കേരളത്തിലെ മുസ്‌ലിം സമൂഹം പാരിസ്ഥിതിക സമരങ്ങളില്‍ സജീവമാകുന്നതെന്തുകൊണ്ട്‌ ?

  • Posted by Sanveer Ittoli
  • at 9:32 AM -
  • 0 comments
കേരളത്തിലെ മുസ്‌ലിം സമൂഹം പാരിസ്ഥിതിക സമരങ്ങളില്‍ സജീവമാകുന്നതെന്തുകൊണ്ട്‌ ?

- വീക്ഷണം -
സി ആര്‍ നീലകണ്‌ഠന്‍
ഇസ്‌ലാമിക സംഘടനകള്‍ പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത്‌ കൂടുതലായി വരുന്നതെന്തുകൊണ്ടെന്നതാണ്‌ ചോദ്യം. അത്ര എളുപ്പമല്ല മറുപടി. കേരളത്തിലെ മാധ്യമ-സമര രംഗങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക്‌ അനുഭവത്തില്‍ നിന്നും ബോധ്യപ്പെടുന്ന ഒരു വസ്‌തുതയാണിതെങ്കിലും കേരളത്തില്‍ നടക്കുന്ന പാരിസ്ഥിതിക സമരമുഖങ്ങളിലെല്ലാം ഇസ്‌ലാമികാടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ കാണുന്നു. അപൂര്‍വമായി ചിലര്‍ ഇതിനെ `വര്‍ഗീയത'യായി വിമര്‍ശിക്കുന്നുണ്ട്‌.
ഏതെങ്കിലും സംഘടനയെ അതിന്റെ `പ്രത്യയാശാസ്‌ത്രാടിത്തറയില്‍' വിമര്‍ശിക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു കാര്യവുമില്ലായെന്നു കരുതുന്ന ഒരാളാണ്‌ ഈ ലേഖകന്‍. ഇടതു വലതു പക്ഷങ്ങള്‍ (ഗാന്ധിയനോ മാര്‍ക്‌സിസ്റ്റോ ഒക്കെ) പേരില്‍ മാത്രമാണ്‌ എന്ന്‌ അനുഭവം. മറിച്ച്‌ ഓരോ പ്രശ്‌നത്തിലും ഈ സംഘടനകള്‍ എന്തുനിലപാടെടുക്കുന്നുവെന്നു നോക്കിയാണ്‌ ജനങ്ങള്‍ അവരെ വിലയിരുത്തുന്നത്‌. പ്രത്യേകിച്ചും ഈ കാലത്ത്‌ നിലനില്‌പിനായി പോരാടുന്നവര്‍, അതെന്തായാലും ഇവരുടെ ഏറിയ സാന്നിധ്യം ഇന്നും സമരമുഖങ്ങളില്‍ പ്രകടമാണ്‌.
ഒന്നാമതായി കേരളത്തില്‍ മാത്രമല്ല, ലോകമാകെത്തന്നെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അതിരൂക്ഷമായിരിക്കുന്നു. ഒരു ഭരണാധികാരിക്കും ഇവയെ പൂര്‍ണമായി അവഗണിച്ചുകൊണ്ട്‌ മുന്നോട്ടു പോകാനാവില്ല. ഒന്നുരണ്ട്‌ പതിറ്റാണ്ടുമുമ്പ്‌ ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ചിരുന്നവരെ വികസന വിരുദ്ധരും സാമ്രാജ്യത്വ ഏജന്റുമാരും വരെയായി വിശേഷിപ്പിച്ചിരുന്നവര്‍ ഇപ്പോള്‍ പച്ച രാഷ്‌ട്രീയക്കാരാകാന്‍ മത്സരിക്കുന്നു. നല്ലത്‌. ഇതുകൊണ്ടുതന്നെ കേരളീയ സമൂഹത്തിന്റെ നിര്‍ണായക ഘടകമായ ഇസ്‌ലാമിക വിശ്വാസികളും ഇതിന്റെ ഭാഗമായതാകാം. മുമ്പൊരിക്കലുമില്ലാത്തവിധം മാധ്യമരംഗത്ത്‌ ഇസ്‌ലാമിക സംഘടനകള്‍ ശ്രദ്ധിക്കുന്നുണ്ട്‌. അവരുടെ സംഘടനകള്‍ തമ്മില്‍ മേധാവിത്വത്തിനായി കടുത്ത മത്സരം നടക്കുന്നത്‌ ഇതിനുള്ള കാരണമാണെന്നുപറയാം. എന്തായാലും മാധ്യമരംഗത്ത്‌ ഇന്ന്‌ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പരിസ്ഥിതി ഇവര്‍ക്കും പ്രധാന വിഷയമായതുമാകാം രണ്ടാമത്തെ കാരണം. ആന്തരിക സംഘര്‍ഷങ്ങളുടെ ഭാഗമായിട്ടാണെങ്കിലും കൂടുതല്‍ `ജനകീയം' ആകാനും ഈ സംഘടനകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുന്നുണ്ട്‌. ഇസ്‌ലാമിക വിശ്വാസികള്‍ക്കപ്പുറത്തുള്ളവരുമായി ഇടപെടാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്‌. കാരണം പാരിസ്ഥിതിക വിഷയങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ലല്ലോ! പ്രത്യേകിച്ചും ജാതി മത വ്യത്യാസങ്ങളില്ലാതെ ജനങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന കേരളത്തില്‍. വെള്ളം, വായു, മാലിന്യം, ഖനനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം നടക്കുന്ന സമരങ്ങള്‍ ആ അര്‍ഥത്തില്‍ `മതേതര'മാണ്‌. പൊതുസമൂഹവുമായി ഇസ്‌ലാമിക സംഘടനകളെ കൂടുതല്‍ അടുപ്പിക്കാന്‍ ഈ സാഹചര്യം സഹായകമായിട്ടുണ്ട്‌ എന്നത്‌ മറ്റൊരു വിഷയം.
ഒരു മതം എന്ന നിലയില്‍ ഇസ്‌ലാമിനെക്കുറിച്ച്‌ ഗാഢമായ അറിവൊന്നും എനിക്കില്ല. പരിമിതമായ അറിവുവെച്ച്‌ മാത്രം ചില നിരീക്ഷണങ്ങള്‍ നടത്തട്ടെ. മറ്റു മതങ്ങളെ അപേക്ഷിച്ച്‌ ജീവിതത്തിന്റെ സമസ്‌ത മേഖലകളെയും സംബന്ധിച്ച്‌ വ്യക്തമായ അഭിപ്രായങ്ങളുള്ള, ജീവിതശൈലി രൂപപ്പെടുത്തുന്ന ഒരു മതമാണ്‌ ഇസ്‌ലാം. ഒരു സാധാരണ മനുഷ്യന്‍ ജനിച്ചാല്‍ മരിക്കുന്നതുവരെ എങ്ങനെ ജീവിക്കണം എന്ന്‌ അതില്‍ പഠിപ്പിക്കുന്നു. സൂക്ഷ്‌മമായി ഇങ്ങനെ കാണുന്ന ഒരു മതത്തിന്‌ വെള്ളം, സസ്യങ്ങള്‍, മറ്റു ജീവികള്‍, ഭൂമി തുടങ്ങിയവയെക്കുറിച്ച്‌ കൃത്യമായ ധാരണകളുണ്ട്‌. വെള്ളവും മണ്ണും സംരക്ഷിക്കേണ്ടതെങ്ങനെ, മരം എത്രമാത്രം അനിവാര്യമാണ്‌, സഹജീവികള്‍ എന്തിന്‌ തുടങ്ങിയ ചില ഇസ്‌ലാമിക നിലപാടുകള്‍ മാത്രമാണ്‌ ഞാന്‍ വായിച്ചിട്ടുള്ളത്‌. ഇതില്‍ നിന്നുതന്നെ ചില കാര്യങ്ങള്‍ വ്യക്തം. പ്രകൃതി വിഭവങ്ങള്‍ അനന്തമല്ല എന്നും അതിനുമേല്‍ മനുഷ്യര്‍ക്ക്‌, അതില്‍ തന്നെ കുറച്ച്‌ സമ്പന്നര്‍ക്ക്‌ മാത്രമായി പ്രത്യേകാവകാശങ്ങളില്ലെന്നും ഉറപ്പിച്ചു പറയുന്ന ഒന്നാണ്‌ ഈ മതം. മുതലാളിത്ത വീക്ഷണത്തിന്‌ ഘടകവിരുദ്ധവുമാണ്‌.
ഇസ്‌ലാം മതത്തിന്റെ ഈ നിലപാട്‌ പാശ്ചാത്യലോകത്തിനു അത്ര പെട്ടെന്ന്‌ മനസ്സിലാകില്ല. കാരണം ശാസ്‌ത്ര സാങ്കേതിക വിദ്യകള്‍ നല്‌കുന്ന യാന്ത്രിക യുക്തിയും ലാഭക്കൊതിയും കമ്പോളാധിഷ്‌ഠിത സുഖസങ്കല്‌പവും നയിക്കുന്ന സമൂഹമാണത്‌. ടോള്‍സ്റ്റോയിയും ഇന്ത്യയില്‍ ഗാന്ധിയുമെല്ലാം ഇതിന്നപവാദങ്ങളാണ്‌. ഈ ഭൂമിയെ രക്ഷിക്കാന്‍ ഞാനെന്റെ ആവശ്യങ്ങള്‍ ചുരുക്കണം, ജീവിതശൈലി മാറ്റണം എന്ന്‌ മുതലാളിത്തം ഒരിക്കലും പറയില്ല. എന്നാല്‍ ആഗോളതാപനം മൂലമുള്ള നിരവധി പ്രതിസന്ധികള്‍ ശക്തിപ്പെട്ടപ്പോള്‍ ഏത്‌ മുതലാളിത്ത സമൂഹത്തിനും ഈ നിലപാടില്‍ മാറ്റം വരുത്തേണ്ട സ്ഥിതിയായി. അങ്ങനെയാണ്‌ ഭൗമ ഉച്ചകോടികളിലും മറ്റും `ഉപഭോഗം കുറക്കുക' എന്നത്‌ പ്രശ്‌നപരിഹാരമായി ഉയര്‍ന്നുവരുന്നത്‌; മുതലാളിത്ത കേന്ദ്രങ്ങള്‍ക്കത്‌ സ്വീകാര്യമല്ലെങ്കിലും.
ഇസ്‌ലാമിക വീക്ഷണവും മുതലാളിത്തവുമായുള്ള ഈ അഭിപ്രായ ഭിന്നത ഏറെപ്രകടമായ ഒരു കാലമാണിത്‌. (ഇതുകൊണ്ട്‌ എല്ലാ ഇസ്‌ലാമിക സംഘടനകളും ഈ പ്രത്യയശാസ്‌ത്രം സ്വാംശീകരിച്ചു ജീവിക്കുന്നുവെന്നോ പ്രവര്‍ത്തിക്കുന്നുവെന്നോ ഞാന്‍ പറയുന്നില്ല). പ്രത്യേകിച്ചും സാമ്രാജ്യത്വാധിനിവേശത്തിന്റെ ഈ കാലത്തെ(സോഷ്യലിസ്റ്റ്‌ തകര്‍ച്ചയ്‌ക്കുശേഷം) `ഇര'കളായി ഇസ്‌ലാമിക സമൂഹത്തെ ഉയര്‍ത്തിക്കാട്ടുക കൂടി ചെയ്യുമ്പോള്‍, സംഘര്‍ഷം പരകോടിയിലെത്തുന്നു. അതുകൊണ്ടുതന്നെ എന്നും കേവല പരിസ്ഥിതി വാദമോ കേവല സാമ്രാജ്യത്വ വിരുദ്ധവാദമോ ഒന്നും നിലനില്‍ക്കില്ല. ഇതൊരു സമഗ്ര വീക്ഷണമായി ഉയര്‍ന്നുവരുന്നുണ്ട്‌. പ്രത്യേകിച്ചും ഇതിന്റെയെല്ലാം ഇരകളാക്കപ്പെടുന്നവര്‍ക്ക്‌, പ്രത്യയശാസ്‌ത്രമല്ല, ജീവിതമാണ്‌ പ്രശ്‌നം. വെള്ളവും ഭൂമിയും കൃഷ്യയും തൊഴിലും കിടപ്പാടവും നഷ്‌ടപ്പെടുന്നവര്‍ എല്ലാ ജാതിമത വിഭാഗങ്ങളിലുമുണ്ട്‌. ഇത്‌ പരിസ്ഥിതി പ്രശ്‌നത്തിനപ്പുറമാണെന്നവര്‍ തിരിച്ചറിയുന്നുണ്ട്‌.
വിളപ്പില്‍ശാലയില്‍ മാലിന്യം കൊണ്ടിടാന്‍ വരുന്നവര്‍ ഏത്‌ ജാതി-മത-രാഷ്‌ട്രീയ വിഭാഗക്കാരാണെന്നത്‌ അന്നാട്ടുകാര്‍ക്ക്‌ പ്രശ്‌നമല്ല. അവരെ സഹായിക്കാന്‍ ആരെത്തിയാലും അവര്‍ സ്വാഗതം ചെയ്യും. മാലിന്യം സംബന്ധിച്ച്‌ മാത്രം ഇന്ന്‌ കേരളത്തില്‍ ഇരുപതോളം ശക്തമായ സമരങ്ങള്‍ നടക്കുന്നു. ഇവിടെയൊന്നും മുഖ്യധാരാ രാഷ്‌ട്രീയ സംഘടനകള്‍ക്കൊരു സ്ഥിര നിലപാടില്ല. പ്രാദേശിക നേതാക്കള്‍ ചില ഉരുണ്ടുകളികള്‍ നടത്തുമെന്നു മാത്രം. ഇത്‌ പാടം നികത്തല്‍, കുന്നിടിക്കല്‍, കളിമണ്ണ്‌-മണല്‍-പാറമട ഖനനങ്ങള്‍, കുടിയൊഴിക്കല്‍, കടല്‍-കായല്‍-പുഴ മലിനീകരണം, കയ്യേറ്റങ്ങള്‍.... തുടങ്ങിയവക്കെതിരായ സമരങ്ങളിലെല്ലാം കാണുന്ന അവസ്ഥയാണ്‌. സമരം ചെയ്‌ത്‌ തളരുന്നവര്‍ക്കെതിരെ കുതിരകയറുകയാണ്‌ മുഖ്യധാരക്കാര്‍ ചെയ്യുന്നത്‌. ഈ വിഷയങ്ങളില്‍ ഇന്ന്‌ സംസ്ഥാന തലത്തില്‍ തന്നെ മുഖ്യധാരക്കിടയില്‍ സമവായം കാണാം.
ഈയവസ്ഥയില്‍ സമരരംഗത്ത്‌ ഉറച്ചുനില്‍ക്കാന്‍ ഇസ്‌ലാമിക സംഘടനകള്‍ തയ്യാറാകുന്നതിനെയും അതിനോട്‌ സമരം ചെയ്യുന്നവര്‍ യോജിക്കുന്നതിനെയും എങ്ങനെ വിമര്‍ശിക്കാനാകും? ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പ്രസിദ്ധമായ `ബുദ്ധനും നരിയും ഞാനും' എന്ന കവിത ഓര്‍ക്കുക. ദിവസങ്ങളായി പട്ടിണി കിടക്കുന്ന കുട്ടികള്‍ക്ക്‌ കഞ്ഞിവയ്‌ക്കാന്‍ റേഷനരിയുമായി പാഞ്ഞുപോകുന്നു കഥാനായകന്‍. രണ്ട്‌ വഴിയുണ്ട്‌ മുന്നില്‍. ഒന്ന്‌ നീളം വളരെ കൂടിയത്‌, കാട്ടിനു പുറത്തുകൂടി സുരക്ഷിതമായത്‌. മറ്റൊന്ന്‌ ദൂരം കുറവ്‌, കാട്ടിനകത്ത്‌ നരിയുള്ള പ്രദേശത്തുകൂടിയുള്ളത്‌. കുട്ടികളുടെ വിശപ്പ്‌ കണക്കിലെടുത്ത്‌ കാട്ടിലൂടെ പോകുന്നു. വഴിയില്‍ നരിവരുന്നു. നരിക്കും നരനുമിടയില്‍ ഒരു ബുദ്ധപ്രതിമയുണ്ട്‌. അത്‌ തട്ടിയിട്ട്‌ നരിയെ ഓടിച്ച്‌ രക്ഷപ്പെട്ട്‌ വീട്ടിലെത്തി കുഞ്ഞുങ്ങള്‍ക്ക്‌ കഞ്ഞിവെച്ച്‌ നല്‍കുന്നു. അത്‌ കുടിച്ച്‌ വിശ്രമിക്കാനൊരുങ്ങുമ്പോഴാണ്‌, ഒരു താത്വികപ്രശ്‌നം ഇദ്ദേഹത്തെ അലട്ടുന്നത്‌. ബുദ്ധനെന്ന അഹിംസാവാദിയുടെ പ്രതിമ ഒരു മൃഗത്തിനെതിരെ ഉപയോഗിച്ചത്‌ ശരിയോ? ഇതാണ്‌ പ്രശ്‌നം. വല്ലാതെ ക്ഷീണിച്ച ടിയാന്‍ പറയുന്നു: അതൊക്കെ സമയമുള്ളവര്‍ നോക്കട്ടെ - ഞാനൊന്നു കിടക്കട്ടെ എന്ന്‌. ഇവിടെ പ്രത്യയശാസ്‌ത്ര നിരാസമല്ല സംഭവിക്കുന്നത്‌. പ്രത്യയശാസ്‌ത്രഭാരം മൂലം പ്രവൃത്തി നേര്‍വിപരീതമായിക്കൂടെന്ന ചിന്ത തെളിച്ചത്തോടെ അവതരിപ്പിക്കുകയാണ്‌.
എന്തായാലും ജനകീയ പ്രശ്‌നങ്ങള്‍ -വിശേഷിച്ച്‌ പരിസ്ഥിതി സമരങ്ങള്‍ -നടക്കുമ്പോള്‍ അതിലിടപെടാന്‍ ഇസ്‌ലാമിക സംഘടനകള്‍ കാണിക്കുന്ന താല്‍പര്യം സമരരംഗത്തുള്ളവര്‍ക്കെങ്കിലും ആശ്വാസകരമാണ്‌ എന്ന്‌ പറഞ്ഞുവെക്കട്ടെ. ഇതില്‍ കാപട്യമുണ്ടെങ്കില്‍ ചരിത്രം അത്‌ തെളിയിക്കട്ടെ!!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: