ശബാബ് മുഖാമുഖം 2013_june_28

  • Posted by Sanveer Ittoli
  • at 9:56 PM -
  • 0 comments
ശബാബ് മുഖാമുഖം 2013_june_28

  • നിരീശ്വരവാദിയുമായുള്ള ദാമ്പത്യബന്ധം നിലനിര്‍ത്താമോ?

എന്റെ സുഹൃത്തിന്‌ വേണ്ടിയാണ്‌ ഇതെഴുതുന്നത്‌. എന്റെ സുഹൃത്തിന്റെ ഭര്‍ത്താവ്‌ ഒരു നിരീശ്വരവാദിയാണ്‌. വിവാഹത്തിന്‌ ശേഷമാണ്‌ ഇത്‌ മനസ്സിലാകുന്നത്‌. ഇസ്‌ലാമിനെ വളരെ ശക്തമായി (പരസ്യമായിട്ടല്ല) എതിര്‍ക്കുന്ന ആളാണ്‌. എന്നാല്‍ ഭാര്യയെ വളരെയധികം സ്‌നേഹിക്കുകയും ചെയ്യുന്നു. ലോകരക്ഷിതാവായ അല്ലാഹു ഹിദായത്ത്‌ കൊടുക്കട്ടെ എന്ന്‌ പ്രാര്‍ഥിച്ചുകൊണ്ട്‌, ആ പ്രതീക്ഷയില്‍ ആ ബന്ധം തുടരാന്‍ പറ്റുമോ? അല്ലെങ്കില്‍ വേര്‍പിരിയണമോ? `മുസ്‌ലിമി'ല്‍ നിന്ന്‌ ഉത്തമമായ മറുപടി പ്രതീക്ഷിക്കുന്നു.
എ കെ അബ്‌ദുല്‍ മജീദ്‌ കൊടുവള്ളി
ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനിലെ 60:10 സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്‌ ഇപ്രകാരമാണ്‌: ``ആ സ്‌ത്രീകള്‍ വിശ്വാസിനികളാണെന്ന്‌ നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക്‌ മടക്കി അയക്കരുത്‌. ആ സ്‌ത്രീകള്‍ അവര്‍ക്ക്‌ (സത്യനിഷേധികള്‍ക്ക്‌) അനുവദനീയമല്ല. അവര്‍ ആ സ്‌ത്രീകള്‍ക്കും അനുവദനീയമാവില്ല.'' ഒരു സത്യവിശ്വാസിനിക്ക്‌ ഒരു നിരീശ്വരവാദിയെ ഭര്‍ത്താവായി സ്വീകരിക്കാനോ, അറിയാതെ ആരംഭിച്ച ദാമ്പത്യബന്ധം തുടരാനോ പാടില്ലെന്നാണ്‌ ഈ ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

  • ഏതു കുഞ്ഞിനും മയ്യിത്ത്‌ നമസ്‌കരിച്ചുകൂടേ?

ഈയിടെ ഒരു സുഹൃത്തിന്റെ നാല്‌ മാസം പ്രായമായ കുട്ടി മരിച്ച വീട്ടില്‍ മയ്യത്ത്‌ എടുക്കുമ്പോള്‍ ഉണ്ടായിരുന്നു. സുഹൃത്ത്‌ മുസ്‌ലിമല്ലാത്തതിനാല്‍ മയ്യത്ത്‌ നമസ്‌കാരം നടത്തിയിട്ടില്ല. ഏതൊരു കുഞ്ഞും മുസ്‌ലിമായിക്കൊണ്ടാണല്ലോ ജനിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ മയ്യിത്ത്‌ നമസ്‌കാരം നമ്മുടെ മേല്‍ ബാധ്യതയല്ലേ?
റഫീഖ്‌ പൂതപ്പാറ
മയ്യിത്ത്‌ നമസ്‌കാരം മുസ്‌ലിം സമൂഹത്തില്‍ നിന്ന്‌ മരിച്ചവര്‍ക്കുവേണ്ടി ജീവിച്ചിരിക്കുന്ന മുസ്‌ലിംകള്‍ നിര്‍വഹിക്കുന്ന പ്രാര്‍ഥനയാണ്‌. അമുസ്‌ലിം സമൂഹത്തില്‍ നിന്ന്‌ മരിക്കുന്ന കുട്ടികളുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കാന്‍ അല്ലാഹുവോ റസൂലോ കല്‌പിച്ചിട്ടില്ല. റസൂലി(സ)ന്റെ കാലത്ത്‌ മക്കയിലും മദീനയിലുമുണ്ടായിരുന്നഅമുസ്‌ലിംകളുടെ അനേകം കുട്ടികള്‍ മരിച്ചിട്ടുണ്ടാകുമല്ലോ. എന്നാല്‍ അവരില്‍ ആരുടെയും പേരില്‍ അദ്ദേഹം മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. എല്ലാ കുട്ടികളും ജനിക്കുന്നത്‌ ശുദ്ധപ്രകൃതിയോടെയാണെങ്കിലും മുസ്‌ലിംകളുടെ മക്കളെ മാത്രമാണ്‌ മതാനുഷ്‌ഠാനങ്ങളുടെ വിഷയത്തില്‍ മുസ്‌ലിം കുട്ടികളായി പരിഗണിക്കുന്നത്‌.

  • ലാത്ത നല്ല മനുഷ്യനോ പെണ്‍മലക്കോ?

മക്കാ മുശ്‌രിക്കുകള്‍ ആരാധിച്ചിരുന്ന ലാത്ത, ഉസ്സാ, മനാത്ത എന്നിവ മൂന്ന്‌ പെണ്‍ മലക്കുകളായ ദേവികളായിരുന്നെന്നും അവയത്രയും അമാനി മൗലവിയും ചെറിയമുണ്ടവും പറഞ്ഞതുപോലെ പുണ്യവൃക്ഷമോ നല്ല മനുഷ്യനോ ആയിരുന്നില്ലെന്നും സമര്‍ഥിച്ചുകൊണ്ട്‌ 2013 ജൂണ്‍ ഒന്നിലെ സുന്നിവോയ്‌സ്‌ അവസാനിപ്പിക്കുന്നത്‌ ഇങ്ങനെ:
``മരണപ്പെട്ട ഒരു പുണ്യപുരുഷനോട്‌ ഇസ്‌തിഗാസ ചെയ്‌ത കാരണത്താലല്ല അവര്‍ മുശ്‌രിക്കുകളായത്‌; പുത്ര പുത്രിമാരുള്ള ഒരു സര്‍വേശ്വരനാണ്‌ അല്ലാഹു; ആ പുത്ര-പുത്രിമാര്‍ക്ക്‌ സ്വതന്ത്രാധികാരങ്ങളുണ്ട്‌; പുത്ര-പുത്രിമാരെന്ന നിലക്ക്‌ അവര്‍ക്ക്‌ ആരാധനക്കര്‍ഹതയുണ്ട്‌. എന്നിങ്ങനെയുള്ള വിശ്വാസമാണ്‌ അവരെ മുശ്‌രിക്കുകളാക്കിയത്‌. മറ്റു പ്രചാരങ്ങള്‍ ദുരുപദിഷ്‌ഠിതമാണ്‌; അപ്രമാണികമാണ്‌.''
മുസ്‌ലിം എങ്ങനെ പ്രതികരിക്കുന്നു?
ടി കെ അബ്‌ദുന്നാസര്‍ കല്‌പറ്റ
ലാത്തയെയും ഉസ്സയെയും സംബന്ധിച്ച്‌ അമാനിയും ചെറിയമുണ്ടവും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടില്ല. ലാത്ത ഹാജിമാര്‍ക്ക്‌ പായസമുണ്ടാക്കിക്കൊടുക്കുന്ന ഒരാളായിരുന്നു എന്ന്‌ സ്വഹാബികളിലെ ഏറ്റവും പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതായ ഇബ്‌നുഅബ്ബാസ്‌(റ) പറഞ്ഞതായി സഹീഹുല്‍ ബുഖാരി (ഹദീസ്‌ നമ്പര്‍ 4859) യിലാണ്‌രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇബ്‌നു അബ്ബാസും(റ) ഇമാം ബുഖാരിയും(റ)യും ദുഷ്‌പ്രചാരണങ്ങള്‍ നടത്തിയ അപ്രമാണികരായിരുന്നുവെന്ന്‌ സമസ്‌തക്കാര്‍ എന്നാണ്‌ കണ്ടുപിടിച്ചത്‌? ഇബ്‌നു അബ്ബാസി(റ)നെക്കാള്‍ പ്രാമാണികരായ ആരെങ്കിലും ലാത്ത പെണ്‍മലക്കാണെന്ന്‌ സമര്‍ഥിച്ചിട്ടുണ്ടെങ്കില്‍ അത്‌ മുസ്‌ല്യാന്മാര്‍ ഉദ്ധരിക്കട്ടെ.
ഉസ്സാ അറബികള്‍ വണങ്ങിയിരുന്ന ഒരു പുണ്യവൃക്ഷമായിരുന്നുവെന്ന്‌ പൂര്‍വികരായ ചില മുഫസ്സിറുകളാണ്‌ ആദ്യമായി ചൂണ്ടിക്കാണിച്ചത്‌. ലാത്തും ഉസ്സയും പിന്നീട്‌ വിഗ്രഹവത്‌കരിക്കപ്പെട്ടു എന്ന വസ്‌തുതയെ ആരും നിഷേധിച്ചിട്ടില്ല. ഒരു പ്രവാചകനെയോ പുണ്യപുരുഷനെയോ അദ്ദേഹത്തിന്റെ വിഗ്രഹം പ്രതിഷ്‌ഠിച്ചുകൊണ്ട്‌ ആരാധിച്ചാലും വിഗ്രഹമുണ്ടാക്കാതെ ആരാധിച്ചാലും ശിര്‍ക്ക്‌ തന്നെയാണ്‌. അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കുന്നത്‌ അവര്‍ക്കുള്ള ഇബാദത്ത്‌ (ശിര്‍ക്ക്‌) ആകുമെന്ന്‌ അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
``പറയൂ: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെക്കുറിച്ച്‌ നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ്‌ സൃഷ്‌ടിച്ചിട്ടുള്ളതെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്‌ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇതിന്‌ മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ അറിവിന്റെ വല്ല അംശമോ നിങ്ങള്‍ എനിക്ക്‌ കൊണ്ടുവന്നു തരൂ. അല്ലാഹുവിന്‌ പുറമെ, ഉയിര്‍ത്തെഴുന്നേല്‌പ്‌ നാള്‍ വരെയും തനിക്ക്‌ ഉത്തരം നല്‌കാത്തവരെ വിളിച്ചുതേടുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെക്കുറിച്ച്‌ ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.'' (വി. ഖു 46:4-6)
ആകാശങ്ങളും ഭൂമിയും അവയിലുള്ളതും സൃഷ്‌ടിച്ച അല്ലാഹുവല്ലാത്ത ആരെയും വിളിച്ചു പ്രാര്‍ഥിക്കാന്‍ പാടില്ലെന്ന്‌ 46:4 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. അല്ലാഹുവിന്ന്‌ പുറമെ ആരെയെങ്കിലും വിളിച്ചു പ്രാര്‍ഥിക്കാന്‍ ഖുര്‍ആനിലോ പൂര്‍വവേദങ്ങളിലോ നിര്‍ദേശിച്ചിട്ടില്ലെന്ന്‌ വ്യക്തമാകുന്നു. അല്ലാഹുവിന്‌ പുറമെയുള്ളവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഏറ്റവും വഴിതെറ്റിയവരാണെന്നും, പ്രാര്‍ഥിക്കപ്പെടുന്നവരാരും അവര്‍ക്ക്‌ ഉത്തരം നല്‌കുകയില്ലെന്നും 46:5 സൂക്തത്തില്‍ നിന്ന്‌ തെളിയുന്നു. പ്രാര്‍ഥിക്കപ്പെടുന്നവര്‍ പരലോകത്ത്‌ എത്തുമ്പോള്‍ പ്രാര്‍ഥിക്കുന്നവരുടെ ശത്രുക്കളായി മാറുമെന്നും, ആ പ്രാര്‍ഥനയെ ഇബാദത്ത്‌ (ആരാധന) എന്ന നിലയിലാണ്‌ അല്ലാഹു ഗണിക്കുന്നതെന്നും 46:6 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. ഇലാഹുകളായി കണക്കാക്കാതെയും പ്രതിമ പ്രതിഷ്‌ഠിക്കാതെയും പ്രാര്‍ഥിച്ചാലും അത്‌ ബഹുദൈവാരാധനയുടെ വകുപ്പില്‍ ഉള്‍പ്പെടുമെന്നാണ്‌ ഈ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.
35:14 സൂക്തത്തില്‍ നിന്ന്‌ ഈ കാര്യം കൂടുതല്‍ വ്യക്തമാകുന്നു. മുഹ്‌യിദ്ദീന്‍ ശൈഖിനെപ്പോലുള്ളവര്‍ക്ക്‌ മനുഷ്യരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്വതന്ത്രമായ അധികാരമുണ്ടെന്നാണ്‌ വിശ്വസിക്കുന്നതെങ്കില്‍ അത്‌ തനി ബഹുദൈവ വിശ്വാസം തന്നെയാണ്‌. അവര്‍ക്ക്‌ സ്വതന്ത്രമായ അധികാരമില്ലെന്നാണ്‌ വിശ്വാസമെങ്കില്‍ അവരോട്‌ പ്രാര്‍ഥിക്കുന്നത്‌ ബുദ്ധിശൂന്യതയാണ്‌. സ്വതന്ത്രമായ അധികാരമുള്ള അല്ലാഹുവോട്‌ പ്രാര്‍ഥിച്ചാലല്ലേ ആഗ്രഹ സാഫല്യം ഉറപ്പാക്കാന്‍ കഴിയുക?

  • വസ്‌ത്രധാരണം കൊണ്ടു മാത്രം അതിക്രമങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാനാകുമോ?

അടുത്ത ബന്ധുക്കളുടെ മുമ്പില്‍ സ്‌ത്രീകള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മുഴുവനായും മറച്ചുകൊണ്ടുള്ള വസ്‌ത്രങ്ങള്‍ ധരിക്കേണ്ടതില്ലെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. എന്നാല്‍ ഇത്തരമാളുകളില്‍ നിന്ന്‌ ലൈംഗികാതിക്രമങ്ങള്‍ ഉണ്ടാകുന്നത്‌ നിത്യസംഭവമായിരിക്കുന്നു. ഈ വസ്‌ത്രനിയമങ്ങളൊന്നും ബാധകമല്ലാത്ത പിഞ്ചുകുട്ടികള്‍ പോലും ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഒരു മാറ്റം അനിവാര്യമായിട്ടില്ലേ?
സി മുബശ്ശിര്‍ തിരുവനന്തപുരം
വസ്‌ത്രധാരണം കൊണ്ട്‌ മാത്രം സ്‌ത്രീകള്‍ അതിക്രമങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുമെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. 33:59 സൂക്തത്തിലാണ്‌ ഇത്‌ സംബന്ധമായ പരാമര്‍ശമുള്ളത്‌. അതിന്റെ പരിഭാഷ ഇപ്രകാരമാകുന്നു: ``നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ ഭാര്യമാരോടും, അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാന്‍ പറയണം. അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.''
ശരീരസൗന്ദര്യം വെളിപ്പെടുത്താത്ത വസ്‌ത്രധാരണം സ്‌ത്രീകള്‍ ശല്യം ചെയ്യപ്പെടാതിരിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ്‌ എന്ന്‌ പറഞ്ഞതിന്‌ അകത്തും പുറത്തുമുള്ള എല്ലാ ശല്യക്കാരെയും വസ്‌ത്രധാരണം കൊണ്ട്‌ മാത്രം പ്രതിരോധിക്കാന്‍ കഴിയുമെന്നര്‍ഥമില്ല.
ഇസ്‌ലാമിക ആദര്‍ശം മനസ്സില്‍ രൂഢമൂലമായിട്ടുള്ള കുടുംബങ്ങളില്‍ രക്തബന്ധമുള്ളവര്‍ സ്‌ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി കയ്യേറ്റം ചെയ്യുന്ന സാഹചര്യമുണ്ടാവില്ല. ആദര്‍ശം ഉള്ളില്‍ കടക്കാത്തതുകൊണ്ടാണ്‌ രക്തബന്ധം മാനിക്കാത്ത പെരുമാറ്റമുണ്ടാകുന്നത്‌. മാധ്യമങ്ങളും പരസ്യങ്ങളും കൂടി മനുഷ്യരെ മൃഗമായി അധപ്പതിപ്പിച്ചതാണ്‌ ഇന്നത്തെ ദുരവസ്ഥയ്‌ക്ക്‌ കാരണം. നൂറു കണക്കില്‍ ചാനലുകള്‍ ലൈംഗിക അരാജകത്വം വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ മതപണ്ഡിന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറെ പരിമിതിയുണ്ടാവുക സ്വാഭാവികമാണ്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: