ഖുര്‍ആന്‍ പ്രഥമ പ്രമാണം

  • Posted by Sanveer Ittoli
  • at 9:51 AM -
  • 0 comments
ഖുര്‍ആന്‍ പ്രഥമ പ്രമാണം

- ഇസ്‌ലാമിലെ പ്രമാണങ്ങള്‍-2 -
എ അബ്‌ദുല്‍ഹമീദ്‌ മദീനി
വിശുദ്ധ ഖുര്‍ആന്റെ അവതരണം മാനവരാശിക്ക്‌ അല്ലാഹുവിന്റെ അനുഗ്രഹമാണ്‌. ഇങ്ങനെ ഒരു സന്ദേശം ലഭിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ അവസ്ഥ എന്തായിരുന്നേനെ!? എന്തായിരിക്കും ഈ ഭൂമിയിലെ ജനകോടികളുടെ അവസ്ഥ? അല്ലാഹു പറയുന്നു: ``മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്കിതാ വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു). പറയുക: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണത്‌. അതുകൊണ്ടവര്‍ സന്തോഷിച്ചുകൊള്ളട്ടെ! അതാണവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.'' (10:57-58) ഖുര്‍ആന്റെ അവതരണം മാനവരാശിക്ക്‌ അനുഗ്രഹമാണെന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണെന്ന്‌ മേല്‍ സൂക്തത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. ഖുര്‍ആനിക മാര്‍ഗദര്‍ശനം അന്യൂനമാണെന്നതാണ്‌ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ഖുര്‍ആനിന്‌ മുമ്പ്‌ അല്ലാഹു അവതരിപ്പിച്ച എല്ലാ വേദഗ്രന്ഥങ്ങളിലും സന്മാര്‍ഗദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ തൗഹീദ്‌ (ഏകദൈവത്വം) ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ആവേദങ്ങളുടെ വക്താക്കള്‍ മഹത്തായ ആ ആശയത്തില്‍ നിന്ന്‌ വ്യതിചലിച്ചുപോവുകയാണുണ്ടായത്‌. ദിവ്യത്വം പ്രപഞ്ചനാഥന്‌ മാത്രം അവകാശപ്പെട്ടതാണെന്നും ആരാധനയും പ്രാര്‍ഥനയും അവന്‌ മാത്രമേ അര്‍പ്പിക്കാവൂ എന്നും വ്യക്തമാക്കുന്ന വചനങ്ങള്‍ പൂര്‍വവേദങ്ങളില്‍ ഇപ്പോഴും കാണാവുന്നതാണ്‌. എന്നിട്ടും ദൈവികസമൂഹങ്ങള്‍ ബഹുദൈവാരാധനയിലേക്ക്‌ കൂപ്പുകുത്തിയതായി ചരിത്രം മനസ്സിലാക്കിത്തരുന്നു.
മതനേതാക്കളും പുരോഹിതന്മാരും വേദവാക്യങ്ങളെ അവരുടെ ഇച്ഛക്കൊത്തു വ്യാഖ്യാനിച്ചതുകൊണ്ട്‌ അവര്‍ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടുപോയി. അങ്ങനെ ശിര്‍ക്കിന്റെ വിവിധ രൂപങ്ങള്‍ മതത്തിന്റെ പേരില്‍ നിലവില്‍ വന്നു. ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി ബഹുദൈവത്വ പ്രവണതകളുടെ കലര്‍പ്പില്ലാത്ത തൗഹീദ്‌ ആദര്‍ശം വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയുടെ മുമ്പാകെ അവതരിപ്പിച്ചു. അടിസ്ഥാനപരമായി തൗഹീദീ ആദര്‍ശം പഠിപ്പിക്കാന്‍ അല്ലാഹു നല്‌കിയ ഈ ദിവ്യസന്ദേശങ്ങളില്‍ നിന്ന്‌ വിവിധ രൂപത്തിലുള്ള ശിര്‍ക്കന്‍ വിശ്വാസങ്ങളെ കണ്ടുപിടിക്കാനുള്ള യജ്ഞത്തിലാണ്‌ മുസ്‌ലിംകളെന്നഭിമാനക്കുന്ന പലരും ഏര്‍പ്പെട്ടിട്ടുള്ളത്‌. വിശുദ്ധ ഖുര്‍ആന്‍ മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമാകാത്തതു കൊണ്ട്‌ നബി(സ)യുടെ കാലത്തെന്ന പോലെ ഇക്കാലത്തും ദശലക്ഷക്കണക്കിന്ന്‌ മുസ്‌ലിംകള്‍ വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ശുദ്ധമായ തൗഹീദി ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്നു. ഖുര്‍ആന്‍ അന്യൂനമായി നിലനില്‌ക്കുന്ന കാലത്തോളം ഈ സ്ഥിതി തുടരുന്നതാണ്‌. ഖുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്ഥമാക്കിയ കോടിക്കണക്കിന്‌ മുസ്‌ലിംകള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്‌.
``തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാമതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌'' (ഹിജര്‍ 9). ഇത്തരത്തിലുള്ള ദൈവീക സംരക്ഷണം മറ്റൊരു വേദഗ്രന്ഥത്തിനും ലഭിച്ചിട്ടില്ല. അതുകൊണ്ടാണ്‌ മനുഷ്യര്‍ക്കതില്‍ കൈ കടത്താന്‍ സാധിക്കാത്തത്‌. എന്നാല്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ധാരാളമായി നടന്നുവരുന്നുണ്ട്‌.
ഖുര്‍ആന്റെ അവതരണം 
ഖുര്‍ആന്റെ അവതരണം മുഹമ്മദ്‌ നബി(സ)ക്ക്‌ നാല്‌പത്‌ വയസ്സ്‌ പൂര്‍ത്തിയായ ശേഷം മക്കയിലെ ഹിറാ ഗുഹയില്‍ വെച്ചാരംഭിച്ചു. ``സൃഷ്‌ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചിരിക്കുന്നു. നീ വായിക്കുക: നിന്റെ രക്ഷിതാവ്‌ പേനകൊണ്ട്‌ (എഴുതാന്‍) പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (ഇഖ്‌റഅ്‌ 1-5). ഈ വചനങ്ങളാണ്‌ ഹിറാ ഗുഹയില്‍ ധ്യാനനിരതനായിരിക്കുമ്പോള്‍ ആദ്യമായി ഇറങ്ങിയത്‌. പിന്നീട്‌ അവരുടെ ഇടയില്‍ ഉണ്ടാവാറുള്ള സംഭവങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ചു 23 കൊല്ലം കൊണ്ട്‌ ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായി. നബി(സ) 63-ാം വയസ്സില്‍ മരിക്കുന്നതിന്റെ ഒമ്പത്‌ ദിവസം മുമ്പ്‌ വഹ്‌യ്‌ നിലയ്‌ക്കുകയും ചെയ്‌തു. അവസാനമിറങ്ങിയ ആയത്ത്‌ ഇതായിരുന്നു: ``നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട്‌ ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണമായി നല്‌കപ്പെടുന്നതാണ്‌. അവരോട്‌ (ഒട്ടും) അനീതി കാണിക്കപ്പെടുന്നതല്ല.'' (2:281)
അല്‌പാല്‌പമായി അവതരണം 
മൂസാനബി(അ)ക്ക്‌ തൗറാത്ത്‌ ലഭിച്ചതുപോലെ ഒറ്റ പ്രാവശ്യമായിട്ടല്ല ഖുര്‍ആന്‍ അവതരിച്ചത്‌. മറിച്ചു 23 വര്‍ഷക്കാലയളവില്‍ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായിക്കൊണ്ടും മനുഷ്യഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന ഉപദേശങ്ങളും താക്കീതുകളും നല്‌കിക്കൊണ്ടാണവതരിച്ചത്‌. വിശ്വാസികള്‍ അപ്പപ്പോഴായി ഇറങ്ങുന്ന ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്‌തപ്പോള്‍, ഖുര്‍ആന്റെ ജീവിക്കുന്ന അനേകം പതിപ്പുകള്‍ രൂപമെടുത്തു എന്നുള്ള സത്യം വിസ്‌മരിക്കരുത്‌. ഖുര്‍ആനെ അന്ധമായി വിമര്‍ശിച്ചുകൊണ്ടിരുന്ന മുശ്‌രിക്കുകള്‍ പറഞ്ഞ ആക്ഷേപങ്ങളില്‍ ഒന്ന്‌: എന്തുകൊണ്ട്‌ ഈ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിച്ചില്ല എന്നായിരുന്നു.
അല്ലാഹു പറയുന്നു: ``സത്യനിഷേധികള്‍ പറഞ്ഞു: ഇദ്ദേഹത്തിന്‌ ഖുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്‌. അത്‌ ഇപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ്‌ വേണ്ടത്‌. അതുകൊണ്ട്‌ നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത്‌ പാരായണം ചെയ്‌ത്‌ കേള്‍പ്പിക്കുകയും ചെയ്‌തിരിക്കുന്നു.'' (25:32)
``നീ ജനങ്ങള്‍ക്ക്‌ സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിന്നായി ഖുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്‌തിരിക്കുന്നു.'' (17:106)
പ്രസ്‌തുത വചനങ്ങളില്‍ ഖുര്‍ആന്‍ ആവശ്യാനുസരണം ഖണ്ഡശ്ശയായി അവതരിപ്പിക്കുന്നതിലെ യുക്തി ബോധ്യപ്പെടുത്തിത്തരുന്നു. അവയില്‍ ചിലത്‌ ഇങ്ങനെ മനസ്സിലാക്കാം.
ഒന്ന്‌: 23 വര്‍ഷം അല്ലാഹുവുമായി നിരന്തരം വഹ്‌യിലൂടെ ബന്ധപ്പെടാന്‍ കഴിഞ്ഞത്‌ നബി(സ)ക്ക്‌ ആശ്വാസവും സമാധാനവും അങ്ങേയറ്റത്തെ സന്തോഷവും നല്‌കുന്നു. അതുപോലെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനും അതിന്റെ ആശയങ്ങള്‍ മനസ്സിലാക്കാനും അവസരവും സാവകാശവും ലഭിക്കുന്നു. ഇതും മനസ്സിന്‌ സമാധാനം നല്‌കുന്ന കാര്യമാണ്‌. 
രണ്ട്‌: ശത്രുക്കളുടെ എതിര്‍പ്പുകളും തടസ്സവാദങ്ങളും മുന്നോട്ടുപോക്കിന്‌ തടസ്സം സൃഷ്‌ടിക്കുമ്പോള്‍, ആവശ്യാനുസരണം `വഹ്‌യ്‌' അല്ലാഹുവിന്റെ സന്ദേശം അവതരിപ്പിച്ചുകിട്ടുക എന്നത്‌ അങ്ങേയറ്റം മനസ്സംതൃപ്‌തി ലഭിക്കുന്ന കാര്യം തന്നെയാണ്‌. ഇതിനായി പല മാര്‍ഗങ്ങള്‍ അല്ലാഹു സ്വീകരിച്ചതില്‍ ഒന്നാണ്‌ പ്രബോധന മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ച പൂര്‍വകാല പ്രവാചകന്മാരുടെ ചരിത്രം തിരുമേനിക്ക്‌ ഇടയ്‌ക്കിടെ അവതരിപ്പിച്ചു കൊടുക്കുക എന്നുള്ളത്‌. 
അല്ലാഹു പറയുന്നു: ``ദൈവദൂതന്മാരുടെ വൃത്താന്തങ്ങളില്‍ നിന്ന്‌ നിന്റെ മനസ്സിന്‌ സ്ഥൈര്യം നല്‌കുന്നതെല്ലാം നിനക്ക്‌ നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാര്‍ഥ വിവരവും സത്യവിശ്വാസികള്‍ക്ക്‌ വേണ്ട സദുപദേശവും ഉല്‍ബോധനവും നിനക്ക്‌ വന്നുകിട്ടിയിരിക്കുകയാണ്‌.'' (11:120)
ഈ സൂക്തത്തില്‍ നിന്റെ മനസ്സിന്‌ സ്ഥൈര്യം നല്‌കുന്നതെല്ലാം നാം വിവരിച്ചുതരുന്നു എന്നുപറഞ്ഞത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. 
മൂന്ന്‌: ശത്രുക്കള്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന സംശയങ്ങളും ചോദ്യങ്ങളും മറുപടി അര്‍ഹിക്കുന്നവയാണെങ്കില്‍ മറുപടി നല്‌കണം. അതിന്‌ സാധിക്കണമെങ്കില്‍ ഖണ്ഡശ്ശയായിത്തന്നെ ഖുര്‍ആന്‍ അവതരിക്കേണ്ടതാണ്‌. അവര്‍ നിന്നോട്‌ ചോദിക്കുന്നു എന്നു പറയുന്ന വചനങ്ങള്‍ ഖുര്‍ആനില്‍ ധാരാളമുണ്ട്‌. അതിന്‌ സന്ദര്‍ഭോചിതം മറുപടി പറയുമ്പോള്‍ നബി(സ)ക്ക്‌ മനസ്സംതൃപ്‌തിയും സന്തോഷവും ലഭിക്കുന്നു.
``അവര്‍ ഏതൊരു പ്രശ്‌നവും കൊണ്ട്‌ നിന്റെ അടുത്ത്‌ വരികയാണെങ്കിലും അതിന്റെ യാഥാര്‍ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക്‌ നാം കൊണ്ടുവന്നു തരാതിരിക്കില്ല'' (25:33). നബി(സ)യുടെ പ്രവാചകത്വത്തിന്നെതിരില്‍ അവര്‍ ഏത്‌ പ്രശ്‌നം ഉന്നയിച്ചാലും അതിന്‌ ഉചിതവും വിശദവുമായ മറുപടി അല്ലാഹു അറിയിച്ചുകൊടുക്കും. ഇത്‌ തന്റെ ദൗത്യവുമായി മുന്നോട്ട്‌ പോകാന്‍ സഹായകമായിത്തീരുന്നു. 
നാല്‌: അറബികള്‍ ഇസ്‌ലാമിന്‌ മുമ്പ്‌ ജീവിച്ചിരുന്നത്‌ അവരുടെ പാരമ്പര്യ സംസ്‌കാരത്തിലായിരുന്നു. അവരുടെ മുന്നില്‍ പറയത്തക്ക വിധിവിലക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ജീവിച്ചുവന്ന ഒരു സമുദായത്തില്‍ ഒറ്റയടിക്ക്‌ ഖുര്‍ആനിലെ വിധിവിലക്കുകള്‍ അവരുടെ മേല്‍ അടിച്ചേല്‌പിച്ചാല്‍ അതവര്‍ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ്‌ ഇസ്‌ലാമിലെ നിയമങ്ങള്‍ നടപ്പിലാക്കിയത്‌. 
ആദ്യം വിശ്വാസ സംസ്‌കരണം നടത്തിയ ശേഷമാണ്‌ മദ്യപാനം, വ്യഭിചാരം, മോഷണം, പലിശ പോലുള്ള തിന്മകള്‍ക്കെതിരെയുള്ള നിലപാടുകള്‍ നടപ്പില്‍ വരുത്തിയത്‌. ഈ കാര്യം ആഇശ(റ) വ്യക്തമാക്കിയിട്ടുണ്ട്‌: അവര്‍ പറഞ്ഞു: ആദ്യമായി നിങ്ങള്‍ കള്ളു കുടിക്കരുത്‌ എന്ന വചനമാണ്‌ അവതരിച്ചതെങ്കില്‍ അവര്‍ പറയുമായിരുന്നു; ഞങ്ങള്‍ ഒരിക്കലും കള്ള്‌ ഉപേക്ഷിക്കുകയില്ലെന്ന്‌. ഇങ്ങനെ സമൂഹത്തില്‍ നൂറ്റാണ്ടുകളായി വ്യാപിച്ചിരുന്ന അനാചാരങ്ങളെ സമൂഹത്തോടൊപ്പം നിന്നുകൊണ്ട്‌ പരിവര്‍ത്തനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
അഞ്ച്‌: ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത്‌ നിലവിലുണ്ടായിരുന്ന സമൂഹം എഴുത്തും വായനയും അറിയാത്തവരായിരുന്നു. അതുകൊണ്ട്‌ ആവശ്യാനുസരണം ഒന്നോ രണ്ടോ അതില്‍ കൂടുതലോ ആയത്തുകള്‍ ഇറങ്ങുമ്പോള്‍ അവര്‍ക്ക്‌ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കാനും, അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും അവരുടെ മനക്കരുത്ത്‌ വര്‍ധിപ്പിക്കാനും സഹായകമായിത്തീരുന്നു. ഇങ്ങനെ മൊത്തത്തില്‍ ഖുര്‍ആന്റെ അല്‍പാല്‍പമായ അവതരണം വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയ്‌ക്ക്‌ മാറ്റുകൂട്ടുന്നു.
114 അധ്യായങ്ങളാണ്‌ ഖുര്‍ആനില്‍ ഉള്ളത്‌. ഓരോ അധ്യായത്തിന്നും പ്രത്യേക പേരുകളുമുണ്ട്‌. ചിലപ്പോള്‍ അധ്യായത്തിന്റെ തുടക്കം തന്നെയായിരിക്കും അതിന്റെ പേരായി നിശ്ചയിക്കുന്നത്‌. അല്ലെങ്കില്‍ മുഖ്യമായി പ്രതിപാദിച്ച വിഷയമായിരിക്കും അതിന്റെ പേര്‍. അതുമല്ലെങ്കില്‍ അതില്‍ വിവരിച്ച നിയമങ്ങളുടെയോ കഥകളുടെയോ സമുദായത്തിന്റെയോ വ്യക്തികളുടെയോ നാടിന്റെയോ പേരുകളും നല്‌കിയതായി കാണാം.
ഖുര്‍ആനില്‍ രണ്ടുതരം അധ്യായങ്ങളുണ്ട്‌. നബി(സ)യുടെ ഹിജ്‌റക്ക്‌ മുമ്പ്‌ മക്കയില്‍ അവതരിച്ച അധ്യായങ്ങള്‍ക്ക്‌ മക്കി എന്നും ഹിജ്‌റക്ക്‌ ശേഷം മദീനാ കാലഘട്ടത്തില്‍ അവതരിപ്പിച്ചതിന്‌ മദനീ എന്നും പറയുന്നു. മക്കീസൂറകളില്‍ അധികവും വിശ്വാസകാര്യങ്ങളും പരലോക ചിന്തകളുമാണ്‌ പ്രതിപാദിച്ചിട്ടുള്ളത്‌. മനുഷ്യരുടെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റു നിയമങ്ങളും മദനീ അധ്യായങ്ങളിലാണ്‌ കൂടുതലായും കാണുക. 
ഖുര്‍ആന്‍ ആദ്യമായി എഴുതി സൂക്ഷിച്ചവര്‍
നബി(സ) തനിക്കവതരിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ എഴുതി രേഖപ്പെടുത്താന്‍ അവരുടെ കൂട്ടത്തില്‍ എഴുത്തറിയാവുന്ന ചിലരെ നിയോഗിച്ചിരുന്നു. ഇവര്‍ `കുത്താബുല്‍ വഹ്‌യ്‌' അഥവാ വഹ്‌യ്‌ എഴുത്തുകാര്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്‌. അബൂബക്കര്‍, ഉമര്‍, ഉസ്‌മാന്‍, അലിയ്യ്‌, സൈദുബ്‌നു സാബിത്‌, ഉബയ്യുബ്‌നു കഅബ്‌, മുആവിയ, സാബിത്‌ബ്‌നു ഖൈസ്‌, ഖാലിദുബ്‌നുല്‍ വലീദ്‌ മുതലായവര്‍ ഈത്തപ്പന മട്ടലുകളിലും എല്ലുകളിലും കല്ലുകളിലും തോലുകളിലുമായി ഇന്ന ആയത്ത്‌ ഇന്ന സൂറയില്‍ ഇന്ന സ്ഥലത്ത്‌ വെക്കുക എന്ന നബി(സ)യുടെ നിര്‍ദേശമനുസരിച്ചു എഴുതിവെച്ചു. കൂടാതെ നബി(സ)യുടെ സ്വഹാബികളില്‍ അപ്പപ്പോള്‍ ഇറങ്ങുന്ന വചനങ്ങള്‍ ഹൃദിസ്ഥമാക്കുന്നവരും ധാരാളമുണ്ടായിരുന്നു. എഴുതുകയും വായിക്കുകയും ശീലമില്ലാത്തവര്‍ എല്ലാ കാര്യങ്ങളും മനപ്പാഠമാക്കുന്ന സമ്പ്രദായമായിരുന്നു അന്ന്‌ പരക്കെ ഉണ്ടായിരുന്നത്‌. അല്‌പാല്‌പമായി ഓരോ സംഭവങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ചു ഇറങ്ങിയതുകൊണ്ട്‌ ഹൃദിസ്ഥമാക്കാന്‍ അവര്‍ക്ക്‌ എളുപ്പവുമായിത്തീര്‍ന്നു.
ഖുര്‍ആന്‍ ക്രോഡീകരണം
നബി(സ)യുടെ അന്ത്യനാള്‍ വരെ ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങിയിരിക്കുന്നതുകൊണ്ട്‌, അവ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചിരുന്നില്ല. നബി(സ)യുടെ വിയോഗത്തിന്ന്‌ ശേഷം ഖലീഫ അബൂബക്കര്‍(റ) നിര്‍ദേശിച്ചതനുസരിച്ചാണ്‌ ഖുര്‍ആന്‍ ക്രോഡീകരിച്ചത്‌, മതഭ്രഷ്‌ടരോടുള്ള യുദ്ധങ്ങള്‍ പലതും നടന്നു. യമാമയില്‍ വെച്ചു നടന്ന യുദ്ധത്തില്‍ ഖുര്‍ആന്‍ മനപ്പാഠമുള്ള ധാരാളം പേര്‍ ശഹീദായി. ഈ സന്ദര്‍ഭത്തില്‍ ഉമര്‍(റ) ആണ്‌ ഖുര്‍ആന്‍ ക്രോഡീകരിച്ച്‌ ഗ്രന്ഥരൂപത്തിലാക്കാന്‍ ഖലീഫ അബൂബക്കറിനെ(റ) നെ ഉപദേശിച്ചത്‌. പക്ഷേ, റസൂല്‍(സ) ചെയ്യാത്ത ഒരു കാര്യം ഞാന്‍ എങ്ങനെ ചെയ്യും എന്ന സംശയത്തില്‍, ആദ്യം അദ്ദേഹം അതിന്‌ തയ്യാറായില്ല.
തുടര്‍ന്നദ്ദേഹം കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഉമറിന്റെ(റ) ഉപദേശത്തില്‍ നന്മയുണ്ടെന്നദ്ദേഹത്തിന്‌ ബോധ്യം വന്നു. അങ്ങനെ നബി(സ)യുടെ സദസ്സില്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുകയും ഖുര്‍ആന്‍ പൂര്‍ണമായും എഴുതുകയും ഹൃദിസ്ഥമാക്കുകയും ചെയ്‌ത സൈദുബ്‌നു സാബിതിനെ, ഖുര്‍ആന്‍ ക്രോഡീകരിക്കാനുള്ള ചുമതല അദ്ദേഹം ഏല്‌പിച്ചു. ഇദ്ദേഹം, അന്ന്‌ ഖുര്‍ആന്‍ എഴുതി സൂക്ഷിച്ചിരുന്ന മുഴുവന്‍ രേഖകളും സമാഹരിച്ചു. തുടര്‍ന്ന്‌ തന്നോടൊപ്പം ഖുര്‍ആന്‍ എഴുതി രേഖപ്പെടുത്തിയിരുന്നവരുമായി കൂടിയാലോചിച്ചു ഖുര്‍ആന്‍ ഗ്രന്ഥരൂപത്തിലാക്കി. ഈ ഗ്രന്ഥം ഖലീഫ ഉമറിന്‌(റ) ശേഷം അദ്ദേഹത്തിന്റെ മകളും നബി(സ)യുടെ ഭാര്യയുമായിരുന്ന ഹഫ്‌സ(റ) സൂക്ഷിച്ചു. തുടര്‍ന്ന്‌ ഇസ്‌ലാം ലോകത്ത്‌ വളരെയധികം നാടുകളില്‍ വ്യാപിച്ചപ്പോള്‍ ഓരോ നാട്ടുകാരുടെയും ഭാഷാശൈലീ വ്യത്യാസം ഖുര്‍ആന്‍ പാരായണത്തിലും കാണാന്‍ തുടങ്ങി.
ഈ വിവരം ചില പ്രദേശങ്ങളിലെ ഗവര്‍ണര്‍മാര്‍ ഉസ്‌മാനെ(റ) ധരിപ്പിച്ചു. ഖുര്‍ആന്‍ പാരായണത്തില്‍ വ്യത്യാസങ്ങള്‍ വരാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്‌തു. ഈ സന്ദര്‍ഭത്തില്‍ ഖലീഫ ഉസ്‌മാന്‍(റ) ഉമ്മുല്‍ മുഅ്‌മിനീന്‍ ഹഫ്‌സ(റ)യുടെ അടുത്തു സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ എഴുതി രേഖപ്പെടുത്തിയ ഗ്രന്ഥം വരുത്തി. ഖുര്‍ആന്‍ കൃത്യമായി ഹൃദിസ്ഥമാക്കുകയും ക്രോഡീകരിക്കുകയും ചെയ്‌ത മൂന്ന്‌ ഖുറൈശീ പ്രമുഖരെ ഇതിന്റെ കോപ്പി പകര്‍ത്തിയെഴുതാന്‍ ചുമതലപ്പെടുത്തി. ഈ മൂന്നംഗസമിതി ഖുര്‍ആന്റെ കോപ്പികള്‍ പകര്‍ത്തിയെടുത്തു. കൂഫ, ബസറ, സിറിയ, യമന്‍, ബഹറൈന്‍, മക്ക എന്നീ ഭാഗങ്ങളിലേക്ക്‌ ഓരോ കോപ്പി അയക്കുകയും ആദ്യ കോപ്പി അദ്ദേഹം സൂക്ഷിക്കുകയും ചെയ്‌തു. ഈ ആധികാരിക മുസ്‌ഹഫ്‌ അല്ലാത്ത വല്ലതും ആരുടെയെങ്കിലും കൈകളിലുണ്ടെങ്കില്‍ അതെല്ലാം കരിച്ചുകളയാന്‍ ഖലീഫ ഉത്തരവിട്ടു. അങ്ങനെ ഖുര്‍ആന്‍ പാരായണത്തില്‍ വന്നുചേരാന്‍ സാധ്യതയുണ്ടായിരുന്ന വ്യത്യാസങ്ങള്‍ ഇതോടെ പൂര്‍ണമായി അവസാനിച്ചു. അല്ലാഹുവിന്റെ പരിശുദ്ധ വചനത്തിന്റെ സത്യസാക്ഷാല്‍ക്കാരമായിരുന്നു ഈ ക്രോഡീകരണവും പകര്‍ത്തിയെടുക്കലുമെന്ന്‌ മനസ്സിലാക്കാം. ``ഉല്‍ബോധനത്തെ (ഖുര്‍ആന്‍) ഇറക്കിയത്‌ നാമാണ്‌. നാം അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്യും.'' (15:9)
അല്ലാഹുവിന്റെ പൂര്‍ണമായ സംരക്ഷണം ഖുര്‍ആനിന്ന്‌ ഉള്ളതുകൊണ്ടാണ്‌ മേല്‍ നടപടി ക്രമങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലഘട്ടത്തില്‍ വളരെ ഉത്തരവാദിത്തത്തോടെ ഖലീഫയുടെ മേല്‍നോട്ടത്തില്‍ സ്വഹാബിമാര്‍(റ) നിര്‍വഹിച്ചത്‌. അതുകൊണ്ട്‌ ഇന്നും ഖുര്‍ആന്‍ ഒരക്ഷരത്തിന്‌ വ്യത്യാസമില്ലാതെ അജയ്യമായി നിലനില്‌ക്കുന്നു.
ഖുര്‍ആന്‍ തവണകളായി അവതരിപ്പിച്ചതിലെ തത്വം
പ്രവാചകത്വ ലബ്‌ധിക്കു ശേഷം 23 കൊല്ലത്തിനിടയിലാണ്‌ ഖുര്‍ആന്‍ അവതരണം പൂര്‍ത്തിയായത്‌. ആവശ്യവും സന്ദര്‍ഭവുമനുസരിച്ചു ഒറ്റയായും അല്ലാതെയും ചിലപ്പോള്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായ നിലക്കുമാണ്‌ ഖുര്‍ആന്‍ അവതരിച്ചത്‌. സര്‍വതന്ത്ര സ്വതന്ത്രരായ അറബികള്‍ ഖുര്‍ആനുമായി ഇണങ്ങിച്ചേരാനും, സന്ദര്‍ഭങ്ങള്‍ക്കും സംഭവ വികാസങ്ങള്‍ക്കുമൊത്ത്‌ ഖുര്‍ആനിക നിയമനിര്‍ദേശങ്ങളിലൂടെ അറബികളെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാനും ഉല്‍ബുദ്ധരാക്കാനും വേണ്ടിയായിരുന്നു അത്‌. അങ്ങനെ അവരുടെ ദുഷിച്ച സ്വഭാവങ്ങളില്‍ നിന്നും അന്ധമായ ആചാരാനുഷ്‌ഠാനങ്ങളില്‍ നിന്നും അവരെ സംസ്‌കരിച്ചെടുക്കല്‍ പ്രയാസരഹിതമായിരിക്കാനും ഈ ശൈലി സഹായകമായി. നേരെ മറിച്ചു ഒറ്റ പ്രാവശ്യമായാണ്‌ ഖുര്‍ആന്‍ ഇറങ്ങിയതെങ്കില്‍, അതിലെ നിയമങ്ങള്‍ അവര്‍ക്ക്‌ വലിയ ഭാരമായി തോന്നാന്‍ സാധ്യതയുണ്ട്‌. തന്നിമിത്തം അതിലെ ശാസനകളും നിരോധനങ്ങളുമായി ഒറ്റയടിക്ക്‌ ഇണങ്ങിച്ചേരാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല. ഖുര്‍ആനിനെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരുന്ന മുശ്‌രിക്കുകള്‍ എന്തുകൊണ്ടീ ഖുര്‍ആന്‍ ഒറ്റ പ്രാവശ്യമായി ഇറക്കിയില്ല എന്ന അവരുടെ ചോദ്യത്തിന്‌ അല്ലാഹു മറുപടി പറയുന്നു:
``സത്യനിഷേധികള്‍ പറഞ്ഞു: ഇദ്ദേഹത്തിന്ന്‌ ഖുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാഞ്ഞത്‌ എന്താണ്‌? അത്‌ അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ്‌ വേണ്ടത്‌. അതുകൊണ്ട്‌ നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിറുത്താന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത്‌ പാരായണം ചെയ്‌ത്‌ കേള്‍പ്പിക്കുകയും ചെയ്‌തിരിക്കുന്നു.'' (25:32)

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: