്‌.
ലോകരാഷ്‌ട്രീയത്തില്‍ ഇറാന്റെ ധീരതയെ തുറന്നംഗീകരിക്കാനും പിന്തുണ നല്‌കാനും അറബ്‌ മുസ്‌ലിം രാജ്യങ്ങള്‍ തയ്യാറാവുകയില്ല. മേഖലയില്‍ പരമ്പരാഗതമായി നിലനില്‌ ക്കുന്ന സുന്നി-ശിആ വൈരമാണ്‌ അതിന്റെ പ്രധാനകാരണം. സുന്നികളും ശിആകളും തമ്മില്‍ നിലവിലുള്ള ദൈവശാസ്‌ത്രപരവും ചരിത്രപരവുമായ തര്‍ക്കങ്ങള്‍ ശാത്രവമായി വളരുകയും അത്‌ രാഷ്‌ട്രീയ നയതന്ത്രത്തെ ഉലക്കുകയും ചെയ്‌ത അനുഭവമാണ്‌ നിലവിലുള്ളത്‌. പശ്ചിമേഷ്യയില്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യം നിലവില്‍ വന്നാല്‍ തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങളെ അത്‌ പ്രതികൂലമായി ബാധിക്കുമെന്നും ഇസ്‌റാഈലിന്‌ അത്‌ വിനയാകുമെന്നും ഭയക്കുന്ന അമേരിക്കയും പാശ്ചാത്യരാഷ്‌ട്രങ്ങളും, ശിആ സുന്നി സംഘ ര്‍ഷം ഉരസി മൂര്‍ച്ഛിക്കാനേ എക്കാലവും ശ്രമിക്കുകയുമുള്ളൂ.
ഇത്തരമൊരു സങ്കീര്‍ണ സാഹചര്യത്തിലാണ്‌ താരതമ്യേന മിതവാദിയെന്ന്‌ വാഴ്‌ത്തപ്പെടുന്ന ഹസന്‍ റൂഹാനി അധികാരത്തില്‍ വരുന്നത്‌. അതുകൊണ്ടുതന്നെ അനുരഞ്‌ജനത്തിലും സംയമനത്തിലുമധിഷ്‌ഠിതമായ ഒരു നയതന്ത്രം അദ്ദേഹത്തില്‍നിന്ന്‌ പ്രതീക്ഷിക്കുക സ്വാഭാവികം. അഹ്‌മദി നിജാദിനെ അള്‍ട്രാ കണ്‍സര്‍വേറ്റീവ്‌ എന്ന്‌ വിശേഷിപ്പിച്ച പാശ്ചാത്യ മീഡിയ റൂഹാനിയെ `മോഡറേറ്റ്‌' എന്നാണ്‌വിശേഷിപ്പിക്കുന്നത്‌. നജാദില്‍നിന്നും വ്യത്യസ്‌തമായി, `പക്വത' യുടെ പ്രതീകമായാണ്‌ റൂഹാനി ഇറാനില്‍ ജനപ്രീതി നേടിയത്‌.
സംഘട്ടനങ്ങളും ഉപരോധങ്ങളും ഒഴിവാക്കി, സംയമനത്തിന്റെ പാതയില്‍ രാജ്യത്തെ വികസനത്തിലേക്ക്‌ നയിക്കുമെന്ന്‌ റൂഹാനിയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമാണ്‌ ഇറാന്‍ ജനത പ്രതീക്ഷയോടെ നെഞ്ചേറ്റിയിരിക്കുന്നത്‌. അയല്‍രാജ്യങ്ങളുമായും പാശ്ചാത്യ സമൂഹവുമായും സഹകരണത്തി ന്റെ ബന്ധം വേണമെന്നും, രാജ്യത്തിനകത്ത്‌ പൗരന്മാര്‍ക്ക്‌ സ്വാതന്ത്ര്യവും സുരക്ഷിതത്വവും വികസനവും യാഥാര്‍ഥ്യമാകണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്‌. മതപൗരോഹിത്യത്തിന്റെ കര്‍ക്കശമായ നേതൃത്വത്തിലുള്ള ഇറാന്‍ ഭരണകൂടത്തിനുകീഴില്‍, പൗരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന അനുഭവങ്ങളുണ്ട്‌. എതിര്‍ സ്വരങ്ങളെ അമര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. അഹ്‌മദി നിജാദിന്റെ 2009ലെ തെരഞ്ഞെടുപ്പ്‌ സാധുവല്ലെന്ന്‌ വാദിച്ച പരിഷ്‌കരണവാദികളായ മിര്‍ഹുസൈന്‍ മുസവി, മെഹ്‌ദി കറുവെ എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്‌.
ഇറാന്‍-സുഊദി ബന്ധം ഇപ്പോഴും വഷളായിത്തുടരുകയാണ്‌. 1980കളില്‍ മക്കയിലുണ്ടായ സംഘര്‍ഷത്തിനും 90കളിലെ അല്‍കോബാര്‍ സ്‌ഫോടനത്തിനും പിന്നില്‍ ഇറാനാ ണെന്ന്‌ സുഊദി കരുതുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌ ബഹ്‌റൈനില്‍ നടന്ന വിപ്ലവങ്ങളെയും ഇറാന്‍ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തില്‍ റൂഹാനിയുടെ വരവ്‌ സുഊദി പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. 90കളുടെ മധ്യത്തില്‍ നായിഫ്‌ രാജകുമാരനുമായി സുരക്ഷാ കരാര്‍ ഒപ്പുവെച്ചത്‌ ഹസന്‍ റൂഹാനിയായിരുന്നു. ഗള്‍ഫ്‌ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടാണ്‌ റൂഹാനിക്ക്‌ ഉള്ളതെന്നതുമാണ്‌ സുഊദിയെ സന്തോഷിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ അബ്‌ദുല്ല രാജാവും കിരീടാവകാശി സല്‍മാനും ജിസിസി രാഷ്‌ട്ര നായകന്മാരും ഒഐസി നേതാക്കളുമെല്ലാം പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ചുകൊണ്ട്‌ പ്രസ്‌താവനകളിറക്കിയിരിക്കുന്നു. അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും റൂഹാനിയില്‍ ഒരു മാറ്റത്തിന്റെ മിന്നലാട്ടം കാണുന്നുണ്ട്‌.
പ്രശംസകള്‍ക്കും പ്രത്യാശകള്‍ക്കുമിടയില്‍ വിസ്‌മരിച്ചുകൂടാത്ത ഒന്നുണ്ട്‌. ഹസന്‍ റൂഹാനി എന്ന ഒരു പ്രസിഡന്റിന്‌ ഒരു രാത്രികൊണ്ട്‌ ഇറാനെ മാറ്റിമറിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണത്‌. അമേരിക്കയുമായാകട്ടെ, ഇതര രാജ്യങ്ങളുമായാകട്ടെ ഇറാന്‍ തുടരുന്ന വിദേശ നയത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ യാതൊരു മാറ്റവും വരാന്‍ ഇടയില്ല. ഇറാനിന്റെ ഭരണവ്യവസ്ഥയില്‍ പരമോന്നത നേതാവിനും റവല്യൂഷണറി കൗണ്‍സിലിനുമുള്ള അധികാരത്തെ പ്രസിഡന്റിന്‌ മറികടക്കാന്‍ കഴിയില്ല. ഇത്തവണ പ്രസിഡന്റ്‌ പദത്തിലേക്ക്‌ നോമിനേഷന്‍ നല്‍കിയ 686പേരില്‍നിന്ന്‌ ഗാര്‍ഡിയന്‍ കൗണ്‍സില്‍ സൂക്ഷ്‌മ നിരീക്ഷണം നടത്തി അംഗീകരിച്ച എട്ട്‌ പേര്‍ക്ക്‌ മാത്രമേ മത്സരിക്കാന്‍ അനുവാദം കിട്ടിയിരുന്നുള്ളൂ. അതില്‍ രണ്ടുപേര്‍ സ്‌ഥാനാര്‍ഥിത്വം പിന്‍വലിക്കുകയും ചെയ്‌തു. ബാക്കി ആറുപേര്‍ മാത്രമാണ്‌ മത്സരിച്ചത്‌. അതുകൊണ്ടുതന്നെയാണ്‌ ആര്‌ ജയിച്ചാലും രാജ്യത്തിന്റെ അടിസ്ഥാന നിലപാടില്‍ മാറ്റമുണ്ടാവുകയില്ലെന്ന്‌ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖംനാഇ വ്യക്തമാക്കിയത്‌. എന്നിരുന്നാലും, പുതിയ പ്രസിഡന്റിന്റെ നയചാരുതയും മിതവാദവും പക്വതയും, ആ രാജ്യത്തെ ജനങ്ങളുടെ മനസ്സിന്റെ കണ്ണാടിയായി നമുക്ക്‌ കാണാം. അതില്‍ പ്രത്യാശ അര്‍പ്പിക്കാം! 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: