കത്തുകള്‍ ശബാബ് ജൂണ്‍_7_2013

  • Posted by Sanveer Ittoli
  • at 9:20 AM -
  • 0 comments
കത്തുകള്‍ ശബാബ് ജൂണ്‍_7_2013

കത്തുകള്‍

സുന്നത്തിനെ പിന്‍പറ്റുന്നവര്‍ ആരാണ്‌?



കൊട്ടപ്പുറം സംവാദത്തെ കുറിച്ച്‌ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറ്റാന്‍ കഴിഞ്ഞ ലക്കം ശബാബ്‌ സഹായകമായി. യഥാര്‍ഥത്തില്‍ കൊട്ടപ്പുറത്ത്‌ എന്ത്‌ സംഭവിച്ചു എന്നത്‌ ജനങ്ങള്‍ക്കു മുമ്പില്‍ പച്ചയായി തുറന്നുകാട്ടുകയാണ്‌ ലേഖകര്‍ ചെയ്‌തത്‌. യാഥാസ്ഥിതിക പുരോഹിതന്മാരുടെ ദുര്‍ബോധനം മൂലം സര്‍വശക്തനായ തമ്പുരാനെ ആരാധിക്കാതെ ജാറങ്ങളിലേക്കും മറ്റും ആയിരക്കണക്കിനാളുകള്‍ കുതിച്ചോടുമ്പോള്‍ അല്ലാഹുവിനെ ആരാധിക്കാനായി പള്ളികളിലേക്ക്‌ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്‌ കടന്നുചെല്ലുന്നത്‌. കൊട്ടപ്പുറത്ത്‌ നടന്നതില്‍ വെച്ച്‌ രസകരമായി തോന്നിയ ഒന്ന്‌ കേരളത്തിലെ സുന്നത്ത്‌ ജമാഅത്തുകാരുടെ തഫ്‌സീറുകളിലോ കോളേജുകളിലോ ദര്‍സുകളിലോ മദ്‌ഹബുകളിലോ നല്‌കാത്ത ഒരു വിശദീകരണമാണ്‌ ആത്മീയ ശക്തികളോട്‌ സഹായംതേടാന്‍ മുസ്‌ല്യാര്‍ അന്ന്‌ കൊണ്ടുവന്ന തെളിവ്‌. അല്ലാഹുവല്ലാത്ത ആരാധനക്ക്‌ മറ്റൊരു അര്‍ഹന്‍ ഇല്ലെന്ന അടിസ്ഥാന തത്വത്തെ, സുന്നത്ത്‌ പിന്‍പറ്റുന്നവര്‍ എന്ന്‌ സ്വയം അവകാശപ്പെടുന്ന സുന്നികള്‍ തള്ളിപ്പറഞ്ഞ കൊട്ടപ്പുറം സംവാദത്തില്‍ ആരാണ്‌ അലസിപ്പിരിഞ്ഞത്‌.
ആദില്‍ കക്കോവ്‌
അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ നവോത്ഥാന നായകന്‍ തന്നെ!
നവോത്ഥാനമെന്നത്‌ പെട്ടെന്നുണ്ടാകുന്ന വിപ്ലവമല്ല. ക്രമേണ ഒരു സമൂഹത്തില്‍ സ്ഥിരപ്രതിഷ്‌ഠ നേടുന്ന മൂല്യവത്തായ മാറ്റങ്ങള്‍ക്കാണ്‌ നവോത്ഥാനമെന്ന്‌ വിളിക്കപ്പെടുന്നത്‌. ലോകാടിസ്ഥാനത്തില്‍ നവോത്ഥാനം നിര്‍ണയിക്കപ്പെടുന്ന യൂറോപ്പിലുണ്ടായ ജ്ഞാനോദയം കേവലം ചില ദിനങ്ങളുടെ സൃഷ്‌ടിയായിരുന്നില്ല. കലയിലും സാഹിത്യത്തിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലുമുണ്ടായ സമൂലമായ മാറ്റളാണ്‌ യൂറോപ്പില്‍ നവോത്ഥാനമുണ്ടായി എന്നു പറയാന്‍ കാരണം. കേരളത്തിന്റെ സാഹചര്യത്തില്‍ നവോത്ഥാനത്തെ വിലയിരുത്തുമ്പോള്‍ ഒരു നൂറ്റാണ്ടിലോ രണ്ടിലോ ഒതുക്കി നിര്‍ത്താന്‍ സാധ്യമല്ല. നവോത്ഥാനത്തിന്റെ കാലഗണനയെ വിശാലമായി സമീപിക്കുന്നപോലെ ആശയരംഗത്തെയും വിശാലമായി പരിഗണിക്കാന്‍ നമുക്ക്‌ സാധിക്കണം. ``മുജാഹിദുകള്‍ അവരുടെ പൂര്‍വകാല നേതൃപട്ടികയില്‍ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ ഉള്‍ക്കൊള്ളിക്കുന്നത്‌ കേവലം അവകാശവാദത്തിന്റെ സ്വഭാവമുള്ള ഒരു രീതിയിലാണ്‌' എന്ന എ വി ഫിര്‍ദൗസിന്റെ നിരീക്ഷണം (ശബാബ്‌ ലക്കം 41) പൂര്‍ണമായും ശരിയല്ല.
കേരളത്തിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ വിദ്യാഭ്യാസ-സാമൂഹിക നവോത്ഥാനത്തിന്‌ ഊടും പാവും നല്‌കിയ പ്രസ്ഥാനമാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം. മതവിഷയങ്ങള്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ നിലനില്‌ക്കെ തന്നെ സാമൂഹിക നവോത്ഥാനമെന്ന ലക്ഷ്യം മുന്നില്‍ കണ്ട്‌ മതരംഗത്തും രാഷ്‌ട്രീയ രംഗത്തും കൈകോര്‍ത്ത്‌ പ്രവര്‍ത്തിച്ച പാരമ്പര്യം മുജാഹിദുകള്‍ക്കുണ്ട്‌. ഒരു സമുദായത്തെ ഉറക്കത്തില്‍ നന്നുണര്‍ത്തി യാഥാര്‍ഥ്യബോധത്തിലേക്കും വെളിച്ചത്തിലേക്കും നയിക്കുകയെന്നതാണ്‌ ഇസ്വ്‌ലാഹ്‌ അല്ലെങ്കില്‍ നവോത്ഥാനം. മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ഒരു നവോത്ഥാന പ്രവര്‍ത്തകനും നായകനുമാണ്‌. സമുദായത്തെ പിന്നോട്ട്‌ വലിക്കുന്ന പൗരോഹിത്യ വ്യാഖ്യാനങ്ങളില്‍ നിന്നും മാറി മതപ്രചാരണങ്ങളെ ശരിയായ ദിശയില്‍ മനസ്സിലാക്കാനുള്ള ഇച്ഛാശക്തിക്കുടമയായിരുന്നു അദ്ദേഹം.
വൈദേശികാശയങ്ങളുടെ വാലറ്റമായി രൂപം കൊണ്ട പ്രസ്ഥാനല്ല കേരളത്തിലെ മുസ്‌ലിം നവോത്ഥാന മുന്നേറ്റം. ലോകത്താകമാനം പ്രകാശം വിരിയിച്ച പരിഷ്‌കരണ മുന്നേറ്റങ്ങളെ കേരളത്തിന്റെ പ്രാദേശിക സാഹചര്യങ്ങള്‍ക്കൊത്ത്‌ വഴിതെളിയിച്ച പാരമ്പര്യമാണ്‌ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റേത്‌.
റസാഖ്‌ പെരിങ്ങോട്‌
അനന്തസാധ്യതകള്‍ തുറന്ന്‌ അറബിക്കോളജുകള്‍
എസ്‌ എസ്‌ എല്‍ സി കഴിഞ്ഞവര്‍ക്ക്‌ തുടര്‍പഠനത്തിനു തെരഞ്ഞെടുക്കാന്‍ പറ്റിയ നല്ലൊരു കോഴ്‌സാണ്‌ സര്‍ക്കാര്‍ അംഗീകൃത അറബിക്കോളജുകളിലെ അഫ്‌ദലുല്‍ ഉലമ പ്രിലിമിനറി. ഈ കോഴ്‌സ്‌ ഹയര്‍ സെക്കന്ററി ഹ്യുമാനിറ്റീസ്‌ ഗ്രൂപ്പിനു തുല്യമാണ്‌. രണ്ട്‌ വര്‍ഷത്തെ കോഴ്‌സ്‌ പാസ്സാകുന്നവര്‍ക്ക്‌ അറബി മുഖ്യ വിഷയമായെടുത്ത്‌ ഡിഗ്രിക്ക്‌ ചേരാവുന്നതാണ്‌. പ്ലസ്‌ടു പാസ്സായവര്‍ക്ക്‌ നേരിട്ട്‌ ബി എ (അഫ്‌ദലുല്‍ ഉലമ) ഡിഗ്രി കോഴ്‌സ്‌ തെരഞ്ഞെടുക്കാം. അവര്‍ എസ്‌ എസ്‌ എല്‍ സിക്കോ പ്ലസ്‌ടുവിനോ അറബി പഠിച്ചിരിക്കണം. അറബിക്കോളജ്‌ അധ്യാപകര്‍ക്ക്‌ യു ജി സി നിരക്കിലാണ്‌ ശമ്പളം. അറബി ഭാഷ പ്രധാന വിഷയമായുള്ള അറബിക്കോളജ്‌ സിലബസില്‍ ഇംഗ്ലീഷ്‌ ആണ്‌ രണ്ടാംഭാഷ. കൂടാതെ കമ്പ്യൂട്ടര്‍ പഠനം, വിവര്‍ത്തന പരിശീലനം, അറബിക്‌ ജേര്‍ണലിസം എന്നിവയും പാഠ്യവിഷയങ്ങളാണ്‌. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍ തൊഴില്‍ സാധ്യതകളാണ്‌ അറബിക്കോളെജ്‌ പഠനത്തിന്റെ ആകര്‍ഷണീയ ബിന്ദു.
കേരളത്തിലെ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പന്ത്രണ്ടായിരത്തിലധികം അറബി അധ്യാപകരുണ്ട്‌. അവിടങ്ങളില്‍ ഓരോ വര്‍ഷവും നിരവധി പുതിയ നിയമനങ്ങള്‍ നടക്കുന്നുമുണ്ട്‌. ലോകത്ത്‌ അറബി ഒന്നാം ഭാഷയായുള്ള ഇരുപത്തിരണ്ട്‌ രാഷ്‌ട്രങ്ങളും രണ്ടാമത്തെ പ്രധാന ഭാഷയായുള്ള പത്തിലേറെ രാഷ്‌ട്രങ്ങളുമുണ്ട്‌. മന്ത്രാലയങ്ങള്‍, വാര്‍ത്താ മാധ്യമ സ്ഥാപനങ്ങള്‍, പ്രസാധനാലയങ്ങള്‍, ഫാക്‌ടറികള്‍, എംബസികള്‍, ട്രാവല്‍ ആന്റ്‌ ടൂറിസം മേഖലകള്‍ തുടങ്ങി സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലകളിലുമായി അറബിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാനറിയാവുന്നവര്‍ക്ക്‌ അനന്തമായ ജോലി സാധ്യതകളാണുള്ളത്‌. ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്ന നിരവധി സര്‍വകലാശാലകളില്‍ അവര്‍ക്ക്‌ ഉപരിപഠന സാധ്യതകളുമുണ്ട്‌. കോഴ്‌സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫാറൂഖ്‌ റൗദത്തുല്‍ ഉലൂം അറബിക്കോളജില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ്‌ സെല്ലുമായി ബന്ധപ്പെടാവുന്നതാണ്‌. ഫോണ്‍: 9446782268, 9249298724
ഡോ. മുസ്‌തഫ ഫാറൂഖിപ്രിന്‍സിപ്പല്‍, ആര്‍ യു എ കോളജ്‌, ഫറോക്ക്‌
ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കുന്നവര്‍ ഐക്യത്തെ ഭയപ്പെടുന്നു
കൊട്ടപ്പുറം സുന്നീ-മുജാഹിദ്‌ വാദപ്രതിവാദത്തില്‍ അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ഥിക്കുവാന്‍ തെളിവ്‌ സ്ഥാപിക്കുവാന്‍ വേണ്ടി `വസ്‌അല്‍മന്‍ അര്‍സല്‍നാ...' എന്ന ആയത്ത്‌ ഓതി ദുര്‍വ്യാഖ്യാനം ചെയ്‌ത കാന്തപുരത്തിന്റെ അനുയായികള്‍ മൂന്ന്‌ പതിറ്റാണ്ടുകള്‍ക്കുശേഷം ജനങ്ങളെ വഞ്ചിതരാക്കിയ ആദര്‍ശത്തിന്റെ വാര്‍ഷികാഘോഷം കൊണ്ടാടുവാന്‍ തീരുമാനിച്ചത്‌ മിതമായിപ്പറഞ്ഞാല്‍ പണ്ഡിതലോകത്തോടുള്ള വെല്ലുവിളിയാണ്‌. കോടികള്‍ സമ്പാദിക്കുവാന്‍ വേണ്ടി തിരുശേഷിപ്പിന്റെ പേരില്‍ മുടിയും പൊടിയുമായി ദേശാടനം നടത്തുന്ന കാന്തപുരം ഉസ്‌താദ്‌ മുജാഹിദുകളെ നേരിടുവാന്‍ കുറച്ച്‌ കാലമായി ശിഷ്യന്മാരെ നിയോഗിച്ചിരിക്കുകയാണ്‌. ഇയ്യിടെ സുഊദിയിലും തിരുശേഷിപ്പ്‌ പ്രചരണം ഉദ്ദേശിച്ച്‌ സന്ദര്‍ശനം നടത്തിയിരുന്നുവെങ്കിലും, തിരുശേഷിപ്പ്‌ വാദത്തിന്നെതിരെ സുഊദി ഗ്രാന്റ്‌ മുഫ്‌തി അബ്‌ദുല്‍ അസീസ്‌ ആലുശൈഖിന്റെ ഫത്‌വയും, മുന്നറയിപ്പുമുണ്ടായതിനാല്‍ ഉദ്യമം പൂര്‍ത്തിയാവാതെ `വഹാബി'യായ ഹറം ഇമാമിനെ കെട്ടിപ്പിടിച്ച്‌ സലാം ചൊല്ലി സ്ഥലം വിടുകയാണുണ്ടായത്‌. കാന്തപുരത്തിന്റെ ശിഷ്യന്മാര്‍ മുജാഹിദുകളുമായുണ്ടാക്കുന്ന വാദപ്രതിവാദങ്ങളിലൊന്നിലും പരേതാത്മാക്കളോട്‌ പ്രാര്‍ഥിക്കുവാന്‍ തെളിവുദ്ധരിക്കുമ്പോള്‍ (?) ഉസ്‌താദിന്റെ കൊട്ടപ്പുറം ആയത്ത്‌ ഉദ്ധരിക്കാറില്ല. വാദപ്രതിവാദങ്ങളില്‍ മാത്രമല്ല, പുരോഹിതന്മാരുടെ കളവ്‌ പറച്ചില്‍ പ്രമാദമായ മുത്തനൂര്‍ പള്ളിക്കേസ്‌ വിചാരണ സമയത്തും. കോടതിയില്‍ വെച്ച്‌ ഫാത്തിമ ബീവി കാഫിറായിരുന്നു എന്നതുള്‍പ്പെടെ നിരവധി കളവ്‌ പറഞ്ഞത്‌ കോടതിയില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്‌. (മുത്തന്നൂര്‍ പള്ളി കേസ്‌ 1954-1959 കേസ്‌ നമ്പര്‍ (ഒറിജനല്‍) 252/1954 മഞ്ചേരി മുന്‍സിഫ്‌ കോര്‍ട്ട്‌). മുത്തന്നൂര്‍ പള്ളി കേസിലെ സുന്നീപ്രധാനികളുടെ കുടുംബാംഗങ്ങളാണ്‌ ഇന്ന്‌ മുത്തന്നൂരിലെ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ എന്നത്‌ യാഥാസ്ഥിതികത്വത്തില്‍ നിന്നുള്ള കൂടൊഴിഞ്ഞ്‌ പോക്കാണ്‌ വിളിച്ചോതുന്നത്‌. 
1990 ല്‍ കുവൈത്തില്‍ വെച്ച്‌ ഔഖാഫ്‌ മന്ത്രാലയ ഡയറക്‌ടര്‍ ശൈഖ്‌ നാദിര്‍ നൂറിയുടെ മധ്യസ്ഥതയില്‍ മുജാഹിദു പണ്ഡിതന്മാരായ ശൈഖ്‌ അബ്‌ദുസ്സമദ്‌ കാതിബ്‌, എന്‍ പി അബ്‌ദുര്‍ഖാദിര്‍ മൗലവി, പി എന്‍ അബ്‌ദുല്ലത്തീഫ്‌ മദനി, ജമാഅത്ത്‌ പണ്ഡിതന്മാരായ എം വി മുഹമ്മദ്‌ സലീം മൗലവി, അബ്‌ദുര്‍റഹ്‌മാന്‍ തെരുവൈ, ഒ പി അബ്‌ദുസ്സലാം മൗലവി മുതലായവരുമായുണ്ടാക്കിയ ഐക്യകരാര്‍ മഷി ഉണങ്ങും മുമ്പ്‌ നാട്ടില്‍ പോയി നിഷേധിച്ചതും സ്‌ത്രീകള്‍ പങ്കെടുക്കുന്ന ബഹ്‌റൈനിലെ പള്ളിയില്‍ ഇമാമായി നമസ്‌കരിച്ചതും ഉള്‍പ്പെടെ പലതും പിന്നീട്‌ നിഷേധിക്കുകയും, മലക്കം മറിയുകയും ചെയ്‌ത കാന്തപുരം ഉസ്‌താദിന്റെ നിറംമാറ്റം ഓന്തിനെപ്പോലും നാണിപ്പിക്കുന്നതാണ്‌. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിന്‌ ഗവേഷണം നടത്തുവാന്‍ ഗവേഷണ കേന്ദ്രം തന്നെ സ്ഥാപിച്ചുകഴിഞ്ഞു.
സുന്നികളുമായുണ്ടായ വാദപ്രതിവാദങ്ങളും, ഖണ്ഡന മണ്ഡന പ്രസംഗങ്ങളും കാരണം ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിലേക്ക്‌ ജനങ്ങള്‍ കൂട്ടത്തോടെ കടന്നുവന്നിട്ടുണ്ട്‌. കൊട്ടപ്പുറവും കുറ്റിച്ചിറയും വാഴക്കാടും അവസാനം കോടമ്പുഴയും തെളിവുകളാണ്‌. മുസ്‌ലിയാക്കന്മാരുടെ വെല്ലുവിളികള്‍ ഉണ്ടാകുന്നിടത്തെല്ലാം വാദപ്രതിവാദം നടക്കട്ടെ. നമ്മുടെ പണ്ഡിതന്മാര്‍ക്ക്‌ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം. ശബാബ്‌ പ്രസിദ്ധീകരിച്ച (ലക്കം 41) കൊട്ടപ്പുറം വാദപ്രതിവാദം മുമ്പും ശേഷവും ലേഖനങ്ങള്‍ സുന്നികളുടെ വാര്‍ഷികാഘോഷ വേളയില്‍ സന്ദര്‍ഭോചിതമായി.
ടി കെ മൊയ്‌തീന്‍ മുത്തന്നൂര്‍ ജിദ്ദ

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: