അസ്‌ഗറലി എഞ്ചിനീയര്‍, മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി മൗലവി കൊഴിഞ്ഞുവീഴുന്ന റോസാദളങ്ങള്‍

  • Posted by Sanveer Ittoli
  • at 9:18 AM -
  • 0 comments
അസ്‌ഗറലി എഞ്ചിനീയര്‍, മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി മൗലവി കൊഴിഞ്ഞുവീഴുന്ന റോസാദളങ്ങള്‍

രണ്ട്‌ മഹാ പ്രതിഭകളുടെ വിടവാങ്ങല്‍ രേഖപ്പെടുത്തിക്കൊണ്ടാണ്‌ മെയ്‌മാസം കടന്നുപോയത്‌. ഇസ്‌ലാമിക ചിന്താലോകത്ത്‌ തനിമയുള്ള വീക്ഷണങ്ങള്‍ പ്രകാശിപ്പിച്ച പണ്ഡിതന്മാര്‍ എന്നതിലുപരി, ഒട്ടുവളരെ സമാനതകള്‍ വിടപറഞ്ഞ അസ്‌ഗറലി എഞ്ചിനീയര്‍, മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി മൗല വി എന്നിവരില്‍ കാണാം. സാമ്പ്രദായിക മതകലാലയങ്ങളില്‍ കയറിയിറങ്ങാതെതന്നെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ആഴച്ചുഴികള്‍ ദര്‍ശിച്ച മഹാന്മാരായിരുന്നു ഇരുവരും.
1939ല്‍ രാജസ്ഥാനിലെ സാലുമ്പറില്‍, ഒരു ഇസ്‌മാഈലി ശീആ കുടുംബത്തില്‍ ജനിച്ച അസ്‌ഗറലി, കുടുംബത്തില്‍ നിന്നാണ്‌ ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്‌. അറബിഭാഷയും ഖുര്‍ആനും ഹദീസും വശമാക്കി. പിതാവ്‌ ശൈഖ്‌ ഖുര്‍ബാന്‍ ഹുസൈന്‍ തന്നെയായിരുന്നു ആദ്യ അ ധ്യാപകന്‍. എന്നാല്‍ ഭൗതിക കലാലയത്തിലാണ്‌ ഔപചാരി ക പഠനം നടത്തിയത്‌. മധ്യപ്രദേശിലെ ഉജ്ജയിന്‍ സര്‍വകലാശാലയില്‍നിന്ന്‌ സിവില്‍ എഞ്ചിനീയറിംഗ്‌ ബിരുദം സമ്പാദിച്ചു. പ്രഫഷന്‍കൊണ്ട്‌ എഞ്ചിനീയറാണെങ്കിലും മതവും സമുദായവുമായുരുന്നു അദ്ദേഹത്തിന്റെ ചിന്തയെ ജ്വലിപ്പിച്ചത്‌.
ദാവൂദി ബോറ സമുദായാംഗമായിരുന്നു അദ്ദേഹം, അതി ന്റെ നേതൃപദവിയില്‍ വരെ എത്തി. പക്ഷെ, സമുദായത്തിലെ പുരോഹിത നേതൃത്വം ചെയ്‌തുകൂട്ടുന്ന ചൂഷണങ്ങളെ ശക്തിയുക്തം അദ്ദേഹം എതിര്‍ത്തു. മതത്തെ ആചാരാനുഷ്‌ഠാനങ്ങളുടെ ഒരു പുറംതോടാക്കി അധ:പതിപ്പിക്കുകയാണ്‌ പുരോഹിതന്മാര്‍ എന്നദ്ദേഹത്തിന്‌ ബോധ്യപ്പെട്ടു. ആ സത്യം വിളി ച്ചുപറയാന്‍ തുടങ്ങിയതോടെ സമുദായത്തില്‍നിന്ന്‌ പുറത്താക്കപ്പെടുകയും വധശ്രമമുള്‍പ്പെടെയുള്ള പ്രതികാരനടപടികള്‍ ക്ക്‌ അദ്ദേഹത്തെ വിധേയമാക്കുകയും ചെയ്‌തു.
അതീവ യാഥാസ്ഥിതികമായ തന്റെ സമുദായ പശ്ചാത്തലമാണ്‌, ഇസ്‌ലാമിന്റെ അന്തസ്സത്ത തേടിയുള്ള അന്വേഷണത്തിലേക്ക്‌ അദ്ദേഹത്തെ നയിച്ചത്‌ എന്നു പറയാം. ക്രൈസ്‌ത വ പൗരോഹിത്യം, സഭകള്‍ സ്ഥാപിച്ചു വളര്‍ത്തി മതത്തെ കൂദാശയിലും ഖുര്‍ബാനയിലും തളച്ചിടുകയും യേശു പഠിപ്പി ച്ച മഹത്തായ മാനവികത തള്ളിമാറ്റി, അധികാര ഗര്‍വുകളില്‍ അഭിരമിക്കുകയും ചെയ്‌തപ്പോഴാണ്‌ ക്രിസ്‌തുമതത്തില്‍ ഒരു വിമത ശബ്‌ദമുയര്‍ന്നത്‌. മതനേതൃത്വവും ദൈവശാസ്‌ത്രജ്ഞരും അധികാരി വര്‍ഗത്തിന്റെയും പ്രമാണികളുടെയും ആ ശ്രിതരായി മാറുകയും മര്‍ദിത, കീഴാള ജനതയെ ഓരങ്ങളില്‍ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന അനീതിക്കെതിരെ ലാറ്റിനമേരിക്കയില്‍ `വിമോചന ദൈവശാസ്‌ത്രം' ഉദയം ചെയ്‌തു. ക്രൈ സ്‌തവ മതത്തിലെ ഇടതുപക്ഷമായി പില്‍ക്കാലത്ത്‌ ആ ചിന്താധാര മാറി.
ക്രൈസ്‌തവ വിമോചന ദൈവശാസ്‌ത്രത്തോട്‌ സാധര്‍മ്യമുള്ള ഒരു ചിന്താപദ്ധതി, ഇസ്‌ലാമിക ലോകത്ത്‌ ഉദയം ചെയ്‌ തിട്ട്‌ അധികമായിട്ടില്ല. സൗത്ത്‌ ആഫ്രിക്കന്‍ മുസ്‌ലിം ചിന്തകനായ ഫരീദ്‌ ഇസ്‌ഹാഖ്‌, ഇറാനിയന്‍ സാമൂഹ്യശാസ്‌ത്രജ്ഞനായ ഹമീദ്‌ ദബാശി തുടങ്ങിയവരാണ്‌ `ഇസ്‌ലാമിക വിമോചനശാസ്‌ത്രം' അവതരിപ്പിച്ച പ്രമുഖര്‍. ഈ കൂട്ടത്തില്‍ ഉയര്‍ ന്നുനില്‍ക്കുന്ന നാമമാണ്‌ അസ്‌ഗറലി എഞ്ചിനീയറുടേത്‌. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള മതപണ്ഡിതന്മാര്‍ പ്രസരിപ്പിക്കുന്ന ഉപരിപ്ലവമായ വലതുപക്ഷ മതചിന്തയെ പൊളിച്ചെഴുതുകയും ഇസ്‌ലാമിനുള്ളിലെ വിപ്ലവകരമായ വിമോചന കിരണങ്ങള്‍ എടുത്തുകാട്ടുകയുമാണ്‌ അസ്‌ഗറലി എഞ്ചിനീയര്‍ ചെയ്‌തത്‌. അക്ഷരങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും, അര്‍ഥത്തിലേക്കും വിമോചനത്തിലേക്കും മതത്തെ പ്രക്ഷേപിക്കേണ്ടതിന്റെ ആവശ്യകത മരണംവരെ അദ്ദേഹം ഉറക്കെ പറഞ്ഞു.
മുട്ടാണിശ്ശേരിയില്‍ കോയാക്കുട്ടി മൗലവി, ഒരു വിപ്ലവചിന്തകനായിരുന്നില്ല. വിജ്ഞാന തപസ്വിയായിരുന്നു. ലോക ത്തെ വിജ്ഞാനത്തിന്റെ അനന്ത വിഹായസ്സിലേക്ക്‌ നയിച്ച ഇസ്‌ലാം മതവും അതിന്റെ പണ്ഡിതന്മാരും പില്‍ക്കാലത്ത്‌ അജ്ഞതയുടെ ഇരുട്ടറിയില്‍ അകപ്പെട്ടതിന്റെ വൈരുധ്യമാണ്‌ കോയാക്കുട്ടി മൗലവിയെ അസ്വസ്ഥമാക്കിയത്‌. ഇമാം റാസിയും ഇബ്‌നു ഖല്‍ദൂനും ഇബ്‌നുറുശ്‌ദും ഇമാം ഗസ്സാലിയുമൊക്കെ പടുത്തുയര്‍ത്തിയ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ചക്രവാളത്തെ, ഭാവനാശൂന്യരായ അനന്തരാവകാശികള്‍ നശിപ്പിച്ചുകളയുകയായിരുന്നുവെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
1926 ലാണ്‌ ജനനം. ജനിച്ചുവളര്‍ന്നത്‌ കായംകുളത്തെ ഒരു സമ്പന്ന കുടുംബത്തിലാണ്‌. ഫിസിക്‌സില്‍ ആണ്‌ ബിരു ദം നേടിയത്‌. സമാന്തരമായി സ്വന്തം നിലയില്‍, പണ്ഡിതന്മാരില്‍ നിന്നും അറബി ഭാഷയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളും സ്വായത്തമാക്കി. അറബിയിലും ഇംഗ്ലീഷിലുമുള്ള അഗാധപരിജ്ഞാനവും ശാസ്‌ത്ര വിഷയങ്ങളില്‍ നേടിയ ഗാഢമായ അറിവും പരന്നവായനയും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഗരിമ വര്‍ധിപ്പിച്ചു. ഇസ്‌ലാമിന്റെ സുവര്‍ണ ഭൂതകാലത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണമാണ്‌ അദ്ദേഹത്തിന്റെ ചിന്തയെ പ്രചോദിപ്പിച്ച പ്രധാന ഘടകം. വിശുദ്ധ ഖുര്‍ആനിലെ ജ്ഞാനസാഗരം അദ്ദേഹത്തിനുള്ളിലെ ശാസ്‌ത്ര കുതുകിയെ ഒട്ടൊന്നുമല്ല ഉദ്ദീപിപ്പിച്ചത്‌.
ഇസ്‌ലാമിലെ വിജ്ഞാന പാരമ്പര്യം, ശാസ്‌ത്ര-ദര്‍ശന-തത്വചിന്താ സരണികള്‍ എന്നിവയിലാണ്‌ ഒരു പുരുഷായുസ്സു മുഴുവന്‍ അദ്ദേഹം ഭജനമിരുന്നത്‌. അതിന്റെ ഫലങ്ങളാണ്‌, മൗലവി എഴുതിയ ഇരുപതോളം ഗ്രന്ഥങ്ങളും പരിഭാഷകളും. ഇബ്‌നു ഖല്‍ദൂനിന്റെ `മുഖദ്ദിമ'യും ഇമാം ഗസ്സാലിയുടെ `മിശ്‌കാത്തുല്‍ അന്‍വാറും' അദ്ദേഹത്തിന്റെ തൂലികയിലൂടെ മലയാളത്തിന്‌ കൈവന്ന സൗഭാഗ്യങ്ങളാണ്‌. ഈ രണ്ടു കൃതികള്‍തന്നെ അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളുടെ രണ്ടു സ്‌തംഭങ്ങളാണ്‌. ആദ്യത്തേത്‌ സാമൂഹ്യ ശാസ്‌ത്ര ദര്‍ശനകൃതിയും രണ്ടാമത്തേത്‌ ആധ്യാത്മിക കൃതിയുമാണ്‌. ആധുനിക ശാസ്‌ത്രത്തെയും വിജ്ഞാനത്തെയും ആധ്യാത്മികമായ പരിപ്രേഷ്യത്തില്‍ സമീപിക്കുകയാണ്‌ മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി മൗലവിയുടെ ഇതര കൃതികളും ചെയ്യുന്നത്‌.
മതവിഷയങ്ങളില്‍ അതീവ ഗ്രാഹ്യമുള്ള ഈ പണ്ഡിതന്റെ മറ്റൊരു അന്വേഷണരംഗം സംഗീതമായിരുന്നു. സംഗീതത്തിനെതിരെ ചില പണ്ഡിതന്മാര്‍ നിഷിദ്ധ ഫത്‌വ നല്‌കിയത്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞത്‌, പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങളിലും സംഗീതമുണ്ട്‌ എന്നാണ്‌. ഒരു ഇലയനക്കത്തില്‍ പോലും സംഗീതമുണ്ട്‌. ഏഴു വര്‍ഷക്കാലം ശാസ്‌ത്രീയ സംഗീതവും കര്‍ണാട്ടിക്‌, ഹിന്ദുസ്ഥാനി സംഗീതവുമൊക്കെ പഠിക്കാന്‍ ചെലവഴിച്ചതിനുള്ള അദ്ദേഹത്തിന്റെന്യായീകരണം, ലോകോത്തര പണ്ഡിതനായ ഇമാം ഫഖ്‌റുദ്ദീന്‍ റാസി ഒന്നാന്തരം സംഗീത വാദകനായിരുന്നുവെന്നാണ്‌!
അസ്‌ഗറലി എഞ്ചിനീയറും മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി മൗലവിയും ഇസ്‌ലാമിലെ ചിന്താവൈവിധ്യത്തിന്റെ രണ്ടു പ്രതിനിധികളാണ്‌. മതത്തിനുള്ളിലെ വിശാലസ്ഥലികള്‍ സ ങ്കോചിച്ചു, കൊച്ചുവൃത്തങ്ങളായി ചുരുങ്ങുന്ന സമകാലത്ത്‌, ഇത്തരം ധിഷണാശാലികള്‍ തെല്ല്‌ ആശ്വാസമായിരുന്നു. ആ പരമ്പരകളിലിനിയാരെന്ന ചോദ്യം നൊമ്പരമുണര്‍ത്തുന്നു. 

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: