എന്‍ട്രന്‍സ് പരീക്ഷകളില്‍ പുറന്തള്ളപ്പെടുന്നവര്‍
പഞ്ചായത്താപ്പീസില്‍ തൂപ്പുകാരി ആയി ദീര്‍ഘകാലം ജോലിയെടുത്ത ഒരു മുസ്‌ലിം സ്‌ത്രീ അവിടെത്തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ഈയിടെ പത്രങ്ങളുടെ തലക്കെട്ടുകളില്‍ വന്നു. ഈ കഥയിലെ നായിക സൈനബ, നേരുപറഞ്ഞാല്‍ ഒരു പ്രതീകമാണ്. മുസ്‌ലിം സ്‌ത്രീ പൊതുമണ്ഡലത്തില്‍ സ്ഥാനമുറപ്പിക്കുന്നതിന്റെ പ്രതീകം. സൈനബയെപ്പോലെ ഒരാള്‍ ഭരണസംവിധാനത്തിന്റെ മര്‍മസ്ഥാനത്തെത്തുന്നതില്‍ വനിതാ സംവരണവും രാഷ്‌ട്രീയരംഗത്ത് മതിയായ തോതില്‍ സ്‌ത്രീ പ്രാതിനിധ്യമില്ലാത്തതുമൊക്കെ കാരണമായിട്ടുണ്ടാവാം. മുപ്പത്തി മൂന്ന് ശതമാനം തികയ്‌ക്കണമല്ലോ. ആളെയൊട്ടു കിട്ടാനുമില്ല. അതിനാല്‍ നില്‌ക്കക്കള്ളിയില്ലാതെ കിട്ടിയ ആളുകളെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് തള്ളിവിടുകയാണ് പല രാഷ്‌ട്രീയ കക്ഷികളുംചെയ്യുന്നത്. പലേടത്തും ബാക്ക് സീറ്റ് ഡ്രൈവിംഗ് ആണ് നടക്കുന്നത് എന്ന കാര്യവും നിഷേധിക്കുന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പിച്ചുപറയണം. സൈനബമാര്‍ വരുംകാലത്ത് പൊതുജീവിതത്തില്‍ തങ്ങളുടെ സ്ഥാനം സുനിശ്ചിതമായി അടയാളപ്പെടുത്തുക തന്നെ ചെയ്യും. തീര്‍ച്ചയായും കേരളത്തിലെ മുസ്‌ലിം സ്‌ത്രീമുന്നേറ്റത്തില്‍ സൈനബയുടെ സ്ഥാനാരോഹണത്തിന് അതിന്റേതായ സ്ഥാനമുണ്ട്; മുമ്പും ധാരാളം മുസ്‌ലിംസ്‌ത്രീകള്‍ അധികാരശ്രേണിയുടെ പല പടികളിലുമെത്തിയിട്ടുണ്ടെങ്കിലും തികച്ചും അടിസ്ഥാന തലത്തില്‍ നിന്ന്, അതേസംവിധാനത്തിന്റെ അത്യുന്നതത്തിലേക്ക് ഒരു മുസ്‌ലിംസ്‌ത്രീ നടന്നുകയറുന്നു എന്ന അര്‍ഥത്തില്‍ ഈ സ്ഥാനാരോഹണം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
എ പി കുഞ്ഞാമു
പഞ്ചായത്താപ്പീസില്‍ തൂപ്പുകാരി ആയി ദീര്‍ഘകാലം ജോലിയെടുത്ത ഒരു മുസ്‌ലിം സ്‌ത്രീ അവിടെത്തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ഈയിടെ പത്രങ്ങളുടെ തലക്കെട്ടുകളില്‍ വന്നു. ഈ കഥയിലെ നായിക സൈനബ, നേരുപറഞ്ഞാല്‍ ഒരു പ്രതീകമാണ്. മുസ്‌ലിം സ്‌ത്രീ പൊതുമണ്ഡലത്തില്‍ സ്ഥാനമുറപ്പിക്കുന്നതിന്റെ പ്രതീകം. സൈനബയെപ്പോലെ ഒരാള്‍ ഭരണസംവിധാനത്തിന്റെ മര്‍മസ്ഥാനത്തെത്തുന്നതില്‍ വനിതാ സംവരണവും രാഷ്‌ട്രീയരംഗത്ത് മതിയായ തോതില്‍ സ്‌ത്രീ പ്രാതിനിധ്യമില്ലാത്തതുമൊക്കെ കാരണമായിട്ടുണ്ടാവാം. മുപ്പത്തി മൂന്ന് ശതമാനം തികയ്‌ക്കണമല്ലോ. ആളെയൊട്ടു കിട്ടാനുമില്ല. അതിനാല്‍ നില്‌ക്കക്കള്ളിയില്ലാതെ കിട്ടിയ ആളുകളെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് തള്ളിവിടുകയാണ് പല രാഷ്‌ട്രീയ കക്ഷികളുംചെയ്യുന്നത്. പലേടത്തും ബാക്ക് സീറ്റ് ഡ്രൈവിംഗ് ആണ് നടക്കുന്നത് എന്ന കാര്യവും നിഷേധിക്കുന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പിച്ചുപറയണം. സൈനബമാര്‍ വരുംകാലത്ത് പൊതുജീവിതത്തില്‍ തങ്ങളുടെ സ്ഥാനം സുനിശ്ചിതമായി അടയാളപ്പെടുത്തുക തന്നെ ചെയ്യും. തീര്‍ച്ചയായും കേരളത്തിലെ മുസ്‌ലിം സ്‌ത്രീമുന്നേറ്റത്തില്‍ സൈനബയുടെ സ്ഥാനാരോഹണത്തിന് അതിന്റേതായ സ്ഥാനമുണ്ട്; മുമ്പും ധാരാളം മുസ്‌ലിംസ്‌ത്രീകള്‍ അധികാരശ്രേണിയുടെ പല പടികളിലുമെത്തിയിട്ടുണ്ടെങ്കിലും തികച്ചും അടിസ്ഥാന തലത്തില്‍ നിന്ന്, അതേസംവിധാനത്തിന്റെ അത്യുന്നതത്തിലേക്ക് ഒരു മുസ്‌ലിംസ്‌ത്രീ നടന്നുകയറുന്നു എന്ന അര്‍ഥത്തില്‍ ഈ സ്ഥാനാരോഹണം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
ഈ അവസ്ഥയെ നാം പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സ്‌ത്രീ ദൈന്യതകളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തണം. പേറ്റുയന്ത്രം മാത്രമായി മുസ്‌ലിംസ്‌ത്രീ കരുതപ്പെട്ട കാലമുണ്ടായിരുന്നു. സ്‌ത്രീ വിദ്യാഭ്യാസം നിഷിദ്ധമാണെന്നായിരുന്നു സാമാന്യേന നമ്മുടെ നാട്ടിലെഇസ്‌ലാമിക പണ്ഡിതരുടെ നിലപാട്. മതപരമായ വിഷയങ്ങളായാല്‍ പോലും സ്‌ത്രീ പഠിക്കേണ്ടതില്ല എന്നും പഠിക്കുന്നത് വെറുക്കപ്പെട്ട കര്‍മമാണെന്നുമായിരുന്നു ഫത്‌വ. ഇതര വിജ്ഞാനീയങ്ങളുടെ കഥ പറയാനില്ല. 1930 മാര്‍ച്ച് 16-നു ചേര്‍ന്ന സമസ്‌തയുടെ മണ്ണാര്‍ക്കാട് സമ്മേളനം `സ്‌ത്രീകള്‍ക്ക് കയ്യെഴുത്തു പഠിപ്പിക്കല്‍ പ്രത്യേകം പാടില്ലാത്തതാണ്' എന്ന പ്രമേയം പാസാക്കി.
പൊതുവിദ്യാഭ്യാസത്തോടുള്ള പുറംതിരിഞ്ഞുനില്‌ക്കല്‍ മാത്രമല്ല, പൊതുമണ്ഡലത്തില്‍ നിന്ന് സ്‌ത്രീയെ പിറകോട്ട് വലിക്കുന്ന സ്ഥിതികൂടി ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസത്തോടുള്ള ഈ എതിര്‍പ്പിന് ഇന്ന് കൊളോണിയല്‍ വിരുദ്ധ സമീപനത്തിന്റെ പരിവേഷം നല്‍കുന്നുണ്ടെങ്കിലും, യാഥാസ്ഥിതികത്വം തന്നെയാണ് ഈ നിലപാടിന് കൂടുതലും പ്രേരകം. വിദ്യാഭ്യാസം വിലക്കപ്പെടുന്നതിലൂടെ പൊതുജീവിതമാണ് പ്രാഥമികമായി സ്‌ത്രീക്ക് നിഷേധിക്കപ്പെടുന്നത്. എന്നാല്‍ ചരിത്രത്തിന്റെ വഴികളിലൂടെ മുസ്‌ലിംസ്‌ത്രീ ഒരുപാട് യാത്രചെയ്‌തു. പുരുഷ കേന്ദ്രീകൃതമായ ലോകത്ത്, ഒരേസമയം നൈസര്‍ഗികവും തന്റെ മേല്‍ അടിച്ചേല്‌പിക്കപ്പെട്ടതുമായ എല്ലാ പരിമിതികളെയും അതിലംഘിച്ച് മുന്നേറിയതിന്റെ ചരിത്രമാണ് കേരളത്തിലെ മുസ്‌ലിം സ്‌ത്രീകള്‍ക്ക് ഉള്ളത്. സൈനബ ഈ ചരിത്രത്തിലെ ഒരു കണ്ണി.
സ്‌ത്രീ മുന്നേറ്റത്തിന്റെ രൂപമാതൃകകള്‍
ഇതേപോലെ എടുത്തുപറയേണ്ട വേറെയും മുസ്‌ലിം സ്‌ത്രീകളുണ്ട്. കുറച്ചുകാലം മുമ്പ് നിര്യാതയായ ചേലക്കോടന്‍ ആയിശ. നിരക്ഷരയായിരുന്നു അവര്‍. എന്നാല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ അക്ഷരാഭ്യാസം നേടുകയും തുടര്‍വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി പരീക്ഷകളെഴുതി ജയിക്കുകയും തുടര്‍ന്ന് കമ്പ്യൂട്ടര്‍ പരിശീലനം നേടുകയും ചെയ്‌തു. കേരളത്തിലെ സാക്ഷരതാ പ്രവര്‍ത്തകര്‍, ഉയര്‍ത്തിപ്പിടിച്ച മാതൃകാരൂപമാണ് ആയിശയുടേത്. അംഗവൈകല്യം ഏല്‌പിച്ച എല്ലാ പരാധീനതകള്‍ക്കുമിടയിലും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ കെ വി റാബിയയാണ് മറ്റൊരാള്‍. സ്വന്തം പരിമിതകളെ ഇവരെല്ലാവരും സാധ്യതകളാക്കി മാറ്റി. കാറ്റിനെ ഭേദിച്ച് പറക്കുമ്പോഴാണല്ലോ, പരുന്തുകള്‍ കൂടുതല്‍ ഉയരത്തെത്തുന്നത്. പ്രതികൂലാവസ്ഥയെ തരണം ചെയ്‌താണ് ഇവര്‍ ഉന്നതങ്ങള്‍ പ്രാപിച്ചത്.
എന്നാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും പൊതുവായി ചില പ്രത്യേകതകള്‍ കാണാനാവും. പ്രധാനമായി ഇവരാരും സമൂഹത്തിലെ വരേണ്യവര്‍ഗത്തിന്റെ പ്രതിനിധികളല്ല, നഗരങ്ങളിലെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോന്നവരല്ല. ഒട്ടുമുക്കാലും പട്ടിണിക്കാര്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍, ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടവര്‍; ഇവരുടെ ജീവിതത്തിലെ സമാനതകള്‍ വിലയിരുത്തുമ്പോള്‍ മാത്രമേ അവര്‍ ഭേദിച്ച കാറ്റ് എത്രമാത്രം ശക്തമാണ് എന്ന് വ്യക്തമാവുകയുള്ളൂ. അടിസ്ഥാന വര്‍ഗത്തിലാണ് കേരളത്തിലെ മുസ്‌ലിം മുന്നേറ്റത്തിന്റെ സ്വാധീനം കൂടുതലും ഉണ്ടായത് എന്ന വസ്‌തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. വിശേഷിച്ചും സ്‌ത്രീകള്‍ക്കിടയില്‍. സ്‌ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകം പ്രകടമാണ്. സര്‍ക്കാര്‍ തലത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നവോത്ഥാന-മതപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ മുന്‍കൈകളുമാണ് മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ സൃഷ്‌ടിച്ചത്.
ആഭിജാത വിഭാഗത്തില്‍ നിന്ന് പഠിച്ചുയര്‍ന്നവര്‍ ആദ്യം കുറച്ചൊക്കെ ഉണ്ടായെങ്കിലും, പിന്നീട് മുസ്‌ലിം സമുദായത്തിലുണ്ടായ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഗുണഭോക്താക്കള്‍ഇടത്തരക്കാരും അവരേക്കാള്‍ താഴ്‌ന്ന പടിയിലുള്ളവരുമായി മാറി കൂടുതലും. സ്‌ത്രീകളുടെ കാര്യത്തില്‍ വിശേഷിച്ചും. മലബാറിലെ മിക്ക മുസ്‌ലിം പിന്നോക്ക പ്രദേശങ്ങളിലും വിദ്യാഭ്യാസരംഗത്ത് മുന്നോട്ടുപോയത്, സാമ്പത്തികമായി പിന്നോക്കം നില്‌ക്കുന്നവരാണ്. സമ്പന്നര്‍ താരതമ്യേന ആചാരനിഷ്‌ഠമായ സാമുദായിക സാമൂഹ്യക്രമങ്ങളില്‍ ഉറച്ചുനില്‌ക്കുകയും അതിന്റെ സുഖാനുഭൂതികള്‍ നുണഞ്ഞ് കഴിഞ്ഞുകൂടുകയും ചെയ്‌തു. പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ കെട്ടിച്ചയച്ചു. സല്‍ക്കാരങ്ങളും വിരുന്നുകളുംകൊണ്ട് ജീവിതം ആസ്വാദ്യകരമാക്കി. ഇന്നും താരതമ്യേന സമ്പന്നത നിറഞ്ഞുനില്‌ക്കുന്ന കണ്ണൂര്‍, കോഴിക്കോട്, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ മുസ്‌ലിം സ്‌ത്രീ വിദ്യാഭ്യാസത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ മലപ്പുറം ജില്ലയിലെ പിന്നോക്ക കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളോട് താരതമ്യപ്പെടുത്തിയാല്‍ ശക്തമായ കാറ്റിനെ ഭേദിക്കാനുള്ള ആത്മധൈര്യം എത്രമാത്രം നേടി അവര്‍ എന്ന് ബോധ്യപ്പെടും. സൈനബയും ആയിശയും റാബിയയും പ്രതിനിധാനം ചെയ്യുന്ന ഉത്‌ക്കര്‍ഷേച്ഛയുടെ മറ്റൊരു മുഖമാണ് അത് എന്ന് തീര്‍ച്ച. പൊതുമണ്ഡലങ്ങള്‍ കീഴടക്കുന്നതിന് മുസ്‌ലിം സ്‌ത്രീകള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന ഉത്സാഹം എല്ലാ മണ്ഡലങ്ങളിലും പ്രകടമാണ്; പൊതുജീവിതം അവരുടേതു കൂടി ആയിത്തീരുകയാണ്. യുവജനോത്സവങ്ങളിലെ സര്‍ഗശേഷിയളക്കുന്നതിനുള്ള മത്സരങ്ങളില്‍ പോലും, മിക്കപ്പോഴും മുസ്‌ലിം പെണ്‍കുട്ടികളാണ് താരങ്ങള്‍.
തിരിച്ചൊഴുക്കിന്റെ സൂചനകള്‍
മുസ്‌ലിം വിദ്യാഭ്യാസരംഗത്തുള്ള ഉണര്‍വിന് സര്‍ക്കാര്‍ തലത്തിലുള്ള പദ്ധതികള്‍ വലിയൊരളവോളം കാരണമായിരുന്നു. ഗള്‍ഫ് പണം, രാഷ്‌ട്രീയ പിന്‍ബലം, സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, പിന്നോക്കക്കാരായതിന്റെ പേരില്‍ അടിച്ചേല്‌പിക്കപ്പെട്ട അസ്‌പൃശ്യതയെ എതിര്‍ത്തുതോല്‌പിക്കാനുള്ള വാശി തുടങ്ങിയ നിരവധി കാരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. സിജി പോലെയുള്ള സംഘടനകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം പിന്തുണയായി. ഈ ഘടകങ്ങള്‍ ഒത്തുചേര്‍ന്നതിന്റെ ഫലമായി സംഭവിച്ച മാറ്റങ്ങളാണ് ഇന്ന് മുസ്‌ലിം വിദ്യാഭ്യാസരംഗത്ത് കാണാനുള്ളത്. സ്‌ത്രീ-പുരുഷ ഭേദമന്യെ വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിംകള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് എസ് എസ് എല്‍ സി പരീക്ഷയില്‍ പൂജ്യം ശതമാനം വിജയവുമായി തലകുനിച്ചുനിന്ന മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പലതും ഇന്ന് നൂറുശതമാനത്തിന്റെ തിളക്കത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‌ക്കുന്നു. വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം സമുദായം കൈവരിക്കുന്ന പുരോഗതി, മൊത്തം പൊതുമണ്ഡലത്തിന്റെ പുരോഗതിയിലാണ് ഫലത്തില്‍ എത്തിച്ചേരുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുമൂലം കൈവരിക്കുന്ന ആധുനികതാബോധം സ്വന്തം പാരമ്പര്യങ്ങളെയും താന്‍ ജീവിക്കുന്ന മണ്ണിനെയും നിരാകരിക്കുന്ന അവസ്ഥയിലേക്ക് അവരെ നയിക്കുമോ എന്നതെല്ലാം വിശദമായാലോചിക്കേണ്ട വിഷയങ്ങളാണ്. മാത്രവുമല്ല, അത് മുസ്‌ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നവുമല്ല.
ഇക്കൊല്ലം മെഡിക്കല്‍-എന്‍ജിനീയറിംഗ് പരീക്ഷകളില്‍ ഗണ്യമായ തോതില്‍ മുസ്‌ലിംകുട്ടികള്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയിട്ടുണ്ട്. കുറച്ചു കൊല്ലങ്ങളായി ഇതാണ് സ്ഥിതി. കേരളത്തിലെ ഏത് സര്‍ക്കാര്‍ മെഡിക്കല്‍- എന്‍ജിനീയറിംഗ് കോളെജില്‍ പോയി നോക്കിയാലും വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗം മുസ്‌ലിംകളാണെന്ന് കാണാം. (മെറിറ്റില്‍ പ്രവേശനം ലഭിച്ചവരാണവര്‍.) സ്വാശ്രയകോളെജുകളിലും ഏതാണ്ട് അങ്ങനെ തന്നെ. എന്നാല്‍ ഈ കുട്ടികളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നതായി അറിവില്ല; കിട്ടിയേടത്തോളം അറിവുകള്‍വെച്ചു നോക്കിയാല്‍ സമുദായത്തിലെ താരതമ്യേന ഉയര്‍ന്ന വിഭാഗത്തില്‍പെട്ട കുട്ടികളാണ് ഇവര്‍ എന്നു കാണാം. ഉദാഹരണത്തിന് ഇക്കൊല്ലം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുകിട്ടിയവരുടെ കൂട്ടത്തില്‍ പെട്ട മുസ്‌ലിം കുട്ടികളുടെ കാര്യമെടുക്കാം. മിക്കവാറും പേര്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പിന്നോക്ക പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ ജില്ലതിരിച്ചുള്ള റാങ്കുപട്ടികയില്‍ അവര്‍ കോട്ടയം, തൃശൂര്‍ തുടങ്ങിയ ജില്ലകളെ പ്രതിനിധീകരിക്കുന്നു. അതിന്റെ കാരണം വളരെ വ്യക്തം -പാലായിലും തൃശൂരിലുമുള്ള പ്രശസ്‌തമായ കോച്ചിംഗ് സെന്ററുകളില്‍ എന്‍ട്രന്‍സ് പരിശീലനം നേടിയ മിടുക്കന്മാരും മിടുക്കികളുമാണ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുനേടിയത്. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ ഉയര്‍ന്ന ഫീസ് നല്‍കി, പ്രശസ്‌തമായ പഠനകേന്ദ്രങ്ങളില്‍ പഠിക്കാന്‍ `പാണ്ടു'ള്ളവര്‍ മാത്രമേ ഉന്നതവിജയം നേടിയിട്ടുള്ളൂ.
എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രങ്ങളുടെ പരസ്യങ്ങളിലെ ചിത്രങ്ങള്‍ മാത്രം നോക്കിയാല്‍ മതി, ഭാവിയിലെ ഡോക്‌ടര്‍മാരേയും എന്‍ജിനീയര്‍മാരെയും വാര്‍ത്തെടുക്കുന്നതില്‍ `സാമ്പത്തികശേഷി' എത്ര വലിയ പങ്കുവഹിക്കുന്നു എന്ന് മനസ്സിലാവാന്‍. സാമൂഹ്യമായ ഉന്നതിയും ഈ നേട്ടത്തിനു പിന്നില്‍ ഒരു ഘടകമാണ്. കേരളത്തിലെ മെഡിക്കല്‍ എന്‍ജിനീയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍ ഒട്ടുമുക്കാല്‍ പേരും കനത്ത ഫീസ് വാങ്ങി പരിശീലനം നല്‌കുന്ന കോച്ചിംഗ് സെന്ററുകളില്‍ നിന്നുള്ളവരാണ്. അവരില്‍ തന്നെ കൂടുതലും റിപ്പീറ്റര്‍മാര്‍. ആവര്‍ത്തിച്ചു പരിശീലിച്ച് കരസ്ഥമാക്കുന്ന തന്ത്രങ്ങള്‍ വഴിയാണ് ഇത്തരം കേന്ദ്രങ്ങള്‍ വിജയം ഉറപ്പിക്കുന്നത്. ബുദ്ധിശക്തിയും അഭിരുചിയും പലപ്പോഴും `തോറ്റുപോകുന്നു'. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ യഥാര്‍ഥത്തില്‍ പുറന്തള്ളുന്നത് സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെയാണ്. തൃശൂരിലെ പ്രശസ്‌തമായ ഒരു പരിശീലനകേന്ദ്രം നടത്തുന്ന പ്രഫ. പി സി തോമസ് ഈ നിഗമനത്തെ ശരിവെക്കുന്ന ഒരു ലേഖനമെഴുതുകയുണ്ടായി ഈയിടെ. മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഇതെങ്കിലും സാമുദായിക പുരോഗതിയെക്കുറിച്ച് പഠിക്കുമ്പോള്‍ മുസ്‌ലിം സമൂഹത്തിന് ഇക്കാര്യം അവഗണിച്ചുതള്ളാനാവുകയില്ല.
നേരത്തെ മുസ്‌ലിം സമൂഹത്തില്‍, പിന്നോക്കക്കാര്‍ക്കു കൈവന്ന വിദ്യാഭ്യാസ പുരോഗതിയുടെ ആനുകൂല്യങ്ങള്‍, പുതിയ കാലാവസ്ഥയില്‍ അവരില്‍ നിന്നു കവര്‍ന്നെടുക്കപ്പെടുകയാണോ എന്ന് സംശയിക്കാന്‍ ഇത് കാരണമാകുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ട്രന്‍സ് പരീക്ഷാ സമ്പ്രദായം പുനപ്പരിശോധനയ്‌ക്ക് വിധേയമാക്കപ്പെടണം എന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുള്ളത്. വലിയ പണം മുടക്കോടെ പരിശീലനം നേടുന്നവര്‍ മെറിറ്റു സീറ്റുകളിലും, എല്ലാ മെറിറ്റുകളെയും തോല്‌പിക്കുന്ന മട്ടില്‍ പണമുള്ളവരുടെ കുട്ടികള്‍ സ്വാശ്രയ സീറ്റുകളിലും പ്രവേശനം നേടുന്നതോടെ, കേരളത്തിലെ മെഡിക്കല്‍-എന്‍ജിനീയറിംഗ് വിദ്യാഭ്യാസം, കുറേശ്ശെക്കുറേശ്ശെയായി വരേണ്യവര്‍ഗത്തിന്റെ കൈകളിലേക്കെത്തുകയാണ്. എന്‍ജിനീയറിംഗ് കോളെജുകളിലെ ഡ്രോപ് ഔട്ടുകളില്‍ കൂടുതലും താരതമ്യേന താഴേ തട്ടിലുള്ള റാങ്കുവാങ്ങി, നിലവാരമില്ലാത്ത സ്ഥാപനങ്ങളില്‍ ചേരേണ്ടി വരുന്നവരാണത്രേ. വിശദമായ പഠനങ്ങള്‍, പ്രവേശനപരീക്ഷാ സമ്പ്രദായം എപ്രകാരമാണ് അടിസ്ഥാനവര്‍ഗത്തെ ബാധിച്ചത് എന്ന് വ്യക്തമാക്കും. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം ഒരു `ഡിവൈസ്' പ്രകടമാണ്. മികച്ച പരിശീലനത്തിന് പാണ്ടില്ലാത്തവര്‍ പുറന്തള്ളപ്പെടുകയുമാണ്.
പൊതുരംഗത്തും സൂചനകള്‍
ഇതില്‍ ദു:ഖകരമായ ഒരു തിരിച്ചിടലുണ്ട്. മുസ്‌ലിംകള്‍ പൊതുജീവിതത്തില്‍ ഉയര്‍ന്നത് പിന്നോക്കക്കാര്‍ തങ്ങളെ തളച്ചിട്ട അതിരുകള്‍ തകര്‍ത്ത് മുന്നോട്ട് പോയതിലൂടെയാണ്. വിദ്യാഭ്യാസം, ഈ യത്‌നത്തില്‍ അവരെ തുണച്ചു; ഈ അവസ്ഥ ഇല്ലാതാവുകയാണോ? മറ്റു ജീവിതമണ്ഡലങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണെന്ന് തോന്നുന്നു. സ്വീപ്പര്‍ സൈനബയും ചേലക്കോടന്‍ ആയിശയും മറ്റും പ്രതിനിധാനം ചെയ്‌തത് പിന്നാക്കക്കാരെയാണ്; എത്രകാലം സൈനബമാര്‍ക്ക് ഇത് സാധിക്കും? ഒരുപക്ഷേ, രാഷ്‌ട്രീയരംഗത്തും അടിസ്ഥാന വര്‍ഗത്തെ പുറന്തള്ളുന്ന അവസ്ഥ സംജാതമായിക്കൂടെന്നില്ല. ഇന്ന് ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്ന രാഷ്‌ട്രീയ സംസ്‌കാരം അതിന്റെ സൂചനകളാണ് നല്‍കുന്നത്. കുടുംബവാഴ്‌ച അതിന്റെ എല്ലാ വൈകൃതങ്ങളോടെയും നിലനില്‌ക്കുന്നു. കേരള മന്ത്രിസഭയില്‍ അഞ്ചോ ആറോ പേര്‍ മക്കള്‍ മന്ത്രിമാരാണെന്നത് മാത്രം മതി രാഷ്‌ട്രീയത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവാന്‍. രാഷ്‌ട്രീയരംഗത്ത്, വരേണ്യവര്‍ഗത്തിന് ഉയരാന്‍ അനുകൂലമായ കാലാവസ്ഥയാണ് നിലനില്‌ക്കുന്നത് എന്ന് തീര്‍ച്ച. മികവാര്‍ന്ന പരിശീലനം ലഭിച്ചവര്‍ മാത്രം പാസാവുന്ന `എന്‍ട്രന്‍സ് പരീക്ഷ'കള്‍ എല്ലാ രംഗങ്ങളിലും നിലനില്‌ക്കുന്നു എന്നതാണ് സ്ഥിതി. അത്തരം പരീക്ഷകളില്‍ വിജയം നേടാന്‍ സമുദായത്തിന്റെ താഴേ തട്ടിലുള്ളവര്‍ എന്തു ചെയ്യണം എന്ന് തീര്‍ച്ചയായും നാം ആലോചിക്കണം. സൈനബമാരെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം അവരെ പുറന്തള്ളാനിതാ `രാജകുമാരന്മാരും രാജകുമാരിമാരും' അണിയറയില്‍ ഒരുങ്ങി നില്‌ക്കുന്നു എന്ന് തിരിച്ചറിയുകയും വേണം.
0 comments: