ഖത്വീബുമാര്‍ക്ക് വഴിവിളക്കായി ഒരു കൈപ്പുസ്‌തകം
ഡോ. ഇ കെ അഹ്‌മദ്‌കുട്ടി
ആശയപ്രകാശനത്തിലും പ്രചാരണത്തിലും അതുവഴി മനുഷ്യരുടെ ഹൃദയങ്ങളെയും ജീവിതങ്ങളെയും സ്വാധീനിക്കുന്നതിലും പരിവര്‍ത്തിപ്പിക്കുന്നതിലും പ്രസംഗകലയ്‌ക്ക് വഹിക്കാന്‍ കഴിയുന്ന വലിയ പങ്ക് അനിഷേധ്യമാണ്. ഇസ്‌ലാം പ്രബോധനരംഗ(ദഅ്‌വത്ത്)ത്ത് പ്രവാചകന്‍ മുഹമ്മദും(സ) ഖുലഫാഉര്‍റാശിദുകളടങ്ങുന്ന അദ്ദേഹത്തിന്റെ അനുചരന്മാരും (സ്വഹാബികളും) തുടര്‍ന്നിന്നോളമുള്ള എല്ലാ മതനേതാക്കളും പ്രബോധകരും പണ്ഡിതന്മാരും പ്രസംഗ(ഖുത്വ്‌ബ)ത്തിന്റെ ഈ വശ്യശക്തിയും സ്വാധീനക്ഷമതയും പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു; ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
എന്നാല്‍, പ്രസംഗത്തിന്റെ വിവിധ ഇനങ്ങളില്‍ മനുഷ്യമനസ്സുകളിലും ചിന്തകളിലും കര്‍മങ്ങളിലും ഏറ്റവും സ്വാധീനം ചെലുത്തുന്നത് ജുമുഅ ഖുത്വ്‌ബകളാണ്. അതുകൊണ്ട് ഇസ്‌ലാമിന്റെ ആദ്യകാലഘട്ടത്തില്‍ ഖലീഫമാരോ മറ്റു ഭരണാധികാരികളോ അവര്‍ അധികാരപ്പെടുത്തുന്ന പ്രഗത്ഭ പണ്ഡിതന്മാരോ ആയിരുന്നു ജുമുഅ ഖുത്വ്‌ബകള്‍ നിര്‍വഹിച്ചിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത്, മുസ്‌ലിംശക്തിയുടെ അധപ്പതനത്തിന്റെ ആരംഭം, അതായത് അബ്ബാസിയാ ഭരണത്തിന്റെ അന്ത്യഘട്ടം മുതല്‍ മറ്റു രംഗങ്ങളിലെന്ന പോലെ, ഈ രംഗത്തും അപചയം സംഭവിച്ചുതുടങ്ങി. പാണ്ഡിത്യവും മൗലികചിന്തയും ദൈവഭക്തിയും ആദരണീയതയും കുറഞ്ഞവരും മദ്‌ഹബീ പക്ഷപാതിത്തവും വിഭാഗീയ താല്‌പര്യങ്ങളും കൊണ്ട് സങ്കുചിത മനസ്‌കരുമായ കൂലി പ്രാസംഗികന്മാര്‍ ഖത്വീബുമാരായി ജോലി ചെയ്‌തുകൊണ്ടിരുന്നു. മുസ്‌ലിംലോകത്ത് പൊതുവെയും നമ്മുടെ കേരളത്തിലും ഇതായിരുന്നു അവസ്ഥ.
എന്നാല്‍, ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ രംഗപ്രവേശത്തോടെ, മറ്റ് രംഗങ്ങളിലെന്നപോലെ, ജുമുഅ ഖുത്വ്‌ബയുടെ കാര്യത്തിലും ഒരു നവോത്ഥാനം സംജാതമായി. അറബി ഭാഷയിലുള്ള `നബാത്തിയ' ഖുത്വ്‌ബ പോലെയുള്ള റെഡിമെയ്‌ഡ് ഏടുകള്‍ ഓതുന്നതിന് പകരം, സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് പ്രസക്തമായ വിഷയങ്ങളെക്കുറിച്ച് മാതൃഭാഷയില്‍ പ്രസംഗിക്കുകയെന്ന വിപ്ലവകരമായ ഒരു അവസ്ഥ നിലവില്‍ വന്നു. ഇസ്‌ലാമിന്റെ യഥാര്‍ഥ തത്വങ്ങളും അധ്യാപനങ്ങളും ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും മുസ്‌ലിം ബഹുജനങ്ങളെ പ്രാപ്‌തരാക്കി അവരുടെ ജീവിതങ്ങളെ ഇസ്‌ലാമികമായി സംസ്‌കരിക്കാന്‍ ഖുത്വ്‌ബകള്‍ അനല്‌പമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍, ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ കീഴില്‍ കൂടുതല്‍ പള്ളികള്‍ സ്ഥാപിക്കപ്പെടുകയും അവയുടെ എണ്ണം വര്‍ധിക്കുകയും ചെയ്‌തുകൊണ്ടിരുന്നപ്പോള്‍ ആവശ്യത്തിനനുസരിച്ച് കഴിവുള്ള ഖത്വീബുമാരെ ലഭിക്കാത്ത ഒരവസ്ഥ വന്നുചേര്‍ന്നു. വേണ്ടത്ര പാണ്ഡിത്യവും കഴിവും പ്രാഗത്ഭ്യവുമില്ലാത്ത വ്യക്തികള്‍ ഖത്വീബുമാരാകേണ്ടിവന്നു. തല്‍ഫലമായി, പണ്ടത്തേതില്‍ നിന്നും വ്യത്യസ്‌തമായി ജുമുഅ ഖുത്വ്‌ബകളുടെ നിലവാരം താണുപോയിക്കൊണ്ടിരിക്കുന്നു എന്ന ഒരു ആവലാതിയും അവയുടെ ഗുണനിലവാരമുയര്‍ത്താന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യവും കുറേകാലമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നടത്തിയ പ്രശംസനീയമായ ഒരു ശ്രമത്തിന്റെ ഫലമാണ് പ്രഗത്ഭപണ്ഡിതനും ഗ്രന്ഥകാരനും കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷനുമായ എ അബ്‌ദുല്‍ഹമീദ് മദീനി രചിക്കുകയും കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിദ്ധീകരിക്കുകയും ചെയ്‌ത മിന്‍ഹാജുല്‍ ഖുത്വുബാത്ത് എന്ന അറബി ഭാഷയിലുള്ള വിശിഷ്‌ട ഗ്രന്ഥം. പള്ളികളിലെ ഖത്വീബുമാരെ പ്രത്യേകമായും പ്രാസംഗികരായ പ്രബോധകന്മാരെ പൊതുവെയും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ ഫലപ്രദമായും വിജ്ഞാനപ്രദമായും മതപ്രസംഗങ്ങള്‍ നടത്താന്‍ സഹായിക്കുംവിധം പ്രസംഗങ്ങള്‍ക്കുള്ള വിഷയങ്ങളും വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയാണ് ഈ പുസ്‌തകം കൊണ്ടുദ്ദേശിക്കുന്നത്.
എന്നാല്‍, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിശദവും പൂര്‍ണവുമായ റെഡിമെയ്‌ഡ് പ്രസംഗങ്ങളുടെ ഒരു സമാഹാരമല്ല ഈ ഗ്രന്ഥം; പ്രഭാഷണങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഒരു ഗൈഡ് മാത്രമാണ്. ഓരോ വിഷയത്തിന്റെയും ശീര്‍ഷകം കൊടുക്കുകയും അതിനടിയില്‍ അതുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ഉദ്ധരിച്ചുനല്‍കുകയും ചെയ്യുകയെന്ന രീതിയാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചത്. ഉദ്ധരിക്കപ്പെട്ട ഹദീസുകളിലെ ദുര്‍ഗ്രഹമായ പദങ്ങളുടെ അര്‍ഥവും ആശയവും നല്‍കിയത് വായനക്കാര്‍ക്ക് ഏറെ സഹായകമാണ്. അപൂര്‍വം ചില വിഷയങ്ങളിലൊഴിച്ച് (ഉദാ: തൗഹീദ്) വിഷയങ്ങളെക്കുറിച്ചുള്ള വിവരണം പുസ്‌തകത്തിലില്ല. ശീര്‍ഷകങ്ങളുടെ അടിയില്‍ ഉദ്ധരിക്കപ്പെട്ട ഖുര്‍ആന്‍ ആയത്തുകളുടെയും ഹദീസുകളുടെയും വെളിച്ചത്തില്‍ കൂടുതല്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്‌തുകൊണ്ട് പ്രസംഗങ്ങള്‍ രൂപപ്പെടുത്തി അവതരിപ്പിക്കാന്‍ പ്രസംഗകരെ സഹായിക്കുക എന്നതാണ് അദ്ദേഹം ലക്ഷ്യമാക്കുന്നതെന്ന് തോന്നുന്നു.
അതുപോലെ, ഖുത്വ്‌ബ വിഷയങ്ങള്‍ സമകാലികസംഭവങ്ങളും സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കേണ്ട ചുമതലയും ഖത്വീബുമാര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും ഗ്രന്ഥകാരന്‍ നല്‍കാതിരുന്നത്, അത് ഖത്വീബ് സ്വന്തം ചിന്തയുടെയും നിരീക്ഷണത്തിന്റെയും വെളിച്ചത്തില്‍ ചെയ്യേണ്ട ഒരു കാര്യമാണ് എന്നതുകൊണ്ടാകാം.
ഇങ്ങനെ ഗ്രന്ഥത്തില്‍ പ്രസ്‌താവിക്കപ്പെട്ടവയും അവയുമായി ബന്ധപ്പെട്ടവയുമായ വിവിധ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണവും പഠനവും നടത്തി, വിവേകപൂര്‍വം ഈ പുസ്‌തകം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഖത്വീബുമാര്‍ക്ക് അവരുടെ പ്രസംഗങ്ങള്‍ കൂടുതല്‍ ഫലപ്രദവും വൈജ്ഞാനിക നിലവാരമാര്‍ന്നതുമാക്കി മാറ്റാനും അതുവഴി സംബോധിത വ്യക്തികളുടെയും സമൂഹത്തിന്റെയും ഇസ്‌ലാമികമായ ബോധവത്‌ക്കരണവും സംസ്‌കരണവും സാക്ഷാത്‌കരിക്കാനും കഴിയുമെന്ന് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്.
ഇസ്‌ലാമിനെക്കുറിച്ച് സമഗ്രമായ അറിവ് നല്‍കുന്ന ഏതാണ്ടെല്ലാ വിഷയങ്ങളും വലിയ സൈസില്‍ 359 പേജുകളുള്ള ഈ ബ്രഹദ്‌ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ആകെ 149 ശീര്‍ഷകങ്ങളും അവയുമായി ബന്ധപ്പെട്ട് 460 ഖുര്‍ആന്‍ ആയത്തുകളും 1539 ഹദീസുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ബന്ധപ്പെട്ട ആയത്തുകളും ഹദീസുകളും കണ്ടെത്തി സമാഹരിക്കുന്നതിലും ഗ്രന്ഥകാരന്‍ ചെലവഴിച്ച പ്രയത്‌നം എത്ര വമ്പിച്ചതായിരിക്കുമെന്ന് ഗ്രന്ഥം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും.
ഖത്വീബുമാര്‍ക്ക് മാത്രമല്ല, മതരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു പ്രാസംഗികന്മാര്‍, പ്രബോധകന്മാര്‍, അധ്യാപകന്മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം ഏറെ പ്രയോജനപ്പെടുന്ന ഒരു ഉത്തമഗ്രന്ഥമാണ് മിന്‍ഹാജുല്‍ ഖുത്വുബാത്ത്. ഖത്വീബുമാരെ സംബന്ധിച്ചേടത്തോളം അവരുടെ ദൗത്യനിര്‍വഹണത്തിന്റെ പാതയില്‍ മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്ന ഒരു വഴിവിളക്ക് തന്നെയാണിത്. അതുകൊണ്ട്, അവരിലോരോരുത്തരും ഈ ഗ്രന്ഥത്തിന്റെ കോപ്പികള്‍ വാങ്ങി സ്വന്തമാക്കാന്‍ ശ്രമിക്കേണ്ടതാണ്. മേല്‍പറഞ്ഞ ആളുകള്‍ക്ക് മാത്രമല്ല, ഇസ്‌ലാമിനെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന, സാമാന്യം അറബി ഭാഷാ പരിജ്ഞാനമുള്ള സാധാരണക്കാര്‍ക്കും ഈ പുസ്‌തകം ഏറെ ഉപകാരപ്പെടും. തന്റെ അവതാരികയില്‍ ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്‌താവിക്കുന്നതുപോലെ, അറിഞ്ഞേടത്തോളം പ്രസ്‌തുത വിഷയത്തില്‍ ഇന്ത്യയില്‍ രചിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥമാണെന്ന സവിശേഷത ഇതിനുണ്ട്. ഡോ. ഹുസൈന്‍ മടവൂരിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയുടെയും മുഖക്കുറിപ്പുകള്‍ ഈ ഗ്രന്ഥത്തെ അലങ്കരിക്കുന്നു.
0 comments: